യാക്കോബും സന്തതികളും യാക്കോബ് (Jacob)
പേരിനർത്ഥം – ഉപായി
യിസ്ഹാക്കിന്റെയും റിബെക്കയുടെയും ഇരട്ടക്കുട്ടികളിൽ രണ്ടാമൻ. ശേമ്യജനതയുടെ ഇടയിൽ വളരെ പഴക്കമുള്ള പേരാണിത്. ഹമ്മുറാബിയുടെ എഴുത്തുകളിൽ ഇതിന്റെ രൂപഭേദമായ ‘യാകിബുല’ കാണാം. കർണക് ക്ഷേത്രത്തിലെ രേഖകളിലും ഈ പേരുണ്ട്. തുത്മൊസ് മൂന്നാമൻ കീഴടക്കിയ പട്ടണങ്ങളിൽ യോസേഫ്, യാക്കോബ് എന്നീ പേരുകൾക്കു സദൃശമായവ ഉണ്ട്. കുതികാൽ പിടിക്കുക, ചതിക്കുക എന്നീ അർത്ഥങ്ങളാണ് യാക്കോബിനുള്ളത്. (ഉല്പ, 25:26; 27:36). ഉല്പത്തിക്കു വെളിയിൽ രണ്ടു സ്ഥാനങ്ങളിൽ ‘യാക്കോബ്’ എന്ന പേരുകൊണ്ടുള്ള പദലീല കാണാം. “ഏതു സഹോദരനും ഉപായം പ്രവർത്തിക്കുന്നു.” (യിരെ, 9:4). “അവൻ ഗർഭത്തിൽ വച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.” (ഹോശേ, 12:3).
യിസ്ഹാക്ക് തന്റെ നാല്പതാമത്തെ വയസ്സിൽ ബെഥൂവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായ റിബെക്കയെ വിവാഹം കഴിച്ചു. റിബെക്ക മച്ചിയായിരുന്നു. യിസഹാക്കിന്റെ പ്രാർത്ഥനയുടെ ഫലമായി റിബെക്ക ഗർഭം ധരിച്ചു. യഹോവയോടു അരുളപ്പാടു ചോദിച്ചപ്പോൾ രണ്ടു ജാതികൾ അവളുടെ ഗർഭത്തിലുണ്ട് എന്നും മൂത്തവൻ ഇളയവനെ സേവിക്കുമെന്നും റിബെക്കായ്ക്കു വെളിപ്പെട്ടു. ജനനത്തിൽ തന്നെ അവരുടെ മത്സരം വ്യക്തമായിരുന്നു. ഏശാവ് ആദ്യം പുറത്തുവന്നു; തുടർന്നു യാക്കോബും. യാക്കോബിന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു. യാക്കോബ് ജനിക്കുമ്പോൾ യിസ്ഹാക്കിനു 60 വയസ്സ് പ്രായമുണ്ടായിരുന്നു. യാക്കോബ് സാധുശീലനും കൂടാരവാസിയുമായി വളർന്നു. പിതാവു ഏശാവിനോടും മാതാവു യാക്കോബിനോടും വാത്സല്യം കാണിച്ചു.
ഒരിക്കൽ ഏശാവ് വെളിമ്പ്രദേശത്തു നിന്നും ക്ഷീണിതനായി എത്തിച്ചേർന്നു. യാക്കോബ് പാകം ചെയ്ത ചുവന്ന പായസം ആവശ്യപ്പെട്ടു. ഏശാവിന്റെ ജ്യേഷ്ഠാവകാശം വാങ്ങിക്കൊണ്ടു യാക്കോബ് പായസം കൊടുത്തു. അക്കാലത്തു ജ്യേഷ്ഠാവകാശം അമൂല്യമായിരുന്നു. പിതാവിൽ നിന്നു ഇരട്ടി അവകാശവും (ആവ, 21:17), കുടുംബത്തിന്റെ നായകത്വവും (ഉല്പ, 27:29), വാഗ്ദത്തത്തിന്റെ അനുഗ്രഹങ്ങൾക്കുള്ള അവകാശവും അതുൾക്കൊണ്ടിരുന്നു. യിസ്ഹാക്ക് വൃദ്ധനായി കാഴ്ച നഷ്ടപ്പെട്ടു. മൂത്തമകനായ ഏശാവിനെ മരണത്തിനു മുമ്പു അനുഗ്രഹിക്കുവാൻ യിസ്ഹാക്ക് ആഗ്രഹിച്ചു. ഏശാവിനെ വിളിച്ചു തനിക്കിഷ്ടവും രുചികരവുമായ ഭോജനം തയ്യാറാക്കിക്കൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. അതു ഭക്ഷിച്ചു ഏശാവിനെ അനുഗ്രഹിക്കാം എന്നു യിസ്ഹാക്കു പറഞ്ഞു. ഇതു കേട്ട റിബെക്കാ യാക്കോബിനെ വിളിച്ചു പ്രച്ഛന്നവേഷനായി പിതാവിൽ നിന്നനുഗ്രഹം കൈവശപ്പെടുത്തുവാനുള്ള ക്രമീകരണം ചെയ്തു. ഏശാവിന്റെ വിശേഷവസ്ത്രം ധരിച്ചു, കോലാട്ടിൻ കുട്ടികളുടെ തോൽ കൊണ്ടു കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു രുചികരമായ ഭോജനവും കൊണ്ടു അവൻ അപ്പന്റെ അടുക്കൽ എത്തി. അപ്പനോടു അവൻ മനഃപൂർവ്വം വ്യാജം പറഞ്ഞു: “ഞാൻ നിന്റെ ആദ്യജാതൻ; നിന്റെ ദൈവമായ യഹോവ വേട്ടമൃഗത്തെ എന്റെ നേർക്കു വരുത്തി തന്നു.” യാക്കോബിനെ തപ്പിനോക്കിയിട്ടും വ്യത്യാസം മനസ്സിലാക്കാൻ യിസ്ഹാക്കിനു കഴിഞ്ഞില്ല. വഞ്ചിതനായ പിതാവ് ആദ്യജാതന്റെ അനുഗ്രഹം യാക്കോബിനു നല്കി. യാക്കോബിന്റെ ചതി മനസ്സിലാക്കിയ ഏശാവ് മറ്റൊരു അനുഗ്രഹത്തിനു വേണ്ടി കരഞ്ഞപേക്ഷിച്ചു. യാക്കോബിനെ കൊല്ലാൻ ഏശാവ് ഹൃദയത്തിൽ ഉറച്ചു. ഇതറിഞ്ഞ റിബെക്ക യിസ്ഹാക്കിനെ പ്രേരിപ്പിച്ച് ഏശാവിന്റെ കോപം ശമിക്കുവോളം യാക്കോബിനെ ഹാരാനിലേക്കു അയച്ചു. ലാബാന്റെ പുത്രിമാരിൽ നിന്നും ഭാര്യയെ എടുക്കണമെന്നു യാക്കോബിനെ ഉപദേശിച്ചു. (ഉല്പ, 27:42-28:5).
ഹാരാനിൽ പോകുന്ന വഴിക്കു യാക്കോബ് ലൂസിൽ താവളമടിച്ചു. രാത്രിയിൽ സ്വർഗ്ഗത്തോളം എത്തുന്ന ഗോവണിയിൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ദർശനം യാക്കോബ് കണ്ടു. പിതാക്കന്മാർക്കു നല്കിയ വാഗ്ദത്തം സ്ഥിരീകരിക്കുകയും യാത്രയിൽ സുരക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവിക സാന്നിദ്ധ്യത്തെ അനുസ്മരിച്ചുകൊണ്ടു യാക്കോബ് ആ സ്ഥലത്തിനു ബേഥേൽ (ദൈവത്തിന്റെ ഭവനം) എന്നു പേരിട്ടു. കൂടാതെ ദൈവം നല്കുന്ന സകലത്തിലും ദശാംശം കൊടുക്കാമെന്നു സത്യം ചെയ്തു. (ഉല്പ, 28:10-22). ഹാരാനിൽ ഒരു കിണറ്റിന്നരികെ വച്ചു ആടുകൾക്കു വെള്ളം കൊടുക്കുവാൻ വന്ന റാഹേലിനെ യാക്കോബ് കണ്ടു. അവളോടു താൻ ആരാണെന്നു വെളിപ്പെടുത്തുകയും ലാബാന്റെ വീട്ടിലേക്കു പോവുകയും ചെയ്തു. ഒരു മാസത്തിനു ശേഷം വേലയ്ക്ക് എന്തു പ്രതിഫലം വേണമെന്നു ലാബാൻ യാക്കോബിനോടു ചോദിച്ചു. റാഹേലിനുവേണ്ടി ലാബാനെ ഏഴുവർഷം സേവിക്കാമെന്നു യാക്കോബ് വാക്കു കൊടുത്തു. ഏഴു വർഷം കഴിഞ്ഞപ്പോൾ റാഹേലിനു പകരം ലേയയെ വിവാഹം കഴിച്ചുകൊടുത്തു. നീ എന്തിനു എന്നെ ചതിച്ചു എന്നു യാക്കോബ് ചോദിച്ചു. മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്കുന്ന പതിവു ഞങ്ങളുടെ ദിക്കിൽ ഇല്ല എന്ന ഒഴികഴിവാണു ലാബാൻ പറഞ്ഞത്. റാഹേലിനു വേണ്ടി വീണ്ടും ഏഴുവർഷം യാക്കോബ് ലാബാനെ സേവിച്ചു. ലാബാൻ ലേയയ്ക്കു ദാസിയായി സില്പയെയും റാഹേലിനു ദാസിയായി ബില്ഹയെയും നല്കി.
യാക്കോബും ഏശാവും തമ്മിലുള്ള മത്സരത്തിന്റെ പ്രതിഫലനം ലേയാ-റാഹേൽ എന്നിവരിലും കാണാം. ദൈവം ലേയയെ അനുഗ്രഹിച്ചു. അവൾ രൂബേൻ (നോക്കൂ! ഒരു പുത്രൻ!), ശിമെയോൻ (ദൈവം കേട്ടു), ലേവി (കൂട്ടിച്ചേർത്തു), യെഹൂദാ (സ്തുതി) എന്നീ പുത്രന്മാരെ പ്രസവിച്ചു. ഇതുവരെയും കുഞ്ഞുങ്ങളെ പ്രസവിക്കാത്ത റാഹേൽ സ്വന്തം ദാസിയായ ബിലഹയെ യാക്കോബിനു നല്കി. അവൾ ദാനിനെയും (ന്യായാധിപൻ) നഫ്താലിയെയും (പോരാട്ടം) പ്രസവിച്ചു. ലേയയും തന്റെ ദാസി സില്പയെ യാക്കോബിനു നല്കി. അവൾ ഗാദ് (സൈന്യം), ആശേർ (സന്തോഷം) എന്നിവരെ പ്രസവിച്ചു. അനന്തരം ലേയാ യിസ്സാഖാറിനെയും (കൂലി) സെബൂലൂനെയും (വാസം) പുത്രിയായ ദീനയെയും പ്രസവിച്ചു. റാഹേൽ ഒരു മകനെ പ്രസവിച്ചു അവനു ‘ദൈവം കൂട്ടിച്ചേർക്കും’ എന്ന അർത്ഥത്തിൽ യോസേഫ് എന്നു പേരിട്ടു. (ഉല്പ, 30:22-27). പതിനാലു വർഷം പൂർത്തിയായപ്പോൾ വീണ്ടും ആറുവർഷം കൂടി സമ്പത്തിനുവേണ്ടി ലാബാനെ സേവിക്കുവാൻ യാക്കോബ് പ്രേരിതനായി. കുടുംബത്തെ കൂട്ടിക്കൊണ്ട് സമ്പത്തുമായി യാക്കോബ് കനാനിലേക്കു യാത്രയായി. ലാബാന്റെ സ്വത്തിൽ ഓഹരി ഉറപ്പാക്കുവാൻ വേണ്ടി റാഹേൽ ലാബാന്റെ ഗൃഹബിംബങ്ങളെ മോഷ്ടിച്ചു. യാക്കോബിന്റെ വേർപാടിനെക്കുറിച്ചു മൂന്നാം ദിവസം മനസ്സിലാക്കിയ ലാബാൻ യാക്കോബിനെ പിൻതുടർന്നു. ഗിലെയാദ് പർവ്വതത്തിൽ വച്ചു ലാബാൻ യാക്കോബിനെ കണ്ടു. പരസ്പരമുള്ള പ്രശ്നങ്ങൾ ഉടമ്പടിയിലൂടെ പരിഹരിച്ചു, സ്മാരകമായി ഗലേദ് അഥവാ മിസ്പാ എന്നപേരിൽ കൽക്കൂമ്പാരം നാട്ടി. (ഉല്പ, 31:25-55). മഹനയീമിൽ വച്ചു ദൈവദൂതദർശനം ലഭിച്ചു. മഹനയീം എന്ന പദത്തിനു ഇരുസൈന്യങ്ങൾ എന്നർത്ഥം.
യാക്കോബ് ഏശാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. ഏശാവ് 400 പുരുഷന്മാരുമായി തന്നെ കാണാൻ വരുന്നു എന്നു കേട്ടു യാക്കോബ് സംഭീതനായി. തന്നോടു കുടെയുള്ളവരെയും ആടുമാടുകളെയും ഇരു ഗണങ്ങളായി പിരിച്ചു. ഒരു സംഘം ആക്രമിക്കപ്പെടുകയാണെങ്കിൽ മറ്റെ സംഘത്തിനു രക്ഷപ്പെടാമെന്ന ധാരണയിലാണ് യാക്കോബ് അപ്രകാരം ചെയ്തത്. സഹോദരനെ പ്രശമിപ്പിക്കുവാൻ വേണ്ടി തന്റെ സമ്പത്തിൽ നിന്നു ഒരംശം മാറ്റിവച്ചു. രാത്രി മുഴുവൻ തനിയെ പ്രാർത്ഥനാ നിരതനായിരുന്ന യാക്കോബ് കർത്താവിന്റെ ദൂതനുമായി മല്ലുപിടിച്ചു. അതോടുകൂടി യിസ്രായേൽ (ദൈവത്തോടു മല്ലു പിടിക്കുന്നവൻ) എന്ന പുതിയ പേർ യാക്കോബിനു ലഭിച്ചു. യബ്ബോക്ക് കടവിൽ വച്ചാണ് യാക്കോബ് ആ പുരുഷനോടു മല്ലു പിടിച്ചത്. ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും തനിക്കു ജീവഹാനി വന്നില്ല എന്നു പറഞ്ഞ് ആ സ്ഥലത്തിനു പെനീയേൽ (ദൈവത്തിന്റെ മുഖം) എന്നു പേരിട്ടു. (ഉല്പ, 32:24-32). ഏശാവുമായുള്ള കൂടിക്കാഴ്ച വികാരസാന്ദ്രമായിരുന്നു. പ്രഭാതത്തിൽ ഏശാവു 400 പേരുമായി വരുന്നതു കണ്ടു. ഉടൻ ദാസിമാരെയും മക്കളെയും മുമ്പായും ലേയയെയും മക്കളെയും പിന്നാലെയും ഒടുവിലായി റാഹേലിനെയും യോസേഫിനെയും അയച്ചു. ഏശാവ് ഓടിവന്ന് യാക്കോബിനെ ആലിംഗനം ചെയ്ത് അവന്റെ കഴുത്തിൽ ചുംബിച്ചു. രണ്ടുപേരും കരഞ്ഞു. പൂർവ്വവൈരം ഏശാവിൽ നിന്നും മറഞ്ഞു. അനന്തരം യാക്കോബ് ശെഖേമിൽ ചെന്നു നിലംവാങ്ങി യാഗപീഠം നിർമ്മിച്ചു അതിനു ഏൽ-ഏലോഹേ-യിസ്രായേൽ (ദൈവം യിസ്രായേലിന്റെ ദൈവം) എന്നു പേരിട്ടു. (ഉല്പ, 33:1-20).
യാക്കോബിന്റെ ഉറവ് ഇവിടെയാണ്. (യോഹ, 4:6). ലേയയുടെ പുത്രിയായ ദീന ദേശത്തിലെ കന്യകമാരെ സന്ദർശിക്കുവാൻ പോയി. വിവേകശൂന്യമായ ഈ പ്രവൃത്തിയിൽ അവൾ ബലാൽസംഗത്തിനു വിധേയയായി. അവളുടെ സഹോദരന്മാരായ ശിമെയോനും ലേവിയും ശെഖേമ്യരോടു അതിക്രൂരമായി പെരുമാറി. ഇനി അവിടെ താമസിക്കുന്നതു അപകടകരമാണെന്നു മനസ്സിലാക്കിയ യാക്കോബ് ബേഥേലിലേക്കു യാത്രയായി. (ഉല്പ, 34:1-31). തന്റെ കുടുംബത്തിലെ അന്യദേവന്മാരെയും കാതുകളിലെ കുണുക്കുകളെയും ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു.
ബേഥേലിൽ നിന്നു എഫ്രാത്തിലേക്കു യാത്ര ചെയ്യുമ്പോൾ യാക്കോബിനു തന്റെ പന്ത്രണ്ടാമത്തെ പുത്രൻ ജനിച്ചു. പ്രസവത്തിൽ റാഹേൽ മരിച്ചു. പൈതലിനു ബെന്യാമീൻ (വലങ്കയുടെ പുത്രൻ) എന്നു യാക്കോബ് പേരിട്ടു. (35:1-20). സഹോദരന്മാർ അസുയ നിമിത്തം യോസേഫിനെ പൊട്ടക്കിണറ്റിലിടുകയും തുടർന്നു മിസ്രയീമ്യർക്കു വിലക്കുകയും ചെയ്തു. യോസേഫ് മരിച്ചു എന്നു കരുതി യാക്കോബ് വളരെക്കാലം ദുഃഖിച്ചു. മിസ്രയീമിലെത്തിയ യോസേഫ് ഫറവോന്റെ അകമ്പടിനായകനായ പോത്തീഫറിനു ദാസനായി. യോസേഫ് മിസ്രയീമിൽ ഫറവോനു രണ്ടാമനായി തീർന്നു.
യോസേഫ് മുന്നറിയിച്ച ക്ഷാമം കനാനിൽ കഠിനമായി. ധാന്യം വാങ്ങുന്നതിനു യാക്കോബ് പുത്രന്മാരെ മിസ്രയീമിലേക്കയച്ചു. വാത്സല്യാധിക്യം നിമിത്തം ബെന്യാമീനെ അവരോടൊപ്പം അയച്ചില്ല. മതിയാവോളം ധാന്യവുമായി യാക്കോബിന്റെ മക്കൾ മടങ്ങിയെത്തി. തങ്ങൾ ഒറ്റുകാരായി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആ തെറ്റിദ്ധാരണ നീക്കുന്നതിനു ബെന്യാമീനെ കൊണ്ടുചെന്നു കാണിക്കണമെന്നും പറഞ്ഞു. മനസ്സില്ലാമനസ്സോടെ യെഹൂദയുടെ ഉത്തരവാദിത്വത്തിൽ യാക്കോബ് ബെന്യാമീനെയും അയച്ചു. യോസേഫ് അവരോടൊരുമിച്ചു ഭക്ഷണം കഴിച്ചു. ഒടുവിൽ യോസേഫ് സഹോദരന്മാർക്കു സ്വയം വെളിപ്പെടുത്തി. മടങ്ങിയെത്തിയവർ യോസേഫ് ജീവനോടിരിക്കുന്നുവെന്നും അവൻ മിസ്രയീം ദേശത്തിനു അധിപതിയാണെന്നും പറഞ്ഞപ്പോൾ യാക്കോബിനു വിശ്വസിക്കുവാൻ കഴിഞ്ഞില്ല. യോസേഫ് ജീവനോടിരിക്കുന്നു എന്നു ബോദ്ധ്യപ്പെട്ടപ്പോൾ മരിക്കുംമുമ്പേ മിസ്രയീമിൽ ചെന്നു യോസേഫിനെ കാണുമെന്നു യാക്കോബു പറഞ്ഞു. യോസേഫ് അയച്ച രഥങ്ങളിൽ അവർ എഴുപതു പേർ മിസ്രയീമിലെത്തി. ഫറവോൻ അവർക്കു വസിക്കുവാൻ ഗോശെൻദേശം നല്കി. യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോന്റെ മുമ്പിൽ നില്ക്കുമ്പോൾ യാക്കോബിനു 130 വയസ്സ് പ്രായമായിരുന്നു. യാക്കോബിന്റെ മരണകാലം അടുത്തു. തന്നെ മിസ്രയീമിൽ അടക്കാതെ പിതാക്കന്മാരുടെ ശ്മശാനഭൂമിയിൽ അടക്കണമെന്നു യോസേഫിനെക്കൊണ്ടു യാക്കോബ് സത്യം ചെയ്യിച്ചു. യോസേഫിന്റെ മക്കളായ എഫ്രയീമിനും മനശ്ശെക്കും പുത്രത്വം നല്കി അവരെ അനുഗ്രഹിച്ചു. തുടർന്നു യാക്കോബ് തന്റെ പന്ത്രണ്ടു പുത്രന്മാരെയും അനുഗ്രഹിച്ചു. അതിനുശേഷം അവൻ പ്രാണനെവിട്ടു തന്റെ ജനത്തോടു ചേർന്നു. (ഉല്പ, 49:33). മരിക്കുമ്പോൾ യാക്കോബിനു 147 വയസ്സ് പ്രായമുണ്ടായിരുന്നു. യാക്കോബിന്റെ ശരീരത്തെ കനാനിൽ കൊണ്ടുപോയി മക്പേലാ ഗുഹയിൽ അടക്കി.
യിസ്രായേൽ ജനതയുടെ കുലകൂടസ്ഥൻ യാക്കോബാണ്. ഗോത്രങ്ങൾ അറിയപ്പെട്ടതു യാക്കോബിന്റെ പുത്രന്മാരുടെ പേരുകളിലാണ്. ‘സാധുശീലനും കൂടാരവാസിയും’ എന്നിങ്ങനെ യാക്കോബിന്റെ സ്വഭാവത്തെക്കുറിച്ചുള്ള സാകല്യദർശനത്തോടു കൂടിയാണ് അവന്റെ ചരിത്രം ആരംഭിക്കുന്നത്. പിതാവിന്റെ ശാന്തപ്രകൃതിയും ഒതുക്കവും യാക്കോബിനു ലഭിച്ചിരുന്നുവെങ്കിലും സ്വന്തം കാര്യസാധ്യത്തിനുവേണ്ടി ഏതുപായവും പ്രയോഗിക്കുവാൻ മടി കാണിച്ചിരുന്നില്ല. ജ്യേഷ്ഠനിൽ നിന്നും ജ്യേഷ്ഠാവകാശവും പിതാവിൽ നിന്നു ജ്യേഷ്ഠന്റെ അനുഗ്രഹവും ഉപായരൂപേണ കൈക്കലാക്കി. യാക്കോബിന്റെ മക്കളിലും മൂത്തമകനു ജ്യേഷ്ഠാവകാശം നഷ്ടപ്പെട്ടതു രസകരമാണ്. രൂബേനു ലഭിക്കേണ്ട പൗരോഹിത്യം ലേവിക്കും, പ്രഭുസ്ഥാനം യെഹൂദയ്ക്കും, ഇരട്ടി ഓഹരി യോസേഫിനുമായി വിഭജിക്കപ്പെട്ടു. ഉന്നതമായ അനുഗ്രഹം തനിക്കു വേണ്ടി ദൈവം കരുതിയിട്ടുണ്ടു എന്ന വിശ്വാസം യാക്കോബിൽ രൂഢമൂലമായിരുന്നു. തന്മൂലം പരദേശവാസം ചെയ്തും തന്റെ ജീവൻ രക്ഷിക്കണമെന്ന് നിർണ്ണയം യാക്കോബിലുണ്ടായി. പദ്ദൻ-അരാമിൽ മാത്രമല്ല മിസ്രയീമിലും അതിനുവേണ്ടി യാക്കോബു പോയി. എത്ര വയസ്സായി എന്ന ഫറവോന്റെ ചോദ്യത്തിനു യാക്കോബ് നല്കിയ ഉത്തരവും ശ്രദ്ധേയമാണ്. എന്റെ പരദേശപ്രയാണത്തിന്റെ കാലം 130 സംവത്സരമായിരിക്കുന്നു. (ഉല്പ, 47:9). ആയുസ്സിനോടുള്ള ആർത്തി ഈ വാക്യത്തിൽ വ്യക്തമാണ്. പിതാവിൽ നിന്നു അകന്നു പാർക്കേണ്ടി വന്ന യാക്കോബിനു ദൈവിക പിതൃത്വവും സംരക്ഷണവും ലഭിച്ചു. ദൈവദൂതന്മാർ അവനോടു സംഭാഷിച്ചു. കർത്താവിന്റെ ദൂതനോടു മുഖാമുഖം മല്ലുപിടിച്ചു. വഞ്ചനയുടെയും അസൂയയുടെയും യാതനകൾ വേണ്ടുവോളം അനുഭവിച്ച യാക്കോബ് ഒടുവിൽ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്തിനു വിധേയനായി.
തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം വ്യക്തമാക്കുന്നതിന് പൗലൊസ് യാക്കോബിന്റെ തിരഞ്ഞെടുപ്പാണ് ചൂണ്ടിക്കാണിച്ചത്. “ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദേഷിച്ചിരിക്കുന്നു.” (റോമ, 9:11:13). അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നു മോശെക്കു ദൈവം വെളിപ്പെടുത്തി. (പുറ, 3:6). ഈ വാക്യം പുനരുത്ഥാനത്തിന്റെ തെളിവായി യേശു ഉദ്ധരിച്ചു. (മത്താ, 22:32; മർക്കൊ, 12:26; ലൂക്കൊ, 20:37). ദൈവരാജ്യത്തിൽ അബ്രാഹാമും യിസ്ഹാക്കും യാക്കോബും പങ്കാളികളാണ്. (മത്താ, 8:11; ലൂക്കൊ, 13:28). വിശ്വാസവീരന്മാരുടെ പട്ടികയിൽ യാക്കോബ് ഉൾപ്പെടുന്നു. (എബ്രാ, 11:9, 20,21). യേശുവിന്റെ വംശാവലികളിലും യാക്കോബിന്റെ പേരുണ്ട്. (മത്താ, 1:2; ലൂക്കൊ, 3:34). യാക്കോബിന്റെ ദൈവം (പുറ, 3:6; 2ശമൂ, 23:1; സങ്കീ, 20:1), യാക്കോബിന്റെ വല്ലഭൻ (സങ്കീ, 132:2), യാക്കോബ് ഗൃഹം (പുറ, 19:3; യെശ, 2:5; 8:17), യാക്കോബിന്റെ സന്തതി (യെശ, 45:19; യിരെ, 32:26), യാക്കോബിന്റെ സഭ (സംഖ്യാ, 33:4) എന്നീ പ്രയോഗങ്ങളും ശ്രദ്ധേയമാണ്.
യാക്കോബിൻ്റെ സന്തതികൾ
യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടാണ്. പതിമൂന്നു മക്കൾ ഉണ്ടായിരുന്നെങ്കിലും ഒരു പട്ടികയിൽ പോലും മകളുടെ പേർ നാമനിർദ്ദേശം ചെയ്തു കാണുന്നില്ല. പന്ത്രണ്ടു പേരടങ്ങുന്ന ഏകദേശം 18 പട്ടികകളുണ്ടെങ്കിലും അവയിലെല്ലാം തന്നെ ഒന്നോ അതിലധികമോ പേർ ഉപേക്ഷിക്കപ്പെട്ടിരിക്കും. ബഹുലേന ലേവിയാണ് ഒഴിവാക്കപ്പെട്ടു കാണുക. മരുഭൂപ്രയാണത്തിൽ ജനസംഖ്യ എടുക്കുമ്പോൾ, ലേവിയും യോസേഫും ഒഴിവാക്കപ്പെട്ടു; പകരം യോസേഫിന്റെ മക്കളായ എഫ്രയീമും മനശ്ശെയും കയറിക്കൂടി. വെളിപ്പാട് 7-ൽ മഹാപീഡനത്തിൽ രക്ഷയ്ക്കായി മുദ്രയിടപ്പെടുന്നവരിൽ ദാനും എഫ്രയീമും വിട്ടുകളഞ്ഞിരിക്കുന്നു; പകരം ലേവിയും യോസേഫും കടന്നുകൂടി. യാക്കോബിന്റെ മക്കളുടെ പേരുകളും അർത്ഥവും ചുവടെ ചേർക്കുന്നു.
ഭാര്യമാരും മക്കളും
ഭാര്യ ലേയയിൽ —
1. രൂബേൻ,
2. ശിമെയോൻ,
3. ലേവി,
4. യെഹൂദാ.
ബിൽഹായിൽ (റാഹേലിൻ്റെ ദാസി) —
5. ദാൻ,
6. നഫ്താലി.
സില്പായിൽ (ലേയയുടെ ദാസി) —
7. ഗാദ്,
8. ആശേർ.
ലേയയിൽ —
9. യിസ്സാഖാർ,
10. സെബൂലൂൻ,
11. ദീനാ.
റാഹേലിൽ —
12. യോസേഫ്,
13. ബെന്യാമീൻ.
രണ്ടു ഭാര്യ, രണ്ടു ദാസി, ആകെ13 മക്കൾ.
യോസേഫിൻ്റെ സന്തതികൾ
1. മനശ്ശെ,
2. എഫ്രയീം.
പേരും അർത്ഥവും (ഉല്പ, 29:32-35:18)
1.രൂബേൻ — നോക്കൂ! ഒരു മകൻ
2.ശിമെയോൻ — കേട്ടു
3.ലേവി — പറ്റിച്ചേരൽ
4.യെഹൂദാ — സ്തുതി
5. ദാൻ — ന്യായാധിപൻ
6.നഫ്താലി — പോർ പൊരുതുക
7.ഗാദ് — ഭാഗ്യം
8.ആശേർ — ഭാഗ്യവാൻ
9.യിസ്സാഖാർ — കൂലി
10.സെബൂലൂൻ — വാസം
11.യോസേഫ് — അവൻ കൂട്ടിച്ചേർക്കും
12.ബെന്യാമീൻ — വലങ്കയ്യുടെ പുത്രൻ
മരുഭൂപ്രയാണം: ഗോത്രവും പ്രഭുക്കന്മാരും (സംഖ്യാ, 1:5-16)
1. രൂബേൻ — എലീസൂർ
2. ശിമെയോൻ — ശെലുമീയേൽ
3. യെഹൂദാ — നഹശോൻ
4. യിസ്സാഖാർ — നെദനയേൽ
5. സെബൂലൂൻ — എലീയാബ്
6. എഫ്രയീം — എലീശാമാ
7. മനശ്ശെ — ഗമലീയേൽ
8. ബെന്യാമീൻ — അബീദാൻ
9. ദാൻ — അഹീയേസെർ
10. ആശേർ — പഗീയേൽ
11. ഗാദ് — എലീയാസാബ്
12. നഫ്താലി — അഹീര
മുദ്രിത ഗോത്രം (വെളി, 7:4-8)
1. യെഹൂദാ
2. രൂബേൻ
3. ഗാദ്
4. ആശേർ
5. നപ്താലി
6. മനശ്ശെ
7. ശിമെയോൻ
8. ലേവി
9. യിസ്സാഖാർ
10. സെബൂലോൻ
11. യോസേഫ്
12. ബെന്യാമീൻ
യാക്കോബിനു ലേയയിൽ ജനിച്ച പുത്രന്മാരും അവരുടെ മക്കളും
1. രൂബേന്റെ പുത്രന്മാർ: (ഉല്പ, 46:9)
2. ഹാനോക്,
3. ഫല്ലൂ,
4. ഹെസ്രോൻ,
5. കർമ്മി.
6. ശിമെയോന്റെ പുത്രന്മാർ: (ഉല്പ, 46:10)
7. യെമൂവേൽ,
8. യാമീൻ,
9. ഓഹദ്,
10. യാഖീൻ,
11. സോഹർ,
12. ശൌൽ.
13. ലേവിയുടെ പുത്രന്മാർ: (ഉല്പ, 46:11)
14. ഗേർശോൻ,
15. കഹാത്ത്,
16. മെരാരി.
17. യെഹൂദയുടെ പുത്രന്മാർ: (ഉല്പ, 46:12)
18. ഏർ,
19. ഓനാൻ,
20. ശേലാ,
21. പേരെസ്,
22. സേരഹ്;
23. ഹെസ്രോൻ,
24. ഹാമൂൽ.
25. യിസ്സാഖാരിന്റെ പുത്രന്മാർ: (ഉല്പ, 46:13)
26. തോലാ,
27. പുവ്വാ,
28. യോബ്,
29. ശിമ്രോൻ.
30. സെബൂലൂന്റെ പുത്രന്മാർ: (ഉല്പ, 46:14)
31. സേരെദ്,
32. ഏലോൻ,
33. യഹ്ളെയേൽ
34. ദീന
ലേയയുടെ ദാസി സില്പയുടെ മക്കളും അവരുടെ മക്കളും
1. ഗാദിന്റെ പുത്രന്മാർ: (ഉല്പ, 46:16)
2. സിഫ്യോൻ,
3. ഹഗ്ഗീ,
4. ശൂനീ,
5. എസ്ബോൻ,
6. ഏരി,
7. അരോദീ,
8. അരേലീ.
9. ആശേരിന്റെ പുത്രന്മാർ: (ഉല്പ, 46:17)
10. യിമ്നാ,
11. യിശ്വാ,
12. യിശ്വീ,
13. ബെരീയാ;
14. സേരഹ് (സഹോദരി).
15. ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ
16. മൽക്കീയേൽ.
റാഹേൽ യാക്കോബിന്നു പ്രസവിച്ച മക്കളും അവരുടെ മക്കളും
1. യോസേഫിൻ്റെ പുത്രന്മാർ: (ഉല്പ, 46:20)
2. മനശ്ശെ
3. എഫ്രയീം
4. ബെന്യാമിന്റെ പുത്രന്മാർ: (ഉല്പ, 46:21)
5. ബേല
6. ബേഖെർ,
7. അശ്ബെൽ,
8. ഗേരാ,
9. നാമാൻ,
10. ഏഹീ,
11. രോശ്,
12. മുപ്പീം,
13. ഹുപ്പീം,
14. ആരെദ്.
റാഹേലിൻ്റെ ദാസി ബിൽഹയുടെ മക്കളും അവരുടെ മക്കളും
1. ദാന്റെ പുത്രൻ: (ഉല്പ, 46:23)
2. ഹൂശീം.
3. നഫ്താലിയുടെ പുത്രന്മാർ: (ഉല്പ, 46:24)
4. യഹസേൽ,
5. ഗൂനീ,
6. യേസെർ,
7. ശില്ലോ.