ദൈവവചനം

ദൈവചനം (Word of God)

”ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു” (യോഹ, 8:46). ”കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23).

പഴയനിയമത്തിൽ വചനത്തെക്കുറിക്കുന്ന ‘ദാബർ’ (דָּבָר- dabar) എന്ന എബ്രായ പദം അനവധി പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. വചനം, കല്പന, പ്രവചനം, വാഗ്ദത്തം, മുന്നറിയിപ്പ് എന്നിങ്ങനെ ദൈവത്തിൽ നിന്നും മനുഷ്യനു ലഭിക്കുന്ന ആശയവിനിമയത്തെ കുറിക്കുന്നു. സെപ്റ്റ്വജിന്റ് ദാബറിനെ ‘ലോഗോസ് അഥവാ റീമ’ എന്നു പരിഭാഷപ്പെടുത്തുന്നു. ഈ രണ്ടു പദങ്ങളും പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ലോഗോസ് (λόγος – logos) 330 പ്രാവശ്യവും, റീമാ (ῥῆμα – rhema) 69 പ്രാവശ്യവും പുതിയനിയമത്തിൽ കാണാം.  

ചലനാത്മകമായ വചനം: വാക്കിനും പ്രവൃത്തിക്കും തമ്മിലുള്ള ബന്ധം എബ്രായപ്രയോഗം വിശദമാക്കുന്നു. ദുഷ്ടവാക്കുകൾ ദുഷ്പ്രവൃത്തിക്കു തുല്യമാണ്. സങ്കീർത്തനം 35:20-ലെ വ്യാജകാര്യങ്ങൾക്ക് എബ്രായയിൽ ദാവാർ ആണ്. കൊടുത്ത വാക്ക് ഒരിക്കലും പിൻവലിക്കാനാവില്ല. (ഉല്പ, 27). ദൈവത്തിന്റെ ഭാഷണത്തിലാണ് പ്രപഞ്ചം ഉണ്ടായത്. (ഉല്പ, 1:3). “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി.” (സങ്കീ 33:6). ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു. (എബ്രാ, 11:3). ദൈവത്തിന്റെ വചനം സ്വയം നിറവേറുകയായിരുന്നു ക്രിസ്തുവിന്റെ അത്ഭുതകരമായ ജനനത്തിൽ. (ലുക്കൊ, 1:38).

വചനവും വെളിപ്പാടും: പ്രവാചകന്റെ സന്ദേശം ദൈവത്തിന്റെ വചനമാണ്. ശമുവേലിനെ വിളിക്കുന്നതുവരെ ദൈവവചനം ശമുവേലിനു വെളിപ്പെട്ടിരുന്നില്ല. (1ശമൂ, 3:7). ഒരു പ്രവാചകനിലേക്കു ദൈവവചനം വരുകയാണ്. പ്രവാചകനു അരുളപ്പാടുണ്ടായി എന്നതാണ് സാധാരണ ഉപയോഗിക്കുന്ന ശൈലി. (യിരെ, 1:2). പ്രവാചകനു ലഭിക്കുന്ന ദർശനത്തിന്റെ വിഷയമായിരിക്കാം അത്. (യിരെ, 31:28). ഈ വചനം കേൾപ്പിൻ എന്നു (ആമോ, 4:1; 5:1) പ്രവാചകന്മാർ വിളിച്ചു പറയുമ്പോൾ ചരിത്രപരമായി നിവർത്തിക്കപ്പെടാനുള്ള ദൈവത്തിന്റെ വെളിപ്പാട് അവർ വിളംബരം ചെയ്യുകയാണ്. കാരണം ദൈവത്തിന്റെ വചനം സ്വർഗ്ഗത്തിൽ സ്ഥിരമായിരിക്കുന്നു.

ക്രിസ്തു പഴയനിയമത്തെ മുഴുവൻ ദൈവവചനം എന്നു വിളിച്ചു. (മത്താ, 15:6). ക്രൈസ്തവ വെളിപ്പാട് മുഴുവനും ക്രിസ്തുവിന്റെ വചനം ആണ്. (കൊലൊ, 3:16). ക്രിസ്തുവിനെ കുറിക്കുന്നതിനും വചനം എന്ന വാക്കു തന്നെയാണ് ഉപയോഗിക്കുക. (യോഹ, 1:1, 14). ദൈവം പണ്ടു ഭാഗം ഭാഗമായിട്ടു അരുളിച്ചെയ്തു. എന്നാൽ ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം പൂർണ്ണമായി അരുളിച്ചെയ്തു. (എബ്രാ, 1:1). ക്രിസ്തുവിനെ നിരസിക്കുന്നവരിൽ ദൈവവചനം ഇല്ല. (യോഹ, 5:38). ക്രിസ്തുശിഷ്യന്മാരുടെ പ്രത്യേകത അവരിൽ ക്രിസ്തുവിന്റെ വചനം വസിക്കുന്നു എന്നതത്ര. (യോഹ, 15:7).

വചനവും സുവിശേഷവും: വെളിപ്പെട്ട ദൈവവചനം രക്ഷയുടേതാണ്; രക്ഷയ്ക്കു ഹേതുവാണ്. (യെശ, 55:10). പ്രവാചക വചനം ദൈവത്തിന്റെ കൃപയെക്കുറിച്ചും കരുണയെക്കുറിച്ചും സംസാരിക്കുന്നു; ഒപ്പം ദൈവക്രോധം, ന്യായവിധി എന്നിവയെക്കുറിച്ചും. രക്ഷാകരവചനത്തെ മൂർത്തമായും അവതരിപ്പിച്ചിട്ടുണ്ട്. ദൈവം വചനം അയച്ചു തന്റെ ജനത്തെ സൗഖ്യമാക്കുന്നു. (സങ്കീ, 107:20). ദൈവവചനം എന്നേയ്ക്കും നിലനില്ക്കുന്നു. (യെശ, 40:8). ഈ വചനം സുവിശേഷമാണ്. (1പത്രൊ, 1:25). ദൈവവചനത്താലാണ് ഒരു വ്യക്തി വീണ്ടു ജനിക്കുന്നത്. (1പത്രൊ, 1:23; യാക്കോ, 1:18). യേശു സംസാരിച്ച വചനങ്ങൾ ശിഷ്യന്മാരെ ശുദ്ധീകരിച്ചു. (യോഹ, 15:3). യേശു സംസാരിച്ചത് ദൈവവചനം ആയിരുന്നു. (ലൂക്കൊ, 5:1). ക്രിസ്തുവിന്റെ സന്ദേശത്തിലെയും അപ്പൊസ്തലന്മാരുടെ പ്രസംഗത്തിലെയും വിഷയം ക്രിസ്തു ആയിരുന്നു? രാജ്യത്തിന്റെ വചനം (മത്താ, 13:19), ക്രൂശിന്റെ വചനം (1കൊരി, 1:18) എന്നിങ്ങനെ വചനത്തെ വിവേചിക്കുന്നുണ്ട്.

വചനവും തിരുവെഴുത്തും: ക്രിസ്തു ദൈവവചനത്തെയും സമ്പ്രദായത്തെയും വേർതിരിച്ചു പറഞ്ഞു. (മത്താ, 15:6). മൗലികമായ വെളിപ്പാടിനെയും അതിന്റെ ലിഖിത രൂപത്തെയും യേശു സമന്വയിപ്പിക്കുന്നുണ്ട്. (യോഹ, 10:35). പഴയനിയമ ഉപദേശത്തെ മുഴുവൻ പൗലൊസ് ദൈവവചനം എന്നു വിളിച്ചു. (റോമ, 9:6). പഴയനിയമത്തിലെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തെയും വചനം എന്നു പറഞ്ഞിട്ടുണ്ട്. (റോമ, 13:9; ഗലാ, 5:14). ദൈവവചനം ദൈവത്തിന്റെ സ്വയം പ്രകാശനമാണ്. ദൈവം പ്രവാചകന്മാരിലൂടെ സംസാരിച്ചു; തിരുവെഴുത്തുകളിലൂടെ സംസാരിച്ചു. തിരുവെഴുത്തുകൾ അവന്റെ വചനമാണ്. ദൈവം വചനമായി ലോകത്തിലേക്കു വന്നു. വചനം ദൈവം ആയിരുന്നു. വചനം ചലനാത്മകമാണ്, രക്ഷിക്കുന്നതാണ്, ന്യായം വിധിക്കുന്നതാണ്.

വചനവും ക്രിസ്തുവും: ലോഗോസ് എന്ന ഗ്രീക്കുപദം സാങ്കേതികാർത്ഥത്തിൽ ക്രിസ്തുവിന്റെ പേരായി യോഹന്നാന്റെ എഴുത്തുകളിൽ പ്രയോഗിച്ചിരിക്കുന്നു. ലോഗൊസിനെ വചനം എന്നു തന്നെയാണ് പരിഭാഷ ചെയ്തിട്ടുള്ളത്. ഭൂമിയിലെ  ഈ മാതൃകാമനുഷ്യനാണ് മനുഷ്യസൃഷ്ടിയിൽ ദൈവത്തിന്റെ മാതൃക. “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29. ഒ.നോ: ഫിലി, 3:21). പുതിയനിയമത്തിൽ മൂന്നു ഭാഗങ്ങളിൽ ലോഗോസ് ക്രിസ്തുവിനെ കുറിക്കുന്നു. (യോഹ, 1:1, 14; 1യോഹ, 1:1-3; വെളി, 19:13). ക്രിസ്തുവിന്റെ നിത്യാസ്തിക്യത്തെയും ദൈവത്വത്തെയും വെളിപ്പെടുത്തുന്നതാണ് വചനമെന്ന നാമം. ആദിമുതലേ ഉണ്ടായിരുന്ന വചനവും സാക്ഷാൽ ദൈവമായിരുന്നവനും (യോഹ, 1:1); കൃപയും സത്യവും നിറഞ്ഞവനായി മനുഷ്യരോടുകൂടി പാർത്ത വചനവും ക്രിസ്തുവാണ്. (യോഹ, 1:14). “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു.” (1യോഹ, 1:1,2). മനുഷ്യൻ ജീവിക്കുന്നത് ഭക്ഷണംകൊണ്ടു മാത്രമല്ല; ദൈവത്തിൻ്റെ വായിൽനിന്നു വരുന്ന സകല വചനവുംകൊണ്ടു കൂടിയാണ്. (മത്താ, 4:4). ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; ദൈവത്തിൻ്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. (മത്താ, 24:35). ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ (ലൂക്കോ, 11:28). വചനത്തിൽ നിലനില്ക്കുന്നവരാണ് ക്രിസ്തുവിൻ്റെ യഥാർത്ഥ ശിഷ്യന്മാർ. (യോഹ, 8:31). ക്രിസ്തുവിൻ്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല (യോഹ, 8:51,52). 

വചനവും വീണ്ടുംജനനവും: വീണ്ടുംജനിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് യേശു നിക്കോദെമൊസിനോടു പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല.” (യോഹ, 3:3). വചനത്താലും ആത്മാവിനാവുമാണ് വ്യക്തി വീണ്ടുംജനിക്കുന്നത്: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.” (യോഹ, 3:5,6). “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും” (എഫെ, 5:26). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ആദ്യത്തേതാണ് ‘ദൈവവചനം കൈക്കൊള്ളുക’ എന്നത്. (പ്രവൃ, 2:41,42). യെഹൂദന്മാരും (പ്രവൃ, 2:41), ശമര്യരും (പ്രവൃ, 8:14), ജാതികളും (11:1) ദൈവവചനം കൈക്കൊണ്ടു. യേശു യെഹൂദന്മാരോടു പറഞ്ഞു: ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു? “ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.” (യോഹ, 8:46). പൗലൊസ് അപ്പൊസ്തലൻ തെസ്സലൊനിക്യരോട് പറഞ്ഞു: ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13).

വചനം: സൗഖ്യമാക്കുന്നു (സങ്കീ, 117:20), അണ്ണാക്കിനു മധുരം (119:103), കാലിനു ദീപം (സങ്കീ, 119: 105; സദൃ, 6:3), വെളിച്ചം (സദൃ, 6:3), ഹൃദയത്തിനു ആനന്ദം (യിരെ, 15:16), ആത്മാവും ജീവനും (യോഹ, 6:63), നിത്യജീവൻ (യോഹ, 6:68; പ്രവൃ, 13:48; ഫിലി, 2:15), ന്യായംവിധിക്കും (യോഹ, 12:46), ശുദ്ധീകരണം (യോഹ, 15:3; 17:17), പ്രാർത്ഥനയ്ക്കുത്തരം (യോഹ, 15:7), രക്ഷ (പ്രവൃ, 2:41; 4:4; 13:26), കൃപ (പ്രവൃ, 14:3; 20:32), ആശ്വാസം (പ്രവൃ, 15:35), വിശ്വാസം (റോമ, 10:17), ദൈവശക്തി (1കൊരി, 1:18), ആത്മാവിൻ്റെ വാൾ (എഫെ, 6:17), സത്യം (കൊലൊ, 1:3; 2തിമൊ, 2:15; യാക്കോ, 1:18), പത്ഥ്യം (1തിമൊ, 6:3; 2തിമൊ, 1:13; തീത്തൊ, 2:8), ബന്ധനമില്ല (2തിമൊ, 2:9), വിശ്വാസ്യം (തീത്തൊ, 1:5), വിശ്വാസയോഗ്യം (തീത്തൊ, 3:8), ശക്തിയുള്ളത് (എബ്രാ, 1:3), ജീവനും ചൈതന്യവും (എബ്രാ, 4:12), നീതി (എബ്രാ, 5:13), നല്ലത് (എബ്രാ, 6:5), സകലവും സൃഷ്ടിക്കപ്പ്ട്ടത് (എബ്രാ, 11:3), ആത്മാക്കളെ രക്ഷിക്കാൻ ശക്തിയുള്ളതും ഉൾനട്ടതും (യാക്കോ, 1:21), നിലനില്ക്കുന്നത് (1പത്രൊ, 1:23), വീണ്ടും ജനിപ്പിക്കുന്നത് (1പത്രൊ, 1:23), പ്രാകൃതമനുഷ്യനെ വീണ്ടും ജനിപ്പിച്ചുകൊണ്ടു ദൈവമക്കളാക്കുന്നതും (യോഹ, 3:15-17) നിത്യജീവനെന്ന കൃപാവരം (റോമ, 6:23) നല്കുന്നതും ജഡത്തിൽ വെളിപ്പെട്ട വചനവും തിരുവെഴുത്തുകളെന്ന വചനവുമാണ്. “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രാ, 4:12).

Leave a Reply

Your email address will not be published. Required fields are marked *