പരിശുദ്ധാത്മാവ് ആരാണ്❓

പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. (യോഹ, 3:6-8). ദൈവം മൂന്ന് വ്യക്തികളാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, വ്യക്തി എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല; പ്രധാനമായും മനുഷ്യരെ കുറിക്കുന്നതാണ്. മനുഷ്യരെ കുറിക്കുന്നതാണെന്ന് പറയുമ്പോൾത്തന്നെ, മനുഷ്യൻ്റെ പ്രകൃതിയെ അല്ല; വ്യതിരിക്തതയെ (Individual) ആണ് ആ പ്രയോഗം സൂചിപ്പിക്കുന്നത്. എന്നാൽ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണ് ഉള്ളത്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദമാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്:

1️⃣ “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ; ദൈവവും ആത്മാവും ഒരാളാണെന്ന് വ്യക്തമായി മനസ്സിലാക്കാം. നിൻ്റെ ആത്മാവിനെ അഥവാ, ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ്, പിന്നെ പറയുന്നത്: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. പാതാളത്തിൽ കിടക്ക വിരിച്ചാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ നിൻ്റെ ആത്മാവ് എന്നെ പിടിക്കുമെന്നല്ല; നിന്റെ കൈ എന്നെ പിടിക്കും എന്നാണ് പറയുന്നത്. തന്മൂലം, ദൈവവും ആത്മാവും അഭിന്നരാണെന്ന് വ്യക്തമാണ്.

2️⃣ യെശയ്യാവ്  6:8-10-ൽ അവൻ കേട്ട ഭാഷണം യഹോവയായ ദൈവത്തിൻ്റെയാണ്. എന്നാൽ, യെശയ്യാവ് കേട്ടത് പരിശുദ്ധാത്മാവിൻ്റെ ഭാഷണമാണെന്ന് പൗലൊസ് വ്യക്തമാക്കുന്നു. (പ്രവൃ, 28:26-27). അതിനാൽ, ദൈവവും പരിശുദ്ധാത്മാവും വീഭിന്നരല്ലെന്ന് മനസ്സിലാക്കാം.

3️⃣ താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് യഹോവ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.(യേശ, 44:24). പഴയനിയമ ഭക്തന്മാർ അത്, പല വേദഭാഗങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; മലാ, 2ൻ്റെ10; യെശ, 64:8). യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 19:4). എന്നാൽ, “ദൈവത്തിന്റെ ആത്മാവാണ് തന്നെ സൃഷ്ടിച്ചതെന്ന് ഇയ്യോബ് പറഞ്ഞിരിക്കുന്നു. (ഇയ്യോ, 33:4 ). ദൈവം തൻ്റെ ആത്മാവിനെ അയച്ച് സൃഷ്ടിക്കുന്നതായി വേറെയും വാക്യമുണ്ട്. (സങ്കീ, 104:30). ആത്മാവിനെ, സത്യവേദപുസ്തകത്തിൽ ശ്വാസം എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് ഖണ്ഡിതമായി അനേകം വാക്യങ്ങളിൽ പറഞ്ഞിരിക്കെ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ, ആത്മാവ് സൃഷ്ടിച്ചു എന്ന്; ഒരിക്കലും പറയില്ലായിരുന്നു,. അങ്ങനെവന്നാൽ, ബൈബിൾ പരസ്പര വിരുദ്ധമെന്നേ വരൂ. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്ന് തെളിയുന്നു.

4️⃣ യേശു കന്യകയിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആണ്. (മത്താ, 1:20; ലൂക്കൊ, 2:21). എന്നാൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് അവനെ സംബോധന ചെയ്തത് ദൈവപിതാവാണ്. (മത്താ, 3:17; 17:5; 2പത്രൊ, 1:17). അതിനാൽ, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.

5️⃣ പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). എന്നാൽ, പിതാവാണ് തൻ്റെകൂടെ ഉള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16,29). പിതാവും പരിശുദ്ധാത്മാവുമെന്ന വിഭിന്നരായ രണ്ടുപേർ, യേശുവിൻ്റെ കൂടെ ഉണ്ടായിരുന്നു എന്ന് ചിലർ കരുതുന്നു,. എന്നാൽ, മരണസമയത്ത് പിതാവായ ദൈവം മാത്രമാണ് യേശുവിനെ വിട്ടുമാറിയത്. (മത്താ, 27:46; മർക്കൊ, 15;33). പരിശുദ്ധാത്മാവ് ക്രിസ്തുവിനെ വിട്ടുമാറിയതായി എവിടെയും പറഞ്ഞിട്ടുമില്ല. തന്നെയുമല്ല, പരിശുദ്ധാത്മാവ് അവൻ്റെകൂടെ മരിച്ചില്ല; പരിശുദ്ധാത്മാവിലാണ് അവൻ മരണം ആസ്വദിച്ചത്. (എബ്രാ, 9:14). തന്മൂലം, പിതാവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് വ്യക്തമാണ്.

6️⃣ താൻ ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് യേശു പറഞ്ഞത്. (മത്താ, 12:28). എന്നാൽ, ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്ന് പത്രൊസ് പറയുന്നു. (പ്രവൃ, 2:22. ഒ.നോ: യോഹ, 3:2). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). ദൈവവും പരിശുദ്ധാത്മാവും വിഭിന്നരാണെങ്കിൽ രണ്ടുപേരാലാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പറയണം. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

7️⃣ പിതാവിനോടു പ്രാർത്ഥിക്കാൻ പറഞ്ഞിരിക്കുന്നത് ബൈബിളിൽ ആവർത്തിച്ചുകാണാം. “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന് സംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് ക്രിസ്തുവാണ്. (മത്താ, 6:9-13; ലൂക്കൊ, 11:2-4). പിതാവിനോട് പ്രാർത്ഥിക്കാൻ ക്രിസ്തു ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. (യോഹ, 14:13; 15:16; 16:23), പിതാവിനെ സബോധന ചെയ്തുകൊണ്ട് ക്രിസ്തുവും പലവട്ടം പ്രാർത്ഥിച്ചിട്ടുണ്ട്. (യോഹ, 11:41; 12:27; 17:1,5,11,21,24,25). പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കാൻ അപ്പൊസ്തലന്മാർ പറഞ്ഞിട്ടുണ്ട്. (എഫെ, 6:18; യൂദാ, 1:20). എന്നാൽ, പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ ബൈബിളിൽ പറഞ്ഞിട്ടില്ല. പിതാവും പരിശുദ്ധാത്മാവും വിഭിന്നരായിരുന്നുവെങ്കിൽ, ഒരിക്കലെങ്കിലും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ പറയുമായിരുന്നു. അല്ലെങ്കിൽ, അതുതന്നെ ആത്മാവിനെതിരെയുള്ള ദൂഷണമാകുമായിരുന്നു. തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.

8️⃣ ക്രിസ്തു മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെട്ടത് ആത്മാവിനാലാണെന്നും (1പത്രൊ, 3:18), പിതാവായ ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 1:1. ഒ.നോ: പ്രവൃ, 2:24,31; 4:10; 5:31). ക്രിസ്തുവിനെ രണ്ടുപേർ ഉയിർപ്പിക്കേണ്ട ആവശ്യമില്ല; അവൻ രണ്ടുപ്രാവശ്യം ഉയിർക്കേണ്ട ആവശ്യവുമില്ല. അതിനാൽ, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

9️⃣ വ്യക്തികൾ വീണ്ടും ജനിക്കുന്നത് ആത്മാവിനാലാണെന്നും (യോഹ, 3:5-6), ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1യോഹ, 5:1,18). ഒരു വ്യക്തി രണ്ടുപ്രാവശ്യം വ്യത്യസ്തരായ രണ്ടുപേരാൽ വീണ്ടുംജനിക്കേണ്ടതില്ല. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ തെളിയുന്നു.

🔟 അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3-4). ഒരാൾ രണ്ടുപേരാടോ, രണ്ട് ദൈവത്തോടോ വ്യാജം കാണിച്ചുവെന്ന് എന്തായാലും പറയാൻ പറ്റില്ല. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്നുള്ളത് തർക്കമറ്റ സംഗതിയാണ്.

1️⃣1️⃣ വീണ്ടുംജനിച്ചവർ ദൈവത്തിൻ്റെ മന്ദിരമാണെന്നും (1കൊരി, 3:16) പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19). ആദ്യവാക്യം ഇപ്പകാരമാണ്: “നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” എന്തുകൊണ്ടാണ്, വിശ്വാസിയെ ദൈവത്തിൻ്റെ മന്ദിരമെന്ന് പറയുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്: ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിളിക്കുന്നത്. (എഫെ, 4:30). വീണ്ടുംജനിച്ച ഓരോരുത്തരും രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റില്ല. തന്നെയുമല്ല, പുത്രൻ്റെ മന്ദിരമാണെന്ന് പറഞ്ഞിട്ടുമില്ല. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് വാക്കും ഭാഷണവും കൂടാതെ ആർക്കും മനസ്സിലാകും.

1️⃣2️⃣ പിതാവു പുത്രനെ സ്നേഹിക്കുന്നതായും പുത്രൻ പിതാവിനെ സ്നേഹിക്കുന്നതായും പിതാവും പുത്രനും ശിഷ്യന്മാരെ സ്നേഹിക്കുന്നതായും പറഞ്ഞിട്ടുണ്ട്. (യോഹ, 3:35; 5:20; 10:17; 15:9; 17:23,26). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ, പുത്രനും പരിശുദ്ധാത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. ക്രിസ്തു, പിതാവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും, പിതാവ് പുത്രനെ അഭിസംബോധന ചെയ്തും സംസാരിക്കുന്നത് കാണാം. (മത്താ, 3:17 11:25; 17:5; 26:39; യോഹ, 12:28). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ യേശുവും ആത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. അതിനാൽ, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കാം.

1️⃣3️⃣ ദൈവം ആത്മാവാണെന്ന് പറഞ്ഞിട്ടുണ്ട്: “ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24. ഒ.നോ: 2കൊരി, 7:17). അപ്പോൾത്തനെ, നിത്യാത്മാവ് എന്നൊരു പ്രയോഗവും കാണാം. (എബ്രാ, 9:14). ദൈവം ആത്മാവാകയാൽ, നിത്യാത്മാവെന്ന പ്രയോഗം ദൈവത്തെക്കുറിക്കുന്നതാണെന്ന് മനസ്സിലാക്കാം. തന്മൂലം, പരിശുദ്ധത്മാവും ദൈവവും ഭിന്നരല്ലെന്ന് വ്യക്തമാണ്. എന്തെന്നാൽ, ദൈവത്തിൻ്റെ ഉപനാമമാണ് പരിശുദ്ധൻ. “കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്ത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ.” (വെളി, 15:4).

ഇനി, പ്രധാനപ്പെട്ട അഞ്ച് തെളിവ് തരാം:⏬

1️⃣4️⃣ പിതാവാണ് തൻ്റെ കൂടെയുള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 8:16,29; 16:32). ദൈവപിതാവാണ് യേശുവിനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്ന് പത്രൊസും വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 2:22). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തത് എന്നും പത്രൊസ് പറഞ്ഞു. (പ്രവൃ, 10:38). നിക്കോദേമൊസും അക്കാര്യം പറഞ്ഞിട്ടുണ്ട്. (യോഹ, 3:2). എന്നാൽ, ദൈവത്താൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിൽ ആരോപിച്ച യെഹൂദന്മാരോട് യേശു പറയുന്നത്; പരിശുദ്ധാത്മാവിന്നു നേരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാക്കും എന്നാണ്. (മത്താ, 12:24,32; മർക്കൊ, 3:22,29). പിതാവിനെക്കുറിച്ച് ദൂഷണം പറയരുതെന്ന് എവിടെയും താൻ പറഞ്ഞിട്ടുമില്ല. അതായത്, തൻ്റെകൂടെ വസിക്കുന്ന പിതാവ് തന്നെയാണ് പരിശുദ്ധാത്മാവെന്ന് ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി.

1️⃣5️⃣ “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച പാപമറിയാത്ത മനുഷ്യനാണ് ക്രിസ്തു: (യോഹ, 8:40; 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). യോർദ്ദാനിലെ അഭിഷേകത്തിലാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അതിനുശേഷമാണ്, അവൻ പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32,35). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38; മത്താ, 3:16; ലൂക്കൊ, 4:18,19). അതായത്, പരിശുദ്ധാത്മാവ് ക്രിസ്തുവിൽ അവൻ്റെ ദേഹരൂപത്തിൽ അഥവാ, ശരീരരൂപത്തിൽ വന്ന് വാസം ചെയ്യുകയായിരുന്നു. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏത് ഭാഷയിൽ പറയുന്നുവോ (3:22), അതുതന്നെയാണ് പൗലൊസും പറയുന്നത്. (കൊലൊ, 2:9). പരിശുദ്ധാത്മാവല്ലാതെ, പിതാവ് ദേഹരൂപമായി വസിക്കുന്നു എന്ന് എവിടെയും പറഞ്ഞിട്ടില്ല. പിതാവായ ഏകദൈവവും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരും ആയിരുന്നെങ്കിൽ, ആത്മാവിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്നല്ലാതെ, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പറയില്ലായിരുന്നു. അതിനാൽ, പിതാവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് മനസ്സിലാക്കാം.

1️⃣6️⃣ ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്നും (യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്നും (യോഹ, 17:3) ക്രിസ്തു പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും യേശു പറഞ്ഞിരിക്കുന്നത്, സിംഗിളിനെ (single) കുറിക്കുന്ന മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്. അതായത്, പഴയനിയമത്തിൽ, ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഖീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദം കൊണ്ടാണ്, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പറഞ്ഞത്. പരിശുദ്ധാത്മാവ് പിതാവായ ദൈവത്തിൽ നിന്ന് വിഭിന്നനാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു ഒരിക്കലും പറയുമായിരുന്നില്ല. തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

1️⃣7️⃣ ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4,24). സിംഗിളിനെ കുറിക്കുന്ന മോണോസ് (monos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായിട്ടാണ്, അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്നത്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:41; 1കൊരി, 8:5-6; എഫെ, 4:6). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ ഒരിക്കലും പറയുമായിരുന്നില്ല. അതിനാൽ, പിതാവും പരിശുദ്ധാത്മാവും വിഭിന്നരായ ദൈവമോ, വ്യക്തിയോ അല്ല; ദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകൾ ആണെന്ന് ഏതൊരു വിശ്വാസിയും മനസ്സോടെ അംഗീകരിക്കേണ്ടതാണ്.

1️⃣8️⃣ “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. അങ്ങനെയൊരു പ്രയോഗം ലോകത്തിൽ ആരും പറഞ്ഞതായിട്ടും കാണാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16. ഒ.നോ) ലൂക്കൊ, 1:68; യെശ, 25:8-9; 35: 3:6; 40:3). അതിനാൽ, സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നർ ആയിരുന്നതുകൊണ്ടാണ് (1തിമൊ, 2:5-6), ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അഥവാ, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവായ ഏകദൈവമേ ഉണ്ടായിരിക്കയുള്ളു. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). പലരും പഠിപ്പിക്കുന്നപോലെ, പരിശുദ്ധാത്മാവ് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നെങ്കിൽ, ഞാനും പിതാവും ഒന്നാകുന്നു എന്നുമാത്രമല്ല; ഞാനും പരിശുദ്ധാത്മാവും ഒന്നാകുന്നു എന്നുകൂടി പുത്രൻ പറയുമായിരുന്നു. തന്മൂലം, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കാം. അതായത്, സുവിശേഷചരിത്രകാലം ഒഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. [ക്രിസ്തു ആരാണെന്നറിയാൻ, ദൈവഭക്തിയുടെ മർമ്മം എന്ന ലേഖനം കാണുക]

1️⃣9️⃣ പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ പ്രവർത്തനനിരതമായ ശക്തിയാണെന്ന് കരുതുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം:

1. പ്രവൃത്തികൾ 10:38-ൽ, പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ ശക്തിയെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തി മാത്രമാണെങ്കിൽ, ആത്മാവിനെയും ശക്തിയെയും ഒരിക്കലും വേർതിരിച്ച് പറയുമായിരുന്നില്ല.

2. റോമർ 15:13-ലും 18-ലും, പരിശുദ്ധാത്മാവിൻ്റെ ശക്തിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തി മാത്രമാണെങ്കിൽ, ആ ശക്തിക്ക് മറ്റൊരു ശക്തിയുണ്ടാകില്ല.

3. പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22). പരിശുദ്ധാത്മാവ് കേവലം ശക്തി മാത്രമാണെങ്കിൽ, ആ ശക്തിയെ കണ്ടുവെന്ന് പറയാൻ പറ്റത്തില്ല.

4. “പിതാവ് എൻ്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു” എന്ന പ്രയോഗവും (യോഹ, 14:26), “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന പ്രയോഗവും ശ്രദ്ധിക്കുക. (മത്താ, 28:19). പരിശുദ്ധാത്മാവ് കേവലം ശക്തി മാത്രമാണെങ്കിൽ, ഒരു നാമത്തിൻ്റെ ആവശ്യമെന്താണ്?

5. പരിശുദ്ധാത്മാവിനോടുള്ള ദൂഷണണത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. (മത്താ, 12:31; മർക്കൊ, 3:29; ലൂക്കൊ, 12:10). വ്യാജം കാണിക്കുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3). മറുത്തുനില്ക്കുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:51). ദുഃഖിപ്പിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. (എഫെ, 4:30). ഇതൊന്നും ശക്തിയോട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല.

6. ആത്മാവിൻ്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (റോമ, 15:32). ആത്മാവ് അറിയുന്നതായും ആരായുന്നതായും പറഞ്ഞിട്ടുണ്ട്. 1കൊരി, 2:10-11; റോമ, 8:27). ആത്മാവ് ഇച്ഛിക്കുന്നതായി പറഞ്ഞിട്ടുണ്ട്. 1കൊരി, 12:11).  ഇതൊന്നും ഒരു ശക്തിയിൽനിന്ന് പുറപ്പെടുന്ന കാര്യങ്ങളല്ല.

7. പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നതായും (യോഹ, 3:6,8), ഉപദേശിക്കുന്നതായും (യോഹ, 15:26), സാക്ഷ്യം പറയുന്നതായും (യോഹ, 15:26), പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്നതായും (യോഹ, 16:8), സംസാരിക്കുന്നതായും (പ്രവൃ, 8:29; 10:19-20; 13:2; 28:27), എടുത്തുകൊണ്ട് പോകുന്നതായും (പ്രവൃ, 8:39), കല്പിക്കുന്നതായും (പ്രവൃ, 11:12), നിയോഗിക്കുന്നതായും (പ്രവൃ, 13:2), വിലക്കുന്നതായും (പ്രവൃ, 16:6), നടത്തുന്നതായും (റോമ, 8:14), പക്ഷവാദം ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്. (റോമ, 8:26-27). ഇതൊന്നും കേവലമൊരു ശക്തിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല. തന്മൂലം, പരിശുദ്ധാത്മാവ് കേവലം ശക്തിയല്ല; സർവ്വശക്തിയുള്ള ഏകദൈവം തന്നെയാണ്. അഥവാ, ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണെന്ന് ഏറ്റം സ്പഷ്ടമായി മനസ്സിലാക്കാം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

“പരിശുദ്ധാത്മാവ് പിതാവായ ദൈവത്തിൽ നിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പറയുന്നവരും, പരിശുദ്ധാത്മാവ് കേവലം ശക്തിയാണെന്ന് പറയുന്നവരും യഥാർത്ഥത്തിൽ, ആത്മാവിനെതിരെ ദൂഷണം പറയുകയാണ് ചെയ്യുന്നത്. (മത്താ, 12:24,32; മർക്കൊ, 3:22,29). ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടുന്ന കുറ്റമല്ല. “

Leave a Reply

Your email address will not be published. Required fields are marked *