യോശുവ

യോശുവയുടെ പുസ്തകം (Book of Joshua)

പഴയനിയമത്തിൽ ആറാമത്തേതും, ചരിത്ര പുസ്തകങ്ങൾളിൽ ആദ്യത്തേതുമാണ് യോശുവയുടെ പുസ്തകം. എബ്രായ ബൈബിളിൽ കനാൻ ആക്രമണം മുതൽ പ്രവാസം വരെയുള്ള യിസ്രായേല്യ ചരിത്രം ഉൾക്കൊള്ളുന്ന ‘മുൻ പ്രവാചകന്മാരിൽ’ ഒന്നാമത്തേതാണ് യോശുവ. യിസ്രായേല്യരുടെ കനാൻ ആക്രമണവും ദേശവിഭജനവും ആണ് യോശുവയിലെ പ്രതിപാദ്യം. യിസ്രായേൽ മക്കൾ എങ്ങനെ യോർദ്ദാൻ കടന്നു എന്നും, മുന്നേറ്റസ്ഥാനം എങ്ങനെ നേടി എന്നും വ്യക്തമായി വിവരിക്കുകയും, കനാന്യരുടെ ശക്തി നശിപ്പിച്ച രണ്ടാക്രമണങ്ങളെ ചുരുക്കമായി വർണ്ണിക്കുകയും പിന്നീടുള്ള സൈനിക മുന്നേറ്റത്തെ സംക്ഷേപിക്കുകയും ചെയ്യുന്നു. (അ.1-12). തോറ്റ രാജാക്കന്മാരുടെ വിവരണത്തോടു കൂടിയാണ് (അ.12) ഒന്നാം ഭാഗം അവസാനിക്കുന്നത്. വാഗ്ദത്തനാടിന്റെ വിഭജനമാണ് പതിമൂന്നു മുതൽ ഇരുപത്തിരണ്ടു വരെയുള്ള അദ്ധ്യായങ്ങൾ. യോശുവയുടെ അന്ത്യസന്ദേശവും മരണവുമാണ് 23-ഉം 24-ഉം അദ്ധ്യായങ്ങളിൽ. 

ഗ്രന്ഥകർത്താവും കാലവും: പ്രധാന കഥാപാത്രത്തിന്റെ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നത്. ഗ്രന്ഥകർത്തൃത്വം, കാലം എന്നിവയെക്കുറിച്ചു അഭിപ്രായൈക്യമില്ല. യെഹൂദ പാരമ്പര്യമനുസരിച്ച് യോശുവയാണ് ഈ പുസ്തകം എഴുതിയത്. യോശുവ തന്റെ ജീവിത കാലത്തു തന്നെ എഴുതിയതാണെന്നുള്ളതിന് തെളിവുകൾ ഈ പുസ്തകത്തിൽ തന്നെയുണ്ട് 24:26 കാണുക. യിസ്രായേൽ മക്കൾ എന്ന പദപ്രയോഗം 5:1 ൽ കാണുന്നു. ഇക്കരെ കടപ്പാൻ തക്കവണ്ണം…യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചു കളഞ്ഞു എന്നാണ് സത്യവേദ പുസ്തകത്തിൽ കാണുന്നത്. ഇംഗ്ലീഷിലും എബ്രായ ഭാഷയിലും “ഞങ്ങൾ” ഇക്കരെ കടപ്പാൻ എന്നാണ്. യോശുവ പുസ്തകം എഴുതി എന്നതിനു അവലംബമായി താഴെപ്പറയുന്ന തെളിവുകളുണ്ട്. 1. വിവരണത്തിനു ഒരു ദൃക്സാക്ഷിയുടെ വ്യക്തത ഉണ്ട്. (യോശു, 5:1,6). ഒറ്റുകാരെ അയക്കുന്നത് (അ.2), യോർദ്ദാൻ കടക്കുന്നത് (അ.3), യെരീഹോയും ഹായിയും പിടിക്കുന്നത് (അ.6-8), ഗിബെയോന്യ സഖ്യം (അ.9) തുടങ്ങിയ സംഭവങ്ങൾ സൂക്ഷ്മമായും വിശദമായും രേഖപ്പെടുത്തിയിരിക്കുന്നു. 2. പുസ്തകത്തിന്റെ ചില ഭാഗങ്ങളെങ്കിലും യോശുവ എഴുതിയിരിക്കണം. (18:9; 24:1-26). 3. ചരിത്രം യോശുവയുടെ കാലത്തു തന്നെ എഴുതിയതാണ്. രാഹാബ് ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു (6:25) എന്ന പ്രസ്താവന ശ്രദ്ധേയമാണ്. യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടു കൂടെ യെരുശലേമിൽ പാർത്തുവരുന്നു (15:63) എന്നതു ഇതു ദാവീദിനു മുമ്പെഴുതപ്പെട്ടു എന്നതിനു തെളിവാണ്. (ഒ.നോ. 2ശമൂ, 5:5-9). യോശുവ ഗിബയോന്യരെ ‘വിറകു കീറുന്നവരും വെള്ളം കോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു’ (9:27) എന്ന പ്രസ്താവന ശൗലിന്റെ കാലത്തിനു മുമ്പു ഈ ഗ്രന്ഥം എഴുതപ്പെട്ടു എന്നതിനു തെളിവാണ്. ശൗലിന്റെ കാലത്തു ഗിബെയോന്യർ മുഴുവൻ കൊല്ലപ്പെട്ടു. (2ശമൂ, 21:1-9). ബാല (കിര്യത്ത്-യെയാരീം) പോലുള്ള പ്രാചീന സ്ഥലനാമങ്ങൾ യോശുവയിലുണ്ട്. 4. പുസ്തകം യോശുവ തന്നെ എഴുതിയെങ്കിലും  യോശുവയുടെയും എലെയാസാരിന്റെയും മരണം (24:29-31), കാലേബ് ഹെബ്രോൻ പിടിച്ചടക്കുന്നത്, ലയീശ് ആക്രമണം തുടങ്ങിയ ഭാഗങ്ങൾ  യോശുവയുടേത് ആയിരിക്കണമെന്നില്ല. ഇവ യോശുവയുടെ മരണശേഷം ആരെങ്കിലും കൂട്ടിച്ചേർത്തതാകണം. യെഹൂദ്യ പാരമ്പര്യമനുസരിച്ചു യോശുവയുടെ മരണം എലെയാസാരും എലെയാസറിന്റെ മരണം ഫിനെഹാസും കൂട്ടിച്ചേർത്തു. 

ഗ്രന്ഥപഞ്ചകവും യോശുവയും: ഉദ്ദേശ്യത്തിലും ഭാഷയിലും യോശുവയിൽ ആവർത്തന പുസ്തകത്തിന്റെ ശക്തമായ പ്രഭാവം നിഴലിക്കുന്നുണ്ട്. അതിനാൽ ഗ്രന്ഥപഞ്ചകത്തിന്റെ രേഖാപഗ്രഥനരീതി യോശുവയിലും വ്യാപിപ്പിച്ചു ഒരു ഷഡ്ഗ്രന്ഥസിദ്ധാന്തം ചിലർ അവതരിപ്പിച്ചു. അവരുടെ നിഗമനമനുസരിച്ച് പഞ്ചഗ്രന്ഥത്തിന്റെ തുടർച്ചയായ യോശുവ J (Jehovistic) E (Elohistic) D (Deuteronomic) P (Priestly) എന്നീ നാലു രേഖകൾ ചേർത്തു ബി.സി. 900-നും 400-നും ഇടയ്ക്ക് എഴുതപ്പെട്ടു. ഈ വാദത്തിന്റെ കഴമ്പില്ലായ്മയുടെ പ്രധാന കാരണങ്ങൾ: ശമര്യരുടെ ബൈബിൾ ഗ്രന്ഥപഞ്ചകം മാത്രമാണ്. ആദ്യത്തെ അഞ്ചു പുസ്തകങ്ങൾളോടൊപ്പം യോശുവയും ചേർന്നു ഒരു ഏകകമായിരുന്നെങ്കിൽ ശമര്യർ ഷഡ്ഗ്രന്ഥത്തെ തങ്ങളുടെ ബൈബിളായി സ്വീകരിക്കുമായിരുന്നു. ശെഖേമിനെക്കുറിച്ചുള്ള പരാമർശം ശമര്യർക്ക് ആനുകൂലമാണ്. (24:1-25). ഗ്രന്ഥപഞ്ചകവുമായി ചേർന്നു യോശുവ ഷഡ്ഗ്രന്ഥമായി പരിഗണിക്കപ്പെട്ടിരുന്നതിനു ചരിത്രപരമായി തെളിവൊന്നുമില്ല. പഞ്ചഗ്രന്ഥത്തിൽ കാണുന്ന ഭാഷാപരമായ ചില സവിശേഷതകൾ യോശുവയിൽ കാണാനില്ല. സെപ്റ്റ്വജിന്റിൽ യോശുവയുടെ പുസ്തകം പ്രവാചകന്മാരിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ജൊസീഫസ് പഞ്ചഗ്രന്ഥത്തെ പഴയ നിയമത്തിലെ മറ്റു പുസ്തകങ്ങളിൽ നിന്നു വേർതിരിച്ചിട്ടുണ്ട്. മോശയുടെ ന്യായപ്രമാണത്തെയും പ്രവാചക പുസ്തകങ്ങളെയും ക്രിസ്തു വ്യവച്ഛേദിച്ചു പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:44). യോശുവയുടെ പുസ്തകം ഒരിക്കലും ന്യായപമാണ പുസ്തകങ്ങളുടെ ഗണത്തിൽപ്പെടുന്നതല്ല. 

ഉദ്ദേശ്യം: ദൈവം തന്റെ ജനത്തെ മിസ്രയിമിൽനിന്നും പുറപ്പെടുവിക്കുന്ന ചരിത്രമാണ് പുറപ്പാടു പുസ്തകം. അതുപോലെ ദൈവം തന്റെ ജനത്തെ വാഗ്ദത്ത നാട്ടിലേയ്ക്ക് നടത്തുന്ന ചരിത്രമാണ് യോശുവയുടെ പുസ്തകം. ആ ജനതയുടെ അവിശ്വാസം കണക്കിലെടുക്കാതെ താൻ തുടങ്ങിവച്ച നല്ല പ്രവർത്തി ദൈവം പൂർത്തികരിക്കും. നാം കാണുന്നതുപോലെ തന്നെ, ആ ജനത്തിനും യാതൊരു മാറ്റവുമുണ്ടായില്ല. അവർ അപ്പോഴും വിശ്വാസമില്ലാത്തവരായിരുന്നു. എന്നിരുന്നാലും, യഹോവയുടെ വചനം നിവർത്തിക്കപ്പെടുകയും അബ്രഹാമിന്റെ സന്തതിയെ വേർ മുളച്ചു വളരേണ്ടതിന് വാഗ്ദത്തദേശത്ത് നടുകയും ചെയ്യും. (ഉല്പ, 15:13-16). ആവർത്തന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ തുടർച്ചയാണ് ഈ പുസ്തകത്തിലെ സംഭവങ്ങൾ. യോർദ്ദാൻ നദിയുടെ കിഴക്കുള്ള മോവാബ് സമഭൂമിയിൽ യിസ്രയേൽജനം ഇപ്പോൾ പാളയമിറങ്ങിയിരിക്കുകയാണ്. മോശെ മരിച്ചു; പകരം യോശുവ അവരുടെ സർവ്വ സൈന്യാധിപനായിരിക്കുന്നു. യോർദ്ദാൻ നദി കടന്ന് വാഗ്ദത്ത നാട്ടിലേക്ക് ജനവുമായി പ്രവേശിക്കുവാൻ ഒരുങ്ങിയിരിക്കയാണ് അവൻ. മോശ വെളിപ്പെടുത്തിക്കാട്ടിയ ന്യായപ്രമാണത്തിന് ദൈവജനത്തെ അവരുടെ അവകാശത്തിലേയ്ക്ക് നയിക്കുവാൻ കഴിയുകയില്ല. ഉയിർത്തെഴുന്നേറ്റ യേശുവിനെ ചിത്രീകരിക്കുന്ന യോശുവയ്ക്കു മാത്രമേ അതു ചെയ്യുവാൻ കഴിയുള്ളൂ.

പ്രധാന വാക്യങ്ങൾ: 1. “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും. എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു. ഈ ന്യായപ്രാമണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും. നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.” യോശുവ 1:6-9.

2. “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ. യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” യോശുവ 24:14.

ബാഹ്യരേഖ: I. വാഗ്ദത്ത നാട്ടിലേക്കുള്ള പ്രവേശനം: 1:1-5:15.

1. വാഗ്ദത്ത നാട്ടിൽ പ്രവേശിക്കുവാനൊരുങ്ങുന്നു: 1:1-2:24.

2. യോർദ്ദാൻ കടക്കുന്നു: 3:1-4:24.

3. ഗില്ഗാലിൽ വച്ചു യിസ്രായേലിനെ പരിച്ഛേദനം കഴിക്കുന്നു: 5:1-15.

II. വാഗ്ദത്ത നാടു കീഴടക്കുന്നു: 6:1-12:24.

1. യെരീഹോവും ഹായിയും പിടിക്കുന്നു: 6:1-8:29. 

2. ഏബാൽ പർവ്വതത്തിൽ യാഗപീഠം പണിയുന്നു: 8:30-35.

3. ഗിബെയോന്യരുടെ വഞ്ചന: 9:1-27.

4. ദക്ഷിണ കനാൻ കീഴടക്കുന്നു: 10:1-43.

5. ഉത്തര കനാൻ ആക്രമണം: 11:1-15.

6. ആക്രമണത്തിന്റെ സംക്ഷിപ്ത വിവരണം: 11:16-12:24.

III. വാഗ്ദത്ത ദേശത്തിന്റെ വിഭജനം: 13:1-22:34.

1. യോശുവയ്ക്കു ലഭിച്ച നിർദ്ദേശം: 13:1-7.

2. രുബേൻ, ഗാദ്, മനശ്ശയുടെ പാതിഗോത്രം – യോർദ്ദാനു കിഴക്ക്: 13:8-33.

3. പശ്ചിമ ഗോത്രങ്ങളുടെ അവകാശം: 14:1-19:51.

4. സങ്കേത നഗരങ്ങൾ ഏർപ്പെടുത്തുന്നു: 20:1-9.

5. ലേവ്യ പട്ടണങ്ങൾ നിർണ്ണയിക്കുന്നു: 21:1-45.

6. പൂർവ്വ ഗോത്രങ്ങളെ തങ്ങളുടെ അവകാശങ്ങളിലേക്കു മടക്കി അയക്കുന്നു: 22:1-34.

യോശുവയിലെ പൂർണ്ണവിഷയം

യോശുവയുടെ ദൈവിക നിയോഗം 1:1-9
യോര്‍ദ്ദാൻ നദി കടക്കുവാനുള്ള തയ്യാറെടുപ്പുകൾ 1:10-18
ഒറ്റുനോക്കുകാരും രാഹാബും 2:1-21
യോര്‍ദ്ദാൻ നദി കടക്കുന്നു 3:1-17
സ്മാരകമായി ഗിൽഗാലിൽ പന്ത്രണ്ട് കല്ലുകൾ 4:1-24
ഗിൽഗാലിൽ (അഗ്രചര്‍മ്മഗിരിയിങ്കൽ). പരിച്ഛേദന ചെയ്തു 5:1-9
പെസഹാ കഴിച്ചു; പിറ്റേദിവസം മന്ന നിന്നുപോയി 5:10-12
യഹോവയുടെ സൈന്യത്തിന്റെ അധിപതി 5:13-15
യെരീഹോ കോട്ടമതിലിന്റെ വീഴ്ച – 6:1-27
രാഹാബിനെയും അവൾക്കുള്ളവരെയും രക്ഷിച്ചു 6:22-23
യെരിഹോ പട്ടണത്തിനു ശാപം 6:26-27
ആഖാന്റെ അത്യാര്‍ത്തിയും, ദുരാഗ്രഹവും, അനുസരണക്കേടും 7:1-26
ഹായി പട്ടണം നശിപ്പിക്കപ്പടുന്നു 8:1-29
ദൈവിക നിയമം ഒരു പ്രാവശ്യം കൂടി വായിച്ചു പുതുക്കുന്നു 8:30-34
സൂത്രശാലികളായ ഗിബെയോന്യര്‍ 9:1-27
ഗിബെയോനിലെ യുദ്ധം, സൂര്യനും, ചന്ദ്രനും നിശ്ചലമായി 10:1-43
കനാന്റെ വടക്കുഭാഗം കീഴടക്കൽ 11:1-15
യോശുവയുടെ യുദ്ധങ്ങൾ – സംഗ്രഹം 11:16—12:24
കനാൻ ദേശം വിഭാഗിക്കപ്പെടുന്നു അദ്ധ്യായങ്ങൾ 13—21
യോശുവയുടെ നിര്‍ദ്ദേശങ്ങൾ 13:1-7
യോര്‍ദ്ദാനു കിഴക്കുഭാഗത്തെ ഓഹരി 13:8-33
കാലേബിനു ഹെബ്രോൻ മല അവകാശമായി കൊടുത്തു 14:6-15
യെഹൂദാ ഗോത്രത്തിനും യോസേഫിന്റെ മക്കൾക്കും ഓഹരി വിഭാഗിച്ചു കൊടുത്തു.
അദ്ധ്യായങ്ങൾ 15 മുതൽ 17 വരെ
ശിലോവിൽ ഒന്നിച്ചുകൂടി ബാക്കിയുള്ള എല്ലാ ഗോത്രങ്ങൾക്കും ഓഹരി വിഭാഗിച്ചു കൊടുത്തു 18:1—19:48
യോശുവയ്ക്കുള്ള ഓഹരി 19:49-51
ആറു സങ്കേത നഗരങ്ങളും നിയമങ്ങളും 20:1-9
ലേവ്യര്‍ക്കുള്ള പട്ടണങ്ങൾ 21:11-45
രണ്ടര ഗോത്രങ്ങൾ അവരുടെ അവകാശങ്ങളിലേക്കു തിരിച്ചു പോകുന്നു സാക്ഷ്യത്തിന്റെ യാഗപീഠവും പണിതു 22
യോശുവയുടെ അന്തിമ പ്രബോധനങ്ങൾ 23
ദൈവിക നിയമം ശേഖേമിൽ വച്ചു പുതുക്കി 24:1-28
യോശുവയുടെ മരണം 24:29-33

IV. യോശുവയുടെ അന്ത്യസന്ദേശവും മരണവും: 23:1-24:33. 

ആത്മികമൂല്യം: യോശുവയുടെ പുസ്തകം പല കാരണങ്ങളാൽ ക്രിസ്ത്യാനികൾക്കു പ്രാധാന്യമർഹിക്കുന്നു. (1. ദൈവത്തിനു തന്റെ ഉടമ്പടിയുടെ നേർക്കുള്ള വിശ്വസ്തത വെളിപ്പെടുത്തുന്നു. (ആവ. 7:7: 9:5). 2. യിസ്രായേലിനു വേണ്ടിയുള്ള ദൈവിക നിർണ്ണയത്തിന്റെ പുരോഗതി രേഖപ്പെടുത്തുന്നു. 3. ദൈവിക പദ്ധതി നടപ്പിലാക്കുന്നതിൽ നേരിട്ട പരാജയങ്ങളുടെ കാരണങ്ങൾ വ്യക്തമാക്കുന്നു. (17:13; 18:3). 4. ശിഷ്യത്വത്തിന്റെ സാദൃശ്യങ്ങൾ നല്കുന്നു. യോശുവയുടെ കീഴിൽ യിസ്രായേൽജനം പിതാക്കന്മാരെക്കാളേറെ സാന്മാർഗ്ഗിക ധൈര്യം കാണിച്ചു. എന്നാൽ ബഹുദൈവ വിശ്വാസത്തിനും, പ്രകൃതി പൂജയ്ക്കും അനഭിഗമ്യമായ ഹൃദയമായിരുന്നില്ല അവരുടേത്. (സംഖ്യാ, 25; ആവ. 4:3,23). അതിനാൽ കനാന്യരെയും അവരുടെ മതത്തെയും ഒടുക്കിക്കളയേണ്ട തീരുമാനം പരമപ്രധാനമായിരുന്നു. (പുറ, 20:2-6; 23:23-33; 34:10-17; സംഖ്യാ, 31:15; ആവ, 7). കനാന്യ സംസ്കാരത്തോടുള്ള സമ്പർക്കം സർവ്വശക്തനായ ദൈവത്തിലുള്ള ആശ്രയത്തെയും, നൈതിക മാനദണ്ഡങ്ങളെയും അപകടത്തിലാക്കും. കനാനിലെ യിസായേൽ മക്കളുടെ അനുഭവങ്ങൾ എഴുതപ്പെട്ടിരിക്കുന്നത് നമുക്കു ബുദ്ധിപദേശത്തിനാണ്. (1കൊരി, 10:11). വിശ്വസിക്കാത്ത പിതാക്കന്മാർക്കു ലഭിക്കാതിരുന്ന സ്വസ്ഥത ദൈവം യിസ്രായേലിനു നല്കിയതാണ് യോശുവയിലെ പ്രമേയം. (സങ്കീ, 95:11). ഈ സ്വസ്ഥത നിഴലാണെന്നു എബ്രായലേഖനകാരൻ വ്യക്തമാക്കുന്നു. (എബ്രാ, 4:1-11). ദൈവം ക്രിസ്തുയേശുവിൽ നമുക്കു ഒരുക്കിയിരിക്കുന്ന സ്വസ്ഥതയിലാണ് ഈ വാഗ്ദാനം പൂർണ്ണമായി നിറവേറുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *