നഹൂമിന്റെ പുസ്തകം (Book of Nahum)
പഴയനിയമത്തിലെ മുപ്പത്തിനാലാമത്തെ പുസ്തകം; ചെറു പ്രവാചകന്മാരിൽ ഏഴാമത്തേതും. അശ്ശൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നീനെവേ. നീനെവേയുടെ നാശമാണ് പ്രവചനത്തിലെ പ്രതിപാദ്യം. സെഫന്യാവു, ഹബക്കുക്ക്, യിരെമ്യാവു എന്നീ പ്രവാചകന്മാരുടെ സമകാലികനായിരുന്നു നഹും. ലോകശക്തിയായിരുന്ന അശ്ശൂരിനു ലഭിച്ച ശിക്ഷയായിട്ടാണ് നീനെവേയുടെ നാശത്തെ പ്രവാചകൻ കാണുന്നത്. ബി.സി. 612-ൽ മേദ്യനായ സ്യാക്സാരെസ് ബാബേലിലെ നെബോപൊലാസറുമായി കൂട്ടുചേർന്നു നീനെവേയെ നശിപ്പിച്ചു.
ഗ്രന്ഥകർത്താവും കാലവും: എല്ക്കോശ്യനായ നഹൂം ആണ് ഗ്രന്ഥകർത്താവ്. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ചിലർ പ്രവചനത്തിലെ 1:2-2:2 നഹൂമിന്റെ രചനയല്ലെന്നു വാദിച്ചു. 1:2-10 ഒരക്ഷരമാലാ കീർത്തനമാണ്. ഇത് ഒരു പ്രവാസാനന്തര കവിതയാണെന്നും നഹൂമിന്റെ പ്രവചനത്തോടു ആരോ കുട്ടിച്ചേർത്തതാണെന്നും ചിലർ കരുതി. ഈ കുട്ടിച്ചേർക്കൽ ബി.സി. 300-നടുത്തു നടന്നു എന്നാണ് ഫൈഫറുടെ വാദം. പുസ്തകത്തിന്റെ പ്രാവചനിക സ്വഭാവത്തെ നിഷേധിച്ച അദ്ദേഹം നീനെവേയുടെ പതനത്തെക്കുറിച്ചു നഹൂം എഴുതിയ കവിത പ്രവചനമായി തെറ്റിദ്ധരിക്കപ്പെട്ടു എന്നു വാദിച്ചു . എന്നാൽ ഈ വാദം മതിയായ തെളിവുകളുടെ അഭാവത്തിൽ തിരസ്കരിക്കപ്പെട്ടു. നഹൂമിന്റെ കാലത്തെക്കുറിച്ചു മനസ്സിലാക്കാനുള്ള സൂചന പ്രവചനത്തിലുണ്ട്. മിസ്രയീമിലെ നോ-അമ്മോൻ പട്ടണം (തീബ്സ്) നശിച്ചതായി നഹൂം രേഖപ്പെടുത്തിയിട്ടുണ്ട്. (3:8-10). അശ്ശൂർ രാജാവായിരുന്ന അശ്ശൂർ ബനിപ്പാളാണ് ബി.സി. 661-ൽ ഈ പട്ടണം നശിപ്പിച്ചതു. തന്മൂലം പ്രവാചകന്റെ കാലം അതിനു ശേഷമാണ്. നീനെവേയുടെ നാശം ബി.സി. 612-ൽ ആയിരുന്നു. ഈ സംഭവം ഭാവികമായിട്ടാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളത്. ഇതിൽ നിന്നും ബി.സി. ഏഴാം നൂറ്റാണ്ടിന്റെ മദ്ധ്യമാണു പ്രവചനത്തിന്റെ രചനാകാലം എന്നു കരുതാം.
പ്രതിപാദ്യം: പ്രവചനത്തിലെ പ്രധാന വിഷയം നീനെവേയുടെ നാശമാണ്. യോനാ പ്രവാചകന്റെ പ്രസംഗം കേട്ടു അനുതപിച്ചവരാണ് അവിടെയുള്ളത്. പാപത്തിലേക്കു വീണ്ടും തിരിഞ്ഞ ജനത്തിനു ശിക്ഷമാത്രമേ ശേഷിക്കുന്നുള്ളു. അശ്ശൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയായ നീനെവേ കോട്ടകളാലും ഗോപുരങ്ങളാലും സംരക്ഷിക്കപ്പെട്ടിരുന്നു. വ്യാജവും അപഹാരവും നിറഞ്ഞ നീനെവേ രക്തപാതകങ്ങളുടെ പട്ടണമാണ്. ഈ നീനെവേയുടെ നാശത്തെക്കുറിച്ചുള്ള നഹൂമിന്റെ പ്രവചനം എസ്സർ-ഹദോന്റെ കാലത്ത് നിറവേറി. (3:1-4). ബാബിലോന്യരുടെയും മറ്റും സഹായത്തോടുകൂടി മേദ്യർ പട്ടണത്തെ നിരോധിക്കുകയും ചുറ്റുമുള്ള കോട്ടകൾ നശിപ്പിക്കുകയും ചെയ്തു. (3:12). ടൈഗ്രീസ് നദി കരകവിഞ്ഞൊഴുകുകയും കോട്ടയുടെ ദ്വാരങ്ങൾ വഴി വെള്ളം പട്ടണത്തിൽ നിറയുകയും ചെയ്തു. നഗരത്തിന്റെ നാശം മനസ്സിലാക്കിയ രാജാവ് തീയിൽ ചാടി മരിച്ചു. (3:15-19). പട്ടണത്തെ ശത്രുക്കൾ കൊള്ളയടിച്ചു. തിരിച്ചറിയുന്നതിന് ഒന്നും ശേഷിപ്പിക്കാതെ മഹാനഗരം അപ്രത്യക്ഷമായി. പ്രവചനം ആരംഭിക്കുന്നത് ദൈവത്തിന്റെ മഹത്വ പ്രകീർത്തനത്തോടു കൂടിയാണ്. ദുഷ്ടന്മാരുടെ മേൽ ദൈവം ന്യായവിധി നടത്തുകയും തന്നിൽ ആശ്രയിക്കുന്നവരോടു കരുണ കാണിക്കുകയും ചെയ്യുന്നു. (1:1-2:2). ഈ ഗീതത്തിന് അക്ഷരമാലാ സങ്കീർത്തനത്തിന്റെ രൂപം ഉണ്ട്. ആലെഫ് മുതൽ ലാമെദ് വരെ അക്ഷരമാലാക്രമം കാണാം. അതിന് രണ്ടാം വാക്യത്തിന്റെ രണ്ടാംഭാഗം ഒമ്പതാം വാക്യത്തിനു ശേഷം ചേർക്കുകയും ഒമ്പതാം വാക്യത്തിലെ കാര്യങ്ങൾ പുനഃക്രമീകരിക്കുകയും വേണം. മുഴുവൻ അദ്ധ്യായത്തെയും അക്ഷരമാലാ ക്രമത്തിൽ വിന്യസിക്കുവാനും പലരും ശ്രമിച്ചു എങ്കിലും സാധിച്ചില്ല. നീനെവേയുടെ നിരോധവും നാശവും രണ്ടാമദ്ധ്യായത്തിൽ പ്രവചിക്കുന്നു. നീനെവേയ്ക്കെതിരെ കയറിവരുന്ന സംഹാരകൻ മേദ്യരാണ്. (2:1). അവർ നദിയുടെ ജലപ്രവാഹം നിയന്ത്രിക്കുന്ന ചീപ്പുകൾ തുറന്നുവിട്ടു നഗരത്തിൽ ജലപ്രളയം സൃഷ്ടിച്ചാണു പട്ടണത്തെ കീഴടക്കിയതു. (2:6). മൂന്നാമദ്ധ്യായത്തിൽ നീനെവേയുടെ നാശത്തിന്റെ കാരണം വ്യക്തമാക്കുന്നു. നീനെവേയുടെ അതിക്രമത്തെ നോ-അമ്മോന്റെ (ഈജിപ്റ്റിലെ തീബ്സ് നഗരം) അതിക്രമത്തോടു താരതമ്യപ്പെടുത്തുന്നു. (3:8-10). മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ ഭാഗധേയത്തെയും നിയന്ത്രിക്കുന്നത് യഹോവയായ ദൈവമാണെന്ന് പ്രവാചകൻ പ്രൗഢവും ഉജ്ജ്വലവുമായ ഭാഷയിൽ ഈ ചെറിയ പ്രവചനത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
പ്രധാന വാക്യങ്ങൾ: 1. “യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.” നഹൂം 1:7.
2. “ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.” നഹൂം 1:15.
3. “ഞാൻ നിന്റെ നേരെ വരും; ഞാൻ അതിന്റെ രഥങ്ങളെ ചുട്ടുപുകയാക്കും; നിന്റെ ബാലസിംഹങ്ങൾ വാളിന്നു ഇരയായ്തീരും; ഞാൻ നിന്റെ ഇരയെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” നഹൂം 2:13.
4. “നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?” നഹൂം 3:19.
ബാഹ്യരേഖ: 1. ന്യായാധിപതിയായ ദൈവത്തിന്റെ സ്വഭാവം: 1:1-8.
2. നിനവേയ്ക്കുള്ള ശിക്ഷാവിധിയുടെ ഉറപ്പ്: 1:9-15.
3. നിനവേയുടെ ഉപരോധം സംബന്ധിച്ചുള്ള വിവരണം: 2:1-12.
4. പട്ടണം നശിപ്പിക്കുവാനുള്ള ദൈവത്തിന്റെ തിരുമാനം: 2:13-3:19.