കൊരിന്ത്യർക്കു എഴുതിയ രണ്ടാം ലേഖനം (Book of 2 Corinthians)
കൊരിന്തിൽ നിന്നും തീത്തൊസ് വന്നപ്പോൾ ആദ്യലേഖനം അവർക്കു കിട്ടിക്കഴിഞ്ഞു എന്നറിഞ്ഞു. ഒന്നാം ലേഖനത്തിൽ സഭയിലെ പ്രശ്നങ്ങളാണ് പൗലൊസ് കൈകാര്യം ചെയ്തതു; എന്നാൽ ഇതിലാകട്ടെ തൻ്റെ ശുശ്രൂഷയെ സംബന്ധിക്കുന്ന പ്രശ്നങ്ങളും. പൗലൊസിന്റെ അധികാരത്തെ തരം താഴ്ത്തിക്കാണിക്കുവാൻ ശ്രമിച്ച അവർക്കു തന്റെ അപ്പൊസ്തലാധികാരത്തെ സ്പഷ്ടമാക്കിക്കൊടുക്കുന്നു. ഈ ലേഖനത്തിലൂടെ അപ്പൊസ്തലൻ സ്വഹൃദയം വെളിപ്പെടുത്തുന്നു. ശാരീരിക ദൗർബ്ബല്യവും പീഡനങ്ങളും അനുഭവിക്കുമ്പോഴും അപ്പൊസ്തലൻ്റെ പെരുമാറ്റം എപ്രകാരമായിരുന്നു എന്ന് ഈ ലേഖനത്തിൽ കാണാം. മുമ്പു ശിക്ഷണത്തിനു വിധേയപ്പെടുത്തേണ്ടിവന്ന ഒരു സഹോദരനെ കൂട്ടായ്മയിൽ യഥാസ്ഥാനപ്പെടുത്തുവാൻ പൗലൊസ് അമിതതാൽപര്യം കാണിക്കുന്നു.
ഗ്രന്ഥകർത്താവ്: ഈ ലേഖനത്തിന്റെ കർത്തൃത്വം നിർവ്വിവാദമാണ്. ലേഖനത്തിലെ ആന്തരിക തെളിവുകൾ അത്രത്തോളം വ്യക്തമാണ്. (1:1; 10:1). പൗലൊസിന്റെ ദൈവശാസ്ത്രത്തിലെയും യുഗാന്ത്യ വിജ്ഞാനീയത്തിലെയും സവിശേഷതകൾ ഈ ലേഖനത്തിലുടനീളം ദൃശ്യമാണ്. ഈ ലേഖനം തികച്ചും വൈയക്തികമാണ്. ലേഖനം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കുറവാണ്. ഒന്നാം ലേഖനത്തിനുള്ളടത്തോളം ബാഹ്യമായ തെളിവുകൾ രണ്ടാം ലേഖനത്തിന്റെ കർത്തൃത്വം തെളിയിക്കാൻ ഇല്ല എന്നു തന്നെ പറയാം. രണ്ടാം നൂറ്റാണ്ടിൽ തന്നെ ഈ ലേഖനം ഉപയോഗത്തിലിരുന്നു എന്നതിനു തെളിവുകളുണ്ട്. പോളിക്കാർപ്പ് ഈ ലേഖനത്തിൽനിന്നും ഉദ്ധരിച്ചിട്ടുണ്ട്. ഇറേന്യൂസും, തിയോഫിലസും, അത്തനാഗോറസും, തെർത്തുല്യനും അലക്സാണ്ട്രിയയിലെ ക്ലെമൻ്റും ഈ ലേഖനത്തിന്റെ ആധികാരികതയ്ക്ക് സാക്ഷ്യം നല്കുന്നു. എന്നാൽ റോമിലെ ക്ലെമൻ്റു ഈ ലേഖനത്തെക്കുറിച്ചൊന്നും മിണ്ടുന്നില്ല. പൌലൊസിന്റെ ലേഖനങ്ങളുടെ പട്ടികയിൽ മാർഷ്യൻ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്.
രചനാകാലം: പൗലൊസിന്റെ മൂന്നാം മിഷണറിയാത്രയിൽ മക്കെദോന്യയിൽ (Macedonia) വച്ചാണ് ഈ ലേഖനം എഴുതിയത്. എ.ഡി. 55 ആയിരിക്കണം രചനാകാലം.
പശ്ചാത്തലം: ഒന്നാം ലേഖനം അയച്ചുകഴിഞ്ഞതിനു ശേഷം സഭയിൽ യെഹൂദാവത്ക്കരണ വാദികളുടെ എതിർപ്പു വർദ്ധിച്ചുവന്നതിന്റെ വാർത്ത അപ്പൊസ്തലന് ലഭിച്ചിരിക്കണം. പെട്ടെന്നൊരു സന്ദർശനത്തിനു പൗലൊസ് മുതിർന്നില്ല. കൊരിന്ത്യസഭയുടെ മുമ്പിൽ പൗലൊസിനെ പരസ്യമായി നിന്ദിച്ചിരിക്കണം. എഫെസൊസിൽ വന്ന പൌലൊസ് ഒരു ലേഖനം എഴുതി തീത്തൊസിൻ്റെ കൈവശം കൊടുത്തയച്ചു. തീത്തൊസ് മടങ്ങിവരുന്നതിനു മുമ്പ് എഫെസൊസിൽ സംഭവങ്ങളുടെ ഗതിമാറുകയാൽ, പൗലൊസിനു അവിടം വിട്ടു പോകേണ്ടിവന്നു. അവിടെനിന്നും ത്രോവാസിലേക്കു പോയ പൗലൊസ് മക്കെദോന്യയിൽ ചെന്നു തീത്തൊസിനെ കണ്ടു. (2കൊരി, 2:12,13). തീത്തൊസിൽ നിന്നും ശുഭവർത്തമാനമാണ്. പൌലൊസിനു ലഭിച്ചത്. (2കൊരി, 7:6-16). ഭൂരിപക്ഷം കൊരിന്ത്യരും അനുതപിച്ചു അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു എന്നും കുറ്റക്കാരനു ശിക്ഷ നല്കി എന്നും തീത്തോസിൽനിന്നും പൌലൊസ് മനസ്സിലാക്കി. എന്നാൽ യെരുശലേമിലുള്ള പാവപ്പെട്ട സഹോദരങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ സഹോദരന്മാർ താല്പര്യപ്പെട്ടിരുന്നു; എങ്കിലും അവർ അതു ചെയ്തിരുന്നില്ല. അതു നല്ല കാര്യമായി പൗലൊസിനു തോന്നിയില്ല. കൂടാതെ വ്യാജോപദേഷ്ടാക്കന്മാർ തൻ്റെ അപ്പൊസ്തലത്വത്തെ ചോദ്യം ചെയ്തതും തീത്തൊസിൽ നിന്ന് അറിയുവാനിടയായി. ഈ പശ്ചാത്തലത്തിലാണ് മക്കെദോന്യയിൽ നിന്ന് 2കൊരിന്ത്യർ എഴുതുന്നത്.
പ്രധാന വാക്യങ്ങൾ: 1. “ഞങ്ങളിൽനിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.” 2കൊരിന്ത്യർ 3:5.
2. “എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.” 2കൊരിന്ത്യർ 3:18.
3. “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.” 2കൊരിന്ത്യർ 5:14,15.
4. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.” 2കൊരിന്ത്യർ 5:17.
5. “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” 2കൊരിന്ത്യർ 5:21.
6. “ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.” 2കൊരിന്ത്യർ 10:4.
7. “ബലഹീനതയാൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കു വേണ്ടി ജീവിക്കുന്നു.” 2കൊരിന്ത്യർ 13:4.
8. “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.” 2കൊരിന്ത്യർ 13:14.
വിഷയവിഭജനം: I. വന്ദനവും സ്തോത്രാർപ്പണവും: 1:1-7.
II. വ്യക്തിപരമായ പെരുമാറ്റത്തെ ന്യായീകരിക്കുന്നു: 1:8-2:13.
III. മഹത്ത്വം ദൈവത്തിന്: 2:14-4:12. 1. ക്രിസ്തുവിൽ ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്തോത്രം: 2:14-17.
2. പുതിയനിയമത്തിന്റെ വൈശിഷ്ട്യം: 3:1-4:6.
3. സുവിശേഷത്തിന്റെ നിക്ഷേപവും ആ നിക്ഷേപം വഹിക്കുന്ന പാത്രവും തമ്മിലുള്ള താരതമ്യം: 4:7-12.
IV. പൌലൊസിന്റെ ഉറപ്പിന്റെ അടിസ്ഥാനം: 4:13-5-10.
മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിലാണ് ഈ ഉറപ്പ്. അതിനാൽ മരണം പോലും ആ ഉറപ്പിനെ ബാധിക്കയില്ല.
V. പൌലൊസിലുള്ള പ്രേരകശക്തി: 5:1-21.
1. ക്രിസ്തുവിന്റെ സ്നേഹം നിർബ്ബന്ധിക്കുന്നു: 5:11-15.
2. നിരപ്പിന്റെ സുവിശേഷം: 5:16-21.
VI. പ്രതികരണത്തിനായുള്ള അപേക്ഷ: 6:1-7:4.
VII. കൊരിന്ത്യസഭയിൽ അപ്പൊസ്തലനുള്ള സന്തോഷവും ഉറപ്പും: 7:5-16.
VIII. യെരുശലേമിലെ വിശുദ്ധന്മാർക്കുവേണ്ടിയുള്ള ധർമ്മശേഖരം: 8:1-9:15.
1. മക്കദോന്യസഭകളുടെ മാതൃക: 8:15.
2. കൊരിന്തിലേക്കു അയച്ചവരെ പ്രശംസിക്കുന്നു: 8:16-24.
3. സന്തോഷത്തോടെ ധാരാളമായി കൊടുക്കാൻ ഉപദേശിക്കുന്നു: 9:1-15.
IX. വ്യാജ അപ്പൊസ്തലന്മാർക്ക് എതിരെയുള്ള മുന്നറിയിപ്പ: 10:1-13:10.
X. സമാപനവാക്കുകളും ആശീർവാദവും: 13:11-14.
സവിശേഷതകൾ: ഒരേ വായനക്കാർക്കു എഴുതിയതാണെങ്കിലും 2കൊരിന്ത്യർ അതിന്റെ രചനയിലും ശൈലിയിലും 1കൊരിന്ത്യരിൽ നിന്നു വഴരെ ഭിന്നമാണ്. തീത്തൊസിന്റെ റിപ്പോർട്ടുമൂലം കുറെ ലഘുകരിച്ചെങ്കിലും തന്റെ ആത്മാവിന്റെ തീക്ഷ്ണതയും മനസ്സിന്റെ വ്യഗ്രതയും ഇതിൽ പ്രതിഫലിച്ചുകാണാം. ആദ്യത്തെ ഏഴദ്ധ്യായങ്ങളിൽ ചിന്തകൾ ദൂരദർശിനിയിലെന്നപോലെ ഒന്നിനൊന്നു വികാസം പ്രാപിക്കുന്നതു ശ്രദ്ധേയമാണ്. ഒന്നാം ലേഖനത്തിൽ സഭയിലെ ദോഷങ്ങൾക്കു സർവ്വരോഗ നിവാരണൗഷധം ക്രൂശും ക്രിസ്തുവിന്റെ മരണവുമാണെങ്കിൽ, രണ്ടാമത്തേതിൽ അവന്റെ പുനരുത്ഥാനവും മഹത്ത്വവുമാണ് ഉറപ്പിച്ചു പറയുന്നത്. തേജസ്സ് (മഹ ത്ത്വം) എന്ന പദത്തിന്റെ ഏതാണ്ട് 20 പ്രാവശ്യത്തെ പരാമർശം, അതിനെ ഈ ലേഖനത്തിലെ പ്രധാന വിഷയങ്ങളിൽ ഒന്നാക്കുന്നു.
ഉപദേശം പ്രായോഗിക ജീവിതത്തിൽനിന്നു വേർതിരിക്കുന്ന പൗലോസിന്റെ മറ്റു ലേഖനങ്ങളിൽ നിന്നു വ്യത്യസ്തമായി 2കൊരിന്ത്യരിൽ ഇവ കൂടിക്കലരുന്നു. വിശുദ്ധന്മാരുടെ ശരീരങ്ങളുടെ പുനരുത്ഥാനം, ന്യായവിസ്താരം, ക്രിസ്തുവിന്റെ പരിത്യാഗം, ദൈവത്തിന്റെ പറുദീസാ ഇവയെല്ലാം ക്രിസ്തീയ ജീവിതത്തെ സ്വാധീനിക്കുന്നതായി താൻ മനസ്സിലാക്കി. ഓരോ ഉപദേശവും ജീവിതവുമായി ബന്ധമുള്ളതാണ്. അത് കേവലമൊരു സിദ്ധാന്തമല്ല, ദൈവഹിതത്തോടു നമ്മെ അനുരൂപപ്പെടുത്തുന്നതിനു പ്രേരിപ്പിക്കുന്ന ഒരു ഉത്തോലകമായിരിക്കേണ്ടതാണ്. കർത്താവിന്റെ പുനരാഗമന പരാമർശത്തിന്റെ അഭാവം ഈ ലേഖനത്തിന്റെ ഒരു പ്രത്യേകതയാണ്. ഇതിൽ, വിശ്വാസികളുടെ ആശ്വസിപ്പിക്കുന്ന വിഷയമായി ഉൽപ്രാപണത്തിന്റെ പ്രത്യാശയെ താൻ അവതരിപ്പിക്കുന്നില്ല. പിന്നെയോ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയും അവന്റെ വർത്തമാനകാല മഹത്ത്വത്തെയും ഉയർത്തിക്കാണിക്കുന്നു. അവ, കഷ്ടങ്ങളുടെ നടുവിൽ നമ്മെ ബലപ്പെടുത്തുന്ന ശക്തിയായി വർത്തിക്കുന്നു.
നിശിതമായ വൈപരീത്യങ്ങളുടെ ഉപയോഗം ഇതിന്റെ ഒരു പ്രത്യേകതയാണ്. ‘ലഘുവായ കഷ്ടം’ ‘തേജസ്സിന്റെ ഘനം’ (4:17), ‘അഴിഞ്ഞുപോകുന്ന കൂടാരം’ ‘നിത്യമായ ഭവനം’ (5:1), ‘ദു:ഖിതരെങ്കിലും സന്തോഷിക്കുന്നവർ’ ‘ദരിദ്രരെങ്കിലും പലരെയും സമ്പന്നരാക്കുന്നവർ’ (6:10), ‘മഹാദാരിദ്ര്യം’ ‘സമൃദ്ധമായ ഔദാര്യം’ (8:2), ‘കുട്ടയിൽ ഇറക്കിവിടുക’ (11:33), ‘മൂന്നാം സ്വർഗത്തോളം എടുക്കപ്പെടുക’ (12:2) മുതലായവ ചില ഉദാഹരണങ്ങളാണ്. ഇവ പൂർവ്വാപരവിരുദ്ധമായി തോന്നാമെങ്കിലും എഴുത്തിനു വ്യക്തത നല്കുകയും എഴുത്തുകാരന്റെ ഹൃദയജാലകം നമുക്കു തുറന്നു കാണിക്കുകയും ചെയ്യുന്നു. ഈ ലേഖനത്തിലെ ഒടുവിലത്തെ നാല് അദ്ധ്യായങ്ങളിലെപ്പോലെ മറ്റൊരിടത്തും പൗലോസ് വിപരീതാർത്ഥ പ്രയോഗം നടത്തിയിട്ടില്ല. എതിരാളികളുടെ വ്യർത്ഥ കാഴ്ചപ്പാടുകളെ അവരുടെ വാക്കുകൾ കൊണ്ടു ഖണ്ഡിക്കുകയും യഥാർത്ഥത്തിൽ സത്യമായതിന്റെ വിപരീതമാണ് ആവിർഭവിക്കുന്നതെന്ന് വെളിപ്പെടുത്തുകയുമാണ് ഈ പ്രയോഗത്താൽ താൻ സാധിക്കുന്നത്.
ഉപദേശപരമായും പ്രാധാന്യമുള്ള ഒരു ലേഖനമാണിത്. പഴയ പുതിയ നിയമങ്ങൾ തമ്മിലുള്ള വ്യത്യാസം (അ.3), ക്രിസ്തുവിന്റെ പാപപരിഹാരബലി (5:21), സുവിശേഷത്തിന്റെ മഹത്ത്വം (4:5,6), മരണാനന്തര സ്ഥിതി (5:1-10), നിരപ്പിന്റെ സുവിശേഷം (5:18-20) ആദിയായി ഉപദേശ പ്രധാനങ്ങളായ പലഭാഗങ്ങളും ഇതിൽ കാണുന്നുണ്ട്. പൗലൊസിനെക്കുറിച്ചു അനന്യലഭ്യമല്ലാത്ത ചില വസ്തുതകൾ ഈ ലേഖനത്തിലുണ്ട്. ദമസ്ക്കോസിൽ നിന്നുള്ള രക്ഷപെടൽ (11:32,33), യഹൂദന്മാർ അഞ്ചുവട്ടവും റോമാക്കാർ മൂന്നുവട്ടവും ചമ്മട്ടികൊണ്ടടിച്ചത് (11:2, 25), മൂന്നു പ്രാവശ്യം കപ്പൽച്ചേതത്തിൽ അകപ്പെട്ടത് (11:25), ദർശനങ്ങളും വെളിപ്പാടുകളും ലഭിച്ചത് (12:1:4), ജഡത്തിലെ ശൂലം (12:7) മുതലായവ. കൂടാതെ ഒരു മാതൃകാ പുരുഷനായിട്ടാണ് പൗലൊസ് ഈ ലേഖനത്തിൽ വെളിപ്പെടുന്നത്. ദൈവനാമ മഹത്വത്തിനായി സന്തോഷത്തോടെ കഷ്ടം സഹിക്കുക, ദരിദ്രരെ സഹായിക്കാൻ ഒരുങ്ങിയിരിക്കുക, സത്യസന്ധത, കഷ്ടതകളിൽ സഹിഷ്ണുത കാണിക്കുക എന്നിവയിൽ താൻ അഗ്രഗണ്യനായിരുന്നു. ഈ ലേഖനത്തിൽ ശുശ്രൂഷ എന്ന പദം അതിന്റെ വിവിധരൂപത്തിൽ 18 പ്രാവശ്യം കാണുന്നു. മഹത്ത്വം എന്ന പദം 20 പ്രാവശ്യവും പ്രശംസ എന്നപദം വിവിധ രൂപത്തിൽ 31 പ്രാവശ്യവും കാണാം. ആശ്വാസം എന്ന വാക്ക് ഒന്നാമദ്ധ്യായത്തിൽ 10 പ്രാവശ്യവും കഷ്ടത എന്ന വാക്ക് 7 പ്രാവശ്യവും കാണുന്നു. ഇതര ലേഖനങ്ങളിൽ പ്രയോഗിക്കാത്ത 171 വാക്കുകൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. അവയിൽ 91 എണ്ണം പുതിയ നിയമത്തിൽ വേറെയെങ്ങുമില്ല.
ദൈവം തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ വിശ്വസ്തനാണെന്ന് ക്രിസ്തുവിലൂടെ വെളിപ്പെടുത്തിയ ഉടമ്പടിമൂലം വ്യക്തമാക്കി. (1:18, 20; 3:3-6, 14-18). ദൈവം ക്രിസ്തുവിനുള്ളവരെ വിടുവിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുവാൻ ശക്തനാണ്. (1:3-11; 4:7-9; 7:6). ക്രിസ്തു പൂർവ്വാസ്തിക്യമുള്ള ദൈവപുത്രനാണ്. (1:19; 8:9). ദൈവപ്രതിമയാണ് (4:4), കർത്താവാണ് (4:5), എല്ലാവരുടെയും ന്യായാധിപനാണ് (5:10), പാപരഹിതനായ നമ്മുടെ പകരക്കാരനാണ്. അവൻ മൂലം നമുക്കു നിരപ്പു ലഭിച്ചു (5:14-21). ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചുള്ള ഏറ്റവും മഹത്തായ പ്രസ്താവന ഈ ലേഖനത്തിലാണു നാം കാണുന്നത്. (5:21). പുതിയ നിയമ ശുശ്രൂഷയുടെ മാഹാത്മ്യം (3:2-11; 4:10-15; 6:1-10; 11:21-23). ദൈവവചനം ഒരുത്തനും കൂട്ടുവാനും കുറയ്ക്കുവാനും പാടില്ലാത്തവണ്ണം നിശ്ചിത ഉള്ളടക്കം ഉൾക്കൊള്ളുന്നതാണ്. (4:2-11:4). ഏതു മത്സരിയേയും ദൈവകല്പനയ്ക്കു വിധേയപ്പെടുത്തുവാൻ വചനത്തിനു ശക്തിയുണ്ട്. (4:6; 10:4,5). പൗലോസ് ജാതികൾക്കായുള്ള ക്രിസ്തുവിന്റെ അപ്പൊസ്തലനാണ്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനാലാണ് തനിക്കു ആ മഹത് നിയോഗം ലഭിച്ചത്. (അ. 10:12; 12,13; 13:10). തന്റെ അപ്പൊസ്തലത്വത്തെ ചോദ്യം ചെയ്തവർക്കെതിരെയുള്ള പ്രതിരോധമാണ് ഈ ലേഖനം. ക്രിസ്തീയമായ ദാനം ചെയ്യൽ; അതിനു പ്രചോദനം ക്രിസ്തുവിൻ്റെ സ്വയംദാനമാണ്. (അ.8,9).