ഏഷ്യാമൈനറിന്റെ വടക്കു പടിഞ്ഞാറെ മൂലയിൽ മുസ്യയിൽ സ്ഥിതിചെയ്യുന്ന ഒരു തുറമുഖപട്ടണം. ആധുനിക തുർക്കിയിൽ തുറമുഖസ്ഥാനം കരട്ടാഷ് (Karatash) എന്നും, ഉൾനാടൻ പട്ടണം എദ്രെമിത്ത് (Edrermit) എന്നു പഴയ പേരിലും അറിയപ്പെടുന്നു. പൗലൊസും യൂലിയസും കൈസര്യയിൽ നിന്നു യാത്രചെയ്തത് അദ്രമൂത്ത്യ കപ്പലിലായിരുന്നു (പ്രവൃ, 27:2-5). റോമൻ പട്ടാളത്തിലെ ശതാധിപനായ യൂലിയൊസിന്റെ നിയന്ത്രണത്തിലായിരുന്നു ബദ്ധനായ പൗലൊസ് യാത്ര ചെയ്തത്.
ഗ്രീസിന്റെ തലസ്ഥാനനഗരം. ഗ്രീസിന്റെ തെക്കുകിഴക്കു ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ ഒരു നിരപ്പല്ലാത്ത ഭാഗത്ത് സ്ഥിതിചെയ്യുന്നു. പട്ടണത്തിന്റെ കാവൽ ദേവതയായ അഥേനയിൽ (ഹീഅഥീനി) നിന്നാണ് പട്ടണത്തിനു അഥേനയെന്ന പേർ ലഭിച്ചത്. ഗ്രീസിലെ പ്രധാന പ്രവിശ്യയായ ആററിക്കയുടെ (Attica) തലസ്ഥാനമായിരുന്നു. ബി.സി. 5-4 നൂറ്റാണ്ടുകളിൽ സംസ്കാരത്തിന് പ്രസിദ്ധിയാർജ്ജിച്ച പട്ടണമായിരുന്നു. നാടകകൃത്തുക്കളും പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ വലിയ ദാർശനികന്മാരും ഇവിടെ ജീവിച്ചിരുന്നു. രണ്ടു പ്രധാന നിയമകർത്താക്കളായ ഡ്രേക്കോയും സോളനും അഥേനയുടെ സന്താനങ്ങളാണ്. ബി.സി. 490-ൽ മാരത്തോണിൽ വെച്ചും 480-ൽ സലാമിസിൽവെച്ചും പേർഷ്യക്കാരെ പരാജയപ്പെടുത്തിയ ശേഷം അവർ ഒരു ചെറിയ സാമ്രാജ്യം കെട്ടിപ്പടുക്കുകയും അതിന്റെ തലസ്ഥാനമായി അഥേന ശോഭിക്കുകയും ചെയ്തു. പെരിക്ലീസിന്റെ ഭരണകാലം അഥേനയുടെ സുവർണ്ണയുഗമായിരുന്നു. പേർഷ്യൻ യുദ്ധത്തെ തുടർന്നു അരനൂറ്റാണ്ടുകാലം അഥേന അതിന്റെ സമസ്ത സർഗ്ഗശക്തികൾക്കും ബഹിസ്ഫുരണം നല്കി. അഥേനയുടെ നാമം അനശ്വരമാക്കിയത് ഈ അരനൂറ്റാണ്ടാണ്. ഈ കാലഘട്ടത്തിന്റെ സന്താനങ്ങളായിരുന്നു ഈസ്കിലസ്, സോഫൊക്ലിസ്, യൂറിപ്പിഡീസ്, അരിസ്റ്റോഫനീസ്, സോക്രട്ടീസ് തുടങ്ങിയ മഹാപ്രതിഭകൾ. പെരിക്ലീസിന്റെ മരണത്തിനു മുമ്പ് പെലപ്പണേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുകയും (ബി.സി. 431) ഒടുവിൽ ബി.സി. 404-ൽ സ്പാർട്ടയ്ക്കു കീഴടങ്ങുകയും ചെയ്തു. അലക്സാണ്ടർ ചക്രവർത്തിയുടെ അധീനതയിലായിരുന്ന കാലത്ത് (336-323) തങ്ങളുടെ സ്വയംഭരണാവകാശം ഏറെക്കുറെ നിലനിർത്താൻ അഥേനയ്ക്കു കഴിഞ്ഞു. ബി.സി. 146-ൽ ഗ്രീക്കുനഗരങ്ങൾ റോമൻ ഗവർണ്ണറുടെ കീഴിലായി. അക്കാലത്തും അഥേനയുടെ സ്വാതന്ത്യത്തിനു വലിയ കോട്ടം സംഭവിച്ചില്ല. ബി.സി. 86-ൽ റോമൻ ജനറലായ സുള്ളാ (Sulla) പട്ടണം പിടിച്ചടക്കി. പൗലൊസ് അഥേന സന്ദർശിക്കുമ്പോൾ പട്ടണം റോമിന്റെ കീഴിലായിരുന്നു. (പ്രവൃ, 17:15). ദേവന്മാരെ ആരാധിക്കുന്നതിൽ മറ്റേതു ദേശത്തെക്കാളും മുന്നിലായിരുന്ന അഥേന ബിംബങ്ങൾ (പ്രവൃ, 17:16) നിറഞ്ഞ പട്ടണമായിരുന്നു. ഇവിടെ അരയോപഗക്കുന്നിൽ പൗലൊസ് സുവിശേഷം പ്രസംഗിച്ചു. അഥേനയിൽ ചിലർ വിശ്വസിച്ചു; എന്നാൽ ഇവിടെ ഒരു സഭ സ്ഥാപിക്കുവാൻ സാധിച്ചില്ല.
ബൈസന്റൈൻ സാമ്രാജ്യത്തിന്റെ വളർച്ചയോടുകൂടി ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ അഥേന അധഃപതിക്കാൻ തുടങ്ങി. തുർക്കികളുടെ ഭരണകാലത്തു് 1458-1821) ഏകദേശം 5000 ജനസംഖ്യയുള്ള ഒരു ദരിദ്ര ഗ്രാമമായിത്തീർന്നു. ഗ്രീക്കു സ്വാതന്ത്ര്യ സമരകാലത്തു് (1821-1829) പട്ടണത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചു. ഗ്രീസിനു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 1834-ൽ അഥേന പുതിയ രാഷ്ട്രത്തിന്റെ തലസ്ഥാനമായി. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ അഥേന 1941 മുതൽ 1944 വരെ ജർമ്മൻ പട്ടാളത്തിന്റെ അധീനതയിലായിരുന്നു. യുദ്ധാനന്തരം വിദേശസഹായംകൊണ്ട് അഥേന വളർന്നുതുടങ്ങി. ഇന്ന് ഗ്രീസിന്റെ രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമാണ് അഥേന.
പൗരാണിക ഗ്രീസിലെ മക്കെദോന്യയ്ക്ക് തെക്കുള്ള അധികഭാഗങ്ങളും ഉൾപ്പെട്ട റോമൻ പ്രവിശ്യ. (പ്രവൃ, 18:12, 27; 19:21; റോമ, 15:26; 1കൊരി, 16:15; 2കൊരി, 1:1; 92; 11:10; 1തെസ്സ, 1:7,8). കൊരിന്ത് ഉൾക്കടലിന്റെ ദക്ഷിണ തീരത്തായി കിടക്കുന്ന അഖായയുടെ പേർ കൊരിന്തുമായി ബന്ധപ്പെട്ടാണ് വരുന്നത്. (2കൊരി, 1:1; 9:2; 11:10). ഹോമറിന്റെ ഇതിഹാസങ്ങളിൽ അഖായയെക്കുറിച്ചു പറയുന്നുണ്ട്. തെസ്സലയുടെ സമീപത്തുള്ള അഖായയെ ഹെരോഡോട്ടസ് പരാമർശിക്കുന്നു. ഇന്നു അഖായ എന്നു വിളിക്കുന്ന പ്രദേശം പെലെപ്പൊണെസസ് (Peloponnesus) ആണെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അഖായയിലെ നഗരങ്ങൾ ചേർന്നുള്ള അഖായൻ സഖ്യത്തിൽ (Achaian League) നായകസ്ഥാനം കൊരിന്തിനായിരുന്നു. ബി.സി. 146-ൽ അഖായൻ സഖ്യത്തെ റോം തോല്പിച്ചു കീഴടക്കി; ഒരു റോമൻ പ്രവിശ്യയാക്കി. കെംക്രയയിൽ ഒരു സഭയുണ്ടായിരുന്നു. (റോമ, 16:1). അഥേനയിൽ (Athens) വിശ്വാസികൾ ഉണ്ടായിരുന്നു. (പ്രവൃ, 17:34). തന്മൂലം സ്തെഫനാസിന്റെ കുടുംബത്തെ അഖായയിലെ ആദ്യഫലം (1കൊരി, 1615) എന്നു പറയുമ്പോൾ, അഖായ എന്നതുകൊണ്ടു പൗലൊസ് ഉദ്ദേശിക്കുന്നത് കൊരിന്തിനെ ആയിരിക്കണം.
ഇന്നു ഹക് എദ്-ദമ്മ എന്നറിയപ്പെടുന്നു. മുമ്പു കുശവന്റെ നിലം എന്നറിയപ്പെട്ടിരുന്നു. (മത്താ, 27:8; പ്രവൃ, 1:18,19). ഹിന്നോം താഴ്വരയുടെ ദക്ഷിണപാർശ്വത്തിൽ സ്ഥിതിചെയ്യുന്നു. വിശുദ്ധ ജെറോമിന്റെ കാലം മുതലുള്ള പാരമ്പര്യം ഈ സ്ഥാനനിർണ്ണയത്തിന് അവലംബമായുണ്ട്. യൂദാ ഈസ്ക്കര്യോത്താവു ആത്മഹത്യ ചെയ്തതിവിടെയാണ്. യൂദാ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞ മുപ്പതു വെള്ളിക്കാശുകൊണ്ടു പുരോഹിതന്മാർ പരദേശികളെ കുഴിച്ചിടുവാൻ ഈ നിലം വാങ്ങി. രക്തത്തിന്റെ വില കൊടുത്തു വാങ്ങിയതുകൊണ്ടു നിലത്തിനു അക്കല്ദാമ എന്ന പേർ ലഭിച്ചു. യിരെമ്യാവ് 18:2-ലെ കുശവന്റെ വീടു ഈ സ്ഥലമായിരിക്കാനാണ് സാദ്ധ്യത.
മക്കദോന്യയിലെ ഒരു പട്ടണം. അയോൻ (Eion) തുറമുഖത്തിനും ഈജിയൻ (Aegean) കടലിനും 4.8 കി.മീറ്റർ വടക്കു മാറി സ്ട്രൈമൊൻ (Strymon) നദീതീരത്തു സ്ഥിതി ചെയ്യുന്നു. മൂന്നു വശവും നദിയാൽ ചുറ്റപ്പെട്ടു, കുന്നിന്മേൽ സ്ഥിതി ചെയ്യുകയാലാണ് പട്ടണത്തിനു ഈ പേർ ലഭിച്ചത്. ഫിലിപ്പി പട്ടണത്തിനു 48 കിലോമീറ്റർ അകലെയായാണ് അംഫിപൊലിസിന്റെ സ്ഥാനം. ബി.സി. അഞ്ചാം നൂറ്റാണ്ടിൽ അഥീനിയൻ കോളനിയായി പണിത പട്ടണം പിന്നീടു മക്കെദോന്യരുടെ കീഴിലായി. ബി.സി . 167-ൽ റോമക്കാർ മക്കെദോന്യയെ നാലു ജില്ലകളായി വിഭജിച്ചപ്പോൾ അംഫിപൊലിസിനെ പ്രഥമ ജില്ലയുടെ പ്രമുഖ പട്ടണമാക്കി. പൗലൊസും ശീലാസും അംഫിപൊലിസ് കടന്നു തെസ്സലൊനീക്കയിലെത്തി. (പ്രവൃ, 17:1). അംഫിപൊലിസിന്റെ സ്ഥാനത്തു ഇന്നുള്ളതു ‘നെയൊഖോറി’ എന്ന ഗ്രാമമാണ്.
അഗ്രിപ്പാ ഒന്നാമന്റെ പുത്രൻ, അഗ്രിപ്പാ (പ്രവൃ, 25:22,23; 26:32), അഗ്രിപ്പാ രാജാവ് (പ്രവൃ, 25:26; 26:27,28) എന്നിങ്ങനെ പുതിയ നിയമത്തിൽ പറയപ്പെട്ടിരിക്കുന്നു. ജനനം എ.ഡി. 27. എ.ഡി. 48-ൽ ക്ലൗദ്യോസ് ചക്രവർത്തി ഇയാൾക്ക് ഒരു ചെറിയ രാജ്യം നല്കി. എ.ഡി. 56-ൽ നീറോ ചക്രവർത്തി ഗലീലയുടെയും പെരേയയുടെയും ഭാഗങ്ങൾ വിട്ടുകൊടുത്തു. ഫിലിപ്പിന്റെ കൈസര്യയുടെ പേര് നീറോയുടെ ബഹുമാനാർത്ഥം നെറോനിയാസ് എന്നു മാറ്റി. ദൈവാലയത്തിൽ അധികാരം ചെലുത്തുവാൻ ശ്രമിക്കുക മുലം പുരോഹിതന്മാർ അയാൾക്കു ശത്രുക്കളായി. എ.ഡി. 66-ൽ റോമിനെതിരെ യെഹൂദന്മാർ നടത്തിയ വിപ്ലവം ഒഴിവാക്കുവാൻ അഗ്രിപ്പാ രണ്ടാമൻ ആവോളം ശ്രമിച്ചു; പക്ഷേ ഫലമുണ്ടായില്ല. യുദ്ധമുണ്ടായപ്പോൾ റോമിന്റെ പക്ഷത്തു നിന്നു. എ.ഡി. 100-ൽ അയാൾ അനപത്യനായി മരിച്ചു. ഫെസ്തൊസിന്റെ കല്പപനയാൽ പൗലൊസ് അഗ്രിപ്പാവിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടു. ,(പ്രവൃ, 26:1).
മഹാനായ ഹെരോദാവിന്റെ പുത്രനായ അരിസ്റ്റോബുലസിന്റെ മകൻ. ഹെരോദാവ് എന്നും ഹെരോദാ രാജാവ് എന്നും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (പ്രവൃ, 12:1,6,7,11,19-21. ഹെരോദാ അന്തിപ്പാസ് വിവാഹം ചെയ്ത ഹെരോദ്യാ ഇയാളുടെ സഹോദരിയായിരുന്നു. അന്തിപ്പാസിന്റെ മേൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ചത് ഇയാളാണ്. അഗ്രിപ്പാ ഒന്നാമൻ ബാല്യവും യൗവനവും റോമിൽ കഴിച്ചുകൂട്ടി. ഋണബാദ്ധ്യത നിമിത്തം എ.ഡി. 23-ൽ റോം വിടേണ്ടിവന്നു. സഹോദരിയുടെ ശ്രമം മൂലം അന്തിപ്പാസിന്റെ രാജധാനിയിൽ കഴിഞ്ഞു. അന്തിപ്പാസിനോടു കലഹിച്ച് അഗ്രിപ്പാ റോമിലേക്കു മടങ്ങി. നിയന്ത്രണമില്ലാത്ത സംഭാഷണം നിമിത്തം ആറുമാസം കാരാഗൃഹവാസം അനുഭവിച്ചു. തിബെര്യാസ് കൈസറിനുശേഷം ചക്രവർത്തിയായ കാളിഗുള (ഗായാസ്)യാണ് അഗ്രിപ്പാവിനെ ജയിൽ വിമുക്തനാക്കിയത്. ജയിൽ മുക്തനായ അഗ്രിപ്പാവിനെ പലസ്തീന്റെ വടക്കു കിഴക്കുള്ള പ്രദേശങ്ങളുടെ രാജാവായി അവരോധിച്ചു. എ.ഡി 39-ൽ ഹെരോദാ അന്തിപ്പാസിന്റെ നാടും ഇയാൾക്കു ലഭിച്ചു. എ.ഡി. 41-ൽ ചക്രവർത്തിയായ ക്ലൗദ്യോസ് യെഹൂദ്യ, ശമര്യപ്രദേശങ്ങളും അഗിപ്പാവിനു വിട്ടുകൊടുത്തു. മഹാനായ ഹെരോദാവിനു ശേഷം രാജത്വം ലഭിച്ചു പലസ്തീൻ മുഴുവൻ വാണ ഹെരോദാവു ഇയാൾ മാത്രമാണ്. മറിയാമ്നെ വഴിക്കു ഹശ്മോന്യ പുരോഹിത കുടുംബവുമായി ഇയാൾക്കു ബന്ധമുണ്ടായിരുന്നു. തന്മൂലം അഗ്രിപ്പാവിന്റെ രാജത്വം യെഹൂദന്മാർ അംഗീകരിച്ചു. യെഹൂദന്മാരുടെ പ്രീതി നേടുവാൻ വേണ്ടി അപ്പൊസ്തലനായ യാക്കോബിനെ കൊല്ലിക്കുകയും പത്രൊസിനെ തടവിലടയ്ക്കുകയും ചെയ്തു. (പ്രവൃ, 12:1-3). എ.ഡി. 44-ൽ തന്റെ 54-മത്തെ വയസ്സിൽ അഗ്രിപ്പാ ഒന്നാമൻ ശീഘ്രമരണത്തിനു വിധേയനായി. (പ്രവൃ, 12:20-23). ഇയാളുടെ പുത്രനാണ് അഗ്രിപ്പാ II, പുത്രിമാർ ബർന്നീക്കയും (പ്രവൃ, 25:13), ദ്രുസില്ലയും (അപ്പൊ, 24:24).
ഭരണകാലം ബി.സി. 4–എ.ഡി. 34. മഹാനായ ഹെരോദാവിന്റെയും ക്ലിയോപാട്രയുടെയും പുത്രൻ. ഹെരോദാവിന്റെ മരണപ്പത്രം അനുസരിച്ചു രാജ്യത്തിന്റെ പകുതി അർക്കെലയൊസിനും പകുതി ഫീലിപ്പോസ് രണ്ടാമനും അന്തിപ്പാസിനുമായി നല്കി. ബതനയ്യാ, ത്രഖൊനിത്തിസ്, ഔറൊനിത്തിസ്, ഇതുര്യ എന്നിവയാണു ഇയാൾക്കു ലഭിച്ചത്. (ലൂക്കൊ, 3:1). പലസ്തീനിലെ ഉത്തരപൂർവ്വഭാഗത്താണ് ഈ ദേശങ്ങൾ. ഹെരോദാ രാജാക്കന്മാരിൽ വച്ചു ഏറ്റവും നല്ല വ്യക്തി ഇയാളാണ്. ഇയാളുടെ ഭരണം ദീർഘവും ശാന്തവും നീതിപൂർണ്ണവുമായിരുന്നു. പ്രജകളെക്കുറിച്ചുള്ള പരിഗണന പ്രത്യേകം പ്രസ്താവ്യമാണ്. യാത്രയിൽപ്പോലും പ്രജകളുടെ കാര്യം നിവർത്തിച്ചു കൊടുക്കയും ആവലാതികൾ കേട്ടു പരിഹാരം നിർദ്ദേശിക്കയും ചെയ്തിരുന്നു. ധാരാളം വികസന പ്രവർത്തനങ്ങൾ ചെയ്തു. ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തിൽ ഒരു പുതിയ പട്ടണം പണിതു ഫിലിപ്പിന്റെ കൈസര്യ എന്നു പേരിട്ടു. (മത്താ, 16:13). ബേത്ത്-സയിദ ഗ്രാമത്തെ ഒരു നഗരത്തിന്റെ പദവിയിലുയർത്തി. ഔഗുസ്തൊസ് കൈസറുടെ പുത്രിയായ ജൂലിയയുടെ സ്മരണാർത്ഥം ആ പട്ടണത്തിനു ജൂലിയാസ് എന്നു പേരിട്ടു. എ.ഡി. 34-ൽ ഇയാൾ മരിച്ചു. ഹെരോദ്യയുടെ മകളായ സലോമിയായിരുന്നു ഭാര്യ. അവർക്കു മക്കളില്ലായിരുന്നു. മരണാനന്തരം അയാളുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ സുറിയാ പ്രവിശ്യയോടു ചേർത്തു. മേല്പറഞ്ഞ നാലുപേരും മഹാനായ ഹെരോദാവിന്റെ രണ്ടാം തലമുറയിലുള്ളവരാണ്. മൂന്നാം തലമുറയിലുള്ളവരാണ് അഗ്രിപ്പാ ഒന്നാമനും രണ്ടാമനും.
മഹാനായ ഹെരോദാവിനു മറിയമ്നെയിൽ ജനിച്ച പുത്രനാണ് ഫീലിപ്പോസ് ഒന്നാമൻ. മാതാവിൽ സംശയാലുവായ പിതാവു പുത്രനു രാജ്യാവകാശം മരണപ്പത്രത്തിൽ നല്കിയിരുന്നില്ല. തന്മൂലം അയാൾ ഒരു സ്വകാര്യ പൗരനായി ജീവിച്ചു. മരുമകളായ ഹെരോദ്യയായിരുന്നു ഭാര്യ. ഇവരുടെ ഏകപുത്രിയാണു യോഹന്നാൻ സ്നാപകന്റെ വധസന്ദർഭത്തിൽ പ്രത്യക്ഷപ്പെട്ട സലോമി. ഒടുവിൽ ഹെരോദ്യയെ തന്റെ അർദ്ധസഹോദരനായ ഹെരോദാ അന്തിപ്പാസ് വിവാഹം കഴിച്ചു. (മത്താ, 14:3; മർക്കൊ, 6:17; ലൂക്കൊ, 3:19).