മർക്കൊസ് എഴുതിയ സുവിശേഷം (Gospel of Mark)
സുവിശേഷങ്ങളിൽ ഏറ്റവും ചെറുതും ലളിതവുമാണ് മർക്കൊസ് സുവിശേഷം. യേശുക്രിസ്തുവിനെ ദാസന്റെ രൂപത്തിൽ അവതരിപ്പിക്കുന്നു. മത്തായി, ലൂക്കൊസ് എന്നിവരെ അപേക്ഷിച്ച് യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾ വളരെക്കുറച്ചു മാത്രമേ മർക്കൊസ് രേഖപ്പെടുത്തിയിട്ടുള്ളൂ. സുവിശേഷത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരേയൊരു ദീർഘപ്രഭാഷണം ഒലിവുമല പ്രഭാഷണമാണ്. യേശുവിന്റെ വംശാവലിയോ ശൈശവമോ ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയോടുകൂടി സുവിശേഷം ആരംഭിക്കുകയും ക്രിസ്തുവിന്റെ പുനരുത്ഥാന വിവരണത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു. മത്തായി സുവിശേഷത്തിന്റെ സംക്ഷേപണമാണ് മർക്കൊസ് സുവിശേഷം എന്നായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടുവരെയും കരുതപ്പെട്ടിരുന്നത്. മത്തായിയുടെയും ലൂക്കൊസിന്റെയും സുവിശേഷങ്ങൾക്കു നല്കിയ പ്രാധാന്യം മർക്കൊസ് സുവിശേഷത്തിനു നല്കിയിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിലാണ് മർക്കൊസ് സുവിശേഷത്തിന്റെ മാഹാത്മ്യം പണ്ഡിതന്മാർ മനസ്സിലാക്കിയത്. മത്തായിയും ലൂക്കൊസും മർക്കൊസിനെ ഉപജീവിച്ചു എന്നതിൽ ഇന്നാർക്കും സന്ദേഹമില്ല. മർക്കൊസിന്റെ രചനാക്രമമാണ് മത്തായിയും ലൂക്കൊസും പൊതുവെ പിന്തുടരുന്നത്. എന്നാൽ ചില സ്ഥാനങ്ങളിൽ മാറ്റം ദൃശ്യമാണ്. മർക്കൊസ് പറയുന്നതിൽ നിന്നും വ്യത്യസ്തമായി പറയുന്ന സ്ഥാനങ്ങളിൽ മത്തായിയും ലൂക്കൊസും ഐക്യം കാട്ടുന്നില്ല. ഇതിൽനിന്നും മത്തായിക്കും ലൂക്കൊസിനും മർക്കൊസ് സുവിശേഷം അവലംബമായിരുന്നു എന്നു മനസ്സിലാക്കാം.
ഗ്രന്ഥകർത്താവ്: സുവിശേഷത്തിന്റെ ഗ്രന്ഥകർത്താവു മർക്കൊസ് ആണെന്നും പത്രോസിന്റെ പ്രസംഗമാണ് അതിന്റെ ഉള്ളടക്കമെന്നും ആദിമസഭാപാരമ്പര്യം വ്യക്തമാക്കിയിട്ടുണ്ട്. മർക്കൊസ് സുവിശേഷത്തിന്റെ ഉത്പത്തിയെക്കുറിച്ച് ആദ്യം രേഖപ്പെടുത്തിയത് ഹയറാപൊലിസിലെ ബിഷപ്പായിരുന്ന പാപ്പിയാസ് ആണ്. പാപ്പിയാസ് ഇപ്രകാരം പറഞ്ഞുവെന്ന് സഭാചരിത്രകാരനായ എവുസെബിയൂസ് രേഖപ്പെടുത്തി: “പത്രൊസിന്റെ ദ്വിഭാഷിയായിരുന്ന മർക്കൊസ് ക്രിസ്തുവിന്റെ അരുളപ്പാടുകളും പ്രവൃത്തികളും താൻ ഓർമ്മിച്ചത് സൂക്ഷ്മതയോടെ രേഖപ്പെടുത്തി. പക്ഷേ അതു ക്രമമായിട്ടായിരുന്നില്ല. കാരണം മർക്കൊസ് നമ്മുടെ കർത്താവിന്റെ വാക്കുകളെ നേരിട്ടു കേട്ടിട്ടുമില്ല; ക്രിസ്തുവിനോടൊത്തു സഞ്ചരിച്ചിട്ടുമില്ല. എന്നാൽ ഞാൻ മുമ്പു പറഞ്ഞതുപോലെ അദ്ദേഹം പത്രൊസിനെ അനുഗമിച്ചിരുന്നു. പത്രൊസ് ക്രിസ്തുവിന്റെ ഉപദേശം സന്ദർഭാനുസരണം പഠിപ്പിക്കുകയായിരുന്നു; അവയെ അനുക്രമമായി സമാഹരിക്കുകയായിരുന്നില്ല. ഇങ്ങനെ തനിക്കു ഓർമ്മ വന്ന കാര്യങ്ങൾ മാത്രം രേഖപ്പെടുത്തിയപ്പോൾ മർക്കൊസ് തെറ്റൊന്നും വരുത്തിയില്ല. കേട്ടതിൽ നിന്നും എന്തെങ്കിലും ഒഴിവാക്കുകയോ അതിനോടു വ്യാജപ്രസ്താവനകൾ ചേർക്കുകയോ ചെയ്യാതിരിക്കാൻ മർക്കൊസ് ജാഗ്രതയുളളവനായിരുന്നു.” ദ്വിഭാഷി എന്നതുകൊണ്ടു പതാസിന്റെ പ്രസംഗം മർക്കൊസ് പരിഭാഷപ്പെടുത്തിയെന്നു മനസ്സിലാക്കേണ്ടതില്ല. പത്രോസിന് അറിയാമായിരുന്ന അരാമ്യയും ഗ്രീക്കും തന്റെ മിഷണറി പ്രവർത്തനത്തിനു മതിയായിരുന്നു. പത്രൊസിന്റെ പ്രസംഗം മർക്കൊസ് സുവിശേഷമായി പുനരാവിഷ്ക്കരിച്ചു എന്നുവേണം മനസ്സിലാക്കാൻ. ജസ്റ്റിൻ മാർട്ടിയർ (എ.ഡി. 160) മർക്കൊസ് 3:17-നെ ‘പത്രൊസിന്റെ അനുസ്മരണകൾ’ എന്ന ഗ്രന്ഥത്തിൽ നിന്നെന്നു പറഞ്ഞു ഉദ്ധരിക്കുന്നു. ഇതു പത്രൊസിന്റെ അനുസ്മരണകൾ മർക്കൊസ് സുവിശേഷത്തിലുണ്ടെന്ന ധാരണയെ പ്രബലമാക്കുന്നു. പത്രൊസിന്റെയും പൗലൊസിന്റെയും റോമിൽനിന്നുള്ള പുറപ്പാടിനുശേഷം പത്രൊസിന്റെ ശിഷ്യനും ദ്വിഭാഷിയും ആയിരുന്ന മർക്കൊസ് പത്രൊസിന്റെ പ്രസംഗത്തിന്റെ സാരാംശം നമുക്കു രേഖപ്പെടുത്തിത്തന്നു എന്നു ഐറേന്യൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. തെർത്തുല്യൻ (എ.ഡി 200) ഓറിജൻ (എ.ഡി. 230) തുടങ്ങിയ സഭാപിതാക്കന്മാരും മർക്കൊസ് സുവിശേഷം പത്രൊസിന്റെ പ്രസംഗമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
എഴുതിയകാലം കാലം: എ.ഡി. 55-നും 65-നും മദ്ധ്യേ മർക്കൊസ് സുവിശേഷം എഴുതപ്പെട്ടിരിക്കണം. ആഭ്യന്തര തെളിവനുസരിച്ച് യെരുശലേമിന്റെ നാശത്തിനു മുമ്പു സുവിശേഷം എഴുതപ്പെട്ടു. (13:1-4). പുറപ്പാടിനു മരണം എന്ന അർത്ഥമാണ് മിക്ക പണ്ഡിതന്മാരും നല്കുന്നത്. അതനുസരിച്ച് പത്രൊസിന്റെ മരണം കഴിഞ്ഞ ഉടൻ മർക്കൊസ് സുവിശേഷം എഴുതപ്പെട്ടു എന്നു കരുതേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ എ.ഡി. 65-ന് ശേഷമായിരിക്കും ഇതിൻ്റെ രചന. എന്നാൽ പത്രൊസിന്റെ ജീവിതകാലത്തു തന്നെ സുവിശേഷം എഴുതപ്പെട്ടു എന്നു അലക്സാണ്ടിയയിലെ ക്ലെമന്റ് ദൃഢസ്വരത്തിൽ പറയുന്നു. ആദ്യസുവിശേഷം മർക്കൊസിൻ്റെ ആയതുകൊണ്ട് എ.ഡി. 55-ൽ ഇതെഴുതി എന്ന് ആധുനിക പണ്ഡിതന്മാർ പലരും വിശ്വസിക്കുന്നു.
എഴുതിയ സ്ഥലം: അലക്സാണ്ട്രിയയിലെ ക്ലെമന്റിന്റെ പ്രസ്താവന ഈ കാര്യത്തിൽ ഉദ്ധാര്യമാണ്. ‘പത്രോസ് റോമിൽ പരസ്യമായി വചനം പ്രസ്താവിക്കുകയും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ സുവിശേഷം വിളംബരം ചെയ്യുകയും ചെയ്തു. അതുകേട്ട് അനേകർ ഇക്കാര്യങ്ങൾ രേഖപ്പെടുത്തി നല്കുന്നതിനു മർക്കൊസിനോട് ആപേക്ഷിച്ചു. സുവിശേഷം രചിച്ചശേഷം ആവശ്യപ്പെട്ടവർക്കു മർക്കൊസ് നല്കി. ഇതറിഞ്ഞ പത്രൊസ് അതിനെ നിരുത്സാഹപ്പെടുത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.” ആദിമകാലം തൊട്ടിന്നുവരെയും മർക്കൊസ് സുവിശേഷം റോമിൽ വച്ച് എഴുതി എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനു പല തെളിവുകളുണ്ട്. പത്തു ലത്തീൻ പദങ്ങൾ മർക്കൊസ് പ്രയോഗിക്കുന്നുണ്ട്. അവയിൽ ചിലതു പുതിയനിയമത്തിൽ മറ്റൊരിടത്തും പ്രയോഗിച്ചിട്ടില്ല. മർക്കൊസ് എന്ന പേരു പോലും ലത്തീൻ ആണ്. വിജാതീയർക്കു എഴുതിയതുകൊണ്ടു യെഹൂദന്മാരുടെ ആചാരമര്യാദകൾ വിശദമാക്കുന്നു. (7:3,4; 12:12; 14:12). അരാമ്യ പ്രയോഗങ്ങൾ അവതരിപ്പിക്കുമ്പോൾ അവയുടെ അർത്ഥം വ്യക്തമാക്കുന്നു. (3:17; 5:41; 7:11,34; 14:36; 15:22,34). ഒലിവുമല ദൈവാലയത്തിനു നേരെയാണെന്ന പ്രസ്താവന (13:3) യെഹൂദന്മാരെ സംബന്ധിച്ചിടത്തോളം ഉപരിപ്ലവമാണ്. എന്നാൽ ഈ വിശദീകരണം റോമിലെ അനുവാചകർക്കു ആവശ്യമാണ്. ന്യായപ്രമാണം; അതിനു പുതിയ നിയമവുമായുള്ള ബന്ധം, ശാസ്ത്രിമാർക്കും പരീശന്മാർക്കും എതിരെയുള്ള രൂക്ഷ വിമർശനം (മത്താ, 23; 12:38-40) എന്നിവ മർക്കൊസ് സുവിശേഷത്തിലില്ല. മത്തായിയുടെ സുവിശേഷം എബ്രായർക്കും ലൂക്കൊസിന്റേത് യവനർക്കും എന്നപോലെ മർക്കൊസ് സുവിശേഷം റോമിലെ വിശ്വാസികൾക്കു വേണ്ടി റോമിൽവച്ച് എഴുതപ്പെട്ടതാണ്.
