മലാഖിയുടെ പുസ്തകം (Book of Malachi)
ചെറിയ പ്രവാചകന്മാരിൽ ഒരാളായ മലാഖി പഴയനിയമത്തിലെ ഒടുവിലത്തെ പ്രവാപകനാണ്. പഴയനിയമത്തിലെ അവസാന പുസ്തകം മലാഖിയുടെ പ്രവചനമാണ്. ഈ പുസ്തകത്തിനു പുറമെ നിന്നും പ്രവാചകനെപ്പറ്റി ഒരു വിവരവും ലഭ്യമല്ല. ‘എന്റെ ദൂതൻ’ എന്നാണ് പേരിനർത്ഥം. പഴയനിയമത്തിന്റെ ഗ്രീക്കു വിവർത്തനമായ സെപ്റ്റ്വജിന്റിൽ മലാഖി എന്ന പേരിനെ സാമാന്യനാമമായി പരിഗണിച്ചു ‘എന്റെ ദൂതൻ’ എന്നു തർജ്ജമ ചെയ്തു. “എന്റെ ദൂതൻ മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട് എന്നാണ് സെപ്റ്റ്വജിന്റിലെ ശീർഷകം. (1:1). അതിന്റെ ചുവടുപിടിച്ചു പല പണ്ഡിതന്മാരും മലാഖി പ്രവചനം അജ്ഞാത കർതൃകമാണെന്നു വാദിക്കുന്നു. പ്രവചന പുസ്തകങ്ങൾ എഴുത്തുകാരുടെ പേരുകളിൽ അറിയപ്പെടുന്നതു കൊണ്ടു മലാഖിയും എഴുത്തുകാരന്റെ പേരായി കരുതുകയാണു യുക്തം. യോനാഥാൻ ബെൻ ഉസ്സീയേലിന്റെ തർഗും മലാഖി എസ്രാ ആണെന്നു കരുതുന്നു.
എഴുതിയ കാലം: ഹഗ്ഗായി, സെഖര്യാവു എന്നീ പ്രവാചകന്മാർക്കു ശേഷമാണ് മലാഖിയുടെ കാലം. ദൈവാലയത്തിന്റെ പണി പൂർത്തിയായി, ദൈവാലയത്തിൽ യാഗങ്ങൾ അർപ്പിക്കുന്നു. 1:7-10, 3:8, 1:8-ൽ പേർഷ്യൻ ദേശാധിപതിയെക്കുറിച്ചുള്ള സൂചനയുണ്ട്. ബി.സി. അഞ്ചാം നൂറ്റാണ്ടാണ് കാലമെന്ന് അതു ചൂണ്ടിക്കാണിക്കുന്നു. മിശ്രവിവാഹം നടന്നു വന്നിരുന്നു. (2:10-12). യാഗം അർപ്പിക്കുന്നതിൽ അവർ ഒരു ശ്രദ്ധയും കാണിച്ചില്ല. (1:7). ദശാംശകല്പന അവഗണിച്ചു. (3:8-10). നെഹെമ്യാവ് തിരുത്തുവാൻ ശ്രമിച്ച തെറ്റുകളെയാണ് മലാഖി കുറ്റപ്പെടുത്തുന്നത്. യെരുശലേമിൽ നിന്നും നെഹെമ്യാവ് പാർസി രാജ്യത്തിന്റെ തലസ്ഥാനമായ ശൂശൻ രാജധാനിയിലേക്കു മടങ്ങിപ്പോയ ശേഷം ആയിരിക്കണം ഈ ദോഷങ്ങളെല്ലാം വീണ്ടും പ്രത്യക്ഷപ്പെട്ടത്. അതിനാൽ മലാഖിയുടെ പ്രവചനകാലം നെഹെമ്യാവ് പാർസി രാജധാനിയിലേക്കു പോയ ഇടക്കാലമായിരിക്കണം. അതു ബി.സി. അഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം ആണ്.
പുസ്തകത്തിന്റെ ഐക്യം: മലാഖി പ്രവചനത്തിന്റെ ഐക്യത്തെക്കുറിച്ചു വിമർശകർക്കു പൊതുവെ അഭിപ്രായൈക്യമുണ്ട്. 2:11-12 പ്രക്ഷിപ്തമായി കരുതുന്നവരുണ്ട്. 4:4-6 വരെയുള്ള ഭാഗം 3:1-ന്റെ വ്യാഖ്യാനമായി കരുതപ്പെടുന്നു. ഇതു പില്ക്കാലത്ത് ചേർത്ത വ്യാഖ്യാനമായി കരുതപ്പെടുന്നു. മലാഖി പ്രവചനത്തിന്റെ കാനോനികവും ഉപദേശപരവുമായ അധികാരത്തെ പുതിയനിയമം അംഗീകരിക്കുന്നു: (മലാ, 4:5+6 — മത്താ, 11:10,14, 17:11-12, മർക്കൊ, 9:10-11, ലൂക്കൊ, 1:17. മലാ, 3:1 — മത്താ, 11:10, മർക്കൊ, 1:2. മലാ, 1:2-3 — റോമ, 9:13).
പ്രവചനത്തിന്റെ ശൈലി: ചോദ്യോത്തര രീതിയിലാണ് പ്രവചനം അവതരിപ്പിച്ചിട്ടുളളത്. ആദ്യമായി കുറ്റാരോപണം നടത്തുന്നു. അനന്തരം പ്രശ്നം ഉന്നയിച്ച് ഒടുവിൽ ഒരു മറുപടികൊണ്ടു ചോദ്യം ഖണ്ഡിച്ച് കുറ്റാരോപണം സ്ഥിരീകരിക്കും. ഇങ്ങനെയുളള ഏഴു പ്രശ്നോത്തരി ഇതിലുണ്ട്. ഒരു ഉദാഹരണം ശ്രദ്ധിക്കുക: ‘നിങ്ങൾ എന്റെ യാഗപീഠത്തിൽ മലിനഭോജനം അർപ്പിക്കുന്നു’ — കുറ്റാരോപണം; ‘ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു’ — ചോദ്യം; ‘യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നേ’ — കുറ്റ സ്ഥിരീകരണം. (മലാ, 1:7). സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്ന പ്രസ്താവന 20 പ്രാവശ്യം ഈ ലഘു പ്രവചനത്തിലുണ്ട്.
പ്രധാന വാക്യങ്ങൾ: 1. “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.” മലാഖി 1:6.
2. “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” മലാഖി 3:1.
3. “യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.” മലാഖി 3:6.
ബാഹ്യരേഖ: 1. മുഖവുര; ദൈവത്തിനു യിസ്രായേലിനോടുള്ള സ്നേഹം: 1:1-5 .
2. പുരോഹിതന്മാരുടെ പാപങ്ങൾക്കെതിരെയുളള താക്കീത്: 1:6-2:9.
3. ജനത്തോടുള്ള മുന്നറിയിപ്പ്: 2:10-4:3.
a ഒന്നാമത്തെ താക്കീത്; ദ്രോഹത്തിന്നെതിരെ: 2:10-16.
b. രണ്ടാമത്തെ താക്കീത്; ന്യായവിധി: 2:17-3:6.
c. മൂന്നാമത്തെ താക്കീത്; മാനസാന്തരത്തിന്: 3:7-12.
d. നാലാമത്തെ താക്കീത്; ദൈവത്തിന്റെ ശിക്ഷാവിധി: 3:13-4:3.
4. ഉപദേശം: 4:4-6.
a. ന്യായപ്രമാണം അനുസരിക്കുക: 4:4.
b. മശീഹയുടെ പുനരാഗമനം: 4:5-6.
മശീഹയുടെ ആഗമനം മുന്നറിയിച്ചുകൊണ്ടു പ്രവചനം അവസാനിക്കുന്നു. യിസ്രായേലിന്റെ കർത്താവും നിയമ ദൂതനുമായവൻ മന്ദിരത്തിലേക്കു വരുമെന്നും അവൻ്റെ വഴി ഒരുക്കേണ്ടതിനു ദൈവം തന്റെ ദൂതനെ അയയ്ക്കുമെന്നും മലാഖി പ്രവചിച്ചു. (3:1-8). നിയമദൂതൻ യിസ്രായേലിനെ ശുദ്ധീകരിക്കുകയും ന്യായം വിധിക്കകയം ചെയ്യും. യഹോവയ്ക്കു പ്രസാദകരമായ യാഗം അവർ കഴിക്കും. യഹോവയുടെ നാൾ വരുന്നതിനു മുമ്പ് ഏലീയാ പ്രവാചകനെ അയയ്ക്കും. അവൻ വന്നു നിരപ്പിന്റെ ശുശ്രൂഷ നടത്തും. യഹോവയുടെ രണ്ടു സാക്ഷികളായി ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും പരാമർശിച്ചു കൊണ്ടു പ്രവചനം അവസാനിക്കുന്നു. പ്രവചനത്തിന്റെ അന്ത്യവാക്ക് എബ്രായയിൽ ശാപം (സംഹാരശപഥം) ആണ്. പഴയനിയമ പ്രവാചകന്മാരിൽ ഒടുവിലത്തെ ശബ്ദമാണ് മലാഖിയുടേത്. തുടർന്നു 400 വർഷത്തിന്റെ നീണ്ട നിശബ്ദതയാണ്. അനന്തരം യെഹൂദ്യ മരുഭൂമിയിൽ യോഹന്നാൻ സ്നാപകനിലൂടെ പ്രവാചക ശബ്ദം നാം കേൾക്കുന്നു.
പൂർണ്ണവിഷയം
യെഹൂദന്മാര്‍ ദൈവത്തിന്റെ സ്നേഹത്തെ ചോദ്യം ചെയ്യുന്നു 1:1-2
ഏദോനമിനെതിരായ ദൈവത്തിന്റെ ന്യായവിധി 1:3-5
യെഹൂദന്മാർ ദൈവത്തോട് ബഹുമാനമില്ലാതെ പെരുമാറുന്നത് 1:6-9
യെഹൂദന്മാരുടെ വിശുദ്ധിയില്ലാത്ത ആരാധന 1:10-14
ദൈവത്തോടുള്ള യെഹൂദന്മാരുടെ അവിശ്വസ്തത 2:1-9
ദൈവത്തിന്റെ കല്പന ലംഘിക്കുകയും, ആലയം മലിനപ്പെടുത്തുകയും ചെയ്യുന്നു 2:10-12
വിവാഹബന്ധത്തിൽ ജനങ്ങളുടെ അവിശ്വസ്തത 2:13-16
ദൈവത്തിന് ദുഃഖം ഉളവാക്കുന്ന ജനങ്ങളുടെ വാക്കുകൾ 2:17
യോഹന്നാൻ സ്നാപകന്റെയും യേശുക്രിസ്തുവിന്റെയും വരവിനെ സംബന്ധിച്ചും അവരുടെ പ്രവർത്തികളും 3:1-7
ദൈവനീതി നടപ്പാകും ദൈവത്തിങ്കലേക്ക് തിരിയുന്നതിനുള്ള ആഹ്വാനം 3:5-7
ജനം ദൈവത്തെ തോല്പിക്കുന്നു, പിഴ നൽകുന്നു 3:8-12
ജനങ്ങളുടെ വാക്കിൽ വെളിപ്പെടുന്ന ദുരഹങ്കാരം 3:13-15
യഹോവാഭക്തന്മാരുടെ വാക്കുകൾ ദൈവം കേൾക്കുന്നു 3:16-18
യഹോവയുടെ ദിവസം 4:1-3
യഹോവയുടെ ദിവസത്തിന് മുമ്പ് ഏലിയാവിന്റെ വരവ് 4:4-6