സമാഗമനകൂടാരം (Tabernacle)
മരുഭൂമി പ്രയാണകാലത്ത് യിസ്രായേലിന്റെ മദ്ധ്യേ ദൈവനിവാസമായി നിർമ്മിച്ചിരുന്ന താത്ക്കാലിക മന്ദിരമാണ് സമാഗമനകൂടാരം. ഉടമ്പടിയിലൂടെ സ്വന്തജനമായിത്തീർന്ന യിസ്രായേലുമായി ദൈവം കൂടിക്കാഴ്ച നടത്തുന്ന കൂടാരം എന്നാണ് സമാഗമന കൂടാരത്തിനു അർത്ഥം. താൽക്കാലിക സമാഗമന കൂടാരത്തിൽ (പുറ, 33:7-11) മോശെ അകത്തു പ്രവേശിക്കുകയും ദൈവസാന്നിദ്ധ്യ സൂചകമായി മേഘം അവരോഹണം ചെയ്ത് വാതിൽക്കൽ നില്ക്കുകയും ചെയ്തു. ദൈവം പ്രത്യക്ഷപ്പെട്ടപ്പോൾ മോശെ പാറയുടെ പിളർപ്പിലും (പുറ, 34:22-23) ഏലീയാ പ്രവാചകൻ ഗുഹയിലും (1രാജാ, 19:9-18) ആയിരുന്നതും ഇതിനോടൊപ്പം ഓർക്കുക.
ചരിത്രം: പഴയനിയമത്തിൽ മൂന്നു സമാഗമനകൂടാരത്ത കുറിച്ചുള്ള പരാമർശമുണ്ട്: 1. യിസ്രായേൽ ജനം സ്വർണ്ണ കാളക്കുട്ടിയെ ആരാധിച്ചതിനെത്തുടർന്നു മോശെ നിർമ്മിച്ച താൽക്കാലിക സമാഗമനകൂടാരം: (പുറ, 33:7-13). പാളയത്തിനു പുറത്തായിരുന്നു ഈ കൂടാരമടിച്ചത്. മോശെ കൂടാരത്തിനകത്തു കടക്കും. മേഘസ്തംഭം ഇറങ്ങി കൂടാരവാതില്ക്കൽ നില്ക്കും. യഹോവ മോശെയോട് സംസാരിക്കും. യഹോവയുടെ അരുളപ്പാടിനു വേണ്ടി ജനം സമാഗമനകൂടാരത്തിലേക്കു ചെല്ലും. ഈ താൽകാലിക സമാഗമന കൂടാരത്തിൽ കർമ്മങ്ങളും പൗരോഹിത്യവും ഉണ്ടായിരുന്നില്ല. 2. യഹോവ മോശെയ്ക്ക് നല്കിയ നിർദ്ദേശപ്രകാരം നിർമ്മിക്കപ്പെട്ട സമാഗമനകൂടാരം. ഇതിനെ സംബന്ധിക്കുന്ന വിശദവിവരണം പിന്നാലെ ചേർക്കുന്നുണ്ട്. 3. യഹോവയുടെ പെട്ടകത്തിനുവേണ്ടി ദാവീദ് രാജാവു നിർമ്മിച്ച മന്ദിരം. യഹോവയുടെ കല്പനയനുസരിച്ച് സീനായിയിൽ വെച്ച് നിർമ്മിച്ച സമാഗമനകൂടാരം യിസ്രായേൽ ജനം വളരെക്കാലം ആരാധനാസ്ഥലമായി ഉപയോഗിച്ചു. യോശുവയുടെ കാലത്തു അതു ശീലോവിൽ പ്രതിഷ്ഠിച്ചു. (യോശു, 18:1). ശീലോ എഫ്രയീം ഗോത്രത്തിലായിരുന്നു. ശമുവേൽ പ്രവാചകന്റെ കാലത്ത് മിസ്പ ആയിരുന്നു ആരാധനാ കേന്ദ്രം. (1ശമൂ, 7:6). ശൗലിന്റെ കാലത്ത് കൂടാരം നോബിലായിരുന്നു. (1ശമൂ, 21:1-9; മർക്കൊ, 2:25,26). തുടർന്ന് കുറെക്കാലം സമാഗമനകൂടാരം ഗിബയോനിലായിരുന്നു. (1ദിന, 16:39). സീയോൻ പർവ്വതത്തിൽ ഒരു കൂടാരം നിർമ്മിച്ച് യഹോവയുടെ പെട്ടകത്തെ ദാവീദ് അതിൽ പ്രതിഷ്ഠിച്ചു. (1ദിന, 15:1; 16:1; 2ശമൂ, 6:17). ദൈവാലയം നിർമ്മിച്ചശേഷം ശലോമോൻ സമാഗമനകൂടാരം ദൈവാലയത്തിലേക്കു കൊണ്ടുവന്നു. 1രാജാ, 8:4).
പേരുകൾ: 1. തിരുനിവാസം: (പുറ) 25:9; 26:6, 12, 18). മിഷ്കാൻ എന്ന എബായ പദത്തിനു നിവാസം എന്നർത്ഥം. ഈ പദം പഴയനിയമത്തിൽ 139 തവണ പ്രയോഗിച്ചിട്ടുണ്ട്; ആദ്യപ്രയോഗം പുറപ്പാട് 25:9-ൽ. പുറപ്പാട് പുസ്തകത്തിലും സംഖ്യാ പുസ്തകത്തിലുമാണ് അധികം പ്രയോഗങ്ങളും. സമാഗമനകൂടാരത്തിനു പര്യായമാണിത്.
2. യഹോവയുടെ കൂടാരം (മിഷ്കാൻ യഹ്വെ).
3. സാക്ഷ്യകൂടാരം (മിഷ്കാൻ ഹാ ഏദൂത്). സാക്ഷ്യകൂടാരം എന്ന തിരുനിവാസം (പുറ, 38:21) എന്നു വിശദമാക്കിയിട്ടുണ്ട്. യഹോവ യിസ്രായേലുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകൾ അടങ്ങിയ കല്പലകകൾ സൂക്ഷിച്ചിരുന്നതു കൊണ്ടാണ് അതിനെ സാക്ഷ്യകൂടാരം എന്നു വിളിച്ചതും. (സംഖ്യാ, 9:15).
4. സമാഗമനകൂടാരം (ഓഹെൽ മോഏദ്) ദൈവവും സ്വജനവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്ന കൂടാരം. (പുറ, 28:43).
5. സമാഗമനകൂടാരമെന്ന തിരുനിവാസം (മിഷ്കാൻ ഓഹെൽ മൊഹ്മദ്). (പുറ, 39:32).
6. വിശുദ്ധമന്ദിരം (എ. മിക്ദാഷ്; ഗ്രീ. ഹഗി യാസ്മ). (പുറ, 25:8).
7. യഹോവയുടെ ആലയം (ബേത്ത്-യാഹ്വെ). (പുറ, 34:26; 23:19; യോശു, 6:24; 9:23).
സമാഗമനകൂടാരത്തിന്റെ നിർമ്മാണം: യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരമായിരുന്നു സമാഗമന കൂടാരത്തിന്റെ പണി. (പുറ, 25:9,40; 26:30; 27:8; 39:12,43; 40:16,19,25, 27, 29, 32) സമാഗമനകൂടാര നിർമ്മാണത്തിനാവശ്യമായ പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ തുടങ്ങിയ വസ്തുക്കളെല്ലാം ജനം സ്വമേധാദാനമായി നല്കിയതാണ്. (പുറ, 25:3-7). ആവശ്യത്തിലധികം വസ്തുക്കൾ ജനം വഴിപാടായി എത്തിച്ചു. (പുറ, 36:5,6). ബെസലേൽ, ഒഹൊലീയാബു എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പണി. (പുറ, 35:30; 36:2). പുറപ്പാടിന്റെ രണ്ടാംവർഷം ഒന്നാംമാസം ഒന്നാം തീയതി പണിപൂർത്തിയായി. (പുറ, 40:2). താൽകാലിക സമാഗമനകൂടാരം പാളയത്തിനു പുറത്താണ് സ്ഥാപിച്ചിരുന്നത്. എന്നാൽ ഈ സമാഗമനകൂടാരം യിസ്രായേൽ പാളയത്തിന്റെ നടുവിലായിരുന്നു. കിഴക്ക് പുരോഹിതന്മാരും മറ്റു മൂന്നുവശങ്ങളിലും ലേവ്യരുടെ മറ്റു മൂന്നുകുടുംബങ്ങളും താവളമടിച്ചു.
സമാഗമനകൂടാരത്തിനു മൂന്നുഭാഗങ്ങളുണ്ട്: 1. പ്രാകാരം, 2. വിശുദ്ധസ്ഥലം, 3. അതിവിശുദ്ധസ്ഥലം. നൂറുമുഴം (44.5 മീ.) നീളവും, അൻപതു മുഴം (22.25 മീ.) വീതിയുമുള്ള പ്രാകാരത്തിന്റെ പശ്ചിമാർദ്ധത്തിലാണ് തിരുനിവാസം. നെടിയവശം വടക്കുതെക്കാണ്. തിരുനിവാസത്തിനു മുപ്പതുമുഴം (13.35മീ.) നീളവും, പത്തുമുഴം (4.45മീ.) വീതിയുമുണ്ട്. തിരുനിവാസത്തെ തിരശ്ശീലകൊണ്ട് വിശുദ്ധ സ്ഥലം, അതിവിശുദ്ധസ്ഥലം എന്നിങ്ങനെ രണ്ടായി വിഭിജിച്ചിട്ടുണ്ട്. ബഹിർഭാഗത്തെ വിശുദ്ധസ്ഥലമെന്നു വിളിക്കുന്നു. അത് ഇരുപതുമുഴം (8.9 മീ.) നീളവും, പത്തു മുഴം (4.45മീ.) വീതിയുമുള്ള ദീർഘചതുരമാണ്. അതിവിശുദ്ധസ്ഥലം എന്നറിയപ്പെടുന്ന അന്തർഭാഗം പത്തുമുഴം (4.45 മീ.) സമചതുരമാണ്. എബ്രായലേഖനത്തിൽ വിശുദ്ധസ്ഥലത്തെ മുൻകൂടാരമെന്നും (ഒന്നാമത്ത) അതിവിശുദ്ധ സ്ഥലത്തെ രണ്ടാമത്തെ കൂടാരമെന്നും വിളിച്ചിട്ടുണ്ട്. (എബ്രാ, 9:6,7). എബ്രായർ 9:12; 10:19 എന്നീ വാക്യങ്ങളിലെ വിശുദ്ധമന്ദിരം അതിവിശുദ്ധ സ്ഥലത്തെയാണ് വിവക്ഷിക്കുന്നത്. പ്രാകാരത്തിൽ യാഗപീഠവും താമ്രത്തൊട്ടിയുമുണ്ട്. കാഴ്ചയപ്പത്തിന്റെ മേശ, തങ്കനിലവിളക്കാ, ധൂമ്രപീഠം എന്നിവയാണ് വിശുദ്ധസ്ഥലത്തെ ഉപകരണങ്ങൾ. അതിവിശുദ്ധ സ്ഥലത്ത് നിയമപ്പെട്ടകം പ്രതിഷ്ഠിച്ചിരുന്നു.
പ്രാകാരം (Court): ഉറപ്പായി നിർമ്മിച്ചത് അഥവാ മതിൽ എന്നാണ് പ്രാകാരം എന്ന ശബ്ദത്തിനർത്ഥം. ലക്ഷണയാ കെട്ടിയടച്ച സ്ഥലം അഥവാ മുറ്റം എന്നർത്ഥം കിട്ടുന്നു. Court എന്ന ഇംഗ്ലീഷ് പദത്തിന്റെ നിഷ്പത്തിയും അർത്ഥാന്തരങ്ങളും ശ്രദ്ധിക്കുക. പ്രാകാരത്തിന്റെ നീളം നുറുമുഴവും (44.5 മീ.), വീതി അൻപതു മുഴവും (22.25 മീ.) ആണ്. പ്രാകാരത്തിനു ചുറ്റും ഒരു പ്രത്യേകവേലിയുണ്ട്. അതിന്റെ ചട്ടക്കൂട് അഞ്ചുമുഴം (2.22മീ.) പൊക്കമുള്ള ഖദിരസ്തംഭങ്ങളാൽ നിർമ്മിതമാണ്. (പുറ, 27:18). നെടിയവശത്തു ഇരുപതുതുണുകളും കുറുകിയ വശത്തു പത്തുതൂണുകളും അങ്ങനെ നാലുവശങ്ങളിലായി 60 തൂണുകൾ പ്രാകാരത്തിനുണ്ട്. തുണുകൾ തമ്മിലുള്ള അകലം 5 മുഴം (2.22 മീ.) ആണ്. താമ്രച്ചുവടുകളിലാണ് തൂണുകൾ നില്ക്കുന്നത്. (പുറ, 38:10). ഓരോ തൂണിനും ഈരണ്ടു താമ്രക്കുറ്റികളുണ്ട്; ഒന്നകത്തും ഒന്നു പുറത്തും. വീണുപോകാതിരിക്കാൻ തുണിനെ കയറുകൊണ്ടു തറയിൽ നാട്ടിയ കുറ്റികളിൽ ബന്ധിച്ചിരുന്നു. തൂണുകളുടെ മുകൾഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ലോഹ നിർമ്മിതമായ പട്ട അഥവാ ദണ്ഡാണ് മേൽചുറ്റുപടി (Fillet). ചുറ്റുപടികൾ വെള്ളി കൊണ്ടുള്ളവയാണ്. (പുറ, 38:10-12, 17, 19). മേൽചുറ്റുപടികളിൽ കൊളുത്തുകൾ (hooks) ഘടിപ്പിച്ചിരുന്നു. പ്രാകാരത്തിന്റെ മറശ്ശീലകൾ കൊളുത്തുകളിൽ തൂക്കിയിട്ടു. തൂണുകളുടെ കീഴ്ഭാഗത്തും കൊളുത്തുകളുണ്ടായിരുന്നു. മറശ്ശീലകളുടെ കീഴ്ഭാഗം അവയിൽ കൊളുത്തിയിട്ടു. പിരിച്ച ലിനൻകൊണ്ടു് പ്രാകാരത്തിനു മറശ്ശീല നിർമ്മിച്ചു. തെക്കുവശത്തെ പ്രാകാരത്തിനു 100 മുഴം (44.5 മീ.) വടക്കുവശത്തേതിനു 100 മുഴം പടിഞ്ഞാറു വശത്തേതിനു 50 മുഴം (22.25മീ.) കിഴക്കുവശത്ത് വാതിലിനിടത്തും വലത്തും പതിനഞ്ചുമുഴം (6.67 മീ.) വീതം എന്നിങ്ങനെയാണ് മറശ്ശീലയുടെ അളവുകൾ. വാതിലിൽ നിന്ന് എല്ലാ മൂലകളെയും ചുറ്റി തിരിച്ചുവാതിൽവരെ ഒരു നിരന്തരമായ മറയായിരിക്കേണ്ടതിനു അറ്റം തുന്നിച്ചേർത്തിരുന്നു. തൂണുകളുടെ പൊക്കത്തിനു തുല്യമായി മറശ്ശീലയ്ക്ക് അഞ്ചുമുഴം (2.22 മീ.) വീതിയുണ്ടായിരുന്നു. (പുറ, 27:9-15; 38:9-17).
പ്രാകാരവാതിൽ കിഴക്കുവശത്താണ്. ഈ വശത്ത് പത്തു തൂണുകൾ ഉണ്ട്. നടുവിലുള്ള നാലു തൂണുകളുടെ സ്ഥാനത്താണ് വാതിൽ. തുണുകൾക്കിടയിൽ അയ്യഞ്ചു മുഴം (2.22 മീ.) അകലമുണ്ട്. വാതിലിനു 20 മുഴം (8.9 മീ.) നീളവും, അഞ്ചുമുഴം (2.22 മീ.) ഉയരവുമുണ്ട്. “പ്രാകാരത്തിന്റെ വാതിലിനു നീലനുൽ, ധുമനുൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ (ലിനൻ) എന്നിവകൊണ്ട് ചിത്രത്തയ്യൽ പണിയായി ഇരുപതുമുഴം നീളമുള്ള ഒരു മറയും അതിനു നാലുതൂണും അവയ്ക്ക് നാലുചുവടും വേണം.” (പുറ, 27:16; 38:18). പ്രാകാരത്തിൽ പ്രവേശിക്കുന്നതു മറ ഉയർത്തിയാണ്. വാതിലിനും തിരുനിവാസത്തിനും ഒത്ത നടുവിലായി താമ്യാഗപീഠം വച്ചിരുന്നു. സമാഗമന കൂടാരത്തിലെ ഉപകരണങ്ങളിൽ വെച്ച് ഏറ്റവും വലുത് താമയാഗപീഠമാണ്. യാഗപീഠത്തിനും തിരുനിവാസത്തിനും മദ്ധ്യേയാണ് താമ്രത്തൊട്ടി. (പുറ, 30:18).
തിരുനിവാസം (tabernacle): തിരുനിവാസം (മിഷ്കാൻ) കൂടാരം (ഓഹെൽ) എന്നീ രണ്ടുഭാഗങ്ങളും ചേർന്നതാണു് ഇത്. ഖദിരമരത്തിന്റെ പലകകൾ കൊണ്ടാണാ തിരുനിവാസത്തിന്റെ ചട്ടക്കൂടിന്റെ നിർമ്മാണം. ഓരോ പലകയുടെയും നീളം പത്തുമുഴവും (4.45മീ.), വീതി ഒന്നരമുഴവും (66.7സെ.മീ.) ആണ്. (പുറ, 26:16). തെക്കുവശത്ത് ഇരുപതു വടക്കുവശത്ത് ഇരുപതു പിൻവശത്ത് പടിഞ്ഞാറു എട്ടു എന്നിങ്ങനെ നാല്പത്തെട്ടു പലക വേണം. പലകയുടെ ഉപരിതലം പൊന്നു പൊതിഞ്ഞതാണ്. (പുറ, 26:18-20). ചുവടിൽ ഇറങ്ങുന്നതിനു ഓരോ പലകയ്ക്കും താഴെ ഈരണ്ടു കുടുമ ഉണ്ടു്. പലകകൾ നിവിരെ നില്ക്കുന്നതിനു ഖദിരമരം കൊണ്ട് അന്താഴങ്ങൾ നിർമ്മിച്ചു. അവയെ പൊന്നു പൊതിഞ്ഞു. മൂന്നുവശത്തെയും പലകകൾക്കു അഞ്ചുവീതം (3×5=15) അന്താഴങ്ങൾ നിർമ്മിച്ചു. നടുവിലത്തെ അന്താഴം ഒരറ്റത്തുനിന്നു മറ്റെ അറ്റം വരെ എത്തുന്നതാണ്. അന്താഴം ചെലുത്തുവാനുള്ള വളയ ങ്ങൾ സ്വർണ്ണനിർമ്മിതമാണ്. (പുറ, 26:26-29; 36:31-34). കൂടാരം മുഴുവൻ കയറിലാണ് നില്ക്കുന്നത്. കയറിന്റെ ഒരറ്റം കൂടാരശീല ബന്ധിച്ചിട്ടുള്ള താമ്രകൊളുത്തിനോടും മറ്റെ അറ്റം തറയിൽ നാട്ടിയ താമക്കുറ്റിയോടും ബന്ധിച്ചിരിക്കും. തിരുനിവാസം നിർമ്മിച്ചത് പത്തുലിനൻ മുടുശീലകൾ കൊണ്ടാണ്. സൂക്ഷ്മാർത്ഥത്തിൽ തിരുനിവാസം ഇതാണ്. ഈ ലിനൻ മൂടുശീലകൾ ഖദിരമരനിർമ്മിതമായ ചട്ടക്കൂടിനോടു ബന്ധിക്കുമ്പോൾ ദൈവനിവാസമായി. പിരിച്ച ലിനൻ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവയാണ് നിർമ്മാണവസ്തുക്കൾ. ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ടുമുഴം (12.46മീ.) നീളവും, നാലുമുഴം (1.78 മീ.) വീതിയും ഉണ്ട്. അഞ്ചു മൂടുശീല ഒന്നോടൊന്നു ചേർത്തു നീല നൂൽകൊണ്ടു് കണ്ണികളും പൊന്നുകൊണ്ടു കൊളുത്തുകളും നിർമ്മിച്ചു. മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നോടൊന്നു ചേർത്തു. (പുറ, 26:1-6; 36:8-13). ചിത്രപ്പണിയായ കെരൂബുകൾ അവയിൽ തുന്നിച്ചേർത്തു. (26:1; 36:8). ഈ മൂടുശീലകളെ സംരക്ഷിക്കുന്നതിനുവേണ്ടി അവയ്ക്കു മുകളിൽ മൂന്നു മൂടികൾ നിർമ്മിച്ചു.
1. തിരുനിവാസത്തിന്റെ മൂടുവിരി കോലാട്ടുരോമം കൊണ്ടുണ്ടാക്കിയ പതിനൊന്നു മൂടുശീലയാണ്. സൂക്ഷ്മാർത്ഥത്തിൽ അതാണു് കുടാരം. (പുറ, 26:7-15). ഓരോ മൂടുശിലയ്ക്കും മുപ്പതുമുഴം (13.35മീ.) നീളവും, നാലുമുഴം (1.78മീ.) വീതിയും ഉണ്ട്. അഞ്ചെണ്ണം ഒന്നായും ആറെണ്ണം മറ്റൊന്നായും ചേർത്തതാണ്. ആറാമത്തെ മൂടു ശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടണം. മൂടു ശീലയുടെ വിളുമ്പിൽ അൻപതു കണ്ണി നിർമ്മിച്ച് താമ്രംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കി. കൊളുത്തു കണ്ണിയിലിട്ട് കുടാരം ഒന്നായിരിക്കത്തക്കവണ്ണം ഘടിപ്പിക്കേണ്ടതാണ്. മുടുവിരിയുടെ മൂടുശീല ഇപ്പുറത്തും അപ്പുറത്തും ഓരോ മുഴം വീതം ശേഷിക്കും. (പുറ, 26:10-13).
2. ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ കൊണ്ടു മൂടുവിരിക്കു ഒരു പുറമൂടി.
3. തഹശുതോൽ കൊണ്ട് അതിന്റെ മേൽ ഒരു പുറമുടി. (പുറ, 26:14).
തിരുനിവാസത്തിന്റെ പ്രവേശനം ഒരു മറകൊണ്ട് മറെച്ചിരുന്നു. മറശീലയ്ക്ക് പൊന്നു പൊതിഞ്ഞ അഞ്ചു തൂണു നിർമ്മിച്ചു. അവയുടെ കൊളുത്തുകൾ പൊന്നു കൊണ്ടുള്ളതും ചുറ്റുപടികൾ സ്വർണ്ണം പൊതിഞ്ഞതും ചുവടുകൾ താമ്രനിർമ്മിതവും ആണ്. (പുറ, 26:36-37; 36:37,38). മറയുടെ നിർമ്മാണവസ്തുക്കൾ നീലനുൽ, ധൂമ്രനൂൽ, ചെമപ്പുനൂൽ, പിരിച്ച ലിനൻ എന്നിവയാണ്.
വിശുദ്ധസ്ഥലത്തിനും അതിവിശുദ്ധസ്ഥലത്തിനും മദ്ധ്യേയുള്ള മറ ഒരു തിരശ്ശീലയാണ്. (പുറ, 26:31-33; 36:35,36). നീലനൂൽ, ധൂമ്രനൂൽ, ചെമപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ടായിരുന്നു തിരശ്ശീലയും നിർമ്മിച്ചത്. ചിത്രപ്പണിയായി കെരൂബുകൾ തുന്നിച്ചേർത്തു. മറ്റുമറകളെപ്പോലെ തിരശ്ശീലയും തൂണുകളിൽ തൂക്കിയിട്ടു. തൂണുകൾ സ്വർണ്ണം പൊതിഞ്ഞു. കൊളുത്തുകൾ സ്വർണ്ണനിർമ്മിതമായിരുന്നു. ചുവടുകൾ വെള്ളി കൊണ്ടുള്ളവയാണ്. തിരശ്ശീല തൂക്കിയിട്ടത് നാലു തൂണുകളിലാണ്. തിരശ്ശീലയുടെ മേൽമൂലകൾ പലകകളിലെ സ്വർണ്ണ കൊളുത്തുകളിൽ തൂക്കിയിട്ടു.
ഉപകരണങ്ങൾ
1. ഹോമയാഗപീഠം (Altar of burnt offering): തിരുനിവാസത്തിനും വാതിലിനുമിടയ്ക്ക് പ്രാകാരത്തിൽ വച്ചിരുന്നു. ചുമക്കുവാൻ സൗകര്യത്തിനായി ഭാരം കുറച്ചു ബലമുള്ളതായി നിർമ്മിച്ചു. യാഗപീഠം അകം പൊള്ളയാണ്. അഞ്ചുമുഴം (2.2മീ.) നീളവും, അഞ്ചുമുഴം (2.2 മീ.) വീതിയും, മൂന്നുമുഴം (1.34മീ.) ഉയരവുമുള്ള യാഗപീഠം ഖദിരമരം കൊണ്ട് നിർമ്മിച്ച് താമ്രം പൊതിഞ്ഞതാണ്. നാലുകോണിലും കൊമ്പുണ്ടായിരുന്നു. യാഗപീഠം ചുമക്കുന്നതിനാവശ്യമായ തണ്ടുകൾ ഖദിരമരം കൊണ്ടുണ്ടാക്കി താമ്രം പൊതിഞ്ഞു. തണ്ടുകൾ വളയങ്ങളിലാണ് ഇട്ടിരുന്നത്. യാഗപീഠത്തിലെ ഉപകരണങ്ങൾ താമ്രനിർമ്മിതമാണ്. വെണ്ണീരെടുക്കേണ്ട ചട്ടി, ചട്ടുകം, കലശം, മുൾക്കൊളുത്തു, തീക്കലശം (പുറ, 38:3) എന്നിവയാണ് യാഗപീഠത്തിലെ ഉപകരണങ്ങൾ. യാഗപീഠത്തിലെ അഗ്നി ഒരിക്കലും അണയാൻ പാടില്ല. (ലേവ്യ, 6:13).
2. താമത്തൊട്ടി (Laver): യാഗപീഠത്തിൽ നിന്നും തിരുനിവാസത്തിലേക്കു പോകുമ്പോൾ പുരോഹിതനു കയ്യും കാലും കഴുകുന്നതിനു സഹായകമായ രീതിയിൽ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേയാണ് തൊട്ടി വെച്ചിരുന്നത്. (പുറ, 30:20, 21; 40:32). എബ്രായസ്ത്രീകളുടെ ദർപ്പണങ്ങളാണ് താമ്രത്തൊട്ടിയും താമ്രക്കാലും നിർമ്മിക്കുന്നതിനു ഉപയോഗിച്ചത്. (പുറ, 38:8). തൊട്ടിയുടെ രൂപമോ വലിപ്പമോ പറയപ്പെട്ടിട്ടില്ല. എബ്രായപദത്തിന്റെ (കിയോർ) അർത്ഥത്തിൽ നിന്നും അത് അർദ്ധഗോളാകൃതിയെന്നു കരുതപ്പെടുന്നു. അതിൽ ഉപയോഗിക്കേണ്ട വെള്ളത്തെക്കുറിച്ചും നിർദ്ദേശമൊന്നുമില്ല. ഏതു വെള്ളവും ഉപയോഗിക്കാമെന്നു യെഹൂദ വ്യാഖ്യാതാക്കൾ പറയുന്നു. ഈ വെള്ളം ദിവസവും മാറ്റണമെന്നു മാത്രം.
3. കാഴ്ചയപ്പത്തിന്റെ മേശ (Table of showbread): സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലയ്ക്കു പുറത്താണ് മേശ. (പുറ, 40:22). മേശ ഖദിരമര നിർമ്മിതമാണ്. അതിനു രണ്ടുമുഴം (88:9 സെ.മീ.) നീളവും, ഒരു മുഴം (44.5 സെ.മീ.) വീതിയും, ഒന്നരമുഴം (66.65 സെ.മീ.) ഉയരവുമുണ്ട്. തങ്കംകൊണ്ടു പൊതിഞ്ഞതാണ്. ചുറ്റും പൊന്നുകൊണ്ടുള്ള വക്കുണ്ട്. മേശ ചുമക്കേണ്ടതിന് തണ്ടുകടത്തുവാൻ നാലുപൊൻവളയം പാർശ്വങ്ങളിൽ കാണാം. (പുറ, 25:23-30). മേശയെ അഭിഷേകം ചെയ്യണം. (പുറ, 30:2). ശബ്ബത്തുകളിൽ പുരോഹിതൻ അതിന്മീതെ പുതിയ കാഴ്ചയപ്പം വയ്ക്കണം. (ലേവ്യ, 24:5-7). ഈ മേശ ചുമക്കേണ്ട ചുമതല കെഹാത്യ ലേവ്യർക്കാണ്. (സംഖ്യാ, 3;31).
4. തങ്കനിലവിളക്ക് (Golden candlestick): വിശുദ്ധസ്ഥലത്ത് മേശയ്ക്കു നേരെ തെക്കുവശത്താണ് നിലവിളക്കിന്റെ സ്ഥാനം. (പുറ, 40:24). നിലവിളക്ക് തങ്കനിർമ്മിതമാണ്. നിലവിളക്കിനും ഉപകരണങ്ങൾക്കുമായി ഒരു താലന്തു സ്വർണ്ണം വേണ്ടിവന്നു. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും തണ്ടിൽ നിന്നു തന്നെയാണ്. കവരങ്ങൾ മൂന്നെണ്ണം ഇടത്തോട്ടും മൂന്നെണ്ണം വലത്തോട്ടുമാണ്.. നടുക്കുള്ള തണ്ടിന്റെ അതേ ഉയരം കവരങ്ങൾക്കുമുണ്ട്. ഓരോ ശാഖയിലും ഓരോ മുട്ടും ഓരോ പൂവുമായി ബദാം പൂപോലെ മൂന്നു പുഷ്പപുടം ഉണ്ട്. വിളക്കുതണ്ടിൽ നാലു പുഷ്പപുടം ഉണ്ടോയിരിക്കണം. മൂന്നു കവരങ്ങൾ പിരിയുന്ന സ്ഥാനത്ത് മൂന്നും മുകളറ്റത്തു ഒന്നുമാണ്. (പുറ, 25:31-40; 37:17-24). വിളക്കുതണ്ടിന്റെ വലിപ്പം പറഞ്ഞിട്ടില്ല. യെഹൂദ്യ പാരമ്പര്യമനുസരിച്ച് ഉയരം 1.5 മീറ്ററും വീതി 1.05 മീറ്ററും ആണ്. വിളക്ക് തങ്കനിർമ്മിതമാണ്. ആറുകവരങ്ങളിലും തണ്ടിലുമായി ഏഴുവിളക്കുകൾ ഉണ്ട്. പരിശുദ്ധമായ ഒലിവെണ്ണയാണ് വിളക്കുകൾക്ക് ഉപയോഗിക്കുന്നത്. സന്ധ്യായാഗ സമയത്താണ് ദീപം കത്തിക്കുന്നത്. (പുറ, 30:8). പ്രഭാതയാഗസമയത്ത് വിളക്കണയ്ക്കുകയും തുടയ്ക്കകയും ചെയ്യും. (പുറ, 30:7; 1ശമൂ, 3:3). നിലവിളക്കുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ചവണകളും കരിന്തിരിപ്പാത്രങ്ങളും. അവയും തങ്കനിർമ്മിതമാണ്. (പുറ, 25:38).
5. ധൂപപീഠം (Altar of incense): ധൂപപീഠത്തിന്റെ സ്ഥാനം തിരശ്ശീലയ്ക്കു മുൻപിലാണ്. (പുറ, 30:1-6; 37:25-28). എബ്രായർ 9:4-ൽ രണ്ടാം തിരശ്ശീലയ്ക്കു പിന്നിൽ അതിവിശുദ്ധ സ്ഥലത്തുള്ള വസ്തുക്കളെ വിവരിക്കുന്ന കൂട്ടത്തിൽ സ്വർണ്ണധൂപ കലശത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഖദിര മരം കൊണ്ടു നിർമ്മിച്ചു തങ്കം പൊതിഞ്ഞതാണ് ഇത്. അതിന്റെ നീളം ഒരു മുഴവും (44.5 സെ.മീ.), വീതി ഒരു മുഴവും (44.5 സെ.മീ), ഉയരം രണ്ടു മുഴവും (89 സെ.മീ.) ആണ്. കൊമ്പുകൾ അതിനോടു ചേർന്നിരിക്കുന്നു. മുകൾവശത്തു ചുറ്റും പൊന്നു കൊണ്ടുള്ള വക്കുണ്ട്. പീഠം വഹിക്കുന്നതിനുള്ള തണ്ടുകളിടുന്നതിനു വക്കിനു കീഴെ ഇരുവശത്തും ഈരണ്ടു പൊൻവളയം ഉണ്ട്. തണ്ടുകൾ ഖദിരമരം കൊണ്ടു നിർമ്മിച്ച് പൊന്നു പൊതിഞ്ഞവയാണ്.
6. നിയമപെട്ടകം (Ark of the covenant): പത്തുകല്പനകൾ അടങ്ങിയ രണ്ടു കല്പലകകൾ സൂക്ഷിച്ചിരുന്നതു കൊണ്ടാണു് ഈ പെട്ടകത്തെ നിയമപെട്ടകം (ആറോൻ ബ്റീത്) എന്നുവിളിക്കുന്നത്. (സംഖ്യാ, 10:33; 14:44; എബ്രാ, 9:4). സാക്ഷ്യപ്പെട്ടകം (ആറോൻ ഹാ ഏദുത്) ദൈവത്തിന്റെ പെട്ടകം എന്നീ പേരുകളും അതിനുണ്ട്. (പുറ, 25:16, 22; 1ശമൂ 3:3; 4:11). ഖദിരമരം കൊണ്ടാണ് പെട്ടകം നിർമ്മിച്ചത്. പെട്ടകത്തിനു രണ്ടരമുഴം (1.11 മീ.) നീളവും, ഒന്നരമുഴം (66.7 സെ.മീ.) വീതിയും, ഒന്നരമുഴം (66.7 സെ.മീ.) ഉയരവുമുണ്ട്. തങ്കംകൊണ്ട് അകവും പുറവും മൂടി. പെട്ടകത്തിന്റെ മേൽ ചുറ്റും പൊന്നുകൊണ്ടുള്ള വക്കു നിർമ്മിച്ചു. പെട്ടകത്തിന്റെ മേൽമൂടിയാണു കൃപാസനം. (പുറ, 25:20-22). പെട്ടകത്തിന്റെ രണ്ടു വശത്തും ഈരണ്ടു പൊൻവളയങ്ങളുണ്ട്. അവയിൽ പൊന്നു പൊതിഞ്ഞ ഖദിരമരത്തണ്ടുകൾ കടത്തിയാണ് പെട്ടകം ചുമക്കുന്നത്. തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ നിന്ന് മാറ്റാൻ പാടില്ല. (പുറ, 25:15). കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുള്ള രണ്ടു കെരൂബുകളെ നിർത്തി. അവ മേലോട്ടു ചിറകു വിടർത്തി കൃപാസനത്തെ മൂടി പരസ്പരം അഭിമുഖമായിരുന്നു. (പുറ, 25;20). കെരൂബുകൾക്കു മദ്ധ്യേയാണ് യഹോവ പ്രത്യക്ഷപ്പെട്ടത്. പത്തു കല്പനകൾ എഴുതിയ കല്പലകകൾ പെട്ടകത്തിൽ വച്ചിരുന്നു. ന്യായപ്രമാണപുസ്തകവും അതിൽ വച്ചു. (ആവ, 31:26). യോശീയാരാജാവിന്റെ കാലത്തു കണ്ടെടുത്ത ന്യായപ്രമാണപുസ്തകം ഇതാണെന്നു കരുതപ്പെടുന്നു. (2രാജാ, 22:8). ശലോമോന്റെ കാലത്തു രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. (1രാജാ, 8:9). കല്പലകകൾ കൂടാതെ മന്ന ഇട്ടുവച്ച പൊൻപാത്രവും (പുറ, 16:33,34) അഹരോന്റെ തളിർത്ത വടിയും നിയമപെട്ടകത്തിൽ ഉണ്ടായിരുന്നു.
ഭൂമിയിൽ ദൈവത്തിന്റെ പ്രഥമനിവാസമായിരുന്നു സമാഗമനകൂടാരം. തുടർന്ന് ദൈവാലയം, ജഡധാരണം (ക്രിസ്തുവിന്റെ), വിശ്വാസിയുടെ ശരീരം, സഭ എന്നിങ്ങനെ ദൈവനിവാസങ്ങൾ മാറി. സമാഗമനകൂടാരം സ്വർഗ്ഗീയത്തിന്റെ നിഴലും ദൃഷ്ടാന്തവുമാണ്. (എബ്രാ, 8:5). വരുവാനുള്ള നന്മകളുടെ നിഴൽ മാത്രമാണ് ന്യായപ്രമാണം. (എബ്രാ, 10:1). വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നു. (എബ്രാ, 9;11). ദൈവം സ്വന്തജനത്തിന്റെ നടുവിൽ വസിക്കുന്നതിന്റെ അടയാളമാണ് സമാഗമനകൂടാരം. (പുറ, 25:8). ദൈവസാന്നിദ്ധ്യത്തിന്റെയും കൃപാപൂർണ്ണമായ സ്നേഹത്തിന്റെയും പ്രതീകമാണ് നിയമപ്പെട്ടകം. ദൈവിക ശുശ്രൂഷയ്ക്കായി പന്ത്രണ്ടു ഗോത്രങ്ങളും സമർപ്പിക്കപ്പെട്ടതിനെ ചൂണ്ടിക്കാണിക്കുകയാണ് പന്ത്രണ്ടു കാഴ്ചയപ്പം. വെളിച്ചത്തിന്റെ മക്കളായിരിക്കുവാൻ യിസ്രായേൽ വിളിക്കപ്പെട്ടു എന്നത് നിരന്തരം ഓർപ്പിക്കുകയാണു നിലവിളക്ക്. (ഒ.നോ: മത്താ, 5:14). സുഗന്ധധൂപം പ്രാർത്ഥനയുടെ പ്രതീകമായണ്. (വെളി, 5:8; 8:3). യേശുവിന്റെ ദേഹത്തെ തിരശ്ശീലയായി എബ്രായലേഖനകാരൻ രൂപണം ചെയ്യുന്നു. യേശു സ്വന്തദേഹമെന്ന തിരശ്ശീല കീറി സകലമനുഷ്യർക്കും വേണ്ടി അതിപരിശുദ്ധ സ്ഥലത്തേക്കുള്ള വഴി തുറന്നു. (എബ്രാ, 10:19).