യഹോവയുടെ ക്രോധദിവസം
ആഭരണങ്ങൾ അലങ്കാരവസ്തുക്കളും ധനത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകങ്ങളുമാണ്. ഇവ ആവോളം സമ്പാദിച്ചു കൂട്ടുവാൻ മനുഷ്യൻ എല്ലായ്പ്പോഴും പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. ധനത്തിന്റെയും പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും അടിസ്ഥാനമായി ഇവയെ കണക്കാക്കുന്ന മനുഷ്യൻ ഇവയുടെ മൂല്യം തങ്ങളെ രക്ഷിക്കുമെന്നു കണക്കുകൂട്ടുന്നു. തങ്ങളെ സമൃദ്ധിയിലേക്കു നയിച്ച അത്യുന്നതനായ ദൈവത്തെ മറന്ന യിസായേലിന്റെമേൽ ദൈവം നടത്തിയ ന്യായവിധി, സ്വർണ്ണവും വെള്ളിയും തങ്ങളെ രക്ഷിക്കുമെന്നു കരുതി ദൈവത്തെ മറന്നു മുന്നോട്ടുപോകുന്ന മനുഷ്യനുള്ള മുന്നറിയിപ്പാണ്: “യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.” (സെഫ, 1:18). “ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം, ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.” (സെഫ, 1:15,16). മിസ്രയീമ്യ അടിമത്തത്തിൽനിന്ന് അത്ഭുതങ്ങളാലും അടയാളങ്ങളാലും തങ്ങളെ വിമോചിപ്പിച്ച്, ചെങ്കടലും യോർദാനും പിളർന്ന്, 40 വർഷക്കാലം മരുഭൂമിയിലൂടെ പകലിൽ മേഘസ്തംഭമായി തണലേകിയും, രാതിയിൽ അഗ്നിസ്തംഭമായി വെളിച്ചം നൽകിയും വഴിനടത്തിയവനും, ഭക്ഷി ക്കുവാൻ മന്നായും കാടപ്പക്ഷിയും നൽകി പാലും തേനും ഒഴുകുന്ന കനാൻദേശത്തെത്തിച്ചവനുമായ ദൈവത്തെ മറന്ന് യിസായേൽമക്കൾ, ജാതികളുടെ ദേവന്മാരായ ബാലിനെയും മല്ക്കാമിനെയും ആരാധിക്കുകയും, അവർക്കു പൂജാഗിരികൾ പണിതു നമസ്കരിക്കുകയും ചെയ്തു. ദൈവത്തിന്റെ നീതിയും ന്യായവും മറന്നു മ്ലേച്ഛതകളിൽ ജീവിച്ച്, യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ പ്രവാചകന്മാരെ നിന്ദിക്കുകയും കൊല്ലുകയും ചെയ്ത അവർ, തങ്ങളുടെ തിരിച്ചുവരവിനുവേണ്ടി ക്ഷമാപുർവ്വം കാത്തിരുന്ന കരുണാസമ്പന്നനായ ദൈവത്തെ പരീക്ഷിക്കുകയായിരുന്നു. ദൈവത്തിന്റെ ക്രോധദിവസത്തെ കുറിച്ചുള്ള മുന്നറിയിപ്പു ലഭിച്ചിട്ടും തങ്ങളുടെ സ്വർണ്ണവും വെള്ളിയും അഥവാ ധനവും പ്രതാപങ്ങളും തങ്ങളെ രക്ഷിക്കുമെന്നു ചിന്തിച്ച് ദൈവത്തെ അവഗണിച്ചുകൊണ്ട് അവർ മുന്നോട്ടുപോയി. ആ ക്രോധദിവസം ഭയാനകമായിരുന്നു. ദൈവം, താൻ രൂപകല്പന ചെയ്തതും ഭൂമിയിലെ ഏറ്റവും മനോഹരമായിരുന്നതുമായ ദൈവാലയത്തെയും, തന്നെ മറന്ന ജനതയുടെ ഭവനങ്ങളെയും കത്തിച്ചുകളഞ്ഞു. വൃദ്ധന്മാരും യൗവ്വനക്കാരും കുഞ്ഞുങ്ങളും എല്ലാമെല്ലാം മൃഗീയമായി കൊല്ലപ്പെട്ടു. തങ്ങളുടെ സമ്പത്തിലും സ്ഥാനമാനങ്ങളിലും പ്രതാപങ്ങളിലും ആശ്രയിച്ച്, അവ തങ്ങളെ രക്ഷിക്കുമെന്നു കരുതി നി മുന്നോട്ടുപോകുന്ന ആധുനിക മനുഷ്യന് ചരിത്രം നൽകുന്ന മുന്നറിയിപ്പാണ് യഹോവയുടെ ക്രോധദിവസം.