യബ്ബോക് നദി (ford Jabbok)
പേരിനർത്ഥം – ഒഴുക്ക്
യോർദ്ദാനു കിഴക്കുള്ള ഒരു പ്രധാന നദി. ചാവുകടലിനും ഗലീലക്കടലിനും ഏതാണ്ടു മദ്ധ്യേ വച്ചു യോർദ്ദാൻ നദിയിൽ പതിക്കുന്നു. നദിയുടെ ഉത്ഭവസ്ഥാനത്തിനും പതനസ്ഥാനത്തിനും ഇടയ്ക്കുള്ള ഋജുവായ ദൂരം വെറും നാല്പതു കിലോ മീറ്ററാണ്. എന്നാൽ വളഞ്ഞുപുളഞ്ഞൊഴുകുക നിമിത്തം നദിക്കു ഏകദേ 97 കിലോമീറ്റർ ദൈർഘ്യമുണ്ട്. വല്ലപ്പോഴുമുള്ള മഴക്കാലത്തല്ലാതെ നദിക്ക് ആഴമില്ല. കടത്തുകൾ സുഗമമായി കടക്കാവുന്നതേയുള്ളൂ. യോർദ്ദാന്റെ പോഷകനദികളിൽ യാർമ്മൂക്കു കഴിഞ്ഞാൽ വലുതു യബ്ബോക്കാണ്. തീരങ്ങളിൽ സസ്യങ്ങൾ നിബിഡമായി വളരുന്നു. യബ്ബോക്ക് നദി അമോര്യരാജാവായ സീഹോന്റെ വടക്കെ അതിരാണ്. (യോശു, 12:2). അതുവഴി യിസ്രായേൽ മക്കളെ കടന്നുപോകാൻ അനുവദിക്കാത്തതു കൊണ്ടു യിസ്രായേൽ അവിടം പിടിച്ചു. (സംഖ്യാ, 21:21-25). ഓഗിന്റെ രാജ്യത്തിന്റെ തെക്കെഅതിരും ഈ നദിയാണ്. (യോശു, 12:5). യബ്ബോക്ക് കടവിൽ വച്ചു യാക്കോബ് ദൈവദൂതനുമായി മല്ലുപിടിച്ചു. (ഉല്പ, 32:22-30). അതോടുകൂടി യാക്കോബിന്റെ പേർ യിസ്രായേൽ ആയി. ‘മല്ലുപിടിക്കുക’ എന്നതിന്റെ എബ്രായപദം അബ്ബാക്ക് ആണ്. അതിൽ നിന്നാകണം നദിക്കു യബ്ബോക്ക് എന്നപേർ ലഭിച്ചത്. ആധുനികനാമം സർകാ (നീലനദി) ആണ്.