ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം

ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം

യേശുവിൻ്റെ ക്രൂശുമരണം ഒരു ബുധനാഴ്ച ആയിരുന്നുവെന്നും; അല്ല, വ്യാഴാഴ്ച ആയിരുന്നുവെന്നും; അതുമല്ല, വെള്ളിയാഴ്ച ആയിരുന്നെന്നും വിശ്വസിക്കപ്പെടുന്നു. അതിനായി ഓരോരുത്തരം പറയുന്ന ന്യായങ്ങളും വ്യത്യസ്തമാണ്. നമുക്കോരോന്നും പരിശോധിക്കാം:

ബുധനാഴ്ചവാദികൾ

ബുധാഴ്ചയാണ്‌ ക്രിസ്തു മരിച്ചതെന്ന് പഠിപ്പിക്കുന്നവര്‍ പറയുന്ന ഒന്നാമത്തെ കാര്യം: ആ ആഴ്ചയില്‍ രണ്ടു ശബ്ബത്തുകള്‍ ഉണ്ടായിരുന്നു എന്നാണ്. മര്‍ക്കോസ് 16:1 പ്രകാരം സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങിയത്‌ ശബ്ബത്തിനുശേഷം ആയിരുന്നു എന്നു കാണാവുന്നതാണ്‌. ലൂക്കോസ് 23:56 പ്രകാരം നോക്കിയാല്‍ അവര്‍ സുഗന്ധവര്‍ഗ്ഗം ഒരുക്കിയ ശേഷം ”ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു” എന്നും വായിക്കുന്നു. തന്മൂലം, മര്‍ക്കോസ് പറയുന്ന ശബ്ബത്ത്‌ യോഹന്നാൻ 19:31-ൽ പറയുന്ന പെരുന്നാളുകളോട് ബന്ധപ്പെട്ട വലിയ ശബ്ബത്താണ്. അതായത് മർക്കൊസ് പറയുന്നത് വലിയ ശബ്ബത്തും, ലൂക്കോസ് പറയുന്നത് ആഴ്ചതോറുമുള്ള സാധാരണ ശബ്ബത്തും. ആഴ്ചതോറുമുള്ള ശബ്ബത്തുകൾ കൂടാതെ യെഹൂദന് വർഷത്തിൽ ഏഴ് ശബ്ബത്തുകൂടി ഉണ്ടെന്ന് ഇക്കൂട്ടർ കരുതുന്നു.

രണ്ടാമത്; യേശു മത്തായിയിൽ പറയുന്ന കാര്യമാണ്: “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” (മത്താ, 12:40). ഈ വാക്യപ്രകാരം യേശു ബുധനാഴ്ച മരിച്ചാൽ മാത്രമേ ”മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ” അഥവാ കല്ലറയിൽ യേശുവിന് ആയിരിക്കാൻ കഴിയുകയുള്ളു. കണക്കിങ്ങനെ:

ദിവസം 1: ബുധൻ 6 pm മുതല്‍ വ്യാഴം 6 am വരെ ഒരു രാത്രി — വ്യാഴം 6 am മുതല്‍ വ്യാഴം 6 pm വരെ ഒരു പകൽ.

ദിവസം 2: വ്യാഴം 6 pm മുതല്‍ വെള്ളി 6 am വരെ ഒരു രാത്രി — വെള്ളി 6 am മുതല്‍ വെള്ളി 6 pm വരെ ഒരു പകല്‍.

ദിവസം 3: വെള്ളി 6 pm മുതല്‍ ശനി 6 am വരെ ഒരു രാത്രി — ശനി 6 am മുതല്‍ ശനി 6 pm വരെ ഒരു പകല്‍. ആകെ മൂന്നു രാത്രിയും മൂന്നു പകലും.

മൂന്നാമത്; യേശു ക്രൂശിക്കപ്പെട്ടുവെന്നു പൊതുവെ വിശ്വസിക്കുന്ന വെള്ളിയാഴ്ച പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളാണ്. എന്നാൽ പെസഹകുഞ്ഞാട് അറുക്കപ്പെടേണ്ടത് അതിൻ്റെ തലേദിവസമായ പെസഹ പെരുന്നാളിൻ്റെ അന്ന് അഥവാ, വ്യാഴാഴ്ചയാണ്. പെസഹപ്പെരുന്നാൾ വ്യാഴാഴ്ചയാണെന്നു വിശ്വസിക്കുന്നവര്‍ ക്രൂശീകരണവും വ്യാഴാഴ്ച നടന്നു എന്ന് വിശ്വസിക്കേണ്ടതല്ലേ? ഇതൊക്കെയാണ് ബുധനാഴ്ച വാദികളുടെ ന്യായങ്ങൾ.

വ്യാഴാഴ്ചവാദികൾ

വ്യാഴാഴ്ചയാണ് യേശു ക്രൂശിക്കപ്പെട്ടതെന്ന് കരുതുന്നവർ പറയുന്നത്; ഏകദേശം ഇരുപതോളം സംഭവങ്ങള്‍ മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ സംഭവിച്ചിട്ടുണ്ടെന്നും, അത്രയും കാര്യങ്ങൾ സംഭവിക്കണമെങ്കില്‍ വെള്ളിയാഴ്ച വൈകിട്ടു തുടങ്ങി ഞായര്‍ അതികാലത്തു വരെയുള്ള സമയത്തിനിടയില്‍ അവ അസാദ്ധ്യമാണെന്നാണ് അവർ വാദിക്കുന്നത്. യേശുവിൻ്റെ മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ യെഹൂദന്മാരുടെ ശബ്ബത്തു നാളായ ശനിയാഴ്ച മാത്രമാണ്‌ മുഴുദിവസമായി ശേഷിക്കുന്നത്‌. ഇതിനിടയില്‍ ഒരു ദിവസം കൂടി ഉണ്ടെങ്കിലേ മതിയാകയുള്ളു അതിനാൽ വ്യാഴാഴ്ചയാണ് യേശു മരിച്ചതെന്ന് അവർ കരുതുന്നു.

രണ്ടുകൂട്ടർക്കുമുള്ള മറുപടി

ഒന്നാമത്തേത്: രണ്ട് ശബ്ബത്തുകളെപ്പറ്റി ബൈബിൾ പറയുന്നുണ്ടോ? ഉണ്ട്. അതുപക്ഷെ, ബുധനാഴ്ചവാദികൾ പറയുന്നപോലെയല്ല. അവർ പറയുന്നത്; ആഴ്ചതോറുമുള്ള ശബ്ബത്തുകൾ കൂടാതെ, അഞ്ച് പെരുന്നാളുകളോടുമുള്ള ബന്ധത്തിലും ശബ്ബത്തുകളുണ്ടെന്നാണ്. അതിന്റെ കാരണം; ശബ്ബത്തിൻ്റെ കല്പനകൾ മറ്റു പെരുന്നാളുകളിലും ഉണ്ടത്രേ. നമുക്കു നോക്കാം: “ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.” (ലേവ്യ, 23:3). “അന്നു വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം” (പുറം, 35:2). ഇതാണ് ശബ്ബത്തിനുള്ള കല്പന. അവർ പറയുന്ന പെരുന്നാളുകളോടുള്ള ബന്ധത്തിലെ ഏഴ് ശബ്ബത്തുകൾ ഇതാണ്: പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളിൽ രണ്ടെണ്ണം (ലേവ്യ, 23:7-8); ആദ്യഫലപ്പെരുന്നാളിനു ഒരെണ്ണം (23:21); പാപപരിഹാരദിവസം ഒരെണ്ണം (23:27-32); കാഹളനാദോത്സവത്തിനു ഒരെണ്ണം (23:24-25); കൂടാരപ്പെരുന്നാളിന് ഒരെണ്ണം (23:34-36). ഇതിൽ പാപപരിഹാരദിവസം ഒഴികെള്ള പെരുന്നാളുകളുടെ കല്പന ഇതാണ്: “വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.” (ലേവ്യ, 23:7,8, 21, 24,25, 34-36). ശബ്ബത്തിൻ്റെ കല്പനയാണോ മറ്റു പെരുന്നാളുകൾക്കുള്ളത്? സഭായോഗം മാത്രമാണ് ഒരുപോലെ പറഞ്ഞിട്ടുള്ളത്. വേലയുടെ കാര്യം വ്യത്യസ്തമാണ്. “ശബ്ബത്തിൽ വേല ചെയ്യരുതെന്നും വേല ചെയ്യുന്നവൻ മരിക്കേണമെന്നാണ് ആഴ്ചതോറുമുള്ള ശബ്ബത്തിൻ്റെ കല്പന.” പെരുന്നാളുകളിലുള്ള ശബ്ബത്തിൻ്റെ കല്പന “സാമാന്യവേല യാതൊന്നും ചെയ്യരുതെന്നാണ്.” ഇംഗ്ലീഷിൽ “servile work” (അടിമവേല, ദാസ്യവേല) എന്നാണ് (ABP, ACV, AFV11, ASV, BB, BSV, BST, CGV, CPDV, DBT, DBYe, DRB, DRC, EMP, ERV, GB, HKJV, ISV, JUB, JPS, KJV, LOT, LST, LSV, LT, LXX’12-u, LXXe, NMV’18, Niobe, PCE, RHB, RNKJV, RV, WBT, YLT) അധികം പരിഭാഷകളിലും കാണുന്നത്. Field-work (BBE); ordinary work (CJB, ESV, NLT, TLB); work fo bodage (CVB); laborious work (AB, EMB, GB1, NASB, TB, TRC); usual work (FBV); regular work (BSB, GW20, GWT, LEB, NEB, NET, NHEB, NIG, NIRV, NIV, t4t, WEB); manner of work (LBP); common work (LHB); customary work (Logos, NKJV); daily work (CSB, GNY, HCSB, NEB; NSB); hard work (NLV); work at your occupation (NRSV-CI); work of labor (ABPE, PHBT, RcV’03, SLT); sacrificial service (Thomson) എന്നിങ്ങനെയും കാണുന്നു. “സാമാന്യവേല ചെയ്യരുതെന്നു പറയുന്നത്; യാതൊരു വേലയും ചെയ്യരുതെന്ന കല്പനയ്ക്ക് തുല്യമാണോ?” തന്നെയുമല്ല, പെരുന്നാളുകളിൽ വേല ചെയ്യുന്നവൻ മരിക്കേണമെന്ന് പറഞ്ഞിട്ടുമില്ല. എന്നാൽ മഹാപാപപരിഹാര ദിവസമായ തിഷ്റി 10-ാം തീയതി ഒരു മഹാശബ്ബത്താണ്: “അതു നിങ്ങൾക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം.” (ലേവ്യ, 23:32). “അന്നു ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽ നിന്നു നശിപ്പിക്കും.” (ലേവ്യ, 23:30). ഇതിൽനിന്ന് ആഴ്ചതോറുമുള്ള ശബ്ബത്തു കൂടാതെ ശരിയായ ഒരു ശബ്ബത്തുള്ളത് പാപപരിഹാരദിവസം മാത്രമാണെന്ന് മനസ്സിലാക്കാം.

