ബേഥാന്യ

ബേഥാന്യ (Bethany)

ബേഥാന്യയിൽ ലാസറിൻ്റെ കല്ലറ

പേരിനർത്ഥം — അത്തിക്കായ്ക്കളുടെ വീട്

ബേഥാന്യ: യോർദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്ഥലം. (യോഹ, 1:28). മൂന്നാം നൂറ്റാണ്ടിൽ ഓറിജൻ ബേഥാന്യയുടെ സ്ഥാനത്ത് ബേത്ത്-അബാര (Beth-abara) എന്നു ചേർത്തു. എന്നാൽ വിശ്വാസ്യമായ കൈയെഴുത്തു പ്രതികളിലെല്ലാം ബേഥാന്യ എന്നാണു കാണുന്നത്. സ്ഥാനം നിശ്ചയമില്ല. 

ബേഥാന്യ: മറിയ, മാർത്ത, ലാസർ എന്നിവർ പാർത്തിരുന്ന ഗ്രാമം. യെരുശലേമിനു 3 കി.മീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. (യോഹ, 11:18). ഒലിവു മലയുടെ കിഴക്കെ ചരിവിലാണ് ബേഥാന്യ. യേശു ലാസറിനെ ഉയിർപ്പിച്ചതും (യോഹ, 11:1, 38-44), ശിമോന്റെ വീട്ടിൽ വിരുന്നിനു സംബന്ധിച്ചതും (മത്താ, 26; മർക്കൊ, 14:3-9) ബേഥാന്യയിൽ തന്നേ. ഈ പട്ടണത്തിന്റെ പ്രദേശത്തു വച്ചാണ് യേശുവിന്റെ സ്വർഗ്ഗാരോഹണം നടന്നത്. (ലുക്കൊ, 24:50,51). ഇന്നു എൽ-അസറിയേ (El-Azariyeh ) എന്നറിയപ്പെടുന്നു. ലാസറിന്റേതു എന്നു കരുതപ്പെടുന്ന കല്ലറയും, കുഷ്ഠരോഗിയായ ശിമോന്റേതെന്നു കരുതപ്പെടുന്ന വീടും ഇവിടെ ഉണ്ട്.

ബേത്ത്സയിദ

ബേത്ത്സയിദ (Bethsaida)

പേരിനർത്ഥം — ധീവരഗൃഹം

തിബെര്യാസ് കടലിന്റെ (ഗലീലക്കടൽ) പടിഞ്ഞാറെ തീരത്തു ഗെന്നേസരത്ത് പ്രദേശത്തുള്ള ഒരു ഗ്രാമം. (യോഹ, 1:44; 12:21). അഞ്ചപ്പവും രണ്ടുമീനും കൊണ്ടു അയ്യായിരം പേരെ അത്ഭുതകരമായി പോഷിപ്പിച്ചശേഷം യേശു തന്റെ ശിഷ്യന്മാരോടു പടകിൽ കയറി ബേത്ത്സയിദയ്ക്കു പോകുവാൻ പറഞ്ഞു. (മർക്കൊ, 6:45-53). യോഹന്നാൻ സുവിശേഷത്തിൽ (6:17) അവർ പടകു കയറി കഫർന്നഹൂമിലേക്കു യാത്രയായി എന്നു കാണുന്നു. ഇതിൽനിന്നു കഫർന്നഹൂമിനടുത്തു ഉള്ള ഗ്രാമമാണു ബേത്ത്സയിദ എന്നു മനസ്സിലാക്കാം. ഈ ഗ്രാമത്തിലെ പ്രധാന തൊഴിൽ മീൻപിടിത്തമാണ്. പത്രൊസും അന്ത്രെയാസും ഫിലിപ്പോസും ബേത്ത്സയിദയിലുള്ളവരാണ്. (യോഹ, 1:44; 12:21). ഇവരുടെ വീട് കഫർന്നഹൂമിലെ പള്ളിയുടെ അടുത്തായിരുന്നു. (മർക്കൊ, 1:29). മാനസാന്തരപ്പെടാത്തതിനു കോരസീൻ, കഫർന്നഹൂം എന്നീ പട്ടണങ്ങളോടൊപ്പം യേശു ബേത്ത്സയിദയെയും ഭർത്സിച്ചു. (മത്താ, 11:20-23; ലൂക്കൊ, 10:13-15). 

തിബെര്യാസ് കടലിന്റെ കിഴക്കുള്ള ഒരു ഗ്രാമത്തിനും ബേത്ത്സയിദ എന്നു പേരുണ്ട്. ഇവിടെ വച്ചു യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ടു അയ്യായിരം പേരെ പോഷിപ്പിച്ചു. (ലൂക്കൊ, 9:10). ബേത്ത്സയിദയിലെ കുരുടനു യേശു കാഴ്ച നല്കി. (മർക്കൊ, 8:22-26). ഇതു തടാകത്തിന്റെ കിഴക്കു വശത്താണ്. തടാകത്തിന്റെ പടിഞ്ഞാറു വശത്തുള്ള ദല്മനൂഥയിൽ നിന്നും യേശു വന്നതേയുള്ളൂ. (മത്താ, 15:39; മർക്കൊ, 8:10-13). ഇടപ്രഭുവായ ഫിലിപ്പോസ് ഈ ബേത്ത്സയിദയെ പുതുക്കിപ്പണിതു, അതിനു ഔഗുസ്തൊസ് കൈസറുടെ പുത്രിയായ ജൂലിയയുടെ ബഹുമാനാർത്ഥം ജൂലിയാ എന്നു പേരിട്ടു. ഇതു യോർദ്ദാനു കിഴക്കാണെന്നു പ്ലിനിയും ജെറോമും പറയുന്നുണ്ട്. ഇന്നത്തെ പേര് ജൗലാൻ (Jaulan) ആണ്. ചിലരുടെ അഭിപ്രായത്തിൽ യോർദ്ദാനു കിഴക്കുള്ള എത്-തേൽ (et-Tell) ആണിത്. 

സുവിശേഷങ്ങളിൽ നിന്നു ബേത്ത്സയിദയെക്കുറിച്ചു ലഭിക്കുന്ന വിവരങ്ങൾ മേല്പറഞ്ഞവയാണ്. യോർദ്ദാൻ നദിക്കു കിഴക്കും പടിഞ്ഞാറും ബേത്തയിദയുണ്ട്. യേശു അയ്യായിരം പേരെ സംതൃപ്തരാക്കിയ ബേത്ത്സയിദ യോർദ്ദാൻ നദിക്കു കിഴക്കാണ്. ഈ സംഭവത്തിനു ശേഷം ശിഷ്യന്മാരെ അക്കരെ ബേത്ത്സയിദയ്ക്ക് പോകാൻ യേശു നിർബന്ധിച്ചു. (മർക്കൊ, 6:45). ഇതിൽനിന്നും നദിക്കു പടിഞ്ഞാറുള്ള ഭാഗത്തിനു ബേത്ത്സയിദ എന്നു പേരുണ്ടായിരുന്നതായി തെളിയുന്നു. ഫിലിപ്പൊസിനെ ‘ഗലീലയിലെ ബേത്ത്സയിദക്കാരൻ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഗലീല ജില്ല യോർദ്ദാന്റെ കിഴക്കു ഭാഗത്തേക്കു വ്യാപിച്ചിരുന്നതായി കാണുന്നില്ല. യോർദ്ദാൻ നദി ഗലീലക്കടലിൽ പ്രവേശിക്കുന്ന സ്ഥലത്ത് അക്കരെയും ഇക്കരെയും ആയി ബേത്ത്സയിദ കിടന്നിരുന്നു എന്നു കരുതുന്നതിൽ അപാകതയില്ല.

ബേത്ത്-ശേമെശ്

ബേത്ത്-ശേമെശ് (Beth-shemesh)

 പേരിനർത്ഥം — സൂര്യഗൃഹം

ഫെലിസ്ത്യരുടെ അതിരിനടുത്തു ദാൻഗോത്രത്തിൽ യെഹൂദയുടെ വടക്കെ അതിരിലുള്ള പട്ടണം. കെസാലോനിനും തിമ്നയ്ക്കും ഇടയ്ക്കാണ് ഈ പട്ടണം. (യോശു, 15:10; 1ശമൂ, 6:12). യോശുവ 19:41-ൽ സുര്യനഗരം എന്ന അർത്ഥത്തിൽ ഈർ-ശെമെശ് എന്നു വിളിക്കുന്നു. ലേവ്യർക്കു യെഹൂദാ നല്കിയ പുരോഹിത നഗരമാണിത്. (യോശു, 21:16; 1ദിന, 6:59). ഇവിടെ ഗോതമ്പു വയലുകൾ ഉണ്ട്. (1ശമൂ, 6:13). ആധുനിക അയിൻ ഷെംസിന് (Ain Shems) അടുത്തുള്ള തേൽ എർ-റുമെല്ലെ (Tell er Rumelleh) ആണ് സ്ഥാനം. യെരുശലേമിനു 26 കി.മീറ്റർ പടിഞ്ഞാറു സ്ഥിതിചെയ്യുന്നു. 

ദൈവത്തിന്റെ പെട്ടകം പിടിച്ചെടുത്തതു കൊണ്ടു ഫെലിസ്ത്യർ ബാധയാൽ പീഡിപ്പിക്കപ്പെട്ടു. ഏതു വിധത്തിലും പെട്ടകത്തെ അവിടെ നിന്നൊഴിപ്പിക്കണമെന്നു കരുതി, അവർ പെട്ടകത്തെ ഒരു വണ്ടിയിലാക്കി, വണ്ടിയെ രണ്ടു കറവുള്ള പശുക്കളെക്കൊണ്ടു വലിപ്പിച്ചു. പശുക്കളുടെ കിടാങ്ങളെ വീട്ടിൽ കെട്ടി. (1ശമൂ, 6:7-10). പശുക്കൾ തീർച്ചയായും കിടാങ്ങളുടെ അടുക്കലേക്കു മടങ്ങിവരും. അല്ലെന്നു വരികിൽ ദൈവത്തിന്റെ നിയന്ത്രണത്തിലായിരിക്കും പശുക്കൾ കിടാങ്ങളെ ഉപേക്ഷിച്ചു പോവുക. എങ്കിൽ ഫെലിസ്ത്യരുടെ കഷ്ടതയ്ക്കു കാരണം യിസ്രായേലിന്റെ ദൈവം തന്നെയാണ്. പശുക്കൾ എക്രോൻ വിട്ടു 11 കി.മീറ്റർ അകലെയുള്ള ബേത്ത്-ശെമെശിലേക്കു യാത്രയായി. വണ്ടി ബേത്ത്-ശെമെശ്യനായ യോശുവയുടെ വയലിൽ വന്നു നിന്നു. (1ശമൂ, 6:14). അവിടെ എത്തുന്നതുവരെ പശുക്കൾ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽ കൂടിയാണ് പോയത്.. ബേത്ത്-ശെമെശ്യർ പെട്ടകത്തെ സന്തോഷത്തോടെ സ്വീകരിച്ചു യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു. ഇവിടെയും യഹോവയുടെ പെട്ടകത്തോടു അനാദരവു കാട്ടിയതു കൊണ്ടു അനേകം പേർ മരിച്ചു. 50,070 പേർ പെട്ടകത്തിൽ നോക്കുകകൊണ്ടു സംഹരിക്കപ്പെട്ടു എന്നു 1ശമൂവേൽ 6:19-ൽ കാണുന്നു. എഴുപതു പേരായിരിക്കണം മരിച്ചത്. അനന്തരകാല പാഠങ്ങളിൽ സംഭവിച്ച പിഴവാണ് 50,070 എന്ന വലിയ സംഖ്യയ്ക്കു കാരണം.

രാജഗൃഹത്തിനു ഭോജനപദാർത്ഥങ്ങൾ എത്തിച്ചു കൊടുക്കുന്നതിനു ശലോമോൻ തിരിച്ച പന്ത്രണ്ടു ജില്ലകളിലൊന്നിലെ പട്ടണമായിരുന്നു ബേത്ത്-ശെമെശ്. (1രാജാ, 4:29). ബേത്ത്-ശെമെശിൽ വച്ചു യിസ്രായേൽ രാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിനെ തോല്പിച്ചു ബദ്ധനാക്കി. (2രാജാ, 14:11-13; 2ദിന, 25:21-23). ആഹാസിന്റെ വാഴ്ചക്കാലത്ത് ഫെലിസ്ത്യർ ബേത്ത്-ശെമെശും മറ്റു ചില പട്ടണങ്ങളും പിടിച്ചടക്കി. (2ദിന, 28:18,19). അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ തൃതീയൻ ആഹാസിന്റെ സഹായത്തിനെത്തി ഫെലിസ്ത്യരെ പ്രസ്തുത പട്ടണങ്ങളിൽ നിന്നോടിച്ചു. ബാബേൽ ചക്രവർത്തിയായ നെബൂഖദ്നേസർ (ബി.സി. 607) ബേത്ത്-ശേമെശിനെ നശിപ്പിച്ചു.

ബേത്ത്ലേഹെം

ബേത്ത്ലേഹെം (Bethlehem)

ആധുനിക ബേത്ത്ലേഹെം

പേരിനർത്ഥം — അപ്പത്തിന്റെ ഭവനം

യെരൂശലേമിനു 8 കി.മീറ്റർ തെക്കു പടിഞ്ഞാറായി കിടക്കുന്ന പട്ടണം. ഈജിപ്റ്റിലേക്കും ഹെബ്രാനിലേക്കും ഉള്ള പ്രധാന പാതയിൽ യെഹൂദാ മലമ്പ്രദേശത്തു സമുദ്രനിരപ്പിൽ നിന്നും 777 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. യെരൂശലേമിനെക്കാളും ഉയരെയാണ് ബേത്ത്ലേഹെമിന്റെ സ്ഥാനം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമാണെങ്കിലും ഒലിവു, മുന്തിരി, പയറുവർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യുന്നു. (രൂത്ത്, 1:22). ബേത്ത്ലേഹെമിനെ കുറിച്ചുള്ള ആദ്യത്തെ ചരിത്രരേഖ ലഭിക്കുന്നത് അമർണാ എഴുത്തുകളിൽ നിന്നാണ്. (നോക്കുക: അമർണാ ലിഖിതങ്ങൾ) ബേത്ത്ലേഹെമിന്റെ ആദ്യപേര് എഫ്രാത്ത എന്നായിരിക്കണം. റാഹേലിനെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു. (ഉല്പ, 35:19; 48:7). യിസ്രായേൽമക്കൾ കനാൻ കീഴടക്കിയ ശേഷം സെബുലൂനിലെ ബേത്ത്ലേഹെമിൽ നിന്നും തിരിച്ചറിയുവാൻ വേണ്ടി ഇതിനെ യെഹൂദയിലെ ബേത്ത്ലേഹെം എന്നു വിളിച്ചു. (രൂത്ത്, 1:1).

മീഖാവിന്റെയും തുടർന്നു ദാന്യരുടെയും പുരോഹിതനായിത്തീർന്ന ലേവ്യൻ യെഹൂദയിലെ ബേത്ത്ലേഹെമ്യൻ ആയിരുന്നു. (ന്യായാ, 17:7). യിസ്രായേലിനും ബെന്യാമീൻ ഗോത്രത്തിനും തമ്മിൽ വലിയ യുദ്ധത്തിനു കാരണമായിയിത്തീർന്നതു ഒരു ലേവ്യന്റെ വെപ്പാട്ടിയുടെ മരണമായിരുന്നു. ലേവ്യൻ ഈ വെപ്പാട്ടിയെ പരിഗ്രഹിച്ചതു യെഹൂദയിലെ ബേത്ത്ലേഹെമിൽ നിന്നായിരുന്നു. (ന്യായാ, 19:1). രുത്തിന്റെ പുസ്തകത്തിലെ അധിക സംഭവങ്ങളുടെയും പശ്ചാത്തലം ബേത്ത്ലേഹെം ആണ്. (രൂത്ത്, 1:1,2, 19, 22; 4:11). 

പഴയനിയമത്തിൽ ബേത്ത്ലേഹെം പ്രാധാന്യമർഹിക്കുന്നതു അതിനു ദാവീദിനോടുണ്ടായിരുന്ന ബന്ധം കൊണ്ടാണ്. ദാവീദ് ബേത്ത്ലേഹെമ്യനാണ്. (1ശമൂ, 17:12, 15; 20:6, 28). ശമുവേൽ പ്രവാചകൻ ബേത്ത്ലേഹെമിൽ വച്ചു ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു. (1ശമൂ, 16:1-13). ബേത്ത്ലേഹെം ദാവീദിൻ പട്ടണം എന്നറിയപ്പെട്ടു. (ലൂക്കൊ, 2:5, 15). ഫെലിസ്ത്യർക്കു ബേത്ത്ലേഹെമിൽ കാവൽപട്ടാളം ഉണ്ടായിരുന്നു. (2ശമൂ, 23:14-16; 1ദിന, 11:16-18). ദാവീദിന്റെ വീരന്മാരിലൊരാളായ എൽഹാനാൻ ബേത്ത്ലേഹെമ്യനായ ദോദാവിന്റെ മകൻ ആയിരുന്നു. (2ശമൂ, 23:24; 1ദിന, 11:26). അസാഹേലിനെ അടക്കം ചെയ്തതു ബേത്ത്ലേഹെമിൽ അത്രേ. (2ശമൂ, 2:32). രെഹബെയാം ബേത്ത്ലേഹെമിനെ പണിതുറപ്പിച്ചു. (2ദിന, 11:6). ഗെദല്യാവിന്റെ വധത്തിനു ശേഷം ഒളിച്ചോടിയ യിസ്രായേല്യർ മിസ്രയീമിലേക്കുള്ള പ്രയാണത്തിൽ ബേത്ത്ലേഹെമിനു സമീപത്തുള്ള ഗേരൂത്ത് കിംഹാമിൽ ചെന്നു താമസിച്ചു. (യിരെ, 41:17). ബേത്ത്ലേഹെമിലെ പ്രധാന പൗരന്മാരെല്ലാം പ്രവാസത്തിൽ പോയി. എസ്രായും (2:21), നെഹെമ്യാവും (7:26) പ്രവാസത്തിൽ നിന്നു മടങ്ങിവന്ന നൂറിലധികം ബേത്ത്ലേഹെമ്യരുടെ പേരുകൾ നല്കുന്നു.

മശീഹയുടെ ജന്മസ്ഥലം ബേത്ത്ലേഹെം ആയിരിക്കുമെന്നു മീഖാ പ്രവചിച്ചു. യേശുവിന്റെ ജനനത്തോടു കൂടി യെഹുദാ സഹസ്രങ്ങളിൽ ചെറുതായിരുന്ന ബേത്ത്ലേഹേം കീർത്തിയുടെ പരമകോടിയിൽ എത്തി. (മീഖാ, 5:2). യെഹൂദന്മാരുടെ രാജാവിനെ കൊല്ലാനുള്ള ശ്രമത്തിൽ ഹെരോദാരാജാവ് ബേത്ത്ലേഹെമിലെ രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ കൊല്ലിച്ചു. (മത്താ, 2:16). ഈ ഗ്രാമത്തിനടുത്തുള്ള ഗുഹയിലാണ് യേശു ജനിച്ചതെന്നു ജസ്റ്റിൻ മാർട്ടിയർ പറയുന്നു. പശുത്തൊട്ടിയുടെ സ്ഥാനത്ത് കാൺസ്റ്റന്റയിൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ അമ്മ ഹെലീനയും (Helena) കൂടി ഒരു പള്ളി സ്ഥാപിച്ചു (എ.ഡി. 330). ഈ മന്ദിരം നശിച്ചപ്പോൾ ജസ്റ്റീനിയൻ ഒന്നാമൻ (എ.ഡി. 527-565) ഒരു പുതിയ പള്ളി സ്ഥാപിച്ചു. പതിനായിരത്തിനു താഴെ നിവാസികളുള്ള ഒരു ഗ്രാമം മാത്രമാണ് ആധുനിക ബേത്ത്ലേഹം.

സെബുലൂനിലെ ഒരു പട്ടണത്തിൻ്റെ പേരും ബേത്ത്ലേഹെം എന്നാണ്. (യോശു, 19:15). പത്തോമത്തെ ന്യായാധിപനായിരുന്ന ഇബ്സാൻ ജനിച്ചതും മരിച്ചശേഷം അടക്കപ്പെട്ടതും ഇവിടെയാണ്. (ന്യായാ, 12:8, 10). നസറേത്തിനു 11 കി.മീറ്റർ പടിഞ്ഞാറു-വടക്കു പടിഞ്ഞാറുള്ള ബയ്ത്ത് ലഹ്മ ആണെന്നു കരുതപ്പെടുന്നു.

ബേത്ത്-ഫാഗ

ബേത്ത്-ഫാഗ (Bethphage)

പേരിനർത്ഥം – അത്തിക്കായ്ക്കളുടെ ഭവനം

പാകമായാലും അതിന്റെ ലക്ഷണം വ്യക്തമാക്കാത്ത അത്തിപ്പഴങ്ങളിൽ നിന്നാണീ പേർ വന്നത്. യെരൂശലേമിനും ബേഥാന്യയ്ക്കും സമീപത്തുള്ള ഗ്രാമം. യേശുവിന്റെ യെരൂശലേമിലേക്കുള്ള ജൈത്രയാത്രയുമായുള്ള ബന്ധത്തിലാണ് ബേത്ത്-ഫാഗ പറയപ്പെട്ടിരിക്കണത്. (മർക്കൊ, 11:1; മത്താ, 21:1; ലൂക്കൊ, 19:29). ഒലിവുമലയുടെ തെക്കു കിഴക്കെ ചരിവിൽ കിടക്കുന്ന മുസ്ലീം ഗ്രാമമായ അബുദിസ് (Abu Dis) ആയിരിക്കണം സ്ഥാനം.

ബെരോവ

ബെരോവ (Berea or Beroea)

മക്കദോന്യയിലെ ഒരു പട്ടണം. തെസ്സലൊനീക്യയിൽ നിന്നും 80 കി.മീറ്റർ അകലെ ബെർമ്മിയൂസ് (Bermius) മലയുടെ അടിവാരത്തു സ്ഥിതിചെയ്യുന്നു. രണ്ടാമത്തെ മിഷണറി യാത്രയിൽ പൗലൊസും ശീലാസും ബെരോവയിൽ എത്തി സുവിശേഷം അറിയിച്ചു. ബെരോവക്കാർ സുവിശേഷം കേൾക്കുക മാത്രമല്ല, തിരുവെഴുത്തുകളെ ദിനംപ്രതി പരിശോധിക്കുകയും ചെയ്തുവന്നു. (പ്രവൃ, 17:10,11). തെസ്സലൊനീഷക്യയിൽ നിന്നുവന്ന യെഹൂദന്മാർ ജനത്തെ ഇളക്കി പൗലൊസിനെ പോകുവാൻ നിർബന്ധിച്ചു. ബെരോവയിലെ വിശ്വാസികളെ ഉറപ്പിക്കാൻ ശീലാസിനെയും തിമൊഥെയൊസിനെയും അവിടെ വിട്ടേച്ചു പൗലൊസ് അഥനയ്ക്കു പോയി. (പ്രവൃ, 17:1-15). ബെരോവ ഇന്നു വെർറിയ (Verria) എന്നറിയപ്പെടുന്നു.

ബിഥുന്യ

ബിഥുന്യ (Bithynia)

ഏഷ്യാമൈനറിന്റെ ഉത്തരപശ്ചിമ ഭാഗത്തുള്ള റോമൻ പ്രവിശ്യ. ഇന്നത്തെ ഉത്തരപശ്ചിമ തുർക്കിയിൽ ഇസ്താൻബുൾ മുതൽ കരിങ്കടലിന്റെ ദക്ഷിണതീരത്തു വ്യാപിച്ചു കിടക്കുന്നു. ബിഥുന്യയിലെ ജനത പ്രധാനമായും ബിഥുന്യരും ത്രേസ്യൻ കുടിയേറ്റക്കാരും ആണ്. സ്വതന്ത്ര രാജാക്കന്മാർ ഭരണം നടത്തിവന്നിരുന്നു. അവരിൽ ഒടുവിലത്തെ രാജാവായ നിക്കൊമെദെസ് മൂന്നാമൻ (Nicomedes III) ബി.സി. 74-ൽ ബിഥുന്യയെ റോമിനു കൈമാറി. ബി.സി. 65-63-ൽ പോംപി പൊന്തൊസിനെയും ബിഥുന്യയെയും ഒരു പ്രവിശ്യയാക്കി. അപ്പൊസ്തലനായ പൗലൊസും കൂട്ടരും സുവിശേഷവുമായി ബിഥുന്യയിൽ പ്രവേശിക്കുവാൻ ആഗ്രഹിച്ചു. (പ്രവൃ, 16 : 6-10). എന്നാൽ പരിശുദ്ധാത്മാവു അവരെ തടയുകയാൽ അവർ യൂറോപ്പിലേക്കു തിരിഞ്ഞു. ഒന്നാം നൂറ്റാണ്ടിൽത്തന്നെ ബിഥുന്യയിൽ അനേകം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. (1പത്രൊ, 1:1). റോമൻ ഗവർണ്ണറായ പ്ലിനി ട്രാജനെഴുതിയ എഴുത്തിൽ ബിഥുന്യയിലെ ഗ്രാമങ്ങളിൽപ്പോലും ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായി പരാതിപ്പെട്ടിരിക്കുന്നു.

ബാശാൻ

ബാശാൻ (Bashan)

പേരിനർത്ഥം — ഫലഭൂയിഷ്ഠമായ സമതലം

ട്രാൻസ് യോർദ്ദാന്റെ ഉത്തരഭാഗത്തുള്ള വിശാലമായ ഭൂപ്രദേശമാണ് ബാശാൻ. ഗിലെയാദിനു വടക്കു കിടക്കുന്ന ബാശാൻ കിഴക്കു ജബൽ ഹൗറാൻ (Jebel Hauran) മലമ്പ്രദേശത്താലും പടിഞ്ഞാറു ഗലീലാക്കടലിന്റെ കിഴക്കുകിടക്കുന്ന കുന്നുകളാലും ചുറ്റപ്പെട്ടിരിക്കുന്നു. (ആവ, 3:3-14; യോശു, 12:4,5). ബാശാന്റെ അധികഭാഗവും ശരാശരി 610 മീറ്റവ പൊക്കമുള്ള പീഠഭൂമിയാണ്. പൊതുവെ ഭൂമി നിരന്നതാണ്; ഇടയ്ക്കിടെ ചില കുന്നുകൾ ഉണ്ട്. ജലവും ഹെർമ്മോൻ പർവ്വതത്തിൽ നിന്നു ഉരുകി ഒഴുകുന്ന മഞ്ഞും ബാശാനെ ഉത്തമമായ കൃഷിഭൂമിയാക്കി മാറ്റി. തെക്കുവടക്കു 80 കി.മീറ്റർ നീളവും 32 കി.മീറ്റർ വീതിയുമുള്ള ഈ പ്രദേശം ഒരു ധാന്യകലവറയും മേച്ചിൽപ്പുറവുമാണ്. കന്നുകാലികളും ആടുകളും ധാരാളമായി വളർത്തപ്പെടുന്നു. ബാശാൻകൂറ്റന്മാരും, കാളകളും ആട്ടുകൊറ്റന്മാരും കവിതയ്ക്കു വിഷയമാണ്. (ആവ, 32:14; യെഹെ, 39:18; സങ്കീ, 22:12). അവ സമ്പത്തിന്റെയും സമൃദ്ധിയുടെയും ശക്തിയുടെയും പ്രതീകങ്ങളാണ്. ആഡംബര പ്രിയകളും ഉല്ലാസമോഹികളുമായ ശമര്യയിലെ സ്ത്രീകളെ ആമോസ് പ്രവാചകൻ വിളിക്കുന്നതു് ബാശാന്യപശുക്കളെ എന്നാണ്. (ആമോ, 4:1). ഉഗ്രന്മാരും ഗർവ്വികളുമായ മനുഷ്യർ ബാശാനിലെ കരുവേലകങ്ങളാണ്. (യെശ, 2:13). സോരിന്റെ അഹങ്കാരത്തെക്കുറിച്ചു “ബാശാനിലെ കരുവേലകങ്ങൾ കൊണ്ടു അവർ നിന്റെ തണ്ടുകളെ ഉണ്ടാക്കി” (27:6) എന്നു യെഹെസ്ക്കേൽ പ്രവാചകൻ പറഞ്ഞു. ദാനെക്കുറിച്ചു മോശെ പറഞ്ഞത്: “ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽ നിന്നു ചാടുന്നു” (ആവ, 33:22) എന്നത്രേ. 

ഉല്പത്തി 14:5-ൽ ആണ് ബാശാനെ കുറിച്ചുള്ള ആദ്യപരാമർശം. അബ്രാഹാമിന്റെ കാലത്ത് ബാശാൻ രെഫായികൾ കൈവശപ്പെടുത്തിയിരുന്നു. അവരുടെ അവസാനത്തെ രാജാവായിരുന്ന ഓഗിനെ എദ്രെയിൽ വച്ച് യിസ്രായേല്യർ വധിച്ചു ദേശം കൈവശമാക്കി. (സംഖ്യാ, 21:33-35; ആവ, 3:1-3, 11; യോശു, 13:12). യോശുവ മനശ്ശെയുടെ പാതി ഗോത്രത്തിനു ബാശാൻ മുഴുവനും അവകാശമായി കൊടുത്തു. (ആവ, 3:13). ബാശാനിലെ പ്രധാന പട്ടണങ്ങൾ: 1. അസ്താരോത്ത്: ഓഗിന്റെ പട്ടണം പിന്നീടു ലേവ്യപട്ടണമായി മാറി. (ആവ, 1:4; യോശു, 9:10). 2. എദ്രെയ് (Edrei): യിസ്രായേൽ മക്കൾ ഓഗിനെ കൊന്നത് ഈ പട്ടണത്തിൽ വച്ചാണ്. (ആവ, 1:4). 3. ഗോലാൻ: യോർദ്ദാനു കിഴക്കുള്ള മൂന്നു സങ്കേതനഗരങ്ങളിൽ ഒന്ന്. (ആവ, 4:41-43). 4. സൽക്കാ: (യോശു, 12:5). അർമോബിൽ മാത്രം അറുപതു പട്ടണങ്ങൾ ഉണ്ടായിരുന്നു. (ആവ, 3:3-5). 

ശലോമോന്റെ പ്രന്തണ്ടു ഭക്ഷ്യജില്ലകളിൽ ഒന്നായിരുന്നു ബാശാനിലെ അർഗ്ഗോബ്. (1രാജാ, 4:13). അരാമ്യ യുദ്ധങ്ങളിൽ ബാശാൻ യിസ്രായേലിനു നഷ്ടപ്പെട്ടു. (1രാജാ, 22:4, 2രാജാ, 8:28; 10:32, 35). യൊരോബെയാം രണ്ടാമന്റെ കാലത്ത് ബാശാൻ വീണ്ടെടുത്തു. (2രാജാ, 14:25). യിസ്രായേൽ രാജാവായ പേക്കഹിന്റെ കാലത്ത് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ ബാശാൻ കീഴടക്കി. (2രാജാ, 15:29). പ്രവാസാനന്തരകാലത്ത് ബാശാൻ ഗ്രീക്കുകാർക്കു വിധേയമായി. തുടർന്നു റോമിന്റെ അധീനത്തിൽ വരികയും മഹാനായ ഹെരോദാവിന്റെ രാജ്യത്തിൽ ഉൾപ്പെടുകയും ചെയ്തു. ഹെരോദാവിനുശേഷം പുത്രനായ ഫിലിപ്പ് ബാശാന്റെ അധിപനായി.

ബാബേൽ

ബാബേൽ (Babel)

ബാബുലോൻ എന്ന ഗ്രീക്കുസംജ്ഞയുടെ എബ്രായ രൂപമാണ് ബാബേൽ. തലസ്ഥാന നഗരത്തിന്റെ പേരിൽ നിന്നാണ് രാജ്യത്തിന് ഈ പേർ ലഭിച്ചത്. ദക്ഷിണ ഇറാക്കിലെ പ്രദേശമാണ് ബാബേൽ എന്നറിയപ്പെട്ടിരുന്നത്. അതിന് ശിനാർ ദേശം (ഉല്പ, 10:10; 11:2; യെശ, 11:11), കല്ദയ ദേശം (യിരെ, 24:5; യെഹെ, 12:13) അക്കാദ് (ഉല്പ, 10:10) എന്നീ പേരുകളും ഉണ്ടായിരുന്നു. ബാബേൽ രാജ്യത്തിന് ഏകദേശം 20,000 ചതുരശ്ര കി.മീറ്റർ വ്യാപ്തിയുണ്ട്. അർമീനിയാ പർവ്വതങ്ങളിൽ നിന്നുത്ഭവിക്കുന്ന യുഫ്രട്ടീസ്, ടൈഗ്രീസ് നദികളാണ് ദേശത്തെ ഫലഭൂയിഷ്ഠമാക്കുന്നത്. പൗരാണിക ബാബേലിന് വടക്ക് അശ്ശൂരും കിഴക്ക് ഏലാമും പടിഞ്ഞാറ് അറേബ്യൻ മരുഭൂമിയും തെക്കു പേർഷ്യൻ ഗൾഫിന്റെ തീരങ്ങളുമാണ്. പ്രാചീനകാലത്ത് സുമർ, അക്കാദ് എന്നിവ ഉൾക്കൊണ്ടതായിരുന്നു ബാബേൽ രാജ്യം. അക്കാദിലെ പ്രധാന പട്ടണങ്ങൾ: ബാബിലോൻ, ബോർസിപ്പാ, കീശ്, കൂഥാ, സിപ്പാർ, അഗാദെ (അക്കാദ്); സുമറിലെ പ്രധാന പട്ടണങ്ങൾ: നിപ്പൂർ, ലഗാഷ്, ഉമ്മാ, ലാർസാ, എരെക് (ഉറുക്: ഉല്പ, 10:11), ഊർ (അബ്രാഹാമിന്റെ പട്ടണം) എറിദു.

ബാബേലിന്റെ പ്രാചീന ചരിത്രം അജ്ഞാതമാണ്. അറിവിൽപ്പെട്ടിടത്തോളം പ്രചീനതമമായ സംസ്കാരം ഒബൈദ് ആണ്. ഊരിന് എഴു കി.മീറ്റർ വടക്കു പടിഞ്ഞാറ് ഒരു കുന്നുണ്ട്. അതിന്റെ പേരാണ് തേൽ-എൽ-ഒബൈദ് (Tell el-obeid). യൂഫ്രട്ടീസ് താഴ്വരയിൽ എൽ-ഒബൈദിന് ഏകദരശം 56 കി.മീറ്റർ അകലെയുള്ള വാർക്കയിലാണ് രണ്ടാമത്തെ സംസ്കാരം പ്രത്യക്ഷപ്പെട്ടത്. ഈ സംസ്കാരത്തിന്റെ കാലം ബി.സി. നാലാം സഹസ്രാബ്ദത്തിന്റെ അന്ത്യഭാഗമാണ്. രാജവാഴ്ചയുടെ ആരംഭം ബി.സി. 2800-നടുപ്പിച്ചാണ്. തുടർന്നുള്ള 400 വർഷം പൗരാണിക രാജവംശകാലം എന്നറിയപ്പെടുന്നു. മഹാനഗരങ്ങളുടെ സ്ഥാപനവും രാജാക്കന്മാരുടെ ഉദയവും ഇക്കാലത്തായിരുന്നു. കീശ്, ഉറുക്, ഊർ, അവാൻ, ഹമസി, അദാബ്, മാറീ എന്നീ പട്ടണങ്ങളിൽ രാജവംശങ്ങളുണ്ടായി. കീശിലെ ആദ്യരാജവംശത്തിൽ എത്താന (Etana) എന്ന ഒരു ഇടയൻ ഉണ്ടായിരുന്നു. അയാൾ സ്വർഗ്ഗാരോഹണം ചെയ്തു. സുമേരിയൻ രാജാക്കന്മാരുടെ പട്ടികയനുസരിച്ച് ഏറിദു ബദ്ത്തിബിർറ, ലാറാക്, സിപ്പാർ, ഷുറുപ്പാക് എന്നീ പട്ടണങ്ങളിലായി പ്രളയത്തിനു മുമ്പു എട്ടോ പത്തോ രാജാക്കന്മാർ ഭരിച്ചിരുന്നു. കുറുപ്പാക്കിലെ ദേശാധിപതിയായിരുന്നു സുമേര്യൻ ജലപ്രളയ കഥയിലെ നായകൻ. പ്രളയാനന്തരം രാജത്വം സ്വർഗ്ഗത്തിൽ നിന്നും അവരോഹണം ചെയ്തു. കീശ്, ഉറുക് (എരെക്) എന്നിവിടങ്ങളിലെ ഭരണാധികാരികളിൽ ഗിൽഗമേഷും അഗ്ഗായും ഉൾപ്പെടുന്നു. രാജവംശ കാലയളവിന്റെ ഉച്ചഘട്ടത്തെ സൂചിപ്പിക്കുകയാണ് ഊരിലെ ഒന്നാം രാജവംശം. ഉറുക്കിനെ ആയുധം കൊണ്ടു വെട്ടി അതിലെ രാജത്വത്തെ ഊരിലേക്കു കൊണ്ടുപോയി എന്ന് സുമേര്യൻ രാജവംശ പട്ടികയിൽ പറയുന്നു. നാലു രാജാക്കന്മാർ 177 വർഷം ഭരിച്ചിരുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. “അനന്തരം ഊരിനെ ആയുധങ്ങൾ കൊണ്ടു വെട്ടി.” വളർന്നു വികസിച്ച ഒരു സംസ്കാരം ഊരിൽ നിലവിലിരുന്നതായി ലിയോനാർഡ് വുളിയുടെ ഉത്ഖനനങ്ങൾ തെളിയിച്ചു. ഊരിന് രകദേശം 80 കി.മീറ്റർ വടക്കുള്ള ലഗാഷിൽ ഊർ നാൻഷേ (Ur Nanshe) ഒരു രാജവംശം സ്ഥാപിച്ചു. ഇവിടെനിന്നും ലഭിച്ച ലിഖിതങ്ങളിൽ ക്ഷേത്രങ്ങൾ, തോടുകൾ എന്നിവയുടെ നിർമ്മാണത്തെക്കുറിച്ചുള്ള വിവരണമുണ്ട്. എയാന്നത്തും (Eannatum) എന്ന ഭരണാധിപൻ ഉമ്മാ, ഉറുക്, ഊർ, കീശ്, മാറീ എന്നീ പട്ടണങ്ങളെ കീഴടക്കിയതായി അവകാശപ്പെട്ടിട്ടുണ്ട്. ഏറെത്താമസിയാതെ ഉമ്മയിലെ ലുഗൽ സാഗേശി (Lugal Zagesi) ലഗാഷ്, ഊർ, ഉറുക് എന്നീ ദേശങ്ങളെ കീഴടക്കി. സുമേര്യൻ ചരിത്രത്തിൽ ഏറ്റവും പ്രബലനായ ഭരണാധികാരി ഇദ്ദേഹമായിരുന്നു. 

ബാബിലോന്യ ചരിത്രത്തിലെ അക്കാദിയൻ കാലയളവാണ് ബി.സി. 2,400 മുതൽ 2,200 വരെ. സർഗ്ഗോൻ രാജാവിന്റെ കീഴിൽ ശേമ്യർ ബാബേലിൽ പ്രാബല്യം പ്രാപിച്ചു. അമ്പും വില്ലും ഉപയോഗിച്ചുള്ള ഒരു പുതിയ യുദ്ധതന്ത്രത്തിനു രൂപം കൊടുത്തത് സർഗ്ഗോൻ ആണ്. മറ്റുപട്ടണങ്ങളെ കീഴടക്കി സുമരിനെ അദ്ദേഹം പൂർണമായി അധീനപ്പെടുത്തി. സർഗ്ഗോന്റെ ചെറുമകനായ നാറാംസീനിന്റെ (Naram-Sin) പ്രസിദ്ധിഫലകം സൂസയിൽ നിന്നു ലഭിച്ചു. അദ്ദേഹത്തിന്റെ സാമ്രാജ്യം മദ്ധ്യ പാർസ്യയിൽ നിന്നു മെഡിറ്ററേനിയൻ വരെയും വടക്കുകിഴക്കെ അറേബ്യയിൽ നിന്നു ടൗറസ് പർവ്വതം വരെയും വ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ ഷർഗ്ഗലി ഷാർറിയുടെ (Shargalisharri) കാലത്ത് ഈ സാമ്രാജ്യം നഷ്ടമായി. ഗുത്ത്യർ എന്നറിയപ്പെടുന്ന കോക്കേഷ്യൻ ജനത ബാബേലിനെ കീഴടക്കി. ഗുത്ത്യരുടെ ശക്തി ക്ഷയിച്ചപ്പോൾ ലഗാഷിലെ ഗുദെയാ അധികാരത്തിൽ വന്നു. അമാനസ് പർവ്വതനിരകളിൽ നിന്നു ദേവദാരു വൃക്ഷം കൊണ്ടുവന്ന് ഗുദെയാ ഒരു ക്ഷേത്രം പണിതു. 1,000 വർഷത്തിനുശേഷം യെരുശലേം ദൈവാലയം നിർമ്മിക്കുന്നതിന് ശലോമോൻ രാജാവ് ദേവദാരു കൊണ്ടുവന്നത് ഈ പ്രദേശത്തുനിന്നായിരുന്നു. (1രാജാ, 5:6). ഗുത്ത്യരുടെ പതനത്തോടു കൂടി ഊരിൽ മുന്നാം രാജവംശം ഊർ-നമ്മുവിന്റെ (Ur-Nammu ) കീഴിൽ സ്ഥാപിതമായി. അക്കാദിലെ സുമർ രാജാവ് എന്ന പുതിയ പദവി അയാൾ എടുത്തു. ഊരിൽ ഒരു ക്ഷേത്രഗോപുരം അയാൾ പണിയിച്ചു. ഈ രാജവംശത്തിന്റെ കാലത്താണ് അബ്രാഹാം ജനിച്ചത്. 

ബി.സി. 2000-1595 അമോര്യ കാലയളവായി അറിയപ്പെടുന്നു. മുമ്പ് ഊരിന്റെ നിയന്ത്രണത്തിലിരുന്ന പ്രദേശത്തെ അശ്ശൂർ, മാറീ, എഷനുന്ന എന്നിവിടങ്ങളിലെ പ്രാദേശിക നേതാക്കന്മാർ വിഭജിച്ചെടുത്തു. അമോര്യ രാജവംശത്തിലെ (ബി.സി. 1894-1595) ആറാമത്തെ രാജാവാണ് പ്രസിദ്ധനായ ഹമ്മുറാബി (ബി.സി. 1792-1750). ബാബിലോണിലെ നിയമങ്ങളെ പരിഷ്ക്കരിച്ചു ക്രോഡീകരിച്ചത് ഹമ്മുറാബിയാണ്. പുർവ്വനിയമ സംഹിതകളെ അടിസ്ഥാനം ആക്കിയുള്ളതാണ് ഈ കോഡിലെ 282 നിയമങ്ങൾ. ബി.സി. 1595-നടുപ്പിച്ച് ഹിത്ത്യനായ മുർസിലി ഒന്നാമൻ ബാബേൽ കീഴടക്കി. ചില നൂറ്റാണ്ടുകളായി ബാബിലോണിനെ ആക്രമിച്ചുകൊണ്ടിരുന്ന കസ്സൈറ്റുകൾ ദേശത്തിന്റെ അധിപന്മാരായി. ഒടുവിൽ അശ്ശൂർരാജാവായ തുകുൽതി-നിനുർത (Tukulti-Ninurta) ബാബേൽ കീഴടക്കി ഏഴുവർഷം ഭരിച്ചു. 

കസ്സൈറ്റുകളുടെ പതനത്തോടുകൂടി ഒരു പുതിയ രാജവംശം ഉദയം ചെയ്തു. ഇതിലെ രാജാക്കന്മാർ ബാബിലോന്യർ ആയിരുന്നു. അതിലൊരാളായിരുന്നു നെബൂഖദ്നേസർ ഒന്നാമൻ (ബി.സി. 1124-1103 ) അദ്ദേഹം ഏലാമ്യരെയും ഹിത്യരെയും തോല്പിച്ചു. അശ്ശൂര്യർ നെബൂഖദ്നേസരിനെ പരാജയപ്പെടുത്തി. അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ സുമറിലെയും അക്കാദിലെയും രാജാവായി സ്വയം പ്രഖ്യാപിച്ചു. ബി.സി. 689-ൽ അശ്ശൂർ രാജാവായ സൻഹേരീബ് പട്ടണത്തെ അഗ്നിക്കിരയാക്കി. ഏസെർ-ഹദ്ദോൻ പട്ടണത്തെ പുതുക്കിപണിതു. ബി.സി. 625-വരെ അതു അശ്ശൂരിന്റെ ഭാഗമായിരുന്നു. 672 മെയ് മാസത്തിൽ തന്റെ പുത്രനായ അശ്ശൂർ ബനിപ്പാളിനോടു കൂറു പുലർത്തുമെന്നു സാമന്തന്മാരെക്കൊണ്ട് ഏസെർ-ഹദ്ദോൻ സത്യം ചെയ്യിപ്പിച്ചു. തന്റെ മറ്റൊരു പുത്രനായ ഷമഷ്ഷുമുക്കിനെ (Samassumukin) ബാബേൽ ചക്രവർത്തിയായും നിയമിച്ചു. ഈ ക്രമീകരണം ബി.സി. 669-ൽ രാജാവിന്റെ മരണത്തോടു കൂടി നിലവിൽ വന്നു. ബി.സി. 652-ൽ സഹോദരന്മാർ തമ്മിൽ മത്സരിച്ചു. ബി.സി. 648-ൽ ബാബിലോൻ നിരോധിക്കുമ്പോൾ അയാൾ മരിച്ചു. അശ്ശൂർ ബനിപ്പാൾ ഏലാമിനെയും സൂസയെയും കീഴടക്കി. ഈ പ്രദേശങ്ങളിൽ നിന്നുള്ളവരും ബാബേലിൽ നിന്നുള്ളവരും ആയ പ്രതിയോഗികളെ ശമര്യയിൽ കൊണ്ടുപോയി പാർപ്പിച്ചു. (എസ്രാ, 4:2). ബാബേലിന്റെ വൈസ്രോയി ആയി കണ്ടലനുവിനെ നിയമിച്ചു. നിപ്പൂറിലെ മതകേന്ദ്രം അശ്ശൂർ ബനിപ്പാളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. അശ്ശൂരിന്റെ ശ്രദ്ധ പടിഞ്ഞാറു നിന്നു മാറിയപ്പോൾ പലസ്തീനിലെ ദേശങ്ങൾ യോശീയാവിന്റെ കീഴിൽ സ്വതന്ത്രമാവാൻ ശ്രമം നടത്തി. അശ്ശൂർ ബനിപ്പാളിന്റെ അന്ത്യകാലം അവ്യക്തമാണ്. 

നവ കല്ദയ സാമ്രാജ്യത്തിന്റെ കാലമാണ് ബി.സി. 605-535. കല്ദയനായ നബോപൊലാസർ ബി.സി. 626 നവംബർ 22-നു ബാബേൽ രാജാവായി. ഇദ്ദേഹമാണു നവ ബാബിലോന്യ സാമ്രാജ്യം സ്ഥാപിച്ചത്. രാജാവായ ഉടൻതന്നെ ഏലാമുമായി സന്ധിചെയ്തു. അടുത്ത വർഷം അശ്ശൂര്യരെ പരാജയപ്പെടുത്തി. മേദ്യ രാജാവായ സ്യാക്സാരസിനോടൊപ്പം ബി.സി. 612-ലെ ഗ്രീഷ്മകാലത്ത് നീനെവേ പിടിച്ചടക്കി. അദ്ദേഹത്തിന്റെ പുത്രനായ നെബൂഖദ്നേസർ ബി.സി. 605-ൽ കർക്കെമീശിൽ വച്ചു ഫറവോൻ നെഖോയെ തോല്പിച്ചു. ദക്ഷിണപശ്ചിമേഷ്യ മുഴുവൻ നെബൂഖദ്നേസരുടെ നിയന്ത്രണത്തിലായി. നെഖോ രണ്ടാമന്റെ ആശ്രിതനായിരുന്ന യെഹോയാക്കീം നെബൂഖദ്നേസറിനു കീഴടങ്ങി. പലസ്തീനിൽ വച്ച് നെബൂഖദ്നേസർ പിതാവിന്റെ മരണവാർത്ത കേട്ട് (ബി.സി. 605 ഓഗസ്റ്റ് 15) മടങ്ങിപ്പോയി. അതേവർഷം സെപ്റ്റംബർ 6-ന് ചക്രവർത്തിയായി അധികാരം ഏറ്റെടുത്തു. 604-ൽ സിറിയാ പലസ്തീനിലെ രാജാക്കന്മാർ എല്ലാം നെബൂഖദ്നേസറിന് കപ്പം കൊടുത്തു. കപ്പം കൊടുക്കുവാൻ വിസമ്മതിച്ച അസ്കലോൻ നിരോധിക്കപ്പെട്ടു. (യിരെ, 47:5-7). ബി.സി. 601-ൽ ബാബേലും ഈജിപ്റ്റും തമ്മിൽ യുദ്ധം നടന്നു. ഇരുപക്ഷത്തും വലിയ നാശമണ്ടായി. അടുത്ത വർഷം പുനസ്സംവിധാനം ചെയ്യുന്നതിനു ബാബിലോന്യർ യുദ്ധരംഗത്തുനിന്നു ഒഴിഞ്ഞു. അപ്പോഴായിരിക്കണം യിരെമ്യാ പ്രവാചകന്റെ വാക്കുകളെ മറുത്തുകൊണ്ട് (യിരെ, 27:9-11) യെഹോയാക്കീം രാജാവ് നെഖോ രണ്ടാമനോടു സഖ്യം പുലർത്തിയത്. ബാബിലോണിനു മൂന്നുവർഷം കീഴടങ്ങി ഇരുന്നശേഷമാണ് യെഹോയാക്കീം ഇപ്രകാരം ചെയ്തത്. (2രാജാ, 24:1). 598 ഡിസംബറിൽ ബാബിലോന്യൻ സൈന്യം യെഹൂദാപട്ടണത്തെ നിരോധിച്ചു. രാജാവിനെ ബദ്ധനാക്കി തനിക്ക് ഇഷ്ടപ്പെട്ട ഒരുവനെ നെബൂഖദ്നേസർ ഭരണാധികാരിയായി നിയമിച്ചു. കൊള്ളവസ്തുക്കൾ മുഴുവൻ ബാബിലോണിലേക്കു കൊണ്ടുപോയി. 597 മാർച്ച് 16-ന് യെരുശലേം കീഴടങ്ങി. പിറ്റേ വർഷം നെബൂഖദ്നേസർ ഏലാമിനെതിരെ ചെന്നു. (യിരെ, 49:34-38). 587-ൽ യെരൂശലേം നശിപ്പിച്ചു. 581-ൽ വീണ്ടും ബദ്ധന്മാരെ കൊണ്ടുപോയി. (2രാജാ, 25:8-21). ഗെദല്യാവിനെ യെഹൂദയുടെ ദേശാധിപതിയായി നിയമിച്ചു. നെബൂഖദ്നേസറിനു ശേഷം പുത്രനായ അമേൽ മർദൂക്ക് (എവിൽ ഒരോദാക്: 562-560) രാജാവായി. ഇദ്ദേഹം ബദ്ധനായ യെഹോയാഖീനോട് അനുകമ്പ കാണിച്ചു. നെബുഖദ്നേസറിന്റെ മരുമകനായ നെറിഗ്ലീസർ അമേൽ മർദൂക്കിനെ കൊന്നു. നെറിഗ്ലീസ്സറിന്റെ പുത്രൻ ലബാഷി മർദൂക്ക് 9 മാസം രാജ്യം ഭരിച്ചു. 556-ൽ അയാൾ വധിക്കപ്പെട്ടു. തുടർന്നു നബോണിദസ് അധികാരത്തിൽ വന്നു. അയാൾ പുത്രനായ ബേൽശസ്സറിനെ സഹരാജാവായി നിയമിച്ചു. ബി.സി. 539-ൽ പാർസിരാജാവായ കോരെശ് ബാബേലിനെ കീഴടക്കി. ബേൽശസ്സർ കൊല്ലപ്പെട്ടു. (ദാനീ, 5:30). നബോണിദസിനെ നാടുകടത്തി. കോരെശിന്റെ ഭരണം യെഹൂദന്മാർക്ക് അനുകൂലമായിരുന്നു. പ്രവാസികളെ മടങ്ങിവരുവാൻ അദ്ദേഹം അനുവദിച്ചു. (എസ്രാ, 1:1-11; യെശ, 44:24-28). അനന്തരം ബാബേൽ ഭരിച്ചതു പാർസികളാണ്. ബി.സി. 323-വരെ ബാബേലിന്റെ നിയന്ത്രണം അലക്സാണ്ടർ ചക്രവർത്തിയുടെ കൈകളിൽ ആയിരുന്നു. തുടർന്നു ബാബേൽ സെലൂക്യരുടെയും (ബി.സി. 312-64) പാർത്ഥ്യരുടെയും സസാന്യരുടെയും ഭരണത്തിലൂടെ കടന്നുപോയി. എ.ഡി. 641-ൽ ബാബേൽ അറബികൾക്കു വിധേയമായി. എ.ഡി. 70-ൽ യെരൂശലേമിന്റെ നാശത്തോടുകൂടി യെഹൂദന്മാരുടെ ഒരു പഠനകേന്ദ്രമായി ബാബിലോൻ മാറി. 

.

ബാബിലോൻ

ബാബിലോൻ (Babylon)  

ബാബിലോണിൻ്റെ ജീർണ്ണാവശിഷ്ടങ്ങൾ

ചരിത്രത്തിൽ അറിയപ്പെട്ടിട്ടുളള അതിപ്രാചീന നഗരങ്ങളിലൊന്നാണ് ബാബിലോൻ. ആധുനിക ബാഗ്ദാദിന് (ഇറാക്ക്) 80 കി.മീറ്റർ തെക്കും യെരുശലേമിന് ഏകദേശം 870 കി.മീറ്റർ കിഴക്കുമായി യുഫ്രട്ടീസ് (ഫ്രാത്ത്) നദീതീരത്തു സ്ഥിതിചെയ്തിരുന്നു. ഈ നഗരം ബാബേലിന്റെ (ബാബിലോണിയ) രാഷ്ട്രീയവും മതകീയവുമായ തലസ്ഥാനമായിത്തീർന്നു. ബാബിലോൻ നഗരം കേന്ദ്രമാക്കി ഒരു സാമ്രാജ്യവും ഒരു സംസ്കാരവും വികസിച്ചു. കലക്കുക എന്നർത്ഥമുള്ള ‘ബാബാൽ’ എന്ന ധാതുവിൽ നിന്നാണ് ബാബേൽ എന്ന പേരിനെ എബ്രായർ നിഷ്പാദിപ്പിക്കുന്നത്. ബാബുലോൻ എന്ന ഗ്രീക്കുപേരിന്റെ രൂപഭേദമാണ് ബാബിലോൻ. ദൈവത്തിന്റെ കവാടം എന്നർത്ഥമുള്ള ബാബിലി എന്ന ബാബിലോന്യൻ ധാതുവിൽ നിന്നു ഈ പേർ വന്നതായി കരുതപ്പെടുന്നു. ബാബേലിനെ ഗൂഢഭാഷയിൽ ശേശക് എന്നു പ്രവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യിരെ, 25:26; 51:41). 

ബാബേൽ പണിതത് നിമ്രോദ് ആണ്. (ഉല്പ, 10:10). എന്നാൽ ബാബിലോന്യൻ മതപാരമ്പര്യം അനുസരിച്ചു മർദൂക്ക് ദേവനാണ് നഗരസ്ഥാപകൻ. അഗാദെ രാജാവായ സർഗ്ഗോൻ ഒന്നാമനും അനന്തര ഗാമിയായ ഷർക്ക ലിഷാറിയും (ബി.സി. 2400) ദേവന്മാർക്കു ക്ഷേത്രങ്ങൾ പണിതു. ബാബിലോൻ പട്ടണത്തിന്റെ നഷ്ടശിഷ്ടങ്ങളിന്മേലാണ് അഗാദ നഗരം പണിതത്. ബി.സി. 1830-നടുപ്പിച്ച് നഗരം പ്രാധാന്യമാർജ്ജിച്ചു. ചുറ്റുപാടുമുള്ള നഗരരാഷ്ട്രങ്ങളോടു ബാബിലോൻ യുദ്ധം ചെയ്തു, ലാർസയെ കീഴടക്കി ആദ്യരാജവംശം സ്ഥാപിച്ചു. ഇതിലെ രാജാവായ സുമു-അബുമിന്റെ (Sumu-abum) കാലത്ത് നഗരമതിലുകൾ പണിതു. മഹാനായ ഹമ്മുറാബി (ബി.സി. 1728-1686) ദക്ഷിണ ബാബിലോൻ മുഴുവൻ കീഴടക്കുകയും വടക്കോട്ടു ‘മാറീ’ വരെ ജൈത്രയാത്ര നടത്തുകയും ചെയ്തു. ഹമ്മുറാബിയും പിൻഗാമികളും പട്ടണത്ത വികസിപ്പിച്ചു. ഹിത്യർ കീഴടക്കുന്നതുവരെ (ബി.സി. 1595) ബാബിലോൻ സാമാജ്യത്തിന്റെ തലസ്ഥാനമായി തുടർന്നു. തുടർന്നു കുറെക്കാലം പട്ടണം കസ്സൈറ്റുകൾക്കു വിധേയമായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പലപ്പോഴും ബാബിലോനിനു പോരാടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ കല്ദയ രാജാവായ ബെരോദാക്-ബലദാൻ യെഹൂദയുടെ സഹായത്തിനായി ദൂതന്മാരെ അയച്ചു. (2രാജാ, 20:12-18). അശ്ശൂർ രാജാവായ സർഗ്ഗോൻ രണ്ടാമൻ ബാബേലിനെ നിരോധിച്ചതിനെക്കുറിച്ചു യെശയ്യാവു പ്രവചിച്ചു. (യെശ, 13). മത്സരികളെ ഇല്ലാതാക്കുവാൻ വേണ്ടി പ്രധാന പൗരന്മാരിൽ പലരെയും ശമര്യയിലേക്കു നാടുകടത്തി. അവർ അവിടെ ബാബിലോന്യ ദേവന്മാരെ കുടിയിരുത്തി പൂജിച്ചു. (2രാജാ, 17:24-30). സൻഹേരീബ് സ്വന്തം പുത്രനെ ബാബിലോൻ രാജാവാക്കി. എന്നാൽ അവൻ വധിക്കപ്പെട്ടു. ബാബിലോൻ ദേശീയതയെ അമർച്ച ചെയ്യുന്നതിനു വേണ്ടി സൻഹേരീബ് ബി.സി. 689-ൽ പട്ടണത്തെ നിരോധിച്ചു. അവന്റെ പുത്രനായ ഏസെർ-ഹദ്ദോൻ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ബദ്ധനാക്കി ബാബിലോനിലേക്കു കൊണ്ടുപോയി. (2ദിന, 33:11). ഏസെർ-ഹദ്ദോൻ തന്റെ ഒരു പുത്രനായ ഷമഷ്ഷുമുകിനെ ബാബിലോൻ രാജാവാക്കുകയും മറ്റെ പുത്രനായ അശ്ശൂർ ബനിപ്പാളിനെ അശ്ശൂർ രാജാവാക്കുകയും ചെയ്തു. ഷമഷ്ഷുമുകിൻ അശ്ശൂർ ബനിപ്പാളിനോടു മത്സരിച്ചു. തുടർന്നു അശ്ശൂർ ബനിപ്പാൾ പട്ടണത്തെ അഗ്നിക്കിരയാക്കി. അയാളുടെ സഹോദരൻ വധിക്കപ്പെട്ടു. 

അശ്ശൂർ സാമാജ്യത്തിന്റെ അധഃപതനത്തോടുകൂടി നബോപൊലാസർ പട്ടണം സ്വന്തമാക്കി ഒരു പുതിയ രാജവംശം സ്ഥാപിച്ചു. ബാബിലോൻ പട്ടണത്തിന്റെ മഹത്വം പരകോടിയിലെത്തിയത് നെബൂഖദ്നേസർ രണ്ടാമന്റെ (ബി.സി. 605-562) കാലത്താണ്. ബാബിലോൻ പട്ടണത്തെക്കുറിച്ചു നെബൂഖദ്നേസർ വളരെയേറെ അഭിമാനിക്കുകയും അതിൽ അഹങ്കരിക്കുകയും ചെയ്തു. “ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.” (ദാനീ, 4:30). ബാബിലോൻ പട്ടണത്തിൽ വിശാലമായ മതിലുകളും പ്രഥിതമായ വീഥികളും കനാലുകളും ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. അമ്പതിലേറെ ക്ഷേത്രങ്ങൾ നഗരത്തിൽ പണിതിരുന്നു. പട്ടണത്തെ ചുറ്റി രണ്ടു ശക്തമായ മതിലുകളുണ്ടായിരുന്നു. പുറം മതിലിനു താങ്ങായി ഗോപുരങ്ങൾ നിർമ്മിച്ചു. മതിലുകളിലെ കവാടങ്ങളിൽ നിന്നും വീഥികൾ നഗരത്തിലേക്കു നീണ്ടു കിടന്നു. മതിലുകളിലെ ഇഷ്ടികകളിൽ ചായംപൂശി കാളകളുടെയും വ്യാളികളുടെയും ദേവന്മാരുടെയും രൂപങ്ങൾ ചിത്രണം ചെയ്തു. നഗരത്തിലേക്കു പ്രവേശിക്കുന്നതിനു എട്ടു കവാടങ്ങളുണ്ടായിരുന്നു. അവയിൽ ഏറ്റവും പ്രധാനം വടക്കെ അറ്റത്തുള്ള ഇഷ്ടാർ കവാടമാണ്. നെബൂഖദ്നേസറിന്റെ സിംഹാസനമുറി അലങ്കരിച്ചത് നിറം പിടിപ്പിച്ച ഇഷ്ടികകൾ കൊണ്ടാണ്. ഉയരമുള്ള ക്ഷേത്രഗോപുരം പുതുക്കിപ്പണിതു. ബേൽ അഥവാ മർദൂക്കിന്റെ ക്ഷേത്രവും നവീകരിച്ചു. ഈ ക്ഷേത്രത്തിന് പിരമിഡാകൃതിയിൽ എട്ടു നിലകളും മുകളറ്റം ദേവന്റെ വിശുദ്ധമന്ദിരവും ഉള്ള ഒരു ഗോപുരം ഉണ്ടായിരുന്നുവെന്ന് ഹെരൊഡോട്ടസ് എന്ന ചരിത്രകാരൻ പറഞ്ഞിട്ടുണ്ട്. നഗ്രത്തിന്റെ പൂർവ്വപശ്ചിമ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ ഒരു പാലം യൂഫ്രട്ടീസ് നദിയിൽ നിർമ്മിച്ചു. അധികം അകലെയല്ലാതെ തൂങ്ങുന്ന പൂന്തോട്ടങ്ങൾ നിർമ്മിച്ചു. പൗരാണിക ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായി ഗ്രേക്കർ ഈ ഉദ്യാനങ്ങളെ കണക്കാക്കി. മേദ്യരാജകുമാരിക്കു അവളുടെ സ്വദേശമായ മലമ്പ്രദേശത്തിന്റെ ഓർമ്മ നല്കുന്നതിനു വേണ്ടിയാണ് നെബൂഖദ്നേസർ ഇവ നിർമ്മിച്ചത്. യെരുശലേമിനെ നശിപ്പിച്ചശേഷം യെഹൂദയിൽനിന്നു ബദ്ധരാക്കിക്കൊണ്ടു പോയവരെ പാർപ്പിച്ചത് ഈ ബാബിലോനിലാണ്. പ്രസ്തുത ബദ്ധന്മാരിൽ ഒരുവനായിരുന്നു യെഹോയാഖീൻ രാജാവ്. കണ്ണുകുത്തിപ്പൊട്ടിച്ച സിദെക്കീയാ രാജാവിനോടൊപ്പം യെരുശലേം ദൈവാലയത്തിലെ ഉപകരണങ്ങളും സമ്പത്തും കൊണ്ടുവന്നു.  (2രാജാ, 25:7-13). നഗരത്തിലെ പ്രധാന ക്ഷേത്രത്തിൽ കൊള്ള വസ്തുക്കളെ സൂക്ഷിച്ചു. ഈ ക്ഷേത്രം മർദൂക്കിന്റെ ക്ഷേത്രം ആയിരിക്കണം. (2ദിന, 36:7). നെബൂഖദ്നേസറിനു ശേഷം ആമെൽ മർദൂക്ക് (എവിൽ-മെരോദാക്ക്: 2രാജാ, 25:27) രാജാവായി. ഈ രാജാവിനെ നേർഗ്ഗൽ ശരേസർ കൊന്നു. നവബാബിലോന്യൻ സാമ്രാജ്യത്തിലെ അവസാന രാജാവായിരുന്നു നബോണിദസ്. 

യെശയ്യാ പ്രവാചകനും (14:1-23; 21:1-10; 46:1,2; 47:1-5), യിരെമ്യാവും (50-51) ബാബിലോനിന്റെ നാശം പ്രവചിച്ചിരു ന്നു. ബി.സി. 539 ഒക്ടോബർ 13-ന് പാർസി രാജാവായ കോരെശിന്റെ മുമ്പിൽ ബാബിലോൻ താളടിയായി വീണു. പ്രധാനമന്ദിരങ്ങളെ അദ്ദേഹം ശേഷിപ്പിച്ചു. രാജകീയ വിളംബരം അനുസരിച്ച് ക്ഷേത്രങ്ങളും പ്രതിമകളും പുനഃസ്ഥാപിച്ചു. യെരുശലേമിലേക്കു കൊണ്ടുപോകേണ്ടതിനു ദൈവാലയോപകരണങ്ങളെല്ലാം ശേശ്ബസ്സറിനെ ഏല്പിച്ചു. (എസ്രാ, 1). ബാബിലോണിലെ രേഖാലയത്തിൽ സൂക്ഷിച്ചിരുന്ന ഈ രേഖ കണ്ടെടുത്തതിനാലായിരിക്കണം എസ്രായോടൊപ്പം ഒരു കൂട്ടം പ്രവാസികൾ മടങ്ങിവന്നത്. (എസ്രാ, 8:1). തുടർന്നു നഗരത്തിന്റെ അപചയം ആരംഭിച്ചു. അനേകം പ്രക്ഷോഭണങ്ങൾ ഉണ്ടായി. ബി.സി. 478-ൽ കസെർക്സെസ് രാജാവ് പട്ടണത്തെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. അലക്സാണ്ടർ ചക്രവർത്തി പട്ടണത്തിലെ മഹാക്ഷേത്രത്തെ പുനരുദ്ധരിക്കുവാനും പട്ടണത്തെ നവീകരിക്കുവാനും ആഗ്രഹിച്ചു. എന്നാൽ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു. അലക്സാണ്ടർ ചക്രവർത്തിയുടെ അനന്തരഗാമികളുടെ കാലത്ത് പട്ടണം നശിച്ചു മരുഭൂമിക്കു സമമായി. സെല്യൂക്കസ് നികട്ടോർ (ബി.സി. 312-280) ടൈഗ്രീസ് നദിക്കരയിൽ സെലൂക്യ പണിതു. അതോടുകൂടി പൗരാണിക കാലത്തെ വിശ്വമഹാനഗരമായ ബാബിലോൻ പുനരുദ്ധാരണം പ്രാപിക്കാതെ കഥാവശേഷമായി. 

ബാബിലോന്യ പ്രവാസത്തോടുള്ള ബന്ധത്തിൽ ബാബേലിനെക്കുറിച്ചു മത്തായി സുവിശേഷത്തിലും (1:11,12, 17), അപ്പൊസ്തല പ്രവൃത്തികളിലും (7:43) പരാമർശിച്ചിട്ടുണ്ട്. ”വീണുപോയി; മഹതിയാം ബാബിലോൻ വീണുപോയി” എന്നു വെളിപ്പാടു പുസ്തകത്തിൽ (14:8; 18:2) കാണുന്നു. ഇത് യെശയ്യാവ് 21-9-ന്റെ പ്രതിധ്വനിയാണ്. ഇവിടെ ബാബിലോൻ റോമിനെയാണ് വ്യഞ്ജിപ്പിക്കുന്നത്. ഏഴു കുന്നുകളുടെ പരാമർശം ഈ നിഗമനത്തി സാധുവാക്കുന്നു. (വെളി, 17:9; 16:19; 18:10, 21). മർമ്മം മഹതിയാം ബാബിലോൻ എന്ന പേരോടു കൂടി ഏഴുതലയുളള മൃഗത്തിന്റെ പുറത്തിരിക്കുന്ന സ്ത്രീ റോമാനഗരമാണ്. (വെളി, 17:10). പത്രോസിന്റെ ലേഖനത്തിൽ ബാബിലോനിലെ സഭയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇവിടെ ബാബിലോൻ നഗരം തന്നെയായിരിക്കണം വിവക്ഷിതം. (1പത്രൊ, 5:13).