തൈലാഭിഷേകം
മത്തായിയും മർക്കൊസും യോഹന്നാനും പറയുന്ന തൈലാഭിഷേകം ഒരേ സംഭവത്തിന്റെ വിവരങ്ങൾ തന്നെയാണെന്നാണ് അനേകരും മനസ്സിലാക്കുന്നത്. എന്നാൽ കാര്യങ്ങൾ സൂക്ഷ്മായി പരിശോധിക്കുമ്പോൾ രണ്ടും വ്യത്യസ്ത സംഭവങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതിന്റെ പ്രധാനകാരണം ഒരേ സംഭവത്തിന്റെ രണ്ട് ദൃക്സാക്ഷിമൊഴികളിൽ ഇത്രയധികം വൈരുദ്ധ്യം അസ്വഭാവികമാണ് എന്നുള്ളതാണ്. മത്തായിയുടെയും മർക്കൊസിന്റെയും വിവരണങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. മാത്രമല്ല, മർക്കൊസ് ദൃക്സാക്ഷിയുമല്ല. പത്രോസിന്റെ ദ്വിഭാഷിയായിരുന്ന മർക്കൊസ് പത്രാസിൽനിന്ന് കേട്ടകാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. എന്നാൽ മത്തായിയും യോഹന്നാനും ബേഥാന്യയിലെ തൈലാഭിഷേകത്തിന്റെ ദൃക്സാക്ഷികളാണ്. കേവലം എട്ടുവാക്യങ്ങൾ വീതമുള്ള രണ്ടുപേരുടേയും വിവരണത്തിൽ ഒൻപത് വ്യത്യാസങ്ങൾ ദൃശ്യമാണ്. അത് തൈലാഭിഷേകങ്ങൾ വ്യത്യസ്തമാണെന്ന് തെളിവു നല്കുന്നു. അത് ചുവടെ ചേർക്കുന്നു:
1. ഒന്നാമത്തെ തൈലാഭിഷേകം പെസഹയ്ക്ക് ആറുദിവസം മുമ്പാണ് . (യോഹ, 12:1) = രണ്ടാമത്തേത് രണ്ടുദിവസം മുമ്പാണ്. (മത്താ, 262).
2. ഒന്നാമത്തേതിൽ, അത്താഴം എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 12:2) = രണ്ടാമത്തേതിൽ, അത്താഴമെന്നോ, വിരുന്നെന്നോ പറഞ്ഞിട്ടില്ല.
3. ഒന്നാമത്തേത്, ലാസറിന്റെ വീട്ടിലാണ്. (യോഹ, 12:2) = രണ്ടാമത്തത്, കുഷ്ഠരോഗിയായ ശീമോന്റെ വീട്ടിലാണ്. (മത്താ, 26:6).
4. ഒന്നാമത്തേതിൽ, ലാസറിന്റെ സഹോദരിയായ മറിയയാണ് തൈലം പൂശുന്നത്. (യോഹ, 12:3) = രണ്ടാമത്തേതിൽ, പേരുപറയാത്ത ഒരു സ്ത്രീയാണ്. (മത്താ, 26:7).
5. ഒന്നാമത്തേതിൽ, മറിയ യേശുവിന്റെ കാലിലാണ് തൈലം പൂശുന്നത്. (യോഹ, 12:3) = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീ യേശുവിന്റെ തലയിലാണ് തൈലം ഒഴിക്കുന്നത്. (മത്താ, 26:7).
6. ഒന്നാമത്തേതിൽ, യൂദായാണ് പുറുപിറുക്കുന്നത്. (യോഹ, 12:4) = രണ്ടാമത്തേതിൽ, ശിഷ്യന്മാരെന്നാണ് പറഞ്ഞിരിക്കുന്നത്. (മത്താ, 26:8).
7. ഒന്നാമത്തേതിൽ, “ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു” എന്നാണ് ചോദിക്കുന്നത്. (യോഹ, 12:5) = രണ്ടാമത്തേതിൽ, “ഇതു വളരെ വിലക്കുവിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ” എന്നാണ്. (മത്താ, 26:9).
8. ഒന്നാമത്തേതിൽ, മറിയയെക്കുറിച്ച് യേശു പ്രത്യേകിച്ചൊന്നും പറയുന്നില്ല = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീയെക്കുറിച്ച് സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തത് അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു പറയുന്നുണ്ട്. (മത്താ, 26:13).
9. ഒന്നാമത്തേതിൽ, ലാസറിനെയും മറിയയേയും പറഞ്ഞിട്ടുണ്ട്. (യോഹ, 12:2,3) = രണ്ടാമത്തേതിൽ, രണ്ടുപേരെക്കുറിച്ചും പറയുന്നില്ല.
ഇത് ഒരേ സംഭവമായിരുന്നുവെങ്കിൽ ഇത്രയും വ്യത്യാസങ്ങൾ ഒരിക്കലും സംഭവിക്കുമായിരുന്നില്ല. അതിന് തെളിവാണ് മത്തായിയും മർക്കൊസും രേഖപ്പെടുത്തിയിരിക്കുന്ന ഒരേ സംഭവങ്ങളുടെ പൊരുത്തം. (മത്താ, 26:6-14, മർക്കൊ, 14;3-9). മാത്രമല്ല, ഒന്നാമത്തെ സംഭവത്തിൽ യൂദാ മാത്രമാണ് മുഷിഞ്ഞത്. സംഭവം ആവർത്തിച്ചതിന്റെ തെളിവാണ് മുഷിച്ചിൽ മറ്റു ശിഷ്യന്മാരിലേക്കും വ്യാപിച്ചത്. യേശുവിന്റെ മരണം ശിഷ്യന്മാർക്ക് മറയ്ക്കപ്പെട്ടിരുന്നതുകൊണ്ട് ആ മുഷിച്ചിൽ സ്വാഭാവികവുമാണ്. ഒന്നാമത്തെ സംഭവത്തിൽ ലാസർ യേശുവിനൊപ്പം പന്തിയിലായിരുന്നതുകൊണ്ട് അതിഥിയായിരുന്നുവെന്നും തന്മൂലം വിരുന്ന് ലാസറിന്റെ വീട്ടിലല്ലായിരുന്നു; ശീമൊൻ്റെ വീട്ടിലെ സംഭവമാണ് സമവീക്ഷണ സുവിശേഷകന്മാർ പറയുന്നതെന്ന് കരുതുന്നതിലർത്ഥമില്ല. കാരണം, ലാസർ ഇന്നൊരു സാധാരണ വ്യക്തിയല്ല; ഉയിർത്തെഴുന്നേറ്റവനാണ്. തന്മൂലം തന്റെ സ്വന്തഭവനത്തിൽ പോലും താനൊരു വിശിഷ്ടവ്യക്തിയാണ്. യേശുവിനൊപ്പം ലാസറിനെയും കൊല്ലണമെന്ന് മഹാപുരോഹിതന്മാർ ആലോചിച്ചതും അതുകൊണ്ടാണ്. (യോഹ, 12:11). മാത്രമല്ല, അടുത്ത സംഭവത്തിൽ ലാസറിനേയും മറിയയേയും കാണുന്നുമില്ല. അതായത്, യോഹന്നാൻ പറയുന്നത് ലാസറിൻ്റെ വീട്ടിലെ ഒന്നാമത്തെ സംഭവും, മത്തായി പറയുന്നത് കുഷ്ഠരോഗിയായിരുന്ന ശീമോൻ്റെ വീട്ടിലെ രണ്ടാമത്തെ സംഭവവുമാണ്. കുഷ്ഠരോഗിയായിരുന്ന ശിമോൻ്റെ വീട്ടിലെന്ന് എടുത്തുപറഞ്ഞിരിക്കയാൽ, അവൻ യേശു സൗഖ്യം നല്കിയ വ്യക്തികളിൽ ഒരാളാണെന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ തന്നെ ഉയിർത്തെഴുന്നേല്പിച്ച യേശുവിന് ഒരു വിരുന്നുകൊടുക്കാൻ ലാസറും കുടുംബവും എത്രയധികം കടപ്പെട്ടിരിക്കുന്നു.