ദൂതന്മാർ

ദൂതന്മാർ (angels)

ദൈവത്തിൽ നിന്നും മനുഷ്യ സാമാന്യത്തിൽനിന്നും വിഭിന്നമായ ഒരു ഗണം സ്വർഗ്ഗീയ ജീവികളാണ് ദൈവദൂതന്മാർ. പഴയനിയമത്തിൽ 108 പ്രാവശ്യം ദൂതന്മാരെക്കുറിച്ചു പറയുന്നുണ്ട്. മോശെയുടെ എഴുത്തുകളിൽ 32 പ്രാവശ്യം ദൂതൻ എന്ന പദം കാണപ്പെടുന്നു. ദൈവദൂതന്മാരുടെ പ്രവർത്തനം ഏറ്റവും അധികം പ്രത്യക്ഷപ്പെടുന്നത് വെളിപ്പാടു പുസ്തകത്തിലാണ്. ദൈവദൂതന്മാരെ കുറിക്കുന്ന 65 പരാമർശങ്ങൾ സ്പഷ്ടമായി ഉണ്ട്. എട്ടു സ്ഥാനങ്ങളിൽ ‘ദൂതൻ’ എന്ന പ്രയോഗം മാനുഷിക ദൂതന്മാരെയും കുറിക്കാവുന്നതാണ്. മനുഷ്യവർഗ്ഗത്തിൽ മൂന്നു ഗണം (ജാതികൾ, യെഹൂദന്മാർ, സഭ) ഉളളതുപോലെ ദൂതന്മാരിൽ രണ്ടു ഗണങ്ങൾ ഉണ്ട്; വിശുദ്ധ ദൂതന്മാരും വീണുപോയ ദൂതന്മാരും. വിശുദ്ധ ദൂതന്മാർ ദൈവത്തിന്റെ ദൂതവാഹികളും വീണുപോയ ദൂതന്മാർ സാത്താന്റെ ദൂതവാഹികളുമാണ്. 

ദൂതന്മാരുടെ സൃഷ്ടി: ദൈവത്തെപ്പോലെ ദൂതന്മാർ നിത്യരല്ല; അവർ സൃഷ്ടിക്കപ്പെട്ടവരാണ്. (കൊലൊ, 1:16). ഓരോ ദൂതനും ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടിയാണ്. മനുഷ്യർക്കുളളതുപോലെ പ്രത്യുത്പാദനം അവർക്കില്ല. (മത്താ, 22:28-30). തന്മൂലം ദൂതന്മാരുടെ എണ്ണത്തിൽ കൂടുതലോ കുറവോ ഉണ്ടാകുന്നില്ല. ദൂതന്മാരുടെ സൃഷ്ടിയുടെ കാലവും അജ്ഞാതമാണ്. ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൈവപുത്രന്മാർ സന്തോഷിച്ചാർത്തു എന്നു കാണുന്നു. (ഇയ്യോ, 38:4-7). ഉല്പത്തി 3-ൽ സാത്താൻ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്മൂലം ഭൂമിയുടെ സൃഷ്ടിക്കു മുമ്പായിരുന്നു ദൂതസൃഷ്ടി എന്നു മനസ്സിലാക്കാം. സങ്കീർതനം 148:2-ൽ മറ്റു സൃഷ്ടികളോടൊപ്പം ദൂതന്മാരെയും പറഞ്ഞിരിക്കുന്നു. ദൂതന്മാർ ക്രിസ്തുവിനു വേണ്ടി സൃഷ്ടിക്കപ്പെട്ടു. (കൊലൊ, 1:16). ആർക്കും എണ്ണാൻ കഴിയാത്ത മഹാഗണങ്ങളാണ് ദൂതന്മാർ. ആകാശസൈന്യം നക്ഷത്രങ്ങളോ ദൂതന്മാരോ ആകാം. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാണെന്ന് ദാവീദു പറഞ്ഞു. (സങ്കീ, 68:17). എലീശാ പ്രവാചകന്റെ സംരക്ഷണത്തിനു വേണ്ടി അയക്കപ്പെട്ട അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മലനിറഞ്ഞു. (2രാജാ, 6:17). യേശു ജനിച്ചപ്പോൾ സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൈവത്തെ പുകഴ്ത്തി. (ലൂക്കൊ, 2:13). തന്റെ അരികെ നിക്കേണ്ടതിന് പന്ത്രണ്ട് ലെഗ്യോനിലും അധികം ദൂതന്മാരെ തനിക്ക് ആവശ്യപ്പെടാവുന്നതേയുള്ളൂ എന്നു യേശു പ്രസ്താവിച്ചു. (മത്താ, 26:53. ഒ.നോ: 1രാജാ, 22:19; ദാനീ, 7:10; വെളി, 5:11). 

ദൂതന്മാരുടെ ആളത്തം: ദൈവദൂതന്മാരിൽനിന്ന് അല്പം താഴ്ത്തിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. (സങ്കീ, 8:4-5; എബ്രാ, 2:6-7). പദവിയിലും സഹജഗുണങ്ങളിലും ദൂതന്മാർ മനുഷ്യരെക്കാൾ ഉന്നതരാണ്. മനുഷ്യൻ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടു. എന്നാൽ, ദൂതന്മാരെക്കുറിച്ചു അപ്രകാരം പറഞ്ഞിട്ടില്ലാത്തതിനാൽ അവർ മനുഷ്യരെക്കാൾ താഴെയാണെന്നു വാദിക്കുന്നവരുമുണ്ട്. ആളത്തത്തിന്റെ ലക്ഷണങ്ങളായ ബുദ്ധി, വികാരം, ഇച്ഛാശക്തി എന്നിവ ദൂതന്മാർക്കുണ്ട്. 1.ബുദ്ധി: ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചു പഠിക്കുന്നതിന് അവർ ആഗ്രഹിക്കുന്നു. (1പത്രൊ, 1:12). ബുദ്ധിപൂർവ്വം കാര്യം വെളിപ്പെടുത്തിക്കൊടുക്കുവാൻ ദൂതന്മാർക്കു കഴിവുണ്ട്. (മത്താ, 28:5). കെരൂബ് ജ്ഞാന സമ്പൂർണ്ണനായിരുന്നു എന്നും ജ്ഞാനം വഷളാക്കിയെന്നും കാണുന്നു. (യെഹെ, 28:12, 17). ഭൂതങ്ങൾക്കു പോലും യേശു ദൈവപുത്രനാണെന്ന് അറിയാം. (മർക്കൊ, 1:24, 34). പക്ഷെ, ദൂതന്മാരുടെ ജ്ഞാനം പരിമിതമാണ്. മനുഷ്യന്റെ വീണ്ടെടുപ്പ്, ജഡധാരണത്തിലും മരണത്തിലും ക്രിസ്തുവിനു നേരിട്ട താഴ്ച എന്നിവ അവർക്ക് അജ്ഞാതമായിരുന്നു. (1പത്രൊ, 1:11,12). ക്രിസ്തുവിന്റെ രണ്ടാം വരവിൽ ദൈവദൂതന്മാർ ഭാഗഭാക്കുകളാകുന്നു എങ്കിലും ആ നാളിനെക്കുറിച്ചോ, നാഴികയെക്കുറിച്ചോ അവർ അറിയുന്നില്ല. (മത്താ, 24:36). 2. വികാരം: ദൂതന്മാർക്കു വികാരം ഉണ്ട്. ദൈവം സൃഷ്ടിക്കുന്ന സമയത്ത് ദൈവദൂതന്മാർ സന്തോഷിച്ചാർത്തു. (ഇയ്യോ, 38:7). അവർ ഭയാദരങ്ങളോടുകൂടി ദൈവത്തെയും കുഞ്ഞാടിനെയും വാഴ്ത്തുന്നു. (യെശ, 6:3). മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ചു ദൈവദൂതന്മാർ സന്തോഷിക്കുന്നു. (ലൂക്കൊ, 15:10). 3. ഇച്ഛാശക്തി: ദൈവത്തിന്നെതിരെ മത്സരിക്കുവാൻ ലൂസിഫറിനു കഴിഞ്ഞത് ഇച്ഛാശക്തി ഉളളതുകൊണ്ടായിരുന്നു. (യെശ, 14:12-15). അവിശ്വാസികളിൽ പ്രവർത്തിക്കുന്നത് സാത്താൻ ഇച്ഛാശക്തിയാണ്. (എഫെ, 2:1-2). മനുഷ്യർക്കുള്ളതു പോലെ ഭൗതികശരീരം ദൂതന്മാർക്കില്ല. അവർ ആത്മജീവികളാണ്. എബ്രായർ 1:14-ൽ ദൂതന്മാരെ സേവകാത്മാക്കൾ എന്നു വിളിക്കുന്നു. സർവ്വവ്യാപികൾ അല്ലാത്തതു കൊണ്ട് ദൂതന്മാർക്കു ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കു സഞ്ചരിക്കേണ്ടിവരുന്നു. (ദാനീ, 9:21-23; 10-14). 

ദൂതന്മാരുടെ ശക്തി: ദൂതന്മാർ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരും ദൈവത്തിൽ നിന്ന് ശക്തിപ്രാപിച്ചവരും ആണ്. (വെളി, 4:11). സൊദോമിനെയും ഗൊമോറയെയും നശിപ്പിക്കാൻ ദൈവം രണ്ടു ദൂതന്മാരെ അയച്ചു. അവർ ന്യായവിധിയിൽ നിന്നു ലോത്തിനെ വിടുവിച്ചു. (ഉല്പ, 19:12-16). വെളിപ്പാടു പുസ്തകത്തിലെ ബാധകളെല്ലാം വരുത്തുന്നത് ദൂതന്മാരാണ്. ബലവാനായ ദൂതൻ, ശക്തനായ ദൂതൻ എന്നീ പ്രയോഗങ്ങൾ വെളിപ്പാടു പുസ്തകത്തിൽ കാണാം. ഒരു ദൂതൻ മൂന്നുദിവസം കൊണ്ട് 70,000 പേരെ കൊന്നു. (2ശമൂ, 24:14-17). മറ്റൊരു ദൂതൻ ഒരു രാത്രികൊണ്ട് അശ്ശൂർ രാജാവായ സൻഹേരീബിൻ്റെ 1,85,000 പടയാളികളെ കൊന്നു. (2രാജാ, 19:35). ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഒക്കെയും നശിപ്പിച്ചു. (പുറ, 12:29). വെളിപ്പാടു പുസ്തകത്തിൽ ദൂതൻ ആകാശത്തിലെ നാലു കാറ്റുകളെയും പിടിച്ചുകൊണ്ട് ഭൂമിയുടെ നാലു കോണിൽ നില്ക്കുന്നു. ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ വിശ്വാസികളെ കൂട്ടിച്ചേർക്കുന്നത് ദൈവദൂതന്മാരാണ്. (മത്താ, 24:30-31). അടയ്ക്കപ്പെട്ടിരുന്ന കാരാഗൃഹത്തിൽ ഒരു ദൂതൻ പ്രവേശിച്ച് ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന പത്രൊസിനെ മോചി പ്പിച്ചു. (പ്രവൃ, 12:7-11). ദൂതന്മാർ വീരന്മാരാണ്. (സങ്കീ, 103:20). ശക്തിയും ബലവും ഏറിയവരാണ്. (2പത്രൊ, 2:11). 

ദൂതഗണങ്ങൾ: സ്വരൂപവും ശുശ്രൂഷയും അടിസ്ഥാനമാക്കി ദൂതന്മാരെ വിവിധ ഗണങ്ങളായി പറഞ്ഞിട്ടുണ്ട്. കാനോനികമായ തിരുവെഴുത്തുകളിൽ രണ്ടു ദൂതന്മാരെ മാത്രമേ നാമകരണം ചെയ്തിട്ടുള്ളു: ഗ്രബീയേലും മീഖായലും. ബാബിലോന്യ പ്രവാസംവരെ ഈ പേരുകൾ ഒന്നും പറയപ്പെട്ടിട്ടില്ല. ദൂതുവാഹികളിൽ ശ്രേഷ്ഠൻ ഗ്രബീയേലും സൈന്യാധിപന്മാരിൽ ശ്രേഷ്ഠൻ മീഖായേലും ആണ്. സങ്കീർത്തനം 103:20,21-ൽ ദൂതന്മാരെക്കുറിക്കുന്ന മൂന്നു പദങ്ങളുണ്ട്: മലാഖീം (ദൂതന്മാർ), മിഷ്റഥീം (ശുശ്രൂഷക്കാർ), റ്റ്സാവ (സൈന്യം). അധികാരം നടത്തുന്ന പ്രധാന ദൂതന്മാരുടെ അഞ്ചു സ്ഥാനപ്പേരുകൾ ശ്രദ്ധേയമാണ്: സിംഹാസനങ്ങൾ (ത്രോണായി), കർതൃത്വങ്ങൾ (കുറിയോട്ടീറ്റെസ്), വാഴ്ചകൾ (ആർഖായ്), അധികാരങ്ങൾ (എക്സുസിയായ്), ശക്തികൾ (ഡുനാമൈസ്). അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും കൂടെ സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ് കെരൂബുകൾ. 

ദൂതന്മാരെക്കുറിച്ചുള്ള ആദ്യപരാമർശം തന്നെ കെരൂബുകളെ ക്കുറിച്ചുള്ളതാണ്. (ഉല്പ, 3:24). ദൈവതേജസ്സുമായി ബന്ധപ്പെട്ട ദൂതഗണമാണ് സാറാഫുകൾ. നിരന്തരമായ ആരാധനയുടെയും ശുദ്ധീകരണ ശുശ്രൂഷയുടെയും വിനയത്തിന്റെയും വിശിഷ്ട ദൃഷ്ടാന്തമാണ് സാറാഫുകൾ. (യെശ, 6:1-3(. യെഹെസ്ക്കേൽ പ്രവചനത്തിലെ ജീവികൾ (ഹയോത്ത്) കെരൂബുകളാണ്. (യെഹെ, 1:28; 10:4,18-21). വെളിപ്പാടു പുസ്തകത്തിലെ നാലു ജീവികളും കെരൂബുകൾ ആണോ എന്നതു സംശയമാണ്. (വെളി, 6:4-9). ഔദ്യോഗിക നാമങ്ങളാൽ അറിയപ്പെടുന്ന ചില ദൂതന്മാരുണ്ട്. ന്യായവിധിയുടെ ദൂതൻ അഥവാ 

സംഹാരദൂതൻ. (ഉല്പ, 19:13; 2ശമൂ, 24:16;  2രാജാ, 19:35; യെഹെ, 9:1, 5, 7; സങ്കീ, 78:49), അഗാധദൂതൻ. (വെളി, 9:11),  തീയുടെമേൽ അധികാരമുള്ള ദൂതൻ. (വെളി, 14:18), ജലാധിപതിയായ ദൂതൻ. (വെളി, 16:5). അഗാധത്തിൻ്റെ താക്കോലും ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നിറങ്ങുന്ന ദൂതനാണ് സഹസ്രാബ്ദ വാഴ്ചയ്ക്ക് മുമ്പായി സാത്താനെ ബന്ധിക്കുന്നത്. ‘യഹോവയുടെ ദൂതൻ’ എന്ന പ്രത്യേക ദൂതനെക്കുറിച്ചുള്ള പരാമർശം പഴയനിയമത്തിൽ സുലഭമാണ്. (ഉല്പ, 16:7-13; 22:11-18; പുറ, 3:2; ന്യായാ, 6:12; സെഖ, 3:1). 

ദൂതന്മാരുടെ ശുശ്രൂഷകൾ: സ്വർഗ്ഗത്തിലും ഭൂമിയിലും വിവിധ ശുശ്രൂഷകൾ നിർവഹിച്ചുകൊണ്ട് ദൈവദൂതന്മാർ ദൈവത്തിന്റെ ആജ്ഞാനുവർത്തികളായി നിലകൊള്ളുന്നു. ദൈവദൂതന്മാരെക്കുറിച്ചുള്ള 273 പരാമർശങ്ങളിൽ അധികവും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരണമാണ്. ദൈവോന്മുഖമായി അവർ ചെയ്യുന്ന ശുശ്രൂഷയാണ് പ്രധാനം. ദൈവത്തിന്റെ അവാച്യമായ മഹത്വവും പ്രതാപവും വെളിപ്പെടുത്തിക്കൊണ്ട് അവർ രാപ്പകൽ വിശ്രമംകൂടാതെ ദൈവത്തെ ആരാധിക്കുന്നു. (യെശ, 6:1-4; സങ്കീ, 148:2; വെളി, 4:8). ദൈവസന്ദേശം അവർ എത്തിക്കുന്നത് തിടുക്കത്തിലാണ്. (സങ്കീ, 103:20). മനുഷ്യർക്കെത്തിക്കേണ്ട സന്ദേശവും കാത്ത് ദൈവസന്നിധിയിൽ നില്ക്കുന്ന ദൂതനാണ് ഗ്രബീയേൽ. (ലൂക്കൊ, 1:19, 26-33). ദൈവികഭരണത്തിൽ പങ്കാളികളായ ദൂതന്മാരുണ്ട്. അവർ കാറ്റിനെയും കടലിനെയും ഉഷ്ണത്തെയും നിയന്ത്രിക്കുന്നു. (വെളി, 7:1; 16:3, 8-9). സാത്താനെയും സാത്താൻ സൈന്യത്തെയും എതിർക്കുന്നു. (ദാനീ, 10:13, 21; 12:1). ദൈവജനത്തെ സംരക്ഷിക്കുകയും ശത്രുക്കളിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്നു. (സങ്കീ, 34:7; 35:4-5; യെശ, 63:9). ദൈവത്തിന്റെ ശിക്ഷാവിധി നടപ്പാക്കുന്നതും ദൂതന്മാരാണ്. (ഉല്പ, 19:1-13; സങ്കീ, 78:43, 49; പുറ, 12:13-23; 2രാജാ, 19:35). ന്യായപ്രമാണം ദൂതന്മാർ മുഖേനയാണ് മദ്ധ്യസ്ഥനെ ഏല്പിച്ചത്. (ഗലാ, 3:19; പ്രവൃ, 7:53). 

ദൂതന്മാർ ക്രിസ്തുവിനു ചെയ്യുന്ന ശുശ്രൂഷ: യേശുവിന്റെ ജനനം മറിയയെ അറിയിച്ചതും യോസേഫിന് ഉറപ്പു നല്കിയതും ദൂതനാണ്. (ലൂക്കൊ, 1:26,28; മത്താ, 1:18-23). ഹെരോദാവിന്റെ ക്രോധത്തിൽ നിന്നു രക്ഷപ്പെടാനുളള നിർദ്ദേശം നല്കിയത് ദൂതനാണ്. (മത്താ, 2:13 15,19-21). സാത്താനാൽ പരീക്ഷിക്കപ്പെട്ട യേശുവിനെ ദൂതന്മാർ ശുശ്രൂഷിച്ചു. (മത്താ, 4:11). ഗെത്ത്ശെമന തോട്ടത്തിൽ വച്ച് ഒരു ദൂതൻ യേശുവിനെ ശക്തിപ്പെടുത്തി. (ലൂക്കൊ, 22:43). കല്ലറയ്ക്കൽ നിന്നു കല്ല് ഉരുട്ടി മാറ്റിയത് ദൂതനായിരുന്നു. (മത്താ, 28:1-2(. ക്രിസ്തുവിന്റെ പുനരാഗമനം ദൂതന്മാർ ശിഷ്യന്മാരോടു പ്രഖ്യാപിച്ചു. (പ്രവൃ, 1:11). ക്രിസ്തു തേജസ്സിൽ വരുമ്പോൾ വിശുദ്ധ ദൂതന്മാർ അവനെ അനുഗമിക്കുകയും ആരാധിക്കുകയും ചെയ്യും. (മത്താ, 25:31; എബ്രാ, 1:6; യൂദാ, 14). ഭൂമിയുടെ നാലുകോണിൽനിന്നും അവർ വൃതന്മാരെ കൂട്ടിച്ചേർക്കും. (മത്താ, 24:31). 

ദൂതന്മാർ മനുഷ്യർക്കു നല്കുന്ന സംരക്ഷണം: മനുഷ്യർക്കു മാർഗ്ഗനിർദ്ദേശം നല്കുന്നതിന് ദൈവം ദൂതന്മാരെ നിയോഗിക്കുന്നു. (മത്താ, 1:20,21). രണ്ടുപേരുടെ മാനസാന്തരത്തിന് (ഷണ്ഡൻ, കൊർണേല്യാസ്) ദൈവദൂതന്മാരെ ഉപയോഗിച്ചു. (പ്രവൃ, 8:26; 10:1-8; 11:13,14). ഈ രണ്ടു സംഭവങ്ങളിലും പൊതുവായ നിർദ്ദേശം മാത്രമാണ് ദൂതനിൽ നിന്നു ലഭിച്ചത്. കൃത്യമായ പ്രബോധനം നല്കിയത് പരിശുദ്ധാത്മാവാണ്. (പ്രവൃ, 8:29; 10:19; 11:12). ദൈവദൂതന്മാർ വൃതന്മാരെ സംരക്ഷിക്കുന്നു. (സങ്കീ, 91:11-12; എബ്രാ, 1:14). ഭൗതികമായ അപകടങ്ങളിൽ നിന്നും ദൂതന്മാർ മനുഷ്യരെ രക്ഷിക്കും. (ഉല്പ, 21:17-20; 32:1-32). ദാനീയേലിനെ സിംഹഗുഹയിൽ നിന്നും ശ്രദക്, മേശെക്, അബേദ്നെഗോ എന്നിവരെ തീച്ചൂളയിൽ നിന്നും വിടുവിച്ചു. (ദാനീ, 6:20-23; 3:24-28). ദൂതസൈന്യം എലീശയ്ക്കു കാവലായിരുന്നു. (2രാജാ, 6:13-17). അപ്പൊസ്തലന്മാരെ ദൂതന്മാർ കാരാഗൃഹത്തിൽ നിന്നും വിടുവിച്ചു. (പ്രവൃ, 5:17-20; 12:5-10). മരിച്ച ലാസറിന്റെ ആത്മാവിനെ ദൈവദൂതന്മാർ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. (ലൂക്കൊ, 16:22). ഈ യുഗത്തിൽ നമുക്കു വരുവാനിരുന്ന ദൈവകൃപയെക്കുറിച്ച് മനസ്സിലാക്കുന്നതിനു ദൈവദൂതന്മാർ കുനിഞ്ഞു നോക്കുന്നു. (1പത്രൊ, 1:10-12). പ്രാദേശികസഭയിലെ ആരാധനയും ക്രമവും ദൈവദൂതന്മാർ നിരീക്ഷിക്കുന്നു. (1കൊരി, 11:1-10). ദൂതന്മാർ എല്ലാവരും രക്ഷ പ്രാപിക്കുവാനുള്ളവരുടെ സേവകാത്മക്കളാണ്. (എബ്രാ, 1:14). മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും ക്രിസ്തുവിനെ ഏറ്റുപറഞ്ഞാൽ അവനെ ക്രിസ്തു ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. (ലൂക്കൊ, 12:8).

.

Leave a Reply

Your email address will not be published. Required fields are marked *