ദൈവജനത്തിന്റെ പ്രകാശഗോപുരം
കുരിരുളിലൂടെ മുമ്പോട്ടു പോകുവാൻ കഴിയണമെങ്കിൽ നമ്മുടെ കാലടികളുടെ മുമ്പിലെങ്കിലും പ്രകാശം അത്യന്താപേക്ഷിതമാണ്. വൈദ്യുതിയും വഴിവിളക്കുമൊന്നുമില്ലാതെ മനുഷ്യർ ഏറിയകൂറും കാൽനടയായി സഞ്ചരിച്ചിരുന്ന പ്രാചീനകാലത്ത്, മുമ്പിലുള്ള പാതയിലേക്ക് വെളിച്ചം വീശുവാൻ കൈയിൽ വിളക്കുമായിട്ടാണ് അവർ ഇരുട്ടിൽ സഞ്ചരിച്ചിരുന്നത്. പ്രതിബന്ധങ്ങളും പ്രതിസന്ധികളുമാകുന്ന അന്ധകാരം നിറഞ്ഞ ഈ ലോകയാത്രയിൽ മുമ്പോട്ടു പോകുവാൻ, ദൈവവചനം തന്റെ കാലുകൾക്കു ദീപവും പാതയ്ക്കു പ്രകാശവുമാകുന്നു എന്ന് സങ്കീർത്തനക്കാരൻ പ്രഘോഷിക്കുന്നു. (സങ്കീ, 119:105). തേനിനെക്കാൾ മാധുര്യമേറിയ തിരുവചനം (സങ്കീ, 119:103) താൻ പാപം ചെയ്യാതിരിക്കേണ്ടതിന് ഹൃദയത്തിൽ സംഗ്രഹിക്കുന്നുവെന്നും (സങ്കീ, 119:11), അത് എളിയവർക്കു വിവേകം നൽകുന്നുവെന്നും (സങ്കീ, 119:130) പ്രഖ്യാപിക്കുകയും, ദൈവവചനം കഷ്ടതയിൽ തന്റെ ആശ്വാസമാകുന്നുവെന്നും (സങ്കീ, 119:50), തന്നെ നിന്ദിക്കുന്നവരോടു മറുപടി പറയുവാൻ അതു തന്നെ പ്രാപ്തനാക്കുന്നുവെന്നും (സങ്കീ, 119:42) സാക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ കൂരിരുൾ നിറഞ്ഞ ജീവിതയാത്രയിൽ ആപത്തുകളുടെയും അപകടങ്ങളുടെയും നടുവിലൂടെ സുരക്ഷിതനായി തന്നെ വഴിനടത്തുന്ന പ്രകാശഗോപുരമാണ് ദൈവവചനമെന്ന് സങ്കീർത്തനക്കാരൻ ആവർത്തിച്ച് 119-ാം സങ്കീർത്തനത്തിൽ വിളംബരം ചെയ്യുന്നു. എന്നാൽ ദൈവജനത്തിൽ ബഹുഭൂരിപക്ഷത്തിനും ദൈവവചനം പ്രതിദിനം വായിക്കുവാനോ ധ്യാനിക്കുവാനോ കഴിയുന്നില്ല. തിരുവചനം ദിവസവും വായിക്കുന്നുവെന്ന് അവകാശപ്പെടുന്നവർ തേനിനെക്കാൾ മധുരതരമായി അത് അനുദിനം രുചിച്ച് അനുഭവിക്കുമ്പോൾ മാത്രമേ സങ്കീർത്തനക്കാരനെപ്പോലെ “നിന്റെ വചനം എന്റെ കാലുകൾക്ക് ദീപവും എന്റെ പാതയ്ക്ക് പ്രകാശവും ആകുന്നു” എന്ന് പ്രഘോഷിക്കുവാൻ കഴിയുകയുള്ളൂ. പാപത്തിന്റെ കൂരിരുൾ തിങ്ങിയ ലോകവീഥികളിലൂടെ വീഴാതെ മുമ്പോട്ടു പോകുവാൻ തന്റെ ജനത്തിന് ദൈവം നൽകിയിരിക്കുന്ന പ്രകാശഗോപുരമായി അവന്റെ വചനം ഉപയുക്തമാക്കുവാൻ ഓരോ ദൈവപൈതലിനും കഴിയണം.