യേശുക്രിസ്തു

യേശുക്രിസ്തു (Jesus Christ)

യേശു: ഗ്രീക്ക് – യീസൂസ് (Iesous); എബ്രായ – യെഷുവ (Yeshuwa), യെഹോഷുവ (Yehowshuwa) = യഹോവ രക്ഷയാണ്. ക്രിസ്തു: ഗ്രീക്ക് – ഖ്റിസ്റ്റൊസ് (Christos); എബ്രായ – മഷീയാഹ് (mashiyach) = അഭിഷിക്തൻ. 

ആകാശഭൂമികളുടെ സ്രഷ്ടാവും (ഉല്പ, 1:1; യോഹ, 1:3; 1കൊരി, 8:6; കൊലൊ, 1:16,17) എബ്രാ, 1:10-12) പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവനും (പുറ, 63) മോശെ മുതലുള്ള പഴയനിയമ ഭക്തന്മാർക്കും പ്രവാചകന്മാർക്കും ‘യഹോവ’ എന്ന നാമത്തിൽ വെളിപ്പെട്ടവനും (പൂറ, 3:14,15–മലാ, 4:5,6) കാലസമ്പൂർണത വന്നപ്പോൾ ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ക്രിസ്തു, പുത്രൻ’ (മത്താ, 1:1; 3:17) തുടങ്ങിയ സ്ഥാനനാമങ്ങളിൽ കന്യകാജാതനായവനും (മത്താ, 1:22) തന്നിൽ വിശ്വസിക്കുന്നവരെ നീതീകരിച്ചുകൊണ്ട് (റോമ, 8:30) അഥവാ, വീണ്ടുംജനിപ്പിച്ചുകൊണ്ട് (1കൊരി, 12:3; എഫെ, 2:5, 8) സകലസത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവായി (യോഹ, 16:13) നമ്മുടെ ഉള്ളിൽ വസിക്കുന്നവനുമായ ഏകസത്യദൈവമാണ് നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു. “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). “യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ്‌.” (പി.ഒ.സി: എബ്രാ, 13:8). തന്റെ കേവലമായ അസ്തിത്വത്തെക്കുറിച്ച് “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (സ.വേ.പു. C.L. യോഹ, 8:24). “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും.” (സ.വേ.പു. C.L. യോഹ, 8:28). “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.” (മ.ബൈ. യോഹ, 8:58. ഒ.നോ: മ.E.R.V; മ.ബൈ). എന്നിങ്ങനെ ക്രിസ്തു വെളിപ്പെടുത്തി. മിസ്രയീമ്യദാസ്യത്തിൽ നിന്നു യിസ്രായേലിനെ വീണ്ടെടുക്കാൻ മോശെയെ അയക്കുന്നതിനോടുള്ള ബന്ധത്തിൽ ഹോരേബിൽ അഗ്നിയിൽ പ്രത്യക്ഷനായ യഹോവ മോശെയ്ക്ക് വെളിപ്പെടുത്തിയ നാമമാണ് ‘ഞാനാകുന്നവൻ ഞാൻ ആകുന്നു.’ (പുറ, 3:14,15).  

ക്രിസ്തുവിനെക്കുറിച്ചു പുതിയനിയമം വെളിപ്പെടുത്തുന്നത് യേശുക്രിസ്തുവെന്ന ദൈവത്തിൻ്റെ ചരിത്രമല്ല; പ്രത്യുത ക്രിസ്തുയേശുവെന്ന മനുഷ്യപുത്രൻ്റേതാണ് അഥവാ, പാപമറിയാത്ത പൂർണ്ണമനുഷ്യൻ്റേതാണ്. മനുഷ്യനു മനുഷ്യനെ വീണ്ടെടുക്കുവാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കാനോ ഒരുനാളും സാദ്ധ്യമല്ലാതിരുന്ന സ്ഥാനത്താണ് (സങ്കീ, 49:7-9; മത്താ, 19:26; മർക്കൊ, 10:27; ലൂക്കൊ, 18:27) സാക്ഷാൽ യഹോവ മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട് തൻ്റെ മരണംമൂലം മനുഷ്യർക്ക് പാപപരിഹാരം വരുത്തിയത്. (ഇയ്യോ, 19:25<->യോഹ, 1:14. യെശ, 40:3; മലാ, 3:1<->മത്താ, 3:3; മർക്കൊ, 1:3; ലൂക്കൊ, 3:4). യോഹന്നാൻ പ്രസ്താവിക്കുന്നു: ‘വചനം ദൈവം ആയിരുന്നു’ (1:1). ജഡത്തിൽ വെളിപ്പെട്ടവൻ ‘ദൈവം ആകുന്നു’ എന്നല്ല, ‘ആയിരുന്നു’ എന്നാണ്. ദൈവപിതാവുതന്നെ ‘പുത്രൻ’ എന്ന പദവിയിൽ മനുഷ്യനായി വെളിപ്പെടുകയായിരുന്നു. മക്കൾ അഥവാ, മനുഷ്യർ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടാണ് ദൈവപിതാവും മനുഷ്യപുത്രനായി വന്ന് മരണത്തിൻ്റെ അധികാരിയായ പിശാചിൽനിന്നു നമ്മെ വിടുവിച്ചത്. (എബ്രാ, 2:14,15). ദൈവരൂപത്തിൽ ഇരുന്നവൻ ദാസരൂപമെടുത്ത് തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി. (ഫിലി, 2:6-8). ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടതുകൊണ്ടും (1തിമൊ, 3:15,16) അവനിൽ വിശ്വസിക്കുന്ന എല്ലാവരേയും സൗജന്യമായി നീതീകരിച്ചുകൊണ്ടും (പ്രവൃ, 13:39; റോമ, 3:24-28) അവൻ നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു. (എബ്ര, 5:9). 

ക്രിസ്തു ഉത്പാദിതമായത് പ്രകൃത്യതീതമായി പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ്. (മത്താ, 1:18; ലൂക്കൊ, 1:35). എന്നാൽ ക്രിസ്തുവിന്റെ ജനനം സ്വാഭാവികമായിരുന്നു. ബുദ്ധിക്കതീതമായ ഒരു രക്ഷാകര പ്രവൃത്തിയായിരുന്നില്ല ക്രിസ്തു സാധിച്ചത്. മനുഷ്യർക്കു ഗ്രഹിക്കുവാൻ കഴിയുന്ന വിധത്തിൽ ദൈവത്തെ വെളിപ്പെടുത്തിക്കൊണ്ടും വിണ്ടെടുപ്പുകാരൻ്റെ യോഗ്യത നേടുവാൻ പാപമൊഴികെ സർവ്വത്തിലും (എബ്രാ, 4:15) നമുക്കു തുല്യമായി മനുഷ്യപ്രകൃതി സ്വീകരിച്ചുകൊണ്ടുമാണ് പാപപരിഹാരം സാദ്ധ്യമാക്കിയത്. (യോഹ, 1:14, 18). പഴയനിയമത്തിൽ തെളിവില്ലാത്ത സംഗതിയൊന്നുമല്ല ദൈവത്തിൻ്റെ പ്രത്യക്ഷത അഥവാ, വെളിപ്പാട്. പഴയനിയമത്തിൽ ഉടനീളം (ആദാം മുതൽ മലാഖിവരെ) അനേകം ഭക്തന്മാർക്ക് ഗോചരമായ വിധത്തിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മുരുഭൂയാത്രയിൽ അഗ്നിസ്തംഭമായും മേഘസ്തംഭമായും തേജസ്സായും ഏകദേശം നാല്പതുവർഷം യിസ്രായേൽ ജനത്തോടൊപ്പം വസിച്ചവൻ തന്നെയാണ് പുതിയനിയമത്തിൽ ബി.സി. 6-മുതൽ എ.ഡി. 33-വരെ ഏകദേശം നാല്പതുവർഷം മനുഷ്യനായി മന്നിൽ വസിച്ചത്. പഴയനിയമത്തിൽ യഹോവ മനുഷ്യനായി വെളിപ്പെട്ടതിൻ്റെയും കൃത്യമായ രേഖയുണ്ട്: മമ്രേയുടെ തോപ്പിൽവെച്ചു അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. 18-ാം അദ്ധ്യായത്തിൽ ദൂതൻ എന്നൊരു പ്രയോഗം പോലുമില്ല. 18:1-ൽ ‘യഹോവ അബ്രാഹാമിനു പ്രത്യക്ഷനായി’ എന്നതടക്കം അബ്രാഹാമിനോടു സംസാരിക്കുന്നത് യഹോവയാണെന്ന് ഒൻപത് പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. 18:16-ലും 19:1-ലും രണ്ടു ദൂതന്മാർ സോദോമിലേക്ക് പോകുന്നതായും പറഞ്ഞിട്ടുണ്ട്. യഹോവ അബ്രാഹാമിനൊപ്പം അഞ്ചാറു നാഴിക ചിലവഴിച്ചതായും കാണാം. അപ്പവും കാളക്കുട്ടിയുടെ ഇറച്ചിയും പാലും വെണ്ണയും പാകം ചെയ്യുന്നതുവരെയും കാത്തിരിക്കുകയും, ഭക്ഷണശേഷം അബ്രാഹാമുമായി ഒരു ദീർഘസംഭാഷണവും ചെയ്തിട്ടാണ് യഹോവ പോയത്. പഴയനിയമത്തിൽ ഏകദേശം അഞ്ചാറുനാഴിക മനുഷ്യനായി വസിച്ചവൻ പുതിയനിയമത്തിൽ ഏകദേശം നാല്പതുവർഷം മനുഷ്യനായി വസിച്ചുവെന്നുമാത്രം. അബ്രാഹാമിനു മുമ്പിൽ മനുഷ്യനായി വെളിപ്പെട്ട യഹോവ അവന് സന്തതിയുടെ വാഗ്ദത്തം നല്കിയെങ്കിൽ പുതിയനിയമത്തിൽ യഹോവ മനുഷ്യനായി വെളിപ്പെട്ടതു ‘നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ (ഉല്പ, 12:3) എന്ന വാഗ്ദത്തത്തിൻ്റെ സാക്ഷാൽ നിവൃത്തിയായിരുന്നു. (ഉല്പ, 17:19; 18:10, 14). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (ഗലാ, 3:16). തന്മൂലം, പുതിയനിയമം വെളിപ്പെടുത്തുന്ന ക്രിസ്തുവിൻ്റെ ചരിത്രം ഏകദേശം നാല്പതുവർഷമാണ്. കൃത്യമായി പറഞ്ഞാൽ; ബി.സി. 6-മുതൽ എ.ഡി. 33-വരെയുള്ള 38 വർഷത്തെ ക്രിസ്തുചരിത്രമാണ് പിൻവരുന്നത്. (കാണുക: യഹോവ/യേശുക്രിസ്തു)

മൂലരേഖകൾ: യേശുക്രിസ്തു എന്തെങ്കിലും എഴുതുകയോ യേശുവിനെക്കുറിച്ചു തന്റെ കാലത്ത് എന്തെങ്കിലും എഴുതപ്പെടുകയോ ചെയ്തിട്ടില്ല. യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചു നമുക്കു ലഭ്യമായ രേഖകൾ നാലു സുവിശേഷങ്ങളാണ്. യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചു ബൈബിളിൽ തന്നെ ആദ്യം എഴുതപ്പെട്ട രേഖ ഗലാത്യർ 4:4 ആണ്. “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽ നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചു.” യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ചില ചിതറിയ സൂചനകൾ പൗലൊസിന്റെ ലേഖനങ്ങളിലുണ്ട്. (റോമ, 1:5; 1കൊരി, 11:23-25; 15:3-7). സുവിശേഷ രചനയ്ക്കു മുമ്പാണ് പൗലൊസിന്റെ ലേഖനങ്ങൾ എഴുതപ്പെട്ടത്. സുവിശേഷങ്ങൾ വെറും ജീവചരിത്രങ്ങളല്ല. അവ നാല് വീക്ഷണങ്ങളിൽ ദൈവപുത്രനെ വ്യത്യസ്തഭാവങ്ങളിൽ അവതരിപ്പിക്കുന്നു. ചരിത്രാംശങ്ങൾക്കു കോട്ടം വരാതെയാണ് അപ്രകാരം ചെയ്തിട്ടുള്ളതെന്നു സംവിധാനം വ്യക്തമാക്കുന്നു. ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകരും ഭരമേല്പിച്ചതുപോലെ ക്രമമായി എഴുതപ്പെട്ട ഒന്നാണ് ലൂക്കൊസ് സുവിശേഷം. ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണു അത് എഴുതിയത്. കർണ്ണാകർണ്ണികയാ പ്രചരിച്ച വസ്തുതകളും ലിഖിതരേഖകളും ലൂക്കൊസ് പരിശോധിച്ചു. മർക്കൊസ് സുവിശേഷമാണ് ആദ്യം എഴുതപ്പെട്ടത്. മറ്റു സമവീക്ഷണ സുവിശേഷങ്ങളുടെ പശ്ചാത്തലത്തിൽ മർക്കൊസ് സുവിശേഷം അടിഞ്ഞു കിടപ്പുണ്ട്. 

ബൈബിളിനു പുറമെയുള്ള ചില രേഖകളിലും ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും കുറിച്ചുള്ള ചില പരാമർശങ്ങൾ കാണാം. അക്രൈസ്തവ എഴുത്തുകാരായ ടാസിറ്റസ്, പ്ലിനി, സ്യൂടൊണിയസ്, ജൊസീഫസ് എന്നിവരുടെ എഴുത്തുകളാണ് പ്രധാനം. ടാസിറ്റസ് എന്ന റോമൻ ചരിത്രകാരൻ എ.ഡി. 110-നടുപ്പിച്ചു എഴുതിയ ANNALS 15:44-ൽ യേശുവിന്റെ വധത്തെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്. ടാസിറ്റസ് യേശു എന്ന പേരിനെയല്ല ക്രിസ്തു എന്ന സ്ഥാനപ്പേരിനെയാണ് പരാമർശിക്കുന്നത്. ക്രിസ്ത്യാനികളോടു താൻ എങ്ങനെയാണ് പെരുമാറേണ്ടതെന്നു അന്വേഷിച്ചുകൊണ്ടു പ്ലിനി (Pliny the younger) ട്രാജനു എ.ഡി. 111-ൽ എഴുതി. റോമൻ ചരിത്രകാരനായ സ്യൂടൊണിയസ് ക്ലൗദ്യൊസ് ചക്രവർത്തിയുടെ ജീവചരിത്രത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. “അദ്ദേഹം (ക്ലൗദ്യൊസ്) ക്രെസ്തൂസിന്റെ പ്രേരണനിമത്തം റോമിൽ നിരന്തര ശല്യക്കാരായിരുന്ന യെഹൂദന്മാരെ റോമിൽ നിന്നും ബഹിഷ്ക്കരിച്ചു.” (Vita Claudi. 25:4). ക്യൗദ്യൊസ് കൈസർ എ.ഡി 49-ൽ പുറപ്പെടുവിച്ച ഈ കല്പനയെക്കുറിച്ചുള്ള പരാമർശം പ്രവൃത്തി 18:2-ൽ ഉണ്ട്. ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിന്റെ സഹോദരനായ യാക്കോബിനെ കല്ലെറിഞ്ഞതിനെക്കുറിച്ചു യെഹൂദപ്പഴമകളിൽ (20:9.1) ജൊസീഫസ് പരാമർശിച്ചിട്ടുണ്ട്. എ.ഡി. 90-95 ആണ് ഇതിന്റെ രചനാകാലം. ‘ഈ മനുഷ്യൻ മശീഹ ആയിരുന്നു’ എന്നിങ്ങനെ തുടങ്ങുന്ന ദീർഘഭാഗമാണത്. (18:3.3). എ.ഡി. 1-ഉം 2-ഉം നൂറ്റാണ്ടുകളിൽ റബ്ബിമാർ യേശുക്രിസ്തുവിനെക്കുറിച്ചു പുറപ്പെടുവിച്ച ചില പ്രസ്താവനകൾ തല്മൂദിലുണ്ട്. യേശു ജാലവിദ്യകൾ കാണിച്ചു, ജ്ഞാനികളെ ആക്ഷേപിച്ചു, ജനത്തെ ഇളക്കിവിടുകയും വശീകരിക്കുകയും ചെയ്തു, അഞ്ചു ശിഷ്യന്മാരെ ചേർത്തു, പെസഹയുടെ തലേനാൾ തൂക്കിലിടപ്പെട്ടു അഥവാ ക്രൂശിക്കപ്പെട്ടു എന്നീ കാര്യങ്ങളാണ് റബ്ബിമാരുടെ പ്രസ്താവനകളിൽ പൊതുവെ കാണുന്നത്. ശിഷ്യന്മാരുടെയും ശത്രുക്കളുടെയും രേഖകളിൽ നിന്നും ക്രിസ്തു ഒരു ചരിത്ര പുരുഷനായിരുന്നു എന്നതു അസന്നിഗ്ദ്ധമായി തെളിയുന്നു. എന്നാൽ 18-ാം നൂറ്റാണ്ടിന്റെ ഒടുവിലും 19, 20 നൂറ്റാണ്ടുകളിലും യേശു ചരിത്രപുരുഷനേ അല്ല എന്നു തെളിയിക്കുവാൻ പല വിഫലശ്രമങ്ങളും നടന്നിട്ടുണ്ട്. (കാണുക: ക്രിസ്തുവിന്റെ ചരിത്രപരത)

ചരിത്രപശ്ചാത്തലം: യേശുവിന്റെ ജനനകാലത്ത് പലസ്തീൻ റോമിന്റെ ഭരണത്തിൻ കീഴിലായിരുന്നു. നാടുവാഴിയായിരുന്നു ഓരോ പ്രദേശവും ഭരിച്ചിരുന്നത്. അവരിൽ പ്രസിദ്ധൻ മഹാനായ ഹെരോദാവ് ആയിരുന്നു. അദ്ദേഹം രാജ്യം തന്റെ മൂന്നു പുത്രന്മാർക്കായി വിഭജിച്ചു. അതോടുകൂടി മൂന്നു പ്രാദേശിക ഭരണകർത്താക്കൾ രംഗപ്രവേശം ചെയ്തു. ഈ മൂന്നു പേരിൽ ഗലീല, പെരെയ എന്നിവയുടെ ഇടപ്രഭുവായി ഹെരോദാവ് അന്തിപ്പാസായിരുന്നു യേശുവിന്റെ ശുശ്രൂഷാകാലത്ത് ഭരണം നടത്തിയിരുന്നത്. യെഹൂദ്യയും ശമര്യയും ഭരിച്ചിരുന്ന അർക്കെലയൊസിനെ ദുർഭരണം നിമിത്തം പത്തുവർഷം കഴിഞ്ഞപ്പോൾ സ്ഥാനഭ്രഷ്ടനാക്കി. അതിനുശേഷം ഈ പ്രദേശങ്ങൾ റോമിന്റെ നേരിട്ടുള്ള ഭരണത്തിലായി. ഇവിടെ നിയമിക്കപ്പെട്ടിരുന്ന നാടുവാഴി സിറിയയിലെ ദേശാധിപതിക്കു വിധേയനായിരുന്നു. പൊന്തിയോസ് പീലാത്തോസ് ആയിരുന്നു യേശുവിന്റെ കാലത്തു യെഹൂദ്യ ഭരിച്ചിരുന്നത്. റോമിന്റെ ഭരണം സാമന്ത രാജ്യങ്ങൾക്കു ഗുണം ചെയ്തുവെങ്കിലും അതു ജനസമ്മതി നേടിയില്ല. ചുങ്കം പിരിവുകാരെ ഭാരിച്ച നികുതി നിമിത്തം ജനം വെറുത്തിരുന്നു. യിസ്രായേൽ ജനത്തിനുണ്ടായിരുന്ന ദൈവത്തിന്റെ ജനം എന്ന പദവി റോമിന്റെ അധീശത്വം അംഗീകരിക്കുവാൻ അവരെ അനുവദിച്ചില്ല. ഇതു പല എതിർപ്പുകൾക്കും കാരണമായി . ഈ കാലത്തു യെഹൂദ മതത്തിൽ പല വിഭാഗങ്ങളുണ്ടായിരുന്നു. അവർക്കു ഈ രാഷ്ട്രീയ ചുറ്റുപാടിനോടുണ്ടായിരുന്ന പ്രതികരണം വ്യത്യസ്തമായിരുന്നു. റോമിന്റെ ഭരണകാലത്ത് യെഹൂദന്മാരുടെ നേതൃത്വം സദൂക്യർ ഫലപ്രദമായി കൈകാര്യം ചെയ്തു. ഭരണത്തോടു എതിർപ്പു കാട്ടാതെ ദൈവാലയസംബന്ധമായ കാര്യങ്ങൾ മുറപോലെ നടത്തുകയും നിലവിലിരിക്കുന്ന വ്യവസ്ഥിതിയെ തുടരാൻ അനുവദിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ചിന്താഗതി. വിപ്ലവപ്രസ്ഥാനങ്ങളെ സഹായിക്കണമെന്നു പരീശന്മാർ ആഗ്രഹിച്ചു. പക്ഷേ ന്യായപ്രമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ടു അനുദിന ജീവിതത്തിൽ ന്യായപമാണം പ്രായോഗികമാക്കുന്നതിൽ ദത്തശ്രദ്ധരായിരുന്നു അവർ. എസ്സീന്യർ സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ നിന്നൊഴിഞ്ഞുമാറി സന്യാസജീവിതത്തിൽ മുഴുകി. സ്ഥിതിവിശേഷം ഇതായിരുന്നുവെങ്കിലും റോമാ ഭരണത്തിനെതിരെ ജനകീയ പ്രസ്ഥാനങ്ങൾ ഉടലെടുത്തു. എ.ഡി. 6-ലെ സെൻസസിനു ശേഷം യൂദായുടെ കീഴിൽ ഗലീലയിലെ യെഹൂദന്മാരുണ്ടാക്കിയ വിപ്ലവം അടിച്ചമർത്തപ്പെട്ടു. ഇടയ്ക്കിടെ ഗലീലയിലുണ്ടായിരുന്ന വിപ്ലവങ്ങളാണ് എ.ഡി. 66-70-ലെ യുദ്ധത്തിനും യെരുശലേമിന്റെ നാശത്തിനും കാരണമായത്. 

യെഹൂദ്യയ്ക്ക് കുറച്ചകലെയായിരുന്നു യേശുവിന്റെ സ്വദേശമായ ഗലീല. അവിടത്തെ ജനങ്ങളിലധികവും യെഹൂദേതരരായിരുന്നു. ഭൂമിശാസ്ത്രപരമായി ഗലീലയെ യെഹൂദ്യയിൽ നിന്നും വേർതിരിക്കുന്നതു ശമര്യയാണ്. യെഹൂദന്മാർ ശമര്യരെ വെറുത്തിരുന്നു. അരാമ്യ, എബ്രായ, ഗ്രീക്കു ഭാഷകൾ സംസാരിക്കുന്നവർ പലസ്തീനിലുണ്ടായിരുന്നു. ക്രിസ്തുവിന്റെ ഭാഷ അരാമ്യ ആയിരുന്നു. യെരൂശലേമിലെ മതപ്രമാണികളുമായി ചർച്ചകൾ നടത്താൻ ഒരു ഗലീല്യൻ ഗ്രീക്കു, എബ്രായ ഭാഷകൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമായിരുന്നു. 

യേശുവിന്റെ ജനനവും ബാല്യവും: ബി.സി. 4-ൽ മഹാനായ ഹെരോദാവ് മരിക്കുന്നതിനു മുമ്പാണ് യേശു ജനിച്ചത്. ലൂക്കൊസ് 2:41,42-ൽ ഇങ്ങനെ കാണുന്നു: “അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.” ഇവിടെ, അവന്നും അമ്മയപ്പന്മാരും ആണ്ടുതോറും പോകുമെന്നല്ല. അവന്റെ അമ്മയപ്പന്മാർ പോകും എന്നാണ്. അർത്ഥാൽ ആണ്ടുതോറും യേശുവിന്റെ അമ്മയപ്പന്മാർ മാത്രം പോയി. എന്താണ് കാരണം? ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് പൈതലിനെ അവർ കൊണ്ടുപോയില്ല. യേശുവിന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിന് കൊണ്ടുപോയി. അതായത്, അർക്കെലയൊസിനെ നാടുകടത്തിയതിനു ശേഷം വരുന്ന പെസഹയ്ക്കാണ് അവർ അവനെ കൊണ്ടുപോയത്; ആ വർഷമാണ് യേശുവിന് പന്ത്രണ്ട് വയസ്സ് തികഞ്ഞത്. യേശു ദൈവപുത്രനാണെന്നും സാക്ഷാൽ മശിഹയാണെന്നും യോസേഫിനും മറിയയ്ക്കും നിശ്ചയമുണ്ട്. പിന്നെയും എന്തുകൊണ്ടാണ് ദൈവാലയത്തിൽ കൊണ്ടുപോകാൻ പന്ത്രണ്ടു വയസ്സുവരെ കാത്തിരുന്നു? അതിന്റെ ഉത്തരവും അർക്കെലയൊസെന്ന ദുഷ്ടനായ ഭരണാധികാരിയാണ്. ”സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീല പ്രദേശങ്ങളിലേക്കു മാറിപ്പോയി” (മത്താ, 2:21) എന്ന മത്തായിയുടെ പ്രസ്താവനയും, അതല്ലാതെ പന്ത്രണ്ടാം വയസ്സിന് മറ്റൊരു പ്രത്യേകതയും ദൈവവചനം കല്പിക്കുന്നില്ലയെന്ന വസ്തുതയും ചേർത്തുചിന്തിക്കുമ്പോൾ യേശുവിന്റെ കാലഗണന എളുപ്പമാകും. യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അവർക്കെലയൊസിനെ റോം തിരികെ വിളിക്കുന്നത് അതേ വർഷം ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൂട്ടി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ യേശു ജനിച്ചു. ആബീബ് അഥവാ നീസാൻമാസം 15-നാണ് പെസഹ. ബി.സി. 6-ലെ (എ.യു.സി. 748, എബ്രായ വർഷം 3755) പെസഹ ഏപ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760, എബ്രായ വർഷം 3767) പെസഹ പെരുന്നാൾ മാർച്ച് 20-നാണ്. തന്മൂലം ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനമെന്നു മനസ്സിലാക്കാം. (കാണുക: ക്രിസ്തുവിന്റെ ജനനവർഷം)

മത്തായി, ലൂക്കൊസ് സുവിശേഷങ്ങളിൽ മാത്രമേ യേശുവിന്റെ ജനനത്തെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുള്ളു. ഈ രണ്ടു സുവിശേഷങ്ങളിലും യേശുക്രിസ്തുവിന്റെ വംശാവലി രേഖപ്പെടുത്തിയിട്ടുണ്ട്. ‘അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി’ എന്ന മുഖവുരയോടു കൂടി അബ്രാഹാം മുതൽ ക്രിസ്തുവരെയുള്ള 42 തലമുറകളുടെ പേർ (മത്താ, 1:1-17) സുവിശേഷത്തിൽ ചേർത്തിട്ടുണ്ട്. ആദാം മുതൽ ദാവീദിൻ്റെ പുത്രനായ ശലോമോനിലൂടെ വളർത്തച്ഛനായ യോസേഫ് വഴി അറുപത്തിനാലാമത്തെ തലമുറയാണ് യേശുക്രിസ്തു. (1ദിന, 1-3 അ, മത്താ, 1:1-16). യേശുക്രിസ്തുവിന്റെ സ്നാനത്തെ കുറിച്ചുള്ള വിവരണത്തെത്തുടർന്നു ക്രിസ്തു മുതൽ അമ്മയായ മറിയവഴി ദൈവത്തിന്റെ മകനായ ആദാം വരെ എഴുപത്തഞ്ച് തലമുറകളെ ലുക്കൊസ് രേഖപ്പെടുത്തി. (3:23-38). ദാവീദിന്റെ സന്തതി എന്നനിലയിൽ യേശു തന്റെ ശുശ്രൂഷാകാലത്തു പ്രശസ്തനായിരുന്നു. (മർക്കൊ, 10:47). ഇതിനു അപ്പൊസ്തലിക സാക്ഷ്യവുമുണ്ട്. (റോമ, 1:5). രണ്ടു പട്ടികകളും യേശുവിനെ യോസേഫിലൂടെയും മറിയയിലൂടെയും ദാവീദിന്റെ സന്തതിയാക്കുന്നു. എന്നാൽ യോസേഫ് യേശുവിന്റെ യഥാർത്ഥ പിതാവല്ലെന്നു ഈ രണ്ടു ഭാഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 1:16; ലൂക്കൊ, 3:23). യേശു ഒരു കാലിത്തൊഴുത്തിൽ ജനിക്കുകയും ഗലീലയിലെ നസറേത്ത് എന്ന ഗ്രാമത്തിലെ ഒരു സാധാരണഗൃഹത്തിൽ വളരുകയും ചെയ്തു. യേശുവിന്റെ കാലത്തിനു മുമ്പു നസറേത്ത് എന്ന ഗ്രാമത്തെപ്പറ്റി ഒരു സാഹിത്യത്തിലും പരാമർശിച്ചിട്ടില്ല. ഒരു ഇടത്തരം ആശാരികുടുംബമായിരുന്നു യേശുവിന്റേത്. ഗ്രാമത്തിലവർ മാന്യരായിരുന്നു. എന്നാലവർ വലിയ ധനവാന്മാരായിരുന്നില്ലെന്നു സുവിശേഷങ്ങൾ വ്യക്തമാക്കുന്നു. യേശുവിന്റെ ഉപമകൾ പലപ്പോഴും ദരിദ്ര ഭവനങ്ങളെക്കുറിച്ചായിരുന്നു. (ലൂക്കൊ, 11:5-7; 15:8-10). യേശുവിന്റെ ജനനം, ബാല്യം എന്നിവയുടെ വിവരണത്തിനു ശേഷം യോസേഫിനെപ്പറ്റി പ്രസ്താവിച്ചിട്ടില്ല. ഗ്രാമത്തിൽ യേശു അറിയപ്പെട്ടതു മറിയയുടെ മകൻ എന്നാണ്. (മർക്കൊ, 6:3). യേശുവിന്റെ ചെറുപ്പകാലത്തു തന്നെ യോസേഫ് മരിച്ചിരിക്കണം. യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നീ നാലു ഇളയ സഹോദരന്മാരും സഹോദരിമാരും യേശുവിനുണ്ടായിരുന്നു. (മർക്കൊ, 6:3). യേശുവിനു നല്ല വിദ്യാഭ്യാസം ലഭിച്ചിരിക്കാനിടയില്ല. പഴയനിയമത്തിലുള്ള അറിവു സിനഗോഗ് (യെഹൂദന്മാരുടെ പള്ളി) സ്കൂളിൽ നിന്നും ലഭിച്ചിരുന്നിരിക്കണം. മതപരമായ ചർച്ചകളിൽ യേശു നിപുണനായിരുന്നുവെന്നു സുവിശേഷങ്ങളിൽ നിന്നു മനസ്സിലാക്കാം. (ലൂക്കൊ, 2:42-50). (കാണുക: യേശുവിൻ്റെ വംശാവലി)

യേശുവിൻ്റെ യൗവ്വനകാലം: അപ്പൻ (യോസേഫ്) മുമ്പേ മരിച്ചുപോയതുകൊണ്ട് മൂത്ത മകനെന്ന നിലയിൽ തൻ്റെ അമ്മയെയും സഹോദരങ്ങളെയും ജോലിചെയ്ത് പോറ്റാനുള്ള കടമ തനിക്കുണ്ട്. ആദ്യജാതൻ്റെ ധാർമ്മികമായ ഉത്തരവാദിത്വത്തിൽ നിന്ന് താൻ ഒരിക്കലും മാറി നില്ക്കില്ല. യേശുവിനെ തച്ചൻ (മർക്കൊ, 6:3) എന്നു വിളിച്ചിരിക്കുന്നതും ശ്രദ്ധിക്കുക. തൻ്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെയും കുടുംബത്തെ പോറ്റുകയെന്ന കടമ താൻ നിർവ്വഹിച്ചിരിക്കും. അപ്പോഴേക്കും സഹോദരങ്ങൾ ജോലിചെയ്യാൻ പ്രാപ്തരുമായിരിക്കും. മറ്റൊന്ന്: യേശു പരസ്യശുശ്രൂഷ ആരംഭിക്കുവാൻ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനപ്പെട്ടശേഷം “ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു.” (ലൂക്കൊ, 4:14). “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.” (ലൂക്കൊ, 4:16). ഇവിടെ ”പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു” എന്നാണ് കാണുന്നത്. അതായത്, നസറെത്തിലെ സിനഗോഗിൽ പതിവായി ന്യായപ്രമാണം വായിക്കുന്ന ‘ഹസ്സാൻ’ (Hazzan) ആയിരുന്നു യേശുവെന്ന് മനസ്സിലാക്കാം. ന്യായപ്രമാണം ശ്രുതിമധുരമായി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവരെയാണ് ഹസ്സാൻ എന്നു വിളിക്കുന്നത്. ഹസ്സാൻ ആകാനുള്ള യോഗ്യതകളെക്കുറിച്ചു യെഹൂദാ സർവ്വവിജ്ഞാനകോശത്തിൽ പറഞ്ഞിട്ടുണ്ട്: ന്യായപ്രമാണത്തെക്കുറിച്ചും ആരാധനയെക്കുറിച്ചും പ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ചും ആഴമായ അറിവും, ആലപിക്കാൻ മനോഹരമായ ഒരു ശബ്ദവുമാണ് പ്രധാനമായും വേണ്ടത്. യേശുവിന് ഈ യോഗ്യതകളെല്ലാം ഉണ്ടായിരുന്നുവെന്ന് ബൈബിൾ വ്യക്തമാക്കുന്നു. യേശു പന്ത്രണ്ടാം വയസ്സിൽ തന്നെ ദൈവാലായത്തിൽ വെച്ച് ഉപദേഷ്ടാക്കന്മാരുടെ മുമ്പിൽ ന്യായപ്രമാണത്തിലുള്ള തൻ്റെ പ്രാവീണ്യം തെളിയിക്കുകയും, അവരെ വിസ്മയിപ്പിക്കുകയും ചെയ്തതാണ്. (ലൂക്കൊ, 2:46,47). ന്യായപ്രമാണത്തിൻ്റെ വക്താക്കളെന്ന് അവകാശപ്പെട്ടിരുന്ന പരീശന്മാർപോലും യേശുവിൻ്റെ ചോദ്യത്തിനു മുമ്പിൽ പകച്ചുപോയിട്ടുണ്ട്. (മത്താ, 22:41-45). പ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ചു താൻ പഠിപ്പിക്കുകയും, രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും, രാത്രി മുഴുവനും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. “അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു” (ലൂക്കൊ, 4:22) എന്നും വായിക്കുന്നുണ്ട്. ഇതൊക്കെ, യേശു തന്നെയാണ് അക്കാലത്ത് പള്ളിയിൽ ന്യായപ്രമാണം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവുകളാണ്. അർത്ഥാൽ, യേശു ആഴ്ചയിൽ ആറുദിവസം മരപ്പണി ചെയ്ത് അമ്മയെയും സഹോദരങ്ങളെയും പോറ്റുകയും, ഏഴാംനാൾ ശബ്ബത്തിൽ ദൈവവേലയിൽ മുഴുകുകയും ചെയ്തിരുന്നു. (കാണുക: യേശുവിൻ്റെ അജ്ഞാത വർഷങ്ങൾ)

ശുശ്രൂഷാരംഭം: യേശു പരസ്യപ്രവർത്തനം ആരംഭിച്ചത് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷാകാലത്താണ്. തിബെര്യാസ് കൈസറുടെ വാഴ്ചയുടെ പതിനഞ്ചാമാണ്ടിലാണ് യോഹന്നാൻ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1-3). ഔഗുസ്തൊസ് കൈസറിനു (ബി.സി. 63–എ.ഡി. 14) ശേഷം എ.ഡി. 14-മുതൽ 37-വരെയായിരുന്നു തിബെര്യാസിൻ്റെ ഭരണകാലം. തിബെര്യാസിൻ്റെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടെന്നു പറയുമ്പോൾ എ.ഡി. 29-ൽ യോഹന്നാൻ ശുശ്രൂഷ ആരംഭിച്ചു. സ്നാപകൻ യേശുവിന്റെ ബന്ധുവായിരുന്നു. (ലൂകൊ, 1:36). യെഹൂദ്യ മരുഭൂമിയിൽ സന്യാസജീവിതം നയിച്ച അദ്ദേഹം ജനങ്ങളെ അനുതാപത്തിലേക്കു നയിച്ചു. ധാരാളം പേർ സ്നാപകനാൽ യോർദ്ദാൻ നദിയിൽ സ്നാനമേറ്റു. അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നുമാണ് ക്രിസ്തു തന്റെ ശിഷ്യന്മാരെ കണ്ടെത്തിയത്. (യോഹ, 1:35-42). താൻ പ്രവചിച്ച ന്യായാധിപതിയാണ് യേശുവെന്നു യോഹന്നാൻ സ്നാപകനു മനസ്സിലായി. (മത്താ, 3:11). എന്നാൽ അനന്തര പ്രവർത്തനങ്ങൾ സ്നാപകനിൽ സംശയമുളവാക്കി. (മത്താ, 11:2-3). പരസ്യശുശ്രൂഷ തുടങ്ങുന്നതിനു മുമ്പു യേശു സ്നാപക യോഹന്നാന്റെ കൈക്കീഴിൽ സ്നാനം ഏറ്റു. പാപക്ഷമയ്ക്കു വേണ്ടിയുള്ള മാനസാന്തര സ്നാനമാണ് സ്നാപകയോഹന്നാൻ നല്കിയത്. എന്നാൽ യേശു ഇപ്രകാരമൊരു സ്നാനത്തിനു വിധേയപ്പെട്ടതു എന്ത് എന്നതു അധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. വ്യക്തിപരമായ പാപത്തെക്കുറിച്ചുള്ള അവബോധമായിരുന്നില്ല യേശുവിനെ സ്നാനപ്പെടുവാൻ പ്രേരിപ്പിച്ചതെന്നു പുതിയനിയമ ഭാഗങ്ങളുടെ വെളിച്ചത്തിൽ (യോഹ, 8:46; എബ്രാ, 4:15; 1പത്രൊ, 2:22) മനസ്സിലാക്കാം. ജനത്തോടു സ്വയം സാത്മീകരിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. പാപികൾക്കു വേണ്ടി പാപമായി തീരുവാനും പ്രായശ്ചി യാഗമായി സ്വയം അർപ്പിക്കുവാനുമാണല്ലോ ക്രിസ്തു ജഡത്തിൽ വെളിപ്പെട്ടത്. “ഇപ്പോൾ സമ്മതിക്ക ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” (മത്താ, 3:15) എന്ന ക്രിസ്തുവിന്റെ വാക്കുകൾ അല്പം ദുർഗ്രഹമാണ്. “അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും. നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും” (യെശ, 53:11) എന്നതായിരിക്കണം ക്രിസ്തുവിന്റെ വിവക്ഷ. സ്നാനം ക്രിസ്തുവിന്റെ ഭാവിമരണത്തെ വെളിപ്പെടുത്തി. (മർക്കൊ, 1:10). പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ പ്രാവു എന്നപോലെ ഇറങ്ങിവന്നു യേശുവിന്മേൽ ആവസിച്ചു. (ലൂക്കൊ, 3:22) ഇതു വാഗ്ദത്തം ചെയ്ത വീണ്ടെടുപ്പുകാരൻ യേശുവാണെന്നു പരസ്യമായി വെളിപ്പെടുത്തി. (യെശ, 11:2; 42:1; 61:1). സ്വർഗ്ഗത്തിൽ നിന്നുണ്ടായ “ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” (മത്താ, 3:16) എന്ന ശബ്ദത്തിൽ യെശയ്യാവ് 42:1-ൻ്റെ ധ്വനി കേൾക്കാം. ദൈവം തന്റെ ജനത്തെ വീണ്ടെടുക്കുവാൻ ദാസരൂപത്തിൽ വെളിപ്പെട്ടതാണ് മശീഹ. (മത്താ, 1:21; ഫിലി, 2:7. ഒ.നോ: യെശ, 43:10-13).

സ്നാനത്തെ തുടർന്നു യേശു പരീക്ഷിക്കപ്പെട്ടു. (മത്താ, 4:1-11; ലൂക്കൊ, 4:1-13). ഈ പരീക്ഷകൾ സ്നാനസമയത്തു പ്രഘോഷിക്കപ്പെട്ട ദൈവപുത്രത്വത്തെ സംബന്ധിക്കുന്നതായിരുന്നു. നീ ദൈവപുത്രനെങ്കിൽ എന്നതായിരുന്നു വെല്ലുവിളി. യേശുവിനു ദൈവത്തോടുള്ള ബന്ധത്തെ കേന്ദ്രീകരിച്ചായിരുന്നു പരീക്ഷകൾ. യേശു നല്കിയ മറുപടികളിൽ അതു വ്യക്തമാണ്. ദൈവത്തിന്റെ കരുതലിനെ ചോദ്യം ചെയ്യുന്നതിനായിരുന്നു കല്ലുകളെ അപ്പമായി തീരുവാൻ കല്പിക്കുന്നതിനു പരീക്ഷകൻ യേശുവിനോടു പറഞ്ഞത്. ദൈവാലയത്തിൽ നിന്നു താഴേക്കു ചാടുവാൻ പിശാച് ആവശ്യപ്പെട്ടത് പുത്രനെ കാത്തുസൂക്ഷിക്കുമെന്നു തെളിയിക്കുവാൻ പിതാവിനെ നിർബന്ധിക്കുവാനാണ്. മൂന്നാമത്തെ പരീക്ഷ ഒത്തുതീർപ്പിന്റെ സ്വഭാവത്തിലുള്ളതാണ്. ദൈവത്തിലുള്ള പരിപൂർണ്ണമായ ആശയം ഉപേക്ഷിക്കുവാൻ യേശുവിനെ പ്രേരിപ്പിക്കുന്നതായിരുന്നു അത്. യേശു നല്കിയ മൂന്നു മറുപടികളും ആവർത്തന പുസ്തകത്തിൽ നിന്നുമുള്ള ഉദ്ധരണികളായിരുന്നു. (ആവ, 8:3; 6:16; 6:13). മരുഭൂമി പ്രയാണത്തിലെ അനുഭവത്തിൽ നിന്നും യിസ്രായേല്യർ ഇതു പഠിക്കണമെന്നു ദൈവം ആഗ്രഹിച്ചു. യിസ്രായേലിന്റെ സ്ഥാനത്തു നിന്നുകൊണ്ടു യിസ്രായേല്യർ പരാജയപ്പെട്ടത് യേശു നിവർത്തിച്ചു. യേശുക്രിസ്തു നേരിട്ട പരീക്ഷകൾ ഇവ മാത്രമായിരുന്നില്ല. (എബ്രാ, 4:15). അനന്തരം യേശു തന്റെ പരസ്യശുശ്രൂഷ ആരംഭിച്ചു. യോഹന്നാൻ നല്കിയതിനു സമാന്തരമായ സ്നാനശുശ്രൂഷയിൽ കേന്ദ്രീകരിച്ചു കൊണ്ടാണ് യോർദ്ദാൻ താഴ്വരയിൽ പ്രവർത്തനം തുടങ്ങിയത്. (യോഹ, 3:22; 4:1). പലരും യേശുവിനെ ഒരു രണ്ടാം സ്നാപകയോഹന്നാനായി കരുതി. യേശുവിന്റെ സാനശുശ്രുഷ യോഹന്നാൻ സ്നാപകന്റെയും യേശുവിന്റെയും ശിഷ്യന്മാർക്കു തമ്മിൽ ശതുതയ്ക്കു കാരണമായി. എന്നാൽ യോഹന്നാൻ സ്നാപകൻ അതിനെ എതിർത്തില്ല. യേശുവിന്റെ ശ്രുതി നാട്ടിൽ പരന്നു. ഹെരോദാവ് അന്തിപ്പാസ് യോഹന്നാൻ സ്നാപകനെ കാരാഗൃഹത്തിൽ അടച്ചു. ഈ ചുറ്റുപാടിൽ യേശു സ്വന്തം നാടായ ഗലീലയിലേക്കു പിൻവാങ്ങി. യേശു ചുറ്റി നടന്നു പ്രസംഗിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്തു. തുടർന്നു യേശു സ്നാനപ്പെടുത്തിയതായി നാം കേൾക്കുന്നില്ല. 

പരസ്യശുശ്രൂഷ: യേശുവിന്റെ ശുശ്രൂഷയെ അനുകൂലിച്ചവർ നല്കിയ വഴിപാടുകളും ദാനങ്ങളും കൊണ്ടാണ് യേശുവും ശിഷ്യന്മാരും ജീവിച്ചത്. (മത്താ, 10:8-11; ലൂക്കൊ, 8:3; 10:38-42). എല്ലാ ഭൗതികാവശ്യങ്ങൾക്കായും ദൈവത്തെ ആശ്രയിക്കുവാൻ യേശു പഠിപ്പിച്ചു. (മത്താ, 6:24-34). യേശുവിന്റെ ശിഷ്യനാകണമെങ്കിൽ ഒരുവൻ തന്റെ ധനമെല്ലാം ഉപേക്ഷിക്കണം (മത്താ, 10:17-22). എന്നു ക്രിസ്തു ആവശ്യപ്പെട്ടു. പണം പൊതുവായി ഉപയോഗിച്ചു. (യോഹ, 12:6; 13:29). അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പണം മാത്രമേ അവർക്കു ലഭിച്ചിരുന്നുള്ളൂ. യേശു ദാരിദ്ര്യത്തെ ദോഷമായി കണ്ടില്ല. (ലൂക്കൊ, 6:20; മർക്കൊ, 10:23-31). അവിവാഹിതനും ഭവനരഹിതനുമായ യേശുവിനു (ലൂക്കൊ, 9:58) പലസ്തീൻ മുഴുവൻ സ്വച്ഛന്ദം ചുറ്റിനടന്നു പ്രസംഗിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്യുവാൻ പ്രയാസമുണ്ടായിരുന്നില്ല. ആദ്യകാലത്തു യേശുവിനെ സിനഗോഗുകളിൽ പ്രസംഗിക്കാൻ വിളിക്കുമായിരുന്നു. (മർക്കൊ, 1:29,39; മത്താ, 9:35; ലൂക്കൊ, 4:16-27). പിന്നീടു സിനഗോഗുകളിൽ ഉപദേശിച്ചതായി കാണുന്നില്ല. അവന്റെ ഉപദേശം അസ്വീകാര്യമായി തോന്നിയിരിക്കണം. തുടർന്നു തുറസ്സായ സ്ഥലങ്ങളിൽ പുരുഷാരത്തെ പഠിപ്പിക്കുവാൻ സമയം ചെലവഴിച്ചു. 

യെഹൂദാറബ്ബിമാർക്കു ഉണ്ടായിരുന്നതുപോലെ ക്രിസ്തുവിനും ശിഷ്യന്മാർ ഉണ്ടായിരുന്നു. പുരുഷാരം വന്നു യേശുവിന്റെ പ്രസംഗം കേട്ടു മടങ്ങിപ്പോയിരുന്നു. അവർ യേശുവിനെ അനുഗമിച്ചില്ല. എന്നാൽ ശിഷ്യന്മാർ യേശുവിന്റെ കൂടെ നടക്കുകയും അവനോടൊപ്പം കഴിയുകയും ചെയ്തു. അവരിൽ നിന്നു പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞടുത്തു അപ്പൊസ്തലന്മാർ എന്നു വിളിച്ചു. “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പോസ്, ബർത്തൊലൊമായി, തോമാസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്ക്കര്യോത്താ യൂദാ.” (മത്താ, 10:2-4). ഇവരിൽ പത്രൊസും യാക്കോബും യോഹന്നാനും യേശുവിനോടു ഏറ്റവും അടുപ്പമുള്ള ഒരന്തർമ്മണ്ഡലമായി വർത്തിച്ചു. സ്വന്തം ജീവിതം പോലെ തന്നെ സ്വശിഷ്യന്മാരുടെ ജീവിതവും ആയിരിക്കണമെന്നു യേശു ആഗ്രഹിച്ചു. ജീവിതത്തിലുണ്ടാകുന്ന എല്ലാ കഷ്ടതകളും അവർ സഹിക്കണം. ഗലീലക്കാരായിരുന്നു ശിഷ്യന്മാർ അധികവും. ഈസ്ക്കര്യോത്താ യൂദാ മാത്രം ഗലീലക്കാരനല്ലായിരുന്നു. സ്വഭാവത്തിൽ പന്ത്രണ്ടുപേരും വിഭിന്നരായിരുന്നു. തോമാസ് സംശയാലുവും, പത്രാസ് എടുത്തുചാടി പ്രവർത്തിക്കുന്നവനും, മത്തായി ചുങ്കക്കാരനും, ശിമോൻ എരിവുകാരനും ആയിരുന്നു. എല്ലാവരും വെറുക്കുന്ന ആൾക്കാരുമായി യേശു സൗഹാർദ്ദബന്ധം പുലർത്തി. ചുങ്കക്കാരോടും പാപികളോടും യേശുവിനുണ്ടായിരുന്ന ആഭിമുഖ്യം യെഹൂദന്മാരുടെ ശത്രുതയ്ക്കു കാരണമായി. ശുശ്രൂഷയുമായി ബന്ധപ്പെട്ടാണ് യേശു ഇവരോടു സഹകരിച്ചത്. (മർക്കൊ, 2:17; ലൂക്കൊ, 16:1-2). സ്വഭാവ ശുദ്ധിയില്ലാത്ത സ്ത്രീകളുമായി യേശു സംസാരിച്ചിരുന്നു. (ലൂക്കൊ, 7:36-50; യോഹ, 4:7). യെഹൂദന്മാരുടെ പരമ്പരാഗത ശത്രുക്കളായിരുന്ന ശമര്യരും യേശുവിനെ സ്നേഹിച്ചിരുന്നു. (യോഹ, 4:39-42; ലൂക്കൊ, 17:11-19). നല്ല ശമര്യക്കാരന്റെ ഉപമ (ലൂക്കൊ, 10:29-37) യെഹൂദന്മാരോടുള്ള ഒരു വെല്ലുവിളിയായിരുന്നു. യെഹൂദേതരരെ താണവരായി ക്രിസ്തു കണ്ടില്ല. (മത്താ, 8:11-12; ലൂക്കൊ, 4:25-27). ശിഷ്യന്മാരിലധികം പേരും മുക്കുവരായിരുന്നു. സ്വന്തമായി പടകുകളും വലകളും ഉണ്ടായിരുന്ന ഇവർ കൂലിക്കാരെ ഏർപ്പെടുത്തിയിരുന്നു. (മർക്കൊ, 1:20). യേശുവിന്റെ ഭാഷണങ്ങളിൽ അധികവും പാവപ്പെട്ടവരെ ആഴമായി സ്വാധീനിച്ചു. നിക്കോദേമൊസ്, അരിമഥ്യയിലെ യോസേഫ് (യോഹ, 19:38-42) എന്നിവരെപ്പോലെ സമ്പന്നരും സാമൂഹിക നിലയിൽ ഉയർന്നവരും യേശുവിന്റെ അനുയായികളായി ഉണ്ടായിരുന്നു. സമ്പത്തും ദാരിദ്ര്യവും യേശു ഗണ്യമാക്കിയില്ല. ദരിദ്രരോടുള്ള അവഗണന കർത്താവു കർശനമായി തടഞ്ഞു. (ലൂക്കൊ, 16:19). തന്റെ അടുക്കൽ വന്നവരുടെ ആത്മികവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറ്റുവാൻ യേശു സദാ സന്നദ്ധനായിരുന്നു. 

ശാസ്ത്രിമാരോടും പരീശന്മാരോടും യേശു വാദപ്രതിവാദത്തിൽ ഏർപ്പെട്ടിരുന്നു. സാധാരണ നിലയ്ക്കുള്ള ശാസ്ത്രിമാരുടെ വിദ്യാഭ്യാസം യേശുവിനു ലഭിച്ചിരുന്നില്ല. “വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതെങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു.” (യോഹ, 7:15). യേശുവിന്റെ ഉപദേശരീതി കണ്ടിട്ടു ആളുകൾ അവനെ റബ്ബി എന്നു വിളിച്ചു. യേശുവിന്റെ ഉപദേശം പല കാര്യങ്ങളിലും യാഥാസ്ഥിതികരായ റബ്ബിമാരുടെ പഠിപ്പിക്കലിനു നിരക്കാത്തതായിരുന്നു. ഇതു അവരുടെ ശത്രുതയ്ക്കു കാരണമായി. പഴയനിയമ ന്യായപ്രമാണം വ്യാഖ്യാനിക്കുന്നതിന്റെ അധികാരമായിരുന്നു പ്രധാന പ്രശ്നം. ദൈനംദിന ജീവിതത്തിൽ ന്യായപ്രമാണത്തിന്റെ പ്രയുക്തിയെ സംബന്ധിക്കുന്ന വാചികമായ പഠിപ്പിക്കൽ ശാത്രിമാരുടെ പാരമ്പര്യത്തിനു രൂപം നല്കി. ഈ പാരമ്പര്യത്തെയും അധികാരമുള്ളതായി അവർ കണക്കാക്കി. വാദഗ്രസ്തമായ വിഷയങ്ങളിൽ മുമ്പുള്ള ഉപദേഷ്ടാക്കളുടെ പഠിപ്പിക്കലിനെ സ്വീകരിച്ചിരുന്നു. എന്നാൽ പഴയ നിയമത്തിൽ കാണാത്ത പാരമ്പര്യങ്ങളെ യേശു അംഗീകരിച്ചില്ല. യേശു അധികാരപൂർവ്വമാണ് പഠിപ്പിച്ചത്. “നിങ്ങൾ കേട്ടിട്ടുണ്ടല്ലോ … എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു” (മത്താ, 5:21) എന്നിങ്ങനെ അധികാര പൂർവ്വമായയിരുന്നു യേശു ഉപദേശിച്ചത്. ശാസ്ത്രിമാരുടെ പാരമ്പര്യത്തിൽ ശബ്ബത്തിനെക്കുറിച്ചു വിശദമായ നിയമങ്ങൾ നല്കിയിട്ടുണ്ട്. എന്നാൽ അവയെ നിരാകരിച്ചുകൊണ്ട് ശബ്ബത്തിനെക്കുറിച്ചുള്ള മൗലികമായ ഉപദേശം നല്കുകയും അതു എങ്ങനെ ആചരിക്കണമെന്നു തീരുമാനിക്കേണ്ട സ്വന്ത അവകാശത്തെ യേശു ഊന്നിപ്പറയുകയും ചെയ്തു. 

ഗിരിപ്രഭാഷണത്തിൽ ന്യായപ്രമാണത്തോടുള്ള യേശുവിന്റെ വിപ്ലവകരമായ സമീപനം വ്യക്തമാക്കുന്ന ആറു പ്രതിവാദങ്ങളുണ്ട്. ആക്ഷരികമായ നിയമത്തെ അതിലംഘിച്ചു പ്രവൃത്തിക്കു ഹേതുഭൂതമായ ചിന്തയിലേക്കു കടന്നു ചെല്ലുന്നവയാണവ. (മത്താ, 5:38). നിയമപ്രശ്നങ്ങളുടെ നേർക്കുള്ള യേശുവിന്റെ ഈ മനോഭാവം ശാസ്ത്രിമാരുടെ വ്യവസ്ഥകൾക്കു അപകടകരമായി തീർന്നു. യേശുവിന്റെ വീക്ഷണങ്ങൾക്കു പൊതുജനങ്ങൾക്കിടയിൽ കിട്ടിയ അംഗീകാരം മതാധികാരികളെ അമ്പരപ്പിച്ചു. യേശുവിനെ കൊല്ലുവാനവർ ആഗ്രഹിച്ചു. യേശു തന്റെ കാലത്തു അറിയപ്പെട്ടത് ഒരു അത്ഭുത പ്രവർത്തകനായിട്ടാണ്. ക്രൈസ്തവവും അക്രൈസ്തവവുമായ രേഖകൾ ഈ ധാരണയെ ശരിവയ്ക്കുന്നു. യേശു ചെയ്ത അത്ഭുതങ്ങളിൽ അധികവും രോഗസൗഖ്യമാണ്. യേശുവിന്റെ സൗഖ്യശുശ്രൂഷയിലെ പ്രത്യേകത പലപ്പോഴും അനേകം പേർക്കു ഒരുമിച്ചു സൗഖ്യം നല്കിയതാണ്. (മർക്കൊ, 1:32-34; 3:7-12; 6:55; ലൂക്കൊ, 7:21). രോഗം സൗഖ്യമാക്കുന്നതോടൊപ്പം ഭൂതങ്ങളെയും പുറത്താക്കി. ശിഷ്യന്മാരോടും ഇവയൊക്കെയും തന്റെ നാമത്തിൽ ചെയ്യുവാൻ യേശു കല്പ്പിച്ചു. (മർക്കൊ, 6:11; മത്താ, 10:8). യേശു സൗഖ്യം നല്കിയ രോഗികളിൽ പക്ഷവാതക്കാർ, കുരുടർ, കുഷ്ഠരോഗികൾ, ചെകിടർ തുടങ്ങിയവർ ഉണ്ടായിരുന്നു. മരിച്ച മൂന്നുപേർക്കു പുനർജ്ജീവൻ നല്കിയതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും ഒരു വാക്കുകൊണ്ടു കല്പിച്ചാണ് ഭൂതങ്ങളെ പുറത്താക്കിയത്. (മത്താ, 8:8,16). ചുറ്റുപാടുകളുടെ സമ്മർദ്ദം മൂലമാണു യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത്. ഏതെങ്കിലും ഞെരുക്കം ഉണ്ടാകുമ്പോൾ ആവശ്യം സാധിക്കുന്നതിനായി യേശു അത്ഭുതം പ്രവർത്തിച്ചു. അങ്ങനെചെയ്ത അത്ഭുതങ്ങളിൽ പെടുന്നവയാണ് വിശന്ന പുരുഷാരത്തെ ഭക്ഷണം കൊണ്ടു പോഷിപ്പിച്ചതും, കാനാവിലെ കല്യാണത്തിൽ പച്ചവെള്ളം വീഞ്ഞാക്കിയതും, അത്ഭുതകരമായ മീൻപിടിത്തവും; കൊടുങ്കാറ്റിനെ ശമിപ്പിച്ചതും എല്ലാം. തന്റെ ആളത്തത്തെ തെളിയിക്കുവാൻ വേണ്ടി ആയിരുന്നില്ല ഈ അത്ഭുത പ്രവൃത്തികൾ. എന്നാൽ വെള്ളത്തിന്മേൽ നടന്നതും അത്തിവൃക്ഷത്തെ ഉണക്കിയതും തന്റെ ആളത്തത്തെയും ദൗത്യത്തെയും വെളിപ്പെടുത്തുവാനായിരുന്നു. 

രാഷ്ട്രീയമായി ജനങ്ങളെ വശീകരിക്കുന്നു എന്നതായിരുന്നു യേശുവിന്മേൽ ആരോപിക്കപ്പെട്ട കുറ്റം. (ലൂക്കൊ, 23:2). യെഹൂദന്മാരുടെ രാജാവാണ് താൻ എന്നു യേശു അവകാശവാദം പുറപ്പെടുവിച്ചു എന്നതായിരുന്നു യെഹൂദന്മാർ യേശുവിനെതിരെ ഉന്നയിച്ച ഏറ്റവും വലിയ ആരോപണം. യേശുവിന്റെ ഭാഷണങ്ങളിലൊന്നും ഈ സ്ഥാനപ്പേര് ഉപയോഗിച്ചിട്ടില്ല. എന്നാൽ യേശു ദൈവരാജ്യത്തെക്കുറിച്ചും അതാണ് തന്റെ ദൗത്യം എന്നും വ്യക്തമാക്കി. ഗലീലയിൽ തന്റെ വാക്കുകൾ ദേശീയമായി വ്യാഖ്യാനിക്കപ്പെട്ടു. റോമിനെതിരെ യേശു വിപ്ലവം നയിക്കും എന്നുള്ള പ്രതീക്ഷ തുടക്കത്തിൽ ജനത്തിനുണ്ടായിരുന്നു. അതിനാലാണവർ യേശുവിന്റെ പിന്നാലെ കൂടിയത്. ഈ ജനം യേശുവിനെ രാജാവാക്കുവാനും ഒരു വിഫലശ്രമം നടത്തി. (യോഹ, 6:14). ഈ സംഭവത്തിനു ശേഷം ജനപിന്തുണ സാരമായി കുറഞ്ഞതുപോലെ തോന്നുന്നു. പിന്നെ അധികസമയവും യേശു തന്റെ പ്രേഷിത പ്രവൃത്തിയെക്കുറിച്ചു ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. 

യേശുവിന്റെ ശുശ്രൂഷയുടെ പ്രത്യേകത അധികാരമാണ്. യേശുക്രിസ്തു അധികാരമുള്ളവനായി ഉപദേശിക്കുകകൊണ്ട് അവന്റെ ഉപദേശത്തിൽ ജനം വിസ്മയിച്ചു. (മർക്കൊ, 1:22). തന്റെ അത്ഭുതപ്രവൃത്തികളിലും ഈ അധികാര പ്രകടനം വ്യക്തമായിരുന്നു. (മർക്കൊ, 1:27; മത്താ, 9:8). വിജാതീയ ശതാധിപനെ സ്വാധീനിച്ചതും യേശുവിന്റെ അധികാരമായിരുന്നു. (മത്താ, 8:8). അധികാരത്തോടുകൂടെ യേശു ദൈവാലയ പ്രാകാരത്തിലുള്ള കച്ചവടക്കാരെ അടിച്ചു പുറത്താക്കി. (മർക്കൊ, 11:15-17). ദൈവത്തിൽ നിന്നാണ് യേശു അധികാരം പ്രാപിച്ചത്. പുനരുത്ഥാന ശേഷം യേശു തന്റെ സാർവ്വത്രികമായ അധികാരം പരസ്യമായി പ്രഖ്യാപിച്ചു. (മത്താ, 28:18).

ശുശ്രൂഷയുടെ അവസാനം മരണത്തെ മുന്നിൽ കണ്ടുകൊണ്ടു ഒടുവിലായി യേശു യെരുശലേമിലേക്കു പോയി. അതു പെസഹാപ്പെരുന്നാളിന്റെ കാലമായിരുന്നു. പെസഹയ്ക്കു യെരൂശലേം തീർത്ഥാടകരെ കൊണ്ടു നിറഞ്ഞിരിക്കും. വളരെ നാടകീയമായാണ് യേശു യെരൂശലേമിൽ എത്തിയത്. കഴുതപ്പുറത്തു യേശു യെരൂശലേമിലേക്കു വന്നപ്പോൾ ശിഷ്യന്മാരും തീർത്ഥാടകരും ഹോശന്ന വിളിച്ചു യേശുവിനെ അനുഗമിച്ചു. (മർക്കൊ, 11:1-10). രാജാവ് കഴുതപ്പുറത്തു യെരൂശലേമിൽ വരുമെന്നുള്ള പ്രവചനം നിറവേറി. “സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേം പുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്ചയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറി വരുന്നു.” (സെഖ, 9:9). യെരൂശലേമിൽ പ്രവേശിച്ച യേശു ദൈവാലയത്തിൽ കടന്നു. അവിടെ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു. (മർക്കൊ, 11:15-18). അങ്ങനെ ദൈവാലയം ശുദ്ധമാക്കുകയും താൻ മശീഹയാണെന്നു തെളിയിക്കുകയും ചെയ്തു. 

ഒടുവിലത്തെ ആഴ്ചയിൽ മതാധിപന്മാരുമായി യേശു വാഗ്വാദങ്ങൾ നടത്തി. യേശുവിന്റെ അധികാരം (മർക്കൊ, 11:27-33), കരം കൊടുക്കുന്നതിനോടുള്ള മനോഭാവം (മർക്കൊ, 12:13-17), മരിച്ചവരുടെ ഉയിർത്തെഴുന്നേല്പ് (മർക്കൊ, 12:18-27), മുഖ്യകല്പന (മർക്കൊ, 12:28-34), ദാവീദിന്റെ പുത്രനെന്ന നിലയിൽ മശീഹയുടെ പദവി (മർക്കൊ, 12:35-37) ഇവ വാദപ്രതിവാദത്തിൽ ഉൾപ്പെട്ട പ്രധാന വിഷയങ്ങളായിരുന്നു. വാദപ്രതിവാദങ്ങൾ പരസ്യമായിട്ടായിരുന്നു. യേശുവിനെ വാക്കിൽ കുടുക്കുകയായിരുന്നു പരീശന്മാരുടെയും മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും ലക്ഷ്യം. ബൗദ്ധികമായി യേശു എല്ലാറ്റിനും ഉത്തരം നല്കി. മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ പറഞ്ഞു. (മർക്കൊ, 12:1-12). ഈ ഉപമയിലൂടെ യേശു യിസ്രായേലിലെ നേതൃത്വത്തെ കുറ്റപ്പെടുത്തുകയും നിരസിക്കുകയും ചെയ്തു. യെരൂശലേമിനും, യെരൂശലേം ദൈവാലയത്തിനും വരുന്ന നാശത്തെപ്പറ്റി യേശു പ്രവചിച്ചു. (മർക്കൊ, 13:1-37) 

അന്ത്യഅത്താഴം മുൻകൂട്ടി ക്രമീകരിച്ചിരുന്നു. (മർക്കൊ, 14:13-16). ഔദ്യോഗികമായി പെസഹ ആചരിക്കുന്നതിനു ഒരു ദിവസം മുമ്പിലായിരുന്നെങ്കിലും അതു പെസഹാ ഭോജനമായിരുന്നു. ഈ അത്താഴത്തിൽ വച്ചു തന്റെ ശിഷ്യന്മാർക്കു യേശു ഒടുവിലായി ചില കാതലായ ഉപദേശങ്ങൾ നല്കി. പെട്ടെന്നുള്ള തന്റെ വേർപാടിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. മാത്രവുമല്ല, ശിഷ്യന്മാരിൽ ഒരാൾ തന്നെ ഒറ്റിക്കൊടുക്കുമെന്നും യേശു വെളിപ്പെടുത്തി. യേശു അപ്പവും പാനപാത്രവും വാഴ്ത്തി ശിഷ്യന്മാർക്കു കൊടുത്തു. അതിലൂടെ പെസഹയുടെ പുതിയ അർത്ഥം അവർക്കു വ്യാഖ്യാനിച്ചു കൊടുക്കുകയും സഭ ആചരിക്കേണ്ട കർത്തൃമേശ ഏർപ്പെടുത്തുകയും ചെയ്തു. 

ബന്ധനവും വിസ്താരവും: ഒലിവുമലയുടെ പടിഞ്ഞാറെ ചരിവിലുള്ള ഗെത്ത്ശെമന തോട്ടത്തിൽ യേശു ശിഷ്യന്മാരുമായി വന്നു. അവിടെവച്ച് യേശുവിനെ ബന്ധിച്ചു. ആയിരക്കണക്കിനു തീർത്ഥാടകർ ഈ താഴ്വരയിൽ താവളമടിച്ചിരുന്നു. അവരുടെയിടയിൽ യേശുവിനെ തിരിച്ചറിയുവാൻ അധികാരികളെ സഹായിച്ചത് സ്വഞ്ചം ശിഷ്യനായ യൂദാ ആയിരുന്നു. മുപ്പതു വെള്ളിക്കാശിനു വേണ്ടി ഒരു ചുംബനത്താൽ യൂദാ യേശുവിനെ ഒറ്റിക്കൊടുത്തു. യേശു ബന്ധനത്തെ ഒഴിഞ്ഞു മാറുകയോ എതിർക്കുകയോ ചെയ്തില്ല. പിതാവിന്റെ ഹിതമാകയാൽ സ്വയം കീഴടങ്ങിക്കൊടുത്തു. ആ സമയം ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ടുപോയി. 

യേശുവിനെ ബന്ധിച്ചശേഷം അവർ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. (മർക്കൊ, 14:53). രണ്ടുവിധത്തിലുള്ള വിസ്താരങ്ങൾക്കു യേശുക്രിസ്തു വിധേയനായി: മതപരവും നിയമപരവും. ഈ രണ്ടു വിസ്താരങ്ങൾക്കും മൂന്നും നാലും രംഗങ്ങൾ വീതമുണ്ടായിരുന്നു. മതപരമായ വിചാരണ ഒന്നാമത് ഹന്നാവിന്റെയും രണ്ടാമതു കയ്യഫാവിന്റെയും മൂന്നാമതു സന്നദ്രീം സംഘത്തിന്റെയും മുമ്പിലായിരുന്നു. നിയമപരമായ വിചാരണ നടന്നത് പീലാത്തോസിന്റെയും ഹെരോദാവ് അന്തിപ്പാസിന്റെയും മുമ്പിൽ ഓരോ വിചാരണയ്ക്കു ശേഷം പീലാത്തോസ് പിന്നെയും രണ്ടുപ്രാവശ്യം വിസ്തരിച്ചു. 

യേശുവിന്റെ ഒന്നാമത്തെ ന്യായവിസ്താരം ഹന്നാവിന്റെ മുമ്പിലായിരുന്നു. (യോഹ, 18:13,14). ഹന്നാവിന്റെ മരുമകനായിരുന്നു അക്കാലത്തെ മഹാപുരോഹിതനായ കയ്യഫാവ്. യെഹൂദന്മാർ നിയമാനുസൃത മഹാപുരോഹിതനായി കണക്കാക്കിയിരുന്നതു ഹന്നാവിനെ ആയിരുന്നിരിക്കണം. ഹന്നാവിന്റെ അരമനയിൽ വച്ചു നടന്ന വിസ്താരത്തിൽ (യോഹ, 18:12-23) പറയാവുന്ന ഫലമൊന്നുമുണ്ടായില്ല. തുടർന്നു രാത്രി കയ്യഫാവിന്റെയും പ്രഭാതത്തിൽ സന്നദ്രീം സംഘത്തിന്റെയും മുമ്പാകെ യേശുവിനെ വിസ്തരിച്ചു. യേശുവിന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചുകൊണ്ടാണ് കയ്യഫാവ് വിസ്താരം തുടങ്ങിയത്. താൻ രഹസ്യമായിട്ടല്ല പരസ്യമായിട്ടാണ് ലോകത്തോടു സംസാരിച്ചതെന്നും താൻ സംസാരിച്ചതെന്തെന്നു കേട്ടവരോടു ചോദിക്കണമെന്നും യേശു മറുപടി പറഞ്ഞു. (യോഹ, 18:20,21). മഹാപുരോഹിതനു യേശു നല്കിയ മറുപടിയിൽ കുപിതനായ ഒരു പടയാളി യേശുവിന്റെ കന്നത്തടിച്ചു. അനേകം സാക്ഷികളെ ഹാജരാക്കിയെങ്കിലും ഒന്നും ഒത്തുവന്നില്ല. സാക്ഷികളുടെ മൊഴി ഫലിക്കാതെ വന്നപ്പോൾ യേശുവിനെ വാക്കിൽ കുടുക്കുന്നതിനു മഹാപുരോഹിതൻ ശ്രമിച്ചു. ‘നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ’ എന്നു മഹാപുരോഹിതൻ ചോദിച്ചു. ‘ഞാൻ ആകുന്നു’ എന്നു യേശു മറുപടി പറഞ്ഞു. (മർക്കൊ, 14:62). യേശു മനുഷ്യപുത്രൻ എന്ന സ്ഥാനപ്പേര് ഉപയോഗിച്ചതും സങ്കീർത്തനം 110:1-ഉം ദാനീയേൽ 7:13-ഉം പരാമർശിച്ചതും താൻ മശീഹയാണെന്ന അവകാശവാദത്തിനു തുല്യമാണ്. പരസ്യമായ ദൈവദൂഷണമായി കയ്യഫാവ് ഇതിനെ മനസ്സിലാക്കി. മരണയോഗ്യനെന്ന വിധിയുടെ മുഖവുരയായിരുന്നു മഹാപുരോഹിതൻ തന്റെ വസ്ത്രം കീറിയ പ്രതീകാത്മകമായ പ്രവൃത്തി. മരണയോഗ്യനെന്നു വിധിച്ചശേഷം അവർ യേശുവിനെ നിന്ദിച്ചു. (മർക്കൊ, 14:63-65). 

യേശുവിന്റെ വിസ്താരം പൂർത്തിയായി. പിറ്റേദിവസം പ്രഭാതത്തിൽ ന്യായാധിപസംഘം (സന്നദ്രീം) കുടി മരണശിക്ഷ സ്ഥിരീകരിച്ചു. ഈ കാലത്തു റോം നിയമിച്ചിരുന്ന നാടുവാഴിക്കു മാത്രമേ മരണശിക്ഷ നല്കുവാൻ അധികാരമുണ്ടായിരുന്നുള്ളൂ. അതിനാൽ അവർ യേശുവിനെ വിധിക്കുവാനായി പീലാത്തോസിന്റെ ആസ്ഥആനത്തു കൊണ്ടുവന്നു. (യോഹ, 18:31). ഇവിടെ മരണത്തിനേല്പിക്കുക എന്ന ഗ്രീക്കു ക്രിയാരൂപത്തിൽ (അപൊകറ്റൈനായി) ക്രൂശിച്ചു കൊല്ലുന്നതിന്റെ നിഗൂഢ പരാമർശമുണ്ടെന്നു കരുതപ്പെടുന്നു. ന്യായപ്രമാണം അനുസരിച്ചു ദൈവദൂഷണത്തിനു നല്കിയിരുന്ന വധശിക്ഷ കല്ലെറിഞ്ഞായിരുന്നു. ക്രൂശീകരണത്തിലൂടെ മരണശിക്ഷ നടപ്പിലാക്കുവാൻ തങ്ങൾക്കു അധികാരമില്ലെന്നായിരുന്നു യെഹൂദന്മാർ ചൂണ്ടിക്കാണിച്ചത്. താൻ മരിക്കുന്ന വിധം യേശു സൂചിപ്പിച്ചതു ഇങ്ങനെ നിവൃത്തിയായി. (യോഹ, 3:14; 8:28; 18:32). ദൈവികനിർണ്ണയം നിറവേറി. റോമൻ നിയമമനുസരിച്ചു അംഗീകാര്യമായ ഒരു കുറ്റമല്ല ദൈവദൂഷണം. തന്മൂലം താൻ യെഹൂദന്മാരുടെ രാജാവെന്നു പറഞ്ഞു. ജനത്തെ ഇളക്കിവിടുന്നു എന്ന കുറ്റമാണ് യേശുവിന്മേൽ ആരോപിച്ചത്. യേശുവിനെ വിസ്തരിക്കുവാൻ പീലാത്തോസിനു മനസ്സുണ്ടായിരുന്നില്ല. കുറ്റാരോപണം വ്യാജമായിരുന്നു എന്നും രാഷ്ട്രീയമായ വിപ്ലവം യേശുവിന്റെ ലക്ഷ്യം ആയിരുന്നില്ലെന്നും പീലാത്തോസിനു നല്ലവണ്ണം അറിയാമായിരുന്നു. യേശുവിനെ മരണശിക്ഷയ്ക്ക് വിധിക്കുന്നതിൽ നിന്നു ഒഴിഞ്ഞുമാറാൻ മുന്നു വ്യത്യസ്ത മാർഗ്ഗങ്ങൾ പീലാത്തോസ് സ്വീകരിച്ചു. 1. ഈ ചുമതല ഹെരോദാവിനു നല്കുവാൻ അദ്ദേഹം ശ്രമിച്ചു. (ലൂക്കൊ, 23:7). 2. യേശുവിനെ അടിപ്പിച്ചു വിട്ടയയ്ക്കാമെന്നു പറഞ്ഞു. (ലൂക്കൊ, 23:16). 3. പെസഹയ്ക്ക് ഒരു തടവുപുള്ളിയെ വിട്ടുകൊടുക്കുക പതിവുണ്ടായിരുന്നു. അതനുസരിച്ചു യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തൊസ് ശ്രമിച്ചു. (മർക്കൊ, 15:6; യോഹ, 18:39). എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ബറബ്ബാസിനെ വിട്ടയയ്ക്ക എന്നു ജനം ആർത്തു വിളിച്ചു. യേശു നിരപരാധിയാണെന്നു പീലാത്തോസ് വീണ്ടും വീണ്ടും പറഞ്ഞു. എന്നാൽ ജനത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി പീലാത്തൊസ് യേശുവിനെ ക്രൂശിക്കുവാനേല്പിച്ചു. (മർക്കൊ, 15:15). രാജാധികാരത്തിനെതിരെ വിപ്ലവം നടത്തുന്നവരെയും കുറ്റം ചെയ്യുന്ന അടിമയെയും ആണ് ക്രൂശുമരണത്തിനു വിധിക്കുന്നത്. യേശുവിനെ ചമ്മട്ടികൊണ്ടു അടിക്കുകയും പരിഹസിക്കുകയും ചെയ്തു. ക്രൂശിൽ വച്ചുപോലും തന്നെ ഉപദ്രവിച്ചവർക്കു വേണ്ടി യേശു പ്രാർത്ഥിക്കുകയും മറ്റുള്ളവർക്കുവേണ്ടിയുള്ള തന്റെ കരുതൽ പ്രകടമാക്കുകയും ചെയ്തു. ക്രൂശിൽ നിന്നുള്ള ഏഴു മൊഴികളും ഇതു വ്യക്തമാക്കുന്നു. 

യേശുവിൻ്റെ മരണം: യേശു ഒരുദിവസം മുമ്പേയായിരുന്നു പെസഹ ഭക്ഷിച്ചത്. അന്നു രാത്രി അഥവാ, പെസഹയുടെ തലേദിവസം അധികാരികൾ യേശുവിനെ പിടിച്ചു. ആ രാത്രിതന്നെ ഹന്നാവും കയ്യഫാവും യേശുവിനെ വിസ്തരിച്ചു. നേരം വെളുത്തപ്പോൾ ന്യായാധിപസംഘവും ക്രിസ്തുവിനെ വിസ്തരിച്ചു. (ലൂക്കൊ, 22:66). മതപരമായ ഈ വിസ്താരത്തിനു ശേഷമാണ് പീലാത്തോസിൻ്റെ നിയമപരമായ വിസ്താരം നടക്കുന്നത്. പെസഹയുടെ അന്നാണ് യേശുവിനെ കെട്ടപ്പെട്ടവനായി പീലാത്തോസിൻ്റെ ആസ്ഥാനത്തേക്ക് കൊണ്ടുപോയത്. (യോഹ, 18:28). പീലാത്തൊസ് വിസ്തരിക്കുന്നത് ഒരുക്കനാൾ അഥവാ, ശബ്ബത്തിൻ്റെ (ശനി) തലേദിവസം വെള്ളിയാഴ്ച ആയിരുന്നു. (യോഹ, 19;14). അന്നു മൂന്നാംമണി നേരമായപ്പോൾ (രാവിലെ 9 മണി) യേശുവിനെ ക്രൂശിച്ചു. (മർക്കൊ, 15;25). ആറാംമണി (ഉച്ചയ്ക്ക് 12മണി) നേരംമുതൽ ഒമ്പതാംമണി (ഉച്ചതിരിഞ്ഞ് 3മണി) നേരംവരെ ദേശത്തെല്ലാം ഇരുട്ടുണ്ടായി. (മത്താ, 27:45; മർക്കൊ, 15:33; ലൂക്കൊ, 23:44). ഒമ്പതാംമണി (ഉച്ചതിരിഞ്ഞ് 3മണി) നേരത്തു യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. (മത്താ, 27:50; മർക്കൊ, 15:37; ലൂക്കൊ, 23:46). ക്രൂശിക്കപ്പെടുന്നവർ സാധാരണ നിലയിൽ അന്നുതന്നെ മരിക്കാറില്ല. എന്നാൽ യേശു പെട്ടെന്നു മരിച്ചു. ഗെത്ത്ശെമന മുതൽ ഗൊൽഗോഥാ വരെയുള്ള അവർണ്ണനീയമായ നിന്ദകളും പീഡകളുമാകാം യേശുവിൻ്റെ മരണം ത്വരിതപ്പെടുത്തിയത്. അല്ലെങ്കിൽ യേശു സ്വന്തം ഇച്ഛാശക്തികൊണ്ടു മരണത്തിന് ഏല്പിച്ചതാകാം. സാധാരണ ക്രൂശിക്കപ്പെട്ട ശരീരങ്ങൾ സംസ്കരിക്കപ്പെടാറില്ല. പക്ഷെ, അന്ന് ഒരുക്കനാളും ശബ്ബത്തു വലിയതും ആകകൊണ്ട് ശരീരങ്ങൾ ക്രൂശിൽ കിടക്കാൻ പാടില്ല. (യോഹ, 19:31). അരിമത്ഥ്യയിലെ യോസേഫും നിക്കൊദേമൊസും ചേർന്ന് യേശുവിൻ്റെ ശരീരം ക്രൂശിൽ നിന്നിറക്കി യോസേഫിൻ്റെ സ്വന്തം കല്ലറയിൽ സംസ്ക്കരിച്ചു. (മത്താ, 27:57-60; മർക്കൊ, 15:42-46; ലൂക്കൊ, 23:50-53; യോഹ, 19:38-42). ഒരുക്കനാളിൻ്റെ പിറ്റേദിവസം അഥവാ, ശബ്ബത്തുനാളായ ശനിയാഴ്ചയാണ് മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിൻ്റെ അടുക്കൽ ചെന്ന് യേശുവിൻ്റെ കല്ലറ ഉറപ്പാക്കി കാവൽക്കൂട്ടത്തെ നിർത്തുവാൻ കല്പന വാങ്ങിയത്. (മത്താ, 27:62-66).

യേശു ക്രൂശിക്കപ്പെടുന്നതും മരിക്കുന്നതും അടക്കപ്പെടുന്നതും ഒരു പെസഹാദിവസം വെള്ളിയാഴ്ച ആണെന്നു ബൈബിൾ വ്യക്തമാക്കുന്നു. അത് തിബെര്യാസ് കൈസർ റോമൻ ചക്രവർത്തിയും (എ.ഡി. 14-37), പീലാത്തോസ് റോമൻ ഗവർണറും (26-36), കയ്യഫാവ് മഹാപുരോഹിതനും (18-36), ഹെരോദാവ് അന്തിപ്പാസ് ഗലീലയുടെ ഇടപ്രഭുവും (ബി.സി. 4- എ.ഡി. 39) ആയിരിക്കുമ്പോഴാണ് യേശുവിൻ്റെ ശുശ്രൂഷയും മരണവുമെന്ന് ചരിത്രത്തിലും വിശേഷാൽ ബൈബിളിലും തെളിവുണ്ട്. (Tacitus, Annals, XV.44; Josephus, Antiquities of the Jews, XVIII.2.2, XVII.8.1; Luke 3:1-2). യെഹൂദൻ്റെ പരമ്പരാഗത കലണ്ടർ പ്രകാരം എ.ഡി. 26-മുതൽ 36-വരെ പെസഹ വെള്ളിയാഴ്ച വന്നിരിക്കുന്നത് എ.ഡി. 30 ഏപ്രിൽ 7-നും, 33 ഏപ്രിൽ 3-നും മാത്രമാണ്. തിബെര്യാസ് കൈസറുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ (ലൂക്കൊ, 3:1) അഥവാ, എ.ഡി. 29-ലാണ് യേശു തൻ്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നത്. യോഹന്നാൻ്റെ സുവിശേഷത്തിൽ നാല് പെസഹയെക്കുറിച്ചുള്ള സൂചനയുണ്ട്. (പെസഹ: യോഹ, 2:23; 5:1; 6:4; 12:1). അതായത്, മൂന്നര വർഷമായിരുന്നു യേശുവിൻ്റെ ശുശ്രൂഷയെന്നു മനസ്സിലാക്കാം. എ.ഡി. 29-ൽ ശുശ്രൂഷ ആരംഭിച്ച യേശുവിന് എന്തായാലും പിറ്റേവർഷം എ.ഡി. 30-ൽ മരിക്കാൻ സാദ്ധ്യമല്ല. എ.ഡി. 33 ഏപ്രിൽ 3 വെള്ളിയാഴ്ചയാണ് ലോകത്തിൻ്റെ പാപപരിഹാരാർത്ഥം യേശു ക്രൂശുമരണം വരിച്ചത്. ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസം അഥവാ, ശബ്ബത്തിൻ്റെ പിറ്റേദിവസം ഏപ്രിൽ 5-ാം തീയതി ഞായറാഴ്ച മരണത്തിൻ്റെ അധികാരിയായ പിശാചിൻ്റെ തലതകർത്തുകൊണ്ട് യേശു ഉയിർത്തെഴുന്നേറ്റു. (മത്താ, മത്താ, 28:1, 6; മർക്കൊ, 16:1, 6; ലൂക്കൊ, 24:1, 6; യോഹ, 20:1, 5; എബ്രാ, 2:14,15). ജ്യോതിശ്ശാസ്ത്രപരമായി കിട്ടുന്ന തെളിവുകളും എ.ഡി. 33-നെ സ്ഥിരീകരിക്കുന്നു. Antiquities of the Jews 18:3:3-ൻ്റെ അടിക്കുറിപ്പ് നമ്പർ 9-ൽ യേശുവിനെ ക്രൂശിച്ചത് എ.ഡി. 33 ഏപ്രിൽ 3-നാണെന്നും, നമ്പർ 10-ൽ ഉയിർത്തെഴുന്നേല്പ് ഏപ്രിൽ 5-നാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. (സുവിശേഷങ്ങളുടെ കാലാനുക്രമം കാണുക: യേശുവിൻ്റെ ജീവചരിത്രം)

പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും: യേശു മരിച്ചു അടക്കപ്പെട്ടു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു. തുടർന്നു പതിനൊന്നു സന്ദർഭങ്ങളിൽ യേശു വ്യക്തികളുടെയും സമൂഹങ്ങളുടെയും മുമ്പിൽ പ്രത്യക്ഷപ്പെട്ടു. യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു സുവിശേഷങ്ങളും അപ്പൊസ്തലനായ പൗലൊസും (1കൊരി, 15) സാക്ഷ്യപ്പെടുത്തുന്നു. യേശുക്രിസ്തു കല്ലറയിൽ നിന്നു ഉയിർത്തത് ശരീരത്തോടു കൂടിയായിരുന്നു. ഈ ശരീരം സ്ഥലകാല പരിമിതികളിൽ നിന്നു മുക്തമാണ്. അടച്ചിരുന്ന വാതിലിൽ കൂടി കടക്കാനും പെട്ടെന്നു പ്രത്യക്ഷമാകുവാനും അപ്രത്യക്ഷമാകുവാനും കഴിയും. അപ്പം മുറിക്കുക, ഭക്ഷിക്കുക തുടങ്ങിയ പ്രവൃത്തികൾ ചെയ്യുവാൻ കഴിയും. യേശു ഇങ്ങനെ നാല്പതുദിവസത്തോളം പ്രത്യക്ഷപ്പെട്ടു. താൻ മരണത്തെ ജയിച്ചുവെന്നു അവർക്കു ബോധ്യം നല്കി. തന്റെ ആത്മിക സാന്നിദ്ധ്യം ശിഷ്യന്മാർക്കു വാഗ്ദാനം ചെയ്തു. (മത്താ, 28:18-30). എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞ (അപ്പൊ, 1:8) ശേഷം യേശു ശിഷ്യന്മാർ കാൺകെ സ്വർഗ്ഗാരോഹണം ചെയ്തു. ദൈവപുത്രനായ യേശു ആകാശങ്ങളിലൂടെ കടന്നുപോയി (എബ്രാ, 4:14) നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (എബ്രാ, 9:2). 

ക്രിസ്തുവിൻ്റെ പേരും പദവികളും:

യേശു: യഹോവയായ ദൈവം ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത സംജ്ഞാനാമമാണ് യേശു. സുവിശേഷാഖ്യാനങ്ങളിൽ ഏറ്റവുമധികം പ്രയോഗിക്കപ്പെട്ടിട്ടുള്ള നാമമാണ്. യഹോവ രക്ഷകയാകുന്നു എന്നാണ് ഈ പേരിനർത്ഥം. (മത്താ, 1:21). “അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും” (വെളി, 22:13) എന്നു ബൈബിൾ വെളിപ്പെടുത്തുന്ന ‘യേശു’ എന്ന അതിപരിശുദ്ധനാമം പുതിയനിയമത്തിൻ്റെ ആദ്യവാക്യം (മത്താ, 1:1) മുതൽ അവസാനവാക്യം (വെളി, 22:21) വരെ 970-ലേറെ പ്രാവശ്യം പ്രയോഗിച്ചിരിക്കുന്നു. ജനനത്തിനു മുമ്പേ നാമകരണം ചെയ്യപ്പെട്ട ഏഴു പേരുകളിൽ അവസാനത്തെ നാമമാണ് യേശു. (മത്താ, 1:21; ലൂക്കൊ, 1:31). യേശുവിന്റെ കാലത്തു വളരെ പ്രചാരമുള്ള ഒരു പേരായിരുന്നു അത്. യേശു എന്ന പേരുള്ള 19 വ്യക്തികളെക്കുറിച്ചു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിന്റെ മാനവികതയെ വ്യഞ്ജിപ്പിക്കുന്ന ഈ പേർ ശിഷ്യന്മാർ സുവിശേഷങ്ങളിൽ ഉപയോഗിച്ചു കാണുന്നില്ല; അപ്പൊസ്തല പ്രവൃത്തികളിലും ലേഖനങ്ങളിലും അനേകംപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.

പഴയനിയമത്തിൽ ദൈവത്തിൻ്റെ ഏകനാമം ‘യഹോവ’ എന്നാണെങ്കിൽ (പുറ, 3:15) പുതിയനിയമത്തിൽ ദൈവത്തിനൊരു നാമമുണ്ടെങ്കിൽ ആ നാമം ‘യേശുക്രിസ്തു’ എന്നു മാത്രമാണ്. പുതിയനിയമത്തിൽ സുവിശേഷം, വിശ്വാസം, പരിശുദ്ധാത്മാവ്, പാപബോധം, മാനസാന്തരം, പാപമോചനം, വീണ്ടുംജനനം, രക്ഷ, പുത്രത്വം, നിത്യജീവൻ തുടങ്ങിയ സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. യേശു തൻ്റെ ശിഷ്യന്മാരോട് പ്രാർത്ഥിക്കാൻ കല്പിച്ച നാമവും (യോഹ, 14:13,14, 26; 15:16; 16:23;24), അപ്പൊസ്തലന്മാരും ആദിമസഭയും വിളിച്ചപേക്ഷിച്ചതും യേശുവെന്ന നാമമാണ്. (പ്രവൃ, 9:14; 9:21; 22:16; 1കൊരി 1:2). യേശു സ്നാനമേല്ക്കാൻ കല്പിച്ച നാമവും (മത്താ, 28:19) അപ്പൊസ്തലന്മാരും ആദിമസഭകളും സ്നാനം കഴിപ്പിച്ച നാമവും മറ്റൊന്നല്ല. (പ്രവൃ, 2:38; 8:16; 10:48; 19:5; 22:16; റോമ, 6:3; 1കൊരി, 13,14; ഗലാ, 3:27; കൊലൊ, 2:12). ഈ നാമത്തിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ഉണ്ടെന്നറിയാനാണ് പുതിയനിയമം എഴുതിയിരിക്കുന്നത്. (യോഹ, 20:31; 1യോഹ, 5:13). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്വാൻ കല്പനയുമുണ്ട്.” (കൊലൊ, 3:17). കാരണം, സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുന്ന ഏകസത്യദൈവത്തിൻ്റെ നാമമാണിത്. (ഫിലി, 2:10). 

ക്രിസ്തുവിൻ്റെ പദവികൾ: ക്രിസ്തുവിൽ നിവൃത്തിയ പദവികളെല്ലാം ദൈവം സ്വന്തജനമായ യിസ്രായേലിനു നല്കിയിരുന്നതാണ്: “അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), അഭിഷിക്തൻ (2ശമൂ, 2:10, 35; സങ്കീ, 132:10, 17), ആദ്യജാതൻ (പുറ, 4:22), കർത്താവ് (സങ്കീ, 110:1; 80:17), ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 1ദിന, 17:11), ദാസൻ (സങ്കീ, 136:22; യെശ, 41:8; 42:1), പരിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10), പുത്രൻ (പുറ, 4:22,23; ഹോശേ, 11:1), പുരുഷൻ (സങ്കീ, 8:4; 80:17), പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6), പ്രവാചകൻ (1ദിന, 16:22; സങ്കീ, 105:15), മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17), മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1), യാക്കോബിൻ്റെ സന്തതി (28:13,14), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), രാജാവ് (സങ്കീ, 2:6; 20:9; 45:1; ദാനീ, 7:27)” തുടങ്ങിയവ. ജഡത്താലുള്ള ബലഹീനതനിമിത്തം സ്വന്തജനത്തിന് സാക്ഷാത്കരിക്കാൻ കഴിയാതിരുന്ന പദവികളെല്ലാം (റോമ, 8:3) യഹോവയായദൈവം (ലൂക്കൊ, 1:68) യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21) ജഡത്തിൽ വെളിപ്പെട്ട് (1തിമൊ, 3:16) അവർക്കുവേണ്ടി സാക്ഷാത്കരിക്കുകയാണ് ചെയ്തത്.

1. ക്രിസ്തു: മശീഹ എന്ന എബ്രായ പദത്തിനു തുല്യമാണ് ഗ്രീക്കിൽ ക്രിസ്തു (അഭിഷിക്തൻ). ക്രിസ്റ്റൊസ് (Christos) എന്നപദം പുതിയനിയമത്തിൻ്റെ ആദ്യവാക്യം മുതൽ (മത്താ, 1:1) അവസാന വാക്യവരെ (വെളി, 22:21) 569 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അതിൽ എബ്രായർ 11:26-ലെ ക്രിസ്തു മോശെയാണ്. 1പത്രൊസ് 1:11-ലെ ‘ക്രിസ്തുവിൻ ആത്മാവു’ പ്രവാചകരിൽ വ്യാപരിച്ചിരുന്ന പരിശുദ്ധാത്മാവാണ്. യോഹന്നാൻ്റെ ഒന്നാം ലേഖനത്തിൽ എതിർക്രിസ്തു (antichristos) അഞ്ചു പ്രാവശ്യമുണ്ട്. പലപ്പോഴും നിശ്ചയോപപദത്തോട് (definite article) കൂടിയാണ് ഈ ബഹുമതിനാമം പ്രയോഗിച്ചിട്ടുള്ളത്. വാഗ്ദത്തം ചെയ്യപ്പെട്ട മശീഹ എന്ന ധ്വനി അതിലുണ്ട്. തന്നെക്കുറിച്ചു ക്രിസ്തു തന്നെ പറഞ്ഞു. “ക്രിസ്തു കഷ്ടം അനുഭവിക്കുകയും മൂന്നാംനാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും അവന്റെ നാമത്തിൽ അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കൊ, 24:46,47). ഒടുവിൽ ക്രിസ്തു സംജ്ഞാനാമമായി മാറി. ലേഖനങ്ങളിൽ പല സ്ഥാനങ്ങളിലും കേവലരൂപത്തിൽ ക്രിസ്തു സംജ്ഞാനാമായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. (റോമ, 5:6, 8; 6:4, 6:8). തന്റെ ശുശ്രൂഷാകാലത്തു ഈ പേർ ഉപയോഗിക്കുന്നതിനെ ക്രിസ്തു നിയന്ത്രിച്ചു. (മത്താ, 16:20; ലൂക്കൊ, 4:41). ദേശീയസ്വാതന്ത്ര്യം നല്കുന്ന ഒരു രാഷ്ട്രീയ മശീഹയായി യെഹൂദന്മാർ തന്നെ അറിയാതിരിക്കുവാൻ ക്രിസ്തു ആഗ്രഹിച്ചു. എന്നാൽ ശിഷ്യന്മാരുടെ ഇടയിൽ അപ്രകാരം അറിയപ്പെടുന്നതിനെ ക്രിസ്തു തടഞ്ഞില്ല. (മത്താ, 16:16,17). (കാണുക: ദൈവത്തിൻ്റെ ക്രിസ്തു)

2. ഇമ്മാനൂവേൽ: (ദൈവം നമ്മോടു കൂടെ) എന്ന പേർ പഴയനിയമത്തിൽ രണ്ടുപ്രാവശ്യവും (യെശ, 7:14; 8:8) പുതിയനിയമത്തിൽ ഒരിടത്തുമുണ്ട്. (മത്താ, 1:23). അത്ഭുതശിശുവായ ഇമ്മാനുവേൽ സ്വന്തം ജനത്തിന്റെ ഉടമസ്ഥനും രാജകീയ വീണ്ടടുപ്പുകാരനും നീതിയുള്ള രാജാവും ആണ്. (യെശ, 8:8, 10; 9:1-7; 11:1-16). അത്ഭുതമന്തി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നിങ്ങനെയുള്ള വിശിഷ്ട നാമങ്ങളാലാണ് പ്രവാചകൻ ഇമ്മാനുവേലിനെ വിശേഷിപ്പിക്കുന്നത്. (യെശ, 9:6). അവൻ ദാവീദിന്റെ സിംഹാസനത്തിൽ എന്നെന്നേക്കും ഇരിക്കും. (9:7). ഈ ഇമ്മാനുവേൽ ഭാവിയിൽ വരേണ്ടുന്ന മശീഹയാണ്. (കാണുക: ഇമ്മാനുവേൽ)

3. ദൈവപുത്രൻ: മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവ ജഡത്തിൽ വെളിപ്പെട്ടതിനോട് ബന്ധപ്പെട്ട പ്രധാന സ്ഥാനനാമമാണ് ദൈവപുത്രൻ. (ലൂക്കൊ, 1:32, 1:35). പഴയനിയമത്തിൽ യിസ്രായേലിൻ്റെ പദവിയാണ് പുത്രൻ. (പുറ, 4:22,23; 2ശമൂ, 7:14; സങ്കീ, 2:7, 12; ഹോശേ, 11:1). അതിൻ്റെ സാക്ഷാത്കാരമാണ് യേശുവിൻ്റെ ജനനം. (മത്താ, 1:21; ലൂക്കൊ, 1:68). സത്യദൈവം മനുഷ്യനായി വെളിപ്പെട്ടതുകൊണ്ടാണ് ‘ദൈവപുത്രൻ’ എന്നു വിളിക്കപ്പെട്ടത്. (ലൂക്കൊ, 1:32,1:35) “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ‘ദൈവപുത്രൻ’ എന്ന സ്ഥാനനാമം മത്തായി (4:3) മുതൽ വെളിപ്പാട് (2:18)  വരെ 125 പ്രാവശ്യമുണ്ട്. മനുഷ്യപുത്രൻ എന്നപേര് ക്രിസ്തു ധാരാളമായി ഉപയോഗിച്ചു. (മത്താ, 8:20; 9:6; 10:23). എന്നാൽ ദൈവപുത്രനെന്ന പേര് യേശു സ്വയം വിരളമായേ ഉപയോഗിച്ചുള്ളൂ. (യോഹ, 9:35; 11:4). ക്രിസ്തു ദൈവപുത്രനാണെന്ന് സ്നാനസമയത്തും, രൂപാന്തരസമയത്തും സ്വർഗ്ഗീയ ശബ്ദം സ്ഥിരീകരിച്ചു. (മർക്കൊ, 1:11; 9:7). പ്രകാശനം ലഭിച്ച നിമിഷം പത്രൊസ് യേശുവിനെ ദൈവപുത്രനെന്നു ഏറ്റു പറഞ്ഞു. (മത്താ, 16:16). ഭൂതങ്ങൾ യേശുവിനെ ദൈവപുത്രാ എന്നു വിളിച്ചു. (മർക്കൊ, 5:7). ശതാധിപനും യേശുവിനെ ദൈവപുത്രനെന്നു ഏറ്റുപറഞ്ഞു. (മർക്കൊ, 15:39). ദൈവപുത്രനെന്ന ബഹുമതി നാമം മശീഹാപരമാണ്. (കാണുക: ദൈവപുത്രനായ യേശു, യേശു നിത്യപുത്രനോ? നിത്യപിതാവോ?)

4. വചനം: ദൈവം ജഡത്തിൽ വെളിപ്പാട്ടതിനോടുള്ള ബന്ധത്തിലാണ് വചനം (ലോഗൊസ്) ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ നാലുപ്രാവശ്യം വചനം ക്രിസ്തുവിനെ കുറിക്കുന്നു. (യോഹ, 1:1; 1;14; 1യോഹ, 1:2; വെളി, 19:13). ‘വചനം ദൈവം ആയിരുന്നു’ എന്നാണ് യോഹന്നാൻ്റെ സാക്ഷ്യം. “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14). വചനമായിട്ടാണ് യഹോവ ശമൂവേലിനു വെളിപ്പെട്ടത്. (1ശമൂ, 3:17). വചനത്താലാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6; യോഹ, 1:3; എബ്രാ, 11:3; 2പത്രൊ, 3:5,7). വചനം അയച്ചാണ് സൗഖ്യമാക്കുകയും വിടുവിക്കുകയും ചെയ്യുന്നത്. (സങ്കീ, 107:20). വചനമാണ് ജീവിപ്പിക്കുന്നത്. (സങ്കീ, 119:50). അതിവേഗം ഓടുന്നതാണ് ദൈവത്തിൻ്റെ വചനം. (സങ്കീ, 147:15). ആ വചനമാണ് ജഡമായിത്തീർന്നത്.  പൗലൊസാകട്ടെ; “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു” (1തിമൊ, 3:16) എന്നാണ് ദൈവത്തിൻ്റെ വെളിപ്പാടിനെക്കുറിച്ചു രേഖപ്പെട്ടുത്തിയിട്ടുള്ളത്. ദൈവം സൃഷ്ടിക്കുകയും സ്വയം വെളിപ്പെടുത്തുകയും ചരിത്രത്തിൽ തന്റെ ഹിതം നിവർത്തിക്കുകയും ചെയ്യുന്നത് തന്റെ വചനത്താലാണ്. (സങ്കീ, 33:6; യെശ, 55:11; 11:4; വെളി, 1:16). (കാണുക: വചനം ദൈവം ആയിരുന്നു).

5. മനുഷ്യപുത്രൻ: മനുഷ്യൻ, മനുഷ്യപുത്രൻ എന്ന പദവിയും യിസ്രായേലിൻ്റേതാണ്. (സങ്കീ, 8:4; 80:17). സത്യദൈവം തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായപ്പോൾ ക്രിസ്തുവിൽ ആ പദവി നിവൃത്തിയായി: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15. ഒ.നോ: യോഹ, 1:1, 14, 18; ഫിലി, 2:6-8; 1തിമൊ, 3:15,16). മനുഷ്യപുത്രൻ എന്ന സ്ഥാനനാമം 85 പ്രാവശ്യമുണ്ട്. തന്നെക്കുറിച്ചു പറയുവാൻ യേശു സർവ്വസാധാരണയായി ഉപയോഗിച്ച ബഹുമതിനാമമാണ് മനുഷ്യപുത്രൻ. ദാനീയേൽ 7:13-ലെ ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രന്റെ സൂചന ഇതിലുണ്ട്. യെഹൂദന്മാരുടെ വെളിപ്പാടു സാഹിത്യത്തിൽ ജാതികളുടെ പ്രകാശമായും ന്യായാധിപനായും യുഗങ്ങളുടെ അന്ത്യത്തിൽ വരുന്നവനുമാണ് മനുഷ്യപുത്രൻ. (ഒ.നോ: മർക്കൊ, 14:62). തന്റെ അധികാരത്തെയും ശക്തിയെയും ഊന്നിപ്പറയുമ്പോൾ യേശു ഈ പദവിനാമം ഉപയോഗിക്കുന്നതായി കാണാം. (മർക്കൊ, 2:10, 28; ലൂക്കൊ, 22:69). 

6. ഏകജാതൻ: ഏകജാതനെന്ന പ്രയോഗം മനുഷ്യപുത്രനായ യേശുവിൻ്റെ നിസ്തുലജനനത്തെ കുറിക്കുന്നതാണ്. സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവനായി ജഡത്തിൽ വന്നതുകൊണ്ടാണ് ഏകജാതനെന്ന് വിളിക്കുന്നത്. (എബ്രാ, 2:14,15). യേശുവിനെ ഏകജാതനെന്നു വിളിക്കുന്നത് ദൈവത്തിൻ്റെ ഒരേയൊരു പുത്രനായതുകൊണ്ടാണെന്നു കരുതുന്നവരുണ്ട്. ഏകജാതനെന്നു അഞ്ചുപ്രാവശ്യവും ആദ്യജാതനെന്നു അഞ്ചുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ഏകജാതനെ ‘ദൈവത്തിൻ്റെ ഒരേയൊരു പുത്രൻ’ എന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ ആദ്യജാതനെയും അങ്ങനെതന്നെ മനസ്സിലാക്കേണ്ടേ? സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവനായി കന്യകാ ജാതനായതുകൊണ്ടാണ് ഏകജാതൻ എന്ന് പേർപെട്ടത്. ഏകജാതെന്ന് അഞ്ചുപ്രാവശ്യം ക്രിസ്തുവിനെ വിളിച്ചിട്ടുണ്ട്.

7. ആദ്യജാതൻ: ആദ്യജാതനെന്നത് ആദ്യപുത്രനെന്ന് മാത്രമല്ല; അതൊരു സവിശേഷ പദവി കൂടിയാണ്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. (പുറ, 4:22). ദാവീദിനെ ദൈവത്തിന്റെ ആദ്യജാതനാക്കും എന്നു പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27), എഫ്രയീം ദൈവത്തിൻ്റെ ആദ്യജാതനാണ്. (യിരെ, 31:9). ക്രിസ്തുവിനെയും ആദ്യജാതനെന്നു വിളിച്ചിട്ടുണ്ട്. സർവ്വസൃഷ്ടിക്കും ആദ്യജാതൻ: (കൊലൊ, 1:15). യേശു അദൃശ്യനായ ദൈവത്തിന്റെ പ്രതിമ അഥവാ ദൃശ്യരൂപം ആയതുകൊണ്ടാണ് സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറഞ്ഞിരിക്കുന്നത്. (കൊലൊ, 1:15). അവൻ സർവ്വസൃഷ്ടികൾക്കും മുമ്പേയുള്ളവനും സ്രഷ്ടാവും പരിപാലകനും, സകലത്തിനും ആധാരവും താൻ മുഖാന്തരം തനിക്കായി സകലവും സൃഷ്ടിച്ചവനുമാണ്. (കൊലൊ, 1:16,17; എബ്രാ, 1:10). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36). സഹോദരന്മാരിൽ ആദ്യജാതൻ: (8:29); ക്രിസ്തു തൻ്റെ രക്ഷാകരപ്രവൃത്തിയാൽ വീണ്ടെടുക്കപ്പെട്ട എല്ലാ ദൈവമക്കളുടേയും മൂത്ത ജേഷ്ഠനെന്ന നിലയിൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. പുനരുത്ഥാനത്താലാണ് ക്രിസ്തു ആദ്യജാതനായത്. (1കൊരി, 15:20-22). മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവൻ: (കൊലൊ, 1:18; വെളി, 1:5); മരിച്ചവരിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റവൻ എന്നനിലയിൽ ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതനാണ്. ആദ്യൻ (വെളി, 1:17, അല്ഫ (വെളി, 21:6), ആദി (വെളി, 21:6), ഒന്നാമൻ (വെളി, 22:13), സർവ്വത്തിനും മുമ്പേയുള്ളവനാണ്. (കൊലൊ, 1:17). മറിയയുടെ ആദ്യജാതൻ: യേശുവെന്ന മനുഷ്യൻ അമ്മയായ മറിയയുടെ ആദ്യജാതനാണ്. (മത്താ, 1:25; ലൂക്കൊ, 2:7). മറിയയ്ക്കും യോസേഫിനും യേശുവിനെ കൂടാതെ മറ്റുമക്കൾ ഉണ്ടായിരുന്നു. (മർക്കൊ, 6:3). ആദ്യജാതൻ ആയതുകൊണ്ടാണ് പൈതലായ യേശുവിനെ കർത്താവിന് അർപ്പിപ്പാൻ അവർ ദൈവാലയത്തിൽ കൊണ്ടുപോയത്. (ലൂക്കൊ, 2:22-24). മഹാദൈവമായ യഹോവ കന്യകയായ മറിയയിൽ പൂർണ്ണമനഷ്യനായി ജനിച്ചതുകൊണ്ടാണ് മറിയയുടെ ആദ്യജാതനായത്. അക്ഷരാർത്ഥത്തിൽ ക്രിസ്തു മറിയയുടെ മാത്രം ആദ്യജാതനാണ്; മറ്റുള്ളതെല്ലാം പദവികളും.

8. ദാസൻ: യേശു മനുഷ്യവർഗ്ഗത്തോടു സ്വയം സാത്മീകരിച്ചു. ഈ സാത്മീകരണം യെശയ്യാ പ്രവചനത്തിലെ കഷ്ടം അനുഭവിക്കുന്ന ദാസനെ അനുസ്മരിപ്പിക്കുന്നു. (മത്താ, 12:17-21; മർക്കൊ, 10:45; ലൂക്കൊ, 24:26). സ്നാനത്തോടുകൂടി യേശു ദാസനായി മാറി. “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു.” (യെശ, 42:1. ഒ.നോ: മത്താ, 3:17). ഈ ദാസൻ തന്റെ കഷ്ടാനുഭവത്തിൽ സ്വന്തജനത്തിനു പ്രാതിനിധ്യം വഹിക്കുന്നു. ലോകത്തിന്റെ പാപത്തിനു വേണ്ടിയാണ് യഹോവ ദാസരൂപമെടുത്ത് സ്വയം അർപ്പിക്കപ്പെട്ടത്. (ഫിലി, 2:7; യോഹ, 1:29; യെശ, 53). ആദിമസഭയുടെ പ്രസംഗത്തിൽ യേശുവിനെ ദാസൻ എന്നു സ്പഷ്ടമായി വിളിച്ചിട്ടുണ്ട്. (പ്രവൃ, 3:13, 26; 4:27, 30). തന്റെ താഴ്ചയിൽ നമ്മുടെ മാനവികതയോടു സദൃശനായിത്തീർന്ന ക്രിസ്തു യാഗമൃഗം മാത്രമല്ല ഒരിക്കൽ എന്നേക്കുമായി സ്വയം അർപ്പിച്ച മഹാപുരോഹിതനും കൂടിയാണ്. (എബ്രാ, 2:14,15, 17; 4:15; 5:7; 7:27; 9:12; 10:10; 12:2). ക്രൂശുമരണത്തിൽ പരമകാഷ്ഠയിലെത്തിയ സ്നാനം (ലൂക്കൊ, 12:50) ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്കുളള ആത്മശുദ്ധീകരണമാണ്. ക്രിസ്തുവിന്റെ ഈ ആത്മശുദ്ധീകരണത്തിലും അതിലൂടെയും തന്റെ ജനം എന്നേക്കും വിശുദ്ധീകരിക്കപ്പെട്ടു. (യോഹ, 17:19; എബ്രാ, 10:14). ക്രിസ്തുവിന്റെ ദാസഭാവത്തിന്റെ ഉദാത്തമായ വർണ്ണന പൗലൊസ് അപ്പൊസ്തലൻ നല്കിയിട്ടുണ്ട്. “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരുപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നത്താൻ താഴ്ത്തി മരണത്തോളം കുശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലി, 2:6-8).

ക്രിസ്തുവിന് അനേകം പദവികളുണ്ട്: അന്തം (വെളി, 21:6), അന്ത്യൻ (വെളി, 1:17), അല്ഫ, (വെളി,1:8), ആദി, (വെളി, 21:6), ആദ്യജാതൻ (റോമ, 8:29), ആദ്യഫലം (1കൊരി, 15:23), ഇടയൻ (യോഹ, 10:2), എന്റെ ദാസൻ (മത്താ, 12:17), ഒടുക്കത്തവൻ (വെളി, 22:13), ഒന്നാമൻ (വെളി, 22:13), ഒമേഗ (വെളി, 1:8), കാര്യസ്ഥൻ (1യോഹ, 2:1), കുഞ്ഞാട് (വെളി, 5:6), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിന്റെ വേര് (വെളി, 22:14), ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ദൈവപ്രതിമ (2കൊരി, 4:4), ദൈവവചനം (വെളി, 19:13), നസറായൻ (മത്താ, 2:22), പക്ഷവാദി (റോമ, 8:34), പാപികളുടെ സ്നേഹിതൻ (മത്താ, 11:19), പാറ (1കൊരി,10:4), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (പ്രവൃ, 3:22), പ്രായശ്ചിത്തം (1യോഹ, 2:2), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മറുവില (1 തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 4:15), മുന്തിരിവള്ളി (യോഹ 15:1), മുള (യെശ,11:1), മൂലക്കല്ല് (എഫെ, 2:20), യാഗം (എഫെ, 5:2), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), വചനം (യോഹ, 1:1), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9) വിശ്വസ്തസാക്ഷി (വെളി, 1:5) തുടങ്ങിയവ. (കാണുക: യേശുവിന്റെ പേരുകളും പദവികളും)

സകലത്തിൻ്റെയും സ്രഷ്ടാവും പരിപാലകനും രാജാധിരാജാവും കർത്താധികർത്താവും ദൈവാധിദൈവവുമായ യേശുക്രിസ്തു തൻ്റെ ഭൗമിക ശുശ്രൂഷാകാലത്തു ദൈവരാജ്യം പ്രഘോഷിക്കുകയും വരാൻ പോകുന്ന ന്യായവിധിയെക്കുറിച്ചു മുന്നറിയിക്കുകയും ദൈവജനത്തെ പ്രോത്സാഹിപ്പിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്ത പ്രവാചകനായും, മൃഗയാഗങ്ങൾക്കു അറുതി വരുത്തിക്കൊണ്ടു തൻ്റെ പരിശുദ്ധശരീരം എന്നേക്കും യാഗമാക്കി പാപരിഹാരം വരുത്തിയ മഹാപുരോഹിതനായും, ദൈവവുമായി ശത്രുതയിലായിരുന്ന മനുഷ്യരെ രമ്യതയിലാക്കിയ മദ്ധസ്ഥനായും, ഇപ്പോൾ ആത്മാവിലൂടെ സഭയോടു സംസാരിക്കുന്ന വിശ്വസ്തസാക്ഷിയായും, വിശ്വാസികളുടെ ഭാഗംപിടിച്ച് ദൈവത്തോട് വാദിക്കുന്ന പക്ഷവാദിയായും നിലകൊള്ളുന്നു.

യേശുവിന്റെ സ്വഭാവം: ഒരു വ്യക്തിയുടെ സ്വരൂപവും സ്വഭാവവും പരസ്പര പൂരകങ്ങളാണ്. സ്വഭാവത്തിനനുസരിച്ചാണ് പെരുമാറ്റവും പ്രവൃത്തിയും. യേശുക്രിസ്തുവിന്റെ ആളത്ത ത്തിന്റെ നിഗൂഢതയും പ്രവൃത്തിയും മനസ്സിലാക്കിയ ശിഷ്യന്മാർ ‘ഇവൻ ആർ’ എന്നു അത്ഭുതത്തോടെ ചോദിച്ചു. (മർക്കൊ, 4:41). ദൈവവും മനുഷ്യരും ദൈവദൂതന്മാരും ഭൂതങ്ങൾ കൂടിയും ക്രിസ്തുവിന്റെ സ്വഭാവവൈശിഷ്ട്യത്തെ അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ സ്വഭാവത്തിൽ കാപട്യമോ വ്യാജമോ തീണ്ടിയിട്ടില്ല. ആരെയും വഞ്ചിക്കുവാൻ കഴിയാത്ത ജഡധൃതസത്യമാണു ക്രിസ്തു. മാനവത്വത്തിന്റെയും മാനദണ്ഡമാണ് ക്രിസ്തു. മനുഷ്യപുത്രന്റെ മഹിമോജ്ജ്വലമായ സ്വഭാവത്തിന്റെ ചില ദിങ്മാത്രസൂചനകൾ മാത്രമാണ് ഇവിടെ രേഖപ്പെടുത്തുന്നത്.

വിശുദ്ധി: ക്രിസ്തുവിന്റെ സ്വഭാവത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു വിശുദ്ധിയാണ്. പരീക്ഷകളിലൂടെയും പരിശോധനകളിലൂടെയും അതു തെളിയിക്കപ്പെട്ടു. പാപത്തിന്റെയും നീതിയുടെയും നേർക്കു പ്രകടമാക്കിയ മനോഭാവം ക്രിസ്തുവിന്റെ വിശുദ്ധിയെ വെളിപ്പെടുത്തുന്നു. പാപിയെയും പാപത്തെയും ശാസിക്കുവാൻ പരിശുദ്ധനു മാത്രമേ കഴിയു. (മത്താ, 16:23; 23:13, 33; യോഹ, 4:17,18; 5:14). ‘നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു’ എന്നു ക്രിസ്തു വെല്ലുവിളിച്ചു. (യോഹ, 8:46). ക്രിസ്തു പരിശുദ്ധനും നീതിമാനുമാണെന്നതിനു അനേകം സാക്ഷ്യങ്ങൾ തിരുവെഴുത്തുകളിലുണ്ട്. (മത്താ, 3:17; 17:5; 27:4,19; മർക്കൊ, 1:24; ലൂക്കൊ, 23:41, 47; യോഹ, 18:38; പ്രവൃ, 3:14; 4:27; 22:14; 2കൊരി, 5:21; 1യോഹ, 3:5). 

മനസ്സലിവ്, സ്നേഹം: ക്രിസ്തുവിന്റെ മനസ്സലിവും സ്നേഹവും അന്യാദൃശമാണ്. സകല പരിജ്ഞാനത്തെയും കവിയുന്നതാണ് ക്രിസ്തുവിന്റെ സ്നേഹം. (എഫെ, 3:17-19). ക്രിസ്തു സ്നേഹസ്വരൂപനാണ്. (കൊലൊ, 1:13). കഷ്ടവും പ്രയാസവും അനുഭവിക്കുന്ന ജനത്തിൽ കർത്താവ് മനസ്സലിഞ്ഞു. പുരുഷാരത്ത കണ്ടു മനസ്സലിഞ്ഞു അവരുടെ രോഗികളെ സൗഖ്യമാക്കി; വിശന്ന പുരുഷാരത്തെ അത്ഭുതകരമായി പോഷിപ്പിച്ചു. (മത്താ, 14:14; 15:32; മർക്കൊ, 8:2). കുരുടന്മാരുടെ നിലവിളി കേട്ടു മനസ്സലിഞ്ഞു അവർക്കു കാഴ്ച നല്കി. (മത്താ, 20:34). തന്റെ ഏകജാതനായ പുത്രന്റെ മരണത്തിൽ വിലപിച്ച വിധവയെ കണ്ടു മനസ്സലിഞ്ഞു അവളുടെ മകനെ ഉയിർപ്പിച്ചു. (ലൂക്കൊ, 7:13). യേശുവിന്റെ അനുകമ്പയും കരുണയും വ്യക്തമാക്കുന്ന അനേകം സംഭവങ്ങൾ സുവിശേഷങ്ങളിൽ ആഖ്യാനം ചെയ്തിട്ടുണ്ട്. ലേഖനങ്ങളിൽ ക്രിസ്തുവിന്റെ അനുകമ്പയെ സ്നേഹം എന്നു വിളിക്കുന്നു. സമൂഹത്തിൽ സ്നേഹിക്കപ്പെടാത്തവരെ യേശു സ്നേഹിക്കുകയും അവരെ അന്ത്യത്തോളം സ്നേഹിക്കുകയും ചെയ്തു. സ്വന്തജീവൻ മറുവിലയായി നല്കിയാണു ക്രിസ്തു നഷ്ടപ്പെട്ടു പോയ മനുഷ്യനെ സ്നേഹിച്ചത്. (മത്താ, 20:28). ‘എന്നെ സ്നേഹിച്ചു എനിക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചു കൊടുത്ത ദൈവപു ത്രൻ’ എന്നാണ് ക്രിസ്തുവിനെക്കുറിച്ചു പൗലൊസ് അപ്പൊസ്തലൻ പറയുന്നത്. (ഗലാ, 2:20). ക്രൂശിൽ വച്ചുപോലും ശത്രുക്കളെ സ്നേഹിച്ചു അവർക്കുവേണ്ടി പിതാവായ ദൈവത്തോടപേക്ഷിച്ചു. (ലൂക്കൊ, 23:34). 

സൗമ്യത, താഴ്മ: ക്രിസ്തുവിന്റെ സൗമ്യതയും താഴ്മയും പ്രസിദ്ധമാണ്. കോപമോ കാഠിന്യമോ കാണിക്കാതെ മറ്റുള്ളവരോടു ശാന്തമായും മൃദുവായും ഇടപെടുവാൻ സഹായിക്കുന്ന ആന്തരികഭാവമാണ് സൗമ്യത. ജീവിതത്തിൽ നേരിടുന്ന കഷ്ടതകളും മനുഷ്യർ ചെയ്യുന്ന അപകാരങ്ങളും ക്ഷമയോടെ സഹിക്കുന്നതിനും പരസ്പരം ക്ഷമിക്കുന്നതിനും സൗമ്യത ആവശ്യമാണ്. തന്റെ സൗമ്യതയെക്കുറിച്ചു ക്രിസ്തു തന്നെ വ്യക്തമാക്കി. “ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റു കൊണ്ടു എന്നോടു പഠിപ്പിൻ.” (മത്താ, 11:29). കൊരിന്തിലെ വിശ്വാസികളെ പൗലൊസ് അപ്പൊസ്തലൻ പ്രബോധിപ്പിക്കുന്നതു ക്രിസ്തുവിന്റെ സൗമ്യതയും ശാന്തതയും ഓർപ്പിച്ചാണ്. (2കൊരി, 10:1). ദുർബ്ബലമായതിനോടും തെറ്റിപ്പോകാൻ സാദ്ധ്യതയുള്ളതിനോടും ക്രിസ്തു സൗമ്യമായി ഇടപെട്ടു. (ലൂക്കൊ, 7:50; മർക്കൊ, 5:33,34; യോഹ, 20:24,25, 29; 21:15-17). മഹത്വത്തിന്റെ ലക്ഷണമാണ് താഴമ. ക്രിസ്തു ദാസവേഷം എടുത്തതുതന്നെ താഴ്മയുടെ അടയാളമാണ്. (ഫിലി, 2:5-8). ഒരു ഭൃത്യന്റെ സ്ഥാനത്തുനിന്നു കൊണ്ടു യേശു ശിഷ്യന്മാരുടെ പാദം കഴുകി. (യോഹ, 13:4,5). ചുങ്കക്കാരുടെയും പാപികളുടെയും ഇടയിൽ വസിക്കുകയും അവരോടൊത്തു ഭക്ഷിക്കുകയും ചെയ്തു. (ലൂക്കൊ, 15:1,2). 

പ്രയത്നശീലം: ക്രിസ്തുവിന്റെ പ്രയത്നശീലം അനിതര സാധാരണമാണ്. ശുശ്രൂഷ ചെയ്യാനായിരുന്നു മനുഷ്യപുത്രൻ (മർക്കൊ, 10:45) ദാസരൂപം എടുത്തു ഭൂമിയിൽ വന്നത്. (ഫിലി, 2:7). ആവശ്യക്കാരെ സഹായിക്കാനായി ഊണും ഉറക്കവും വിശ്രമവും ഉപേക്ഷിച്ചു. (യോഹ, 4:31-34; മർക്കൊ, 6:31). നേരം പുലരുംമുമ്പു ആരംഭിക്കുന്ന വേല (മർക്കൊ, 1:35; യോഹ, 8:2) രാത്രിയിലും തുടർന്നിരുന്നു. (മർക്കൊ, 8:16; ലൂക്കൊ, 6:12; യോഹ, 3:2). ഉപദേശം, പ്രസംഗം, ഭൂതങ്ങളെ പുറത്താക്കൽ, രോഗസൗഖ്യം നല്കൽ, മരിച്ചവരെ ഉയിർപ്പിക്കൽ, ശിഷ്യന്മാരെ പരിശീലിപ്പിക്കൽ തുടങ്ങിയവയിൽ ക്രിസ്തു നിരന്തരം വ്യാപൃതനായിരുന്നു. മഹാപൗരോഹിത്യ പ്രാർത്ഥനയിൽ കൃതകൃത്യതയോടെ ക്രിസ്തു പറഞ്ഞു “ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്യാൻ തന്നെ പ്രവൃത്തി തികച്ചിരിക്കുന്നു.” (യോഹ, 17:4).  

പ്രാർത്ഥന: ക്രിസ്തുവിന്റെ ജീവിതം പ്രാർത്ഥനാനിരതമായിരുന്നു. മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം (ലൂക്കൊ, 18:1) എന്നുപദേശിച്ച ക്രിസ്തു എല്ലായ്പ്പോഴും മുട്ടിന്മേൽ നില്ക്കുന്ന മഹനീയദൃശ്യം സുവിശേഷങ്ങളിൽ കാണാം. പ്രവൃത്തികൾക്കു മുമ്പും പ്രതിസന്ധികളിലും സമയത്തും അസമയത്തും യേശു പ്രാർത്ഥനയിലുടെ പിതാവുമായി ബന്ധപ്പെട്ടിരുന്നു. ഊണ് ഉറക്കം എന്നിവയിലേറെ പ്രാധാന്യം പ്രാർത്ഥനയ്ക്കു നല്കി. (മർക്കൊ, 1:35; ലൂക്കൊ, 6:12). ദീർഘനേരം ചിലപ്പോൾ രാത്രികളിൽ മുഴുവൻ യേശു പ്രാർത്ഥിക്കുന്നതായി കാണാം. (മത്താ, 14:23; ലൂക്കൊ, 6:12). യേശുവിന്റെ പ്രാർത്ഥനാജീവിതവും പ്രാർത്ഥനയുടെ പ്രകൃതിയും പ്രഭാവവും എബ്രായലേഖനകാരൻ ഏകവാക്യത്തിൽ സംക്ഷേപിക്കുന്നു. “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽ നിന്നു രക്ഷിക്കാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടും കൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തിനിമിത്തം ഉത്തരം ലഭിക്കുകയും ചെയ്തു.” (എബാ, 5:7). വൈകാരികവും ബൗദ്ധികവും ആയി പാപം ഒഴികെ സകലത്തിലും മനുഷ്യന്റെ ജീവിതത്തിനു സമാനമായിരുന്നു ജഡത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവിന്റെ ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *