മുന്നറിയിപ്പുകൾ അവഗണിക്കുമ്പോൾ
പ്രതാപത്തിന്റെയും പെരുമയുടെയും പാപങ്ങൾ തീർക്കുന്ന മട്ടുപ്പാവിൽ വിരാജിക്കുന്ന മനുഷ്യന് അത്യുന്നതനായ ദൈവം നൽകുന്ന ശിക്ഷയെക്കുറിച്ചും വരുത്തുന്ന നാശത്തെക്കുറിച്ചുമുള്ള മുന്നറിയിപ്പുകൾ അവൻ പലപ്പോഴും തള്ളിക്കളയുന്നു. അവന്റെ പദവിയും പ്രശസ്തിയും സൃഷ്ടിക്കുന്ന ബുദ്ധിയുടെ പ്രമാണങ്ങൾ അവനെ രക്ഷിക്കുമെന്ന് അഹന്തയാണ് ദൈവത്തിന്റെ വചനത്തെ നിരാകരിക്കുവാൻ അവനു പ്രേരണ നൽകുന്നത്. യെഹൂദായുടെ അവസാനത്തെ രാജാവായ സിദെക്കീയാവ്, യിരെമ്യാ പ്രവാചകനിലൂടെ നൽകപ്പെട്ട ദൈവത്തിന്റെ ഉപദേശം അനുസരിക്കാതെ തനിക്കും കുടുംബത്തിനും പ്രജകൾക്കും രാജ്യത്തിനും സമ്പൂർണ്ണമായ നാശം വരുത്തിവച്ചു. അവൻ ബാബിലോൺ രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ ചെന്നാൽ അവനും അവന്റെ കുടുംബത്തിനും ജീവരക്ഷയുണ്ടാകുമെന്നും കൽദയർ നഗരം തീവച്ചു നശിപ്പിക്കുകയില്ലെന്നും യഹോവ തന്റെ പ്രവാചകനായ യിരെമ്യാവിലൂടെ സിദെക്കീയാവിനെ അറിയിച്ചുവെങ്കിലും അവൻ അതു കേട്ടനുസരിച്ചില്ല. (യിരെ, 38:17). പക്ഷേ അവൻ അതിനുവേണ്ടി കൊടുക്കേണ്ടിവന്ന വില ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ബാബിലോൺ രാജാവ് അവന്റെ പുത്രന്മാരെ അവന്റെ കണ്ണുമ്പിൽ വച്ചു കൊന്നുകളഞ്ഞു. പിന്നെ അവൻ സിദെക്കീയാവിന്റെ കണ്ണു കുത്തിപ്പൊട്ടിച്ച്, ചങ്ങലകൾകൊണ്ടു ബന്ധിച്ച് അവനെ ബാബിലോണിലേക്കു കൊണ്ടുപോയി കാരാഗൃഹത്തിലാക്കി. അവന്റെ അന്ത്യം കാരാഗൃഹത്തിലായിരുന്നു. (യിരെ, 52:11). ബാബിലോൺ രാജാവ് ദൈവത്തിന്റെ പ്രമോദമായിരുന്ന യെരൂശലേം ദൈവാലയം ചുട്ടുകളഞ്ഞു. രാജാവിന്റെ കൊട്ടാരങ്ങളും യെരൂശലേമിന്റെ മതിലും അവൻ ഇടിച്ചു കളഞ്ഞു. നഗരത്തിലുണ്ടായിരുന്നവരെ അടിമകളാക്കി അവൻ ബാബിലോണിലേക്കു കൊണ്ടുപോയി. ദൈവത്തെ മറന്ന് പാപത്തിന്റെ പെരുവഴികളിലൂടെ ഓടി, അവസാന നിമിഷം പോലും ദൈവത്തിന്റെ മുന്നറിയിപ്പ് അനുസരിക്കുവാൻ കൂട്ടാക്കാതിരുന്ന ഈ രാജാവിന്റെയും രാജ്യത്തിന്റെയും നാശം ദൈവത്തിന്റെ മുന്നറിയിപ്പുകൾ തിരസ്കരിക്കുന്ന ഓരോരുത്തർക്കും ചൂണ്ടുപലകയാണ്.