തെർത്തുല്ലൊസ്

തെർത്തുല്ലൊസ് (Tertullus)

പേരിനർത്ഥം – മൂന്നിരട്ടി കഠിനം

തെർതൊസ് എന്ന പേരിന്റെ അല്പത്വവാചിയാണ് തെർത്തുല്ലാസ്. കൊച്ചു തെർതൊസ് എന്നർത്ഥം. ഫെലിക്സ് ദേശാധിപതിയുടെ മുമ്പിൽ പൗലൊസിനെതിരായി വാദിക്കുവാൻ മഹാപുരോഹിതനായ അനന്യാസും മൂപ്പന്മാരും കൂട്ടിക്കൊണ്ടുവന്ന വ്യവഹാരജ്ഞനാണ് തെർത്തുല്ലൊസ്. (പ്രവൃ, 24:1-2). റോമൻ കോടതികളിൽ കേസു വാദിക്കുന്നതിന് വക്കീലന്മാരുടെ സഹായം പ്രയോജനപ്പെടുത്തുന്നതിന് അനുവാദമുണ്ടായിരുന്നു. തെർത്തുല്ലൊസ് ഒരു റോമാക്കാരൻ ആയിരുന്നിരിക്കണം. ന്യായാധിപസംഘത്തിലെ അംഗങ്ങൾക്കു ലത്തീൻ ഭാഷയും റോമൻ കോടതി നടപടികളും നിശ്ചയമില്ലാത്തതുകൊണ്ട് ഒരു റോമാക്കാരന്റെ സേവനം സ്വീകരിക്കുവാനാണ് കൂടുതൽ സാധ്യതയുള്ളത്. എന്നാൽ കേസു വാദിച്ചപ്പോൾ ‘ഞങ്ങൾ’ എന്ന ഉത്തമപുരുഷ സർവ്വനാമം ഉപയോഗിച്ചതുകൊണ്ട് തെർത്തുല്ലൊസിനെ യെഹൂദനെന്നു കരുതുന്നവരുമുണ്ട്. പൗലൊസിനെതിരെയുള്ള അന്യായം വളരെ ശാസ്ത്രീയമായും സംക്ഷിപ്തമായും അയാൾ അവതരിപ്പിച്ചു.

തെർതൊസ്

തെർതൊസ് (Tertius)

പേരിനർത്ഥം – മൂന്നാമൻ

ഒരു ലത്തീൻനാമമാണ് തെർതൊസ്. പൗലൊസ് തന്റെ ലേഖനങ്ങൾ പറഞ്ഞു കൊടുത്തു മറ്റൊരാളെക്കൊണ്ട് എഴുതിക്കുകയായിരുന്നു പതിവ്. ലേഖനത്തിന്റെ ഒടുവിൽ പൗലൊസ് തന്നെ വന്ദനം എഴുതിച്ചേർത്തു ഒപ്പു വച്ചിരുന്നു എന്നു കരുതപ്പെടുന്നു. (1കൊരി, 16:21; ഗലാ, 6:11; കൊലൊ, 4:18). പൗലൊസിൽ നിന്നും കേട്ട് റോമാലേഖനം എഴുതിയ വ്യക്തി തെർതൊസ് ആണ്. ലേഖനത്തിന്റെ അവസാനഭാഗത്ത് തെർതൊസിന്റെ വന്ദനവും ചേർത്തിട്ടുണ്ട്. (റോമ, 16:22).

തെയോഫിലോസ്

തെയോഫിലോസ് (Theophilus)

പേരിനർത്ഥം – ദൈവത്തിന്റെ സ്നേഹിതൻ

ലൂക്കൊസ് സുവിശേഷം, അപ്പൊസ്തലപ്രവൃത്തികൾ എന്നീ പുസ്തകങ്ങൾ ഒരു തെയോഫിലോസിനെ അഭിസംബോധനം ചെയ്താണ് എഴുതിയിരിക്കുന്നത്. (ലൂക്കൊ, 1:1; പ്രവൃ, 1:1). തെയോഫിലോസ് ആരാണെന്നതിനെക്കുറിച്ച് അഭിപ്രായ ഐക്യമില്ല. ദൈവത്താൽ സ്നേഹിക്കപ്പെടുന്നവൻ എന്ന അർത്ഥത്തിൽ ക്രിസ്ത്യാനികളെ പൊതുവെ സൂചിപ്പിക്കുന്ന ഒന്നായി ഈ പേരിനെ പലരും മനസ്സിലാക്കുന്നു. എന്നാൽ തെയോഫിലൊസ് ഒരു വ്യക്തിനാമം എന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. ഏതോ ഒരു മഹാപുരുഷനെയാണ് ഈ പേർ നിർദ്ദേശിക്കുന്നത്. തെയോഫിലോസിന്റെ വിശേഷണമായ ശ്രീമാൻ (ക്രാറ്റി സ്റ്റോസ്) ഉന്നതാധികാരമുള്ള ഉദ്യോഗസ്ഥരെ സംബോധന ചെയ്യുന്ന പദമാണ്. ക്രാറ്റിസ്റ്റോസ് എന്ന ഗ്രീക്കുപദത്തിന് അത്യുത്തമൻ, കുലീനതമൻ എന്നീ അർത്ഥങ്ങളുണ്ട്. മറ്റു സ്ഥാനങ്ങളിൽ പ്രസ്തുത ഗ്രീക്കുപദത്തിനു രാജശ്രീ എന്നാണ് തർജ്ജമ. (പ്രവൃ, 23:26; 24:3; 26:25). പുതിയനിയമകാലത്ത് യെഹൂദരുടെയും ഗ്രേക്കരുടെയും ഇടയിൽ പ്രചാരമുള്ള ഒരു പേരായിരുന്നു ഇത്. സന്ദർഭത്തിൽ നിന്നു റോമിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു തെയോഫിലൊസ് എന്നു കരുതേണ്ടിയിരിക്കുന്നു.

തുഹിക്കൊസ്

തുഹിക്കൊസ് (Tychicus)

പേരിനർത്ഥം – നിയതമായ

പൗലൊസിന്റെ സഹപ്രവർത്തകരിലൊരാൾ. തുഹിക്കൊസ് ആസ്യക്കാരനാണ്. പൗലൊസ് മൂന്നാം മിഷണറിയാത്ര കഴിഞ്ഞു മടങ്ങി വന്നപ്പോൾ ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും മറ്റു ചിലരോടൊപ്പം ആസ്യവരെ അപ്പൊസ്തലനോടു കൂടെ പോയി. (പ്രവൃ, 20:4). ത്രൊഫിമൊസ് പൗലൊസിനോടൊപ്പം യെരൂശലേമിലേക്കു പോയി. (പ്രവൃ, 21:19). എന്നാൽ തുഹിക്കൊസ് ആസ്യയിൽ തന്നെ കഴിഞ്ഞു. (20:15). പൗലൊസിന്റെ ഒന്നാമത്തെ കാരാഗൃഹവാസത്തിൽ ഇയാൾ അപ്പൊസ്തലനോടൊപ്പം ഉണ്ടായിരുന്നു. (കൊലൊ, 4:7-8; എഫെ, 6:21-22). അർത്തമാസിനെയോ തിഹിക്കൊസിനെയോ കേത്തയിലേക്കു അയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്നു തന്നെ കാണുവാൻ പൌലൊസ് തീത്തൊസിനെഴുതി. (തീത്തോ, 3:2). തന്റെ രണ്ടാമത്തെ കാരാഗൃഹവാസത്തിൽ റോമിൽ വച്ചു ‘തിഹിക്കൊസിനെ ഞാൻ എഫെസൊസിലേക്കു അയച്ചിരിക്കുന്നു’ എന്നു പൗലൊസ് തിമൊഥയൊസിനെഴുതി. (2തിമൊ, 4:12). യെരൂശലേമിലെ ദരിദ്ര ക്രിസ്ത്യാനികൾക്കു വേണ്ടിയുളള ദ്രവ്യശേഖരത്തിൽ തീത്തൊസിനെ സഹായിച്ച രണ്ടു സഹോദരന്മാരിലൊരാൾ തുഹിക്കൊസ് ആയിരുന്നിരിക്കണം. (2കൊരി, 8:16-24).

തുറന്നൊസ്

തുറന്നൊസ് (Tyrannus)

പേരിനർത്ഥം – സേച്ഛാധിപതി

എഫെസൊസിൽ താമസിക്കുമ്പോൾ പൗലൊസ് രണ്ടുവർഷം തുറന്നൊസിന്റെ പാഠശാലയിൽ പഠിപ്പിച്ചു. (പ്രവൃ, 19:19). സിനഗോഗ് വിട്ടശേഷമാണ് പൃലൊസ് ഈ പാഠശാലയിൽ പഠിപ്പിച്ചത്. അതിൽനിന്ന് തുറന്നൊസ് യവനനായിരുന്നു എന്നു വിചാരിക്കാം.

തിമോൻ

തിമോൻ (Timon)

പേരിനർത്ഥം – യോഗ്യൻ

മേശയിൽ ശുശ്രൂഷിക്കുന്നതിന് തിരഞ്ഞെടുത്ത ഏഴുപേരിൽ ഒരാൾ. “ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,” (പ്രവൃ, 6:5). ഇയാളെക്കുറിച്ച് മറ്റൊരറിവുമില്ല.

തിമായി

തിമായി (Timaeus)

പേരിനർത്ഥം – വളരെ വിലമതിക്കുന്നു

യേശുക്രിസ്തു യെരീഹോവിൽ വെച്ചു സൗഖ്യമാകിയ ബർത്തിമായി ഏന്ന കുരുടനായ മനുഷ്യൻ്റെ അപ്പൻ. “അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.” (മർക്കൊ, 10:46). ബർത്തിമായി = തിമായിയുടെ പൂത്രൻ.

തിബെര്യാസ് കൈസർ

തിബെര്യാസ് കൈസർ (Tiberius Caesar)

പൂർണ്ണനാമം തിബെര്യാസ് ക്ലൗദ്യൊസ് നെറൊ കൈസർ (Tiberius Claudius Nero Caesar) ആണ്. ഔഗുസ്തൊസ് കൈസറിനുശേഷം റോമിന്റെ ചക്രവർത്തിയായി സ്ഥാനമേറ്റു. ഭരണകാലം എ.ഡി. 14-37. ചക്രവർത്തിയാകുന്നതിനു മുമ്പുതന്നെ പല യുദ്ധങ്ങളിലും ഒരു സമർത്ഥനായ സൈന്യാധിപൻ എന്നു തെളിയിച്ചു കഴിഞ്ഞു. ഒരു നല്ല വാഗ്മിയും ഭരണ നിപുണനും ആയിരുന്നു. എന്നാൽ ഭരണം കൈയേറ്റു കഴിഞ്ഞപ്പോൾ ഒരു വിഭിന്ന വ്യക്തിയായി മാറി. തുടർന്നുള്ള ജീവിതം ഉദാസീനത, നിഷ്ക്രിയത്വം ഭോഗലോലുപത എന്നിവയുടേതായിരുന്നു. ഭരണത്തിൽ ഏകാധിപത്യ പ്രവണതയാണ് കാട്ടിയത്. ക്രൂരനും നിഷ്ഠരനുമായിത്തീർന്ന തിബെര്യാസ് പ്രതികാരദാഹിയായിരുന്നു. ഇരുപത്തിമൂന്നു വർഷത്തെ ഭരണത്തിനു ശേഷം 78-ാമത്തെ വയസ്സിൽ മരിച്ചു. തിബെര്യാസ് കൈസറിൻ്റെ വാഴ്ചയുടെ പതിനഞ്ചാമാണ്ടിലാണ് യോഹന്നാൻ സ്നാപകൻ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 3:1).

തിഗ്ലത്ത്-പിലേസർ

തിഗ്ലത്ത്-പിലേസർ (Tiglath – Pileser)

അശ്ശൂർ രാജാക്കന്മാരുടെ പട്ടികയിൽ വളരെ പ്രഖ്യാതമായ ഒരു പേരാണ് തിഗ്ലത്ത്-പിലേസർ. തിഗ്ലത്ത്-പിലേസർ ഒന്നാമൻ (ബി.സി. 1114-1076 ) വലിയ ആക്രമണകാരി ആയിരുന്നു. വിശ്വസാമ്രാജ്യം സ്ഥാപിക്കാനുള്ള ഒരു ശ്രമം അദ്ദേഹം നടത്തി. അദ്ദേഹത്തിന്റെ കാലത്ത് രാജ്യം പടിഞ്ഞാറു മെഡിറ്ററേനിയൻ വരെ വ്യാപിച്ചു. തുടർന്നു അശ്ശൂരിന്റെ ശക്തി ക്ഷയിച്ചു. ബി.സി. 745-ൽ തിഗ്ലത്ത്-പിലേസർ മൂന്നാമൻ (ബി.സി. 745-727) സിംഹാസനം കൈയടക്കി. ഇദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചോ, ജനനത്തെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഒരശ്ശൂർ സൈന്യാധിപൻ ആയിരുന്നിരിക്കാനാണ് സാദ്ധ്യത. തന്റെ ശിലാലിഖിതങ്ങളിലൊന്നിലും മാതാവിനെക്കുറിച്ചോ പിതാവിനെക്കുറിച്ചോ പറയുന്നില്ല. തിഗ്ലത്ത്-പിലേസറിന്റെ മരണത്തിനു വളരെ ശേഷം അദ്ദേഹത്തിന്റെ ശിലാലിഖിതങ്ങൾക്ക് എസ്സർ ഹദ്ദോൻ കേടു വരുത്തി. ഇത് തിഗ്ലത്ത്-പിലേസർ മൂന്നാമൻ രാജകുടുംബത്തിൽ ഉൾപ്പെട്ടവനായിരുന്നില്ലെന്ന നിഗമനത്തിനു സാധുത നല്കുന്നു. മുൻഗാമിയായ അശ്ശൂർ-നിരാരി മൂന്നാമൻ്റെ ഭരണകാലം ബി.സി. 754-745 ആയിരുന്നു. ബി.സി. 746-ൽ ഒരു വിപ്ലവമുണ്ടായി. അതോടുകൂടി തിഗ്ലത്ത്-പിലേസർ അധികാരത്തിൽ വന്നു. 

തുടക്കം മുതൽ തന്നെ തിഗ്ലത്ത്-പിലേസർ തന്റെ ഭരണ നൈപുണ്യം വെളിപ്പെടുത്തി. അശ്ശൂരിന്റെ ചരിത്രത്തിൽ സിംഹാസന അപഹരണത്തെ തുടർന്നു ചെറിയ യുദ്ധങ്ങളും കലാപങ്ങളും പതിവായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കാലത്തതു സംഭവിച്ചില്ല. ഭരണകാലം ഹ്രസ്വമായിരുന്നു ( ബി.സി. 745-727). കൽചിയിലെ (Kalchi) ശല്മനേസ്സറിന്റെ കൊട്ടാരം പുനഃസ്ഥാപിച്ചു. കൊട്ടാരത്തിലെ വലിയമുറികളുടെ ചുവരുകളിൽ വലിയ കൽപാളികൾ സ്ഥാപിച്ചു; അവയിൽ തന്റെ ഭരണകാലത്തെ ആക്രമണങ്ങൾ മനോഹരമായി ആലേഖനം ചെയ്തു. ബാബിലോണിയ ആക്രമണമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രവൃത്തി. ബാബിലോണിയയെ ആക്രമിച്ചു കീഴടക്കി അവിടെ പാർപ്പുറപ്പിച്ചു. ബാബിലോന്യ സംസ്കാരത്തെ നശിപ്പിക്കുമെന്നു ഭീഷണി ഉയർത്തിയ അരാമ്യരെ ഓടിച്ചു. ബാബിലോണിയയിൽ ഒരു വ്യവസ്ഥാപിതമായ ഭരണം ഏർപ്പെടുത്തി. അനന്തരം വടക്കുപടിഞ്ഞാറോട്ടും കിഴക്കോട്ടും ചെന്നു അവിടെയുള്ള ജനങ്ങളിൽനിന്നു ഭീമമായ കപ്പം ഈടാക്കി. കീഴടക്കിയ പ്രദേശങ്ങളിൽ ഉറപ്പുള്ള സർക്കാർ സ്ഥാപിച്ചു. അദ്ദേഹം ഒരു ജനതയെ കീഴടക്കിയശേഷം അവരിൽ ശ്രേഷ്ഠന്മാരെ തന്റെ രാജ്യത്തിൽ മറെഅറാരിടത്തു കൊണ്ടുപോയി പാർപ്പിക്കുകയും, അവിടെനിന്നും ആവശ്യമായ ആളുകളെ കൊണ്ടു വന്നു ഒഴിപ്പിച്ച് പ്രദേശങ്ങളിൽ പാർപ്പിക്കുകയും ചെയ്തു. അനേകർക്കും ഇതു മരണത്തെക്കാൾ ഹീനമായ ശിക്ഷയായി അനുഭവപ്പെട്ടു. രാജ്യത്തിനകത്തു വിപ്ലവം ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതൽ നടപടി മാത്രമായിരുന്നു ഇത്. കീഴടക്കിയ പ്രദേശങ്ങളിലെല്ലാം അസീറിയൻ ദേശാധിപതിമാരെ നിയമിച്ചു വർഷംതോറും കപ്പം ശേഖരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. അധീനദേശങ്ങളെ അശ്ശൂർ സാമ്രാജ്യത്തിന്റെ ഭാഗമെന്നവണ്ണം ഭരിച്ചു. 

അരാമിലെയും (സിറിയ) പലസ്തീനിലെയും ചില സംസ്ഥാനങ്ങൾ നാമമാത്രമായി അശ്ശൂരിനു കപ്പം കൊടുക്കുന്നവരായിരുന്നു. സിറിയ, പലസ്തീൻ തുടങ്ങി ചെറു രാജ്യങ്ങളെല്ലാം പ്രതിരോധത്തിനു വേണ്ടി ഒരു സഖ്യത്തിൽ വന്നിരുന്നു എങ്കിൽ, തിഗ്ലത്ത്-പിലേസർ മൂന്നാമനെ ചെറുക്കാമായിരുന്നു. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങൾക്കു പടലപ്പിണക്കം മൂലം ഇതസാദ്ധ്യമായിരുന്നു. ബി.സി. 739-നടുപ്പിച്ച് അശ്ശൂരിന്റെ ആധിപത്യത്തെ അറുത്തെറിയുന്നതിനു ചില രാഷ്ട്രങ്ങൾ നിശ്ചയിച്ചുറച്ചു. ഈ സഖ്യത്തിന്റെ നായകനായി യെഹൂദാ രാജാവായി അസര്യാവ് അഥവാ ഉസ്സീയാവ് രംഗപ്രവേശം ചെയ്തു. അദ്ദേഹത്തെ സഹായിക്കുവാൻ ഹമാത്ത്, ദമ്മേശെക്ക്, സോർ, ശമര്യാ എന്നിങ്ങനെ പത്തൊമ്പതു രാജ്യങ്ങൾ അണിനിരന്നു. ഈ പത്തൊമ്പതു രാജ്യങ്ങളും ഏകമനസ്സോടെ യുദ്ധക്കളത്തിൽ ഇറങ്ങിയിരുന്നു എങ്കിൽ അശ്ശൂരിന്റെ മുന്നേറ്റത്തെ ചെറുക്കാമായിരുന്നു. ഇവർ സൈന്യങ്ങളെ കൂട്ടിച്ചേർക്കുന്നതിനു മുമ്പുതന്നെ സഖ്യത്തിന്റെ തലവനായ ഉസ്സീയാവിനെ അവന്റെ ശക്തി കേന്ദത്തിൽ വച്ച് ആക്രമിക്കുന്നതിനു് തിഗ്ലത്ത്-പിലേസർ പലസ്തീനിൽ പ്രവേശിച്ചു. ഉത്തര രാജ്യത്തിൽ പ്രവേശിച്ചപ്പോൾ തന്നെ രാജാവായ മെനഹേം യുദ്ധം ഉപേക്ഷിച്ചു ആയിരം താലന്തു വെളളി നല്കി അശ്ശൂരിനോടുളള വിധേയത്വം വെളിപ്പെടുത്തി. ഇതു സഖ്യത്തിനു പറ്റിയി വലിയ തിരിച്ചടിയായിരുന്നു. സഖ്യത്തിനുണ്ടായ തകർച്ച തിഗ്ലത്ത്-പിലേസറിനെ സന്തുഷ്ടനാക്കി. മറ്റുള്ളവരും കപ്പം കൊടുക്കാൻ സന്നദ്ധരായി. വമ്പിച്ച കൊളള മുതലുമായി അദ്ദേഹം അശ്ശൂരിലേക്കു മടങ്ങി. ബി.സി. 743-ൽ അദ്ദേഹം വീണ്ടും മെഡിറ്ററേനിയൻ തീരത്തെത്തി; ഗസയെ കീഴടക്കി. 

