ദാര്യാവേശ് (Darius)
പേരിനർത്ഥം – അധികാരി
ബൈബിളിൽ ദാര്യാവേശ് എന്നപേരിൽ മൂന്നു രാജാക്കന്മാരെക്കുറിച്ചു പറയുന്നുണ്ട്. ഇവരിൽ ഒരാൾ മേദ്യനും മറ്റു രണ്ടുപേർ പാർസ്യരും ആണ്.
1. ദാര്യാവേശ് ഹിസ്റ്റാസ്പെസ് (Darius Hystaspes): കാലം ബി.സി. 521-486. മഹാനായ കോരെശ് ചക്രവർത്തി സ്ഥാപിച്ച പാർസ്യസാമ്രാജ്യത്തെ ഉറപ്പിച്ചത് ഭാര്യാവേശ് ആണ്. കോരെശിനുശേഷം പുത്രനായ കാംബിസസ് ബി.സി. 529-ൽ ചക്രവർത്തിയായി. ഉത്തരാഫ്രിക്കയും എത്യോപ്യയും ആക്രമിക്കാനുളള ശ്രമത്തിൽ കാംബിസസ് പരാജയപ്പെട്ടു. ഈ ദുരവസ്ഥയിൽ കോരെശിന്റെ പുത്രനെന്ന കാപട്യത്തിൽ ഒരുവൻ സിംഹാസനം പിടിച്ചെടുത്തു. ഉടൻ കാംബിസസ് സ്വന്തം ജീവനൊടുക്കി. ബി.സി. 521-ൽ ഹിസ്റ്റാസ്പെസിന്റെ പുത്രനായ ദാര്യാവേശ് അധികാരം പിടിച്ചെടുത്തു. കോരെശിന്റെ കാലത്തു സാമ്രാജ്യം സമാധാനവും സംതൃപ്തിയും അനുഭവിക്കുകയായിരുന്നു. എന്നാൽ കാംബിസസ്സിൻ്റെ കാലത്തു ദുർഭരണം ഹേതുവായി പ്രക്ഷോഭണങ്ങൾ ഉടലെടുത്തു. ആറു വർഷത്തെ കഠിന പരിശ്രമം കൊണ്ട് എല്ലാ ലഹളയും ദാര്യാവേശ് അടിച്ചമർത്തി. ബി.സി. 515-ാം വർഷത്തോടു കൂടി കോരെശും കാംബിസസ്സും കീഴടക്കിയിരുന്ന സർവ്വപദേശങ്ങളും ഭാര്യാവേശിന്റെ അധികാരത്തിൽ വന്നു. വിധേയരാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നല്കുന്ന നയമാണ് കോരെശ് സ്വീകരിച്ചിരുന്നത്. പ്രാദേശികഭരണത്തിൽ വളരെക്കുറച്ചു മാത്രമേ ചക്രവർത്തി ഇടപെട്ടിരുന്നുളളു. ദാര്യാവേശ് ഈ രീതി മാറ്റി. രാജ്യത്തെ സാത്രപുകളായി വിഭജിക്കുകയും അവയുടെ അധിപനായി പൂർണ്ണ അധികാരത്തോടു കൂടിയ സാത്രപിനെ നിയമിക്കുകയും ചെയ്തു. ഈ വ്യവസ്ഥ പലസ്തീനിലും ഏർപ്പെടുത്തി. മടങ്ങിവന്ന യെഹൂദാ പ്രവാസികൾ പേർഷ്യൻ പ്രവിശ്യയായ യെഹൂദയെയാണ് തങ്ങളടെ വാസസ്ഥാനമാക്കിയത്. ബി.സി. 512-ൽ ദാര്യാവേശ് ഭാരതത്തിന്റെ വടക്കു പടിഞ്ഞാറുഭാഗം ആക്രമിച്ചു. പേർഷ്യൻ സാമ്രാജ്യം കാക്കസസ് മുതൽ ഉത്തര ഗ്രീസിന്റെ അതിരുകൾ വരെയും ഹിന്ദുസ്ഥാൻ മുതൽ കുശു വരെയും വ്യാപിച്ചു. (എസ്ഥേ, 1:1).
യെഹൂദന്മാരെ ഉപദ്രവിക്കാതെ അവരുടെ ദൈവാലയം പണിയുന്നതിന് ദാര്യാവേശ് അനുവാദവും സഹായവും നല്കി. കോരെശിന്റെ കാലത്തു ദൈവാലയത്തിൻ്റെ പണി ആരംഭിച്ചു എങ്കിലും ശമര്യരുടെയും മറ്റു ശതുക്കളുടെയും എതിർപ്പുമൂലം പണി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. (എസ്ര, 4:5,24). കോാശിന്റെ പിൻഗാമിയായ കാബിസസിന് ഇതിൽ ഇടപെടാൻ കഴിഞ്ഞില്ല. അങ്ങനെ വിശുദ്ധമന്ദിരത്തിന്റെ പുനസ്ഥാപനം പതിനേഴു വർഷം മുടങ്ങിക്കിടന്നു. ഭാര്യാവേശിന്റെ സിംഹാസനാരോഹണം പ്രതീക്ഷയ്ക്കു വകനല്കി. ദേശധിപതിയായ തത്നായിയും കൂട്ടരും ഭാര്യാവേശിനു പ്രതിക എഴുതി അയച്ചു. (എസ്രാ, 5:3-17). പഴയ രേഖകളിൽ നിന്നും കോരെശിന്റെ കല്പന കണ്ടെടുത്തു. (എസ്രാ, 6:1-5) ഭാര്യാവശ് അത് സ്ഥിരീകരിക്കുകയും പണിക്കാവശ്യമായ പണവും സാധനങ്ങളും കൊടുക്കണമെന്നു കാണിച്ചു കല്പന പുറപ്പെടുവിക്കുകയും ചെയ്തു. (എസ്രാ, 6:6, 12). ദേശാധിപതിയും ഉദ്യോഗസ്ഥന്മാരും ഭാര്യാവേശിന്റെ കല്പനയെ ജാഗ്രതയോടു കൂടെ നടപ്പിലാക്കി. തത്ഫലമായി ബി.സി. 516-ൽ ദൈവാലയത്തിന്റെ പണിപൂർത്തിയായി ദൈവാലയം പ്രതിഷ്ഠിക്കപ്പെട്ടു.
