പഴയനിയമത്തിൽ യേശു ദൂതനായി ഉണ്ടായിരുന്നോ❓

മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുവാണോ? 
3:2. ❝അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3:3. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
3:4. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
3:5. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
3:6. ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.❞ (പുറ, 3:2-6).
➦ ഈ വേദഭാഗത്ത് പ്രത്യക്ഷനായ ദൂതൻ യേശുവാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. 2-ാം വാക്യത്തിൽ, യഹോവയുടെ ❝ദൂതൻ❞ (mal’āḵ – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ➟പുതിയനിയമത്തിലും അത് പറഞ്ഞിട്ടുണ്ട്: ❝നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.❞ (പ്രവൃ, 7:30). ➟ഈ വേദഭാഗത്തും, ദൈവത്തിൻ്റെ ❝ദൂതൻ❞ (angelos – Angel) പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. 3-ാം വാക്യത്തിൽ, മുൾപടർപ്പു കത്തിയിട്ടും വെന്തുപോകാത്ത കാഴ്ച എന്തെന്നറിയാൻ, മോശെ അടുത്തേക്ക് ചെല്ലുന്നതായി കാണാം. 4-ാം വാക്യത്തിൽ, ❝മോശെ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.❞ ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മോശെയെ കാണുന്നതും അവനെ പേർചൊല്ലി വിളിക്കുന്നതും യഹോയായ ദൈവമാണ്. 5-ാം വാക്യത്തിൽ, ❝ദൈവം: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.❞ ➟ഈ വേദഭാഗത്തും ദൈവമാണ് സംസാരിക്കുന്നത്. 6-ാം വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ❝ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു❞ എന്ന് അരുളിച്ചെയ്തതും യഹോവയാണ്. 6-ാം വാക്യത്തിൻ്റെ അടുഭാഗത്ത്, ❝മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി❞ എന്നാണ് വായിക്കുന്നത്. അതായത്, 2-ാം വാക്യത്തിൽ, യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽ പ്രത്യക്ഷനായി എന്ന് പറയുന്നതൊഴികെ, സംസാരിക്കുന്നതും മോശെയെ കാണുന്നതും മോശെ നോക്കാൻ ഭയപ്പെട്ടതും യഹോവയായ ദൈവത്തെയാണ്. ➟മുന്നാം അദ്ധ്യായത്തിൽ മാത്രമല്ല; തുടർന്നുള്ള എല്ലാ അദ്ധ്യായത്തിലും ദൈവമാണ് സംസാരിക്കുന്നത്. ➟മുൾപ്പർപ്പിൽ പ്രത്യക്ഷനായ ദൂതൻ സംസാരിക്കുന്നില്ലെന്ന് മാത്രമല്ല; അവനെക്കുറിച്ച് ഒരു പരാമർശംപോലും തുടർന്നങ്ങോട്ടു കാണാൻ കഴിയില്ല. ➟മറ്റൊരു ദൂതനെക്കുറിച്ചുള്ള പരാമർശം കാണുന്നത് 14:19-ലാണ്. ➟ട്രിനിറ്റി വിചാരിക്കുന്നതുപോലെ അവിടെ പ്രത്യക്ഷനായ ദൂതൻ യേശുവാണെങ്കിൽ, അവൻ സ്വയമായി സംസാരിക്കാതിരിക്കുമോ❓ ➟ട്രിനിറ്റിക്ക് പിതാവിനോട് സമനായ ദൈവമാണ് യേശു. ➟ദൈവമായ യേശു പ്രത്യക്ഷനായിട്ട് ആ ദൈവം മിണ്ടാതിരിക്കുകയും ആ ദൈവത്തിലൂടെ മറ്റൊരു ദൈവം സംസാരിക്കേണ്ട ആവശ്യമെന്താണ്❓
➦ എന്താണ് അവിടുത്തെ സംഭവമെന്ന് ചോദിച്ചാൽ, തൻ്റെ സൃഷ്ടിയായ ദൂതൻ മുഖാന്തരം യഹോവയായ ദൈവമാണ് അഗ്നിജ്വാലയിൽ പ്രത്യക്ഷനായത്. ➟അതായത്, ദൂതൻ യഹോവയെ പ്രതിനിധീകരിക്കുന്ന പ്രത്യക്ഷതയാണ്. ഉദാ: ❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8). ➟ഇവിടെ ജനത്തോട് നേരിട്ട് സംസാരിക്കുന്നത് യെശയ്യാ പ്രവാചകനാണ്. ➟എന്നാൽ സംസാരിക്കുന്നത് അവൻ്റെ വാക്കുകളല്ല; യഹോവയായ ദൈവത്തിൻ്റെ വാക്കുകളാണ്. ➟ദൈവത്തിൻ്റെ വായാണ് പ്രവാചകന്മാർ. ➟ഇവിടെ, യെശയ്യാവിലൂടെ ദൈവം സംസാരിച്ചു. ➟അവിടെ, ദൂതൻ്റെ പ്രത്യക്ഷതയിലൂടെ ദൈവം സംസാരിക്കുന്നു. ➟രണ്ടിടത്തും ദൈവമാണ് സംസാരിക്കുന്നത്. ➟പുതിയനിയമത്തിൽ, കൃപയും ശക്തിയും നിറഞ്ഞ് സ്തെഫാനൊസ് പഴയനിയമചരിത്രം പ്രസ്ഥാവിക്കുമ്പോൾ വ്യക്തമായി അക്കാര്യം പറഞ്ഞിട്ടുണ്ട്: ❝നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.❞ (പ്രവൃ, 7:35). ➟ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ രക്ഷിക്കാൻ മോശെയെ അധികാരിയും വീണ്ടെടുപ്പുകാരനും ആക്കിയത് ദൂതൻ മുഖാന്തരമാണെന്ന് ഈ വേദഭാഗത്ത് വ്യക്തമാക്കാമല്ലോ?  (പുറ, 3:10). ➟അതായത്, മുൾപ്പടർപ്പിൽ പ്രത്യക്ഷനായത് ദൈവപുത്രായ ക്രിസ്തുവാണെന്ന് ട്രിനിറ്റി വിശ്വാസികൾ പറയുന്നതല്ലാതെ, കൃപയും ശക്തിയും നിറഞ്ഞ സ്തഫാനൊസിനും അതെഴുതിവെച്ച ലൂക്കൊസിനും അക്കാര്യം അറിയില്ലായിരുന്നു. ➟മൂൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ യേശുക്രിസ്തുവാണെങ്കിൽ, മോശെ അക്കാര്യം മറച്ചുവെക്കുമോ❓ സ്തെഫാനോസ് അക്കാര്യം അറിയാതിരിക്കുമോ❓ ലൂക്കൊസ് ദൂതനാണെന്ന് എഴുതിവെക്കുമോ❓
➦ മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം യഹോവയാണ് പ്രത്യക്ഷനായത് എന്നതിന് വേറെയും തെളിവുണ്ട്: ❝മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.❞ (ആവ, 33:16). ➟തീയിൽ വെളിപ്പെട്ടുകൊണ്ടാണ് യഹോവ ന്യായപ്രമാണം നല്കിയത്: ❝ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.❞ (ആവ, 5:24).
എന്റെ നാമം അവനിൽ ഉണ്ട്:
➦ ❝ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.❞ (പുറ, 23:20-21). ➟ഈ വേദഭാഗത്ത് പറയുന്ന ദൂതനും (mal’āḵ – Angel) യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ❝എന്റെ നാമം അവനിൽ ഉണ്ടു❞ എന്ന് പറഞ്ഞിരിക്കുന്നതാണ് കാരണം. ➟ദൈവം തൻ്റെ നാമത്തിൽ അല്ലെങ്കിൽ, നാമവുമായി ഒരു ദൂതനെ അയച്ചാൽ യേശുക്രിസ്തു ആകുമോ❓ ➟ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, യഹോവയ്ക്ക് തുല്യനായ ദൈവമാണ് യേശുക്രിസ്തു. ➟ദൈവമായ യേശുക്രിസ്തുവിനെ യിസ്രായേൽ ജനത്തിൻ്റെ മുമ്പെ അയക്കുമ്പോൾ, ദൈവം സൃഷ്ടിയായ ദൂതനായി മാറുമോ❓ 
➦ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു നോക്കുക: ❝നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.❞ (1ശമൂ, 17:45). ➟യഹോവയുടെ നാമത്തിൽ ദാവീദ് ഫെലിസ്ത്യനെ കൊന്നതുകൊണ്ട് ദാവീദ് യേശുക്രിസ്തു ആകുമോ❓ ➟ഇങ്ങനെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, മൂന്നല്ല (ത്രിത്വം); മുപ്പത്തിമുക്കോടി ദൈവത്തെ ഉണ്ടാക്കാം.
സമ്മുഖദൂതൻ:
➦ ❝അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.❞ (യെശ, 63:9). ➟ഈ വേദഭാഗത്ത് പറയുന്ന സമ്മുഖദൂതനും യേശുക്രിസ്തു ആണെനാണ് ട്രിനിറ്റി പറയുന്നത്. ➟❝സമ്മുഖദൂതൻ❞ എബ്രായയിൽ ❝mal’akh panav❞ (מַלְאַךְ פָּנָיו) ആണ്. ➟അതിൻ്റെ അർത്ഥം, ❝അവൻ്റെ മുഖത്തിൻ്റെ ദൂതൻ/അവൻ്റെ സാന്നിധ്യമാകുന്ന ദൂതൻ❞ എന്നാണ്. ➟ഇംഗ്ലീഷിൽ, ❝സാന്നിധ്യത്തിൻ്റെ ദൂതൻ❞ (The angel of his presence) എന്നാണ്: (KJV). ➟❝സാന്നിധ്യമാകുന്ന ദൂതൻ❞ (സ.വേ.പു.സ.പ), ❝തിരുസന്നിധിയിലെ മാലാഖ❞ (വി.ഗ്ര) എന്നൊക്കെയാണ് മറ്റു മലയാളം പരിഭാഷകളിൽ കാണുന്നത്. ➟യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനാഖിൽ അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്: അതിൽ മിഖായേൽ (Michael) ആണെന്നാണ് പറഞ്ഞിരിക്കുന്നത്: (Tanakh).➟അതായത്, ദൈവം തൻ്റെ സാന്നിദ്ധ്യമാകുന്ന ദൂതനെ (mal’āḵ – Angel) അയച്ചാണ് രക്ഷിച്ചത്. ➟ദൈവത്തിനു് മുമ്പെ ഒരു പുത്രനുണ്ടായിരുന്നെങ്കിൽ, ആ പുത്രനെ അയച്ചാണ് രക്ഷിച്ചിരുന്നതെങ്കിൽ ദൈവമോ, എഴുത്തുകാരോ അത് പറയാൻ ലജ്ജിക്കുമായിരുന്നോ❓
ഒരു ദൈവപുത്രനോടു ഒത്തവൻ:
➦ ❝ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു. നെബൂഖദ്നേസർ രാജാവു ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവർ: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണർത്തിച്ചു. അതിന്നു അവൻ: നാലു പുരുഷന്മാർ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാൻ കാണുന്നു; അവർക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.❞ (ദാനീ, 3:23-25). ➟ഈ വേദഭാഗത്ത്, നാലാമനായി തീച്ചൂളയിൽ കണ്ട ❝ദൈവപുത്രനോടു ഒത്തവൻ❞ യേശുക്രിസ്തു ആണെന്നാണ് ട്രിനിറ്റിയുടെ മറ്റൊരു വാദം. ➟എന്നാൽ ❝നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു❞ എന്നുപറഞ്ഞ നെബൂഖദ്നേസർ രാജാവുതന്നെ അതാരാണെന്ന് പറഞ്ഞിട്ടുണ്ട്: ❝അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28). ➟ഈ വേദഭാഗത്ത്, ദൈവം തൻ്റെ ❝ദൂതനെ❞ (mal’āḵ – Angel) അയച്ചാണ് വിടുവിച്ചതെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.
ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ
➦ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) ജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1) പുത്രത്വം (ലൂക്കൊ, 1:32; 1:35) ശുശ്രൂഷ (യെശ, 42:1-3) കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12) അടക്കം (യെശ, 53:9) പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, പഴയനിയമത്തിൽ ദൂതനായി വന്നു എന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും❓
☛ യഹോവയായ ഏകദൈവവും, ❝എൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്ഥൻ❞ എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ ദൈവപുരുഷനായ മോശെയും ക്രിസ്തുവിൻ്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ: [കാണുക: യഹോവയും ക്രിസ്തുവും, ക്രിസ്തുവും മോശെയും]. ➟ഏകദൈവത്തിൻ്റെ വാക്കുകൾപോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും വചനമാണെന്നും പഴയനിയമത്തിൽ ഉണ്ടായിയിരുന്നു എന്നൊക്കെ പറയാൻ കഴിയുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *