യിശ്മായേൽ (Ishmael)
പേരിനർത്ഥം – ദൈവം കേൾക്കും
അബ്രാഹാമിന്റെ മുത്തമകൻ. (ഉല്പ, 16:15,16). സാറാ വന്ധ്യയായിരുന്നു. അക്കാലത്തെ കീഴ്വഴക്കമനുസരിച്ചു സാറാ തന്റെ മിസയീമ്യ ദാസിയായ ഹാഗാറിനെ അബ്രാഹാമിനു വെപ്പാട്ടിയായി നല്കി. അബ്രാഹാം കനാനിൽ വന്നിട്ടു പത്തുവർഷം കഴിഞ്ഞു. (ഉല്പ, 16:3). താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഹാഗാർ സാറായെ നിന്ദിച്ചു തുടങ്ങി. സാറാ അബ്രാഹാമിനോടു പരാതി പറഞ്ഞു. തുടർന്നു സാറാ ഹാഗാറിനോടു കഠിനമായി പെരുമാറി. ജീവിതം കഷ്ടമായപ്പോൾ ഗർഭിണിയായ ഹാഗാർ ഓടിപ്പോയി. വഴിയിൽവച്ചു യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടു അവളോടു മടങ്ങിപ്പോയി യജമാനത്തിക്കു കീഴടങ്ങിയിരിക്കുവാൻ ഉപദേശിച്ചു. ഹാഗാർ ഒരു മകനെ പ്രസവിക്കുമെന്നും അവനു യിശ്മായേൽ എന്നു പേർ വിളിക്കണമെന്നും ദൂതൻ പറഞ്ഞു. ഹാഗാർ യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാഹാമിനു 86 വയസ്സായിരുന്നു.
പതിമൂന്നാം വയസ്സിൽ യിശ്മായേൽ പരിച്ഛേദനം ഏറ്റു. അബ്രാഹാമും പുത്രനായ യിശ്മായേലും ഒരേ ദിവസമാണ് പരിച്ഛേദനത്തിനു വിധേയരായത്. (ഉല്പ, 17:25). അബ്രാഹാം യിശ്മായേലിനെ വളരെയധികം സ്നേഹിച്ചു. സാറായിലൂടെ ഒരു മകൻ നല്കാമെന്നു വാഗ്ദത്തം ചെയ്തപ്പോഴും ‘യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി’ എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു. യിസ്ഹാക്കിന്റെ മുലകുടി മാറിയപ്പോൾ അബ്രാഹാം ഒരു വിരുന്നു കഴിച്ചു. അന്നു തന്റെ അവകാശം നഷ്ടപ്പെട്ടതിലുള്ള ദുഃഖം കൊണ്ടു യിശ്മായേൽ പരിഹസിച്ചു. അപ്പോൾ വെറും പതിനഞ്ചോ പതിനാറോ വയസ്സായിരുന്നു യിശ്മായേലിന്. രണ്ടു കുട്ടികളും ഒരുമിച്ചു വളർന്നാലുണ്ടാകുന്ന ദോഷങ്ങൾ മുൻകണ്ടു ഹാഗാറിനെയും പുത്രനെയും ഒഴിവാക്കുവാൻ സാറാ അബ്രാഹാമിനോടു ആവശ്യപ്പെട്ടു. ദൈവം വെളിപ്പെടുത്തി കൊടുത്തപ്പോൾ അബ്രാഹാം ഹാഗാറിനെയും മകനെയും പുറത്താക്കി. അവൾ ബേർ-ശേബ മരുഭൂമിയിൽ അലഞ്ഞുനടന്നു. വെള്ളം തീർന്നപ്പോൾ കുട്ടിയെ ഒരു കുറുങ്കാട്ടിൽ തണലിലിട്ടു. കുട്ടിയുടെ മരണം കാണണ്ട എന്നു പറഞ്ഞു അല്പം അകലെ ചെന്നിരുന്നു ഹാഗാർ ഉറക്കെ കരഞ്ഞു. രണ്ടാം തവണയും ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു, ബാലൻ ഒരു വലിയ ജാതിയാകുമെന്ന പഴയ വാഗ്ദാനം പുതുക്കി. (ഉല്പ, 21:19,20). യിശ്മായേൽ മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു. അവൻ പാരാൻ മരുഭൂമിയിൽ പാർത്തു. അവന്റെ ഭാര്യ ഒരു മിസ്രയീമ്യ സ്ത്രീയായിരുന്നു. അബ്രാഹാം മരിച്ചപ്പോൾ അടക്കുന്നതിനു യിസ്ഹാക്കിനെ സഹായിച്ചു. (ഉല്പ, 25;9(. യിശ്മായേലിനു 12 പുത്രന്മാരും ഒരു പുത്രിയുമുണ്ടായിരുന്നു. പന്ത്രണ്ടുപേരും പ്രഭുക്കന്മാരായി അറിയപ്പെട്ടു. യിശ്മായേലിന്റെ മകളായ മഹലത്തിനെ ഏശാവു വിവാഹം ചെയ്തു. യിശ്മായേലിന്റെ ഒരു ഭാര്യയെക്കുറിച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ യിശ്മായേലിന്റെ മകളെ നെബായോത്തിന്റെ സഹോദരി എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇവർ രണ്ടുപേരുടെയും അമ്മ മറ്റു പത്തുപേരുടെ അമ്മയിൽ നിന്നും വിഭിന്നയാണെന്നു ചിന്തിക്കുന്നവരുണ്ട്. ദൈവദൂതന്റെ വാക്കുകളിൽ യിശ്മായേല്യരുടെ സ്വഭാവം വ്യക്തമായി കാണാം. “അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും. അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 16:12).