ബാരൂക് (Baruch)
പേരിനർത്ഥം – അനുഗൃഹീതൻ
നേര്യാവിന്റെ പുത്രനും സെരായാവിന്റെ സഹോദരനുമായ ബാരൂക് സിദെക്കീയാ രാജാവിന്റെ കൊട്ടാരത്തിൽ മാന്യമായ സ്ഥാനം അലങ്കരിച്ചിരുന്നു. (യിരെ, 36:14; 51:59). യിരെമ്യാപ്രവാചകന്റെ വിശ്വസ്ത മിത്രവും എഴുത്തുകാരനുമായിരുന്നു. യെഹോയാക്കീം രാജാവിന്റെ നാലാം വർഷത്തിൽ യിരെമ്യാവിന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തി ജനത്തെ വായിച്ചു കേൾപ്പിക്കുവാൻ ബാരുക് നിയോഗിക്കപ്പെട്ടു. ആ വർഷവും അടുത്ത വർഷവും ബാരൂക് അതു ചെയ്തു. (യിരെ, 36:4,14,15, 32). അനന്തരം പ്രഭുക്കന്മാരെയും അതു സ്വകാര്യമായി വായിച്ചു കേൾപ്പിച്ചു. യിരെമ്യാപ്രവാചകനിൽ നിന്നു കേട്ടതാണെന്നു ബാരൂക് പ്രഭുക്കന്മാരോടു പറഞ്ഞു. ആ ചുരുൾ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ അദ്ദേഹം അതിനെ കത്തി കൊണ്ടു മുറിച്ചു നെരിപ്പോടിലെ തീയിലിട്ടു ചുട്ടുകളഞ്ഞു. (യിരെ, 36 : 21-25). യിരെമ്യാവിനെയും ബാരൂക്കിനെയും തടവിലാക്കുവാൻ രാജാവു കല്പന കൊടുത്തു. യിരെമ്യാവു പറഞ്ഞതനുസരിച്ച് ബാരൂക് പിന്നെയും ഒരു ചുരുൾ എഴുതി. ഈ ചുരുളിൽ ആദ്യത്തെ ചുരുളിൽ ഉണ്ടായിരുന്നതിൽ കൂടുതലായി യെഹോയാക്കീമിന്റെയും കുടുംബത്തിന്റെയും നാശത്തെ സംബന്ധിക്കുന്ന പ്രവചനവും രേഖപ്പെടുത്തി. യെഹൂദയ്ക്ക് നേരിടുവാൻ പോകുന്ന നാശത്തിൽ നിന്നു ബാരൂക്കിനെ ഒഴിവാക്കുമെന്നു യഹോവ അവനു ഉറപ്പു നല്കി. (യിരെ, 45:1-5). യെരുശലേം നിരോധനകാലത്തു യിരെമ്യാവു തന്റെ ഇളയപ്പന്റെ മകനായ ഹനമെയേലിനോടു അനാഥോത്തിലെ നിലം വാങ്ങി അതിന്റെ ആധാരം സൂക്ഷിക്കുവാൻ ബാരൂക്കിനെ ഏല്പിച്ചു. (യിരെ, 32:1-16). കല്ദയർക്കനുകൂലമായി യിരെമ്യാവിനെ സ്വാധീനിക്കുന്നുവെന്നു ബാരൂക്കിനെ കുറ്റപ്പെടുത്തി. (യിരെ, 43:3). പ്രവാചകനോടൊപ്പം ബാരൂക്കിനെയും കാരാഗൃഹത്തിലടച്ചു. യെരുശലേമിന്റെ പതനം വരെ കാരാഗ്യഹത്തിൽ കഴിഞ്ഞു. നെബുഖദ്നേസരിന്റെ അനുവാദത്തോടു കൂടി യിരെമ്യാവിനോടൊപ്പം ബാരൂക് മിസ്പയിൽ വസിച്ചു. യിരെമ്യാവിനെയും ബാരൂക്കിനെയും ശത്രുക്കൾ മിസയീമിലേക്കു കൊണ്ടുപോയി. (യിരെ, 43:1-7). ബാരൂക്കിന്റെ അന്ത്യനാളുകളെക്കുറിച്ചു വ്യക്തമായ അറിവില്ല. യിരെമ്യാവിന്റെ മരണശേഷം ബാരൂക് ബാബിലോനിൽ പോയി എന്നും യെരൂശലേം നാശത്തിന്റെ പന്ത്രണ്ടാം വർഷം മരിച്ചു എന്നും ഒരു പാരമ്പര്യമുണ്ട്. ഒരു കുലീനനാണ് ബാരൂക് എന്നു ജൊസീഫസ് പറഞ്ഞിട്ടുണ്ട്. ബാരൂക്കിന്റെ പേരിൽ ചില അപ്പൊക്രിഫാ പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.