2. മേദ്യനായ ദാര്യാവേശ്: ദാനീയേൽ പ്രവചനത്തിൽ മേദ്യനായ ദാര്യാവേശ് 62 വയസ്സുളളവനായി രാജത്വം പ്രാപിച്ചു എന്നു കാണുന്നു. (ദാനീ, 5:31; 6 : 1 , 6, 9, 25, 28; 9:1; 11:1). ദാര്യാവേശ് എന്ന പേരിൽ ഒരു ചക്രവർത്തി ഈ കാലത്തു രാജ്യം ഭരിച്ചിരുന്നില്ല എന്നും തന്മൂലം ദാനീയേൽ പ്രവചനം പില്ക്കാലത്തു എഴുതപ്പെട്ടതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി. എന്നാൽ കോരെശിൻ്റെ കാലത്തു ബാബേലിലെ ഗവർണറായി അയച്ചിരുന്ന ഗോബ്രിയാസ് (ഗുബാരു) തന്നെയാണ് ഇദ്ദേഹം എന്നു ചരിത്ര പണ്ഡിതന്മാർ തെളിയിച്ചിട്ടുണ്ട്. ദാര്യാവേശ് എന്നതു ഗുബാരുവിന്റെ മറുപേര് ആയിരിക്കണം. കല്ദയ രാജാവായ ബേൽശസ്സറിന്റെ ഭരണകാലത്തെ തുടർന്നു തന്നെയാണു മേദ്യനായ ദാര്യാവേശിന്റെ കാലം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീടു കണ്ടെടുക്കപ്പെട്ട രേഖകളിൽ ഗുബാരു ഈ കാലഘട്ടത്തിൽ 14 വർഷം ബാബേലിൽ ഗവർണറായിരുന്നു എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജത്വം പ്രാപിച്ചു എന്നതുകൊണ്ടു (ദാനീ, 5:31) കോരെശിന്റെ അധികാരം ഇല്ലാതാകുന്നില്ല. രാജ്യത്തിൽ ദേശാധിപതിമാരെ നിയമിക്കുവാനും സിവിൽക്രിമിനൽ അധികാരങ്ങൾ നടത്തുവാനും മറ്റുമുള്ള വിപുലമായ അധികാരം തനിക്കുണ്ടായിരുന്നതു കൊണ്ടാണു രാജത്വം പ്രാപിച്ചു എന്ന് എഴുതിയിരിക്കുന്നത്. ‘കല്ദയ രാജ്യത്തിനു രാജാവായി തീർന്നവൻ’ (ദാനീ, 9:1) , ‘ദാര്യാവേശിന്റെ വാഴ്ചയിലും കോരെശിന്റെ വാഴ്ചയിലും’ (ദാനീ, 6:28) എന്നീ പ്രയോഗങ്ങളും ശ്രദ്ധിക്കുക. തുടർന്നു വരുന്ന രണ്ടു രാജാക്കന്മാരുടെ വാഴ്ചയിലെന്നല്ല ഒരേ കാലത്തു ഭരണം നടത്തിയ രണ്ടുപേരുടെ വാഴ്ചയിൽ എന്ന അർത്ഥമാണ് 6:28-നുളളത്. ദാനീയേൽ 6:25-ലെ കല്പന 6:7-ലെ കല്പന തിരുത്തുവാനാണല്ലോ പുറപ്പെടുവിച്ചത്. ‘എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട’ എന്നു മാത്രമാണ് അതിൽ പറഞ്ഞിരിക്കുന്നത്. കോരെശിന്റെ രാജ്യാർത്തി മുഴുവൻ താൻ അവകാശപ്പെടുന്നില്ല. മാത്രമല്ല, ഗുബാരു അഹശ്വേരോശിന്റെ പുത്രനും മേദ്യനും ആണ്. അതു കൊണ്ടു മേദ്യനായ ദാര്യാവേശ് ഗുബാരു ആണെന്നും, ദാനീയേൽ പ്രവചനം ചരിത്രപരമായി ശരിയാണെന്നും വ്യക്തമാണ്.
3. പാർസിരാജാവായ ദാര്യാവേശ്: പാർസിരാജ്യം ഭരിച്ച അവസാനത്തെ രാജാവായ (ബി.സി. 336-330) ദാര്യാവേശ് കൊദൊമന്നുസ്. മഹാപുരോഹിതനായ യദുവാ ഇദ്ദേഹത്തിന്റെ കാലത്തു ജീവിച്ചിരുന്നു. (നെഹെ, 12:12). അലക്സാണ്ടർ ചക്രവർത്തിയെ സ്വാഗതം ചെയ്ത ഒരു യദുവായെക്കുറിച്ചു ജൊസീഫസ് പറയുന്നു. പാർസി രാജ്യത്തെ നശിപ്പിച്ചത് അലക്സാണ്ടർ ചക്രവർത്തി ആയിരുന്നു.