1യോഹന്നാൻ

യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം (Book of 1 John)

പുതിയനിയമത്തിലെ ഇരുപത്തിമൂന്നാമത്തെ പുസ്തകം, സാർവ്വത്രിക ലേഖനങ്ങളിൽ നാലാമത്തേതും. അഭിവാദനം, അന്തിമവന്ദനം, വ്യക്തികൾക്കുള്ള സന്ദേശം എന്നിങ്ങനെയുള്ള ഒരെഴുത്തിന്റെ രൂപം ഈ ലേഖനത്തിനില്ല. ആസ്യയിലെ സഭകളെ അഭിസംബോധന ചെയ്തതെഴുതിയ ഒരിടയലേഖനം അഥവാ ചാക്രിക ലേഖനമായിരിക്കണം ഇത്. ക്രിസ്തുമതത്തിന്റെ അടിസ്ഥാന ഉപദേശങ്ങളുടെ വിശദീകരണവും പ്രായോഗിക ജീവിതത്തിൽ പിന്തുടരേണ്ട നൈതികോപദേശങ്ങളും ഈ ലേഖനത്തിലുണ്ട്. 

ഗ്രന്ഥകർത്താവും കാലവും: നാലാം സുവിശേഷത്തിന്റെ കർത്താവു തന്നെയാണ് ഈ ലേഖനത്തിന്റെയും കർത്താവ്. സുവിശേഷത്തിലോ ലേഖനത്തിലോ എഴുത്തുകാരൻ തന്റെ പേരു നിർദ്ദേശിച്ചിട്ടില്ല. ആദിമസഭ രണ്ടു ഗ്രന്ഥങ്ങളുടെയും എഴുത്തുകാരനായി യേശുക്രിസ്തുവിന്റെ 12 അപ്പൊസ്തലന്മാരിൽ ഒരുവനായ യോഹന്നാനെ അംഗീകരിച്ചിരുന്നു. സാർവ്വത്രിക ലേഖനങ്ങളിൽ ബാഹ്യതെളിവുകൾ അധികമുള്ളത് ഇതിനാണ്. പാപ്പിയാസ്, ഐറേനിയുസ്, തെർത്തുല്യൻ, അലക്സാണ്ട്രിയയിലെ ക്ലെമന്റ് തുടങ്ങിയവർ ഈ ലേഖനത്തിന്റെ കർത്താവു യോഹന്നാൻ അപ്പൊസ്തലനാണെന്നു എ.ഡി. രണ്ടാം നൂറ്റാണ്ടിൽ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുററ്റോറിയൻ ലിഖിതത്തിലും പഴയ സുറിയാനി പരിഭാഷയിലും ഇതിനെ യോഹന്നാന്റെ ലേഖനമായി ചേർത്തിട്ടുണ്ട്. ലേഖനത്തിലെ ആന്തരിക തെളിവുകളും ലേഖനകർത്താവ് യോഹന്നാൻ ആണെന്ന നിഗമനത്തെ ശരിവയ്ക്കുന്നു. അപ്പൊസ്തലിക അധികാരത്തോടു കൂടിയാണ് എഴുത്തുകാരൻ എഴുതുന്നത്. (1:2; 2;1; 4:6, 14). അദ്ദേഹത്തിന് ക്രിസ്തുവുമായി വൈയക്തിക ബന്ധമുണ്ടായിരുന്നു; സുവിശേഷത്തിന്റെ ആധാരവസ്തുതകളുടെ പ്രത്യക്ഷജ്ഞാനം സിദ്ധിച്ചിരുന്നു. (1:1-3; 4:14). ജീവിതം മുഴുവൻ താൻ പഠിപ്പിച്ച സത്യങ്ങൾ ശിഷ്യന്മാർക്കു വേണ്ടി ഒടുവിലായി രേഖപ്പെടുത്തി നല്കുന്ന വൃദ്ധനായ ഒരപ്പൊസ്തലന്റെ ശൈലിയും സ്വരവുമാണു ഈ ലേഖനത്തിനുള്ളത്. പ്രതിപാദ്യം, പ്രതിപാദനരീതി, ഭാഷ, ശൈലി എന്നിവയിൽ സുവിശേഷത്തിനും ഈ ലേഖനത്തിനും തമ്മിൽ അന്യാദൃശമായ സാമ്യമുണ്ട്. 51 സാമ്യങ്ങൾ ബ്രൂക്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുവിശേഷത്തിന്റെ നൈതികവും പ്രായോഗികവുമായ സമീപനമാണ് ലേഖനം. ജീവൻ, വെളിച്ചം, ഇരുട്ട്, ലോകം തുടങ്ങിയ സുവിശേഷപദങ്ങളും നിത്യജീവൻ, പുതിയ കല്പന, ക്രിസ്തുവിൽ വസിക്കുക തുടങ്ങിയ സവിശേഷപ്രയോഗങ്ങളും രണ്ടു ഗ്രന്ഥങ്ങളിലും കാണാം. വൈജാത്യങ്ങൾ വളരെ കുറവാണ്; ഉള്ളവ തന്നെ വിശദീകരണക്ഷമവും. ആദ്യം എഴുതപ്പെട്ടത് സുവിശേഷമാണോ ലേഖനമാണോ എന്നു വ്യക്തമായി പറയുവാൻ കഴിയുകയില്ല. അപ്പൊസ്തലന്റെ ജീവിത സായാഹ്നത്തിൽ അതായത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി സുവിശേഷം എഴുതപ്പെട്ടു എന്നാണ് പാരമ്പര്യം. ക്രിസ്തീയ ഉപദേശത്തെ പഴയകല്പന (2:7) എന്നു പറയുന്നതിൽ നിന്നും ക്രിസ്തു മാർഗ്ഗം കുറെക്കാലമായി നിലനില്ക്കുന്നു എന്ന ധ്വനി ലഭിക്കുന്നു. ലേഖനത്തിന്റെ രചനാകാലം പിന്നീടാണന്നതിന്റെ പരോക്ഷസൂചനയാണത്. ജ്ഞാനമതത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ കാലത്താണ് ഈ ലേഖനം എഴുതിയത്. ട്രാജന്റെ കാലം വരെ (98-117) യോഹന്നാൻ ജീവിച്ചിരുന്നതായി ഐറീനിയസ് പ്രസ്താവിച്ചിട്ടുണ്ട്. മിക്കവാറും എ.ഡി. 90-നും 100-നും ഇടയ്ക്ക് എഫെസൊസിൽ വച്ചു ഈ ലേഖനം എഴുതിയിരിക്കണം. 

