അദ്ധ്യക്ഷൻ

അദ്ധ്യക്ഷൻ (Bishop)

പ്രാദേശികസഭയിൽ രണ്ടു തരത്തിലുള്ള ശുശൂഷകരുണ്ട്. അദ്ധ്യക്ഷൻ (മൂപ്പൻ അഥവാ ഇടയൻ), ശുശ്രൂഷകൻ (ഡീക്കൻ). സഭയുടെ മേൽവിചാരകത്വം അദ്ധ്യക്ഷന്റെ ചുമതലയാണ്. അദ്ധ്യക്ഷൻ എന്നതിന്റെ ഗ്രീക്കുപദമാണ് എപിസ്ക്കൊപൊസ്. ‘മുപ്പൻ’ ഇംഗ്ലീഷിൽ Elder-ഉം, ഗ്രീക്കിൽ പ്രസ്ബുറ്റെറോസും ആണ്. പ്രസ്ബുറ്റെറോസി’ൽ നിന്നാണ് പ്രസ്ബിറ്റേറിയൻ സഭകൾ. ഇടയൻ ഇംഗ്ലീഷിൽ Pastor ആണ്.

അദ്ധ്യക്ഷൻ, മൂപ്പൻ, ഇടയൻ എന്നീ മൂന്നു പ്രയോഗങ്ങളും ഒരേ ഔദ്യോഗികസ്ഥാനത്തെ സൂചിപ്പിക്കുന്നു. ഈ മൂന്നു പദങ്ങളുടെയും ആശയം പ്രവൃത്തി 20:17-28-ലുണ്ട്. തീത്താസ് 1:5, 7; 1തിമൊഥെയൊസ് 3:1-7; 1പത്രൊസ് 5:1-5 തുടങ്ങിയ ഭാഗങ്ങളെല്ലാം മൂന്നു വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നെങ്കിലും അവ ഒരേ ഔദ്യോഗിക സ്ഥാനമാണെന്നു വ്യക്തമാക്കുന്നു. ഫിലിപ്പ്യർ 1:1-ൽ വിശുദ്ധന്മാരെയും അദ്ധ്യക്ഷന്മാരെയും ശുശ്രൂഷകന്മാരെയും അപ്പൊസ്തലൻ സംബോധന ചെയ്യുന്നു. മൂപ്പന്മാർ എന്നു പ്രത്യേകം ശുശ്രൂഷാസ്ഥാനികൾ അദ്ധ്യക്ഷന്മാരിൽ നിന്നു ഭിന്നരായി ഉണ്ടായിരുന്നെങ്കിൽ അപ്പൊസ്തലൻ നിശ്ചയമായും അവരെ സംബോധന ചെയ്യുമായിരുന്നു. മൂപ്പൻ പ്രായക്കൂടുതലിനെയും, അനുഭവസമ്പന്നതയെയും, അദ്ധ്യക്ഷൻ മൂപ്പന്റെ വേലയെയും ഇടയൻ സഭാപരിപാലനത്തെയും സൂചിപ്പിക്കുന്നു.

അദ്ധ്യക്ഷന്മാരുടെ യോഗ്യതകൾ

പ്രാദേശികസഭയിൽ അദ്ധ്യക്ഷനായി അംഗീകരിക്കപ്പെടേണ്ട വ്യക്തിക്കുണ്ടായിരിക്കേണ്ട യോഗ്യതകൾ 1തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:5-9 എന്നീ ഭാഗങ്ങളിലുണ്ട്. ഈ യോഗ്യതകളെ നാലുഗണങ്ങളായി തിരിക്കാം:

A. വ്യക്തിപരമായ യോഗ്യതകൾ:

a. വിധായകഗുണങ്ങൾ

1. നിരപവാദ്യൻ (1തിമൊ, 3:2, തീത്തൊ, 1:6); 2. നിർമ്മദൻ (1തിമൊ, 3:2, തീത്തൊ, 1:8); 3. ജിതേന്ദ്രിയൻ (1തിമൊ, 3:2, തീത്തൊ, 3:8); 4. സുശീലൻ (1തിമൊ, 3:2); 5. ശാന്തൻ (1തിമൊ, 3:4).

b. നിഷേധങ്ങൾ;

6. മദ്യപ്രിയൻ (1തിമൊ, 3:3, തീത്തൊ, 1;7); 7. തല്ലുകാരൻ (1തിമൊ, 3:3, തീത്തൊ, 1:7); 8. ദ്രവ്യാഗ്രഹി (1തിമൊ, 3:3); 9. കലഹിക്കുന്നവൻ (1തിമൊ, 3:4, തീത്തൊ, 1:7); 10. ദുർല്ലാഭമോഹി (തീത്തൊ, 1:7); 11. തന്നിഷ്ടക്കാരൻ (തീത്തൊ, 1:7).

B. സാമൂഹിക യോഗ്യതകൾ:

12. ഏകഭാര്യയുടെ ഭർത്താവ് (1തിമൊ, 3:2, തീത്തൊ,1:6); 13. സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവൻ (1തിമൊ, 3:4); 14. വിശ്വാസികളായ മക്കളുള്ളവർ (1തിമൊ, 3:4, തീത്തൊ, 1:6); 15. അഥിതിപ്രിയൻ (1തിമൊ, 3:2, തീത്തൊ, 1:8); 16. പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവൻ (1തിമൊ, 3:7).

C. ആത്മീയ യോഗ്യതകൾ:

17. സൽഗുണപൂർണ്ണൻ (തീത്തൊ, 1;8); 18. പക്വതയുള്ളവൻ (1തിമൊ, 3:6); 19. നീതിമാൻ (തീത്തൊ, 1;8); 20. നിർമ്മലൻ (തീത്തൊ, 1:8); 21. വിശ്വാസവചനം മുറുകെപ്പിടിക്കുന്നവൻ (തീത്തൊ, 1:9); 22. ഉപദേശിക്കാൻ സമർത്ഥൻ (1തിമൊ, 3:2, തീത്തൊ, 1:8); 23. വിരോധികൾക്കു പത്ഥ്യോപദേശം ബോധം വരുത്തുവാൻ കഴിയുന്നവൻ (1തിമൊ, 3:2, തീത്തൊ, 1:9).

D. ഇച്ഛാപരമായ യോഗ്യത:

24. മനഃപൂർവ്വമായും, ഉന്മേഷത്തോടെയും ചെയ്യുന്നവൻ (1പത്രൊ, 5:2, 1തിമൊ, 3:1).

ഉന്നതമായ സാന്മാർഗ്ഗികനിലവാരം ഒരദ്ധ്യക്ഷനു നിർബ്ബന്ധമാണ്. ഏകഭാര്യയുടെ ഭർത്താവ് ആയിരിക്കണമെന്നത് അവിവാഹിതനു അദ്ധ്യക്ഷനായിക്കൂടെന്നോ, ഭാര്യയുടെ മരണശേഷം അദ്ധ്യക്ഷനു പുനർവിവാഹം ചെയ്തു കൂടെന്നോ വിവക്ഷിക്കുന്നില്ല. ബഹുഭാര്യാത്വം നിലവിലിരുന്ന കാലമാണതെന്നു ഓർത്തിരിക്കേണ്ടതാണ്. വിവാഹ ബന്ധത്തിൽ വിശ്വസ്തനായും വിശുദ്ധനായും ജീവിക്കുവാൻ അദ്ധ്യക്ഷൻ ബാദ്ധ്യസ്ഥനാണ്. അയാൾ സ്വന്തകുടുംബം നന്നായി ഭരിക്കുകയും മക്കളെ വിശ്വാസത്തിലും പത്ഥ്യോപദേശത്തിലും വളർത്തുകയും ചെയ്യണം. ശുശ്രൂഷകൾ: ഭരണം, പാലനം, പ്രബോധനം എന്നിവ അദ്ധ്യക്ഷന്റെ കർത്തവ്യത്തിൽ പെടുന്നതാണ്. നടത്തുക: നീതിയുടെ വഴികളിലും ഭക്തിമാർഗ്ഗത്തിലും വിശുദ്ധന്മാരെ നടത്തേണ്ടത് തിരുവെഴുത്തുകളിൽ അഭ്യാസം സിദ്ധിച്ചവരും പ്രബോധിപ്പിക്കാൻ സമർത്ഥരും ആയ ആത്മീയ പക്വത പ്രാപിച്ച അദ്ധ്യക്ഷന്മാരാണ്. (എബ്രാ, 13:7, 17, 24). മേയ്ക്കുക: എഫെസൊസിലെ അദ്ധ്യക്ഷന്മാരെ അപ്പൊസ്തലൻ ഉപദേശിക്കുകയാണ്. “നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്ക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷന്മാരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28). മാതൃകയായിരിക്കുക: അദ്ധ്യക്ഷൻ ഉപദേശിക്കുക മാത്രമല്ല, ഉപദേശം അനുസരിച്ചു ആടുകൾക്കു മാതൃകയായിരിക്കുകയും വേണം. ആട്ടിൻകൂട്ടത്തിനു മാതൃകയായിത്തീർന്നുകൊണ്ടു അദ്ധ്യക്ഷത ചെയ്യാനാണ് (1പത്രൊ, 5:3) അപ്പൊസ്തലൻ അദ്ധ്യക്ഷന്മാരെ ഉപദേശിക്കുന്നത്. പരിപാലിക്കുക: “സ്വന്തകുടുംബത്തെ ഭരിക്കാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും.” (1തിമൊ, 3:35). സ്വന്തം കുടുംബത്തെ ഭരിക്കുവാൻ കഴിയുന്നവർക്കു മാത്രമേ ദൈവകുടുംബത്തെ (സഭയെ) പരിപാലിക്കാൻ കഴിയൂ. അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാണ്. (1കൊരി, 4:1). ഗൃഹവിചാരകൻ വിശ്വസ്തനായിരിക്കേണ്ടതാണ്. (1കൊരി, 4:2).

അദ്ധ്യക്ഷന്മാരുടെ എണ്ണം: ഓരോ സഭയിലും ഒന്നിലധികം അദ്ധ്യക്ഷന്മാർ ഉണ്ടായിരുന്നതായി പുതിയനിയമം വ്യക്തമാക്കുന്നു. പൗലൊസും ബർന്നബാസും ‘സഭതോറും അദ്ധ്യക്ഷന്മാരെ നിയമിച്ചു.’ (പ്രവൃ, 14:23). എഫെസൊസിൽനിന്നു സഭയിലെ അദ്ധ്യക്ഷന്മാരെയാണ് വരുത്തിയത്. (പ്രവൃ, 20:17). ഫിലിപ്പിയിലെ അദ്ധ്യക്ഷന്മാർക്കാണ് പൗലൊസ് എഴുതിയത്. (ഫിലി, 1:1). സഭയിലെ അദ്ധ്യക്ഷന്മാരെ വരുത്താനാണ് യാക്കോബ് അപ്പൊസ്തലൻ ഉപദേശിച്ചത്. (5:14). ഒന്നിലധികം മൂപ്പന്മാർ ഉണ്ടെങ്കിലും എല്ലാവരും തുല്യരായിരിക്കണമെന്നില്ല.

അദ്ധ്യക്ഷന്മാരുടെ നിയമനം: അദ്ധ്യക്ഷന്മാരെ നിയമിക്കുനതിനെക്കുറിച്ചു വ്യക്തമായ നിർദ്ദേശം പുതിയനിയമത്തിലില്ല. ആദിമസഭയിലെ നടപടിയനുസരിച്ചു സഭ മുഴുവനായി മൂപ്പന്മാരെ നിയമിച്ചിരുന്നു എന്നു കരുതുകയാണ് യുക്തം. ശുശ്രൂഷയ്ക്കുവേണ്ടി ഏഴുപേരെ നിയമിച്ച (പ്രവൃ, 6:1-6) വിധം നോക്കുമ്പോൾ അപ്രകാരമൊരു ധാരണയ്ക്കാണ് സാദ്ധ്യത കൂടുതൽ. “ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽതന്നെ തിരഞ്ഞുകൊൾവിൻ എന്നു അപ്പൊസ്തലന്മാർ സഹോദരന്മാരോടു പറഞ്ഞു. അവർ ഏഴുപേരെ തിരഞ്ഞെടുത്തു അപ്പൊസ്തലന്മാരുടെ മുമ്പാകെ നിർത്തി. (അപ്പൊ, 6:3, 6). അപ്പൊസ്തലന്മാർ പ്രാർത്ഥിച്ചു അവരുടെ മേൽ കൈവച്ചു അവരെ നിയമിച്ചു. ഒന്നാം മിഷ്ണറി യാത്രയിൽ പൗലൊസും ബർന്നബാസും സഭകൾക്കു അദ്ധ്യക്ഷന്മാരെ നിയമിച്ചതു ഇതേ വിധത്തിലായിരിക്കണം. (പ്രവൃ, 14:23). സഭയാണ് അദ്ധ്യക്ഷന്മാരെ നിയമിക്കുന്നത്.

സഭയ്ക്കുള്ള പ്രതികരണം: “സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു.” (1തെസ്സ, 5:12,13). സഭ അദ്ധ്യക്ഷന്മാരെ അറിയണം; അവരുടെ ശുശ്രൂഷയെ ആദരിക്കണം; അവരെ സ്നേഹത്തോടെ വിചാരിക്കണം; അവരെ അനുസരിച്ചു കീഴടങ്ങി ഇരിക്കണം. (എബ്രാ, 13:17). അദ്ധ്യക്ഷന്മാരെ വിമർശിക്കയോ അവമതിക്കയോ ചെയ്യാൻ പാടില്ല. രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരദ്ധ്യക്ഷന്റെ നേരെ അന്യായം എടുക്കരുത്. (1തിമൊ, 5:19). അവർ ഇരട്ടിമാനത്തിനു യോഗ്യരാണ്. (1തിമൊ, 5:17).

അദ്ധ്യക്ഷന്മാർക്കുള്ള പ്രതിഫലം: ആട്ടിൻകൂട്ടത്തിനു മാതൃകകളായി തീർന്നുകൊണ്ടു അദ്ധ്യക്ഷത ചെയ്വാൻ ഉപദേശിച്ചശേഷം പൗലൊസ് അപ്പൊസ്തലൻ മൂപ്പന്മാർക്കുള്ള പ്രതിഫലം രേഖപ്പെടുത്തുന്നു. “എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.” (1പത്രൊ, 5:4). സഭയെ മേയ്ക്കുന്നതു പ്രയാസമേറിയതും ശ്രമകരവും ആയ ശുശ്രൂഷയാണ്. പരിഹാസവും, നിന്ദയും വിമർശനവും, സഹിക്കേണ്ടി വരും. എന്നാൽ ഇതെല്ലാം ഇടയശ്രേഷ്ഠൻ കാണുന്നുണ്ട്.

അടിസ്ഥാനം

അടിസ്ഥാനം (foundation)

ആധാരം, അസ്തിവാരം എന്നും പറയും. എന്തിനും ഒരടിസ്ഥാനം വേണം. ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനിൽക്കുന്നു: (2തിമൊ, 2:19). ഭൂമിയുടെ അടിസ്ഥാനത്തെക്കുറിച്ച് അനേകം പ്രസ്താവനകൾ ബൈബിളിലുണ്ട്: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.” (ഇയ്യോ, 38:4. ഒ.നോ: ഇയ്യോ, 38;7; സങ്കീ, 82:5; 102:25; സദൃ, 8:29; യെശ, 24:18; 48:13; 51:16; യിരെ, 31:37; സെഖ, 12:1; എബ്രാ, 1:10). നീതിമാൻ ശാശ്വതമായ അടിസ്ഥാനം ഉള്ളവനാണ്: (സദൃ, 10:25). ബുദ്ധിമാൻ പാറമേൽ അടിസ്ഥാനമിട്ടു വീടുപണിയുന്നു: (മത്താ, 7:25; ലൂക്കൊ, 6:48). ഗോപുരം തീർക്കുവാൻ നിശ്ചയിക്കുന്ന വ്യക്തി അതിന്റെ ചെലവു തിട്ടപ്പെടുത്തണം. അല്ലെങ്കിൽ അടിസ്ഥാനമിട്ടശേഷം പണിപൂർത്തിയാക്കുവാൻ കഴിയാതെവരും: (ലൂക്കൊ, 14:29). ചെത്തിയ കല്ലു കൊണ്ടാണു യെരുശലേം ദൈവാലയത്തിനു അടിസ്ഥാനമിട്ടത്: (1രാജാ, 5:17). സഭയുടെ അടിസ്ഥാനം ക്രിസ്തുവാണ്: (1കൊരി, 3:11). അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിൽ സഭയെ പണിതിരിക്കുന്നു: (എഫെ, 2:20). സത്യത്തിന്റെ തൂണും അടിസ്ഥാനവും എന്നാണ് സഭയെക്കുറിച്ച് പൗലൊസ് അപ്പൊസ്തലൻ പറയുന്നത്: (1 തിമൊ . 3:13). വാഗ്ദത്തത്തിനു കൂട്ടവകാശികളായി യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ അബ്രാഹാം കുടാരങ്ങളിൽ പാർത്തുകൊണ്ട് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതും ആയ നഗരത്തിനുവേണ്ടി കാത്തിരുന്നു: (എബ്രാ, 11:9,10). യെരൂശലേം എന്ന വിശുദ്ധനഗരത്തിന്റെ മതിലിന് പന്ത്രണ്ടടിസ്ഥാനമുണ്ട്: (വെളി, 21:14).

അടിപ്പിണർ

അടിപ്പിണർ (stripe)

അടി ഏല്ക്കുമ്പോഴുണ്ടാകുന്ന മുറിവ്: (യെശ, 30:26; 53:5; 1പത്രൊ, 2:24). പ്രാചീനകാലത്ത ദണ്ഡനമുറകളിൽ ഒന്നായിരുന്നു അടി. ന്യായപ്രമാണം അനുസരിച്ചു ചില കുറ്റങ്ങൾക്കു ശിക്ഷയായി അടി നല്കാം: “കുറ്റക്കാരൻ അടിക്കു യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കേണം. നാല്പതു അടി അടിപ്പിക്കാം; അതിൽ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിനു നിന്ദിതൻ ആയീത്തീർന്നേക്കാം.” (ആവ, 25:2,3). ഒരു ന്യായാധിപനു വിധിക്കാവുന്ന പരമാവധി അടി നാല്പതാണ്. മൂന്നു തോൽവാറുകൾ കെട്ടിയ ചമ്മട്ടിയാണ് അടിക്കുവാൻ ഉപയോഗിച്ചിരുന്നത്. പതിമൂന്നു പ്രാവശ്യം അടിക്കുമ്പോൾ മുപ്പത്തോമ്പത് അടിയാകും. ഒന്നു കുറയ നാല്പതു അടി (39) അഞ്ചുവട്ടം കൊണ്ടു എന്നു പൗലൊസ് പറയുന്നതു ശ്രദ്ധിക്കുക: (2കൊരി, 11:24). റോമിലെ ചമ്മട്ടികളിൽ ലോഹക്കഷണങ്ങളും കൂർത്ത എല്ലുകളും പിടിപ്പിച്ചിരുന്നു.

അഗ്നിസ്നാനം

അഗ്നിസ്നാനം (baptism of fire)

ക്രിസ്തുവിന്റെ രണ്ടാം വരവിലെ ന്യായവിധിയോടു ബന്ധപ്പെട്ടതാണ് അഗ്നിസ്നാനം. (മത്താ, 3:9-12; ലൂക്കൊ, 3:16,17). സന്ദർഭം അതു വ്യക്തമാക്കുന്നു. കോതമ്പു കളപ്പുരയിൽ കൂട്ടിവയ്ക്കുകയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളയുകയും ചെയ്യും. (മത്താ, 3:12). കോതമ്പിന്റെയും കളയുടെയും ഉപമയും (മത്താ, 13:24-30) ഈ സത്യം തന്നെയാണ് വെളിപ്പെടുത്തുന്നത്. സഭായുഗത്തിന്റെ ആരംഭം ആത്മസ്നാനത്തിലും (പ്രവൃ, 1:5; 11:16) രാജ്യയുഗത്തിന്റെ ആരംഭം അഗ്നിസ്നാനത്തിലും ആണ്. ക്രിസ്തുവിന്റെ ഒന്നും രണ്ടും വരവുകളെ സമാന്തരമായി യോഹന്നാൻ സ്നാപകൻ പ്രസ്താവിക്കുന്നതിൽ സംശയിക്കേണ്ട ആവശ്യമില്ല. പഴയനിയമ പ്രവാചകന്മാർ പലപ്പോഴും അപ്രകാരമാണ് ചെയ്തിരുന്നത്. (യെശ, 61;1,2; ലൂക്കൊ, 4:16-21).

അഗ്നിസർപ്പം

അഗ്നിസർപ്പം (fiery serpent)

യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. അഗ്നിസർപ്പത്തിന്റെ കടിയേൽക്കുന്ന ഭാഗത്തു തീവ്രമായ വേദനയും ചൂടും അനുഭവപ്പെട്ടു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). യെശയ്യാ പ്രവാചകൻ പറക്കുന്ന അഗ്നിസർപ്പങ്ങളെക്കുറിച്ചു (യെശ, 30:6) പ്രസ്താവിക്കുന്നുണ്ട്. സർപ്പങ്ങളുടെ ദ്രുതഗമനമാകണം പ്രസ്തുത പേരിനടിസ്ഥാനം. (സംഖ്യാ, 21:6-8; ആവ, 8:15; യെശ, 14:9; 30:6).

അഗ്നിമേഘസ്തംഭം

അഗ്നിമേഘസ്തംഭം (pillar of cloud and fire)

ദൈവം യിസ്രായേൽ ജനത്തെ മരുഭൂമിയിലൂടെ നയിച്ചത് അഗ്നിമേഘസ്തംഭത്താലാണ്. ചെങ്കടലിന്നരികെയുള്ള മരുഭൂമിയിൽ കൂടി ദൈവം ജനത്തെ ചുറ്റിനടത്തി. (പുറ, 13:18). തുടർന്ന്, “അവർ പകലും രാവും യാത്രചെയ്വാൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിനു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽ നിന്നു മാറിയതുമില്ല.” (പുറ, 13:21,22). മരുഭൂമിയിലൂടെ പകലും രാത്രിയും ജനത്തിനു യാത്ര ചെയ്യുവാൻ വേണ്ടിയായിരുന്നു ഈ ദൈവിക കരുതൽ. അഗ്നിയുടെയും മേഘത്തിന്റെയും ഒരേ ഒരു സ്തംഭം (തൂൺ) മാത്രമേ ഉണ്ടായിരുന്നുള്ളു. (പുറ 14:24). രാത്രിയിൽ പ്രകാശിക്കുമ്പോൾ അതിനെ മേഘസ്തംഭമെന്നും (പുറ, 14:19), മേഘം എന്നും (സംഖ്യാ, 9:21) വിളിച്ചു. അതു അഗ്നിയാൽ ആവരണം ചെയ്യപ്പെട്ട മേഘം ആയിരുന്നു. പകൽ സൂര്യപ്രകാശത്തിൽ വെറും മേഘമായി കാണപ്പെട്ടു; എന്നാൽ രാത്രി അഗ്നിപ്രഭയായും. മിസ്രയീമ്യസൈന്യം യിസ്രായേല്യരുടെ അടുത്തുവന്നപ്പോൾ യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവരുടെ പിന്നാലെ നടന്നു; ഒപ്പം മേഘസ്തംഭവും. രാത്രിയിൽ മിസ്രയീമ്യസൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാതവണ്ണം മേഘസ്തംഭം അവരുടെ മദ്ധ്യേ വന്നു. മിസ്രയീമ്യർക്കു അതു മേഘവും അന്ധകാരവും ആയിരുന്നു. എന്നാൽ യിസ്രായേല്യർക്കു രാത്രിയെ പ്രകാശമാക്കികൊടുത്തു. സമാഗമനകൂടാരത്തിനകത്തു കടന്നു മോശെ ദൈവത്തോടു സംസാരിക്കുമ്പോൾ മേഘസ്തംഭം കൂടാരവാതിൽക്കൽ നിൽക്കും. (പുറ, 33:7-11). യഹോവ ന്യായവിധിക്കായി ഇറങ്ങിവന്നതും മേഘത്തിലാണ്. (സംഖ്യാ, 12:5; 14:13-35). മോശെയുടെ മരണകാലമടുത്തപ്പോൾ പിന്തുടർച്ചയ്ക്കായി യോശുവയ്ക്ക് കല്പന കൊടുക്കുവാൻ ദൈവം സമാഗമനകൂടാരത്തിൽ വച്ച് മോശെക്കും യോശുവയ്ക്കും മേഘസ്തംഭത്തിൽ പ്രത്യക്ഷനായി. (ആവ, 31:14-21). യഹോവ മേഘസ്തംഭത്തിൽനിന്നു ജനത്തോടു സംസാരിച്ചതായി സങ്കീർത്തനം 99:7-ൽ പ്രസ്താവിക്കുന്നു. മടങ്ങിവന്ന പ്രവാസികളുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥിക്കുമ്പോൾ ദൈവം യിസ്രായേൽജനത്തെ മേഘസ്തംഭം കൊണ്ടും അഗ്നിസ്തംഭം കൊണ്ടും വഴിനടത്തിയ ചരിത്രം എസ്രാ അനുസ്മരിപ്പിച്ചു. (നെഹ, 9:12-19). പിതാക്കന്മാരെല്ലാവരും മേഘത്തിൻ കീഴിലായിരുവെന്നും മേഘത്തിൽ സ്നാനം ഏറ്റു മോശെയോടു ചേർന്നു എന്നും അപ്പൊസ്തലനായ പൗലൊസ് രേഖപ്പെടുത്തി. (1കൊരി, 10:1,2). പ്രകൃതിസഹജമായ ഒരു വിശദീകരണവും നല്കാൻ കഴിയാത്ത വിധമുള്ള ദൈവികപ്രത്യക്ഷത ആയിരുന്നു ഈ അഗ്നിമേഘസ്തംഭം.