എബ്രായയിൽ “ശബ്ബാതോൺ” (שַׁבָּתוֹן – šabāṯôn) എന്നും “ശബ്ബാത്” (שַׁבָּת – šabāṯ) എന്നും രണ്ടു വ്യത്യസ്ത പദങ്ങളുണ്ട്. ആദ്യപ്രയോഗത്തെ മലയാളത്തിൽ “സ്വസ്ഥത” (The rest) എന്നും (ലേവ്യ, 23:24; 23:39), രണ്ടാമത്തെ പ്രയോഗത്തെ “ശബ്ബത്തു” (sabbath) എന്നു പറയുന്നു: (പുറ, 16:25; 16:26). ശബ്ബത്തും” (šabāṯ) സ്വസ്ഥതയും (šabāṯôn) രണ്ടും രണ്ടാണ്. “ശബ്ബാത്” എന്ന പദത്തിനു്, ഏഴാമത്തെ ദിവസം അഥവാ, യെഹൂദന്മാരുടെ വിശ്രമദിവസവും ആരാധന ദിവസവുമായ ശനിയാഴ്ച എന്നാണർത്ഥം: (പുറ, 20:10; 20:11; 31:15; 35:2). എന്നാൽ “ശബ്ബാതോൺ” എന്ന പദത്തിനു്, വശ്രമദിക്കാനുള്ള സമയം അഥവാ, സ്വസ്ഥമായിരിക്കാനുള്ള സമയമെന്നാണ്. അതായത്, എല്ലാ അവധി ദിവസങ്ങളെയും സൂചിപ്പിക്കുന്ന പദമാണ് ശബ്ബതോൺ. ബൈബിൾ ഭാഷയിൽ പറഞ്ഞാൽ: ശബ്ബത്തുദിവസത്തെ (ശനിയാഴ്ച) വിശ്രമത്തെക്കുറിക്കാനാണ് ആ പദം പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്: (പുറ, 16:23; 31:15; 35:2; ലേവ്യ, 16:31; 23:3; 23:32; 25:4). ലേവ്യർ 23:24-ൽ കാഹളധ്വനിയുടെ പെരുന്നാളിനോടുള്ള ബന്ധത്തിലും; 23:39-ൽ കൂടാരപ്പെരുന്നാളിനോടുള്ള ബന്ധത്തിലും “സ്വസ്തത” എന്നു സത്യവേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്, “ശബ്ബാതോൺ” (šabāṯôn) കൊണ്ടാണ്. ഇതിനെ KJV പോലുള്ള ചില ഇംഗ്ലീഷ് പരിഭാഷകൾ “Sabbath” എന്നു പരിഭാഷ ചെയ്തിട്ടുണ്ട്. യഥാർത്ഥ ശബ്ബത്തിനെ കുറിക്കുന്ന വേദഭാഗങ്ങളിലും “സ്വസ്ഥത” എന്നയർത്ഥത്തിൽ ഈ പദമുണ്ടെങ്കിലും, തുടർന്ന് “ശബ്ബത്തു” (šabāṯ) എന്ന കൃത്യമായ എബ്രായ പദവുമുണ്ട്. ഉദാ: “അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത (šabāṯôn) ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു (šabāṯ). ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.” (പുറ, 16:23. ഒ.നോ: 31:15; 35:2). ഇവിടെ നോക്കുക; “സ്വസ്ഥത” കഴിഞ്ഞിട്ട് “ശബ്ബത്തെന്നു” കൃത്യമായി പറയുന്നുണ്ട്. ഇനി, സ്വസ്ഥതയെന്ന “ശബ്ബാതോൺ” എന്ന പദത്തെ യഥാർത്ത ശബ്ബത്തെന്നു മനസ്സിലാക്കിയാൽപ്പോലും; പെസഹായോടും, പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുന്നാളിനോടുള്ള ബന്ധത്തിൽ, “ശബ്ബാതോൺ” (šabāṯôn) എന്നപദം ഉപയോഗിച്ചിട്ടില്ലെന്നത് കുറിക്കൊള്ളുക.

വലിയ ശബ്ബത്ത്: ഇനി, അവശേഷിക്കുന്ന ചോദ്യം: യോഹന്നാൻ 19:31-ൽ പറയുന്ന വലിയ ശബ്ബത്ത് ഏതാണെന്നതാണ്. പെസഹയോടു ബന്ധപ്പെട്ടോ, പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുന്നാളിനോട് ബന്ധപ്പെട്ടോ ഒരു ശബ്ബത്തിനെക്കുറിച്ച് യാതൊരു സൂചനയും പഴയനിയമത്തിലോ, പുതിയനിയമത്തിലോ ഇല്ല. ഒരു മഹാശബ്ബത്ത് പഴയനിയമത്തിൽ ഉള്ളത് പാപപരിഹാരദിവസമാണ്: (ലേവ്യ, 16:1-34; സംഖ്യാ, 29:7-11). ആ ദിവസം വേല ചെയ്യുന്നവനെ ജനത്തിൻ്റെ ഇടയിൽനിന്നു ഛേദിച്ചുകളയണമെന്നാണ് കല്പന: (ലേവ്യ, 23:27-32). യഥാർത്ഥ ശബ്ബത്തിൻ്റെ (ശനിയാഴ്ച) കല്പനയുള്ളത് ആണ്ടിലെ ഈയൊരു ദിവസംമാത്രമാണ്. അതിനാൽ, പുതിയനിയമത്തിലെ “വലിയ ശബ്ബത്തു” എന്നത് സന്ദിഗ്ധമായ ഒരു വിഷയമാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളായ William Tyndale Bible (1525), Coverdale Bible (1535), Matthew’s Bible (1537), Great Bible (1539), Bishops’ Bible (1568), Geneva Bible (1587), King James (1611), Noah Webster Bible (1833) തുടങ്ങിയ എല്ലാ പരിഭാഷകളിലും പ്രസ്തുത ഭാഗം സന്ദിഗ്ധമാകയാൽ “(for that sabbath day was an high)” എന്നഭാഗം ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഇംഗ്ലീഷിലെ ഒട്ടുമിക്ക പരിഭാകളിലും ആ പ്രയോഗം ബ്രാക്കറ്റിലാണുള്ളത്: (AB, ABP, ABY, ACV, AFV, AKJV, ASV, AUV, BB, BBE, BKJV, BLB’16, BLT, BSC, BV2020, CB, CGV, CLNT, COMM, CPDV, CSB, CVB, DBT, DBYe, DHB, Diaglott, DLNT, DRB, DRC, EHV, EMTV, EOB’13, ERV, ESV, FBV, GB, GB1, GDBY, GLW, GNT, HCSB, HKJV+, HNT, H-NT, JUB, KJV, LEB, LET, LHB, LONT, LST, LSV, Logos, MLV’19, MNT, NASB, NET, NHEB, NHEM-JM, NHEB-ME, NHEB-Y, NKJV, NMB, NMV’18, NLT, NTM, NumNT, OEB-cw, OEB-us, PCE, Phi, RHB, RKJNT, RNKJV, RSV, RSV-CE, RSV-CI, RV, RWV+, RcV’03, SLT, TB, TLB, TRC, Thomson, WBT, WEB, WMNT, WNT, W-NT, Wir-BT, YLT). മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലിയുടെ മൂന്നു പരിഭാഷകളിലും (1829, 1843, 1876), പുതിയലോകം ഭാഷാന്തരത്തിലും ബ്രാക്കറ്റിലാണുള്ളത്. പുരാതന കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തതും സംശയമുള്ളതുമായ ഭാഗങ്ങളാണ് സാധാരണ ബ്രാക്കറ്റിലിടുന്നത്. ഇനി, യഥാർത്ഥത്തിൽ അത് ബൈബിളിൻ്റെ ഭാഗമാണെങ്കിൽ, “വലിയ ശബത്തു” എന്നു യോഹന്നാൻ പറയാൻ ഒരേയൊരു കാരണമേയുള്ളു: പെരുനാളുകളുടെ ഇടയ്ക്കു വരുന്ന ശബ്ബത്ത് (ശനിയാഴ്ച) ആകയാലാണ് അതിനെ “വലിയ ശബ്ബത്തു” എന്നു പറയുന്നത്. അല്ലാതെ മറ്റൊരു കാരണവും വചനത്തിലില്ല.

അടുത്തത്; മര്‍ക്കോസ് 16:1 പ്രകാരം, സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങിയത്‌ ശബ്ബത്തിനുശേഷം ആയിരുന്നു എന്നും, ലൂക്കോസ് 23:56 പ്രകാരം ശബ്ബത്തിനു മുമ്പാണെന്നും കാണാം. ഇതിനെ, ബുധനാഴ്ചവാദികൾ രണ്ട് വ്യത്യസ്ത ശബ്ബത്തുകളായി മനസ്സിലാക്കുന്നു. അതായത്, മർക്കൊസ് പറയുന്നത് വ്യാഴാഴ്ചത്തെ പ്രത്യേക ശബ്ബത്തിനെക്കുറിച്ചും. ലൂക്കൊസ് പറയുന്നത് ആഴ്ചതോറുമുള്ള ശബ്ബത്തിനെക്കുറിച്ചും ആണെന്ന് അവർ കരുതുന്നു. ഇതിൻ്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ എളുപ്പമാണ്. മർക്കൊസും ലൂക്കൊസും പറയുന്ന, സുഗന്ധവർഗ്ഗം ഒരുക്കിയ സ്ത്രീകൾ ആരാണെന്ന് പരിശോധിച്ചാൽ മതിയല്ലോ. വ്യത്യസ്ത സ്ത്രീകളാണെങ്കിൽ, രണ്ടാമതൊരു ശബ്ബത്തിന് ബൈബിളിൽ തെളിവില്ലെങ്കിലും, രണ്ട് ശബ്ബത്തുണ്ടെന്ന് നമുക്ക് സമ്മതിച്ചുകൊടുക്കാം. ഇനി, അവർ ഒരേ സ്ത്രീകളാണെങ്കിൽ, ബുധനാഴ്ച വാദികൾ ഉണ്ടെന്നു പറയുന്ന രണ്ട് ശബ്ബത്തിലും അവർ സുഗന്ധവർഗ്ഗം ഒരുക്കേണ്ട കാര്യമില്ലല്ലോ? ഒന്നാമത്, അവർ ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ച സ്ത്രീകളാണെന്ന് മർക്കൊസും ലൂക്കൊസും ഒരുപോലെയാണ് പറയുന്നത്. (മർക്കൊ, 15:41; ലൂക്കൊ, 23:49,54). രണ്ടാമത്, അവർ ആരൊക്കെയാണെന്ന് നോക്കാം. “ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.” (മർക്കൊസ, 16:1). അടുത്തത്, “അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ.” (ലൂക്കോ, 24:10). മൂമ്മൂന്ന് സ്ത്രീകളുടെ പേരാണ് രണ്ടുപേരും പറഞ്ഞിരിക്കുന്നത്. അതിൽ, രണ്ടുപേരും പറയുന്നതിൽ, മഗ്ദലക്കാരത്തി മറിയയും യാക്കോബിൻ്റെ അമ്മ മറിയയും ഉണ്ട്. മൂന്നാമത്തെ ആളുടെ പേര് മർക്കൊസ് ശലോമ എന്നും, ലൂക്കൊസ് യോഹന്നാ എന്നുമാണ് പറയുന്നത്. തൽസ്ഥാനത്ത് മത്തായി പറയുന്നത്, “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു” എന്നാണ്. (27:56). അതായത്, മർക്കൊസ് പറയുന്ന ശലോമ, സെബെദി പുത്രന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയാണ്. (മർക്കൊ, 15:40). എന്നാൽ ലൂക്കൊസ് പറയുന്ന യോഹന്നാ, ഹെരോദാവിൻ്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യയാണ്. (ലൂക്കൊ, 8:3). ഓരോ പേരിലുള്ള വ്യത്യാസത്തിൻ്റെ കാരണം, നാല് സുവിശേഷങ്ങളും ചേർത്ത് പഠിച്ചാൽ, കല്ലറ കാണാൻ അഞ്ചിലേറെ സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് കാണാൻ കഴിയും. (മത്താ, 27:61, 28:1; മർക്കൊ, 15:47, 16:1-3; ലൂക്കൊ, 23:54,55, 24:1; യോഹ, 20:1). അതിൽ, മൂന്നുപേരുടെ പേരുവീധമാണ് രണ്ടുപേരും പറഞ്ഞിരിക്കുന്നത്. അതിനാലാണ് ഒരു പേരിൽ വ്യത്യാസം വന്നിരിക്കുന്നത്. എന്നാൽ ശ്രദ്ധേയമായ വിഷയം അതൊന്നുമല്ല. ശബ്ബത്തിനുശേഷം സുഗന്ധവർഗ്ഗം വാങ്ങിയെന്ന് മർക്കൊസ് പറയുന്ന മൂന്ന് സ്ത്രീകളുടെ കൂട്ടത്തിലും, ശബ്ബത്തിനുമുമ്പേ സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് ലൂക്കൊസ് പറയുന്ന മൂന്ന് സ്ത്രീകളുടെ കൂട്ടത്തിലും, മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിൻ്റെ അമ്മ മറിയയും ഉണ്ട്. അപ്പോൾ, ഒരേ സ്ത്രീകളെക്കുറിച്ചാണ് രണ്ടുപേരും പറഞ്ഞതെന്ന് വ്യക്തമാണല്ലോ? ഒരേ സ്ത്രീകൾ ശബ്ബത്തിനു മുമ്പും പിമ്പും രണ്ടുപ്രാവശ്യം സുഗന്ധവർഗം വാങ്ങേണ്ടതോ, ഒരുക്കേണ്ടതോ ആയ കാര്യമില്ലല്ലോ? മുമ്പും പിമ്പുമെന്ന് പറഞ്ഞിരിക്കുന്നത്, ചരിത്രം ചമച്ച രണ്ട് സുവിശേഷകന്മാരുടെയും അറിവിലുള്ള വ്യത്യാസം മാത്രമാണ്. അല്ലാതെ, ശബ്ബത്തുകൾ വ്യത്യസ്തമായതുകൊണ്ടല്ല. അതിനാൽ, ബുധനാഴ്ച വാദികളുടെ ഉപദേശം അബദ്ധമാണെന്ന് മനസ്സിലാക്കാം.

സുഗന്ധവർഗ്ഗം ഒരുക്കാൻ സമയം വേണമെന്ന വാദവും യുക്തിസഹമല്ല,. ഒന്നാമത്തെ കാര്യം. സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് മർക്കൊസ് പറയുന്നില്ല. രണ്ടാമത്, ശവശരീരത്തിൽ സുഗന്ധവർഗ്ഗങ്ങൾ പൊതിയുന്നത് യെഹൂദന്മാരുടെ ആചാരമാണ്. യോഹന്നാനിൽ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. (19:40). ശരീരത്തിൽ സുഗന്ധവർഗ്ഗം പൊതിഞ്ഞുകെട്ടുന്നത് അവരുടെ ആചാരമാകയാൽ, ഒരുക്കിയ സുഗന്ധവർഗ്ഗങ്ങൾ ധാരാളമായി കടകളിൽനിന്നു വാങ്ങിക്കാൻ കിട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. അപ്പോൾ, സുഗന്ധവർഗ്ഗം ഒരുക്കി കാത്തിരുന്നു എന്ന് ലൂക്കൊസ് പറയുന്നതിൻ്റെ അർത്ഥമെന്താണ്? സുഗന്ധവർഗ്ഗം മാത്രം വാങ്ങിയ കാര്യമാണ് മർക്കോസ് പറയുന്നത്. അതുകൊണ്ടാണ്, ഒരുക്കി എന്ന് പറയാത്തത്. എന്നാൽ ലൂക്കോസാകട്ടെ, സുഗന്ധവർഗ്ഗവും പരിമളതൈലവും വാങ്ങിയതായി പറയുന്നുണ്ട്. ഒരുക്കുക എന്ന് പറഞ്ഞാൽ, അതിന് ഇടിച്ച് ഒരുക്കുക എന്ന ഖണ്ഡിതമായ അർത്ഥമില്ല. വേണ്ട സാധനങ്ങൾ സംഭരിക്കുക, വട്ടം കൂട്ടുക, കോപ്പുകൂട്ടുക, തയ്യാറാക്കുക എന്നൊക്കെയാണ് അർത്ഥം. ലൂക്കൊസ് 9:52-ൽ അതേ ഗ്രീക്കുപദത്തെ “വട്ടംകൂട്ടുക” എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതായത്, ഒന്നിലേറ സാധനങ്ങൾ ഉള്ളതുകൊണ്ടാണ്, അവിടെ ഒരുക്കി അഥവാ, വട്ടംകൂട്ടി സ്വസ്ഥമായിരുന്നു എന്ന് പറഞ്ഞിരിക്കുന്നത്. ഇനി, ഇടിച്ചൊരുക്കാത്ത സുഗന്ധവർഗ്ഗമാണ് അവർ മേടിച്ചതെങ്കിൽ, ശബ്ബത്ത് കഴിഞ്ഞ രാത്രിയിൽ അവർക്ക് അതൊരുക്കുവാൻ ധാരാളം സമയമുണ്ട്. ശനിയാഴ്ച ആറുമണിക്ക് ശബ്ബത്ത് കഴിയും. കർത്താവിനുവേണ്ടി ആ രാത്രി ഉറക്കമിളയ്ക്കാൻ ആ സ്ത്രീകൾ തയ്യാറാകില്ലേ? രണ്ട് വ്യത്യസ്ത ശബ്ബത്തുകളില്ലെന്നും, മർക്കൊസും ലൂക്കൊസും പറയുന്നത് ഒരേ സ്ത്രീകളെക്കുറിച്ചാണെന്നും നാം കണ്ടുകഴിഞ്ഞു. എങ്കിലും, അവരുടെ വാദത്തിൻ്റെ കഴമ്പില്ലായ്മ ഒന്നുകൂടി ചൂണ്ടിക്കാണിക്കാം. മർക്കൊസ് പറയുന്നത്, വ്യാഴാഴ്ചത്ത പ്രത്യേക ശബ്ബത്തിനെക്കുറിച്ചും, ലൂക്കൊസ് പറയുന്നത്, ശനിയാഴ്ചത്തെ അഥവാ, ആഴ്ചതോറുമുള്ള ശബ്ബത്തുമാണെന്ന് അവർ പറയുന്നു. അതായത്, മർക്കൊസ് പറയുന്ന സ്ത്രീകൾ ആദ്യ ശബ്ബത്തിനു ശേഷവും, ലൂക്കൊസിൽ പറയുന്ന സ്ത്രീകൾ ആഴ്ചതോറുമുള്ള ശബ്ബത്തിനു മുമ്പുമാണ് സുഗന്ധവർഗ്ഗം ഒരുക്കിയതെന്നാണ് അവരുടെ വാദം. എന്നാൽ മർക്കൊസും ലൂക്കൊസും ഒരേപോലെ പറയുന്നു, ശബ്ബത്തിൻ്റെ തലേനാളായ ഒരുക്കനാളിലാണ് യേശുവിൻ്റെ ശരീരം അടക്കിയത്. (മർക്കൊ, 15:42-46; ലൂക്കൊ, 23:53). ബുധനാഴ്ച വാദികൾപറയുന്ന പ്രകാരമാണെങ്കിൽ, രണ്ടുപേരും പറയുന്നത് ഒരുക്കനാളായ ബുധനാഴ്ചയെ കുറിച്ചാണല്ലോ? ഗലീലയിൽനിന്ന് അവനെ അനുഗമിച്ച സ്ത്രീകളാണ് യേശുവിൻ്റെ ഒപ്പം ഉണ്ടായിരുന്നത് എന്നും, അവർ അടക്കം കണ്ടിട്ടാണ് മടങ്ങിപ്പോയത് എന്നും രണ്ടുപേരും പറഞ്ഞിട്ടുണ്ട്. (മർക്കൊ, 15:41, 46; ലൂക്കൊ, 23:54). എന്നാൽ ലൂക്കൊസിൽ ഒരുകാര്യംകൂടി പറഞ്ഞിട്ടുണ്ട്. അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. (23:53). അതായത്, യേശുവിൻ്റെ അടക്കം കഴിഞ്ഞപ്പോൾ, നിങ്ങൾ പറയുന്ന വ്യാഴാഴ്ചത്തെ ശബ്ബത്തും ആരംഭിച്ചു. നിങ്ങൾ പറയുന്നത് അനുസരിച്ച്, സുഗന്ധവർഗ്ഗം ഒരുക്കാൻ സമയം വേണമല്ലോ? വ്യാഴാഴ്ചത്തെ ശബ്ബത്താരംഭിച്ചു കഴിഞ്ഞാൽ, ആ ശബ്ബത്തിനുമുമ്പ് സുഗന്ധവർഗ്ഗം എന്തായാലും ഒരുക്കാൻ പറ്റില്ല. അപ്പോൾ, നിങ്ങളുടെ വാദപ്രകാരം ശേഷിക്കുന്നത്, ശനിയാഴ്ചത്തെ ഒരു ശബ്ബത്ത് മാത്രമാണ്. അതിലേക്ക് രണ്ടുദിവസം ശേഷിക്കുന്നുമുണ്ട്. അതിൽ, സുഗന്ധവർഗ്ഗം ഒരുക്കാൻ വെള്ളിയാഴ്ചത്തെ ഒരു മുഴുദിവസം രണ്ടുകൂട്ടർക്കും ഒരുപോലെ ലഭിക്കും. പിന്നെന്തിനാണ്, രണ്ട് വ്യത്യസ്ത ശബ്ബത്തുകളോടുള്ള ബന്ധത്തിലാണ് അവർ സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് നിങ്ങൾ വാദിക്കുന്നത്? മാത്രമല്ല, യേശുവിനെ അടക്കിയ ഒരുക്കനാളിൻ്റെ പിറ്റേദിവസമുള്ള ശബ്ബത്തിനെക്കുറിച്ചാണ് മർക്കോസും ലൂക്കോസും പറയുന്നതെന്ന് ആ വേദഭാഗത്തുനിന്ന് വ്യക്തമായി മനസ്സിലാക്കാം. പിന്നെങ്ങനെ, അത് വ്യത്യസ്ത ശബത്തുകളാണെന്ന് പറയും? അപ്പോൾ, മൊത്തത്തിൽ നിങ്ങളുടെ ഉപദേശം ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

അടുത്ത വിഷയം; യോനായുടെ അടയാളമാണ്: “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” (മത്താ, 12:40). ഈയൊരു വാക്യപ്രകാരം യേശു മൂന്നുരാവും മൂന്നുപകലും ഭൂമിക്കുള്ളിൽ ഉണ്ടാകണമെന്നാണ് ഇക്കുട്ടർ വാദിക്കുന്നത്. യേശു താൻ മശീഹയാണെന്നു വിശ്വസിക്കാൻ ഒരടയാളം ചെയ്തുകാണിക്കാൻ പറഞ്ഞവരോട് യേശു തൻ്റെ മരണത്തെ യോനയുടെ സംഭവവുമായി സാദൃശ്യപ്പെടുത്തി പറഞ്ഞതാണ് മേല്പറഞ്ഞ വാക്യം. എന്നാൽ ബൈബിളിൽ ഈയൊരു വാക്യം മാത്രമല്ലല്ലോ ഉള്ളത്. തൻ്റെ മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് തെളിവായി പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങൾ വേറെയുമുണ്ട്. അവിടെയൊക്കെ മൂന്നുദിവസം ഭൂമിക്കുള്ളിൽ ആയിരിക്കുമെന്നല്ല; താൻ മരിച്ച് മൂന്നാംനാൾ ഉയിർക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. “അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.” (മത്താ, 16:21. ഒ.നോ: 17:23; 20:19; 26:61; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; യോഹ, 2:19,20; പ്രവൃ, 10:40; 1കൊരി, 15:3,4). വചനത്തെ വചനംകൊണ്ട് വേണ്ടേ വ്യാഖ്യാനിക്കാൻ? മേല്പറഞ്ഞ വാക്യങ്ങളിലുളിൽ പത്തോളം വാക്യം തൻ്റെ മരണത്തെക്കുറിച്ചുള്ള യേശുവിൻ്റെതന്നെ പ്രവചനങ്ങളാണ്. യോനായുടെ അടളമായ ഒരു പ്രവചനത്തിനെതിരെ യേശുവിൻ്റെതന്നെ പത്തോളം പ്രവചനങ്ങൾ മതിയാകില്ലേ???…

ഇനി, ബുധനാഴ്ച വാദികളുടെ ഇരട്ടത്താപ്പ് കാണിക്കാം: മൂന്നാംനാൾ എന്ന് പുതിയനിയമം ആവർത്തിച്ചുപറയുന്നത് അംഗീകരിക്കാതെയാണ് യോനയുടെ അടയാളത്തിൽ ഇക്കൂട്ടർ പിടിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ മൂന്നുരാവും മൂന്നുപകലും തന്നെ മനുഷ്യപുത്രൻ ഭൂമിക്കുള്ളിൽ ആയിരിക്കണമല്ലോ? നമുക്ക് അവരുടെ കണക്ക് ഒന്നുകൂടി നോക്കാം.

ദിവസം 1: ബുധൻ 6 pm മുതല്‍ വ്യാഴം 6 am വരെ ഒരു രാത്രി — വ്യാഴം 6 am മുതല്‍ വ്യാഴം 6 pm വരെ ഒരു പകൽ.

ദിവസം 2: വ്യാഴം 6 pm മുതല്‍ വെള്ളി 6 am വരെ ഒരു രാത്രി — വെള്ളി 6 am മുതല്‍ വെള്ളി 6 pm വരെ ഒരു പകല്‍.

ദിവസം 3: വെള്ളി 6 pm മുതല്‍ ശനി 6 am വരെ ഒരു രാത്രി — ശനി 6 am മുതല്‍ ശനി 6 pm വരെ ഒരു പകല്‍. ആകെ മൂന്നു രാത്രിയും മൂന്നു പകലും; ഇതാണവരുടെ കണക്ക്.

പക്ഷെ, യേശു ഉയിർക്കുന്നത് ശനിയാഴ്ച 6 PM-ന് അല്ലല്ലോ? ഞായറാഴ്ച രാവിലെയല്ലേ? “അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” (മർക്കൊ, 16:9. ഒ.നോ: മത്താ, 28:1; മർക്കൊ, 16:2; ലൂക്കൊ, 24:1; യോഹ, 20:1). ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ (പിറ്റേദിവസം) അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു:” (മർക്കൊ, 16:1,2). ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസമെന്നും ഒന്നാം നാൾ അതിരാവിലെ സൂര്യനുദിച്ചപ്പോൾ എന്നൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. യെഹൂദന്മാരുടെ കണക്കുപ്രകാരം രാത്രി കഴിഞ്ഞിട്ടാണല്ലോ രാവിലെ വരുന്നത്. അപ്പോൾ ഞായറാഴ്ചദിവസത്തെ രാത്രി എന്തുചയ്യും? അതെന്തേ ബുധനാഴ്ചവാദികൾ വിഴുങ്ങികളഞ്ഞോ? അതുകൂടി കൂട്ടുമ്പോൾ മൂന്നു രാവല്ല; നാലുരാവും മൂന്നുപകലും യേശു ഭൂമിക്കുള്ളിൽ ഇരുന്നല്ലോ പ്രിയപെട്ടവരേ? അങ്ങനെവരുമ്പോൾ നിങ്ങൾ മുറുകെപ്പിടിക്കുന്ന യോനായുടെ അടയാളം പിഴയ്ക്കുമല്ലോ???… മാത്രമല്ല, മൂന്നാംനാൾ ഉയിർക്കുമെന്ന് പതിനാലു പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്: (മത്താ, 16:21; മത്താ, 17:23; മത്താ, 20:19; മത്താ, 26:61; മർക്കൊ, 14:58; മർക്കൊ, 15:29; ലൂക്കൊ, 9:22; ലൂക്കൊ, 18:33; ലൂക്കോ, 24:7; ലൂക്കൊ, 24:21; ലൂക്കൊ, 24:46; യോഹ, 2:18-20; പ്രവൃ, 10:40; 1കൊരി, 15:3-4). നിങ്ങളുടെ കണക്കുപ്രകാരം ബുധനാഴ്ച മരിച്ചു; പിറ്റേന്ന് ശബത്താകയാൽ അന്നുതന്നെ അടക്കി. ബുധൻ ഒന്നാം ദിവസം, വ്യാഴം, വെള്ളി, ശനി, ഞായർ രാവിലെ ഉയിർത്തു. അതായത് അഞ്ചാം ദിവസം ഉയിർത്തു. മൂന്നാംനാൾ ഉയിർക്കുമെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കെ, അഞ്ചാം നാൾ യേശു ഉയിർത്തെഴുന്നേറ്റാൽ മതിയാകുമോ???… മൂന്നാം നാൾ എന്നത് വിശ്വസിക്കുന്നതല്ലേ നല്ലത്???….

മൂന്നാംനാൾ എന്നതിനും മർക്കൊസ് സുവിശേഷത്തിൽ ഒരു പ്രശ്നം കാണുന്നുണ്ട്. ”മൂന്നുദിവസം കഴിഞ്ഞിട്ടു” എന്നു മൂന്നു വാക്യങ്ങളിൽ കാണുന്നുണ്ട്. (8:31; 9:31; 10:34). അപ്പോൾത്തന്നെ ”മൂന്നുദിവസംകൊണ്ടു” (within three days) എന്ന് രണ്ട് വാക്യങ്ങളിലുമുണ്ട്. (14:58; 15:29). മറ്റ് സുവിശേഷങ്ങളിലും വേദഭാഗങ്ങളിലും മൂന്നാംനാൾ അല്ലെങ്കിൽ മൂന്നുദിവസത്തിനകം എന്നു കൃത്യമായി എഴുതിയിരിക്കുകയും (മത്താ, 16:21; 17:23; 20:19; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; പ്രവൃ, 10:40; 1കൊരി, 15:4), മർക്കൊസിൽത്തന്നെ ‘മൂന്നു ദിവസത്തിനകം’ എന്നു രണ്ടുപ്രാവശ്യം ഉള്ളതുകൊണ്ടും ‘മൂന്നു ദിവസം കഴിഞ്ഞിട്ടു’ എന്ന പ്രയോഗം പരിഭാഷാപ്രശ്നമാണെന്ന് നിസ്സംശയം മനസ്സിലാക്കാം.

മൂന്നാമത്തെ വിഷയം: വെള്ളിയാഴ്ചയല്ല, വ്യാഴാഴ്ചയാണ് പെസഹകുഞ്ഞാട് അറുക്കപ്പെടേണ്ടത്. ആ ദിവസം പെസഹാക്കുഞ്ഞാട് എന്തുകൊണ്ട് അറുക്കപ്പെട്ടില്ല എന്നതാണ്. ദൈവം നിയമിച്ചുകൊടുത്ത ഏഴു പെരുനാളുകളിൽ ആദ്യത്തേതായ പെസഹ ഒന്നാം മാസം (നീസാൻ) 14-നും (ലേവ്യ, 23:5), പുളിപ്പില്ലാത്ത അപ്പം നീസാൻ 15-മുതൽ 21-വരെയുമാണ്: (ലേവ്യ, 23:6 → പുറ, 12:15-16). ഓരോ കുടുംബവും പെസഹയ്ക്ക് അറുക്കുവാനുള്ള ആട്ടിൻ കുട്ടിയെ പത്താം തീയതി എടുക്കണം. പതിനാലാം തീയതിവരെ അതിനെ സൂക്ഷിക്കുകയും സന്ധ്യാസമയത്ത് അതിനെ അറുക്കുകയും വേണം: (പുറ, 12:3-6). എന്നാൽ യെഹൂദന്മാരുടെ ദിവസം ആരംഭിക്കുന്നത് സന്ധ്യമുതൽ സന്ധ്യവരെയാണ്: (ഉല്പ, 1:5). അതിനാൽ, പെസഹയുടെ പകൽ കഴിഞ്ഞ് വൈകുന്നേരത്ത് കുഞ്ഞാടിനെ അറുത്ത് പെസഹ ഒരുക്കുകയും പുളിപ്പില്ലാത്തപ്പം ആരംഭിക്കുന്ന ദിവസം രാത്രിയിൽ (നീസാൻ 15) അതിനെ ഭക്ഷിക്കുകയും ചെയ്യുന്നു: (പുറ, 12:6-8; മത്താ, 26:17; മർക്കൊ, 14:12; ലൂക്കൊ, 22:7).

അതായത്, പെസഹാ ദിവസം അവസാനിക്കാറാകുന്ന സമയത്ത് കുഞ്ഞാടിനെ അറുത്ത് പെസഹാ ഒരുക്കുകയും പുളിപ്പില്ലാത്തപ്പം ആരംഭിച്ചശേഷം അതിനെ ഭക്ഷിക്കുകയും ചെയ്യുന്നു. പെസഹ ഭക്ഷിക്കുന്നത് പുളിപ്പില്ലാത്ത അപ്പത്തോടൊപ്പമാണ്: “അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.” (പുറ, 12:8). അതുകൊണ്ടാണ്, “പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം” എന്നും (മർക്കൊ, 14:1; മത്താ, 26:2), “പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ” എന്നും (ലൂക്കോ, 22:1), “പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ” എന്നും അഭിന്നമായി (ഒരുമിച്ചു) പറയുന്നത്: (ലൂക്കൊ, 22:7. ഒ.നോ: പ്രവൃ, 12:3-4; 1കൊരി, 5:7-8). അതായത്, അതിൻ്റെ ഒന്നാം നാളായ യേശുവും ശിഷ്യന്മാരും പെസഹ യ [കാണുക: Passover on Nissan 15]

പെസഹയുടെ പിറ്റേദിവസം പുളിപ്പില്ലാത്തപ്പത്തിൻ്റെ അന്നാണ് ക്രിസ്തുവും ശിഷ്യന്മാരും പെസഹ ഭക്ഷിച്ചതെന്ന് സമവീക്ഷണ സുവിശേഷകന്മാർ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുനാൾ ഏഴു ദിവസമാണ്. അതിൻ്റെ ഒന്നാംനാൾ (നീസാൻ 15 വെള്ളിയാഴ്ച) ആരംഭിക്കുന്ന സന്ധ്യയിൽത്തന്നെയാണ് യേശുവും ശിഷ്യന്മാരും പെസഹ ഭക്ഷിച്ചത്: “പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: “നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ” എന്നു പറഞ്ഞു. (ലൂക്കോ, 22:7-8 → മത്താ, 26:17; മർക്കൊ, 14:12). “ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.” (മത്താ, 26:19-20. → മർക്കൊ, 14:17-18). ഇനിയാർക്കും സംശയമില്ലല്ലോ? യേശുവും ശിഷ്യന്മാരും പെസഹാ ഭക്ഷിച്ച രാത്രിയാണ് യേശുവിനെ അറസ്റ്റ് ചെയ്തത്. ആ രാത്രിമുതൽതന്നെ വിസ്താരം ആരംഭിച്ചു. ആദ്യം ഹന്നാവാണ് വാസ്തരിച്ചത്: “ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു.” (യോഹ, 18:13). ഹന്നാവ് കയ്യഫാഫിൻ്റെ അടക്കലേക്കു അയച്ചു: “ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.” (യോഹ, 18:24).

പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.” (യോഹ, 18:28). ആസ്ഥാനം പീലാത്തൊസിൻ്റെ വസതിയാണ്: “പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു, അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.” മത്താ, 27:1-2).

പിലാത്തൊസിൻ്റെ ആസ്ഥാനത്തുവെച്ച് സംഭവിച്ച ഒരു കാര്യം യോഹന്നാൻ പറഞ്ഞത് ശ്രദ്ധിക്കുക: “തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.” (യോഹ, 18:28). ഇതിൽനിന്ന് യെഹൂദന്മാർ യേശുവിനെ ക്രൂശിക്കുന്നതുവരെ പെസഹ ഭക്ഷിച്ചിരുന്നില്ല എന്നു വ്യക്തമാണ്. അതായത്, യേശുവും ശിഷ്യന്മാരും നിസാൻ 15 ആരംഭിച്ച രാത്രിയിലും യേശുവിനെ ക്രൂശിച്ച യെഹൂദന്മാർ അവനെ ക്രൂശിച്ചശേഷം, നീസാൻ 15-ൻ്റെ പകലിലുമാണ് പെസഹ ഭക്ഷിച്ചതെന്നു മനസ്സിലാക്കാം.

യേശുവിനെ ക്രൂശിച്ച ദിവസം വെള്ളിയാഴ്ചയാണോ എന്നു സംശയം തോന്നാം. യേശുവിനെ ക്രൂശിച്ച ദിവസം “ഒരുക്കനാൾ” (The day of the preparation) ആയിരുന്നു എന്ന് നാലു സുവിശേഷകന്മാരും പറഞ്ഞിട്ടുണ്ട്. യേശുവിനെ പീലാത്തൊസ് വിസ്തരിച്ചതും (യോഹ, 19:14) ക്രൂശിക്കപ്പെട്ടതും (യോഹ, 19:31) അരിമത്ഥ്യയിലെ യോസേഫ് പീലാത്തൊസിനോടു ശരീരം ചോദിച്ചതും (മർക്കൊ, 15:42) അടക്കിയതും ഒരുക്കനാളിലാണ്: (യോഹ, 19:42; ലൂക്കൊ, 25:53). ഒരുക്കനാളിന്റെ പിറ്റെ ദിവസമാണ് (ശനിയാഴ്ച) മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിൻ്റെ അനുവാദംവാങ്ങി കല്ലെറ അടച്ചുറപ്പാക്കിയത്: (മത്താ, 27:62-66). ശബ്ബത്തിൻ്റെ തലേനാൾ ആയ വെള്ളിയാഴ്ച ദിവസത്തെയാണ്, “ഒരുക്കനാൾ” എന്നു പറയുന്നത്. [കാണുക: Preparation Day]

ബുധനാഴ്ച വാദികളുടെ ആന്തരികവും ബാഹ്യവുമായ ഒരു പരമാബദ്ധവും കൂടി കാണിക്കാം: ദൈവം യെഹൂദന നിയമിച്ചുകൊടുത്ത ഏഴ് പെരുനാളുകൾ രക്ഷാകരപ്രവൃത്തിയുടെ നിഴലുകളാണ്:

1. നീസാൻ മാസം 14-ാം തീയതി (മാർച്ച്/ഏപ്രിൽ): പെസഹ — (പുറ, 12:21 ലേവ്യ, 23:5).

2. നീസാൻ 15-മുതൽ 21-വരെ പുളിപ്പില്ലാത്ത അപ്പം — (പുറ, 12:17, ലേവ്യ, 23:6): പെസഹയും, പുളിപ്പില്ലാത്ത അപ്പവും വ്യത്യസ്ത പെരുനാളുകൾ ആണെങ്കിലും ഒരുമിച്ചാണ് ഇത് അനുഷ്ഠിച്ചുപോരുന്നത്. (മർക്കൊ, 14:1; മർക്കൊ, 14:12; ലൂക്കോ, 22:1; ലൂക്കൊ, 22:7 → പ്രവൃ, 12:3-4). കാരണം മുകളിൽ വ്യക്തമാക്കിയതാണ്. തന്മൂലം പെസഹാക്കുഞ്ഞാടായ ക്രിസ്തു അറുക്കപ്പെട്ടത് പറയുമ്പോൾ, രണ്ടു പെരുനാളുകളും ചേർത്താണ് പൗലൊസ് പറയുന്നത്. (1കൊരി, 5:7-8).

3. നീസാൻ മാസം 17-ാം തീയതി: ആദ്യഫലപ്പെരുനാൾ — (പുറ, 34:26, ലേവ്യ, 23:10). ആദ്യഫലമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റു. (1കൊരി, 15:20-23).

4. സിവാൻ മാസം 6-ാം തീയതി (ഏപിൽ/മേയ്): പെന്തെക്കൊസ്തു പെരുനാൾ — (ലേവ്യ, 23:15-16). ദൈവത്തിൻ്റെ ആദ്യജാതനായ ക്രിസ്തുമൂലം അനന്തരജാതന്മാരെ കൊയ്തെടുക്കാൻ പരിശുദ്ധാത്മാവ് അവരോഹണം ചെയ്ത ദിവസം. (യോഹ, 14:16).

5. തിഷ്റി മാസം 1-ാം തീയതി (സെപ്തംബർ/ഒക്ടോബർ): കാഹളനാദോത്സവം — (ലേവ്യ, 23:23-26, സംഖ്യ, 29:1). (1കൊരി, 15:52; 1തെസ്സ, 4:16-17).

6. തിഷ്റി മാസം 10-ാം തീയതി: പാപപരിഹാദിവസം — (ലേവ്യ, 23:27, സംഖ്യ, 29:7-11): ഈ ദിവസം ഒരു മഹാശബ്ബത്താണ്. (ലേവ്യ, 23:29-30). മഹത്വപ്രത്യക്ഷതയിലാണ് പാപപരിഹാരം നടക്കുന്നത്. (സെഖ, 12:9-14; സെഖ, 13:1).

7. തിഷ്റി മാസം 15 മുതൽ 21 വരെ കൂടാരപ്പെരുനാൾ — (ലേവ്യ, 23:33-36, ആവ, 16-13). ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം. (വെളി, 21:2-5).

ബുധനാഴ്ച വാദികൾ പറയുന്നതനുസരിച്ച്; ബുധനാഴ്ചയാണ് പെസഹ, അന്നാണ് കുഞ്ഞാട് അറുക്കപ്പെട്ടതും. അന്ന് വൈകിട്ട് യേശുവിനെ അടക്കി; പിറ്റേന്ന് വ്യാഴാഴ്ച വലിയശബ്ബത്ത് കഴിഞ്ഞശേഷം മർക്കൊസിലെ സ്ത്രീകൾ സുഗന്ധവർഗ്ഗം ഒരുക്കി ഞായറാഴ്ചയാകാൻ കാത്തിരുന്നു. (16:1,2). ലൂക്കൊസിലെ സ്ത്രീകളാകട്ടെ; ആഴ്ചതോറുമുള്ള ശബ്ബത്തായ ശനിയാഴ്ചയ്ക്കു മുമ്പായി സുഗന്ധവർഗ്ഗം ഒരുക്കി ശബ്ബത്തിൽ സ്വസ്ഥമായിരുന്നു. (ലൂക്കൊ, 23:55).

ഇവരുടെ കണക്കുപ്രകാരം; നീസാൻ മാസം 14-ാം തീയതി ബുധനാഴ്ചയാണ് പെസഹ. പിറ്റേദിവസം വ്യാഴാഴ്ച നീസാൻ 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കുന്നു. അടുത്ത പെരുന്നാളായ ആദ്യഫലപ്പെരുന്നാൾ നീസാൻ മാസം 17-ാം തീയതിയായ ശനിയാഴ്ചയാണ്. എന്നാൽ നാലു സുവിശേഷങ്ങളും പറയുന്നു; ആഴ്ചവട്ടത്തിൻ്റെ ഒന്നാംദിവസമായ ഞായറാഴ്ചയാണ് യേശു ഉയിർത്തെഴുന്നേറ്റതെന്ന്. ആദ്യഫലക്കറ്റ യഹോവയ്ക്ക് നീരാജനം ചെയ്യുന്ന ആദ്യഫലപ്പെരുന്നാളിൻ്റെ അന്നല്ലേ ആദ്യഫലമായി ക്രിസ്തു ഉയിർക്കേണ്ടത്. (1കൊരി, 15:20-23). വചനപ്രകാരം ആ പെരുന്നാൾ വരേണ്ടത് ഞായറാഴ്ചയല്ലേ? ബുധനാഴ്ച വാദികളുടെ കണക്കനുസരിച്ച്, ആദ്യഫലപ്പെരുന്നാളിൻ്റെ പിറ്റേ ദിവസമാണ് യേശു ഉയിർത്തത്. എന്നാൽ യേശു ഞായറാഴ്ചയാണ് ഉയിർത്തതെന്ന് നാല് സുവിശേഷകരും പറഞ്ഞിരിക്കുന്നു. അതിനാൽ, ബുധനാഴ്ച വാദികളുടെ ഉപദേശം ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

മത്തായി 28:1-ലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപദം ബഹുവചനമാണ്; അതിനാൽ, രണ്ട് ശബ്ബത്തുകൾ ആ ആഴ്ച ഉണ്ടായിരുന്നു എന്നാണ് ചിലർ പറയുന്നത്. അതിലെ വസ്തുത എന്താണെന്ന് നോക്കാം: “ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.” (മത്താ, 28:1). ഈ വാക്യത്തിലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപ്രയോഗം ബഹുവചനമാണെന്നത് ശരിയാണ്. എന്നാൽ യഥാർത്ഥത്തിൽ ഈ വാക്യത്തിൽ ശബ്ബത്തിനെ കുറിക്കുന്ന പ്രയോഗം ഒന്നല്ല; രണ്ടെണ്ണമുണ്ട്, അതവർ മനസ്സിലാക്കുന്നില്ല. ” ശബ്ബത്തു” എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “സബ്ബറ്റൊൺ” (σάββατον – sabbaton) എന്ന പദം ഏഴു വ്യത്യസ്ത “വിഭക്തിയിൽ” (Case) 68 പ്രാവശ്യം ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. അതിൽ മൂന്നു വ്യത്യസ്ത വിഭക്തിയിൽ മൂന്നു വ്യത്യസ്ത വിഭക്തിയിൽ 26 പ്രാവശ്യം ബഹുവചനം ഉപയോഗിച്ചിട്ടുണ്ട്. “സബ്ബാസിൻ” (σάββασιν – sabbasin) എന്ന “ഉദ്ദശിക വിഭക്തിയിലുള്ള” (Dative Case) ബഹവചനരൂപം 14 പ്രാവശ്യമുണ്ട്: (മത്താ, 12:1; 12:5; 12:10; 12:11; 12:12; മർക്കൊ, 1:21; 2:23; 2:24; 3:2; 3:4; ലൂക്കൊ, 4:31; 6:2; 13:10). “സബ്ബറ്റോൺ” (σαββάτων – sabbatōn) എന്ന “സംബന്ധിക വിഭക്തിയിലുള്ള” (Genitive case) ബഹുവചന രൂപം 11 പ്രാവശ്യമുണ്ട്: (മത്താ, 28:1; മത്താ, 28:1; മർക്കൊ, 16:2; ലൂക്കൊ, 4:16; 24:1; യോഹ, 20:1; 20:19; പ്രവൃ, 13:14; പ്രവൃ, 16:13; 20:7; കൊലൊ, 2:16). “സബ്ബറ്റ” (σάββατα sabbata) എന്ന “പ്രതിഗ്രാഹിക വിഭക്തിയിലുള്ള” (Accusative Case) ബഹുവചനരൂപം 1 പ്രാവശ്യമുണ്ട്: (പ്രവൃ, 17:2). ഇത് “ശബ്ബത്തുകൾ” എന്ന അർത്ഥത്തിലല്ല; ദിവസങ്ങൾ അഥവാ, ആഴ്ചയിലെ ഏഴുദിവസത്തെ കുറിക്കാൻ ഉപയോഗിക്കുന്ന ഒരു സാധാരണ ബഹുവചനമാണ്. ഉദാ: “τῇ μιᾷ τῶν σαββάτων” → “ആഴ്ചയിലെ (ഏഴുദിവസങ്ങളിലെ) ഒന്നാം ദിവസം” സത്യവേദപുസ്തകത്തിൽ “ബഹുവചനം” വരുന്ന ചിലയിടത്ത്, “ആഴ്ചവട്ടം” എന്നും ഇംഗ്ലീഷിൽ, “of the week” എന്നുമാണ്. മത്തായി 28:1-ൽ ശബ്ബത്ത് എന്നു പറഞ്ഞിരിക്കുന്നതിനും ആഴ്ചവട്ടം എന്നു പറഞ്ഞിരിക്കുന്നതിനും “സബ്ബറ്റോൺ” (σαββάτων – sabbatōn) എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അവർ പറയുന്നപോലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപദം ബഹുവചനം ആയതുകൊണ്ട്, ശബ്ബത്തെന്ന ഏകവചനമല്ല ശബ്ബത്തുകൾ എന്ന ബഹുവചനമാണ് ആ വാക്യത്തിൽ വരേണ്ടതെങ്കിൽ, ആഴ്ചവട്ടത്തിനും അത് ബാധകമാണല്ലോ? എന്തെന്നാൽ ആഴ്ചവട്ടത്തിനും അതേ ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ, ആഴ്ചവട്ടം മാറി ആഴ്ചവട്ടങ്ങളാകും. അങ്ങനെ ആ വാക്യത്തെ നമുക്കൊന്നു മാറ്റി നോക്കാം: “ശബ്ബത്തുകൾ കഴിഞ്ഞു ആഴ്ചവട്ടങ്ങളുടെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.” (മത്താ, 28:1). “ശബ്ബത്തുകൾ കഴിഞ്ഞു” എന്നു പറഞ്ഞാൽ, ആ പ്രയോഗം ശരിയാണ്; രണ്ടോ, നാലോ ശബ്ബത്തുകൾ കഴിഞ്ഞുവെന്ന് വേണമെങ്കിൽ മനസ്സിലാക്കാം. “ആഴ്ചവട്ടങ്ങളുടെ അഥവാ, ആഴ്ചകളുടെ ഒന്നാം ദിവസം” എന്നു പറഞ്ഞാൽ ആ പ്രയോഗമെങ്ങനെ ശരിയാകും? അത് ഏത് ദിവസമെന്ന് പറയും? ഒരേ പ്രയോഗങ്ങൾ ഒന്ന് ഏകവചനത്തിലും മറ്റേത് ബഹുവചനത്തിലും മതിയെന്ന് പറഞ്ഞാൽ ശരിയാകുമോ? ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളായ Wycliffe Bible (1394), Tyndale Bible (1531), Matthew Bible (1537), Geneva Bible (1560), Bishop’s Bible (1568), King James Bible (1611), Douay-Rheimes Bible (1750), Webster Bible (1833), English Revised Version (1885), Darby Bible (1890), American Standard Bible (1901) തുടങ്ങി ഒട്ടുമിക്ക ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ എല്ലാ പരിഭാഷകളിലും “ശബ്ബത്തു” (Sabbath) എന്ന ഏകവചനമാണുള്ളത്.

ശബ്ബത്തിനെ കുറിക്കുന്ന പ്രയോഗങ്ങളിലെ ആദ്യവാക്യം കാണുക: “ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി  പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.” (മത്താ, 12:1-2). ഇതിൻ്റെ ആദ്യവാക്യത്തിൽ “സബ്ബാസിൻ” (σάββασιν) എന്ന മറ്റൊരു ബഹുവചനവും, അടുത്തവാക്യത്തിൽ” “സാബ്ബാറ്റോ” (σαββάτῳ) എന്ന ഏകവചനവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തെ ഭാഗം ബഹുവചനം ആക്കിയാൽ: “ആ കാലത്തു യേശു ശബ്ബത്തുകളിൽ വിളഭൂമിയിൽകൂടി കടന്നുപോയി” എന്നാകും. അക്കാലത്ത് (At that time) എന്നതിനെ ഇആർവിയിൽ “അതേ സമയം” എന്നും മലയാളബൈബിള്‍-നൂതനപരിഭാഷയിൽ “അന്നൊരിക്കൽ” എന്നുമാണ്. ഒരിക്കൽ അഥവാ, ഒരു സമയത്ത് ശബത്തുകളിൽ അഥവാ, ഒന്നിലധികം ശബ്ബത്തിലൂടെ ആർക്കെങ്കിലും നടക്കാൻ കഴിയുമോ? ഇനി പല ശബ്ബത്തുകളിലെ കുറ്റം പരീശന്മാർ ഒരുമിച്ചു ചുമത്തുകയാണെങ്കിൽ; അടുത്ത വാക്യത്തിലും ബഹുവചനമല്ലേ കാണേണ്ടത്? എന്നാൽ, “ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു” എന്നു ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരു വാക്യം കാണുക: “അവൻ അവരോടു: “നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ (σάββασιν – plural) കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ?” (മത്താ, 12:11). ഈ വാക്യത്തിലും “സബ്ബാസിൻ” (σάββασιν) എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ആട് ശബ്ബത്തുകളിൽ അഥവാ, എല്ലാ ശബ്ബത്തിലും പോയി കുഴിയിൽ വീഴുമോ? ഭാഷയ്ക്ക് ഒരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട്; അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശമാകുന്നത്. “വിശ്രമം” എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന “സബ്ബത്ത്” (שַׁבָּת) എന്ന പദത്തിന് “ആഴ്ചയിലെ ഏഴാമത്തെ ദിവസം, ശനിയാഴ്ച എന്നൊക്കെയും അർത്ഥമുണ്ട്. ഒരാഴ്ചയിൽ രണ്ട് ശനിയാഴ്ചയുണ്ട് എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അതുപോലെ ബാലിശമായ ഉപദേശമാണ് ആഴ്ചയിൽ രണ്ട് ശബ്ബത്ത് ഉണ്ടെന്ന് പറയുന്നത്. നിർഭാഗ്യമെന്ന് പറയട്ടെ; ആഴ്ചയിൽ രണ്ട് ശബ്ബത്തുള്ള കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടിരിക്കുന്ന യെഹൂദന്മാർക്കുപോലും അറിയില്ല. ബഹുവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന മുഴുവൻ വാക്യങ്ങളും താഴെക്കാണാം. [കാണുക: അനുബന്ധം].

ഇനിയുള്ളത് വ്യാഴാഴ്ച വാദികൾക്കുള്ള മറുപടിയാണ്: അവർ പറയുന്നത്; യേശുവിൻ്റെ മരണത്തിനും ഉത്ഥാനത്തിനും ഇടയിൽ ഇരുപതോളം സംഭവങ്ങൾ അരങ്ങേറിയെന്നാണ്. അതൊക്കെ ചുമ്മാ പറയുന്നതാണ്; ബൈബിളിലൊന്നും അതിന് യാതൊരു തെളിവുമില്ല. എങ്കിലും എന്തൊക്കെ കാര്യങ്ങൾ നടന്നുവെന്ന് നമുക്കൊന്നു നോക്കാം:

1.വെള്ളിയാഴ്ച 3 PM-ന് ക്രൂശിൽ യേശുവിൻ്റെ അവസാനത്തെ മൊഴിയും പ്രാണാത്യാഗവും. (മത്താ, 27:50; മർക്കൊ, 15:17; ലൂക്കൊ, 23:46).

2. ദൈവാലയത്തിൻ്റെ തിരശ്ശീല കീറുന്നു, ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, ശതാധിപൻ്റെ സാക്ഷ്യം. (മത്താ, 27:51-56; മർക്കൊ, 16:38-41; ലൂക്കൊ, 23:47-49).

3. ക്രൂശിക്കപ്പെട്ട കള്ളന്മാരുടെ കണങ്കാലുകൾ തകർക്കുന്നു; യേശുവിൻ്റെ വിലാപ്പുറത്തു കുത്തുന്നു. (യോഹ, 19:31-37).

4. യേശുവിൻ്റെ ശരീരം സംസ്കരിക്കുന്നു. (മത്താ, 27:57-60; മർക്കൊ, 15:42-47; ലൂക്കൊ, 23:50-53; യോഹ, 19:38-42).

5. സ്ത്രീകൾ യേശുവിൻ്റെ അടക്കം കണ്ടിട്ട് മടങ്ങിപ്പോയി ശബ്ബത്തിൽ സ്വസ്ഥമായിരിക്കുന്നു. (ലൂക്കൊ, 23:54-56).

6. ശനിയാഴ്ച കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തുന്നു. (മത്താ, 27:62-66).

7. രാവിലെ യേശു ഉയിർക്കുന്നു. (മത്താ, 28:1-7; മർക്കൊ, 16:1-8; ലൂക്കൊ, 24:1-10; യോഹ, 20:1).

ഇതിനാണവർ ഇരുപതോളം സംഭവങ്ങളെന്നു പറയുന്നത്. എല്ലാ സംഭവങ്ങൾക്കും കൂടി ശനിയാഴ്ച ഒരുദിവസം പോരെന്നാണ് അവരുടെ വാദം. എന്നാൽ ശനിയാഴ്ച ആകെ നടന്നിരിക്കുന്നത്; ”കല്ലറ ഉറപ്പാക്കി, കാവൽ ഏർപ്പെടുത്തുക” എന്ന ഒരു സംഭവം മാത്രമാണ്. അതിനാണെങ്കിൽ ഒരുദിവസംതന്നെ വളരെയധികമാണ്.

എതിർവാദങ്ങളെല്ലാം നിഷ്ഫലമായ സ്ഥിതിക്ക് യേശു മരിച്ചത് വെള്ളിയാഴ്ച തന്നെയാണെന്ന് വ്യക്തമായികഴിഞ്ഞു. എങ്കിലും നമുക്ക് അക്കാര്യങ്ങൾ ഒന്നു വേഗത്തിൽ പറഞ്ഞുവിടാം:

“വ്യാഴാഴ്ച പകൽ കഴിഞ്ഞ് വെള്ളിയാഴ്ച ആരംഭിച്ച സന്ധ്യയ്ക്ക് യേശു ശിഷ്യന്മാരുമായി പെസഹാ ഭക്ഷിച്ചശേഷം കർത്തൃമേശ സ്ഥാപിക്കുന്നു. തുടർന്ന് പുതിയ കല്പനയ്ക്കും മാളികമുറിയിലെ ദീർഘമായ പ്രഭാഷണങ്ങൾക്കും ശേഷം ഗെത്ത്ശെമനയെന്ന തോട്ടത്തിലേക്ക് പോകുന്നു. അവിടെവെച്ച് യേശുവിനെ യൂദാ ഒറ്റിക്കൊടുക്കുന്നു. യേശുവിനെ അറസ്റ്റുചെയ്ത പടയാളികൾ ആദ്യം ഹന്നാവിൻ്റെ അടുക്കലേക്കു കൊണ്ടുപോയി; ആ രാത്രിയിൽത്തന്നെ കയ്യഫാവും യേശുവിനെ വിസ്തരിക്കുന്നു. വെള്ളിയാഴ്ച രാവിലെ യേശുവിനെ ന്യായാധിപസംഘത്തിൻ്റെ വിസ്താരത്തിനുശേഷം അവർക്ക് മരണശിക്ഷയ്ക്ക് അധികാരമില്ലാത്തതിനാൽ പീലാത്തൊസിനെ ഏല്പിക്കുന്നു. പീലാത്തൊസ് കുറ്റമൊന്നും കാണായ്കയാൽ ഹെരോദാവിൻ്റെ അടുക്കലേക്കും; ഹെരോദാവ് യേശുവിനെ പരിഹസിച്ചശേഷം പീലാത്തോസിൻ്റെ അടുക്കലേക്കും മടക്കിയയക്കുന്നു. യെഹൂദന്മാരുടെ സമ്മർദ്ദത്തിനു വഴങ്ങി പീലാത്തൊസ് ബറാബ്ബാസിനെ വിട്ടയച്ചുകൊണ്ട് യേശുവിനെ ക്രൂശിനേല്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് യേശുവിനെ ക്രൂശിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണിയായപ്പോൾ യേശു തന്നെ മരണത്തിനേല്പിച്ചു. ഏകദേശം ആറുമണി ആയപ്പോൾ ശബ്ബത്ത് ആരംഭിക്കുന്നതിനു മുമ്പായി യേശുവിൻ്റെ ശരീരം ക്രൂശിൽ നിന്നിറക്കി സംസ്കരിച്ചു. പിറ്റേദിവസം ശനിയാഴ്ച്ച ജനത്തിൻ്റെ പ്രമാണികൾ യേശുവിൻ്റെ കല്ലറ ഉറപ്പാക്കുന്നു. എല്ലാ പ്രതിരോധങ്ങളേയും തകർത്തുകൊണ്ട് ഞായറാഴ്ച രാവിലെ യേശു ഉയിർക്കുന്നു.”

യേശു മൂന്നാം ദിവസം ഉയിർക്കുമെന്ന് പതിനാലു വാക്യങ്ങൾ വചനത്തിലുണ്ട്. (കാണുക: മത്താ, 16:21; മത്താ, 17:23; മത്താ, 20:19; മത്താ, 26:61; മർക്കൊ, 14:58; മർക്കൊ, 15:29; ലൂക്കൊ, 9:22; ലൂക്കൊ, 18:33; ലൂക്കോ, 24:7; ലൂക്കൊ, 24:21; ലൂക്കൊ, 24:46; യോഹ, 2:18-20; പ്രവൃ, 10:40; 1കൊരി, 15:3-4). അതിനെതിരായി യോനായുടെ അടയാളം പറഞ്ഞിരിക്കുന്ന ഒരു വാക്യവും: (മത്താ, 12:40). താൻ മൂന്നാംനാൾ ഉയിർത്തെഴുന്നേല്ക്കുമെന്ന് യേശു ഒൻപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മൂന്നു പ്രാവശ്യം എതിരാളികൾ പറഞ്ഞിട്ടുണ്ട്: (മത്താ, 26:61; മർക്കൊ, 14:58; മർക്കൊ, 15:29). യേശു ഉയിർത്തെഴുന്നേറ്റ അന്നുതന്നെ യെരൂശലേമിൽനിന്നു എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർ ഉയിർത്തെഴുന്നേറ്റ യേശുവിനെ തിരിച്ചറിയാതെ അവനോടുതന്നെ പറയുന്നു: “ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.” (ലൂക്കൊ, 24:21). “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു” എന്നു പത്രൊസ് പറഞ്ഞിരിക്കുന്നു: (പ്രവൃ, 10:40) “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു” എന്നു പൗലൊസും പറഞ്ഞിരിക്കുന്നു: (1കൊരി, 15:3-4). ഈ വേദഭാഗം സുവിശേഷത്തിൻ്റെ അടിസ്ഥാനമാണ്. ക്രിസ്തുവിൻ്റെ സുവിശേഷത്തെ മറിച്ചുകളയാനാണ് പലരും ശ്രമിക്കുന്നത്.

വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന ഒരു സാമാന്യ തത്വമുണ്ട്; അതുപോലും ബുധനാഴ്ചവാദികൾ മറന്നുപോയി. എമ്മവുസ്സിലേക്കുപോയ ശിഷ്യന്മാർ ഉയിർത്തെഴുന്നേറ്റ് തങ്ങളോടുകൂടി നടക്കുന്ന യേശുവിനോട് പ്രത്യാശയറ്റവരായി പറയുന്നത്; “അവന്‍ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണ്.” (ERV-ml). യേശു ഞായറാഴ്ചയാണ് ഉയിർത്തതെന്നും, അന്നുതന്നെയാണ് ശിഷ്യന്മാർ എമ്മവുസിലേക്ക് പോയതെന്നും ആർക്കും തർക്കമില്ലാത്ത സ്ഥിതിക്ക് (ലൂക്കൊ, 24:13), അവൻ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണെന്ന് പറഞ്ഞാൽ; യേശു മരിച്ചത് ബുധനാഴ്ചയാണോ? അതോ വെള്ളിയാഴ്ചയോ? ശിഷ്യന്മാരോട് യേശു മറുപടി പറഞ്ഞത്; “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ” എന്നാണ്. (ലൂക്കോ, 24:25). തിരുവെഴുത്തുകൾ വിശ്വാസിക്കാതെ അതിനെ കോട്ടിക്കളയുന്ന എല്ലാവർക്കും യോജിച്ച പേരാണ് യേശു പറഞ്ഞ “മന്ദബുദ്ധികൾ.” അവിശ്വാസികളാകാതെ വിശ്വാസികളായിരിപ്പാൻ ദൈവം എല്ലാവരേയും സഹായിക്കട്ടെ!

“ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.”
(1കൊരിന്ത്യർ 15:3-4).
ഇതാണ് സുവിശേഷത്തിൻ്റെ അടിസ്ഥാനം. ക്രിസ്തുവിൻ്റെ സുവിശേഷത്തെ മറിച്ചുകളയാനാണ്, “അവൻ മൂന്നാം ദിവസമല്ല; അഞ്ചാം ദിവസമാണ് ഉയിർത്തതു” എന്ന് ക്രിസ്തുവൈരികൾ പ്രചരിപ്പിക്കുന്നത്.

അനുബന്ധം:
താഴെപ്പറയുന്നിടത്തെല്ലാം ശബ്ബത്തെന്നും ആഴ്ചവട്ടമെന്നും അഭിന്നമായി ഉപയോഗിക്കുന്ന ബഹുവചനരൂപമാണ്. വാക്യങ്ങളെല്ലാം പരിശോധിച്ചാൽത്തന്നെ, ബഹുവചനത്തിലല്ല; ഏകവചന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ആർക്കും മനസ്സിലാകും.

1️⃣ സബ്ബാസിൻ – σάββασιν – sabbasin:
1. മത്തായി 12:1 “ആ കാലത്തു യേശു ശബ്ബത്തിൽ (sabbasin) വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി.”

2. മത്തായി 12:5 “അല്ല, ശബ്ബത്തിൽ (sabbasin) പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ (👉 sabbaton – Singular) ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?”

3. മത്തായി 12:10 “അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ (sabbasin) സൌഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു.”

4. മത്തായി 12:11 “അവൻ അവരോടു: “നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ (sabbasin) കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ?”

5. മത്തായി 12:12 “എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ (sabbasin) നന്മ ചെയ്യുന്നതു വിഹിതം തന്നേ” എന്നു പറഞ്ഞു.”

6. മർക്കൊസ് 1:21 “അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ (sabbasin) അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.”

7. മർക്കൊസ് 2:23 “അവൻ ശബ്ബത്തിൽ (sabbasin) വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴിനടക്കയിൽ കതിർ പറിച്ചുതുടങ്ങി.”

8. മർക്കൊസ് 2:24 “പരീശന്മാർ അവനോടു: നോക്കു, ഇവർ ശബ്ബത്തിൽ (sabbasin) വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.”

9. മർക്കൊസ് 3:2 “അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ (sabbasin) അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.”

10. മർക്കൊസ് 3:4 “പിന്നെ അവരോടു: “ശബ്ബത്തിൽ (sabbasin) നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.”

11. ലൂക്കോസ് 4:31 “അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ (sabbasin) അവരെ ഉപദേശിച്ചുപോന്നു.”

12. ലൂക്കോസ് 6:2 “പരീശന്മാരിൽ ചിലർ ശബ്ബത്തിൽ (sabbasin) വിഹിതമല്ലാത്തതു നിങ്ങൾചെയ്യുന്നതു എന്തു എന്നു പറഞ്ഞു.”

13. ലൂക്കോസ് 6:9 “അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു: “ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ (sabbasin) നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം” എന്നു പറഞ്ഞു.”

14. ലൂക്കോസ് 13:10 “ഒരു ശബ്ബത്തിൽ (sabbasin) അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു.”

2️⃣ സബ്ബറ്റോൺ – σαββάτων – sabbatōn:
1,2. മത്തായി 28:1 “ശബ്ബത്തു (sabbatōn) കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ (sabbatōn) ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.”

3. മർക്കൊസ് 16:2 “ആഴ്ചവട്ടത്തിന്റെ (sabbatōn) ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു.”

4. ലൂക്കോസ് 4:16 “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ (sabbatōn) തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.”

5. ലൂക്കോസ് 24:1 “അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ (sabbatōn) ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി.”

6. യോഹന്നാൻ 20:1 “ആഴ്ചവട്ടത്തിൽ (sabbatōn) ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.”

7. യോഹന്നാൻ 20:19 “ആഴ്ചവട്ടത്തിന്റെ (sabbatōn) ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.”

8. പ്രവൃത്തികൾ 13:14 “അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് (sabbatōn) നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.”

9. പ്രവൃത്തികൾ 16:13 “ശബ്ബത്തുനാളിൽ (sabbatōn) ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.”

10. പ്രവൃത്തികൾ 20:7 “ആഴ്ചവട്ടത്തിന്റെ (sabbatōn) ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.”

11. കൊലൊസ്സ്യർ 2:16 “അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് (sabbatōn) എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.”

3️⃣ സബ്ബറ്റ – σάββατα – sabbata:
1. പ്രവൃത്തികൾ 17:2 “പൌലൊസ് പതിവു പോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ (sabbata) തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.”

യേശുവിൻ്റെ ജനനവർഷം മാസം തുടങ്ങിയവ കൃത്യമായി അറിയാൻ:👇

ക്രിസ്തുവിന്റെ ജനനവർഷം

ബുധനാഴ്ച വാദികളുടെ ലേഖനം കാണാൻ ലിങ്കിൽ പോകുക:👇

യേശു ഉയിർത്തത് മൂന്നാം നാളിലോ അതോ മൂന്നു ദിവസം കഴിഞ്ഞിട്ടോ?

യേശു ക്രൂശിക്കപ്പെട്ടത് വെള്ളിയാഴ്ചയോ?

മനുഷ്യപുത്രന്‍ മൂന്ന് രാവും മൂന്നു പകലും കല്ലറയില്‍ ഇരുന്നുവോ?

Leave a Reply

Your email address will not be published. Required fields are marked *