മുപ്പന്മാർ
മൂപ്പുളളവനാണ് മൂപ്പൻ. എല്ലാ ജനതകളുടെയും ഇടയിൽ മൂപ്പന്മാർ വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നു. (ലേവ്യ, 19:32; ആവ, 32:7; ഇയ്യോ, 12:12; സദൃ, 16:31). നരച്ച തല ശോഭയുള്ള കിരീടമാണ്. മുപ്പനെക്കുറിക്കുന്ന ഒരു എബ്രായപദത്തിനു താടി എന്നർത്ഥമുണ്ട്. അതു വാർദ്ധക്യ സൂചകമാണ്. പൂർവ്വ തലമുറകളുടെ പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളും പ്രായമായവരുടെ ഓർമ്മയിലാണ് സുക്ഷിക്കപ്പെട്ടിരുന്നത്. “വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ട്.” (ഇയ്യോ, 12:12). മുപ്പന്മാർ അനുഭവ സമ്പന്നരും വലിയ കുടുംബങ്ങളുടെ തലവന്മാരുമായിരുന്നു. പ്രാചീനകാലത്തു സമൂഹത്തിലെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിരുന്നത് മൂപ്പന്മാരാണ്. പൗരാണിക ഗ്രീസിലും റോമിലും മൂപ്പന്മാരുണ്ടായിരുന്നു; അറേബ്യയിൽ ഷെയ്ക്കകളും. മോവാബ്യർക്കും മിദ്യാന്യർക്കും മൂപ്പന്മാരുണ്ടായിരുന്നു. (സംഖ്യാ, 22:7).
മൂപ്പന്മാർക്കു ഗോത്രത്തിലും കുലത്തിലും പ്രാദേശിക സമൂഹത്തിലും അധികാരം ഉണ്ടായിരുന്നു. മൂപ്പന്മാരുടെ അധികാരത്തിനു അടിസ്ഥാനം പ്രായമാണ്. (പുറ, 12:21,22). മോശെയുടെ കാലത്തിനു മുമ്പുതന്നെ മൂപ്പന്മാർ ജനത്തിന്റെ മേലധികാരികളായിരുന്നു. യിസ്രായേൽ ജനത്തെ മിസ്രയീമ്യ അടിമത്തത്തിൽ നിന്നും വിടുവിക്കുവാനുള്ള ദൈവികനിയോഗം ജനത്തെ അറിയിക്കുവാൻ മോശെ യിസ്രായേൽ മൂപ്പന്മാരെ കുട്ടിവരുത്തി. (പുറ, 3:16, 18; 4:29). മോശെ ആദ്യം ഫറവോനെ കാണാൻ പോയപ്പോൾ മൂപ്പന്മാരെയും കൂട്ടിക്കൊണ്ടുപോയി. (പുറ, 3:18). ജനത്തിനു കല്പന നല്കിയതും അവരോടു ആശയവിനിമയം നടത്തിയതും മൂപ്പന്മാർ മുഖേന ആയിരുന്നു. (പുറ, 19:7; ആവ, 31:9). മരുഭൂമിയിൽവച്ചു പ്രധാനകാര്യങ്ങളിലെല്ലാം മോശെയെ സഹായിച്ചതു മൂപ്പന്മാരായിരുന്നു. (പുറ, 17:5). മോശൈ സീനായി പർവ്വതത്തിൽ കയറിപ്പോയപ്പോൾ മുപ്പന്മാരിൽ 70 പേർ പിൻചെന്നു. (പുറ, 24:1). മോശെയോടൊപ്പം ഭരണഭാരം പങ്കിടുന്നതിന് 70 പേരെ നിയമിച്ചു. (സംഖ്യാ, 11:16,17). ജനത്തിന്റെ ഭാരം വഹിക്കേണ്ടതിനു അവരുടെമേൽ ആത്മാവിനെ പകർന്നു. ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽ നിന്നും തിരഞ്ഞടുത്തു അവരെ 1000 പേർക്കും100 പേർക്കും 50 പേർക്കും 10 പേർക്കും അധിപതിമാരായി നിയമിക്കുവാൻ മോശെയുടെ അമ്മായപ്പനായ യിത്രോ ഉപദേശിച്ചതായും മോശെ അപ്രകാരം ചെയ്തതായും പുറപ്പാട് 18-ൽ ഉണ്ട്. നീതിന്യായത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പട്ടണത്തിലെ മുപ്പന്മാർക്കു പ്രത്യേക അധികാരങ്ങൾ നല്കി. പ്രത്യേക പദവിയും നിലയുമുള്ള ഒരു പ്രത്യേക വിഭാഗമായിട്ടാണ് മുപ്പന്മാരെക്കുറിച്ചു പറഞ്ഞിട്ടുള്ളതു. (സങ്കീ, 107:32; വിലാ, 2:10; യെഹ, 14:1). ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്നശേഷം മൂപ്പന്മാർക്കു കൂടുതൽ പ്രാധാന്യം ലഭിച്ചു. ഓരോ പള്ളിയുടെയും ഭരണത്തിനു മുപ്പന്മാർ ഉണ്ടായിരുന്നു. അവരുടെ എണ്ണം ജനസംഖ്യ അനുസരിച്ചു . വ്യത്യാസപ്പെട്ടിരുന്നു. ജനത്തിലെ മുപ്പന്മാരും പള്ളിപ്രമാണിമാരും ഒരേ ഗണമായിരുന്നു. ഇവരിൽ ചിലരെ ന്യായാധിപ സംഘത്തിലേക്കു എടുത്തിരുന്നു.
മുപ്പന്മാരും തലവന്മാരും ജനത്തിനുവേണ്ടി വിവിധ ശുശ്രൂഷകൾ നിർവ്വഹിച്ചു. അവർ യുദ്ധകാലത്തു സൈന്യനേതാക്കന്മാരും വ്യവഹാരങ്ങളിൽ ന്യായാധിപന്മാരും ഭരണത്തിൽ ഉപദേഷ്ടാക്കന്മാരും സാക്ഷികളും ആയിരുന്നു. അവർ സമൂഹത്തിന്റെ പ്രതിനിധികളും തുണുകളും ആയിരുന്നു. (ലേവ്യ, 4:13-21; ആവ, 21:1-9). നീതിന്യായ നിർവ്വഹണത്തിൽ അവരുടെ ചുമതല എന്താണെന്നു ആവർത്തന പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. (ആവ, 19:2; 21:2-20; 22:15-18; 25:7-9). രാജകീയ ഉടമ്പടിയിൽ മൂപ്പന്മാർ പങ്കാളികളായിരുന്നു. പുരോഹിതന്മാരുടെ മൂപ്പന്മാരെക്കുറിച്ചും പരാമർശമുണ്ട്. (2രാജാ, 19:2).
പുതിയനിയമത്തിൽ മഹാപുരോഹിതന്മാരോടും (മത്താ, 21:23) ചിലപ്പോൾ, മഹാപുരോഹിതന്മാർ ശാസ്ത്രിമാർ എന്നിവരോടുകൂടെയും മുപ്പന്മാരെ കാണാം. യേശുവിനെ കൊല്ലേണ്ടതിനു കള്ളസാക്ഷ്യം അന്വേഷിച്ചവരിൽ ന്യായാധിപസംഘം ഒക്കെയും ഉണ്ടായിരുന്നു. (മത്താ, 16:21). സഭയിൽ മുപ്പന്മാരുടെ ഉത്പത്തിയെക്കുറിച്ചു പ്രത്യേക വിവരണം നല്കിയിട്ടില്ല. മൂപ്പന്മാർ ഇടയന്മാർ, അദ്ധ്യക്ഷന്മാർ എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വ്യത്യാസം കൂടാതെ ഉപയോഗിക്കുന്നതു കാണാം. ഈ സ്ഥാനങ്ങളെല്ലാം പ്രാദേശിക സഭയോടുള്ള ബന്ധത്തിലാണ്. ശുശ്രൂഷകന്മാർ അഥവാ ഡീക്കന്മാരിൽ നിന്നു വിഭിന്നരാണ് മൂപ്പന്മാർ. പുതിയനിയമസഭയിലെ മൂപ്പന്മാർ ഇടയന്മാരും (എഫെ, 4:11) അദ്ധ്യക്ഷന്മാരും ആണ്. (പ്രവൃ, 20:28).