പാറയും പത്രൊസും
“നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.” (മത്താ, 16:18).
യേശുവിൻ്റെ ഈ വാക്കിനെ തെറ്റിദ്ധരിച്ചിട്ട് പത്രൊസിൻ്റെ മേലാണ് സഭ പണിതിരിക്കുന്നതെന്ന് അനേകരും വിശ്വസിക്കുന്നു. എന്താണതിൻ്റെ വസ്തുതയെന്ന് നമുക്കുനോക്കാം:
പത്രൊസിന്റെ ആദ്യത്തെ പേര് ശിമോൻ (Simon – ഗ്രീക്കിൽ Simon) എന്നായിരുന്നു. 49 പ്രാവശ്യം ഈ പേരുണ്ട്. (മത്താ, 4:18; 10:2). സഹോദരനായ അന്ത്രെയാസാണ് യേശുവിൻ്റെ അടുക്കൽ അവനെ കൊണ്ടുവന്നത്. (യോഹ, 1:40). യേശുവാണ് അവന് “കേഫാ” (Kephas – എബ്രായയിൽ Kephas) എന്നു പേരിടുന്നത്. ആറു പ്രാവശ്യം ആ പേരുണ്ട്. (യോഹ, 1:42; 1കൊരി, 1:12; 3:22; 9:5; 15:5; ഗലാ, 2:9). കേഫാസ് എന്ന എബ്രായ പേരിൻ്റെ അർത്ഥമാണ് ഗ്രീക്കിൽ പെട്രൊസ് (Petros – piece of rock) എന്നും, ഇംഗ്ലീഷിൽ stone എന്നും, മലയാളത്തിൽ പാറക്കഷണം എന്നും. യോഹന്നാൻ 1:42-ൽ യേശു ശീമോന് കൊടുത്ത പേരായ കേഫായുടെ അർത്ഥമായ പെട്രൊസിനെ സത്യവേദപുസ്തകത്തിൽ പത്രൊസെന്ന് ലിപ്യന്തരണം ചെയ്യുകയും: “യേശു അവനെ നോക്കി: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു;” പി.ഒ.സിയിൽ: പാറയെന്നു തർജ്ജമ ചെയ്യുകയും ചെയ്തു: “യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.” സത്യവേദപുസ്കകം സമകാലിക പരിഭാഷയിൽ പരിഭാഷയിൽ അത് കൃത്യമായി മനസ്സിലാക്കാം: “അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്റെ അടുക്കല് കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്റെ പുത്രനായ ശിമോന് അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും. അതിനു പത്രോസ് അഥവാ പാറ എന്നര്ഥം.” എന്നാൽ പില്ക്കാലത്ത് യേശു കൊടുത്ത പേരായ കേഫാ എന്ന് അവനെ വിളിക്കാതെ പേരിൻ്റെ അർത്ഥമായ പെട്രൊസ് അഥവാ പത്രൊസെന്ന് അവൻ വിളിക്കപ്പെട്ടു. (മത്താ, 10:2; മർക്കൊ, 3:16; ലൂക്കൊ, 6:14). അതിനാൽ പേരിൻ്റെ അർത്ഥം അവൻ്റെ പേരായിമാറി. ബൈബിളിൽ 162 പ്രാവശ്യം പത്രൊസെന്ന പേരുണ്ട്.
പാറയെ (rock) കുറിക്കുന്ന ഗ്രീക്കുപദം പെട്രാ (petra – πέτρα) ആണ്. ആ പദം പതിനാറ് പ്രാവശ്യമുണ്ട്. (മത്താ, 7:24; 7:25); 16:18; 27:52; 27:60; മർക്കൊ, 15:46; ലൂക്കൊ, 6:48; 8:6; 8:13; റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7; വെളി, 6:15; 6:16). മൂന്ന് വാക്യങ്ങൾ ക്രിസ്തുവിനെ കുറിക്കാനും (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7) ബാക്കി പതിമൂന്നു വാക്യം യഥാർത്ഥ പാറയെയും കുറിക്കുന്നു. പാറക്കഷണം (stone) അഥവാ പെട്രാസ് (പത്രൊസ്) എന്നത് കേഫായെന്ന പേരിൻ്റെ അർത്ഥമാണെന്നല്ലാതെ, പത്രൊസ് പാറയാണെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല.
പത്രൊസിനെക്കുറിച്ച് ഒരുകാര്യംകൂടി അറിയണം: ആദ്യം യോഹന്നാനും അന്ത്രെയാസും ശിമോനുമൊക്കെ യോഹന്നാൻ സാനാപകൻ്റെ ശിഷ്യനായിരുന്നു. (യോഹ, 1:35-37). ആ സമയത്ത് സ്നാപകൻ്റെ സാക്ഷ്യം കേട്ടിട്ടാണ് അവർ യേശുവിൻ്റെ പിന്നാലെ ചെന്നതും, അന്ത്രെയാസ് പത്രൊസിനെ വിളിച്ചുകൊണ്ടു വന്നപ്പോൾ, യേശു അവന് പത്രൊസ് എന്നർത്ഥമുള്ള കേഫാ എന്നപേര് നല്കിയതും. എന്നാൽ അന്നൊന്നും അവർ യേശുവിൻ്റെ ശിഷ്യന്മാർ ആയിരുന്നില്ല. ശിഷ്യന്മാർ തിരഞ്ഞെടുക്കപ്പെട്ട ക്രമത്തിൽ ഒന്നാമൻ ഫിലിപ്പോസാണ്. (യോഹ, 1:43). രണ്ടാമത്തെ ശിഷ്യൻ നഥനയേൽ അഥവാ ബർത്തൊലൊമായി ആണ്. (യോഹ, 1:45; മത്താ, 10:3). പിന്നീട് ഗലീല കടല്പുറത്തുനിന്ന് തിരഞ്ഞെടുക്കുന്ന നാലുപേരുടെ കൂട്ടത്തിലുള്ളതാണ് പത്രൊസ്. (മത്താ, 4:18-22). എങ്കിലും അപ്പൊസ്തലന്മാരിൽ ഒന്നാമനെന്നാണ് വിളിക്കപ്പെടുന്നത് പത്രൊസാണ്. (മത്താ, 10:2). അപ്പൊസ്തലന്മാരുടെ പട്ടിക പറയുന്നിടത്തൊക്കെയും പത്രൊസിൻ്റെ പേരാണ് ആദ്യം പറയുന്നതും. അതിൻ്റെ കാരണം: അന്ത്രെയാസ് പത്രൊസിനെ കൂട്ടിക്കൊണ്ടു വന്നിട്ട് യേശുക്രിസ്തു അവനെ കാണുന്ന സമയത്തുതന്നെ അപ്പൊസ്തലന്മാരിൽ പ്രഥമനായിട്ടും സഭയുടെ പ്രധാന വക്താവായും പത്രൊസിനെ കണ്ടിരുന്നു. അതുകൊണ്ടാണ് “ശ്രവണം എന്നർത്ഥമുള്ള ശിമോൻ എന്ന പേരു മാറ്റിയിട്ട് പാറക്കഷണം അഥവാ പത്രൊസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത്.” ബൈബിളിൽ യഥാർത്ഥ പാറയെ കൂടാതെ ദൈവവത്തെയും (ഉല്പ, 49:24; 2ശമൂ, 22:3; 22:47; സങ്കീ, 18:2; 18:46), ക്രിസ്തുവിനെയും മാത്രമാണ് പാറയെന്ന് വിളിച്ചിരിക്കുന്നത്. (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7). അതിനാൽ, ക്രിസ്തു തൻ്റെ സഭയുടെ പ്രധാന വക്താവായിക്കണ്ട ശിമോൻ്റെ പേർ പത്രോസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത് യുക്തംതന്നെ.
ഇനി, മത്തായി സുവിശേഷത്തിലെ വിഷയമെന്താണ്?
¹⁶ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. ¹⁷ യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. ¹⁸ നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. (മ്മതാ, 16:16-18).
18-ാം വാക്യം: യേശു പറയുന്നത്; നീ പാറയാകുന്നു എന്നല്ല “നീ പത്രൊസ് ആകുന്നു” എന്നാണ്; അതവൻ്റെ പേരാണ്. അടുത്തഭാഗം: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.” ഏത് പാറമേൽ? 16-ാം വാക്യത്തിൽ: പത്രൊസ് ഏറ്റുപറഞ്ഞ ക്രിസ്തുവാകുന്ന പാറമേൽ. എന്താണ് തെളിവ്? “സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു എല്ലാവരും ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു.” (1കൊരി, 10:1-4). 17-ാം വാക്യത്തിൽ: പത്രൊസിൻ്റെ ഭാഗ്യാവസ്ഥ അതാണ്. ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും സ്ഥാപകനുമെന്ന് സ്വർഗ്ഗസ്ഥനായ പിതാവ് അവന് വെളിപ്പെടുത്തി. (1പത്രൊ, 2:4,7). പൗലൊസ് പറയുന്നു: “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.” (1 കൊരി 3:11).
പത്രൊസെന്ന അടിസ്ഥാനത്തിന്മേലല്ല സഭ പണിതിരിക്കുന്നത്; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലാണ്. ആത്മീയമായി ക്രിസ്തുവാണ് അടിക്കപ്പെട്ട പാറ. (പുറ, 17:6). ആ പാറയിൽനിന്ന് കുടിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. അത് നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവയായിരിക്കും. (യോഹ, 4:13,14; 7:37-39). ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും പ്രധാന മൂലക്കല്ലും: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” (എഫെ, 2:20). അതായത്, ക്രിസ്തുവാകുന്ന പാറമേൽ പണിയപ്പെട്ട ദൈവസഭയുടെ അടിസ്ഥാനത്തിൽ മൂലക്കല്ലായ ക്രിസ്തുവിനൊപ്പം പത്രൊസിനും മറ്റ് അപ്പൊസ്തലന്മാർക്കും ഒരുപോലെ പങ്കുണ്ടെന്നല്ലാതെ, പത്രൊസിന് മാത്രമായി ഒരു വിശേഷതയും കല്പിച്ചിട്ടില്ല. ദൈവസഭയുടെ അടിസ്ഥാനവും മൂലക്കല്ലും ക്രിസ്തുവാണ്. എന്തെന്നാൽ അവൻ തൻ്റെ രക്തംകൊണ്ട് സമ്പാദിച്ചതാണ് സഭ: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28. ഒ.നോ: 1പത്രൊ, 1:18,19). തന്നിൽ വിശ്വസിക്കാത്തവർക്ക് ക്രിസ്തു ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായുമാണ്. (സങ്കീ, 118:22; റോമ, 9:32; 1പത്രൊ, 2:7).
പത്രൊസ് സഭയുടെ പ്രഥമ വക്താവായിരുന്നു എന്നല്ലാതെ, അവൻ്റെ മേലല്ല സഭ പണിയപ്പെട്ടിരിക്കുന്നത് എന്നതിന് ഇനിയും തെളിവുണ്ട്: “മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:4). ജീവനുള്ള കല്ലായ ക്രിസ്തുവിനോട് ചേർത്താണ് വിശ്വാസികളായ കല്ലുകൾ ചേർത്ത് പണിയപ്പെടുന്നത്; അല്ലാതെ പത്രൊസിനോട് ചേർത്തല്ല. പത്രൊസും ക്രിസ്തുവിനോട് ചേർത്ത് പണിയപ്പെട്ട ഒരു കല്ലാണ്.
ദൈവാലയം അഥവാ ദൈവസഭ, ജീവനുള്ള ദൈവത്തിൻ്റെ സഭയാണ്. (1തിമൊ, 3:15; 2കൊരി, 6:16). ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ വീണ്ടും ജനിച്ചവരാണ് ദൈവസഭയുടെ അംഗങ്ങൾ. (1പത്രൊ, 1:23). സഭ അനുദിനം പണിയപ്പെട്ടുകൊണ്ട് ഇരിക്കുകയാണ്. (എഫെ, 21). കർത്താവാണ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരിക്കുന്നത്. (പ്രവൃ, 2:46).
Good