നിത്യജീവൻ

നിത്യജീവൻ (eternal life)

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23)

ദൈവത്തിന്റെ ദാനമാണു നിത്യജീവൻ. അനന്തമായ അസ്തിത്വവും നിത്യജീവനും ഒന്നല്ല. വീണ്ടെടുക്കപ്പെട്ടവർക്കും വീണ്ടെടുക്കപ്പെടാത്തവർക്കും അനന്തമായ അസ്തിത്വം ഉണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ. അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു (യോഹ, 10:10) എന്നു ക്രിസ്തു വെളിപ്പെടുത്തി. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു (കൊലൊ, 1:27) എന്നതു തന്നെയാണു നിത്യജീവൻ. ക്രിസ്തുവിനെ കൈക്കൊള്ളുന്നവർ ദൈവത്തിൽ നിന്നു ജനിച്ച ദൈവമക്കളാണ്. (യോഹ, 1:13; 3:3; 1യോഹ, 5:12). നിത്യജീവനും സ്വാഭാവിക ജീവനും ഒന്നല്ല. ജനനത്തിൽ ലഭിക്കുന്ന സ്വാഭാവിക ജീവൻ മരണത്തിനധീനമാണ്. നിത്യജീവന് (ആത്മീയ ജീവൻ) ആരംഭമുണ്ടെങ്കിലും അവസാനം ഇല്ല. നിത്യജീവൻ പ്രാപിക്കാതെ ഭൗതികജീവൻ മാത്രം ഉള്ളവർ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരാണ്. (എഫെ, 2:1). പ്രാകൃതജീവൻ മാത്രമുള്ള വ്യക്തി ദൈവത്തിൽ നിന്നും വേർപെട്ടു തീപ്പൊയ്കയിൽ നിത്യം കഴിയേണ്ടി വരും. നിത്യജീവൻ പ്രാപിച്ചവർ നിത്യത മുഴുവൻ ദൈവവുമായുള്ള കൂട്ടായ്മയിൽ വസിക്കും. ദൈവത്തിൽ നിന്നുള്ള വേർപാടു നിത്യമരണവും ദൈവവുമായുള്ള കൂട്ടായ്മ നിത്യജീവനും അത്രേ. 

നിത്യജീവനെക്കുറിച്ചുള്ള പ്രതീക്ഷയും സമാന്തര സൂചനകളും പഴയനിയമത്തിൽ ഉണ്ടെങ്കിൽത്തന്നെയും നിത്യജീവൻ ഒരു പുതിയ നിയമവെളിപ്പാടാണ്. യോഹന്നാന്റെ സുവിശേഷത്തിലും ലേഖനത്തിലുമാണ് നിത്യജീവനെക്കുറിച്ചു അധികം പരാമർശങ്ങളുള്ളത്. പുനരുത്ഥാന ബന്ധത്തിലാണ് പഴയനിയമത്തിൽ ആദ്യം ‘നിത്യജീവൻ’ പറയപ്പെട്ടിട്ടുള്ളത്. (ദാനീ, 12:2). നിത്യജീവൻ പുനരുത്ഥാന ജീവനാണ്. ചില സ്ഥാനങ്ങളിൽ നിത്യജീവന്നു പകരം ജീവൻ എന്നു മാത്രം പറഞ്ഞിരിക്കും. (ഉദാ: 1യോഹ, 5:12). ഭൗതിക ജീവനിൽ നിന്ന് നിത്യജീവനെ വ്യാവർത്തിപ്പിക്കുവാൻ അയോനിയൊസ് എന്ന വിശേഷണം ചിലേടത്ത് പ്രയോഗിച്ചിട്ടുണ്ട്. യുഗം എന്നർത്ഥമുള്ള അയോനിൽ നിന്നാണ് ഇതിന്റെ ഉത്പത്തി. 

തിരുവെഴുത്തുകൾ നിത്യജീവനെ വർണ്ണിക്കുന്നതോടൊപ്പം എന്താണ് നിത്യജീവൻ എന്നതും യോഹന്നാൻ 17:3-ൽ കൃത്യമായി നിർവ്വചിച്ചിട്ടുണ്ട്: “ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു.”. വിശ്വാസത്തിന്റെ പൂർവ്വവർത്തിയായി നല്കപ്പെടുന്ന കൃപയും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസവും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസം നിത്യജീവനോടുകൂടെ സംഭവിക്കുന്നതും നിത്യജീവന്റെ ആവിഷ്ക്കാരവുമാണ്. വീണ്ടും ജനനവുമായി ബന്ധപ്പെട്ട നിത്യജീവൻ രക്ഷയുടെ ഹേതുവല്ല; രക്ഷയുടെ ഫലമാണ്. നിത്യജീവന്റെ ആരംഭം ദൈവഹിതത്തിലാണ്. ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ നിത്യജീവൻ ലഭിക്കുന്നു. നമ്മുടെ നിത്യജീവന് ദൈവിക നിർണ്ണയത്തിൽ ഒരു ഭൂതകാല നിത്യത ഉണ്ടെങ്കിലും വീണ്ടും ജനനത്തോടുകൂടിയാണ് നമുക്ക് അത് അനുഭവവേദ്യമാകുന്നത്. (തീത്തൊ, 3:4-7). നിത്യജീവൻ പ്രദാനം ചെയ്യുന്നതിൽ ദൈവത്തിൻ്റെ മൂന്നു പദവികൾക്കും ബന്ധമുള്ളതായി ബൈബിൾ പറയുന്നു. പിതാവായ ദൈവമാണ് ജനിപ്പിക്കുന്നത്. (യാക്കോ, 1:17,18). വിശ്വാസിക്കു ലഭിക്കുന്ന നിത്യജീവൻ ക്രിസ്തുവിന്റെ ജീവനാണ്. (യോഹ, 5:21; 17:2,3; 2കൊരി, 5:17; ഗലാ, 2:20; 1യോഹ, 5:12). വീണ്ടും ജനിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (യോഹ, 3:3, 7; തീത്തൊ, 3:6).

നിത്യജീവൻ നല്കുന്നതിനെ മൂന്നു നിലകളിലാണ് ചിത്രണം ചെയ്തിട്ടുള്ളത്: 1. വീണ്ടും ജനനം ഒരു പുതിയ ജനനമാണ്. ദൈവത്തിൽ നിന്നുമാണ് ജനിക്കുകയാണ്. (യോഹ, 1:13; 3:3). നിത്യജീവൻ പ്രാപിക്കുന്നതോടുകൂടി ദൈവവും വിശ്വാസിയും പിതൃപുത്രബന്ധത്തിൽ പ്രവേശിക്കുന്നു. 2. ക്രിസ്തുവിലെ പുതിയജീവൻ ആത്മീയ പുനരുത്ഥാനമാണ്. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടു. (കൊലൊ, 3:1). ക്രിസ്തു ഇതു പ്രവചിച്ചു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.” (യോഹ, 5:25). 3. പുതിയ ജീവൻ ഒരുവനെ പുതു സൃഷ്ടിയാക്കുന്നു. (2 കൊരി, 5:17). നിത്യജീവൻ പ്രാപിച്ചവൻ സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവനാണ്. (എഫെ, 2:10).

One thought on “നിത്യജീവൻ”

Leave a Reply to Della Joy Cancel reply

Your email address will not be published. Required fields are marked *