മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?

☛ ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വേദഭാഗമുണ്ട്: ❝പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.❞ (എബ്രാ, 11:25-26). ➟ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ച് ഇരിക്കുന്നത് ന്ന ഒരു വേദഭാഗമാണിത്. ➟ഈ വാക്യപ്രകാരം, ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിന്ദയാണ് മോശെ വലിയ ധനമായി എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. ➟എന്നാൽ എബ്രായ ലേഖകൻ, യേശുവിനെക്കുറിച്ചല്ല; മോശെ എന്ന ക്രിസ്തുവിനെക്കുറിച്ചാണ് (അഭിഷിക്തൻ) പറയുന്നത്. ➟എബ്രായർ പതിനൊന്നിലെ വിഷയം യേശുക്രിസ്തുവേയല്ല; വിശ്വാസവീരന്മാരും അവരുടെ വിശ്വാസത്തിൻ്റെ തീക്ഷ്ണതയുമാണ്. ➟എന്താണ് യഥാർത്ഥ പ്രശ്നമെന്ന് ചോദിച്ചാൽ: ❝ദൈവപുത്രൻ❞ (Son of God) എന്നുപറഞ്ഞാലും ❝ക്രിസ്തു/മശീഹ❞ (Christ/Messiah) എന്നു പറഞ്ഞാലും യേശു മാത്രമാണെന്നാണ് പലരും മനസ്സിലാക്കുന്നത്. ➟ബൈബിളിൽ, ദൂതന്മാരും മനുഷ്യരുമായി അനേകം ദൈവപുത്രന്മാരും ക്രിസ്തുക്കളുമുണ്ട്. ➟പേർപറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാരുണ്ട്. [കാണുക: മശീഹമാർ]. ➟മറ്റൊരു വിഷയം: ❝മശീഹ❞ (מָשִׁיחַ – Maseeha) എന്ന എബ്രായ പദത്തെ പഴയനിയമത്തിൽ എല്ലായിടത്തും ❝അഭിഷിക്തൻ❞ (Anointed) എന്ന് പരിഭാഷ (Translation) ചെയ്താണ് ചേർത്തിരിക്കുന്നത്. ഇംഗ്ലീഷിൽ രണ്ടിടത്ത് ❝the Messiah❞ എന്ന് ലിപ്യന്തരണം ചെയ്തിട്ടുണ്ട്: Dan, 9:25; 9:26. ➟എന്നാൽ പുതിയനിയമത്തിൽ ❝ഖ്രിസ്റ്റോസ്❞ (Χριστός – christos) എന്ന ഗ്രീക്കുപദത്തെ ❝അഭിഷിക്തൻ❞ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ❝ക്രിസ്തു❞ (Christ) എന്ന് ലിപ്യന്തരണം (Transliteration) ചെയ്താണ് ചേർത്തിരിക്കുന്നത്. അതിനാൽ, ❝ക്രിസ്തു❞ എന്ന് കാണുന്നതൊക്കെ, യേശു ആണെന്ന് പലരും കരുതുന്നു.
➦ അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ❝ക്രിസ്തു❞ (അഭിഷിക്തൻ) യഥാർത്ഥത്തിൽ യേശുവല്ല; മോശെയാണ്. ➟അവിടെ ❝അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി❞ എന്നാണ് പരിഭാഷ ചെയ്തിരുന്നതെങ്കിൽ, അത് മോശെയാണെന്ന് മനസ്സിലാകുമായിരുന്നു. ➟എന്നാൽ ❝ഖ്രിസ്റ്റൊസ്❞ എന്ന ഗ്രീക്കുപദത്തെ ❝അഭിഷിക്തൻ❞ എന്ന് പരിഭാഷ ചെയ്യാതെ, ❝ക്രിസ്തു❞ എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ➟ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: ❝പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.❞ (എബ്രാ, 11:25-26). ➟മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ➟ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. ➟ആ നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. ➟അല്ലാതെ, പിന്നെയും ആയിരത്തഞ്ചൂറ് വർഷങ്ങൾക്കുശേഷം ജനിച്ച യേശുവിൻ്റെ നിന്ദയല്ല അവൻ ധനമായി എണ്ണിയത്. 
☛ പ്രസ്തുത വാക്യത്തിലെ അഭിഷിക്തൻ (ക്രിസ്തു) യേശുവല്ല; മോശെയാണ് എന്നതിന്റെ പല തെളിവുകളും ബൈബിളിൽ ഉണ്ട്:
❶❝ക്രിസ്തു❞ എന്നാൽ; അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണർത്ഥം. ➟യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണ് യേശു: (ലൂക്കൊ, 3:22; പ്രവൃ, 10:38പ്രവൃ, 4:37; യോഹ, 8:40). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ തൻ്റെ അഭിഷേകത്തെക്കുറിച്ചുള്ള യേശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ അഭിഷേകം പ്രാപിച്ച് ❝ക്രിസ്തു❞ (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് യേശുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യെശ, 61:1; ലൂക്കൊ, 4:16-21). ➟എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ച് ❝ക്രിസ്തു❝ (അഭിഷിക്തൻ) ആയവൻ്റെ നിന്ദ, അതിനും ആയിരത്തി അഞ്ചൂറ് വർഷങ്ങൾക്കുമുമ്പ് മോശെ എങ്ങനെ ധനമായെണ്ണും❓
❷പഴയനിയമത്തിൽ യേശുവെന്ന വ്യക്തിയില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണുള്ളത്. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3) കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12) അടക്കം (യെശ, 53:9) പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രം (യാഥാർത്ഥ്യം) ആകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟എ.എം 3,755-ലാണ് (ബി.സി. 6) യേശുവിനെക്കുറിച്ചുള്ള ആദ്യപ്രപ്രവചനം നിവൃത്തിയായത്: (മീഖാ, 5:2ലൂക്കൊ, 2:5-7). ➟എ.എം 3,755-ൽ പ്രവചന നിവൃത്തിയായി ജനിച്ച വ്യക്തിയുടെ നിന്ദ, ഏകദേശം എ.എം. 2,255-ൽ മോശെ ധനമെന്ന് എണ്ണുന്നത് എങ്ങനെയാണ്❓
❸ അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. ➟പേർ പറയപ്പെട്ട ഇരുപതോളം അഭിഷിക്തന്മാർ (ക്രിസ്തുക്കൾ) ബൈബിളിൽ ഉണ്ട്; അതിൽ ഒറ്റ ദൂതൻപോലും ഇല്ല. ➟ദൂതന്മാരെ ദൈവം ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ അവർക്ക് അഭിഷേകത്തിൻ്റെ ആവശ്യമില്ല. ➟ദൈവത്താൽ അഭിഷേകം പ്രാപിച്ച എല്ലാവരും മനുഷ്യരാണ്. യേശുവും ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതുകൊണ്ടാണ്,അഭിഷേകം ആവശ്യമായി വന്നത്: ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.❞ (പ്രവൃ, 10:38). ➟ഈ വസ്തുത നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും നന്നായറിയാം. ➟തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തന്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ❓ [കാണുക: അഭിഷേകദാതാവും അഭിഷിക്തനും].
❹ യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:2-3; 22:20; ആവ, 3:24; 4:35; 5:6-7; 6:4; 32:12; 32:38; 33:26). ➟❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39). ➟ആ മോശെ, ഏകദൈവത്തിൻ്റെ നിന്ദയല്ലാതെ, ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണുമോ❓
❺ ❝എന്നെപ്പോലെ പ്രവാചകൻ❞ എന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്. (ആവ, 18:15പ്രവൃ, 3:22; 7:37). ➟പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനെന്ന് യേശുവിനെയും വാക്കിലും പ്രവൃത്തിയിലും സമർത്ഥനെന്ന് മോശെയെയും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:19 – പ്രവൃ, 3:22; 7:22). ➟തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവെന്ന ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ❓ [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]
❻ ❝നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,❞ (1പത്രൊ, 1:10-11). ➟ഈ വേദഭാഗത്ത്, പ്രവാചകന്മാരിലുള്ള ❝ക്രിസ്തുവിൻ ആത്മാവിനെയും, യേശുവെന്ന ക്രിസ്തുവിനെയും❞ വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ➟അതായത്, ദൈവത്തിൻ്റെ അഭിഷിക്തന്മാരായ അഥവാ, ക്രിസ്തുക്കളായ പ്രവാചകന്മാർ അവരിലുള്ള ക്രിസ്തുവിൻ്റെ അഥവാ, അഭിഷിക്തൻ്റെ ആത്മാവിലാണ്, യേശുവെന്ന ക്രിസ്തുവിന് വരേണ്ട കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞ് അന്വേഷിച്ചിരുന്നത്. ➟അല്ലാതെ, ഈ വാക്യത്തിലെ രണ്ട് ക്രിസ്തുവും യേശുവല്ല. അതിനാൽ ക്രിസ്തു എന്ന് കാണുന്നതെല്ലാം യേശു ആണെന്ന് ധരിക്കരുത്. [കാണുക: ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല].
❼ യേശു ലോകസ്ഥാപനംമുതൽ കഷ്ടം അനുഭവിച്ചവനല്ല; ലോകാവസാനത്തിലാണ് സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ അവൻ പ്രത്യക്ഷനായതെന്നാണ് എബ്രായലേഖകൻ പറയുന്നത്: (എബ്രാ, 9:26). ➟അപ്പോഴാണ് അവൻ നിന്ദ അനുഭവിച്ചതും: (യെശ, 53:3; മത്താ, 27:44). ➟ആ നിന്ദയെങ്ങനെ ഒന്നര സഹസ്രാബ്ദംമുമ്പ് മോശെയുടെ ധനമായിമാറും❓ ➟തന്മൂലം, എബ്രായലേഖകൻ പറയുന്ന ക്രിസ്തു (അഭിഷിക്തൻ) യേശുവല്ല; മോശെയാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟മോശെ പ്രവാചകനും (ആവ, 18:15; 18:18; പ്രവൃ, 3:22; 7:37) പുരോഹിതനുമാണ്. (സങ്കീ, 99:6). 
☛ പഴയനിയമത്തിൽ ❝അഭിഷിക്തൻ❞ (Anointed) എന്ന് മോശെയെ അക്ഷരംപ്രതി പറഞ്ഞിട്ടില്ല. ➟മോശെയുടെ കാലത്ത് അവനെ അഭിഷേകം ചെയ്യിക്കാൻ മറ്റൊരു അഭിഷിക്തൻ ഇല്ലായിരുന്നു. ➟എന്നാൽ മോശെയെ ദൈവം നേരിട്ട് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവുണ്ട്: ❝അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.❞ (സംഖ്യാ, 11:16-17). ➟ദൈവം മോശെയെ തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണ് മേല്പറഞ്ഞ വേദഭാഗം. ➟അടുത്തവാക്യം നോക്കുക: ❝എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.❞ (സംഖ്യാ, 11:25). ➟മോശെയുടെ മേലുള്ള ദൈവത്തിൻ്റെ ആത്മാവിനെ കുറേ എടുത്ത്, എഴുപതു പുരുഷന്മാർക്കു കൊടുത്തപ്പോൾ അവരും പ്രവാചകന്മാരായി മാറിയതായി കാണാം. ➟തന്മൂലം, ദൈവം മോശെയെ ശക്തമായി അഭിഷേകം ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. ➟അതുകൊണ്ടാണ്, മോശെ ദൈവത്തിൻ്റെ ❝ക്രിസ്തു❝ (അഭിഷിക്തൻ) ആണെന്ന് എബ്രായലേഖകൻ പറയുന്നത്. ➟❝യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.❞ (ആവ, 34:12). ➟❝മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു❞ എന്ന് പുതിയനിയമവും വ്യക്തമാക്കുന്നു: (പ്രവൃ, 7:22). ➟മോശെ എന്ന പുരുഷൻ, ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നു. (സംഖ്യാ, 12:3). ➟ദൈവം മോശെയെക്കുറിച്ച് പറഞ്ഞൊരു സാക്ഷ്യമുണ്ട്: ❝എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ  എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും.❞ (സംഖ്യാ, 12:7). ➟എബ്രായലേഖകനും അക്കാര്യം പറഞ്ഞിട്ടുണ്ട്: [എബ്രാ, 3:2; 3:5). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

One thought on “മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?”

Leave a Reply

Your email address will not be published. Required fields are marked *