മഹാനായ ഹെരോദാവ് (Herod the Great)
ബി.സി.167-മുതൽ 63-ൽ യെഹൂദ്യ റോമൻ പ്രവിശ്യ ആകുന്നതുവരെ യെഹൂദ ജനതയ്ക്ക് രാഷ്ട്രീയവും മതപരവുമായ നേതൃത്വം നല്കിയതു മക്കാബിയർ എന്ന പേരിലറിയപ്പെടുന്ന ഹശ്മോന്യ കുടുംബമാണ്. തുടർന്നു ആധിപത്യം ഹെരോദ് കുടുംബത്തിലമർന്നു. ഹശ്മോന്യ കുടുംബത്തെ നാമാവശേഷമാക്കിയത് മഹാനായ ഹെരോദാവാണ്. ഹെരോദാവിന്റെ പിതാവായ അന്തിപാതർ ഇദൂമ്യനായിരുന്നു. ഏശാവിന്റെ സന്തതികളായ എദോമ്യരാണ് ഇദൂമ്യർ. പലസ്തീന്റെ ദക്ഷിണഭാഗത്തുള്ള നെഗേവിൽ അവർ പാർത്തിരുന്നു. അവർ പരിച്ഛേദനം സ്വീകരിച്ചവർ ആകയാൽ യെഹൂദന്മാരുമായി വേർപാടിനു കാരണമില്ല. എന്നാൽ യെഹൂദന്മാർ ഇവരെ അർദ്ധ യെഹൂദന്മാരായി മാത്രമേ കണക്കാക്കിയിരുന്നുള്ളൂ.
ബി.സി. 63-ൽ പോംപി (106-48) യെരുശലേം കീഴടക്കി. പന്തീരായിരം യെഹൂദന്മാരെ കൊല്ലുകയും അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ചു അതിനെ അശുദ്ധമാക്കുകയും ചെയ്തു. അരിസ്റ്റൊബുലസിനെ ബന്ധനസ്ഥനാക്കി. ഹിർക്കാനസിനു മഹാപൗരോഹിത്യം നല്കി. ബി.സി. 63-ൽ ഗലീല, ശമര്യ, യെഹൂദ്യ, പെരേയ എന്നീ ദേശങ്ങളുടെ പുരോഹിത രാജാവായി ഹിർക്കാനസ് രണ്ടാമനെ വാഴിച്ചു. ഇദൂമ്യനായ അന്തിപാതർ ആയിരുന്നു ഹിർക്കാനസിന്റെ മന്ത്രി. ബി.സി.57-ൽ ഗാബിനിയുസ് ഈ ക്രമീകരണം പരിഷ്ക്കരിക്കുകയും ഹിർക്കാനസിന്റെ അധികാരം ചുരുക്കുകയും ചെയ്തു. ബി.സി. 48-ൽ അലക്സാണ്ട്രിയയിൽ ജൂലിയസ് സീസറിനു നല്കിയ സഹായം കണക്കിലെടുത്തു ഹിർക്കാനസിനു അധികാരം മടക്കിക്കൊടുക്കുകയും അന്തിപാതറിനെ യെഹൂദ്യയിലെ ദേശാധിപതിയാക്കുകയും ചെയ്തു. മുത്തപുത്രനായ ഫസായേലിനെ യെരൂശലേമിന്റെ പ്രീഫക്ട് ആക്കുന്നതിനും രണ്ടാമത്തെ പുത്രനായ ഹെരോദാവിനെ ഗലീലയിലെ ഗവർണ്ണറാക്കുന്നതിനും അന്തിപാതർ ഹിർക്കാനസിനെ പ്രേരിപ്പിച്ചു. ബി.സി. 43-ൽ അന്തിപാതർ വധിക്കപ്പെട്ടു. അയാളുടെ സ്ഥാനം രണ്ടുമക്കൾക്കായി ലഭിച്ചു. ജൂലിയസ് സീസർ വധിക്കപ്പെട്ടതിന്റെ (ബി.സി. 44) പിറ്റെ വർഷമായിരുന്നു ഇത്. ബി.സി. 40-ൽ പാർത്ഥ്യർ പലസ്തീൻ ആക്രമിച്ചു. തുടർന്നു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഹെരോദാവു യെരുശലേമിൽ നിന്നു രക്ഷപ്പെട്ടു റോമിലെത്തി, ഒക്റ്റേവിയനെയും (ഔഗുസ്തൊസ് കൈസർ) മാർക്ക് ആന്റണിയെയും കണ്ടു. അവരുടെ ശുപാർശപ്രകാരം റോമൻ സെനറ്റ് ഹെരോദാവിനു ‘യെഹൂദന്മാരുടെ രാജാവു’ എന്ന പദവി നല്കി. ബി.സി. 39-ൽ റോമൻ സഹായ വാഗ്ദാനത്തോടുകൂടി ഹെരോദാവു ആക്കറിൽ എത്തി പാർത്ഥ്യരുടെ പാവയായ ആന്റിഗോണസിനെ മാറ്റുവാൻ ശ്രമിച്ചു. രണ്ടുവർഷത്തെ സൈനിക തന്ത്രത്തിലൂടെ ഹെരോദാവു ബി.സി. 37-ൽ യെഹൂദ്യയിലെ സിംഹാസനത്തിൽ ഉറച്ചു. ആന്റണി ഹെരോദാവിനെ സിംഹാസനത്തിൽ വാഴിച്ചു എന്നും ഔഗുസ്തൊസ് കൈസർ അയാളുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു എന്നും താസിത്തസ് (Tacitus) രേഖപ്പെടുത്തിയിട്ടുണ്ട്. ആന്റണിയോടു ചങ്ങാത്തത്തിലായിരുന്ന ഹെരോദാവു ആക്ടിയം യുദ്ധത്തിൽ (ബി.സി. 31) ആന്റണി തോറ്റതോടുകൂടി ഒക്ടേവിയനെ (ഔഗുസ്തൊസ് കൈസർ) അടിപണിഞ്ഞു. അനന്തരം മരിക്കുന്നതുവരെയും ഹെരോദാവു റോമിനോടുള്ള കൂറു കോട്ടം കൂടാതെ പുലർത്തി.
ഔഗുസ്തൊസ് കൈസറുടെ കീർത്തി വർദ്ധിപ്പിക്കുവാൻ തന്നാൽ ആവുന്നതെല്ലാം ഹെരോദാവു ചെയ്തു. ശമര്യയെ പുതുക്കിപ്പണിതു സെബസ്തേ (ഔഗുസ്തൊസ്) എന്നു പേരിട്ടു. ഒരു പുതിയ തുറമുഖം നിർമ്മിച്ചു ചക്രവർത്തിയുടെ ബഹുമാനാർത്ഥം കൈസര്യ എന്നു പേരിട്ടു. മാർക്ക് ആന്റണിയുടെ പേരിൽ അന്തോണിയാ കോട്ടകെട്ടി. യെരുശലേമിലെ പടിഞ്ഞാറെ മതിലിനോടു ചേർത്തു ഒരു കൊട്ടാരം പണിതു. യവനവൽക്കരണത്തിനു പ്രാധാന്യം നല്കി. തന്റെ അധീനതയിലുണ്ടായിരുന്ന യവനായ പട്ടണങ്ങളെ അലങ്കരിച്ചു. ബി.സി. 25-ൽ ശമര്യയിലും യെഹൂദ്യയിലും ക്ഷാമം ബാധിച്ചപ്പോൾ ഈജിപ്റ്റിൽ നിന്നും ധാന്യം ഇറക്കുമതി ചെയ്തു. ഹെരോദാവിന്റെ നയപരിപാടികളുമായി ഒരിക്കലും ഇണങ്ങാത്ത യെഹൂദന്മാരെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ദൈവാലയം പുതുക്കിപ്പണിതു. താനൊരു പുതിയ ദൈവാലയം പണിയുകയില്ലെന്നും നിലവിലുള്ള ദൈവാലയത്തെ ശലോമോൻ നിർമ്മിച്ച ദൈവാലയത്തിന്റെ പ്രതാപത്തിലും മഹത്വത്തിലും യഥാസ്ഥാനപ്പെടുത്തുമെന്നും ഹെരോദാവു ഉറപ്പു നല്കി. ദൈവാലയത്തിന്റെ പണിക്കു കല്ലുകൊണ്ടുവരുന്നതിനു ആയിരം വാഹനങ്ങൾ ഏർപ്പെടുത്തി. ആയിരം പുരോഹിതന്മാരെ കല്പണിക്കാരായും ആശാരിമാരായും പരിശീലിപ്പിച്ചു. ദൈവാലയത്തിനു 44.5 മീറ്റർ നീളവും 8.9 മീറർ ഉയരവുമുണ്ടായിരുന്നു. വെള്ളക്കല്ലിലായിരുന്നു നിർമ്മിതി. ദൈവാലയത്തിന്റെ പ്രധാനശില്പം ഒന്നരവർഷം കൊണ്ടും പ്രാകാരങ്ങൾ എട്ടുവർഷം കൊണ്ടും പണിതു എന്നു യെഹൂദ്യപാരമ്പര്യം പറയുന്നു. ബി.സി. 20-ൽ ആരംഭിച്ച പണി 46 വർഷം കൊണ്ടാണു തീർന്നത് എന്നു യെഹൂദന്മാർ യേശുവിനോടു പറഞ്ഞു. (യോഹ, 2:20). എ.ഡി. 64-ലാണ് ദൈവാലയത്തിന്റെ പണി പൂർത്തിയായത്. തീത്തൂസിന്റെ സൈന്യം എ.ഡി. 70 ആഗസ്റ്റ് 10, ശബ്ബത്ത് നാളിൽ ദൈവാലയം നശിപ്പിച്ചു. അതിനുശേഷം യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിച്ചിട്ടില്ല. ശമര്യയിലെ ദൈവാലയവും ഹെരോദാവു പുതുക്കി പണിതു. യെരൂശലേമിലെ രാജാക്കന്മാരുടെ കല്ലറകൾക്കു മേൽ സ്മാരകശില പണിതു. അവയിലുള്ള വിലയേറിയ വസ്തുക്കൾ കൊള്ളയടിക്കുകയായിരുന്നു പിന്നിലെ ലക്ഷ്യം.
ഇദമ്യവംശജനും യെഹൂദനും ആയിരുന്നെങ്കിലും പ്രായോഗിക ജീവിതത്തിൽ ദൈവഭയമില്ലാത്തവനും രാക്ഷസിയ സ്വഭാവമുള്ളവനുമായിരുന്നു ഹെരോദാവു. അസൂയ, വഞ്ചന, പ്രതികാരദാഹം, നിഷ്ഠൂരത എന്നിവയായിരുന്നു അയാളുടെ സ്വഭാവത്തിലെ സവിശേഷതകൾ. ഏകാധിപതിയെപ്പോലെ പ്രവർത്തിച്ചു. ഹെരോദാവിനു 10 ഭാര്യമാരുണ്ടായിരുന്നു. ഡോറിസ്, മറിയാമ്നെ, മറിയാമ്നെ II, മാല്തെക്കെ, ക്ലിയോപാട്ര, പല്ലാസ്, ഫെയ്ദ്ര, എല്പിസ്. രണ്ടു ഭാര്യമാരുടെ പേരുകൾ അറിയില്ല. പതിന്നാലു മക്കളുണ്ടായിരുന്നു. മറിയാമ്നയെ വിവാഹം ചെയ്യാൻ വേണ്ടി ഡോറിസിനെ വിവാഹമോചനം ചെയ്തു. തന്റെ ഇഷ്ടപത്നിയായിരുന്ന മറിയാമ്നയെ ചെറിയ സംശയത്തിന്റെ പേരിൽ വധിച്ചു. അവളുടെ സഹോദരനെയും അപ്പൂപ്പനെയും, അമ്മയെയും, രണ്ടു പുത്രന്മാരായ അരിസ്റ്റൊബുലസ്, അലക്സാണ്ടർ എന്നിവരെയും കൊന്നു. അതിനു കൂട്ടുനിന്ന മൂത്തമകൻ അന്തിപാതറിനെ സ്വന്തം മരണത്തിനു അഞ്ചുദിവസം മുമ്പു വധിക്കുവാൻ കല്പ്പന കൊടുത്തു. ഹെരോദാവിന്റെ പുത്രനായിരിക്കുന്നതിൽ ഭേദം അയാളുടെ പന്നിയായിരിക്കുന്നതാണെന്നു അഗസ്റ്റസ് പരിഹസിച്ചതു കുറിക്കുകൊള്ളുന്ന സത്യമായിരുന്നു. ‘യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?’ എന്ന വിദ്വാന്മാരുടെ ചോദ്യം ഹെരോദാവിനെ കോപിഷ്ഠനാക്കിയതിൽ അത്ഭുതപ്പെടാനില്ല. ശിശുവിനെ സംബന്ധിച്ച വിവരം അറിയിക്കണമെന്നു വിദ്വാന്മാരോടു ആവശ്യപ്പെട്ടതു യേശുവിനെ നശിപ്പിക്കുവാൻ വേണ്ടിയായിരുന്നു. യേശുവിനെ നശിപ്പിക്കുന്നതിനായി ബേത്ലേഹെമിലുള്ള എല്ലാ ശിശുക്കളെയും വധിക്കുവാൻ കല്പന കൊടുത്തത് അയാളുടെ കൂരസ്വഭാവത്തിനു ഇണങ്ങിയതു തന്നെയായിരുന്നു. (മത്താ, 2:13:16).
തന്റെ മരണത്തിൽ യെഹൂദന്മാർ സന്തോഷിക്കുമെന്നു ഹെരോദാവിന് അറിയാമായിരുന്നു. തന്മൂലം യെരൂശലേമിലെ പ്രമുഖരെ തടവിലാക്കുവാൻ കല്പന കൊടുത്തു. ഇവരെ കൊന്നതിനുശേഷം മാത്രമേ തന്റെ ചമ്മവാർത്ത പരസ്യപ്പെടുത്താവൂ എന്നു ഏറ്റവും അടുത്തവരോടു ഹെരോദാവു പറഞ്ഞു പോലും. അവരുടെ വധത്തിൽ ജനം ആത്മാർത്ഥമായി വിലപിക്കുമല്ലോ. ഈ കല്പന പ്രായോഗികമായില്ല. ഹെരോദാവിന്റെ സഹോദരിയും ഭർത്താവും ചേർന്നു അവരെയെല്ലാം മോചിപ്പിച്ചു. കൊട്ടാരത്തിലെ ഉപജാപങ്ങളും രോഗവും ഹെരോദാവിനെ വലച്ചു. ആത്മഹത്യയ്ക്കൊരു വിഫലശ്രമം നടത്തി. ബി.സി. 4-ൽ മരിച്ചു. മരണപ്പത്രം മൂന്നുപ്രാവശ്യം മാറ്റി. രാജ്യം മൂന്നു മക്കൾക്കായി വിഭജിച്ചു. യെഹൂദ്യ, ശമര്യ, ഇദൂമ്യ പ്രദേശങ്ങൾ അർക്കെലെയൊസിനും (മത്താ, 2:22), ഗലീല, പെരെയ പദേശങ്ങൾ അന്തിപ്പാസിനും, ഇതുര്യ, ത്രഖോനിത്തി പ്രദേശങ്ങൾ (ലൂക്കൊ, 3:1) ഫിലിപ്പൊസിനും നല്കി. ഹെരോദാവിന്റെ മരണപ്പത്രം അംഗീകരിച്ചു അതിൻ പ്രകാരം ഔഗുസ്തൊസ് കൈസർ അവകാശങ്ങൾ നല്കി.