എഴുത്തിന്റെ ഉദ്ദേശ്യം: മത്തായി പ്രധാനമായും സഹജൂതന്മാർക്കാണ് എഴുതിയത്. മർക്കോസിന്റെ സുവിശേഷം റോമൻ വിശ്വാസികളെ, പ്രത്യേകിച്ച് വിജാതീയരെ ലക്ഷ്യം വച്ചുള്ളതായിരുന്നു. മുമ്പ് സുവിശേഷം കേട്ട് വിശ്വസിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് ഒരു ശുശ്രൂഷകനായാണ് മാർക്കൊസ് സുവിശേഷം എഴുതുന്നത്. (റോമ, 1:8). കഠിനമായ പീഡനങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും അവന്റെ ശിഷ്യന്മാർ എന്നതിന്റെ അർത്ഥം അവരെ പഠിപ്പിക്കുന്നതിനുമായി, ലോകരക്ഷിതാവായ യേശുക്രിസ്തു ദാസരൂപമെടുത്ത് കഷ്ടം സഹിച്ചു മരിച്ചത് ആവർ അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
പ്രധാന വാക്യങ്ങൾ: 1. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” മർക്കൊസ് 1:11.
2. “യേശു അവരോടു: “എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.” മർക്കൊസ് 1:17.
3. “ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.” മർക്കൊസ് 10:15.
4. “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.” മർക്കൊസ് 10:45.
5. “അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.” മർക്കൊസ് 12:33.
6. “അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.” മർക്കൊസ് 16:6.
7. “പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” മർക്കൊസ് 16:15.
ഉള്ളടക്കം: I. മുഖവുരയും ഒരുക്കവും : 1 : 1 – 13 .
1. മുന്നോടി – യോഹന്നാൻ സ്നാപകൻ: 1:1-8.
2. യേശുവിന്റെ സ്നാനം: 1:9-11.
3. പരീക്ഷ: 1:12,13.
II. ഗലീലയിലെ ശുശ്രൂഷ: 1:14-8:26.
1. ശിഷ്യന്മാരെ വിളിക്കുന്നു: 1:14-20.
2. അത്ഭുതങ്ങൾ: 1:21-3:12.
3. പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നു: 3:13:19.
4. പരീശന്മാരുമായുള്ള വിവാദം, ഉപമകൾ, അത്ഭുതങ്ങൾ: 3:20-6:6.
5. അപ്പൊസ്തലന്മാർക്കു നിയോഗം നല്കുന്നു: 6:7-13.
6. യോഹന്നാൻ സ്നാപകന്റെ മരണം: 6:14-29.
7. അയ്യായിരം പേരെ പോഷിപ്പിക്കുന്നു, പരീശന്മാരോടു വാദിക്കുന്നു; നാലായിരം പേരെ പോഷിപ്പിക്കുന്നു: 6:30-8:10.
8. എതിർപ്പുകൾ അവഗണിക്കുന്നു; കുരുടനെ സൗഖ്യമാക്കുന്നു: 8;11-26.
III. കഷ്ടാനുഭവത്തിനായുള്ള ഒരുക്കം: 8:27-10:52.
1. പത്രാസ് ക്രിസ്തു എന്നു ഏറ്റുപറയുന്നു: 8:27-30.
2. കഷ്ടാനുഭവത്തെക്കുറിച്ചു യേശു ആദ്യം പ്രവചിക്കുന്നു: 8:31-38.
3. യേശുവിന്റെ രൂപാന്തരം, ഭൂത്രഗ്രസ്തനായ കുട്ടിയെ സുഖപ്പെടുത്തുന്നു: 9:1-29.
4. തന്റെ കഷ്ടാനുഭവത്തെക്കുറിച്ചു രണ്ടാമതും പ്രവചിക്കുന്നു: 9:30-32.
5. വിവാഹമോചനം, ധനവാനായ യുവപ്രമാണി ഇത്യാദി: 9:33-10:31.
6. തന്റെ മരണത്തെക്കുറിച്ചു മൂന്നാമതും പ്രവചിക്കുന്നു: 10:32-34.
7. സെബെദിയുടെ പുത്രന്മാർ രാജ്യത്തിൽ ആദ്യസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു; കുരുടനായ ബർത്തിമായിയെ സുഖപ്പെടുത്തുന്നു: 10:35-52.
IV. കഷ്ടാനുഭവ ആഴ്ചയും പുനരുത്ഥാനവും: 11-16 അ.
1. ജൈത്രപ്രവേശവും ദൈവാലയശുദ്ധീകരണവും: 11-1-33.
2. മുന്തിരിത്തോട്ടത്തിന്റെ ഉപമയും ഹെരോദ്യരോടും സദൂക്യരോടും ഉള്ള വിവാദവും: 12:1-27.
3. മുഖ്യകല്പന, വിധവയുടെ രണ്ടുകാശ്, പുനരാഗമനത്തിന്റെ മുന്നറിയിപ്പ്: 12:28-13:37.
4. യേശു കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ: 14:1-11.
5. അന്ത്യഅത്താഴം: 14:12-31.
6. യേശു ഗെത്ത്ശമന തോട്ടത്തിൽ: 14:32-52.
7. യേശു മഹാപുരോഹിതന്റെ മുമ്പിൽ: 14:53-72.
8. പീലാത്തോസിന്റെ മുമ്പിൽ: 15:1-21.
9. ക്രൂശീകരണം: 15:22-47.
10. പുനരുത്ഥാനം: 16:1-8.
11. പുനരുത്ഥാനാനന്തര പ്രത്യക്ഷതകൾ: 16:9-20.
സവിശേഷതകൾ: 1. കർമ്മപ്രധാനമായ സുവിശേഷമാണ് മർക്കൊസ്. യേശു എന്തു പറഞ്ഞു എന്നതിനല്ല, എന്തുചെയ്തു എന്നതിനാണ് പ്രാധാന്യം. ക്രിസ്തുവിന്റെ ഒരേയൊരു ദീർഘപ്രഭാഷണം (ഒലിവുമല പ്രഭാഷണം) മാത്രമേ മർക്കൊസ് രേഖപ്പെടുത്തിയിട്ടുളളു. യേശുവിന്റെ 18 അത്ഭുതങ്ങൾ ഇതിലുണ്ട്; ഉപമകൾ നാലുമാത്രവും. മത്തായി സുവിശേഷത്തിൽ 18-ഉം ലൂക്കൊസ് സുവിശേഷത്തിൽ 19-ഉം ഉപമകൾ ഉണ്ട്. പെട്ടെന്ന്, ഉടനെ എന്നിവയുടെ ഗ്രീക്കു പദമായ യുത്തുസ് മർക്കൊസിൽ 41 പ്രാവശ്യമുണ്ട്. തിരക്കേറിയ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ക്രിയാവിശേഷണമാണിത്.
2. യഹോവയുടെ ദാസനായി യേശുവിനെ അവതരിപ്പിക്കുന്നു. ഒരു ദാസനാ വംശാവലിയോ ബാല്യകാല ചരിത്രമോ ഉണ്ടാകാനിടയില്ല. തന്മൂലം മർക്കൊസ് യേശുക്രിസ്തുവിന്റെ വംശാവലിയോ കന്യകാജനനമോ, ബാല്യകാല ചരിത്രമോ രേഖപ്പെടുത്തിയിട്ടില്ല. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം എന്നാണ് പുസ്തകം ആരംഭിക്കുന്നത്. “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിക്കാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനുമതേ വന്നത്” എന്നു ക്രിസ്തു തന്റെ ജഡധാരണലക്ഷ്യം പ്രഖ്യാപിച്ചു. (10:45).
3. സുവിശേഷം എഴുതിയതു മർക്കൊസ് ആണെങ്കിലും അതിൽ അനുരണനം ചെയ്യുന്നതു പത്രൊസിന്റെ ശബ്ദമാണ്. മറ്റു സുവിശേഷകാരന്മാർ വിട്ടുകളഞ്ഞ പല സന്ദർഭങ്ങളിലും മർക്കൊസ് പത്രൊസിന്റെ പേര് എടുത്തു പറയുന്നതിനു കാരണം (1:36; 11:21; 13:3) അതാകണം.
4. താൻ പാർത്തിരുന്ന നസറെത്തിൽ തച്ചൻ എന്ന നിലയിൽ യേശു അറിയപ്പെട്ടിരുന്നു എന്നു മർക്കൊസ് മാത്രമേ രേഖപ്പെടുത്തിയിട്ടുളളു. (6:3). യേശുവിന്റെ പന്ത്രണ്ടും മുപ്പതും വയസ്സിനിടയ്ക്കുള്ള ജീവിതത്തിന്റെ ഒരു നേരിയ സൂചന ഈ പ്രസ്താവനയിൽ നിന്നു നമുക്കു ലഭിക്കുന്നു.
മർക്കൊസ് സുവിശേഷത്തിന്റെ പരിസമാപ്തി പാഠനിരുപണവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് . സുവിശേഷം 16:8-ൽ പൊടുന്നനവെ അവസാനിക്കുന്നു. ഒരപൂർണ്ണത അവിടെ ദൃശ്യമാണ്. ഏറ്റവും പുരാതന ഗ്രീക്കു കൈയെഴുത്തു പ്രതികളായ വത്തിക്കാൻ ലിഖിതത്തിലും സീനായ് ലിഖിതത്തിലും സമാപ്തി 16:8-ലാണ് മറ്റനേകം കൈയെഴുത്തു പ്രതികളിൽ 16-20 വരെയുള്ള ദീർഘസമാപ്തി കാണാൻ കഴിയും. മലയാള തർജ്ജമയിൽ ഈ ഭാഗം ചതുര കോഷ്ഠത്തിൽ ചേർത്തിരിക്കുന്നു. 16:9-20 വരെയുള്ള വാക്യങ്ങൾ മൗലികമാണോ പ്രക്ഷിപ്തമാണോ എന്നത് കുഴക്കുന്ന പ്രശ്നമാണ്. ഡീൻ ബർഗൻ, മില്ലർ, സ്ക്രിവ്നർ, ഫുള്ളർ തുടങ്ങിയവർ ഈ ഭാഗം മൗലികമാണെന്നു കരുതുന്നു. വാർഫീൽഡ്, വെസ്റ്റ്കോട്ട് ൾ, ഏ.റ്റി. റോബർട്ട്സൺ ആദിയായവർ അതിനെ പ്രക്ഷിപ്തമായി കരുതുന്നു. മർക്കൊസ് സുവിശേഷം 16:8-ൽ അവസാനിച്ചു എന്നു ചിന്തിക്കുന്നവർ ഇന്നും ചുരുക്കമാണ്. ആദ്യകാലത്തു തന്നെ 8-ാം വാക്യത്തിനു ശേഷമുള്ള ഭാഗം നഷ്ടപ്പെട്ടിരിക്കണം. വാഷിങ്ടൺ ഗ്രന്ഥത്തിൽ മർക്കൊസ് സുവിശേഷത്തിന്റെ ദീർഘമായി സമാപ്തി 16-20-യാണുളളത്. എന്നാൽ 16:14-നു ശേഷം ഒരു കൂട്ടിച്ചേർക്കലുണ്ട്. അതിപ്രകാരം അവസാനിക്കുന്നു; “സ്വർഗ്ഗത്തിലുളള നീതിയുടെ അക്ഷയമായ തേജസ്സിലേക്കു് പാപികൾ മടങ്ങിവരുന്നതിനായി അവർക്കു വേണ്ടി ഞാൻ മരണത്തിനേല്പിക്കപ്പെട്ടു.” റെജിയൂസ് ഗ്രന്ഥത്തിൽ രണ്ടു വിധത്തിലുള്ള സമാപ്തിയും കാണപ്പെടുന്നു. ഹസ്വസമാപ്തി 16:8-നു ശേഷം ഈ വാക്യത്തോടു കൂടെയാണ് അവസാനിക്കുന്നതു; “അവർ (സ്ത്രീകൾ) തങ്ങളോടു പറയപ്പെട്ടതെല്ലാം പത്രൊസിനോടും കൂടെയുണ്ടായിരുന്നവരോടും ചുരുക്കിപ്പറഞ്ഞു. പിന്നീടു യേശു തന്നെ നിത്യരക്ഷയുടെ പരിശുദ്ധവും അനശ്വരവുമായ വിളംബരം അവർവഴി കിഴക്കു മുതൽ പടി ഞ്ഞാറു വരെ അയച്ചു.”