ഹവ്വാ (Eve)
പേരിനർത്ഥം — ജീവദായിനി
തന്റെ ഭാര്യയായ സ്ത്രീക്കു ആദാം നല്കിയ പേര്. ആദാം ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ട ദൈവം അവനു ഗാഢനിദവരുത്തി, അവന്റെ വാരിയെല്ലുകളിലൊന്നെടുത്തു അതിനെ സ്ത്രീയാക്കി. നരനിൽനിന്നു എടുത്തതു കൊണ്ടു അവൾക്കു നാരി എന്നു പേരായി. (ഉല്പ, 2:20-23). സർപ്പത്തിന്റെ പ്രേരണയാൽ അവൾ ദൈവകല്പന ലംഘിച്ചു നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കുകയും ആദാമിനു നല്കുകയും ചെയ്തു. അവൾക്കു ലഭിച്ച ശിക്ഷ കഷ്ടവും ഗർഭധാരണവും ആയിരുന്നു. (ഉല്പ, 3:1-17). അനന്തരം ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു. അവൾ ജീവനുള്ള എല്ലാവർക്കും മാതാവാണ്. (ഉല്പ, 3:20). ഹവ്വായ്ക്ക് മൂന്നു പുത്രന്മാരുണ്ടായിരുന്നു; കയീൻ (ഉലാപ, 4:1), ഹാബെൽ (4:2), ശേത്ത് (5:2). പഴയനിയമത്തിൽ രണ്ടു സ്ഥാനങ്ങളിൽ മാത്രമാണു ഹവ്വായുടെപേർ പറഞ്ഞിട്ടുള്ളത്. (ഉല്പ, 3:20, 4:1). പുതിയനിയമത്തിലും രണ്ടു സ്ഥാനങ്ങളിലാണുള്ളത്. (2കൊരി, 11:3, 1തിമൊ, 2:13).
ആകെ സൂചനകൾ (2) — 2കൊരി, 11:3, 1തിമൊ, 2:13.