മേദ്യ (Media)
കാസ്പിയൻ കടലിനു തെക്കും ഏലാമിനു വടക്കും, സാഗ്രോസ് പർവ്വതത്തിനു കിഴക്കും പാർത്ഥ്യയ്ക്കു പടിഞ്ഞാറുമായി കിടന്ന പ്രാചീന രാജ്യമാണ് മേദ്യ. എക്ബത്താനയാണ് തലസ്ഥാനം. കുതിരകൾക്കു പ്രസിദ്ധമാണ്. യാഫേത്തിന്റെ പുത്രനായ മാദായിയിൽ നിന്നാണ് മേദ്യ (ഉല്പ, 10:2; 1ദിന, 1:5) വന്നതെന്നു ജൊസീഫസ് പറയുന്നു. രാജ്യത്തെ മേദ്യ എന്നു വിളിക്കുന്നു. (എസ്ഥേ, 1:3,14, 18; 10:2; യെശ, 21:2; ദാനീ, 8:20). ദാര്യാവേശിനെ മേദ്യൻ എന്നു പറഞ്ഞിട്ടുണ്ട്. (ദാനീ, 5:31). ബി.സി. ഒമ്പതാം നൂറ്റാണ്ടിലാണ് മേദ്യ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. ശല്മനേസർ മൂന്നാമൻ മേദ്യരെ ആക്രമിച്ചു (ബി.സി. 836). അശ്ശൂർ രാജാക്കന്മാരായ ഷംഷി അദാദിനും (ബി.സി. 825-812), അദാദ് നിരാരി മൂന്നാമനും (ബി.സി. 812-782) മേദ്യർ കപ്പം കൊടുത്തു. തിഗ്ലത്ത്-പിലേസ്സർ മുന്നാമൻ (ബി.സി.745 – 727 ) മേദ്യ ആക്രമിച്ചു ചില ജില്ലകളെ അശ്ശൂരിനോടു ചേർത്തു. സർഗ്ഗോൻ രണ്ടാമൻ ശമര്യ പിടിച്ചശേഷം യിസ്രായേല്യരെ ബദ്ധരാക്കിക്കൊണ്ടുപോയി മേദ്യരുടെ പട്ടണങ്ങളിൽ പാർപ്പിച്ചു. (2രാജാ, 17:6; 18:11). തുടർന്നു സർഗ്ഗോൻ മേദ്യരെ കീഴടക്കി കുതിരകളെ കപ്പമായി വാങ്ങി. സൻഹേരീബിനും മേദ്യർ കപ്പം കൊടുത്തു.
അല്പകാലത്തിനുശേഷം മേദ്യർ പ്രാബല്യം പ്രാപിച്ചു. ബി.സി. 614-ൽ അവർ അശ്ശൂർ രാജ്യത്തിന്റെ പ്രാചീന തലസ്ഥാനമായ അശ്ശൂർ പിടിച്ചെടുത്തു. ബി.സി. 612-ൽ സ്യാക്സാരസ് (Cyaxares) കല്ദയരുടെയും സിതിയരുടെയും സഹായത്തോടുകൂടി നീനെവേ പിടിച്ചടക്കി. കല്ദയരുടെ നായകനായിരുന്നു നബൊപൊലാസർ. അതോടുകൂടി അശ്ശൂർ സാമ്രാജ്യം തകർന്നു. നബോപാലാസറിന്റെ മകനായ നെബുഖദ്നേസർ സ്യാക്സാരസിന്റെ പുത്രിയെ വിവാഹം കഴിച്ചു. അതോടുകൂടി മേദ്യയും ബാബിലോണിയയും തമ്മിലുള്ള ബന്ധം ദൃഢതരമായി. മേദ്യസാമ്രാജ്യം നെബൂഖദ്നേസറിന്റെ (ബി.സി. 605-562) കാലത്തു അത്യുച്ചാവസ്ഥയിലെത്തി. അദ്ദേഹത്തിന്റെ വാഴ്ചക്കാലത്ത് ഇറാക്കിന്റെ ഭാഗവും ഇറാൻ, അനട്ടോളിയൻ തുർക്കി, അർമീനിയ എന്നിവയും മേദ്യ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു.
കോരെശ് രണ്ടാമന്റെ കാലം വരെ പാർസ്യയുടെ (Persia) അധീശത്വം മേദ്യർക്കായിരുന്നു. കോരെശ് രണ്ടാമൻ ശക്തമായ പാർസിസാമ്രാജ്യം സ്ഥാപിച്ചു. ബി.സി. 549-ൽ അദ്ദേഹം മേദ്യ കീഴടക്കി. തുടർന്നു മേദ്യ പാർസ്യ എന്നറിയപ്പെട്ടു. (ദാനീ, 5:28; എസ്ഥേ, 1:19). ബി.സി. 330-ൽ അലക്സാണ്ടറിന്റെ ആക്രമണത്തോടുകൂടി മേദ്യ പാർസ്യസാമ്രാജ്യം തകർന്നു. അലക്സാണ്ടറിന്റെ മരണശേഷം മേദ്യ സിറിയയുടെ ഭാഗമായി. മേദ്യയ്ക്ക് പ്രകൃതിദത്തമായ വിഘ്നങ്ങൾ ഒട്ടേറെ ഉള്ളതുകൊണ്ടു പ്രതിരോധം എളുപ്പമായിരുന്നു. ജലസൗകര്യം കുറവാകയാൽ ദേശം അധികവും ശൂന്യമായിരുന്നു. ചില താഴ്വരകൾ ഫലഭൂയിഷ്ണങ്ങളാണ്. ജലസേചനം പ്രായോഗികമല്ല. ലവണമയമായ ജലമാണ് ചില നദികളിൽ. ലോഹസമ്പത്തും ജന്തുസമ്പത്തും സമൃദ്ധമായിരുന്നു. മേദ്യർ യുദ്ധപ്രിയരും അസ്ത്ര വിദഗ്ദ്ധരുമാണ് ഭാഷാപരമായും മതപരമായും അവർ പാർസ്യയോടു ബന്ധപ്പെട്ടിരുന്നു. അവരുടെ മതം ബഹുദൈവവിശ്വാസമാണ്. ആരാധന നടത്തിയിരുന്നതു പുരോഹിതന്മാരാണ്. രക്തരൂഷിതവും രക്തരഹിതവുമായ ബലികൾ ധാരാളം അർപ്പിച്ചുവന്നു. സോമ എന്ന പേരിൽ ഒരനുഷ്ഠാനം പ്രചുരമായിരുന്നു. സോമയാഗത്തിൽ ദേവന്മാർക്കു മദ്യം അർപ്പിച്ചശേഷം പുരോഹിതന്മാർ ആ മദ്യം ബോധം കെടുംവരെ കുടിച്ചിരുന്നു. പില്ക്കാലത്ത് മേദ്യർ സൊരാഷ്ട്രീയമതം സ്വീകരിച്ചു. ദ്വൈതത്തിലടിയുറച്ച മതമാണത്. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തെക്കുറിച്ചു അവർ ബോധവാന്മാരായിരുന്നു. എല്ലാ നന്മയുടെയും സ്രോതസ്സായി അഹുരമസ്ദയെയും എല്ലാ തിന്മയുടെയും സ്രോതസ്സായി അഹ്റിമാനെയും അവർ അവതരിപ്പിച്ചു.