വിശുദ്ധീകരണം (Sanctification)
“ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:14)
ശുദ്ധീകരണം, വിശുദ്ധീകരണം, ശുദ്ധീകരിക്കുക, വിശുദ്ധീകരിക്കുക എന്നീ പദങ്ങൾ അർത്ഥാന്തരം കൂടാതെയാണ് ബൈബിളിൽ പ്രയോഗിച്ചിട്ടുള്ളത്, ഹഗിയാസോ (ἁγιάζω hagiazo) എന്ന ഗ്രീക്കുധാതുവിനെ വിശുദ്ധീകരിക്കുക (മത്താ, 6:9; ലൂക്കൊ, 11:2; യോഹ, 10:36; 17:17, 19; റോമ, 15:15; 1കൊരി, 1:2; 7:14; എഫെ, 5:26; 1തിമൊ, 4:5; എബ്രാ, 2:11; 10:10, 14 ഇത്യാദി), ശുദ്ധീകരിക്കുക (മത്താ, 23:17, 19; പ്രവൃ, 26:18; 1തെസ്സ, 5:23; എബ്രാ, 9:14 ഇത്യാദി) എന്നിങ്ങനെയും ഹഗിയാസ്മൊസ് (ἁγιασμός – hagiasmos) എന്ന ഗ്രീക്കുപദത്തെ വിശുദ്ധീകരണം (റോമ, 6:19, 22; 1തെസ്സ, 4:4, 7; 2തെസ്സ, 2:13; 1തിമൊ, 2:15; 1പത്രോ, 1:2), ശുദ്ധീകരണം (1കൊരി, 1:30; 1തെസ്സ, 4:3; എബ്രാ, 12:14) എന്നിങ്ങനെയും പരിഭാഷപ്പെടുത്തിയിരിക്കുന്നു.
വേർതിരിക്കുക എന്നതാണ് വിശുദ്ധീകരിക്കുക എന്നതിന്റെ പ്രധാനമായ ആശയം. വിശുദ്ധ ഉപയോഗത്തിനുവേണ്ടി അശുദ്ധിയിൽ നിന്നും അശുദ്ധരിൽനിന്നും ചില വസ്തുക്കളെയും വ്യക്തികളെയും വേർപെടുത്തി മാറ്റിവയ്ക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യും. യഹോവ ഏഴാം നാളിനെ ശുദ്ധീകരിച്ചു. (ഉല്പ, 2:3). ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ കല്പന നൽകി. (പുറ, 20:8). സീനായിൽ വച്ച് ന്യായപ്രമാണം കൊടുക്കുന്നതിനു മുമ്പായി മോശെ ജനത്തെ ശുദ്ധീകരിച്ചു. (പുറ, 19:10, 14). മനുഷ്യന്റെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ യഹോവയ്ക്കായി വിശുദ്ധീകരിച്ചു. (പുറ, 13:2; സംഖ്യ, 8:17). യാഗപീഠം (പുറ, 29:37). സമാഗമനകൂടാരം (പുറ, 29:44), പുരോഹിതൻ (പുറ, 28:41), വസ്ത്രങ്ങൾ (ലേവ്യ, 8:30) എന്നിവ അനുഷ്ഠാനപരമായ ശുദ്ധീകരണത്തിന് വിധേയമായിരുന്നു. പുതിയനിയമത്തിൽ രണ്ടിടത്ത് അനുഷ്ഠാനപരമായ ശുദ്ധീകരണം പറയപ്പെടുന്നു. മന്ദിരം സ്വർണ്ണത്തെയും യാഗപീഠം വഴിപാടിനെയും ശുദ്ധീകരിക്കുന്നു. (മത്താ, 23:17, 19). സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിച്ചാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും. (യെശ, 8:13,14).
ദൈവം തിരുനാമത്തെ അഥവാ സ്വയം വിശുദ്ധീകരിക്കുന്നു. ന്യായവിധി, വീണ്ടെടുപ്പ് എന്നിവയിൽ തന്റെ പരമാധികാരത്തിന്റെയും ശക്തിയുടെയും നിസ്തുല്യത വെളിപ്പെടുത്തിക്കൊണ്ട് താൻ സൃഷ്ടിയിൽ നിന്നും വേർപെട്ടവനാണെന്ന് ദൈവം കാണിക്കുന്നു. ദൈവത്തിന്റെ മഹത്ത്വത്തെ വെളിപ്പെടുത്തുന്നതാണത്. (മത്താ, 6:9; യെഹെ, 36:23; 38:23; സംഖ്യാ, 20:26). പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനെന്ന് (യോഹ, 10:36) ക്രിസ്തു സ്വയം പറയുന്നു. ഇവിടെ പെസഹാക്കുഞ്ഞാടിനെ നാലു ദിവസം വേർതിരിച്ചു നിർത്തുന്നതുപോലെ പിതാവായ ദൈവം ജഡത്തിൽ വെളിപ്പെടുവാനായി പുത്രനെ വേർതിരിച്ചു ഭൂമിയിലയച്ചു. “അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.” (യോഹ, 17:19). മാദ്ധ്യസ്ഥ ശുശ്രൂഷയ്ക്കുവേണ്ടി ക്രിസ്തു ആത്മസമർപ്പണവും പ്രതിഷ്ഠയും നടത്തിയതിനെയാണ് ഇവിടെ വിശുദ്ധികരണം എന്നു പറഞ്ഞിട്ടുള്ളത്. ക്രൂശുമരണത്തിനുവേണ്ടി ക്രിസ്തു തന്നെത്തന്നേ വേർതിരിച്ചു. ഇങ്ങനെ പിതാവായ ദൈവത്തിന്റെ ഹിതത്തിനുവേണ്ടി സ്വയം സമർപ്പിച്ചു. അതിനാലാണ് ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറയുവാൻ ക്രിസ്തുവിനു കഴിഞ്ഞത്. (എബ്രാ, 10:9). ക്രിസ്തുവിന്റെ വിശുദ്ധിയെക്കുറിച്ച് എബ്രായലേഖനത്തിൽ ഇങ്ങനെ കാണാം. “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കുവേണ്ടിയത്: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.” (എബ്രാ, 7:26). ക്രിസ്തു നമുക്ക് ദൈവത്തിങ്കൽ നിന്ന് ശുദ്ധീകരണമായി തീർന്നു. (1കൊരി, 1:30). “എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.” (എബ്രാ, 12:14). ദൈവത്തിന്റെ ഇഷ്ടം നമ്മുടെ ശുദ്ധീകരണം തന്നേ. (1തെസ്സ, 4:3). ദൈവം നമുക്കുവേണ്ടി ചെയ്തതാണ് നീതീകരണം. ദൈവം നമ്മിൽ ചെയ്യുന്നതാണ് ശുദ്ധീകരണം. നീതീകരണം നമ്മ നിയമപരമായി ദൈവവുമായി ശരിയായ ബന്ധത്തിൽ ആക്കിവയ്ക്കുന്നു. പാപത്തിൽ നിന്ന് വേർപെട്ട് ദൈവത്തിനായി സമർപ്പിച്ചുകൊണ്ട് ജീവിതത്തിൽ നീതീകരണത്തിന്റെ ഫലം പ്രദർശിപ്പിക്കുന്നതാണ് വിശുദ്ധീകരണം. സ്ഥാനീയവിശുദ്ധി നീതീകരണത്തിനു സമസ്ഥാനീയമാണ്. നീതീകരണം മനുഷ്യനെ നിയമപരമായ വീക്ഷണത്തിൽ കാണുന്നു; സ്ഥാനീയ വിശുദ്ധീകരണം നൈതിക വീക്ഷണത്തിലും. ശുദ്ധീകരണത്തിന് മൂന്നു തലങ്ങളുണ്ട്: സ്ഥാനീയശുദ്ധീകരണം; ആനുഭവികശുദ്ധീകരണം; അന്തിമശുദ്ധീകരണം.
സ്ഥാനീയശുദ്ധീകരണം: “ഇതാ ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തതിനെ സ്ഥാപിക്കാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:910, 14). വിശ്വാസിക്കു ക്രിസ്തുവിൽ ലഭിച്ചിരിക്കുന്ന നിലയാണ് സ്ഥാനീയശുദ്ധീകരണം. രക്ഷാകരമായ ദൈവകൃപയാലാണ് അതു ലഭിച്ചത്. ദൈവികമായി ലഭിച്ച ഈ പദവിക്കനുസരിച്ച് ജീവിക്കുവാൻ നാം ബാദ്ധ്യസ്ഥരാണ്. ഇതിനെ പ്രായോഗിക വിശുദ്ധീകരണം എന്നു പറയാം. (റോമ, 12:1; എഫെ, 4:1; കൊലൊ, 3:1). ക്രിസ്തുവിനോടുള്ള ഏകീഭാവവും ക്രിസ്തുവിലെ നിലയും ആണ് സ്ഥാനീയശുദ്ധീകരണത്തിന് ആധാരമായിരിക്കുന്നത്. അത് എല്ലാ വിശ്വാസികൾക്കും പൂർണ്ണമാണ്. എല്ലാ വിശ്വാസികളും വിശുദ്ധരും വിശുദ്ധീകരിക്കപ്പെട്ടവരുമാണ്. (പ്രവൃ, 20:32; 1കൊരി, 1:2; 6:11; എബ്രാ, 10:10, 14; യൂദാ, 1:1). കൊരിന്തിലെ ക്രിസ്ത്യാനികൾ ജഡികന്മാർ ആയിരുന്നു. (1കൊരി, 5:1,2; 6:1-8). എന്നാൽ അപ്പൊസ്തലൻ അവരെ വിശുദ്ധീകരിക്കപ്പെട്ടവരെന്നും (1കൊരി,’1:2), ശുദ്ധീകരണം പ്രാപിച്ചവരെന്നും (6:11) പറയുന്നു.
തന്റെ ജനത്തിന്റെ ശുദ്ധീകരണത്തിന് ക്രിസ്തുവിന്റെ മരണം ആവശ്യമായിരുന്നു. “അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്ന് നഗരവാതിലിന് പുറത്തുവെച്ച് കഷ്ടം അനുഭവിച്ചു.” (എബ്രാ, 13:12). ഒരുവൻ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ അവന്റെ അസ്തിത്വം ക്രിസ്തുവിലായി അവന്റെ ജീവൻ ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ മറയുന്നു. (കൊലൊ, 3:3). ക്രിസ്തു വിശ്വാസിക്ക് ശുദ്ധീകരണമായിത്തീർന്നു. (1കൊരി, 1:30). തന്മൂലം അവൻ ക്രിസ്തുവിൽ പൂർണ്ണനായി. (കൊലൊ, 2:10). ക്രിസ്തുതുല്യനായി ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുന്നു. (റോമ, 8:29). ക്രിസ്തുവിന്റെ നീതിയും വിശുദ്ധിയും വിശ്വാസിക്ക് കണക്കിട്ടിരിക്കുകയാണ്.
അനുഭവികശുദ്ധീകരണം: ഇത് വിശ്വാസിയുടെ ഭൗമിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ട് നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക.” (2കൊരി, 7:1). പ്രായോഗിക ജീവിതത്തിലെ ശുദ്ധി അഥവാ ആനുഭവിക ശുദ്ധീകരണത്തിന് അടിസ്ഥാനം സ്ഥാനീയശുദ്ധീകരണമാണ്. ക്രിസ്തുവിൽ ഉള്ളവർ അഥവാ വിശുദ്ധീകരിക്കപ്പെട്ടവർക്കാണ് അനുഭവികശുദ്ധീകരണം ലഭിക്കുന്നത്. (റോമ, 6:1-11). വിശ്വാസി പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കുമ്പോൾ വിശുദ്ധീകരണത്തിൽ പുരോഗതി ലഭിക്കുന്നു. പരിശുദ്ധാത്മാവിനാൽ ജഡത്തിന്റെ പ്രവൃത്തികൾ മരിക്കുകയും (റോമ, 8:13) വചനം അനുസരിക്കുകയും ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. (ഗലാ, 5:22). അങ്ങനെ ദൈവകൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും വളരുകയും (2പത്രൊ, 3:18), സ്നേഹത്തിൽ വർദ്ധിച്ചുവരികയും (1തെസ്സ, 3:12) ചെയ്യും.
അന്തിമശുദ്ധീകരണം: ഇത് തേജസ്കരണം അഥവാ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ അവനോട് അനുരൂപപ്പെടൽ അത്രേ. “എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ കർത്താവ് നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ചു കവിയുമാറാക്കുകയും ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. “1തെസ്സ, 3:12,13). നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. മരണത്തിലോ (എബ്രാ, 12:23), തന്റെ വരവിലോ (1തെസ്സ, 3:13; എബ്രാ, 9:28; 1യോഹ, 3:2; യൂദാ, 21) കർത്താവിനെ കാണുമ്പോൾ പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നും നമുക്കു രക്ഷ ലഭിക്കും. അതോടുകൂടി വിശ്വാസിയുടെ ശരീരം തേജസ്കരിക്കപ്പെടും. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമ, 8:23).
ശുദ്ധീകരണത്തിന്റെ വിധവും ഉപാധികളും: മനുഷ്യന്റെ വിശുദ്ധീകരണത്തിൽ ദൈവത്തിനും മനുഷ്യനും പങ്കുണ്ട്. 1. ദൈവം വിശുദ്ധീകരിക്കുന്നു: “സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു ; അവൻ അത് നിവർത്തിക്കും.” (1തെസ്സ, 5:23, 24). 2. ക്രിസ്തു വിശുദ്ധീകരിക്കുന്നു: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതു പോലെ നിങ്ങളും ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും.” (എഫെ, 5:25,26. ഒ.നോ: 1കൊരി, 1:30; ഗലാ, 6:14; എബ്രാ, 10:10). 3. പരിശുദ്ധാത്മാവ് ശുദ്ധീകരിക്കുന്നു: “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” (2തെസ്സ, 2:13). 4. വിശ്വാസത്താൽ (പ്രവൃ, 26:18; 15:9; 1കൊരി, 1:30): നാം ജീവിക്കുന്നതും (റോമ, 1:17), നടക്കുന്നതും (2കൊരി, 5:7), നിൽക്കുന്നതും (2കൊരി, 1:24), പോരാടുന്നതും (2തിമൊ, 6:12), ജയിക്കുന്നതും (1യോഹ, 5:4) വിശ്വാസത്താലാണ്. 5. ദൈവവചനത്താൽ: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.” (യോഹ, 17:17. ഒ.നോ: സങ്കീ, 119:11; യോഹ, 15:3; എഫെ, 5:26). 6. ജീവിതസമർപ്പണത്തിലൂടെ: “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമ, 12:1,2. ഒ.നോ: യോഹ, 17:18,19). 7. ദൈവിക ശിക്ഷണത്തിന് വിധേയപ്പെടുന്നതിലൂടെ: “കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.” (എബ്രാ, 12:6-8. ഒ.നോ: 1കൊരി, 11:32).
അന്ത്യത്താഴസമയത്ത് യേശു ശിഷ്യന്മാരുടെ കാൽ കഴുകാനൊരുങ്ങുമ്പോൾ പത്രൊസ് യേശുവിനെ വിലക്കി: ”കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ, നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല” എന്നു പത്രൊസ് പറഞ്ഞതിന് യേശുവിൻ്റെ മറുപടി: ”ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല.” അപ്പോൾ പത്രൊസ്: ”കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ” എന്നു പറഞ്ഞു. യേശു അവനോടു: ”കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു.” (യോഹ, 13:4-10). ക്രിസ്തുവിന്റെ രക്തത്താൽ കുളികഴിഞ്ഞവരാണ് ദൈവമക്കൾ. ഇതാണ് നീതീകരിക്കപ്പെട്ടു (റോമ, 5:1) അഥവാ രക്ഷിക്കപ്പെട്ടു (എഫെ, 2:8) എന്നു പറയുന്നത്. എന്നാൽ ദൈവമക്കൾ വിശുദ്ധീകരണം അഥവാ, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല അനുഭവത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അതിനാൽ പരിശുദ്ധാത്മാവിൽ ആശ്രയിച്ച് വിശ്വാസി അനുദിനം വിശുദ്ധീകരണം പ്രാപിക്കേണ്ടത് ആവശ്യമാണ്. “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.” (1യോഹ, 1:8). ഇതാണ്, “ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല” എന്ന് കർത്താവ് പറയുന്നത്. നാം നമ്മുടെ കുറവുകൾ ഏറ്റുപറയാത്തിടത്തോളം അവന് നമ്മെ കഴുകാൻ കഴിയില്ല. ക്രിസ്തുവുമായി നമുക്കൊരു അഭേദ്യമായ ബന്ധമുണ്ടാകണമെങ്കിൽ അനുദിനം നാം വിശുദ്ധീകരണം പ്രാപിക്കണം.