ഭാര്യയെ സ്നേഹിക്കുക
ഭർത്താവ് ഭാര്യയുടെ തലയാകുന്നുവെന്നും ഭാര്യ ഭർത്താവിനോട് ആദരവോടെ പെരുമാറണമെന്നും സർവ്വത്തിലും കീഴടങ്ങണമെന്നും നിർബ്ബന്ധമായി നിർദ്ദേശിക്കുന്ന അപ്പൊസ്തലനായ പൗലൊസ്, ഭാര്യ അവയെല്ലാം പ്രാവർത്തികമാക്കുവാൻ ഭർത്താവ് ഭാര്യയെ നേഹിക്കണമെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. (കൊലൊ, 3:18,19). കുടുംബ നാഥനെന്നനിലയിൽ കുടുംബത്തെ പോറ്റിപ്പുലർത്തുവാൻ അത്യദ്ധ്വാനം ചെയ്യുന്നത് ഭാര്യയെ സ്നേഹിക്കുന്നതുകൊണ്ടല്ലേ എന്നു ചോദിക്കുന്ന ഭർത്താക്കന്മാർ ഏറെയാണ്. അവരെ സംബന്ധിച്ച് ഭാര്യമാർ കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്തുവാനും ഭക്ഷണം പാകം ചെയ്യുവാനും ഭവനം സൂക്ഷിക്കുവാനുമുള്ള ‘അനുയോജ്യമായ തുണ’കളാണ്. ഇങ്ങനെയുള്ള സ്നേഹമല്ല ക്രിസ്തീയ കുടുംബജീവിതത്തിൽ ഭർത്താവിൽനിന്ന് ഉണ്ടാകേണ്ടതെന്ന് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. ഒന്നാമതായി, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം (എഫെ, 5:25). സഭയ്ക്കായി തന്റെ ജീവനെ നൽകിയ ക്രിസ്തുവിന്റെ ത്യാഗനിർഭരമായ സ്നേഹം ഭർത്താക്കന്മാരിൽ ഉരുവാകണം. രണ്ടാമതായി, ഭാര്യമാരെ തങ്ങളുടെ ശരീരങ്ങളെപ്പോലെ ഭർത്താക്കന്മാർ സ്നേഹിക്കണമെന്ന് പൗലൊസ് ഉപദേശിക്കുന്നു. (എഫെ, 5:28). സ്വന്തം ശരീരങ്ങൾക്കു നൽകുന്നതുപോലെയുള്ള കരുതലും ശ്രദ്ധയും സൂക്ഷ്മതയും ഭാര്യയ്ക്കു നൽകി സ്നേഹം പ്രാവർത്തികമാക്കുന്ന ഭർത്താവ് തന്നെത്തന്നെ സ്നേഹിക്കുന്നുവെന്നു കൂട്ടിച്ചേർക്കുന്ന അപ്പൊസ്തലൻ, ഭർത്താവ് ഇങ്ങനെ സ്നേഹിക്കുമ്പോൾ ഭാര്യയിൽനിന്ന് അവനിലേക്ക് അനർഗ്ഗളമായി ഒഴുകുന്ന സ്നേഹത്തെയും ശുശ്രൂഷയെയുമാണ് വരച്ചുകാട്ടുന്നത്. സ്ത്രീകൾ ബലഹീനപാതം എന്നും അവർ ജീവന്റെ കൂട്ടവകാശികൾ എന്നും ഓർത്ത് അവർക്ക് ബഹുമാനം കൊടുക്കുവാൻ (1പത്രൊ, 3:7) ഭർത്താക്കന്മാരെ ഉദ്ബോധിപ്പിക്കുന്ന പത്രൊസ്, ഭർത്താവ് ഭാര്യയ്ക്ക് നൽകേണ്ട സ്നേഹത്തെയും കരുതലിനെയും ചുണ്ടിക്കാണിക്കുന്നു. അതിനു കഴിയുന്നില്ലെങ്കിൽ തങ്ങളുടെ പ്രാർത്ഥനയ്ക്കു മുടക്കം വരുമെന്നുള്ള താക്കീത് ദൈവഭക്തിയിൽ ജീവിക്കുകയും ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ ഭർത്താക്കന്മാർക്കും മാർഗ്ഗദീപമാകണം.