മീഖായാവ് (Michaiah)
പേരിനർത്ഥം — യഹോവയെപ്പോലെ ആരുള്ളൂ
ശമര്യയിലെ ഒരു പ്രവാചകൻ; യിമ്ലയുടെ മകൻ. ആഹാബ് രാജാവിന്റെ വാഴ്ചയുടെ ഒടുവിലത്തെ വർഷം രാജാവിന്റെ പരാജയവും മരണവും പ്രവചിച്ചു. ബെൻ-ഹദദുമായുള്ള വലിയ യുദ്ധം കഴിഞ്ഞു മൂന്നു വർഷത്തിനു ശേഷം രാമോത്ത്-ഗിലെയാദ് പിടിക്കുവാൻ യുദ്ധം ചെയ്യണമെന്നു ആഹാബ് രാജാവ് യെഹൂദാ രാജാവായ യെഹോശാഫാത്തിനോടു പറഞ്ഞു. യെഹോശാഫാത്ത് സമ്മതിച്ചു. എന്നാൽ യുദ്ധത്തിനു പോകുന്നതിനു മുമ്പു യഹോവയുടെ അരുളപ്പാടു ചോദിക്കണമെന്നാവശ്യപ്പെട്ടു. ആഹാബ് 400 പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടു രാമോത്തിലേക്കു യുദ്ധത്തിനു പോകണമോ വേണ്ടയോ എന്നു ചോദിച്ചു. ‘അതിനു അവർ പുറപ്പെടുക; കർത്താവു അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും’ എന്നു പറഞ്ഞു. ഈ മറുപടിയിൽ അസന്തുഷ്ടനായ യെഹോശാഫാത്ത് രാജാവ് ശമര്യയിൽ യഹോവയുടെ പ്രവാചകനായി ഇനി ആരും ഇല്ലയോ എന്നന്വേഷിച്ചു. അതിനു ആഹാബ്: ഇനി യിമ്ലയുടെ മകനായ മീഖായാവു എന്നൊരുത്തൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷം തന്നേ പ്രവചിക്കുന്നതു കൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. എങ്കിലും ഒരു ദൂതനെ അയച്ചു മീഖായാവിനെ വരുത്തി. മറ്റു പ്രവാചകന്മാരെപ്പോലെ ഗുണമായ് സംസാരിക്കണം എന്ന് ദൂതൻ പ്രവാചകനോടാവശ്യപ്പെട്ടു. ആഹാബിന്റെ പരാജയവും മരണവും മീഖായാവു പ്രവചിച്ചു. വ്യാജാത്മാവിന്റെ പ്രവർത്തനത്താലാണ് മറ്റു പ്രവാചകന്മാർ പ്രവചിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെനയനയുടെ മകനായ സിദെക്കീയാവ് ഉടൻ മീഖായാവിന്റെ ചെകിട്ടത്തടിച്ചു. താൻ സമാധാനത്തോടെ വരുവോളം മീഖായാവിനെ കാരാഗൃഹത്തിലടച്ചു ഞെരുക്കത്തിന്റെ അപ്പവും വെള്ളവും കൊടുക്കുവാൻ ആഹാബ് കല്പിച്ചു. രാജാവു സമാധാനത്തോടെ മടങ്ങിവരികയില്ലെന്നു പ്രവാചകൻ ദൃഢമായി പറഞ്ഞു. യഹോവ സിംഹാസനത്തിൽ ഇരിക്കുന്നത് മീഖായാവ് കാണുകയുണ്ടായി: “എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ! യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന, 18:18). ‘സകലജാതികളുമായുള്ളാരേ കേട്ടുകൊൾവിൻ’ എന്നു പറഞ്ഞുകൊണ്ടാണ് മീഖായാവിന്റെ പ്രവചനം അവസാനിച്ചത്. (1രാജാ, 22:1-28, 2ദിന, 18:3-27). 1രാജാക്കന്മാർ 20:35-36-ൽ പ്രവാചകശിഷ്യനെ സിംഹം കൊല്ലുമെന്നു പ്രവചിച്ചവനും അരാമ്യരെ ജയിച്ചശേഷം ബെൻ-ഹദദിനെ വധിക്കാത്തതിന് ആഹാബ് രാജാവിനെ കുറ്റപ്പെടുത്തിയവനും മീഖായാവാണെന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്.