☛ യേശു തൻ്റെ മാതാവിനെ സ്ത്രീയേ എന്ന് സംബോധന ചെയ്തത് സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണെന്ന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു. താൻ ദൈവമല്ല; മനുഷ്യനാണെന്ന് താൻതന്നെയും അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പിന്നെന്തുകൊണ്ടാണ് അവൻ തൻ്റെ മാതാവിനെ ❝സ്ത്രീയേ❞ എന്ന് സംബോധന ചെയ്തത്❓ [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➦ ❝സ്ത്രീ❞ (Woman) എന്ന അർത്ഥത്തിൽ കൊയ്നേ ഗ്രീക്കിൽ (Koine Greek) ഉപയോഗിച്ചിരിക്കുന്ന ❝ഗുനേ❞ (γυνή – gynē) എന്ന സ്ത്രീലിംഗ നാമപദവും (Feminine Noun) അതിൻ്റെ വ്യത്യസ്ത വിഭക്തി രൂപങ്ങളും 221 പ്രാവശ്യമുണ്ട്. ❝ഹേ സ്ത്രീയേ/സ്ത്രീയേ❞ (Woman) എന്നർത്ഥമുള്ള ❝ഗുനൈ❞ (Γύναι, γύναι – gýnai) എന്ന സംബോധന വിഭക്തിയിലുള്ള (Vocative Case) പദം ഒൻപത് പ്രാവശ്യം കാണാം. യേശുവും ദൂതനും അപ്പൊസ്തലന്മാരും സ്ത്രീകളെ സംബോധന ചെയ്യുന്നത് ആ പദംകൊണ്ടാണ്. യേശു കനാന്യ സ്തീയെയും (മത്താ, 15:28), കൂനിയായ സ്ത്രീയെയും (ലൂക്കൊ, 13:12), അമ്മയായ മറിയത്തെയും (യോഹ, 2:4; യോഹ, 19:26), ശമര്യസ്ത്രീയെയും (യോഹ, 4:21), മഗ്ദലക്കാരത്തി മറിയത്തെയും (യോഹ, 20:15), പത്രൊസ് ബാല്യക്കാരത്തിയ്യും (ലൂക്കൊ, 22:57), ദൂതൻ മഗ്ദലക്കാരത്തി മറിയത്തെയും (യോഹ, 20:17), പൗലൊസ് പൊതുവായും (1കൊരി, 7:16) ❝സ്ത്രീയേ❞ എന്ന് സംബോധന ചെയ്തത് ❝ഗുനൈ❞ എന്ന പദംകൊണ്ടാണ്. ഇത് സ്ത്രീകളെ ബഹുമാനത്തോടെ സംബോധന ചെയ്യുന്ന പദമാണ്.
☛ മനുഷ്യനായ ക്രിസ്തുയേശു തൻ്റെ പെറ്റമ്മയെ സ്ത്രീയേ എന്ന് സംബോധന ചെയ്തത് എന്തുകൊണ്ടാണ്? ആ വേദഭാഗം ഇപ്രകാരമാണ്: “യേശു അവളോട്: “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. ” (യോഹ, 2:4). “എനിക്കും നിനക്കും തമ്മിൽ എന്ത്?” എന്ന പ്രയോഗം ശരിയല്ല. ഗ്രീക്കിലും ഇംഗ്ലീഷിലും “തമ്മിൽ” എന്ന പദമില്ല. “സ്ത്രീയേ, എനിക്കും നിനക്കും എന്ത്?” എന്നാണ് ശരിയായ പ്രയോഗം. കല്യാണത്തിൽ വീഞ്ഞ് പോരാതെ വന്നെങ്കിൽ, നമുക്കെന്താ അതിൽ കാര്യം എന്നാണ് ക്രിസ്തു ചോദിച്ചതിൻ്റെ സാരം. അതിൽ, അമ്മയോടുള്ള ബഹുമാനക്കുറവോ, മറ്റൊന്നുമില്ല. താൻ അങ്ങനെ പറഞ്ഞതിൻ്റെ കാരണവും പറഞ്ഞിട്ടുണ്ട്. “എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല.” അതായത്, എന്തെങ്കിലും പ്രവർത്തിക്കാനുള്ള സമയം ആയിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എങ്കിലും, അമ്മയുടെ വാക്കിനെ മാനിച്ച് അവിടെ അത്ഭുതം പ്രവർത്തിച്ചതായും കാണാം. അപ്പോഴും, അമ്മയെ “സ്ത്രീയേ” എന്ന് എന്തുകൊണ്ട് സംബോധന ചെയ്തു? എന്ന ചോദ്യം അവശേഷിക്കുന്നു. ക്രിസ്തു ദൈവം ആയതുകൊണ്ടാണ് “സ്ത്രീയേ” എന്ന് വിളിച്ചതെന്ന് വിശ്വസിക്കുന്നവർ, അവൻ ജനനംമുതൽ അമ്മയെ സ്ത്രീയേ എന്നും, യോസേഫിനെ പുരുഷാ എന്നുമാണ് വിളിച്ചിരുന്നതെന്നാണ് കരുതുന്നത്. എന്നാൽ ചെറുപ്പത്തിൽ യോസേഫിനെയും മറിയയെയും അവൻ അപ്പൻ അമ്മ എന്നാണ് വിളിച്ചിരുന്നത്. അത് തെളിയിക്കുന്ന അവൻ്റെ ബാല്യകാലത്തെ ഒരു സംഭവം കൃത്യമായി ബൈബിളിൽ ഉണ്ട്. പന്ത്രണ്ടാം വയസ്സിൽ യെരൂശലേം ദൈവാലയത്തിൽവെച്ച് അവനെ കാണാതാകയും കണ്ടുകിട്ടിയപ്പോൾ, അമ്മ മകനോട് പറയുന്നത് ഇപ്രകാരമാണ്: “അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.” (ലൂക്കോ, 2:48). എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്ന് ആദ്യം മനസ്സിലാക്കുക: (2തിമൊ, 3:16). ഇനി വാക്യത്തിൻ്റെ ആദ്യഭാഗം ശ്രദ്ധിക്കുക: “അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു?” “സ്ത്രീ അവനോടു” എന്നല്ല; “അമ്മ അവനോടു” എന്നാണ് ലൂക്കൊസ് പറയുന്നത്. ഇവിടെ “അമ്മ” (Mother) എന്ന് പറഞ്ഞിരിക്കുന്നത്, “മെറ്റെർ” (μήτηρ – mētēr) എന്ന ഗ്രീക്കുപദമാണ്. സെബെദിപുത്രന്മാരുടെ അമ്മ (മത്താ, 20:20) യാക്കോബിൻ്റെ യോസെയുടെയും അമ്മ (മത്താ, 27:56) എന്നിങ്ങനെ എല്ലാ മക്കളുടെയും അമ്മമാരെ കുറിക്കുന്ന അതേ പദമാണ് ഇവിടെയും പറഞ്ഞിരിക്കുന്നത്. എന്താണ് പറയുന്നത്: “മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു?” “മകൻ/സന്തതി” (Son) എന്ന അർത്ഥത്തിൽ ഗ്രീക്കിൽ ഉപയോഗിക്കുന്ന ഒരു പദമാണ്, “ടെക്നോൺ” (teknon – τέκνον) എന്നത്. ഇത്, നിർദ്ദേശിക വിഭക്തിയിയിലുള്ള (Nominative Case) പദമാണ്. സെഖര്യാവിനും എലീശബെത്തിനും സന്തതിയില്ലെന്ന് പറയുന്നത് ഈ പദംകൊണ്ടാണ്: (ലൂക്കൊ, 1:7). അതിൻ്റെ സംബോധന വിഭക്തിയിലുള്ള (Vocative Case) പദമാണ്, “മകനേ!” എന്ന അർത്ഥത്തിൽ മറിയ ഉപയോഗിക്കുന്ന, “ടെക്നോൺ” (Τέκνον – teknon) എന്ന പദം: (ലൂക്കൊ, 2:48). വാത്സല്യത്തോടെ മകനെ സംബോധന ചെയ്യുന്ന പദമാണിത്. അടുത്തഭാഗം: “നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.” ഇവിടെ ശ്രദ്ധിക്കുക: “നിൻ്റെ അപ്പൻ” എന്നാണ് മറിയ യോസേഫിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ യോസേഫിനെ “അപ്പൻ” (Father) എന്ന് വിശേഷിപ്പിക്കുന്നത്, “പാറ്റേർ” (πατήρ – patēr) എന്ന പദംകൊണ്ടാണ്. ഈ പദം, സ്വർഗ്ഗീയപിതാവിനെയും (മത്താ, 6:4), മനുഷ്യരുടെ പിതാവിനെയും (ലൂക്കൊ, 1:67) അഭിന്നമായി വിശേഷിപ്പിക്കുന്നതാണ്. അതായത്, അവൻ്റെ വളർത്തച്ഛനായ യോസേഫിനെപ്പോലും അപ്പൻ എന്നാണ് സംബോധന ചെയ്യുന്നതെങ്കിൽ, പെറ്റമ്മയെ എത്രയധികമായി അവൻ അമ്മയെന്ന് വിളിച്ചിരിക്കും? ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ഭാഷയിലാണെങ്കിൽ, പ്രസ്തുത വേദഭാഗം ഇപ്രകാരമായിരിക്കണം:“സ്ത്രീ അവനോടു: ദൈവമേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ പുരുഷനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.” യേശു എന്താണോ അവരെ സംബോധന ചെയ്തിരുന്നത്, അതേ ഭാഷയിലല്ലേ തിരിച്ചു പറയാൻ പറ്റുകയുള്ളൂ? തന്നെയുമല്ല, യേശു ദൈവമായിരുന്നുവെങ്കിൽ, അവനെ “മകനേ” എന്ന് സംബോധന ചെയ്യുമോ? തങ്ങളെ അവൻ്റെ “അപ്പനും അപ്പയും” എന്ന് വിശേഷിപ്പിക്കുമോ? അപ്പോൾ, യേശു തൻ്റെ ചെറുപ്രായത്തിൽ “അപ്പൻ അമ്മ” എന്നാണ് അവരെ വിളിച്ചിരുന്നതെന്ന് ഈ വേദഭാഗത്തുനിന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ചെറുപ്പകാലത്ത് ദൈവമല്ലായിരുന്നവൻ പിന്നെപ്പോഴെങ്കിലും ദൈവമായെന്ന് പറയാനും പറ്റില്ല. അതിനാൽ, ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും വാദം തെറ്റാണെന്ന് മനസ്സിലാക്കാം. അവൻ്റെ അപ്പനും അമ്മയും എന്നുതന്നെയാണ് ദൈവശ്വാസീയമായ വചനത്തിൽ ആവർത്തിച്ച് ആലേഖനംചെയ്ത് വെച്ചിരിക്കുന്നത്. ഉദാ: (ലൂക്കൊ, 2:27; 2:33; 2:41; 2:43). യേശു മനുഷ്യനാണെന്ന് 50 പ്രാവശ്യവും മറിയയെ യേശുവിൻ്റെ അമ്മയെന്ന് 37 പ്രാവശ്യവും യോസേഫിനെ അവൻ്റെ അപ്പനെന്ന് 10 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
അപ്പോൾ ചോദ്യം ഇതാണ്: ചെറുപ്പം മുതൽ അമ്മയെന്ന് വിളിച്ചിരുന്നവൻ, കാനാവിലെ കല്യാണത്തിന് അമ്മയെ സ്ത്രീയേ എന്ന് വിളിച്ചത് എന്തുകൊണ്ട്? കാനാവിലെ കല്യാണത്തിനും 43 ദിവസങ്ങൾക്ക് മുമ്പ്, യോർദ്ദാനിൽവെച്ച് ഒരു സംഭവം നടന്നിരുന്നു. അന്നാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യേശുവെന്ന പാപരഹിതനായ മനുഷ്യനെ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്: (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). അപ്പോഴാണ്, മറിയയുടെ മൂത്തപുത്രനായ യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) ആയത്. എപ്പോൾ താൻ, ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയോ, അപ്പോൾ മുതലാണ് താൻ അമ്മയായ മറിയയെ സ്ത്രീയേ എന്ന് വിളിച്ചുതുടങ്ങിയത്. ദൈവത്തിൻ്റെ അഭിഷിക്തൻ സാമാന്യ ജനത്തിൽ നിന്നും വേർപെട്ടവനും ശ്രേഷ്ഠനുമാണ്. കുടുംബക്കാരോടും മറ്റുള്ളവരോടും ഒരേ സമീപനമാണ് ദൈവത്തിൻ്റെ യഥാർത്ഥ അഭിഷിക്തന് ഉണ്ടാകേണ്ടത്. അഭിഷിക്തന് സ്വന്തമെന്നും അന്യരെന്നും വേർതിരിവില്ല. ദൈവത്തെ അഥവാ, ദൈവവചനത്തെ അനുസരിക്കുന്ന എല്ലാവരും അഭിഷിക്തൻ്റെ സ്വന്തക്കാരാണ്: “അവൻ അവരോട്: “എന്റെ അമ്മയും സഹോദരന്മാരും ആർ” എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: “എന്റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു. (മർക്കൊ, 3:33-35). അടുത്തവാക്യം: അവരോട് ക്രിസ്തു: “എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ” എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 8:21). സ്വന്തക്കാരോടും അന്യരോടുമുള്ള ഒരു യഥാർത്ഥ അഭിഷിക്തൻ്റെ മനോഭാവം എന്താണെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽ വ്യക്തമാണ്. ദൈവത്തിൻ്റെ ഇഷ്ടം ചെയ്യുന്നവരും ദൈവവചനം അനുസരിക്കുന്നവരുമാണ് അമ്മയും സഹോദരനും സഹോദരിയും. അല്ലാതെ, ഇന്നത്തെ വ്യാജ അഭിഷിക്തന്മാരെപ്പോലെ സ്വസ്നേഹിയും ദ്രവ്യാഗ്രഹിയും ആയിരുന്നുകൊണ്ട്, തനിക്കും കുടുംബത്തിനും വേണ്ടി അന്യായമായി സമ്പാദിച്ചു കൂട്ടുന്നവനല്ല ദൈവത്തിൻ്റെ അഭിഷിക്തൻ. യേശുവെന്ന അഭിഷിക്തൻ മറിയയെ മാത്രമല്ല, മറ്റെല്ലാവരെയും സ്ത്രീയേ എന്നാണ് അവൻ സംബോധന ചെയ്തത്. കനാന്യസ്ത്രീയേയും, കൂനിയായ സ്ത്രീയേയും, ശമര്യക്കാരത്തിയെയും, പാപിനിയായവളെയും, മഗ്ദലക്കാരത്തി മറിയയെയും സ്ത്രീയേ എന്നാണ് സംബോധന ചെയ്തത്. (മത്താ, 15:28; ലൂക്കൊ, 13:12; യോഹ, 4:21; 8:10; 20:15). തന്മൂലം, താൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതു മുതലാണ്, അമ്മയെ സ്ത്രീയേ എന്ന് സംബോധന ചെയ്ത് തുടങ്ങിയതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിൾ വിശ്വസിക്കുന്ന ആർക്കും അവൻ മറിയയുടെ മകനല്ലെന്ന് പറയാൻ കഴിയില്ല. മറിയയുടെ ആദ്യജാതനായി ജനിക്കുകയും ഏകദേശം മുപ്പതു വയസ്സായപ്പോൾ അഥവാ, എ.ഡി. 29-ൽ മാത്രം പ്രവചനംപോലെ, ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ, സർവ്വശക്തിയുള്ള ദൈവമാണെന്ന് വിശ്വസിക്കുകയും, മറിയ വേദനയോടെ പ്രസവിച്ചവൻ അവളെ “അമ്മേ” എന്ന് വിളിച്ചിട്ടില്ലെന്ന് പറയുകയും ചെയ്താൽ എങ്ങനെയിരിക്കും? “മറിയയുടെ മകൻ യേശുവിൻ്റെ അമ്മ” എന്നിങ്ങനെ 37 പ്രാവശ്യം എഴുതിയിരിക്കുന്നത് തെറ്റാണോ? [കാണുക: യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം]
❝യേശു മറിയയുടെ മകനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ മുപ്പത്തേഴു പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. മറിയ പത്തുമാസം വയറ്റിൽ വഹിച്ച് പ്രസവിച്ച അവളുടെ മൂത്തമകനായ യേശു, സർവ്വശക്തിയുള്ള ദൈവമാണെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാർ, കത്തോലിക്കരെപ്പോലെ മറിയ ദൈവമാതാവാണെന്ന് വിശ്വാസിക്കാത്തത് എന്താണ്? ക്രിസ്തു സർവ്വശക്തിയുള്ള ദൈവമാണെങ്കിൽ, കത്തോലിക്കാവിശ്വാസം എങ്ങനെ തെറ്റാകും? കത്തോലിക്കാ വിശ്വാസം തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രൊട്ടസ്റ്റൻ്റുവിശ്വാസം ഇരട്ടത്താപ്പല്ലേ?❞
ശ്രദ്ധേയമായ മറ്റൊരു കാര്യം കാണിക്കാം: ക്രിസ്തു സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണ് അമ്മയെ സ്ത്രീയേ എന്ന് വിളിച്ചതെന്നാണ് ട്രിനിറ്റിയും വൺനെസ്സും പറയുന്നത്. ഒന്നാം പ്രവശ്യം കാനാവിലെ കല്യാണത്തിൽവെച്ചും രണ്ടാം പ്രാവശ്യം ക്രൂശിൽ കിടന്നുകൊണ്ടുമാണ് തൻ്റെ അമ്മയെ അവൻ സ്ത്രീയേ എന്ന് സംബോധന ചെയ്തത്. “യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നത് കണ്ടിട്ട്: “സ്ത്രീയേ, ഇതാ, നിന്റെ മകൻ” എന്ന് അമ്മയോടു പറഞ്ഞു.” (യോഹ, 19:26). രണ്ട് കള്ളന്മാരുടെ നടുവിൽ മൂന്ന് ആണികളിന്മേൽ വിവസ്ത്രനായി തൂങ്ങിക്കിടക്കുമ്പോഴാണ് അവസാനമായി അവൻ അവളെ സ്ത്രീയേ എന്ന് വിളിച്ചത്. സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണ് സ്ത്രീയേ എന്ന് വിളിച്ചതെങ്കിൽ, യെഹൂദന്മാർ ക്രൂശിച്ചത്, സർവ്വശക്തിയുള്ള ദൈവത്തെയാണെന്നല്ലേ ഈ വ്യാജന്മാർ പറയുന്നത്. സർവ്വശക്തിയുള്ള ദൈവത്തെ ആർക്കെങ്കിലും കൊല്ലാൻ പറ്റുമോ? ഇതൊക്കെ ദുരുപദേശമെന്ന് പറയാൻ പറ്റില്ല; പൈശാചിക ഉപദേശമാണ്. ഇതൊന്നും ഇവർ സ്വയമായി പറയുന്നതല്ല; ഇവരുടെ ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രം പഠിപ്പിച്ചതാണ്. “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് ദൈവശാസ്ത്രത്തിൽ എഴുതിവെച്ചിട്ടുണ്ട്.” (Systematic Theology, പേജ്, 228). എന്നാൽ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ്, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായി തന്നെത്താൻ അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചതെന്ന് വചനം പറയുന്നു: (1തിമൊ, 2:5-6; എബ്രാ, 2:9). ദൈവശാസ്ത്രമെന്ന പൈശാചികശാസ്ത്രമാണ് ലോകത്തുനിന്ന് ആദ്യം നീക്കികളയേണ്ട പുസ്തകം. ഒന്നാമത്, ഇവർക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ അറിയില്ല. അതിനാൽ, ദൈവത്തിന് മാറ്റമോ, മരണമോ ഇല്ലെന്നും തന്നെത്താൻ ത്യജിച്ചുകൊണ്ട്, മനുഷ്യനായി അവതാരമെടുക്കാൻ കഴിയില്ലെന്നും അറിയില്ല. രണ്ടാമത്, ദൈവം മനുഷ്യനല്ലെന്നും ക്രൂശിക്കാൻ പറ്റിയ ഒരു ശരീരം ദൈവത്തിനില്ലെന്നും അറിയില്ല. യെഹൂദന്മാർക്ക് പിടിച്ച് ക്രൂശിക്കാൻ തക്കവണ്ണം; മാതാ അമൃതാനന്ദമയിയെയും സായി ബാബയെയും പോലുള്ള ദൈവമാണോ ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ദൈവം? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ മരണമോ ഇല്ലാതിരിക്കെ; ദൈവം ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്ന ഇവരെ എങ്ങനെ തിരുത്താൻ പറ്റും? ദൈവത്തിനു മരണമില്ലെന്നും (1തിമൊ, 6:26) ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചവന്ന മനുഷ്യനാണ് മരിച്ചതെന്നും (എബ്രാ, 2:9; 1തിമൊ, 2:6 മൂന്നാം ദിവസം ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചിട്ടാണ് (പ്രവൃ, 2:24; പ്രവൃ, 10:40) മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയതെന്നും (പ്രവൃ, 2:36; പ്രവൃ, 5:31) ദൈവാത്മാവിനാൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടും വിശ്വസിക്കാത്തവരാണ്, ഇതുപോലുള്ള ദുരുപദേശങ്ങൾ മെനഞ്ഞുണ്ടാക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് മാത്രം സത്യദൈവം (Father, the only true God)]
യേശു അമ്മയെ “സ്ത്രീയേ” എന്ന് സംബോധന ചെയ്തത് ദൈവം ആയതുകൊണ്ടാണെന്ന് വൺനെസ്സും ട്രിനിറ്റിയും പറയുന്നതിൻ്റെ തെളിവ് കാണുക: