ദൈവസൃഷ്ടിയുടെ ആരംഭം

❝ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:❞ (വെളിപ്പാട് 3:14)

വെളിപ്പാട് പുസ്തകത്തിൽ, സൂര്യതേജസ്സോടെ യോഹന്നാൻ ദർശിച്ച മനുഷ്യപുത്രനോട് സദൃശൻ ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ❞ എന്ന് തന്നെത്തന്നെ വിശേഷിപ്പിച്ചിരിക്കയാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് അനേകർ വിചാരിക്കുന്നു. എന്നാൽ ❝ദൈവസൃഷ്ടിയുടെ ആരംഭം❞ എന്ന പ്രയോഗത്തിന് ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥമില്ല.

ആരംഭം: ❝ആരംഭം❞ (beginning) എന്നർത്ഥമുള്ള ❝ആർക്കീ❞ (ἀρχὴ – archē) എന്ന ഗ്രീക്കു പദം അറുപതോളം പ്രാവശ്യമുണ്ട്. ആദി, ആരംഭം, തുടക്കം, മൂലം, മൂലകാരണം, മൂലാധാരം എന്നൊക്കെ പദത്തിന് അർത്ഥമുണ്ട്. സത്യവേദപുസ്തകത്തിൽ ആദി (മത്താ, 19:4; 19:18), ആരംഭം (24:8; 24:29), അധികാരം (ലൂക്കൊ, 12:12; 20:20), കോണ് (പ്രവൃ, 10:11) പൂർവ്വകാലം (എബ്രാ, 1:10), ആദ്യം (എബ്രാ, 3:14; 5:12), അല്ഫ (വെളി, 1:8; 21:6) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

സൃഷ്ടിയുടെ ആരംഭം: ❝ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:❞ (വെളി, 3:14). ഈ വേദഭാഗത്ത്, ❝സൃഷ്ടി❞ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝ക്തീസെയോസ്❞ (ktíseos) എന്ന നാമപദം (Noun) സംബന്ധിക വിഭക്തിയിലുള്ള സ്തീലിംഗ ഏകവചനം (Genitive Singular Feminine) ആണ്. ❝സൃഷ്ടിയുടെ ആരംഭം❞ എന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ഭാഷാപരമായി ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. ❝സൃഷ്ടി❞ എന്ന പദം ബഹുവചനം ആയാലാണ് ആരംഭം (beginning) എന്ന പദത്തിന് ഒന്നാമത്തേത് (ആദ്യത്തേത്) എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, ❝ആരംഭം❞ (beginning) എന്ന പദത്തിന് സൃഷ്ടിക്ക് കാരണം (ഹേതു) എന്നാണ് അർത്ഥം വരുന്നത്. അതായത്, അവിടെ ❝ദൈവസൃഷ്ടികൾ❞ എന്ന ബഹുവചനം ആയിരുന്നെങ്കിൽ, സൃഷ്ടികളിൽ ഒന്നാമത്തെ (ആദ്യത്തെ) സൃഷ്ടി എന്ന് അർത്ഥം വരുമായിരുന്നു. ❝ദൈവസൃഷ്ടിയിൽ ആദ്യത്തവൻ അല്ലെങ്കിൽ, ഒന്നാമത്തവൻഎന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ആ പ്രയോഗംതന്നെ പരമ അബദ്ധമാണ്. തന്മൂലം, പ്രസ്തുത വേദഭാഗത്ത് ❝ആരംഭം❞ എന്ന പദത്തിന്, ഒന്നാമത്തേത് എന്നല്ല അർത്ഥം; ❝കാരണം, ഹേതു❞ എന്നൊക്കെയാണ് അർത്ഥമെന്ന് മനസ്സിലാക്കാം. തെളിവ് വചനത്തിൽത്തന്നെ ഉണ്ട്: ❝യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ച് ചെയ്ത് തന്റെ മഹത്വം വെളിപ്പെടുത്തി.❞ (യോഹ, 2:11). ഈ വേദഭാഗത്തെ ❝അടയാളങ്ങൾ❞ എന്ന ബഹുവചനം ശ്രദ്ധിക്കുക. ഇവിടെ, ❝അടയാളങ്ങൾ❞ (sēmeion – Genitive Plural Neuter) എന്ന നാമപദം ബഹുവചനം ആയതുകൊണ്ടാണ്, ❝ആരംഭം❞ എന്ന പദത്തിന് ❝ആദ്യത്തെ❞ (ഒന്നാമത്തെ) എന്ന് അർത്ഥം വരുന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണ് കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. യേശു ഒരു അടയാളം മാത്രമാണ് ചെയ്തിരുന്നതെങ്കിൽ, അതിനെ ആരംഭം (ആദ്യത്തെ) എന്നോ, അന്ത്യമെന്നോ (അവസാനം) എങ്ങനെ പറയും? അവൻ അനേകം അടയാളങ്ങൾ ചെയ്തതുകൊണ്ടാണ്, ❝ആരംഭം❞ എന്ന പദത്തിന് ❝ആദ്യത്തെ❞ എന്നർത്ഥം വരുന്നത്. അടയാളങ്ങൾ എന്ന പദം ബഹുവചനമായപോലെ, ❝സൃഷ്ടികൾ❞ അഥവാ, ❝ദൈവസൃഷ്ടികളുടെ ആരംഭം❞ എന്ന ബഹുവചന നാമപദം ആയിരുന്നെങ്കിൽ, മനുഷ്യപുത്രനോട് സദൃശൻ സൃഷ്ടികളിൽ ഒന്നാമനാണ് അല്ലെങ്കിൽ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് അർത്ഥം വരുമായിരുന്നു. എന്നാൽ അവിടെ ❝ദൈവസൃഷ്ടിയുടെ ആരംഭം❞ എന്ന ഏകവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ, അവൻ ദൈവസൃഷ്ടിയുടെ കാരണക്കാരൻ അല്ലെങ്കിൽ, സകല സൃഷ്ടികൾക്കും ഹേതുവായവൻ എന്നാണ് മനസ്സിലാക്കേണ്ടത്.

ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്യം കാണുക: ❝യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.❞ (സങ്കീ, 111:11 → സദൃ, 1:7; 9:10). ഇവിടെ, യഹോവാഭക്തി ജ്ഞാനത്തിൽ ഒന്നാമത്തേത് എന്നോ, ആദ്യത്തേത് എന്നോ അല്ല അർത്ഥമാക്കുന്നത്; ഭക്തൻ്റെ ജ്ഞാനത്തിനു ❝കാരണം❞ (ഹേതു) യഹോവാഭക്തിയാണ് എന്നാണർത്ഥം. മറ്റൊരു വ്യക്തമായ തെളിവ്: “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.” (മർക്കൊ, 10:6). ഇവിടെയും ❝സൃഷ്ടി❞ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, ❝ക്തീസെയോസ്❞ (ktíseos) എന്ന ഏകവചനമാണ്. സൃഷ്ടികളിൽ ആദ്യമായി മനുഷ്യനെയല്ല സൃഷ്ടിച്ചത്. എല്ലാ സൃഷ്ടികൾക്കും അവസാനമാണ് മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ ❝സൃഷ്ടികളുടെ ആരംഭത്തിൽ❞ അവരെ ആണും പെണ്ണുമായി ഉണ്ടാക്കി, എന്ന് ബഹുവചനത്തിൽ പറഞ്ഞിരുന്നെങ്കിൽ, ആദാമിനെയും ഹവ്വയെയുമാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് അർത്ഥം വരും. എന്നാൽ അത് വാസ്തവം അല്ലാത്തതിനാലാണ്, ❝സൃഷ്ടിയുടെ ആരംഭം❞ എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ഭാഷയ്ക്ക് ഒരു വ്യാകരണവും അത് ഉപയോഗിക്കാൻ ഒരു നിയമവുമുണ്ട്. അല്ലാതെ, വല്ലവിധേനയും ഉപദേശം ഉണ്ടാക്കുമ്പോഴാണ് ദുരുപദേശമാകുന്നത്.

ബഹുവചനത്തിൻ്റെ തെളിവ്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിനു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). ബഹുവചനത്തെ കുറിക്കുന്ന ഗ്രീക്കുപദം ❝ക്തീസ്മ❞ (ktisma) ആണ്. ഈ വേദഭാഗത്ത് ❝സൃഷ്ടികൾ❞ എന്ന ബഹുവചനം നോക്കുക. വീണ്ടുംജനിച്ചവർ സൃഷ്ടിക്ക് കാരണമല്ല; സൃഷ്ടികളിൽ ആദ്യഫലം (firstfruits) അല്ലെങ്കിൽ, എല്ലാ സൃഷ്പ്രടികളിലുംവെച്ച് പ്രഥമസ്ഥാനം നല്കാൻ വേണ്ടിയാണ് ദൈവം നമ്മെ അവൻ്റെ വചനത്താൽ വീണ്ടും ജനിപ്പിച്ചിരിക്കുന്നത്. തന്മൂലം, ❝ദൈവസൃഷ്ടിയുടെ ആരംഭം❞ എന്ന് പറഞ്ഞാൽ, സൃഷ്ടികളിൽ ഒന്നാമത്തവൻ എന്ന അർത്ഥമല്ല; ദൈവസൃഷ്ടിക്ക് കാരണം എന്നാണ് ആ പ്രയോഗത്തിൻ്റെ അർത്ഥമെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ക്രിസ്തു ആരാണ്? അല്ലെങ്കിൽ അഒൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതുകൊണ്ടാണ്, അവൻ ആദ്യത്തെ സൃഷ്ടിയാണെന്നും അവൻ ആദ്യം ഉളവാക്കപ്പെട്ടവനാണെന്നും, ആദ്യം ജനിച്ചവൻ ആണെന്നുമൊക്കെ പലരും വിചാരിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

Leave a Reply

Your email address will not be published. Required fields are marked *