റോമർ

റോമർക്ക് എഴുതിയ ലേഖനം (Book of Romans)

പുതിയനിയമത്തിലെ ആറാമത്തെ പുസ്തകവും ലേഖനങ്ങളിൽ ഒന്നാമത്തേതും. പൗലൊസിന്റെ ലേഖനങ്ങളിൽ ശ്രേഷ്ഠമായി കരുതപ്പെടുന്ന ഒന്നാണിത്. ഗലാത്യ ലേഖനത്തെ ക്രിസ്തീയ സ്വാതന്ത്യത്തിന്റെ ‘മാഗ്നാകാർട്ട’ അഥവാ, അടിസ്ഥാനപ്രമാണം എന്നും റോമാലേഖനത്തെ ക്രിസ്തുമാർഗ്ഗത്തിന്റെ ഭരണഘടന എന്നും വിളിക്കുന്നു. റോമാലേഖനത്തിലെ ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങളും ഗലാത്യലേഖനവും കൂടിയാകുമ്പോൾ ക്രിസ്തീയ ഉപദേശത്തിന്റെ ആധികാരിക പ്രമേയങ്ങൾ പൂർണ്ണമാകും. വിഷയവും വിഷയത്തിന്റെ യുക്തിഭദ്രമായ അവതരണവും, ശൈലിയും റോമാലേഖനത്തെ സവിശേഷമാക്കുന്നു. ഉപദേശവിഷയങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലേഖനം ലളിതവും സ്പഷ്ടവുമാണെങ്കിലും വളരെ ഗഹനമാണ്. ദൈവശാസ്ത്ര പദ്ധതികളുടെ പ്രണേതാക്കളെല്ലാം റോമാലേഖനത്തിന്റെ വ്യാഖ്യാനത്തിനു മുതിർന്നതു പ്രസ്തുത ലേഖനത്തിന്റെ ഉപദേശപരമായ പ്രാധാന്യത്തിനു തെളിവാണ്.

ഗ്രന്ഥകർത്താവ്: അപ്പൊസ്തലനായ പൗലൊസാണ് റോമാലേഖനത്തിന്റെ കർത്താവ് എന്നതിനു ആഭ്യന്തരവും ബാഹ്യവുമായ തെളിവുകളുണ്ട്. റോമർ 1:2-ൽ പൗലൊസ് എഴുതി എന്നു വ്യക്തമാക്കിയിട്ടുണ്ട്. താൻ ജാതികളുടെ അപ്പൊസ്തലൻ ആണെന്നു 11:13-ൽ പറയുന്നു. ജാതികളുടെ അപ്പൊസ്തലനായി അറിയപ്പെട്ടതു പൗലൊസാണ്. ഈ വസ്തുത 15:15-20-ലും വ്യക്തമാക്കുന്നുണ്ട്. താൻ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവനാണെന്നു 11:1-ൽ പറയുന്നു. ഫിലിപ്പിയർ 3:5-ലും പൗലൊസ് ഇതേ സത്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. റോമിൽ പോകുവാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചു റോമാലേഖനത്തിൽ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. (1:10-13, 15; 15:22-32). ഇതേ ഉദ്ദേശ്യം പൗലൊസ് പ്രകടിപ്പിച്ചതായി അപ്പൊസ്തല പ്രവൃത്തികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (19 : 21). പൗലൊസിന്റെ കർതൃത്വത്തിനു അനുകൂലമായി ബാഹ്യതെളിവുകളും വേണ്ടുവോളമുണ്ട്. റോമാലേഖനത്തിന്റെ കർത്താവ് പൗലൊസ് ആണെന്നു ആദ്യം പ്രസ്താവിച്ചതു മാർഷ്യൻ ആണ്. മുററ്റോറിയൻ ലിഖിതത്തിലും, പഴയ സുറിയാനി, ലത്തീൻ വിവർത്തനങ്ങളിലും റോമാലേഖനത്തെ പൗലൊസിന്റേതായി ചേർത്തിട്ടുണ്ട്. റോമിലെ ക്ലെമെന്റ്, ഇഗ്നാത്യൊസ്, ജസ്റ്റിൻ മാർട്ടിയർ, പോളിക്കാർപ്പ്, ഐറീനിയസ് മുതലായവർ ഈ ലേഖനത്തിൽ നിന്നു ബഹുലമായി ഉദ്ധരിച്ചിട്ടുണ്ട്.  

രചനാകാലവും സ്ഥലവും: ലേഖനത്തിലെ സൂചനകളെ അടിസ്ഥാനമാക്കി പൗലൊസിന്റെ മൂന്നാം മിഷണറിയാത്രയുടെ ഒടുവിൽ ഗ്രീസിൽ താമസിക്കുന്ന കാലത്താണു ഇതെഴുതിയത് എന്നു കാണാം. (പ്രവൃ, 20:2). പടിഞ്ഞാറോട്ടു തിരിഞ്ഞു പെട്ടെന്നു റോം സന്ദർശിക്കുവാനും സ്പെയിനിൽ മിഷണറി പ്രവർത്തനം നടത്തുവാനും അദ്ദേഹം ആഗ്രഹിക്കുന്നു. (15:24, 28). തന്റെ പൗരസ്ത്യയാത്രകൾ ഏതാണ്ട് സമാപിക്കാറായി. കൂടാതെ യെരൂശലേമിലേക്കുളള യാത്രയുടെ ഒരുക്കത്തിലുമാണ്. റോമർ15:25,26-ൽ യെരുശലേമിലെ ദാരിദ്ര്യം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കു വേണ്ടിയുള്ള ധർമ്മശേഖരവുമായി താനവിടേക്കു പോകുന്നു എന്നു അദ്ദേഹം പറയുന്നു. ഇതിൽ നിന്നും മൂന്നാം മിഷണറിയാത്രയുടെ അന്ത്യഘട്ടത്തിനു മുൻപാണ് ഈ ലേഖനം എഴുതിയതെന്നു വ്യക്തമാകുന്നു. ചുരുക്കത്തിൽ എ.ഡി. 57-നും 59-നും മദ്ധ്യയാണ് ലേഖനം രചിക്കപ്പെട്ടത്. 

അനുവാചകർ-റോമാസഭ: പൗലൊസിന്റെ കാലത്തു റോം വളരെ പ്രശസ്തമായിരുന്നു. ഒരു കണക്കിനു റോമാനഗരം പൗലൊസിനെ ആകർഷിച്ചു എന്നു തന്നെ പറയാം. റോമിൽ സുവിശേഷം പ്രസംഗിക്കുവാനുള്ള തന്റെ അദമ്യമായ അഭിലാഷം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. റോമിലെ സഭയുടെ പ്രാധാന്യം മനസ്സിലാക്കി തന്നെയാണ് ആ സഭയെ സംബോധന ചെയ്തതുകൊണ്ടുള്ള ലേഖനം എഴുതിയത്. റോമാസഭയെ സംബന്ധിച്ചു നമുക്കു ചുരുങ്ങിയ അറിവേ ഉള്ളൂ. പെന്തെക്കൊസ്തു നാളിൽ ക്രിസ്ത്യാനികളായി മാറിയവർ റോമിലേക്കു മടങ്ങിവന്നപ്പോൾ അവർ സ്ഥാപിച്ചതായിരിക്കണം ഈ സഭ. മാത്രവുമല്ല, യാത്രയുടെ സൗകര്യം നിമിത്തം ധാരാളം ക്രിസ്ത്യാനികൾ റോമിലെത്തിച്ചേരാൻ സാധ്യതയുമുണ്ട്. പൗലൊസ് ഈ ലേഖനം എഴുതുന്ന കാലത്തു റോമിലെ സഭ വളർന്നു കഴിഞ്ഞതായി മനസ്സിലാക്കാം. ക്ലൗദ്യൊസ് ചക്രവർത്തിയുടെ കാലത്തു റോമിൽ നിന്നു യെഹൂദന്മാരെ നിഷ്കാസനം ചെയ്തു. ഇതിനു ക്രൈസ്തവ സഭയുമായി ബന്ധമുണ്ടെങ്കിൽ (ഉണ്ടെന്നതു സ്യൂട്ടോണിയസിന്റെ റിപ്പോർട്ടിൽ നിന്നു വ്യക്തമാണ്) സഭ അത്രയധികം വളർന്നുവെന്ന് മനസ്സിലാക്കണം. നീറോ ചക്രവർത്തിയുടെ കാലത്തുള്ള പീഡനങ്ങളും റോമാസഭയുടെ വലിപ്പത്തെ തെളിയിക്കുന്നു. 

പത്രൊസിനു റോമാസഭയുമായുള്ള ബന്ധം എന്താണെന്നു പറയുവാൻ കഴിയുകയില്ല. ഈ സഭയുടെ സ്ഥാപകൻ പത്രൊസല്ല. ക്ലൗദ്യൊസ് കല്പന പുറപ്പെടുവിക്കുന്ന കാലത്തു പത്രൊസ് യെരുശലേമിൽ ആയിരുന്നു. അതിനനേകം വർഷങ്ങൾക്കു മുമ്പാണ് റോമിൽ സഭ ആരംഭിച്ചത്. മാത്രവുമല്ല, ഈ ലേഖനത്തിൽ പത്രോസിന്റെ പേരുപോലും പൗലൊസ് പറയുന്നില്ല. ഈ കാലത്ത് പത്രൊസായിരുന്നു റോമാസഭയുടെ തലവനെങ്കിൽ അങ്ങനെ സംഭവിക്കുകയില്ല. കൂടാതെ ‘അതു ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിനു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല’ (റോമ, 15:20) എന്ന പൗലൊസിന്റെ പ്രസ്താവനയ്ക്കു വിരുദ്ധവുമാണ്. പാരമ്പര്യമനുസരിച്ച് പത്രൊസും പൗലൊസും റോമിലാണ് രക്തസാക്ഷികളായത്. 

റോമാസഭയിൽ വിജാതീയരും യെഹൂദന്മാരും ഉണ്ടായിരുന്നു. എന്നാൽ സിംഹഭാഗവും വിജാതീയരായിരുന്നു. ലേഖനത്തിന്റെ ഉള്ളടക്കം തന്നെ അതിനു തെളിവാണ്. ചില സ്ഥാനങ്ങളിൽ പൗലൊസ് യെഹൂദന്മാരെ അഭിസംബോധന ചെയ്യുന്നു. നമ്മുടെ പൂർവ്വപിതാവെന്നു അബ്രാഹാമിനെക്കുറിച്ചു പറയുന്നു. (4:1). രണ്ടാമദ്ധ്യായത്തിൽ യെഹൂദ്യ ചോദ്യകർത്താവിനോടു അദ്ദേഹം മറുപടി പറയുന്നു. മറ്റു ചില ഭാഗങ്ങളിൽ വിജാതീയരെ കുറിച്ചു മാത്രം പറയുന്നു. (1:5; 11:13, 28-31). റോമിലെ ക്രിസ്ത്യാനികളുടെ വീക്ഷണം ഏതാണ്ട് പൗലൊസിന്റെ വീക്ഷണത്തിനു തുല്യമാണ്. ഗലാത്യലേഖനത്തിൽ കാണുന്നതു പോലെ ഒരു യെഹൂദ്യവിജാതീയ വാദപ്രതിവാദത്തിനു കാരണമാക്കാവുന്ന സംഘർഷം റോമാസഭയിൽ ഉണ്ടായിരുന്നില്ല. 

ഉദ്ദേശ്യം: സ്പെയിനിൽ മിഷണറിപ്രവർത്തനം ചെയ്വാനുള്ള തന്റെ താത്പര്യം നിമിത്തം സഹായത്തിനായി റോമിലെ ക്രിസ്ത്യാനികളോടു പൗലൊസ് അപേക്ഷിക്കുന്നു. (റോമ, 15:24). ഈ സന്ദർശനത്തിൽ പരസ്പരം പ്രയോജനപ്പെടത്തക്കവണ്ണമുള്ള ആത്മീയവരം എന്തെങ്കിലും കൊടുക്കണമെന്നു പൗലൊസ് ആഗ്രഹിക്കുന്നു. (1:11,12). റോമിലെ ക്രിസ്ത്യാനികൾക്കുള്ള ചില പ്രായോഗിക വിഷമങ്ങളെക്കുറിച്ചു പൗലൊസ് കേട്ടു. (റോമ, 16:17-19-ൽ വ്യാജ ഉപദേഷ്ടാക്കന്മാരെ കുറിച്ചു പരാമർശം ഉണ്ട്. എന്നാൽ അത് ഈ ലേഖനത്തിന്റെ പ്രാഥമിക ഉദ്ദേശ്യത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഉപദേശപരമായ സ്വന്തം നിലപാടിന്റെ പൂർണ്ണവിവരണം നല്കുകയാണ് ഈ ലേഖനത്തിൽ. പൗലൊസ് തന്റെ ദൈവശാസ്ത്രചിന്ത മുഴുവൻ ഇതിൽ ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചു എന്നു കരുതുന്നതു യുക്തമല്ല. സഭ, യുഗാന്ത്യം എന്നിവയെക്കുറിച്ചുള്ള പഠിപ്പിക്കലുകൾ ഈ ലേഖനത്തിൽ വിരളമാണ്. അതിനാൽ പൗലൊസിന്റെ ഉപദേശത്തിന്റെ പൂർണ്ണപ്രഖ്യാപനമായി റോമാലേഖനത്തെ കരുതുവാൻ നിർവ്വാഹമില്ല. തൻ്റെ മിഷണറി പ്രവർത്തനത്തിന്റെ പരിവർത്തന ദശയിൽ എത്തിക്കഴിഞ്ഞ അപ്പൊസ്തലൻ ഉപദേശസംബന്ധമായ പ്രധാന വിഷയങ്ങൾ രേഖപ്പെടുത്തുവാൻ ആഗ്രഹിച്ചു. അങ്ങനെ യാദൃച്ഛികമെന്നവണ്ണം ഈ ലേഖനം റോമാ സഭയെ അഭിസംബോധന ചെയ്തു എഴുതി. യെഹൂദന്മാരുടെ പദവിയെ സംബന്ധിച്ചുള്ള തന്റെ നിലപാട് 9-11 അദ്ധ്യായങ്ങളിൽ വ്യക്തമാക്കുന്നു. ഈ ഭാഗത്തെ ലേഖനത്തിന്റെ കേന്ദ്രമായി കരുതി യെഹൂദ്യ വിജാതീയ ഘടകങ്ങളെ രഞ്ജിപ്പിക്കുക എന്ന ലക്ഷ്യമാണ് ചിലർ ഈ ലേഖനത്തിനു പിന്നിൽ കണ്ടത്. എന്നാൽ ഈ വീക്ഷണം ഇന്നു അംഗീകരിക്കപ്പെടുന്നില്ല. 

പ്രധാന വാക്യങ്ങൾ: 1. “സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.” റോമർ 1:16.

2. “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,” റോമർ 3:23.

3. “ആകയാൽ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മ മാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ.” റോമർ 3:27.

4. “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” റോമർ 5:8.

5. “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” റോമർ 6:23.

6. “ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” റോമർ 8:3.

7. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” റോമർ 8:39.

8. “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.” റോമർ 10:9,10.

ബാഹ്യരേഖ: I. മുഖവുര: 1:1-17.

II. മനുഷ്യനു നീതീകരണം അനിവാര്യമാണ്: 1:18-3:20.

1. വിജാതീയർക്ക്: 1:18-32.

2. യെഹൂദന്: 2:1-3:8.

3. എല്ലാ മനുഷ്യർക്കും: 3:9-20.

III.  നീതീകരണത്തിനു വേണ്ടിയുള്ള ദൈവിക കരുതൽ: 3:21-5:21.

1. വിശ്വാസത്താലുള്ള നീതീകരണം: 3:21-31.

2. അബ്രാഹാമിന്റെ ദൃഷ്ടാന്തം: 4:1-25 .

3. നീതീകരണത്തെത്തുടർന്നു ലഭിക്കുന്ന അനുഗ്രഹങ്ങൾ: 5:1-11.

4. ആദാമും ക്രിസ്തുവും: 5:12-21. 

IV. ക്രിസ്തുവിൽ പുതിയജീവിതം: 6:1-8:39.

V. യിസ്രായേലിനെക്കുറിച്ചുള്ള ദൈവികനിർണ്ണയം: 9:1-11:36.

1. യിസ്രായേലിന്റെ തിരസ്കരണം: 9:1-10:21.

2. യിസ്രായേലിന്റെ യഥാസ്ഥാപനം: 11:1-32.

3. പ്രത്യേക പ്രശംസ: 11:33-36.

VI. പ്രായോഗിക ഉപദേശങ്ങൾ: 12:1-15:13.

1. വിശ്വാസിയും സമർപ്പണവും: 12:1-2.

2. വിശ്വാസിയും സമൂഹവും: 12:3-21.

3. വിശ്വാസിയും രാഷ്ട്രവും: 13:1-7. 

4. വിശ്വാസിയും സ്നേഹത്തിന്റെ പ്രമാണവും: 13:8-15:13. 

VII. ഉപസംഹാരം: 15:14-16:27.

വിഷയസംഗ്രഹം: വിശ്വാസത്താലുള്ള രക്ഷയും ദൈവത്തിന്റെ നീതിയുമാണ് ഈ ലേഖനത്തിന്റെ പ്രമേയം. ഒരു ക്രമീകൃതമായ ഉപദേശ സംവാദത്തിലൂടെയും (അ.1-11), ജീവിതത്തിന്റെ പ്രായോഗിക നിർദ്ദേശങ്ങളിലൂടെയും (അ.12-16) ആണ് അപ്പൊസ്തലൻ ഈ പ്രമേയം വികസിപ്പിക്കുന്നത്. അഭിവാദനവും മുഖവുരയും (1:1-17) കഴിഞ്ഞശേഷം മനുഷ്യവർഗ്ഗത്തിന്റെ സാർവ്വത്രികമായ പാപപൂർണ്ണതയും ദൈവികനീതിയുടെ ആവശ്യകതയും (1:18-3:20) വിവരിക്കുന്നു. തുടർന്നു കർത്താവായ യേശുക്രിസ്തുവിന്റെ വീണ്ടെടുപ്പുവേലയിലൂടെ ഓരോ വിശ്വാസിക്കും ദൈവം നല്കുന്ന നീതീകരണത്തെ അവതരിപ്പിക്കുന്നു. (3:21-5:11). പുറജാതികളും (1:18-32), സ്വന്തം നീതിയിൽ അഭിമാനം കൊള്ളുന്ന യെഹൂദന്മാരും (2:17-3:20) ഒരുപോലെ നഷ്ടപ്പെട്ടു. എന്നാൽ നീതീകരണം വിശ്വാസത്താൽ മാത്രമാണ്. യേശുക്രിസ്തു നമ്മുടെ നീതിയായി തീർന്നു. ക്രിസ്തുവിലെ പുതിയ ജീവിതമാണ് 6-8 അദ്ധ്യായങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത്. രക്ഷിക്കപ്പെട്ട വ്യക്തി പാപത്തിൽ തുടരുവാൻ പാടില്ല. ക്രിസ്തുവിനോടു ചേർന്ന വിശ്വാസി ഒരു പുതിയ ധാർമ്മികജീവിതം ചെയ്യേണ്ടതാണ്. (6:1-14). ന്യായപ്രമാണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട വിശ്വാസി ധാർമ്മികമായ കടപ്പാടിൽ നിന്നു ഒഴിവാകുന്നില്ല. ന്യായപ്രമാണത്തെക്കാൾ ഉന്നതവും പുതിയതുമായ ദൈവികപ്രമാണം അനുസരിക്കുവാൻ ബാധ്യസ്ഥനാകുന്നതേയുള്ളൂ. (6:15-7:6). ന്യായപ്രമാണത്തിനു രക്ഷിക്കുവാൻ കഴിയാഞ്ഞത് ന്യായപ്രമാണം ദോഷമായതിനാലല്ല; മനുഷ്യന്റെ പാപം നിമിത്തം അവനു ന്യായപമാണം അനുസരിക്കാൻ കഴിയാഞ്ഞതിനാലാണ്. (7:7-25). വീണ്ടെടുക്കപ്പെട്ട ജീവിതത്തിന്റെ വിജയങ്ങളാണ് എട്ടാമദ്ധ്യായത്തിൽ. നീതീകരണത്തെപ്പോലെ തന്നെ തേജസ്കരണത്തിന്റെയും ഉറപ്പു വിശ്വാസിക്കു നല്കുന്നു. രക്ഷയുടെ പൂർണ്ണമായ ഭദ്രതയിൽ വിശ്വാസി ആനന്ദിക്കേണ്ടതാണ്. ദൈവം യെഹൂദന്മാരെ മറന്നുകളഞ്ഞില്ല എന്നും അവരുടെ രക്ഷയും ദൈവിക പദ്ധതിയിലുണ്ടെന്നും 9-11 അദ്ധ്യായങ്ങളിൽ വിശദമാക്കുന്നു. 9-ാം അദ്ധ്യായത്തിൽ യെഹൂദന്റെ ഭൂതകാലവും 10-ാം അദ്ധ്യായത്തിൽ വർത്തമാനകാലവും 11-ാം അദ്ധ്യായത്തിൽ ഭാവികാലവും വിശദമാക്കുന്നു. പ്രായോഗികജീവിതത്തെ സംബന്ധിക്കുന്ന ഉപദേശങ്ങളാണ് 12-16 അദ്ധ്യായങ്ങളിൽ. വ്യക്തിപരമായ വന്ദനങ്ങൾ അറിയിച്ചുകൊണ്ട് ലേഖനം സമാപിക്കുന്നു. 

ദൈവത്തിന്റെ അദൃശ്യലക്ഷണങ്ങളും സ്വഭാവവും റോമാ ലേഖനത്തിൽ വ്യക്തമായി കാണാം. ദൈവികനീതി, ദൈവിത്തിന്റെ നന്മ, ദൈവകൃപ, ദൈവത്തിന്റെ പരമാധികാരം,  ന്യായപ്രമാണം എന്നീ വിഷയങ്ങളെ അപ്പൊസ്തലൻ വിശദമായി ആഖ്യാനം ചെയ്യുന്നുണ്ട്. ലേഖനത്തിന്റെ ഉപദേശഭാഗം അവസാനിക്കുന്നതു തന്നെ ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴവും അവന്റെ ന്യായവിധികളുടെ അപ്രമേയതയും വഴികളുടെ അഗോചരതയും ഏറ്റുപറഞ്ഞു ചെയ്യുന്ന സ്ത്രവത്തോടു കൂടിയാണ്. (11:33-36). ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ അപ്പൊസ്തലൻ ദൈവനീതി എന്ന വിഷയം അവതരിപ്പിക്കുന്നു. വിശ്വാസികൾക്കതു വെളിപ്പെട്ടിരിക്കുന്നു എന്നു എടുത്തുപറയുന്നു. (1:17). ഈ ലേഖനത്തിൽ ദൈവനീതിയുടെ വെളിപ്പാടിന്റെ നാലു വശങ്ങൾ കാണാം. 1. ദൈവത്തിന്റെ വിശ്വസ്തത: ദൈവിക സ്വഭാവത്തിനു അനുയോജ്യമായി ദൈവത്തിന്റെ വാഗ്ദത്തം നിറവേറേണ്ടതാണ്. (3:3,4). 2. ദൈവക്രോധം: പാപത്തോടുള്ള വെറുപ്പിൽ നിന്നുളവാകുന്ന നീതിയുടെ വശമാണത്: (1:17; 2:5). നീതിയും ക്രോധവും അവിഭാജ്യങ്ങളാണ്. ദൈവക്രോധത്തിന്റെ പ്രവർത്തനത്തെ വ്യക്തമാക്കാതെ ദൈവനീതിയെ കുറിച്ചു പറയുവാൻ സാദ്ധ്യമല്ല. 3. ക്രിസ്തുവിന്റെ മരണത്തിൽ വെളിപ്പെട്ട നീതി: (3:25). 4. വിശ്വാസവുമായി നീതിക്കുള്ള ബന്ധം: വെളിപ്പെട്ട ദൈവികനീതി വിശ്വാസത്താൽ സ്വായത്തമാക്കാം എന്നത് പൗലൊസ് ഊന്നിപ്പറയുന്നു. കർത്തൃത്വത്തിൽ ദൈവത്തോടു ശത്രുക്കളായിരുന്നവരെ നീതിമാന്മാരെന്നു ദൈവനീതി പ്രഖ്യാപിക്കുന്നു. (5:10). ഇതാണ് നീതീകരണത്തിന്റെ അർത്ഥം. ആളുകളെ നീതിമാന്മാരാക്കുകയല്ല, നീതിമാന്മാരായി കണക്കാക്കുകയാണ്. ഈ വിഷയത്തിന്റെ ഭാഷ്യമാണ് റോമാലേഖനം. നവീകരണ ദൈവശാസ്ത്രത്തിന്റെ അടിത്തറ ഇതത്രേ. 

ദൈവസ്നേഹത്തെക്കുറിച്ചു പൗലൊസ് ഈ ലേഖനത്തിൽ അധികം പറയുന്നുണ്ട്. ദൈവത്തിന്റെ നീതി മനുഷ്യന്റെ രക്ഷയ്ക്കു വേണ്ടി പ്രവർത്തിക്കുകയായിരുന്നു. ഇതു ദൈവത്തിന്റെ വിശുദ്ധിയോട് ദൈവസ്നേഹത്തെ ഇണയ്ക്കുകയാണ്. ദൈവത്തിന്റെ ദയ, ദീർഘക്ഷമ, ദീർഘക്ഷാന്തി എന്നിവയിലേക്ക് (2:4) പൗലൊസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നാം പാപികളായിരിക്കെ (5:8) ക്രിസ്തു നമുക്കു വേണ്ടി മരിച്ചു എന്നത് ദൈവസ്നേഹത്തിന്റെ പരമമായ ആവിഷ്ക്കാരമാണ്. ഈ സ്നേഹത്തിന്റെ ഐതിഹാസികമായ ആഖ്യാനമാണ്. (റോമ, 8:35-39). ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു നമ്മെ വേർപിരിക്കുന്നതാർ? എന്നു അപ്പൊസ്തലൻ ചോദിക്കുന്നു. യിസ്രായേലിന്റെ നിരസനത്തെക്കുറിച്ചു പറയുമ്പോൾ പൗലൊസ് ദൈവത്തിന്റെ കരുണയെക്കുറിച്ചു പ്രതിപാദിക്കുന്നു. 9:15). ദൈവത്തിന്റെ പക്കൽ അനീതിയില്ല. അനുസരിക്കാത്തതും, മറുത്തു പറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി (റോമ, 10:21) എന്നിങ്ങനെ യെശയ്യാ പ്രവാചകന്റെ വാക്കുകൾ ഉദ്ധരിക്കുന്നു. എല്ലാവരോടും കരുണകാണിക്കുക എന്നതു ദൈവത്തിന്റെ വൈശിഷ്ട്യമാണ്. (11:32). ലേഖനത്തിന്റെ പ്രായോഗിക ഭാഗത്തു പോലും അപ്പൊസ്തലൻ ദൈവത്തിന്റെ കൃപാപൂർണ്ണമായ സ്വഭാവത്തെ ഊന്നിപ്പറയുന്നുണ്ട്. നന്മയും പ്രസാദവും പൂർണ്ണതയും ഉള്ളതാണു ദൈവഹിതം. (12:2). ദൈവം ദുർബ്ബലനെയും ബലവാനെയും സ്വീകരിക്കുന്നുണ്ട്. അതിനാൽ ഒരുവൻ മറ്റൊരുവനെ വിധിക്കുവാൻ പാടില്ല. സ്ഥിരതയുടെയും ആശ്വാസത്തിന്റെയും ദൈവം പ്രത്യാശ നല്കുന്നു. (15:13). പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പ്രത്യാശയുടെ സമൃദ്ധിയിൽ വളരേണ്ടവരാണു ക്രിസ്ത്യാനികൾ. 

റോമർ 9-11 അദ്ധ്യായങ്ങളിൽ ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ചു അപ്പൊസ്തലൻ പറയുന്നു. ഇവിടെ യിസ്രായേലിന്റെ ഭാഗധേയമാണു വിഷയം. ദൈവനീതിയെക്കുറിച്ചു പറയുകയും ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞകാല ചരിത്രത്തിൽ ദൈവം യിസായേലിനെ തിരഞ്ഞെടുത്തതിനെ സാധുകരിക്കുവാൻ കുശവന്റെയും കളിമണ്ണിന്റെയും ഉദാഹരണം പറയുന്നു. (9:19). ദൈവത്തിന്റെ പരമമായ നിർണ്ണയം വിജാതീയരെ ഉൾക്കൊള്ളിച്ചതിൽ മാത്രമല്ല, യിസ്രായേലിന്റെ പുന:സ്ഥാപനത്തിന്റെ വാഗ്ദത്തത്തിലും പ്രത്യക്ഷമാവുന്നു. മനുഷ്യന്റെ പാപത്തെക്കുറിച്ചുള്ള ധാരണയിലൂടെ മാത്രമേ ദൈവകൃപ ഗ്രഹിക്കുവാൻ സാധിക്കു. 

ദൈവനീതി പ്രാപിക്കുവാൻ കഴിയാത്ത മനുഷ്യന്റെ പരാജയമാണ് ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങളിൽ. വിജാതീയരുടെ പാപങ്ങളുടെ പട്ടികയിൽ യിസ്രായേല്യരുടെ പാപത്തിന്റെ വിവരണവും നല്കുന്നു. ജഡത്തിന്റെ പേരിൽ മനുഷ്യന്റെ പാപപ്രകൃതിയെ വർണ്ണിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചു പറയുമ്പോൾ പാപജഡത്തിനു സദൃശമെന്നേ പറയുന്നുള്ളൂ. മനുഷ്യനെ വീണ്ടെടുക്കുവാൻ മനുഷ്യനേ കഴിയു. അതുകൊണ്ട് ക്രിസ്തു മനുഷ്യനായി. ഇതാണ് രണ്ട് ആദാമുകളെക്കുറിച്ചുള്ള പൗലൊസിന്റെ ഉപദേശം. (5:12). പാപത്തോടുള്ള തന്റെ പോരാട്ടത്തെക്കുറിച്ചു പറയുമ്പോൾ (അ.7) പാപശക്തിയെക്കുറിച്ചുള്ള തീവ്രമായ ബോധം പൗലൊസിനുണ്ട്. ആത്മാവിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്ന വ്യക്തിപരമായ ശത്രുവായിട്ടാണ് പൗലൊസ് പാപത്തെ കാണുന്നത്. ജഡത്തെയാണ് അതു കരുവാക്കുന്നത്. തന്റെ ബന്ധനത്തിൽ എല്ലാവരെയും ഒതുക്കുവാൻ ആഗ്രഹിക്കുന്നു. ഇതിനെ അപ്പൊസ്തലൻ പാപത്തിന്റെ പ്രമാണം (7:23) എന്നു വിളിക്കുന്നു. മനുഷ്യനെ അതു അരിഷ്ടനാക്കുന്നു. ഈ അരിഷ്ടതയിൽ നിന്നു അവനെ മോചിപ്പിക്കുന്നതു ദൈവം ക്രിസ്തുവിലൂടെയാണ്. മനുഷ്യനെ വീണ്ടെടുക്കുന്നതിനു ദൈവം മുൻകൈയെടുത്തു. പാപം ക്ഷമിക്കുവാനായി ദൈവം ഏർപ്പെടുത്തിയ യാഗമാണ് ക്രിസ്തുവിന്റെ ക്രൂശിലെ മരണം. 6-ാം അദ്ധ്യായത്തിൽ ദൈവകൃപയുടെ പ്രവർത്തനം വിശദമാക്കുന്നു. ദൈവത്തിന്റെ കൃപാധിക്യം അധികം പാപം ചെയ്യുവാനുള്ള സന്ദർഭമാക്കരുത്. വിശ്വാസിക്കു ക്രിസ്തുവിനോടുള്ള അടുത്തബന്ധം അതു അസാദ്ധ്യമാക്കുന്നു. സ്നാനത്തെക്കുറിച്ചുള്ള ചിത്രീകരണം ഒരു വ്യക്തിയിൽ നടക്കുന്ന രൂപാന്തരത്തിന്റെ സ്വഭാവം വെളിപ്പെടുത്തുവാൻ ഉപയോഗിക്കുന്നു. നാം കൃപയ്ക്കധീനരാകയാൽ (6:14) പാപത്തിനിനി അധീശത്വം ഇല്ല. മാത്രവുമല്ല, കൃപ നമ്മെ ദൈവത്തിനു ദാസരാക്കി; പുതിയ കടപ്പാട് പഴയതിനെ മാറ്റി. (6:20). 

ന്യായപ്രമാണത്തോടു അപ്പൊസ്തലനു വലിയ ആദരവാണുള്ളത്. “ആകയാൽ ന്യായപ്രമാണം വിശുദ്ധം, കല്പന വിശുദ്ധവും, ന്യായവും, നല്ലതും തന്നെ” (7:12) എന്നു അപ്പൊസ്തലൻ പറയുന്നു. പാപത്തിന്റെ സ്വഭാവം വെളിപ്പെടുത്തിയത് ന്യായപ്രമാണമാണ്. (7:7). എന്നാൽ രക്ഷാമാർഗ്ഗമെന്ന നിലയ്ക്ക് ന്യായപ്രമാണം പ്രയോജന രഹിതമായിരുന്നു. അതിനു കാരണം ന്യായപ്രമാണത്തിലെ അപാകതകൾ അല്ല, മനുഷ്യന്റെ വൈകല്യങ്ങളാണ്. ഒരു വിശ്വാസിക്ക് ആത്മാവിന്റെ പ്രമാണം ആണുള്ളത്. ഇത് പരിശുദ്ധാത്മാവിനെ കുറിച്ചുള്ള ചിന്തയ്ക്ക് അടിസ്ഥാനമായിരിക്കുന്നു. പുതിയനിയമത്തിൻ കീഴിൽ കല്പനകൾ ഹൃദയത്തിലാണ് എഴുതപ്പെടേണ്ടത്. ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവാണ് എഴുത്തുകാരൻ. ദൈവാത്മാവിനു എതിരാണു ജഡം. മരണത്തിന്റെ സ്ഥാനത്തു ദൈവാത്മാവ് ജീവൻ നല്കുന്നു. (8:11). പുത്രത്വത്തെക്കുറിച്ചു ദൈവാത്മാവ് സാക്ഷ്യം പറയുന്നു. (8:14). ദൈവഹിതം അനുസരിച്ചു വിശ്വാസിക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. (8:26). ഒരു നിയമസംഹിതയോടുള്ള വിധേയത്വത്തിലല്ല, മറിച്ചു നീതി, സമാധാനം, സന്തോഷം, പ്രത്യാശ, സ്നേഹം എന്നിവ ഉൾക്കൊള്ളുന്ന ഒരു പുതിയനിയമത്തിന്റെ അടിസ്ഥാനത്തിൽ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നാണു ക്രിസ്തീയ ജീവിതം. (5:3; 12:11; 14:17; 15:13, 30).

Leave a Reply

Your email address will not be published. Required fields are marked *