അനുവാചകർ: അനുവാചകരെ കുറിച്ചുള്ള വ്യക്തമായ സൂചന ലേഖനത്തിലില്ല. പാർത്ഥ്യർക്കെഴുതി എന്ന അഗസ്ത്യന്റെ അഭിപ്രായം എല്ലാവർക്കും സമ്മതമല്ല. പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണികളുടെ അഭാവവും വിഗ്രഹങ്ങൾക്ക് എതിരെയുള്ള താക്കീതും (5:21) അനുവാചകർ വിജാതീയരാണെന്ന നിഗമനത്തിനു വഴി നല്കുന്നു. ലേഖനത്തിലെ സൂചനകളിൽ നിന്നും അവർ ക്രിസ്ത്യാനികളായിട്ടു വളരെ നാളുകളായി എന്നും ക്രിസ്തീയ സത്യങ്ങളെക്കുറിച്ചു അവർക്കു അനല്പമായ അറിവുണ്ടായിരുന്നു എന്നും വ്യക്തമാണ്. (2:7, 18, 20, 21, 24, 27; 3:11). അപ്പൊസ്തലന്റെ ഒടുവിലത്തെ വർഷങ്ങൾ എഫെസൊസിലാണ് ചെലവഴിച്ചത്. ആസ്യയിലെ സഭകളിലും അപ്പൊസ്തലൻ ശുശ്രൂഷിച്ചിരുന്നു. (വെളി, 1:11). തന്മൂലം എഫെസൊസിലെയും ആസ്യയിലെയും വിശ്വാസികൾക്കു വേണ്ടിയാണ് അപ്പൊസ്തലൻ ഈ ലേഖനമെഴുതിയതെന്ന് ഉറപ്പാക്കാം. 

ഉദ്ദേശ്യം: ലേഖനരചനയുടെ പിന്നിലുള്ള ഉദ്ദേശ്യങ്ങൾ പ്രധാനമായും നാലാണെന്നു അപ്പൊസ്തലൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1. നമ്മുടെ സന്തോഷം പൂർണ്ണമാകുന്നതിന് (1:4); 2. പാപം ചെയ്യാതിരിക്കുന്നതിന് (2:1); 3. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കു നിത്യജീവൻ ഉണ്ടെന്നു അറിയേണ്ടതിന് (5:3); 4. ദുരുപദേഷ്ടാക്കന്മാർക്കെതിരെ മുന്നറിയിപ്പു നല്കുന്നതിന് (2:16). തന്റെ എതിർപ്പിനു വിധേയമാകുന്ന ദുരുപദേശങ്ങളെക്കുറിച്ചു അപ്പൊസ്തലൻ സ്പഷ്ടമായി പറയുന്നില്ല. എന്നാൽ ജ്ഞാനമതമാണ് അപ്പൊസ്തലന്റെ വീക്ഷണത്തിൽ ഉണ്ടായിരുന്നതെന്നു ലേഖനം വ്യക്തമാക്കുന്നുണ്ട്. ദുരുപദേഷ്ടാക്കന്മാർ എതിർക്രിസ്തുക്കൾ ആണ്. (2:18, 22; 4:3). സാധാരണ ക്രിസ്ത്യാനിക്കു ലഭിച്ചിട്ടുള്ളതിനെക്കാൾ ഉന്നതമായ ജ്ഞാനം ലഭിച്ചിട്ടുണ്ടെന്നവർ അവകാശപ്പെടുന്നു. (1യോഹ, 2:4). അവർ യേശുവിന്റെ ക്രിസ്തുത്വത്തെയും (2:22), ദൈവപുത്രത്വത്തെയും (4:15; 5:5), യേശുക്രിസ്തുവിന്റെ ജഡത്തിലുള്ള വെളിപ്പാടിനെയും (4:2) നിഷേധിക്കുന്നു. സഭയുടെ നൈതിക ഉപദേശത്തെയും ജ്ഞാനവാദികൾ എതിർക്കുന്നു. മനുഷ്യ ആളത്തത്തിനു ദൈവത്തോടുള്ള നൈതികമായ എതിർപ്പല്ല, മറിച്ചു ദ്രവ്യത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ഭൗതികതത്വം മാത്രമാണ് പാപം എന്നതേ അവർ പഠിപ്പിക്കുന്നത്. 

പ്രധാന വാക്യങ്ങൾ: 1. “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു” 1യോഹന്നാൻ 1:1,2.

2. “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” 1യോഹന്നാൻ 1:8,9.

3. “അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” 1യോഹന്നാൻ 2:2.

4. “അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.” 1യോഹന്നാൻ 3:6.

5. “പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.” 1യോഹന്നാൻ 4:7.

6. “ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.” 1യോഹന്നാൻ 5:13.

7. “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” 1യോഹന്നാൻ 5:20.

വിഷയരേഖ: 1. ജഡത്തിലുള്ള വെളിപ്പാടിൻ്റെ ഉണ്മ: 1:1-4. 

2. ദൈവവുമായുള്ള കൂട്ടായ്മയുടെ തത്വങ്ങൾ: 1:5-2:2.

3. ദൈവത്തോടുള്ള കൂട്ടായ്മയുടെ ബഹിഷ്പ്രകടനം: 2:3-28.

a. അനുസരണം: 2:3-6.

b. സ്നേഹം: 2:7-11.

c. ലോകത്തിൽ നിന്നുള്ള വേർപാടു: 2:12-17.

d. ദുരുപദേശങ്ങൾക്ക് എതിരെയുള്ള മുന്നറിയിപ്പ്: 2:18-29.

4.  ദൈവമക്കൾ: 3:1-24. 

5. സത്യത്തിന്റെ ആത്മാവ്: 4:1-6.

6. സഹോദര സ്നേഹത്തിന്നായുള്ള അപേക്ഷ: 4:7-21.

7. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഫലം: 5:1-12.

8. രക്ഷയുടെ നിശ്ചയവും അതിന്റെ ഫലവും: 5:13-17.

9. വിശ്വാസിക്കു ഉറപ്പുള്ള മൂന്നു കാര്യങ്ങൾ: 5:18-21.

സവിശേഷതകൾ: ഈ ലേഖനത്തിനു ആറു സവിശേഷതകൾ ഉണ്ട്. 1. പരസ്പര വൈരുദ്ധ്യങ്ങളെ അവതരിപ്പിച്ചു ക്രിസ്തീയ ജീവിതം എന്താണെന്നു വ്യക്തമാക്കുന്നു. വെളിച്ചവും ഇരുളും, സത്യവും ഭോഷ്കും , നീതിയും പാപവും, സ്നേഹവും വെറുപ്പും, ദൈവസ്നേഹവും ലോകസ്നേഹവും, ദൈവമക്കളും പിശാചിന്റെ മക്കളും എന്നിങ്ങനെ പോകുന്നു വൈരുദ്ധ്യങ്ങൾ. ഒരു മദ്ധ്യമമാർഗ്ഗം സ്വീകരിക്കുവാൻ ക്രിസ്ത്യാനിക്കു കഴിയുകയില്ല. 2. സുവിശേഷത്തിൽ എന്നപോലെ ലേഖനത്തിലും ദൈവം ക്രിസ്തുവിൽ വെളിച്ചം, സ്നേഹം, ജീവൻ (light, love, life) എന്നു മൂന്നു നിലകളിൽ വെളിപ്പെട്ടു. ദൈവം വെളിച്ചമാണ്. (1:5-2:9), ദൈവം സ്നേഹമാണ് (3:1-4:21), ദൈവം ജീവനാണ് (5:1-20). 3. യേശുക്രിസ്തുവിനെ കാര്യസ്ഥൻ എന്നു പറഞ്ഞിട്ടുള്ള ഏക പുസ്തകം ഇതാണ്. (2:1-2; ഒ.നോ; യോഹ, 14:16,17, 26; 15:26; 17:7,8). 4. ലേഖനത്തിന്റെ സന്ദേശം പഴയനിയമ വെളിപ്പാടിലല്ല പ്രത്യുത അപ്പൊസ്തലിക സാക്ഷ്യത്തിലാണ് അധിഷ്ഠിതം. പഴയനിയമ ഉദ്ധരണികൾ ഇതിലില്ല. 5. അനുഭവ ജ്ഞാനത്തിന്റെയും ക്രിസ്തീയ നിശ്ചയത്തിന്റെയും ലേഖനമാണിത്. നാം അറിയുന്നു എന്ന പ്രയോഗം 14 പ്രാവശ്യം ഇതിലുണ്ട്. (2:3, 5, 29; 3:2, 14, 16, 19, 24; 4:13, 16; 5:15, 18, 19,20). അറിയുന്നു എന്ന പദം 40 പ്രാവശ്യമുണ്ട്. 6. ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം എന്നിങ്ങനെ പാപത്തിന്റെ സ്വരൂപത്തെക്കുറിച്ചുള്ള വിവരണം ഈ ലേഖനത്തിൽ മാത്രമാണുള്ളത്. (2:15-17). 

Leave a Reply

Your email address will not be published. Required fields are marked *