എലോഹീം ബഹുവചനം ആയതുകൊണ്ട് ദൈവം ത്രിത്വമാകുമോ❓

ദൈവത്തെ കുറിക്കുന്ന പല എബ്രായ പദങ്ങളിൽ ഒരു പദമായ ‘എലോഹീം‘ (elohim) ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നും ദൈവം ഏകനല്ല; ത്രിത്വമാണെന്നും ട്രിനിറ്റി വാദിക്കുന്നു. എന്നാൽ, ദൈവത്തിൻ്റെ ആത്മാവുള്ള ഒരു പണ്ഡിതനും തൻ്റെ മനസ്സാക്ഷിയെ വഞ്ചിക്കാതെ ഇക്കാര്യം ദൈവത്തിൻ്റെ വചനത്തിൽനിന്ന് തെളിയിക്കാൻ സാദ്ധ്യമല്ല. [കാണുക: ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?] നമുക്ക് ബൈബിൾ എന്തുപറയുന്നു എന്നുനോക്കാം:

പഴയനിയമത്തിൽ ദൈവം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദമാണ് എലോഹീം. ഉല്പത്തി 1:1-മുതൽ മലാഖി 3:18-വരെ 2600 പ്രാവശ്യം എലോഹീം എന്ന പദമുണ്ട്. എലോഹീം ഒരു ബഹുവചന പ്രയോഗമാണ്. അതിനാൽ, ദൈവം ഏകനല്ല, ദൈവത്തിന് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എലോഹീം 2346 പ്രാവശ്യം സത്യദൈവത്തെയാണ് സൂചിപ്പിക്കുന്നത്. അപ്പോൾത്തന്നെ, ജാതികളുടെ ദേവീ ദേവന്മാരെയും, മനുഷ്യരെയും, ദൂതന്മാരെയും ഏകവചനത്തിലും ബഹുവചനത്തിലും പ്രയോഗിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാൽ, എലോഹീം എന്ന പദത്തെ ത്രിത്വപണ്ഡിതന്മാർ ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ കഴിയും.

1. ത്രിത്വത്തിനു തെളിവായിട്ടാണ് എലോഹീം എന്ന പദത്തെ പണ്ഡിതന്മാർ കാണുന്നത്. ബഹുവചനമെന്നാൽ, ഒന്നിലധികമെന്നാണ്. അതിനു മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല. അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം, വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. അതിനാൽ, എലോഹീം എന്ന പദം ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നോ, ത്രിത്വമാണെന്നോ പറയുന്നത് ഒരു ബാലിശമായ വാദം മാത്രമാണ്. ലോകത്തുള്ള എല്ലാ ബഹുദൈവ വിശ്വാസികൾക്കും ഈ വാദം ഉന്നയിക്കാവുന്നതാണ്. ഉദാ: നിങ്ങളുടെ ബൈബിളിൽ ഞങ്ങളുടെ ദൈവമുണ്ട്, എലോഹീം എന്ന പദം ബഹുവചനമാണ്; അത് ഞങ്ങളുടെ മുപ്പത്തിമുക്കോടി ദൈവങ്ങളെ കുറിക്കുന്നതാണു എന്നൊരു ഹൈന്ദവ സഹോദരൻ വാദിച്ചാൽ, ട്രിനിറ്റി അതെങ്ങനെ നിഷേധിക്കും? ആ വാദം തന്നെയല്ലേ നിങ്ങളും മുന്നോട്ട് വെയ്ക്കുന്നത്?

2. ദൈവത്തെ കുറിക്കാൻ പല എബ്രായപദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്: എലോഹ, എലോഹീം, ഏൽ തുടങ്ങിയവ. അതിൽത്തന്നെ എലോഹീം, എന്നത് ഒരു സവിശേഷ പദമല്ല, സാധാരണ പദമാണ്. ഉന്നതൻ, ശക്തൻ, ബലവാൻ എന്നൊക്കെ അർത്ഥം കല്പിക്കാം. ഈ പദം സത്യദൈവത്തെ കുറിക്കാൻ മാത്രമല്ല ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. ദൂതന്മാരെയും (ന്യായാ, 13:22 – സങ്കീ, 82:1), മനുഷ്യരെയും (പുറ, 4:16; 7:1 – സങ്കീ, 82:6), ദേവന്മാരേയും (ന്യായാ, 11:24 – ഉല്പ, 35:2)  ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. മോശെയെന്ന മനുഷ്യനെ രണ്ടുവട്ടം എലോഹീം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (പുറ, 4:16; 7:1). എലോഹീം ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടാകുകയോ, ദൈവം ത്രിത്വമാകുയോ ചെയ്യുമെങ്കിൽ, എലോഹീമായ മോശെയും അതേ കാരണത്താൽ ത്രിത്വമാകണ്ടേ?

3. ട്രിനിറ്റിയുടെ ഭാഷയിൽ എലോഹീം എന്ന ബഹുവചനം ദൈവത്തിന് ഉപയോഗിച്ചിരിക്കയാൽ, ദൈവത്തിന് ബഹുത്വമുണ്ടെന്നാണ്. എന്നാൽ, അതേ ദൈവത്തെ കുറിക്കാൻ: എലോഹ, എന്ന ഏകവചനം 52 പ്രാവശ്യവും ഏൽ എന്ന മറ്റൊരു പദം 213 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ഉല്പ, 14:18; ആവ, 32:15). എലോഹീം എന്ന ബഹുവചനം ഉപയോഗിച്ചിരുന്ന കാരണത്താൽ ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ; എലോഹ, ഏൽ എന്നീ ഏകവചനങ്ങൾ ഉപയോഗിച്ചിരുന്ന കാരണത്താൽ ദൈവം ഏകനുമാകണം. അതായത്, ചിലപ്പോൾ ദൈവം ഏകനും, മറ്റുചിലപ്പോൾ ത്രിത്വവും എന്ന നിലയിയിൽ സത്യദൈവം ചഞ്ചലനായിരിക്കണം. അഥവാ, ദൈവത്തിൻ്റെ പ്രകൃതി അടിക്കടി മാറിക്കൊണ്ടിരിക്കണം. എന്നാൽ, സത്യദൈവത്തെക്കുറിച്ച്, അവൻ മാറാത്തവൻ ആണെന്ന് പഴയനിയമവും ഗതിഭേദത്താൽ ആഛാദനമില്ലാത്തവൻ എന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). ഇംഗ്ലീഷിലും മലയാളത്തിലെ മറ്റുചില പരിഭാഷകളിലും, മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ്. മാറ്റത്തിൻ്റെ നിഴൽപോലും ഏശാത്ത ദൈവത്തിന് എങ്ങനെയാണ്, ചിലപ്പോൾ ഏകനും മറ്റുചിലപ്പോൾ ത്രിത്വവുമായി സ്ഥിരതയില്ലാത്തൻ ആകാൻ കഴിയുന്നത്? അതിനാൽ, ദൈവത്തിൻ്റെ ബഹുത്വമെന്നത് ട്രിനിറ്റിയുടെ മൂഢസങ്കല്പം ആണെന്ന് മനസ്സിലാക്കാം.

4. ട്രിനിറ്റിയുടെ ഉപദേശപ്രകാരം, അനേകം ത്രിത്വത്തെ ബൈബിളിൽ കാണാൻ കഴിയും: ദൈവം (ഉല്പ, 1:1), മോശെ (പുറ, 4:16; 7:1), ദൂതൻ (ന്യായാ, 13:22), യിസ്രായേൽ (സങ്കീ, 82:6), കനാന്യദേവനായ ബാൽ (ന്യായാ, 6:31), ശേഖേമിലെ ദേവനായ ബാൽബെരീത്ത് (ന്യായാ, 8:33), മോവാബ്യദേവനായ കെമോശ് (ന്യായാ, 11:24), ഫെലിസ്ത്യദേവനായ ദാഗോൻ (ന്യായാ, 16:23), സീദോന്യദേവിയായ അസ്തോരെത്ത് (1രാജാ, 11:5, 33), അമ്മോന്യദേവനായ മിൽക്കോം (1രാജാ, 11:33). എക്രോനിലെ ദേവനായ ബാൽസെബൂബ് (2രാജാ, 1:2), അശ്ശൂര്യ ദേവനായ നിസ്രോക്ക് (2രാജാ, 19:37), നക്ഷത്രദേവനായ കീയൂൻ (ആമോ, 5:26). ഇനിയും വിശഷപ്പെട്ട ത്രിത്വമുണ്ട്: കല്ദയരുടെ സ്വന്ത ശക്തിയെയും എലോഹീം എന്നാണ് പറഞ്ഞിരിക്കുന്നത്. (ഹബ, 1:11). അതായത്, ട്രിനിറ്റിയുടെ ഭാഷയിൽ, ദൈവം മാത്രമല്ല, ബൈബിളിലെ എല്ലാ കഥാപാത്രങ്ങളും ത്രിത്വമാണ്. എന്തൊരു ദുരന്ത വിശ്വാസമാണ്.

5. ട്രിനിറ്റിക്ക് ദൈവം ഏകനല്ല, സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരാണ്. അതിൽ, ഒന്നാമത്തെയാൾ പിതാവ് അഥവാ, യഹോവയാണ്. രണ്ടാമത്തെയാൾ പുത്രൻ അഥവാ, യേശുക്രിസ്തു ആണ്. മൂന്നാമത്തെയാൾ ദൈവത്തിൻ്റെ ആത്മാവ് അഥവാ, പരിശുദ്ധാത്മാവാണ്. എന്നാൽ, യഹോവയായ ദൈവത്തെ/ദൈവമായ യഹോവയെ: യഹോവ എലോഹീം (Yehovah Elohiym – Lord God) എന്ന് ഉല്പത്തി 2:4 മുതൽ മലാഖി 2:16-വരെ അഞ്ചൂറിലേറെ പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ ഒരു വ്യക്തിയാണ് യഹോവ. ആ യഹോവയെ അഞ്ചൂറിലേറെ പ്രാവശ്യം എലോഹീം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. മൂന്നുപേരിൽ ഒരാളായ യഹോവതന്നെ എലോഹീം അഥവാ, ത്രിത്വമായാൽ ബാക്കി രണ്ടുപേരെ എന്തുചെയ്യും? മൊത്തത്തിൽ നിങ്ങൾക്ക് എത്ര ദൈവമുണ്ട്? നിങ്ങളുടെ വ്യാഖ്യാനപ്രകാരംതന്നെ അഞ്ചുപേരാകും.

6. എലോഹീം എന്ന പദത്തിൻ്റെ ‘വചനം’ ചികഞ്ഞുനോക്കി ദൈവത്തിൽ ബഹുത്വം ആരോപിക്കുന്നവർക്ക് ആത്മാവിനെ കുറിക്കുന്ന എബ്രായ പദമായ റുവഹ് (ruwach) സ്ത്രീലിംഗ രൂപവും, ഗ്രീക്കുപദമായ പ്ന്യൂമാ (pneuma) നപുംസക രൂപമാണെന്നും അറിയാമോ? പദത്തിൻ്റെ ‘വചനവും, ലിംഗവും’ നോക്കി ദൈവത്തിൻ്റെ പ്രകൃതി വിലയിരുത്തുന്നവർ, പഴയനിയമത്തിലെ നിങ്ങളുടെ പരിശുദ്ധാത്മാവ് സ്ത്രീയാണെന്നും, പുതിയനിയമത്തിലെ ആത്മാവ് നപുസകമാണെന്നും ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? അവൻ ആത്മാവിനെതിരെ ദൂഷണം പറഞ്ഞുവെന്ന് പറയില്ലേ? എന്നാൽ, ഏകസത്യദൈവത്തെ ബഹുദൈവമാക്കാൻ അതേ ദൂഷണമാർഗ്ഗം തന്നെയല്ലേ നിങ്ങളും ഉപയോഗിക്കുന്നത്? ഏകദൈവത്തെ കുറിക്കുന്ന അനേക പദങ്ങളിൽ ഒരു പദം ബഹുവചനമായതുകൊണ്ട് ഏകദൈവത്തിനു ബഹുത്വമുണ്ടെന്ന് പറയുന്ന നിങ്ങളല്ലേ യഥാർത്ഥ ദൈവദൂഷകർ?

7. എലോഹീം എന്നപദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് രണ്ടുവിധത്തിലാണ്. യഹോവയെ കുറിക്കാൻ ദൈവം (God) എന്ന് ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ദൈവങ്ങൾ (gods) എന്ന് ബഹുവചനത്തിലും. (ഉല്പ, 1:1; പുറ, 20:3). ദൈവമെന്നും ദൈവങ്ങളെന്നും ഏകവചനത്തിലും ബഹുവചനത്തിലും മാത്രമാണ് എലോഹീം ഉപയോഗിച്ചിട്ടുള്ളത്. എലോഹീമിന് അഥവാ, നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന് ബഹുത്വമുണ്ടെന്ന് വിശ്വസിക്കുന്നത് നിഷ്പക്ഷമായിട്ടാണെങ്കിൽ, ദൈവം എന്ന ഏകവചനം തള്ളിയിട്ട്, ദൈവങ്ങൾ എന്ന ബഹുവചനമല്ലേ നിങ്ങൾ സ്വീകരിക്കേണ്ടത്? അങ്ങനെ നിങ്ങൾ ഏകദൈവവിശ്വാസികളല്ല; ബഹുദൈവവിശ്വാസികൾ ആണെന്ന് ധൈര്യത്തോടെ സമ്മതിക്കുകയാണ് ചെയ്യേണ്ടത്. മൂന്ന് ദൈവങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്ന ട്രിനിറ്റി പണ്ഡിതന്മാർ നിങ്ങളുടെ മദ്ധ്യേതന്നെ ഉണ്ടല്ലോ? അല്ലാതെ, ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുകയും, ഞങ്ങൾ ഏകദൈവവിശ്വാസികൾ ആണെന്ന് പറയുകയും ചെയ്താൽ എങ്ങനെ ശരിയാകും? അത് പൂർവ്വാപരവൈരുദ്ധ്യമല്ലേ? ബൈബിളിൽ എലോഹീമിനെ ദൈവം, ദൈവങ്ങൾ എന്നല്ലാതെ, വ്യക്തി (person), വ്യക്തികൾ (persons) എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എലോഹീമിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന നിങ്ങൾ ബഹുദൈവ വിശ്വാസികളാണ്. അല്ലാതെ, ഏകദൈവവിശ്വാസികൾ ആകുന്നത് എങ്ങനെയാണ്? യഥാർത്ഥത്തിൽ, എലോഹീമിൻ്റെ ബഹുത്വത്തിൽ വിശ്വസിക്കുന്ന നിങ്ങൾ ഏകദൈവമായ യഹോവയിലല്ല; ജാതികളുടെ പല ദൈവങ്ങളിലാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ ദൈവത്തിന് (elohim) ബഹുത്വമുണ്ട്; ഞങ്ങൾ ബഹുദൈവവിശ്വാസികളല്ല. എന്തൊരു ഇരട്ടത്താപ്പാണ്!

8. എലോഹീം ബഹുവചനമായതുകൊണ്ട്, ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയുന്നത് ട്രിനിറ്റിയുടെ വഞ്ചന മാത്രമാണ്. എലോഹീം എന്ന എബ്രായ പദത്തെക്കുറിച്ച് Jewish Encyclopedia-യിലും, Names of God in Judaism-ത്തിലും, Hebrew grammar and meaning-ലും, Encyclopaedia Britannica-യിലുമൊക്കെ പറഞ്ഞിരിക്കുന്നത്, “എലോഹീം ബഹുവചനരൂപമാണെങ്കിലും സത്യദൈവത്തെ കുറിക്കാൻ ഏകവചനമായിട്ടാണ് പ്രയോഗം അഥവാ, ഏകവചനത്തിലാണ് അത് മനസ്സിലാക്കേണ്ടത്” എന്നാണ്. ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതി യിസ്രായേലാണ്: (സങ്കീ, 147:19-20; റോമ, 3:2; 9:4). ദൈവത്തിൻ്റെ വചനം ഭരമേൽപിക്കപ്പെട്ടവരും എബ്രായഭാഷ വ്യാഖ്യാനിക്കാൻ അധികാരമുള്ളവരും സത്യദൈവത്തെ കുറിക്കാൻ എലോഹീം ഏകവചനമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്നു പറഞ്ഞിട്ടും, ത്രിത്വപണ്ഡിതന്മാർ എന്തിനാണ് എലോഹീമിൽ ഒരു ബഹുത്വം ആരോപിക്കുന്നത്? ഒന്നാം കല്പനയെ മറിച്ചുകളയാനും ഏകസത്യദൈവത്തെ ബഹുദൈവമാക്കി എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശത്തിൻ്റെ വക്താക്കളാണ് ത്രിത്വപണ്ഡിതന്മാർ. സഭയെ വഞ്ചിക്കുകയെന്ന സാത്താൻ്റെ തന്ത്രമാണ് ട്രിനിറ്റി പണ്ഡിതന്മാരിലൂടെ അവൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബൈബിളിൽ മുഹമ്മദുണ്ടെന്ന് വാദിക്കുന്ന മുഹമ്മദീയരുടെ വാദത്തെക്കാൾ ബലഹീനവും ഹീനവുമാണ് ദൈവം ത്രിത്വമാണെന്ന വചനവിരുദ്ധത പറയുന്ന ക്രൈസ്തവ നാമധാരികളുടെ വാദം. [തെളിവുകൾ കാണാൻ ലിങ്കിൽ പോകുക: (1) NAMES OF GOD – JewishEncyclopedia.com (2) Elohim | Hebrew god | Britannica (3) Hebrew-grammar-and-meaning, Names of God in Judaism]

9. ഏറ്റവും ശക്തമായ ഒരു തെളിവ് തരാം: ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമാണ് പത്ത് കല്പന. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും, രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 20:1; 31:18; 32:15-6). പത്തുകല്പനകൾ രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1:16; ആവ, 5:6-21). പത്തുകല്പനകളിലെ പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ഞങ്ങൾ അല്ലാതെ, അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ്. അഥവാ, യഹോവയായ ഞാൻ മാത്രമാണ് ദൈവം. ഞാൻ എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; ഉല്പത്തി 1:1-മുതൽ ഒന്നാംകല്പന നല്കുന്ന പുറപ്പാട് 20:2-3-വരെ മൂന്നൂറോളം പ്രാവശ്യം യഹോവയെ എലോഹീം (elohim) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നിട്ടാണ്, യഹോവയായ ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് പറയുന്നത്. ട്രിനിറ്റിയുടെ വ്യാജവാദംപോലെ എലോഹീം ബഹുവചനം ആയിരുന്നെങ്കിൽ, യഹോവ ഒന്നാം കല്പനയിൽ ഞങ്ങൾ എന്ന ബഹുവചനം പറയാതെ, ഞാൻ എന്ന ഏകവചനം പറയുമായിരുന്നോ? ഏകസത്യദൈവമായ യഹോവയെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ് ത്രിമൂർത്തി പൈശാചിക ഉപദേശം ശ്രമിക്കുന്നത്.

10. മറ്റൊരു ശക്തമായ തെളിവ് തരാം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, Pater ton monon alethinon theon ആണ്. ഇംഗ്ലീഷിൽ, Father, the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഈ വാക്യത്തിൻ്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, ഇവിടെ ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോൻ (monon) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റൊരു സത്യദൈവം ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് വന്നാൽ; പുത്രൻ പറഞ്ഞത് വ്യാജമാണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്നവർ ദൈവപുത്രനായ യേശു നുണയനാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പുത്രനെഅനുസരിക്കാത്തവർ ജീവനെ കാണുകയില്ലെന്ന് മാത്രമല്ല, ദൈവക്രോധം അവന്റെമേൽ വരികയും ചെയ്യും. (യോഹ, 3:36)

11. യഹോവ ഒരുത്തൻ മാത്രം ദൈവം: യഹോവ ഒരുത്തൻ മാത്രമാണെനും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പറയുന്ന അനേകം വാക്യങ്ങളുണ്ട്. പത്ത് വാക്യങ്ങൾ തെളിവായിത്തരാം: 1. യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവം ആകുന്നു: (2രാജാ, 19:5). 2. നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം: (2രാജാ, 19:19). 3. നീ, നീ മാത്രം (alone) യഹോവ ആകുന്നു: (നെഹെ, 9:6). 4. യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ: (സങ്കീ, 83:18). 5. യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവമാകുന്നു: (യെശ, 37:16). 6. ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ: (യെശ, 37:20). 7. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല (there is none else): (യെശ, 45:5). 8. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല (there is none else): (യെശ, 45:6). 9. ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (there is none else): (യെശ, 45:18). 10. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല (none else, യോവേ, 2:27). യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ആവർത്തിച്ച് പറഞ്ഞുകൊണ്ട്, ദൈവത്തിന് ബഹുത്വമില്ലെന്നും ദൈവം ഒരുത്തൻ മാത്രമാണെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും സംശയലേശമന്യേ വ്യക്തമാക്കുന്നു. ട്രിനിറ്റി പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും ഭോഷ്ക്ക് പറയുന്നവരാക്കുന്നു.

12. മോണോതീയിസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (O LORD God of Israel, thou art the God, even thou alone, thou hast made heaven and earth.” (2രാജാ, 19:15). പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 72:18; 83:18; 86:10; 136:4; യെശ, 37:16,20; 44:24). ഒറ്റയെ അഥവാ, സിംഗിളിനെ (Single) കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4,24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശവും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന പദങ്ങൾകൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് പറയുമായിരുന്നില്ല. യഹോഒയായ ഏകദൈവത്തെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും അപ്പൊസ്തലന്മാരെയും ഭോഷ്ക്ക് പറയുന്നവരാക്കുന്ന മാരണ ഉപദേശമാണ് ട്രിനിറ്റി. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത് പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണവുമാണ്. അതിനാൽ, ട്രിനിറ്റി മൊത്തത്തിൽ കൾട്ടുപദേശമാണ് അസന്ദിഗ്ധമായി മനസ്സിലാക്കാം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

രസകരമായ കാര്യം ഇതൊന്നുമല്ല: എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബുഹുത്വമുണ്ടെന്നു വാദിക്കുന്ന ത്രിമൂർത്തികൾ തങ്ങൾ ബഹുദൈവവിശ്വാസികളല്ല, ഏകദൈവവ വിശ്വാസികളാണെന്നു പറയുന്നതുപോലൊരു ഇരട്ടത്താപ്പ് സ്വപ്നങ്ങളിൽപ്പോലും കാണാൻ കഴിയില്ല.

ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞിരിക്കയാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ത്രിത്വവിശ്വാസികൾ കരുതുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: ‘നാം നമ്മുടെ സ്വരൂപത്തിൽ

എഹാദ് (ehad) എന്ന ഒന്നിനെ കുറിക്കുന്ന എബ്രായ പദവും ഹെയ്സ് (heis) ഗ്രീക്കു പദവും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?]

ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?

പെന്തെക്കൊസ്ത് സഭയിലെ (AG) ഒരു പാസ്റ്റർ മൂന്നു ദൈവങ്ങളുണ്ടെന്നു വെല്ലുവിളിച്ചു പറയുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

മൂന്നു ദൈവങ്ങൾ ഉണ്ടെന്നു പറയാൻ ധൈര്യംവേണം

സംഖ്യാപരമായി ദൈവം ഒന്നല്ല; മൂന്നാണ് എന്ന് പറയുന്ന ബ്രദ്റെൻ പണ്ഡിതൻ്റെ വോയ്സ് സന്ദേശം കേൾക്കാൻ:

സംഖ്യാപരമായി മൂന്നു ദൈവം

2 thoughts on “എലോഹീം ബഹുവചനം ആയതുകൊണ്ട് ദൈവം ത്രിത്വമാകുമോ❓”

  1. video and audio missing/not fond so kindly send to my e-mail.
    പെന്തെക്കൊസ്ത് സഭയിലെ (AG) ഒരു പാസ്റ്റർ മൂന്നു ദൈവങ്ങളുണ്ടെന്നു വെല്ലുവിളിച്ചു പറയുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

    👇

    മൂന്നു ദൈവങ്ങൾ

    മൂന്നു ദൈവങ്ങൾ

    മുഹമ്മദ് ഈസയുമായി ഫോണിൽ സംസാരിക്കുമ്പോൾ ദൈവം സംഖ്യാപരമായി മൂന്നാണെന്നു സമ്മതിക്കുന്ന ഒരു ത്രിത്വപണ്ഡിതൻ്റെ ഓഡിയോ കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

    👇

Leave a Reply

Your email address will not be published. Required fields are marked *