യെഹൂദയിലെ ആഹാസ്, ശമര്യയിലെ പേക്കഹ്, ദമ്മേശെക്കിലെ രെസോൻ എന്നിവർക്കു അശ്ശൂരിന്നെതിരെ ഒരു ശക്തമായ സഖ്യം പടുത്തുയർത്താമായിരുന്നു. എന്നാൽ ആഹാസ് വെറും യുവാവാണെന്നു കണ്ട്, പേക്കഹും രെസോനും കൂടിച്ചേർന്നു യെഹൂദയെ ആക്രമിച്ചു. ആഹാസ് പ്രതിസന്ധിയിലായി. ഈജിപ്റ്റിൽ നിന്നു സഹായം പ്രതീക്ഷിക്കാനില്ല. നിർണ്ണായക നിമിഷത്തിൽ ദൂതനെ അയച്ചു ദമ്മേശെക്കിനും ശമര്യയ്ക്കും എതിരെ സഹായത്തിനായി തിഗ്ലത്ത്-പിലേസറിനോടപേക്ഷിച്ചു. തിഗ്ലത്ത്-പിലേസർ കപ്പം സ്വീകരിച്ചു ദമ്മേശെക്കിനെ ഭീഷണിപ്പെടുത്തി. അതോടുകൂടി ദമ്മേശെക്കും ശമര്യയും യെഹൂദയിൽ നിന്നു സൈന്യങ്ങളെ പിൻവലിച്ചു. തിഗ്ലത്ത്-പിലേസർ തുടർന്നു സോർ, സീദോൻ കടന്നു എസ്ദ്രലെയോൺ സമഭൂമിയിലേക്കു തിരിഞ്ഞു. അനന്തര സംഭവങ്ങൾ ബൈബിളിൽ വിവരിക്കുന്നതി പ്രകാരമാണ്; “പേക്കഹിന്റെ കാലത്തു അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ വന്നു. ഈയോനും ആബേൽ-ബേത്ത്മയഖയും യാനോവഹും കേദേശും ഹാസോരും ഗിലെയാദും ഗലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.” (2രാജാ, 15:29). തിഗ്ലത്ത്-പിലേസർ ശമര്യ ആക്രമിക്കുമായിരുന്നു. എന്നാൽ ഹോശേയ പേക്കഹിനെ വെട്ടിക്കൊന്നു പകരം രാജാവായി. (2രാജാ, 15:30). തിഗ്ലത്ത്-പിലേസറിന്റെ പ്രതിനിധിയെന്നവണ്ണം ഹോശേയ രാജ്യം ഭരിച്ചു. ബി.സി. 732-ൽ അദ്ദേഹം ദമ്മേശെക്കു പിടിച്ചു. ഈ കാലത്തു 591 പട്ടണങ്ങളെ നശിപ്പിച്ചു അവയിലെ നിവാസികളെ അവരുടെ സമ്പത്തുകളോടൊപ്പം അശ്ശൂരിലേക്കു കൊണ്ടുപോയി എന്നു തിഗ്ലത്ത്-പിലേസർ പറയുന്നു. ആഹാസ് ദമ്മേശെക്കിൽ ചെന്നു അദ്ദേഹത്തിനു അഞ്ജലി അർപ്പിച്ചു. ബി.സി. 728 നവവത്സരദിനത്തിൽ അദ്ദേഹം ബാബിലോൺ രാജാവായി അഭിഷിക്തനായി. ബി.സി. 727-ൽ മരിച്ചു. അശ്ശൂരിനെ ഒരു മഹാസാമാജ്യമാക്കിത്തീർത്ത മഹാനായിരുന്നു തിഗ്ലത്ത്-പിലേസർ. ഇദ്ദേഹത്തിന്റെ അപരനാമമാണ് പൂൽ. 1ദിനവൃത്താന്തം 5:26-ൽ ഈ രണ്ടു പേരുകളും അടുത്തടുത്തു പറഞ്ഞിട്ടുണ്ട്.

ഗായൊസ്

ഗായൊസ് (Gaius)

പേരിനർത്ഥം – പ്രഭു

പുതിയനിയമത്തിൽ നാലുപേർ ഗായൊസ് എന്നപേരിൽ അറിയപ്പെടുന്നു:

1. പൗലൊസിന്റെ കുട്ടുയാത്രക്കാരനായിരുന്ന ഒരു മക്കെദോന്യൻ. എഫെസൊസിൽ വച്ച് ലഹളക്കാർ ഗായൊസിനെ പിടിച്ചുകൊണ്ടുപോയി: “പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.” (പ്രവൃ, 19:29).

2.  പൗലൊസിനോടുകൂടെ യാത്രചെയ്ത ദൈർബ്ബക്കാരനായ ഒരാൾ: “ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.” (പ്രവൃ, 20:4).

3. കൊരിന്തിൽ വച്ചു പൗലൊസ് സ്നാനപ്പെടുത്തിയ ഒരു ക്രിസ്ത്യാനി: “ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” (1കൊരി, 1:15). ഗായൊസിന്റെ ഭവനത്തിലാണ് വിശ്വാസികൾ കൂടിവന്നിരുന്നത്. റോമർക്കു ലേഖനമെഴുതുമ്പോൾ, “എനിക്കും സർവ്വസഭയ്ക്കും അതിഥിസല്ക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു” (റോമ, 16:23) എന്നു പൗലൊസ് പറയുന്നു. 

4. യോഹന്നാന്റെ മൂന്നാം ലേഖനം ഗായൊസിനെ അഭിസംബോധന ചെയ്തെഴുതിയതാണ്. പക്ഷേ പൗലൊസായിരിക്കാം ഗായൊസിനെ വിശ്വാസത്തിലേക്കു നയിച്ചത്. എഫെസൊസിനടുത്തുള്ള ഏതോ പട്ടണത്തിൽ വസിച്ചിരുന്ന ഒരു മാന്യനും സമ്പന്നനുമായിരുന്നു ഇദ്ദേഹം. ചില സഹോദരന്മാരെ യോഗ്യമാംവണ്ണം യാത്ര അയക്കുവാൻ പ്രേരിപ്പിച്ചുകൊണ്ടാണ് അപ്പൊസ്തലൻ ഈ ലേഖനം എഴുതിയത്. (3യോഹ, 1-6).