ധനവാന്മാരുടെ അടിസ്ഥാനം
അനേകം ധനവാന്മാർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ശുശ്രൂഷകളിൽ പങ്കെടുക്കാറുണ്ട്. എന്നാൽ ദൈവത്തിന്റെ ശക്തിയും സവിശേഷതയും പകർന്നു കൊടുക്കുന്ന ശുശ്രൂഷയെ അവർ കാണുന്നത് തങ്ങളുടെ ധനവും മാനവും നിലനിർത്തുന്നതിനുള്ള ഉപാധിയായിട്ടു മാത്രമാണ്. അപ്രകാരമുള്ളവരോട് അവരുടെ ധനം നിമിത്തം ഉന്നതഭാവം പ്രകടമാക്കരുതെന്ന് പൗലൊസ് ഉദ്ബോധിപ്പിക്കുന്നു. എന്തെന്നാൽ തങ്ങളുടെ ധനംകൊണ്ടുമാത്രം സമൂഹമദ്ധ്യ അവർ നേടിയിരിക്കുന്ന പേരും പെരുമയും അവരിൽ സൃഷ്ടിക്കുന്ന ഉന്നതഭാവം, ദൈവത്തിന്റെ ശുശ്രൂഷകളിലും പേരും പ്രശസ്തിയും നേടുവാൻ അവരിൽ പ്രതീക്ഷകളുണർത്തും എന്നുള്ളത് സ്വാഭാവികമാണ്. ആത്മീയമായി അന്തർദാഹം ഉണ്ടെങ്കിലും, ധനം ജീവിതത്തിലെ ആശയും ആവേശവുമായി മാറുമ്പോൾ ധനംകൊണ്ട് എന്തും നേടിയെടുക്കാമെന്നുള്ള വ്യാമോഹം വ്യക്തികളിൽ വളരുന്നു. ദൈവത്തിന് തങ്ങളുടെ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുവാനോ ദൈവത്തിനുവേണ്ടി ലാഭമായതു ചേതമെന്നെണ്ണുവാനോ ഇങ്ങനെയുള്ള ധനവാന്മാർക്കു കഴിയാറില്ല. അതുകൊണ്ടാണ് കർത്താവ് തന്നെ അനുഗമിക്കുവാനായി ആവേശത്തോടെ ഓടിവന്ന ധനികനായ ചെറുപ്പക്കാരനോട് അവനുള്ളതു വിറ്റ് ദരിദ്രർക്കു വിഭജിച്ചുകൊടുത്തശേഷം തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലതും ധാരാളമായിത്തരുന്ന ദൈവത്തിൽ ആശവയ്ക്കുവാൻ ധനവാന്മാരോട് ആജ്ഞാപിക്കുവാൻ പൗലൊസ് തന്റെ ആത്മീയ മകനായ തിമൊഥയൊസിനോട് ആവശ്യപ്പെടുന്നത്. (1തിമൊ, 6:17). അതോടൊപ്പം ധനവാന്മാർക്ക് സാക്ഷാൽ ജീവനെ നേടുവാൻ കഴിയണമെങ്കിൽ അവർ സൽപ്രവൃത്തികളിൽ സമ്പന്നന്മാരായിത്തീർന്ന് ദാനശിലരും ഔദാര്യമുള്ളവരും ആയിത്തീരണമെന്ന് അവരെ ഉപദേശിക്കുവാനും പൗലൊസ് ആവശ്യപ്പെടുന്നു. അത് ഭാവിയിലേക്കുള്ള അവരുടെ നിക്ഷേപമായിരിക്കും എന്ന് ഓർമ്മിപ്പിക്കുന്ന പൗലൊസ് ദൈവരാജ്യത്തിലേക്കുള്ള പ്രയാണത്തിൽ ധനം വരുത്തിവയ്ക്കുന്ന പ്രതിബന്ധങ്ങളെക്കുറിച്ച് ദൈവജനത്തിനു വ്യക്തമായ മുന്നറിയിപ്പു നൽകുന്നു.