സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം
സമാധാനത്തിനുവേണ്ടി മനുഷ്യൻ പരക്കം പായുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സമാധാനത്തിനു വേണ്ടി മദ്യപിക്കുന്നവരുടെയും മയക്കുമരുന്നുകളെ ആശ്രയിക്കുന്നവരുടെയും പുകവലിക്കുന്നവരുടെയും എണ്ണം അനുനിമിഷം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ധനം വാരിക്കൂട്ടുവാൻ അദ്ധ്വാനിക്കുന്നവർ, സ്ഥാനമാനങ്ങൾ പിടിച്ചു പറ്റുവാൻ ശ്രമിക്കുന്നവർ, ഉന്നത വിദ്യാഭ്യാസത്തിനായി അക്ഷീണം പരിശ്രമിക്കുന്നവർ തുടങ്ങി എല്ലാവരും സമാധാനത്തിനുവേണ്ടിയുള്ള പ്രയാണം അസമാധാനത്തോടെ തുടരുന്നവരാണ്. എന്നാൽ കഷ്ടതയിലൂടെയും പീഡനത്തിലൂടെയും അസമാധാനത്തോടെയും കടന്നുപോയ ഫിലിപ്പിയിലെ വിശ്വാസികളോട് സമാധാനം നേടുവാൻ അവർ ചെയ്യേണ്ടതെന്തെന്ന് പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. അവർ ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ അവരുടെ എല്ലാ ആവശ്യങ്ങളും പ്രാർത്ഥനയാലും അപേക്ഷയാലും സ്തോത്രത്തോടെ ദൈവത്തെ അറിയിക്കുകയാണു വേണ്ടതെന്ന് പൗലൊസ് അവരെ ഉദ്ബോധിപ്പിക്കുന്നു. (ഫിലി, 4:6). പ്രയാസങ്ങളുടെയും പ്രതിബന്ധങ്ങളുടെയും മുമ്പിൽ അടിപതറാതെ ആവശ്യങ്ങൾ എന്തുതന്നെയായിരുന്നാലും അവ ദൈവസന്നിധിയിൽ സമർപ്പിച്ച് സ്തോത്രത്തോടെ പ്രാർത്ഥിക്കണമെന്ന് അപ്പൊസ്തലൻ നിഷ്കർഷിക്കുന്നു. കാരണം പർവ്വതസമാനമായ പ്രശ്നങ്ങൾ കടന്നുവരുമ്പോൾ അനേകർ പ്രാർത്ഥിക്കുമെങ്കിലും സ്തോത്രത്തോടെ പ്രാർത്ഥിക്കുവാൻ പലർക്കും കഴിയാറില്ല. സ്തോത്രത്തോടെ പ്രാർത്ഥിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് സ്തോത്രം എന്ന പദം ആവർത്തിച്ച് ഉച്ചരിക്കുക എന്നതല്ല. പിന്നെയോ, ജീവിതത്തിന്റെ കഴിഞ്ഞുപോയ നാളുകളിൽ ദൈവം ചെയ്ത അത്ഭുതങ്ങൾ ഓർത്ത്, ദൈവം ചൊരിഞ്ഞ സ്നേഹത്തെ ഓർത്ത് ഹൃദയത്തിന്റെ അഗാധതയിൽനിന്ന് ദൈവത്തിന് സ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ട് നമ്മുടെ പ്രശ്നങ്ങൾക്കുവേണ്ടി ദൈവത്തോടു യാചിക്കണം. അപ്പോൾ നമ്മുടെ ആകുലങ്ങളെ ആട്ടിപ്പായിച്ചു കൊണ്ട് സകല ബുദ്ധിക്കും അതീതമായ ദൈവത്തിന്റെ സമാധാനത്താൽ ദൈവം നമ്മ സംരക്ഷിക്കും. (ഫിലി, 4:7). ലോകത്തിന് ആ സമാധാനം തരുവാനോ മനസ്സിലാക്കുവാനോ കഴിയുകയില്ല. എന്തെന്നാൽ അത്, “എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെയല്ല” (യോഹ, 14:27) എന്ന് അരുളിച്ചെയ്ത യേശു തരുന്ന സമാധാനമാണ് – സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം.