ആഹാബ്

ആഹാബ് (Ahab)

പേരിനർത്ഥം — പിതാവിൻ്റെ സഹോദരൻ

യിസ്രായേലിലെ ഏഴാമത്തെ രാജാവ്. ഒമ്രി രാജവംശത്തിലെ രണ്ടാമത്തെ രാജാവ്. ഒമ്രിയുടെ മകനായ ആഹാബ് യെഹൂദാ രാജാവായ ആസയുടെ മുപ്പത്തെട്ടാം ഭരണവർഷത്തിൽ രാജാവായി, ശമര്യയിൽ ഇരുപത്തിരണ്ടു വർഷം ഭരിച്ചു. (ബി.സി. 874-852); (1രാജാ, 16:28,29). പിതാവായ ഒമ്രിയുടെ രാജ്യം സുസ്ഥിരമായി നിലനിർത്തുന്നതിനും അയൽ രാജ്യങ്ങളോടു സഖ്യത ചെയ്ത് സമാധാനം സ്ഥാപിക്കുന്നതിനും വ്യവസായം, വാണിജ്യം എന്നിവ വികസിപ്പിക്കുന്നതിനും ആഹാബിനു കഴിഞ്ഞു. രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി സീദോന്യ രാജാവായ എത്ത് ബാലിന്റെ മകൾ ഈസേബെലിനെ ആഹാബ് വിവാഹം കഴിച്ചു. ഈ വിവാഹം ആഹാബിനെ ബാലിന്റെ പാളയത്തിലെത്തിച്ചു. ആഹാബ് യിസ്രായേൽ നഗരങ്ങളെ കോട്ടകെട്ടി ഉറപ്പിക്കുകയും ആനക്കൊമ്പുകൊണ്ടു അരമന പണിയുകയും ചെയ്തു. (1രാജാ, 22:39). 

ഈസേബെൽ ഊർജ്ജസ്വലയായ ഒരു വനിതയായിരുന്നു. ആഹാബ് അവളുടെ പ്രേരകശക്തിക്കു വിധേയനായി. ഫിനിഷ്യൻ ദേവന്മാരുടെ വിഗ്രഹങ്ങൾ യിസ്രായേലിൽ സ്ഥാപിച്ചു. ശമര്യയിൽ ബാലിന്നു ക്ഷേത്രം പണിതു. ബാൽപുജ പ്രചരിപ്പിക്കുവാൻ ആഹാബ് സഹായിച്ചു. (1രാജാ, 16:32). കൂടാതെ ആഹാബ് ഒരു അശേരാ പ്രതിഷ്ഠയും ഉണ്ടാക്കി. യിസ്രായേല്യരുടെ ഇടയിൽ നിന്നും സത്യദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നഷ്ടപ്പെടും എന്ന നിലയിലായി. (1രാജാ, 18:19,20). രാജാവിനെയും രാജ്ഞിയെയും എതിർത്തുകൊണ്ട് സത്യദൈവത്തെ ആരാധിക്കുവാൻ ജനത്തെ ഉപദേശിച്ച പ്രവാചകനായിരുന്നു ഏലീയാവ്. യഹോവയെ ആരാധിക്കുന്നവരും ബാലിനെ ആരാധിക്കുന്നവരും എന്നിങ്ങനെ യിസ്രായേൽ ജനം രണ്ടു വിഭാഗമായി. ‘ആഹാബ് ഒരു അശേരാ പ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലാ യിസ്രായേൽരാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.” (1രാജാ, 16:33). കർമ്മേലിലെ യാഗത്തിൽവെച്ച് ബാലിന്റെ പ്രവാചകന്മാരെ ഏലീയാവു പരാജയപ്പെടുത്തുകയും അവരെ വധിക്കുകയും ചെയ്തു. (1രാജാ, 18).

നാബോത്തിന്റെ മുന്തിരിത്തോട്ടം കൈക്കലാക്കുവാൻ പ്രയോഗിച്ച കുടിലതന്ത്രം ഈസേബെലിന്റെയും ആഹാബിന്റെയും സ്വഭാവം വെളിപ്പെടുത്തുന്നു. നാബോത്തിന്റെ വധത്തിനു മുൻകൈ എടുത്തത് ഈസേബൽ ആയിരുന്നു. ദൈവദൂഷണവും രാജ്യദ്രോഹവും നാബോത്തിന്റെ മേൽ ചുമത്തി നാബോത്തിനെ കല്ലെറിഞ്ഞു കൊല്ലിച്ചു. തന്മൂലം ഏലീയാപ്രവാചകൻ ആഹാബു വംശത്തിന്റെ സമ്പൂർണ്ണനാശം പ്രവചിച്ചു. ആഹാബ് പശ്ചാത്തപിക്കുക നിമിത്തം ഈ നാശം അല്പകാലത്തേക്കു നീട്ടിവെച്ചു. (1രാജാ, 21:20-29). 

ദമ്മേശെക്കിലെ രാജാവായ ബെൻ-ഹദദ് ഒന്നാമനോടു ആഹാബ് മൂന്നു യുദ്ധങ്ങൾ ചെയ്തു. ഇവയിൽ രണ്ടണ്ണം പ്രതിരോധപരവും ഒന്ന് പ്രത്യാക്രമണപരവും ആയിരുന്നു. ആദ്യത്തെ യുദ്ധത്തിൽ ബെൻ-ഹദദ് ശമര്യയെ വളഞ്ഞു. പെട്ടെന്നുള്ള ആക്രമണത്തിൽ ആഹാബ് ബെൻ-ഹദദിനെ കഠിനമായി പരാജയപ്പെടുത്തി. (1രാജാ, 20:21). അടുത്തവർഷം ആഹാബു വീണ്ടും ബെൻ-ഹദദിനെ തോല്പിച്ചു. യിസ്രായേലിൽ നിന്നും പിടിച്ചെടുത്ത പട്ടണങ്ങളെ മടക്കിക്കൊടുക്കാമെന്നും വാണിജ്യാനുകൂല്യങ്ങൾ നല്കാമെന്നും ഉള്ള വ്യവസ്ഥയിൽ ആഹാബ് അരാമ്യരാജാവിനെ കൊല്ലാതെ വിട്ടയച്ചു. (1രാജാ, 20:26-34). തുടർന്നു മൂന്നു വർഷം സമാധാനം നിലനിന്നു. അനന്തരം യെഹൂദാ രാജാവായ യെഹോശാഫാത്തിനോടൊപ്പം ആഹാബ് ഗിലെയാദിലെ രാമോത്ത് ആക്രമിച്ചു. യുദ്ധത്തിൽ പരാജയം പ്രവചിച്ച മീഖായാവിനെ ജയിലിലടച്ചു. സംശയാലുവായ രാജാവ് വേഷംമാറിയാണു യുദ്ധത്തിനു പോയത്. എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലുകുലച്ചു് ആഹാബിനെ കവചത്തിനും പതക്കത്തിനും ഇടയ്ക്കു എയ്തു. കഠിനമായി മുറിവേറ്റ രാജാവ് സന്ധ്യാസമയത്തു മരിച്ചുപോയി. സൈന്യത്തെ പിരിച്ചുവിട്ടു. (1രാജാ, 22). രാജാവിന്റെ മുറിവിൽനിന്നും ഒഴുകിയ രക്തം രഥത്തിൽ തളംകെട്ടിക്കിടന്നു. രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ ഏലീയാ പ്രവാചകന്റെ പ്രവചനിറവേറലായി. (1രാജാ. 21:19-22) ആഹാബിന്റെ രക്തം നായ്ക്കൾ നക്കി. ആഹാബിനെ ശമര്യയിൽ അടക്കി. യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്വാൻ സ്വയം വിറ്റുകളഞ്ഞ രാജാവായിരുന്നു ആഹാബ്. (1രാജാ . 21:21,25). ആഹാബിനുശേഷം മകൻ അഹസ്യാവ് രാജാവായി.

ആസാഫ്

ആസാഫ് (Asaph)

പേരിനർത്ഥം – ശേഖരിക്കുന്നവൻ

ലേവിഗോത്രത്തിൽ ഗേർശോമിന്റെ കൂടുബത്തിൽ പെട്ട ബേരെഖ്യാവിന്റെ പുത്രൻ: (1ദിന, 6:39; 15:17). ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ വിശുദ്ധമന്ദിരത്തിലെ ആരാധനയിൽ ഒരു പ്രധാനഗായകനായി ലേവ്യർ അസാഫിനെ നിയമിച്ചു: (1ദിന, 15:17,19). ദാവീദ് രാജാവ് അസാഫിനെ ഗായകവൃന്ദത്തിന്റെ തലവനായി നിയമിച്ചു: (1ദിന, 16:4,5). ആസാഫിന്റെ പുത്രന്മാർ ദൈവാലയ ഗായകർ എന്ന് അറിയപ്പെട്ടു: (1ദിന, 25:1,2; 2ദിന, 20:14). ആസാഫിന്റെ കുടുംബം പരമ്പരയാ ദൈവാലയ ഗായകരായിരുന്നു: (1ദിന, 25:1,2). സങ്കീർത്തനങ്ങളിൽ 50, 73-93 എന്നിവ ആസാഫിന്റെ പേരിലറിയപ്പെടുന്നു. സങ്കീർത്തനങ്ങൾ എഴുതിയ രണ്ട് ആസാഫുമാർ ഉണ്ടായിരുന്നിരിക്കണം. രണ്ടുപേരും ഒരേ കുടുംബത്തിൽ പെട്ടവരും നൂറ്റാണ്ടുകളുടെ വ്യത്യാസത്തിൽ ജീവിച്ചിരുന്നവരുമായിരിക്കണം. 50, 73, 76, 78 എന്നീ സങ്കീർത്തനങ്ങളും പക്ഷേ 75, 77, 82 ഇവയും ദാവീദിന്റെ കാലത്തുള്ളവയാണ്. എന്നാൽ 74, 79, 83 എന്നീ സങ്കീർത്തനങ്ങൾ പ്രവാസകാലത്ത് എഴുതപ്പെട്ടതായിരിക്കണം. പ്രവാസാനന്തരം ദൈവാലയാരാധന പുനഃസ്ഥാപിച്ചതുവരെയും ആസാഫിന്റെ സന്തതികളായിരുന്നു പ്രധാന ഗായകന്മാർ: (1ദിന, 25; 2ദിന, 20:14; 35:15; എസ്രാ, 2:41; 3:10; നെഹെ, 11:17, 22; 12:35). ആസാഫ് ദർശകനായും കവിയായും പരിഗണിക്കപ്പെട്ടു: (2ദിന, 29:30; നെഹെ, 12:46) 

ആശേർ

ആശേർ (Asher)

പേരിനർത്ഥം – ഭാഗ്യവാൻ 

യാക്കോബിന്റെ എട്ടാമത്തെ പുത്രൻ. ലേയയുടെ ദാസി സില്പാ പ്രസവിച്ച രണ്ടാമത്തെ പുത്രനാണ് ആശേർ. ആ കുഞ്ഞിനെ തന്റേതായി അംഗീകരിച്ചുകൊണ്ടു ലേയ പറഞ്ഞു “ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതി എന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു.” (ഉല്പ, 30:13). യോസേഫിനെ വില്ക്കുന്നതിൽ ആശേർ മറ്റു സഹോദരന്മാരോടൊപ്പം നിന്നു. (ഉല്പ, 37:27). ക്ഷാമകാലത്തു ധാന്യം വാങ്ങുവാൻ സഹോദരന്മാരോടൊപ്പം മിസ്രയീമിലേക്കു പോയി. (ഉല്പ, 42:3). യാക്കോബിന്റെ കുടുംബം മുഴുവൻ മിസ്രയീമിലേക്കു പോയപ്പോൾ ആശേരിന് നാലു പുത്രന്മാരും ഒരു പുതിയും ഉണ്ടായിരുന്നു. (ഉല്പ, 46:17). യാക്കോബു നല്കിയ അനുഗ്രഹത്തിൽ ആശേരിന്റെ കാർഷികഫലസമൃദ്ധിയെ ഭംഗ്യന്തരേണ ചിത്രീകരിച്ചു. (ഉല്പ, 49:20). 

യാക്കോബിന്റെ സന്തതികൾ‘ കാണുക;

ആസാ

ആസാ (Asa)

പേരിനർത്ഥം — വൈദ്യൻ

യെഹൂദയിലെ മൂന്നാമത്തെ രാജാവ്. അബീയാമിന്റെ പുത്രനായ ആസാ നാല്പത്തിയൊന്നു വർഷം (ബി.സി. 911/10-870/69) രാജ്യം ഭരിച്ചു. (1രാജാ, 15:10,11). ആസാ യഹോവയ്ക്കു പ്രസാദവും ഹിതവുമായുള്ളതു ചെയ്തു. (2ദിന, 14:2). വല്യമ്മയായ മയഖായെ രാജമാതാവിന്റെ സ്ഥാനത്തു നിന്നും നീക്കി. അശേരയ്ക്ക് മേച്ഛവിഗ്രഹം പ്രതിഷ്ഠിച്ചതായിരുന്നു കാരണം. ഈ മേച്ഛവിഗ്രഹത്തെ രാജാവു വെട്ടിമുറിച്ചു കിദ്രോൻ തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു. (1രാജാ, 15:13). എന്നാൽ പൂജാഗിരികളെ പൂജാസ്ഥാനങ്ങളായിത്തന്നെ അവശേഷിപ്പിച്ചു. എഫയീം മലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽ നിന്നും മേച്ഛവിഗ്രഹങ്ങളെ നീക്കിക്കളയുകയും യഹോവയുടെ മണ്ഡപത്തിൻ മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു. (2ദിന, 15:8). 

ആസായുടെ ഭരണത്തിന്റെ ആദ്യത്തെ പത്തു വർഷം സമാധാനപൂർണ്ണമായിരുന്നു. ഒരു വലിയ സൈന്യത്ത ആസാ സജ്ജമാക്കി. അതിൽ വൻപരിചയും കുന്തവും പ്രയോഗിക്കുവാൻ കഴിവുള്ള മൂന്നു ലക്ഷം യെഹൂദ്യരും ചെറുപരിച എടുക്കുന്നതിനും വില്ലു കുലയ്ക്കുന്നതിനും പ്രാപ്തിയുള്ള രണ്ടുലക്ഷത്തി എൺപതിനായിരം ബെന്യാമീന്യരും ഉണ്ടായിരുന്നു. (2ദിന, 14:8) ഈ സംഖ്യ അല്പം അതിശയോക്തിപരമാണ്. ആസയുടെ ഭരണത്തിന്റെ പതിനൊന്നാം വർഷത്തിൽ എത്യോപ്യനായ (കുശ്യനായ) സേരഹ് പത്തുലക്ഷം വരുന്ന സൈന്യവുമായി യെഹൂദയെ ആക്രമിച്ചു. ആസാ സഹായത്തിന്നായി യഹോവയോട് അപേക്ഷിച്ചു. മാരേശെക്കു സമീപം സെഫാഥാ താഴ്വരയിൽ വച്ച് സേരെഹുമായി ഏറ്റുമുട്ടി അവനെ തോല്പിച്ചു. ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെ കൊള്ളയടിച്ചു അസംഖ്യം ആളുകളെയും കന്നുകാലി കളെയും പിടിച്ചുകൊണ്ട് യെരുശലേമിലേക്കു മടങ്ങിവന്നു. (2ദിന, 14:9-15). അസര്യാ പ്രവാചകൻ ആസയെ എതിരേറ്റുവന്ന് രാജാവിനെയും ജനങ്ങളെയും ധൈര്യപ്പെടുത്തി, ദൈവവിശ്വാസത്തിൽ ഉറച്ചുനില്ക്കുവാൻ അവരെ പ്രോത്സാഹിപ്പിച്ചു. 

ആസാ ചില നവീകരണ പ്രവർത്തനങ്ങൾ ചെയ്തു. ജനത്തെ യെരുശലേമിൽ കൂട്ടിവരുത്തി യഹോവയ്ക്ക് യാഗങ്ങൾ കഴിച്ച് യഹോവയുമായി ഒരു ഉടമ്പടി ചെയ്തു. യിസ്രായേൽ രാജ്യത്തുനിന്ന് അനേകം പേർ ഈ ചടങ്ങുകളിൽ സംബന്ധിച്ചു. യഹോവ ആസയോടുകൂടെ ഉണ്ടെന്നു യിസ്രായേല്യർ വിശ്വസിച്ചു. തന്റെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യിസ്രായേൽ രാജാവായ ബയെശയുമായി ശത്രുത ആരംഭിച്ചു. ആസയുടെ അടുക്കലേക്കു തന്റെ ജനങ്ങൾ പോകുന്നതു തടയാനായി ബയെശാ രാമായെ പണിതുറപ്പിച്ചു. അരാംരാജാവായ ബെൻ-ഹദദുമായി സഖ്യം ചെയ്തത് ആസയ്ക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു. കൊട്ടാരത്തിലെയും ദൈവാലയത്തിലെയും നിക്ഷേപങ്ങളെടുത്തു കൊടുത്താണു ദമ്മേശെക്കിലെ രാജാവായ ബെൻ-ഹദദ് ഒന്നാമന്റെ സഹായം നേടിയത്. ബെൻ-ഹദദ് ഉത്തരയിസ്രായേൽ ആക്രമിച്ചപ്പോൾ ബയെശാ രാമായെ ഉപേക്ഷിച്ചു മടങ്ങിപ്പോയി. (1രാജാ, 15:7-21). അവിടെനിന്നു കല്ലും മരവും എടുത്തു കൊണ്ടുപോയി ആസാ ഗേബയും മിസ്പയും പണിതു. ദർശകനായ ഹനാനി രാജാവിന്റെ അവിശ്വാസത്തെ കുറ്റപ്പെടുത്തി. ഈ സഖ്യം നിമിത്തമാണ് ആസാ അരാമ്യരെ ആക്രമിക്കാത്തത്. ശേഷിച്ച കാലം മുഴുവൻ യുദ്ധം തുടരുമെന്ന് ഹനാനി പ്രവചിച്ചു. കുപിതനായ ആസാ ഹനാനിയെ ജയിലിലടച്ചു. (2ദിന, 16:1-10). തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം വർഷം ആസായുടെ കാലിൽ ദീനം പിടിച്ചു. രോഗസൗഖ്യത്തിന്നായി യഹോവയെ ആശ്രയിക്കുന്നതിനു പകരം ആസാ വൈദ്യന്മാരെ ആശ്രയിച്ചു. തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം വർഷം ആസാ മരിച്ചു. (2ദിന, 16:12-14). അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി. (2ദിന, 17:1).

ആമോൻ

ആമോൻ (Amon)

പേരിനർത്ഥം — വിശ്വസ്തൻ

യെഹൂദയിലെ പതിനഞ്ചാമത്തെ രാജാവ്; മനശ്ശെയുടെ മകൻ. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ രാജാവായി (ബി.സി. 642-641) രണ്ടുവർഷം രാജ്യഭാരം ചെയ്തു. യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയ മെശൂല്ലേമെത്ത്

ആയിരുന്നു അവൻ്റെ അമ്മ. അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. തന്റെ അപ്പൻ നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പൻ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു. അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു. ഭൃത്യന്മാർ ആമോന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയിൽവച്ചു കൊന്നുകളഞ്ഞു. എന്നാൽ ജനം ഗൂഢാലോചനക്കാരെ കൊന്നു ആമോന്റെ മകനായ യോശീയാവെ രാജാവാക്കി. ഉസ്സയുടെ തോട്ടത്തിലെ കല്ലറയിൽ ആമോനെ അടക്കം ചെയ്തു. (2രാജാ, 21:19-26; 2ദിന, 33:20-25; യിരെ, 1:2; 25:3; സെഫ, 1:1).

ആദാം

ആദാം (Adam) 

പേരിനർത്ഥം – ചെമ്മണ്ണിൽ നിന്നെടുക്കപ്പെട്ടവൻ

ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട ആദ്യമനുഷ്യൻ: (ഉല്പ, 1:27) ആറാം ദിവസമായിരുന്നു മനുഷ്യന്റെ സൃഷ്ടി. ഒരു പ്രത്യേകവിധത്തിൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ട് ആദാം ദൈവത്തിന്റെ മകനായി: (ലൂക്കൊ, 3:38). മനുഷ്യസത്തയുടെ ഭൗമാംശത്തെ പ്രതിനിധാനം ചെയ്യുന്ന പേരായിരുന്നു ദൈവം അവർക്കു നല്കിയത്. (ഉല്പ, 5:2). നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചു (2:7); അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു (2:7 ); ദൈവത്തിന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു (1:27) എന്നീ മൂന്നു പ്രയോഗങ്ങളും ശ്രദ്ധാർഹങ്ങളാണ്. താണനിലയിലുള്ള പൊടി, ഉന്നതനിലയിലുള്ള ദൈവിക ജീവശ്വാസം, ദൈവത്തിന്റെ സ്വരൂപം എന്നിവ ഉൾക്കൊണ്ട ഒരുദാത്ത സൃഷ്ടിയായിരുന്നു ആദാം. 

‘ആദാം’ എന്ന പദം പഴയനിയമത്തിൽ 562 പ്രാവശ്യം ഉണ്ട്. സംജ്ഞാനാമമായും (ആദാം എന്ന വ്യക്തിയുടെ പേര്) സാമാന്യനാമമായും (മനുഷ്യൻ, മനുഷ്യവർഗ്ഗം എന്നീ ആശയങ്ങളിൽ ഏകദേശം 500 പ്രാവശ്യം) ആദാം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. സൃഷ്ടിവിവരണത്തിൽ മനുഷ്യൻ എന്ന പദമാണ് കാണുന്നത്. ആദാമിൽ നിന്നെടുത്ത വാരിയെല്ലിനെ സ്ത്രീയാക്കിയ വൃത്താന്തത്തിലും മനുഷ്യൻ എന്നാണ് പ്രയോഗം: ( ഉല്പ, 2:22,23). ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു എന്നും അവർക്കു ആദാം എന്നു പേരിട്ടു എന്നും ഉല്പത്തി 5:2-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉല്പത്തി 5:5-നു ശേഷം സംജ്ഞാനാമം എന്ന നിലയ്ക്ക് ആദാമിനെപ്പററിയുള്ള ഏക പഴയനിയമ പരാമർശം 1ദിനവൃത്താന്തം 1:1-ലാണ്. പുതിയനിയമത്തിൽ ആദാമിന്റെ പേര് ഒമ്പതു പ്രാവശ്യം പറഞ്ഞിട്ടുണ്ട്, അതിലൊന്ന് ക്രിസ്തുവിനെ കുറിക്കുന്നു: (1കൊരി, 15:45). വംശാവലിയോടുള്ള ബന്ധിത്തിൽ പുതിയനിയമത്തിൽ രണ്ടിടത്ത് ആദാമിനെ പരാമർശിച്ചിട്ടുണ്ട്: (ലൂക്കൊ, 3:38; യൂദാ, 14). 

യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം നിർമ്മിച്ച് ആദാമിനെ അവിടെ ആക്കി. തോട്ടത്തിൽ വേല ചെയ്യുകയും തോട്ടം കാക്കുകയുമായിരുന്നു ആദാമിന്റെ ജോലി: (ഉല്പ, 2:15,16). സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് സകല ജന്തുക്കളെയും അടക്കിവാഴുവാൻ ദൈവം ആദാമിന് അധികാരം നല്കി: (ഉല്പ, 1:28). സകല ജീവജന്തുക്കളെയും ആദാമിന്റെ മുമ്പിൽകൂട്ടി വരുത്തി. അവൻ അവയ്ക്കു പേരിട്ടു: (ഉല്പ, 2:9). ‘മനുഷ്യൻ’ ഏകനായിരിക്കുന്നതു നന്നല്ല, എന്നു കണ്ട ദൈവം ആദാമിനു തക്ക തുണയായി ആദാമിന്റെ വാരിയെല്ലിൽ നിന്നും ഒരു സ്ത്രീയെ നിർമ്മിച്ചു. അവന്റെ അടുക്കൽ കൊണ്ടുവന്നു, അപ്പോൾ ആദാം പറഞ്ഞു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു:” (ഉല്പ, 8 2:23). ജീവവൃക്ഷം ഉൾപ്പെടെ സകലവൃക്ഷങ്ങളുടെയും ഫലം ഭക്ഷിക്കുവാനുള്ള അനുവാദം ആദാമിനു ലഭിച്ചു. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുതെന്നു യഹോവ കല്പിച്ചു. സർപ്പത്തിന്റെ പ്രലോഭനത്തിൽ വീണ ഹവ്വ വിലക്കപ്പെട്ട ഫലം ഭക്ഷിക്കുകയും ആദാമിനെ ഫലം ഭക്ഷിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. വൃക്ഷ ഫലം ഭക്ഷിച്ച ഉടൻ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരാണെന്ന് അവർ അറിഞ്ഞു. അത്തിയില കൂട്ടിത്തുന്നി അരയാട ഉണ്ടാക്കി അവർ ധരിച്ചു. ദൈവത്തിന്റെ മുമ്പിൽ ആദാം ഹവ്വയെയും, ഹവ്വ പാമ്പിനെയും കുററപ്പെടുത്തി. ദൈവം പാമ്പിനെയും, സ്ത്രീയെയും പുരുഷനെയും ശപിച്ചു. ആദാം നിമിത്തം ഭൂമി ശപിക്കപ്പെട്ടു. സ്ത്രീക്കു കഷ്ടവും ഗർഭധാരണവും വർദ്ധിച്ചു. അവൾ പുരുഷനു വിധേയയായി. മനുഷ്യൻ കഷ്ടതയോടെ അഹോവൃത്തി കഴിക്കേണ്ടിവന്നു: (ഉല്പ, 3:17). പൊടിയിൽ നിന്നെടുക്കപ്പെട്ട മനുഷ്യൻ പൊടിയിൽ തിരികെ ചേരേണ്ടിവന്നു: (3:19). മരണം മനുഷ്യനെ ഗ്രസിച്ചു. തോൽകൊണ്ടു ഉടുപ്പുണ്ടാക്കി ദൈവം ആദാമിനെയും ഹവ്വയെയും ഉടുപ്പിച്ചു: (3:21). പാപത്തിൽ വീണ മനുഷ്യൻ ജീവവൃക്ഷഫലം പറിച്ചുതിന്നു എന്നേക്കും ജീവിക്കാൻ ഇടയാകാതിരിക്കേണ്ടതിന് ദൈവം അവരെ ഏദൻ തോട്ടത്തിൽനിന്നു പുറത്താക്കി. ജീവവൃക്ഷത്തിലേക്കുള്ള വഴി സൂക്ഷിക്കേണ്ടതിന് ഏദെൻ തോട്ടത്തിനു കിഴക്ക് കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. 

ആദാമിന്റെ മൂന്നു മക്കളുടെ പേരുകൾ ബൈബിളിലുണ്ട്. കയീൻ, ഹാബെൽ, ശേത്ത്. കയീൻ ഹാബെലിനെ കൊന്നു, അതിനു ശേഷമാണ് ശേത്ത് ജനിച്ചത്. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം 800 വർഷം ജീവിച്ചിരുന്നു. ആദാമിന്റെ ആയുഷ്കാലം ആകെ 930 വർഷം ആയിരുന്നു. (ഉല്പ, 5:5). നിഷ്പാപാവസ്ഥയിൽ ആദാം എത്രകാലം ജീവിച്ചു എന്നറിയില്ല. വെറും പന്ത്രണ്ടു മണിക്കൂറാണെന്നു തല്മൂദിൽ പറയുന്നു. പന്ത്രണ്ടു മണിക്കൂറിനെയും ഇപ്രകാരം ഗണിക്കുന്നു: “ഒന്നാം മണിക്കൂറിൽ, പൊടി ശേഖരിച്ചു. രണ്ടാം മണിക്കൂറിൽ, ആകൃതിയില്ലാത്ത പിണ്ഡമാക്കി. മൂന്നാം മണിക്കൂറിൽ, അവയവങ്ങൾ രൂപപ്പെടുത്തി. നാലാം മണിക്കൂറിൽ, ആത്മാവ് അവനിൽ പകർന്നു. അഞ്ചാം മണിക്കൂറിൽ, അവൻ സ്വന്തം കാലിൽ എഴുന്നേറ്റു നിന്നു. ആറാം മണിക്കൂറിൽ, അവൻ ജീവികൾക്ക് പേരിട്ടു. ഏഴാം മണിക്കൂറിൽ, ഹവ്വായെ വിവാഹം ചെയ്തു. എട്ടാം മണിക്കൂറിൽ, അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു. ഒമ്പതാം മണിക്കൂറിൽ. വൃക്ഷഫലം തിന്നരുതെന്ന് കല്പിച്ചു. പത്താം മണിക്കൂറിൽ, പാപം ചെയ്തു. പതിനൊന്നാം മണിക്കൂറിൽ, അവൻ ന്യായം വിധിക്കപ്പെട്ടു. പന്ത്രണ്ടാം മണിക്കൂറിൽ, ഏദനിൽ നിന്ന് പുറത്താക്കപ്പെട്ടു.” (Sanhedrin, 38b: 3-7).. 

ഉല്പത്തി 5:5-നു ശേഷം ആദ്യമനുഷ്യനായ ആദാമിനെക്കുറിച്ചുള്ള പരാമർശം പഴയനിയമത്തിൽ (1ദിന, 11-ലെ വംശാവലി വിവരണത്തിലൊഴികെ) ഇല്ല. ആദാമിന്റെ ലംഘനം മനുഷ്യവർഗ്ഗത്തെ മുഴുവൻ ബാധിച്ചതിന്റെ സൂചന നമുക്കു ലഭിക്കുന്നത് അപ്പൊക്രിഫയിൽനിന്നും പുതിയ നിയമത്തിൽ നിന്നും അത്രേ. ആദാമിനെ ചരിത്രപുരുഷനായി തന്നെയാണ് പുതിയനിയമം രേഖപ്പെടുത്തുന്നത്. ആദാം വരെയുള്ള യേശുവിന്റെ വംശാവലി ലൂക്കൊസ് രേഖപ്പെടുത്തിയിട്ടുണ്ട്: (3:23-38). പുരുഷനോടുള്ള സ്ത്രീയുടെ വിധേയത്വം വ്യക്തമാക്കാൻ പൗലൊസ് ആദാമിന്റെയും ഹവ്വയുടെയും സൃഷ്ടിവൃത്താന്തം പരാമർശനവിധേയമാക്കി: (1തിമൊ, 2:13,14). ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ട് ലംഘനത്തിൽ അകപ്പെട്ടതു എന്നു സ്പഷ്ടമാക്കി. ഹനോക്കിനെ ‘ആദാം മുതൽ ഏഴാമൻ’ ആയി അവതരിപ്പിക്കുമ്പോൾ ആദാമിന്റെ ചരിത്രപരതയെ യൂദാ അംഗീകരിക്കുകയാണ്: (വാ, 14). വിവാഹമോചനത്തിന്റെ അസാധുതയെ തെളിയിക്കുവാൻ ക്രിസ്തു ചൂണ്ടിക്കാണിച്ചത് സൃഷ്ടി വിവരണമാണ്: (മത്താ, 19:4-6). രണ്ടു സ്ഥാനങ്ങളിൽ പൗലൊസ് ആദാമിനെയും ക്രിസ്തുവിനെയും തമ്മിൽ താരതമ്യപ്പെടുത്തുന്നു: (റോമ, 5:14-19; 1കൊരി, 15:45). ആദാം ക്രിസ്തുവിന്റെ പ്രതിരൂപമാണ്: (റോമ, 5:14). ആ നിലയ്ക്ക് ക്രിസ്തു ഒടുക്കത്തെ ആദാമാണ്: (1കൊരി, 15:45). ക്രിസ്തുവിന്റെ മനുഷ്യപ്രകൃതിയും ആദാമിന്റെ സൃഷ്ടിയും ദൈവത്തിൽ നിന്നാണ്. ഭൂമിമേലും സർവ്വ സൃഷ്ടികളുടെ മേലും വാഴാനുള്ള അധികാരം രണ്ടു പേർക്കും ലഭിച്ചു. എന്നാൽ ആദാം നിമിത്തം പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു; ക്രിസ്തുവിലൂടെ നിത്യജീവനും നീതീകരണവും ലഭ്യമായി. ആദാമിന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായി എങ്കിൽ ക്രിസ്തുവിന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിതീർന്നു. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എങ്കിൽ ഒടുക്കത്തെ ആദാമായ ക്രിസ്തു ജീവിപ്പിക്കുന്ന ആത്മാവായി: (1കൊരി, 15:45). ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും: (1കൊരി, 15:22).

ആഗാഗ്

ആഗാഗ് (Agag)

പേരിനർത്ഥം – രണോത്സുകൻ

ശൗൽ തോല്പിച്ചു തടവുകാരനാക്കിയ അമാലേക്യരാജാവ്. അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽ നിന്നു അശേഷം മായിച്ചുകളയേണം എന്ന് യഹോവയുടെ കല്പനയിൽനിന്നു ആഗാഗിനെ ഒഴിവാക്കാൻ ശൗൽ ശ്രമിച്ചു: (പുറ, 17:14; ആവ, 15:19) ശൗലിന്റെ പാളയത്തിലെത്തിയ ശമൂവേൽ പ്രവാചകൻ ശൗലിനെ ശകാരിക്കുകയും ആഗാഗിനെ തന്റെ മുന്നിലെത്തിക്കാൻ കല്പിക്കുകയും ചെയ്തു. താൻ രക്ഷപ്പെട്ടു എന്നു കരുതി സന്തോഷത്തോടെ ആഗാഗ് വന്നു. ആഗാഗിനെ തുണ്ടം തുണ്ടമായി വെട്ടിക്കളയാൻ ശമൂവേൽ കല്പ്പിച്ചു. “നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവർ ആക്കിയതുപോലെ നിൻ്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും” എന്നു ശമൂവേൽ പറഞ്ഞു: (1ശമൂ, 15:33).

ആഖീശ്

ആഖീശ് (Achish)

പേരിനർത്ഥം – സർപ്പ മന്ത്രവാദി

ഗത്തിലെ ഫെലിസ്ത്യരാജാവ്. ശൗലിനെ ഭയപ്പെട്ട് ദാവീദ് ആഖീശിന്റെ അടുക്കൽ അഭയം തേടി: (1ശമൂ, 21:10-15). ആഖീശിന്റെ കൃത്യന്മാർ അവനെ തിരിച്ചറിയുകയാൽ ദാവീദ് ബുദ്ധിഭ്രമം നടിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു. വീണ്ടും ദാവീദും അറുനൂറു പടയാളികളും ആഖീശിനെ അഭയം പ്രാപിച്ചു. അവൻ ദാവീദിനു സിക്ലാഗ് താമസത്തിനായി കൊടുത്തു: (1ശമൂ, 27:1-6). ദാവീദ് അവിടെ ഒരു വർഷവും നാലു മാസവും വസിച്ചു: (1ശമൂ, 27:8). പല സ്ഥലങ്ങളും കൊള്ളയിട്ടു. ആഖീശിന് ദാവീദിൽ വളരെ വിശ്വാസം തോന്നുകയും ദാവീദിനെ തന്റെ അംഗരക്ഷകരിൽ പ്രധാനിയാക്കുവാൻ തീരുമാനിക്കുകയും ചെയ്തു: (1ശമൂ, 28:1,2). ശൗലിന്റെ അന്ത്യം നിർണ്ണയിക്കുന്ന യുദ്ധത്തിനു പോയപ്പോൾ ദാവീദിനെയും കൂടെയുള്ളവരെയും ആഖീശ് കൂട്ടിക്കൊണ്ടുപോയി. എന്നാൽ ഫെലിസ്ത്യരുടെ അസൂയകാരണം അവരെ മടക്കി അയച്ചു. അങ്ങനെ ദാവീദ് ആ യുദ്ധത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു: (1ശമൂ, 29:2-11). 34-ാം സങ്കീർത്തനത്തിന്റെ ശീർഷകത്തിൽ ഈ രാജാവിന്റെ പേര് അബീമേലെക്ക് എന്നാണ് ചേർത്തിരിക്കുന്നത്. അബീമേലെക്കിനെപ്പോലെ ആഖീശും സ്ഥാനപ്പേരായിരിക്കാം.

ആഖാൻ

ആഖാൻ (Achan)

പേരിനർത്ഥം – ഉപദ്രവി

യെഹൂദാഗോത്രത്തിൽ സബ്ദി കുടുംബത്തിൽ കർമ്മിയുടെ മകൻ: (1ദിന, 2:7). യോശുവയുടെ നേതൃത്വത്തിൽ യെരീഹോ പിടിച്ചെടുത്തപ്പോൾ അവിടെയുള്ള സകലതും യഹോവയ്ക്ക് ശപഥാർപ്പിതമായി സമർപ്പിച്ചിരുന്നു. അതനുസരിച്ച് രാഹാബും കുടുംബവും ഒഴികെയുള്ള നിവാസികളെ നശിപ്പിക്കുകയും സാധനങ്ങളെ ചുടുകയും വെള്ളി, പൊന്നു, പാത്രങ്ങൾ എന്നിവ യഹോവയ്ക്ക് വിശുദ്ധീകരിക്കുകയും ചെയ്യേണ്ടതാണ്: (യോശു, 6:17-19). എന്നാൽ ആഖാൻ അതു ലംഘിച്ച് ഒരു ബാബിലോന്യ മേലങ്കിയും ഇരുന്നൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും എടുത്തു കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടു: (യോശു, 7:21). തന്മൂലം ഹായി പട്ടണത്തിൽ യിസ്രായേൽ തോറ്റു. യോശുവ യഹോവയോടു ചോദിച്ചു. “യിസ്രായേൽ പാപം ചെയ്തിരിക്കുന്നു. അവർ ശപഥാർപ്പിതം എടുത്തു സാമാനങ്ങൾക്കിടയിൽ വെച്ചിരിക്കുന്നു” എന്നു മറുപടി ലഭിച്ചു. യഹോവ കല്പിച്ചതനുസരിച്ച് പിറേറദിവസം യോശുവ ജനത്തെ ശുദ്ധീകരിച്ചു. ചീട്ടിട്ടു കുററക്കാരനായ ആഖാനെ കണ്ടെത്തി. ആഖാൻ കുററം ഏറ്റു പറഞ്ഞു. അനന്തരം ആഖാനെ വെള്ളി മേലങ്കി, പൊൻകട്ടി, മക്കൾ, സമ്പത്ത്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി താഴ്വരയിൽ കൊണ്ടുപോയി അവനെ കല്ലെറിയുകയും അവരെ തീയിൽ ഇട്ടു ചുട്ടു കളകയും ചെയ്തു. ആ താഴവരയ്ക്ക് ആഖോർ താഴ്വര എന്നു പേരായി. (യോശു, 7:1-26).

അഹീയാവ്

അഹീയാവ് (Ahijah) 

പേരിനർത്ഥം – യഹോവയുടെ സഹോദരൻ

ശീലാവിലെ ഒരു പ്രവാചകൻ: (1രാജാ, 14:2). അതിനാൽ ശീലോന്യൻ എന്ന് അറിയപ്പെട്ടു: (1രാജാ, 11:29). അഹീയാപ്രവാചകന്റെ പ്രസിദ്ധമായ രണ്ടു പ്രവചനങ്ങളുണ്ട്. ഒന്നാമത്തെ പ്രവചനം യൊരോബെയാമിനോടു ള്ളതാണ്: (1രാജാ, 11:31-39). ശലോമോന്റെ വിഗ്രഹാരാധനയുടെ ഫലമായി രാജ്യം വിഭജിക്കപ്പെടുമെന്നും പത്തു ഗോത്രങ്ങൾ യൊരോബെമിന്റെ കീഴിൽ മാറ്റപ്പെടുമെന്നും അഹീയാവ് പ്രവചിച്ചു. ഈ പ്രവചനം നിമിത്തം ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ ശ്രമിച്ചു. യൊരോബെയാം മിസ്രയീം രാജാവായ ശീശക്കിന്റെ അടുക്കലേക്കു ഓടിപ്പോയി. ശലോമോന്റെ മരണം വരെ അവിടെ കഴിഞ്ഞു. രണ്ടാമത്തെ പ്രവചനം യൊരോബെയാമിന്റെ ഭാര്യയോടുള്ളതായിരുന്നു: (1രാജാ, 14:6-16). യൊരോബെയാമിന്റെ ഭാര്യ വേഷപ്രച്ഛന്നയായി മകന്റെ സൌഖ്യത്തെക്കുറിച്ച് അറിയുവാൻ അഹീയാവിന്റെ അടുക്കൽ എത്തി. രാജപുത്രന്റെ മരണവും യൊരൊബെയാം ഗൃഹത്തിന്റെ നാശവും യിസ്രായേല്യരുടെ പ്രവാസവും അഹിയാവ് പ്രവചിച്ചു.