തെസ്സലൊനീക്യർക്കു എഴുതിയ ഒന്നാം ലേഖനം (Book of 1 Thessalonians)
പുതിയനിയമത്തിലെ പതിമുന്നാമത്തെ ലേഖനം. തെസ്സലൊനീക്യർക്കുള്ള ഒന്നും രണ്ടും ലേഖനങ്ങൾ പൌലൊസിന്റെ ആദ്യലേഖനങ്ങളായി കരുതപ്പെടുന്നു. പൌലൊസിന്റെ ആദ്യലേഖനം ഗലാത്യർക്ക് എഴുതിയതാണെന്ന അഭിപ്രായവും പ്രബലമാണ്. ഈ ലേഖനങ്ങളുടെ പ്രമേയം ക്രിസ്തുവിന്റെ പുനരാഗമനമാണ്. അതിനാൽ ഇവയെ യുഗാന്ത്യശാസ്ത്ര ലേഖനങ്ങൾ എന്നു വിളിക്കുന്നു.
ഗ്രന്ഥകർത്താവ്: പൗലൊസും സില്വാനൊസും തിമൊഥയൊസും ചേർന്നാണ് ഈ ലേഖനം എഴുതിയത്. പൗലൊസ് എഴുതിയതാണെന്ന ധ്വനി ഈ ലേഖനത്തിൽ രണ്ടിടത്തുണ്ട്: (1:1; 2:1). പൗലൊസിന്റെ സ്വഭാവം ഈ ലേഖനത്തിൽ വ്യക്തമായി നിഴലിട്ടു കാണുന്നു. പൗലൊസിനു തെസ്സലൊനീക്യരുടെ ക്ഷേമത്തിലുള്ള ആകാംക്ഷ (3:1,2), അവരുടെ ആത്മികവർദ്ധനവിലുള്ള ആത്മാർത്ഥമായ ആഗ്രഹം (3:8-11), അവരോടുള്ള മനസ്സലിവ് (2:7), നിരാശയിലും ദു:ഖത്തിലും കഴിയുന്നവരോടുളള സഹാനുഭൂതി (4:13,18) എന്നിവ പ്രത്യേകം ശ്രദ്ധാർഹമാണ്. പൗലൊസിന്റെ കർത്തൃത്വത്തെക്കുറിച്ചുളള ബാഹ്യമായ തെളിവുകളും കുറവല്ല. ഈ ലേഖനം പൗലൊസിന്റെ അണെന്ന് ആദ്യം പ്രസ്താവിച്ചത് അലക്സാണ്ട്രിയയിലെ ക്ലെമന്റ് ആണെന്നു തോന്നുന്നു. മാർഷ്യൻ കാനോനിൽ പൗലൊസിന്റെ ലേഖനങ്ങളുടെ കൂട്ടത്തിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ സിറിയൻ, ലത്തീൻ ഭാഷാന്തരങ്ങളിലും തെസ്സലൊനീക്യലേഖനം ഉണ്ട്. മുറട്ടോറിയൻ ലിഖിതത്തിൽ പൌലൊസിന്റെ ലേഖനങ്ങളിൽ ആറാമത്തെ സ്ഥാനം ഇതിനു നല്കിയിരിക്കുന്നു. തെർത്തുല്യനും ഇതിൽ നിന്നും പൗലൊസിന്റേതായി ഉദ്ധരിച്ചിട്ടുണ്ട്.
പശ്ചാത്തലവും കാലവും: തന്റെ രണ്ടാം മിഷണറി യാതയിലാണ് പൗലൊസ് അപ്പൊസ്തലൻ തെസ്സലൊനീക്യ സഭ സ്ഥാപിച്ചത്. യെഹൂദന്മാരുടെ തീവ്രമായ വൈരം കാരണം തന്റെ ദൗത്യം പൂർത്തിയാക്കുവാൻ പൗലൊസിനു സാധിച്ചില്ല. (പ്രവൃ, 17:1-9). തെസ്സലൊനീക്യ വിടുവാൻ പ്രരിതനായ പൗലൊസ് ബെരോവയിലേയ്ക്കും അവിടെ നിന്ന് അഥേനയിലേക്കും പോയി. (പ്രവൃ, 17:15-34). പൗലൊസിൻ്റെ തെസ്സലൊനീക്യയിലെ ജീവിതത്തെക്കുറിച്ചുള്ള സൂചന ഈ ലേഖനത്തിലുണ്ട്. (അ.2). അഥേനയിൽ വച്ച് തിമൊഥയൊസ് പൗലൊസിനോടു ചേർന്നു. തെസ്സലൊനീക്യയിലെ സഭയെക്കുറിച്ച് മനസ്സിലാക്കുന്നതിനു തിമൊഥയൊസിനെ പൗലൊസ് തെസ്സലൊനീക്യയിലേക്കു മടക്കി അയച്ചു. (1തെസ്സ, 3:1-3). പൗലൊസ് അവിടെനിന്നു കൊരിന്തിലേക്കു പോയി. പ്രവൃത്തി 18:5-ൽ പറയുന്നതനുസരിച്ച് ശീലാസും തിമൊഥയാസും കൊരിന്തിൽ വച്ച് അപ്പൊസ്തലനോടു ചേർന്നു. തെസ്സലൊനീക്യ സഭയെക്കുറിച്ചു തിമൊഥയൊസ് നൽകിയ വിവരങ്ങൾ വച്ചുകൊണ്ടാണ് പൗലൊസ് ഈ ലേഖനം എഴുതിയത്. കൊരിന്തിൽ വച്ചു പൗലൊസിനെ ദേശാധിപതിയായ ഗല്ലിയോൻ്റെ മുമ്പിൽ കൊണ്ടുപോയി. (പ്രവൃ, 18:12). ഡെൽഫിയിൽ നിന്നും കണ്ടെടുത്ത ഒരു ലിഖിതം അനുസരിച്ച് എ.ഡി. 52-ൽ ആണ് ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായിരുന്നത്. ദേശാധിപതിയുടെ കാലാവധി ഒരു വർഷം ആണ്. ചില സന്ദർഭങ്ങളിൽ അതു രണ്ടു വർഷമായി നീട്ടികൊടുത്തിരുന്നു. കൊരിന്തിൽ ഒന്നരവർഷത്ത പ്രവർത്തനത്തിനു ശേഷമാണ്, പൗലൊസിനെ ഗല്ലിയോന്റെ മുമ്പിൽ കൊണ്ടുപോയത്. ഇതിൽനിന്നും പൗലൊസ് കൊരിന്തിൽ വന്നത് എ.ഡി .. 50-ന്റെ ആരംഭത്തിലാണെന്നും ലേഖനത്തിന്റെ രചനാകാലം എ.ഡി. 51 ആണെന്നും മനസ്സിലാക്കാം.
ഉദ്ദേശ്യം: പീഡനം ഹേതുവായി പൗലൊസിനു പൊടുന്നനവെ തെസ്സലൊനീക്യ വിട്ടുപോകേണ്ടിവന്നു. പുതുവിശ്വാസികൾക്കു വളരെ ചുരുങ്ങിയ പ്രബോധനം നല്കുന്നതിനു മാത്രമേ അപ്പൊസ്തലന് കഴിഞ്ഞിരുന്നുള്ളൂ. തിമൊഥയൊസിൽ നിന്നും സഭയുടെ ഏതത്കാല സ്ഥിതി മനസ്സിലാക്കിയ പൗലൊസ് താഴെ പറയുന്ന ലക്ഷ്യങ്ങളോടു കൂടി ഈ ലേഖനം എഴുതി: 1. പീഡനത്തിന്റെ മദ്ധ്യത്തിലും സഹിഷ്ണുതയോടുകൂടി അവർ വിശ്വാസത്തിൽ നിലനില്ക്കുന്നതിൽ തനിക്കുള്ള സന്തോഷം അവരെ അറിയിക്കുക: (3:16). 2. വിരോധികളുടെ ആരോപണങ്ങൾക്ക് മറുപടി നല്കുക: (2:1-12). 3. വിശുദ്ധജീവിതം, സഹോദരപ്രീതി തുടങ്ങിയ പ്രായോഗിക കാര്യങ്ങളിൽ പ്രബോധനം നല്കുക: (4:3-12). 4. ക്രിസ്തുവിന്റെ പുനരാഗമനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ തിരുത്തുക. തങ്ങളുടെ മരിച്ചുപോയ സുഹൃത്തുക്കൾ ക്രിസ്തുവിൻ്റെ വീണ്ടുംവരവിൽ പങ്കാളികളാകുമോ എന്ന സംശയം ചിലർക്കുണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവ് ഉടൻ സംഭവിക്കുമെന്നു കരുതി അവർ ദൈനംദിന പ്രവൃത്തികളിൽ അശ്രദ്ധരായിരുന്നു.
പ്രധാന വാക്യങ്ങൾ: 1. “ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗ്ഗത്തിൽനിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു.” 1തെസ്സലൊനീക്യർ 1:9.
2. “ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചു കൊണ്ടു സംസാരിക്കുന്നതു.” 1തെസ്സലൊനീക്യർ 2:4.
3. “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” 1തെസ്സലൊനീക്യർ 2:13.
4. “സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങൾ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു. നിങ്ങൾ കർത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞു ഞങ്ങൾ വീണ്ടും ജീവിക്കുന്നു.” 1തെസ്സലൊനീക്യർ 3:7,8.
5. “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.” 1തെസ്സലൊനീക്യർ 4:3-5.
6. “കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” 1തെസ്സലൊനീക്യർ 4:16-17.
7. “എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.” 1തെസ്സലൊനീക്യർ 5:16-18.
സവിശേഷതകൾ: 1. പുതിയനിയമത്തിൽ ആദ്യം എഴുതപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണിത് 2. സഭയെ എടുത്തു കൊള്ളുന്നതിന് ക്രിസ്തു വരുമ്പോൾ മരിച്ചുപോയവരെ ഉയിർപ്പിക്കുന്നതിനെ കുറിച്ചും (4-13-18), കർത്താവിന്റെ ദിവസത്തെ കുറിച്ചും ഉളള (5:11) വ്യക്തമായ രേഖ ഈ ലേഖനത്തിലുണ്ട്. 3. അഞ്ചദ്ധ്യായങ്ങളിലും ക്രിസ്തുവിന്റെ പുനരാഗമനത്തെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. (1:10; 2:19; 3:13; 4:13-18; 5:1-11, 23). 4. ആദിമകാലത്തെ അപക്വവും വിശ്വാസത്തിൽ തീക്ഷ്ണവുമായ ഒരു സഭയുടെ ചിത്രം ഇതിലണ്ട്. 5. മനുഷ്യൻ ആളത്തത്തിൽ ദേഹം, ദേഹി, ആത്മാവ് എന്നീ മൂന്നു ഘടകങ്ങളുടെ അസ്തിത്വം വ്യക്തമാക്കുന്ന ഏകവാക്യം ഈ ലേഖനത്തിലാണ്: (5:23).
ബാഹ്യരേഖ: I. മുഖവുര: 1:1-1.
II. മാതൃകായോഗ്യമായ സഭ: 1:1-10.
1. തെസ്സലൊനീക്യർക്കു വേണ്ടി സ്തോത്രം ചെയ്യുന്നു: 1:2-4.
2. അവരുടെയിടയിൽ സുവിശേഷത്തിന്റെ പ്രവർത്തനം: 1:5-10.
III. മാതൃകാ ശുശ്രൂഷകൻ: 2:1-20.
1. പൌലൊസിന്റെ തെസ്സലൊനീക്യയിലെ ശുശ്രൂഷ: 2:1-12.
2. തെസ്സലൊനീക്യരുടെ പ്രതികരണം: 2:13-16.
3. അപ്പൊസ്തലന് തെസ്സലൊനീക്യരോടുളള അനന്തര ബന്ധം: 2:17-20.
IV. മാതൃകാ സഹോദരൻ: 3:1-13.
1. അപ്പൊസ്തലിക കരുതലും അവരുടെ ക്ഷേമവും: 3:1-8.
2. അപ്പൊസ്തലിക മാദ്ധ്യസ്ഥം: 3:9-13.
V. മാതൃകാപരമായ നടപ്പ്: 4:1-18.
1. നടപ്പിന്റെ വിവരണം: 4:12.
2. ക്രിസ്തുവിന്റെ രണ്ടാം വരവ്: 4:13-18.
VI. മാതൃകാപരമായ ജാഗ്രതയും കർത്താവിന്റെ ദിവസവും: 5:1-24.
1. കർത്താവിന്റെ ദിവസവും ജാഗ്രതയുടെ ആവശ്യവും: 5:1-11.
2. സഭയോടുളള കർത്തവ്യങ്ങളും സ്വകാര്യ ജീവിതവും: 5:12-22.
3. വിശുദ്ധീകരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന: 5:23,24.
VII. ഉപസംഹാരം: 5:25-28.