തിരവെഴുത്തുകളുടെ പ്രതീകങ്ങൾ
തിരുവെഴുത്തുകളുടെ ഒട്ടനവധി പ്രതീകങ്ങൾ ബൈബിളിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെക്കൊടുക്കുന്നു.
1. ദീപവും പ്രകാശവും: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (സങ്കീ, 119;130). ഒരു ദൈവപൈതലിനു കല്പന ദീപവും ഉപദേശം വെളിച്ചവുമാണ്. എന്നാൽ പ്രാകൃതമനുഷ്യന്റെ ഹൃദയവും മനസ്സും അന്ധകാര പൂർണ്ണമാണ്. തിരുവെഴുത്തുകൾ ഖണ്ഡിതമായി വെളിപ്പെടുത്തുന്ന വിഷയമാണിത്. പ്രാകൃത മനുഷ്യനെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ച് ദൈവം തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുന്നു. “വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു:” (കൊലൊ, 1:12,13). അന്ധകാരത്തിന്റെ ലോകാധിപതികളുടെ നിയന്ത്രണത്തിലാണ് രക്ഷിക്കപ്പെടാത്ത ഓരോ വ്യക്തിയും. “നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ:” (എഫെ, 6:12). അവരുടെ പ്രവൃത്തികൾ ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളത്രേ: (എഫെ, 5:11). അന്ധകാരം അവരുടെ കണ്ണു കുരുടാക്കിയിരിക്കുക കൊണ്ട് തങ്ങൾ എവിടേക്കു പോകുന്നു എന്ന് അവർ അറിയുന്നില്ല. “സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ട് അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല:” (1യോഹ, 2:11). അവരുടെ പോക്ക് അന്ധകാരത്തിന്റെ രാജ്യത്തിലേക്കാണ്: (വെളി, 16:10).
പ്രകാശവും, ജീവനും, ക്രമവും വ്യവസ്ഥാപനം ചെയ്യുന്നതിനു മുമ്പുണ്ടായിരുന്ന ഭൂമിയുടെ അവസ്ഥയത്രേ മാനസാന്തരപ്പെടാത്ത ഹൃദയത്തിന്റേത്. അവ്യവസ്ഥിതവും അവ്യാകൃതവും അന്ധകാരമയവുമാണ് ആ ഹൃദയം. “ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു;” (2കൊരി, 4:6). പ്രാപഞ്ചിക പ്രകാശത്തിനു പുറത്താക്കാൻ കഴിയാത്ത ആത്മാവിന്റെ അന്ധകാരത്തെ ഉന്മൂലനം ചെയ്വാൻ ദൈവം നൽകിയ പ്രകാശമാണ് തന്റെ വചനം. കിഴക്കുദിച്ച നക്ഷത്രം വിദ്വാന്മാരെ നയിച്ചതുപോലെ പാപികളെ ക്രിസ്തുവിലേക്കു നയിക്കുന്ന പ്രകാശമാണ് തിരുവെഴുത്തുകൾ. ഏഴു കവരമുള്ള നിലവിളക്ക് സമാഗമനകൂടാരത്തിലെ വിശുദ്ധസ്ഥലത്തെ പ്രകാശിപ്പിച്ചതുപോലെ മനുഷ്യന്റെ ദേഹിയെ അഥവാ പ്രാണനെ പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവവചനം. മരുഭൂമിയിൽ അഗ്നിസ്തംഭം യിസ്രായേൽമക്കളുടെ പാതയെ പ്രകാശിപ്പിച്ചതുപോലെ വിശ്വാസിയുടെ മരുഭൂമിയാത്രയിൽ പാതയ്ക്കു പ്രകാശമായിരിക്കയാണത്. “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു:” (2പത്രൊ, 1:19).
2. കണ്ണാടി: ദൈവവചനം കണ്ണാടിക്കു സദൃശമാണ്. അതു നമ്മുടെ സ്വന്തം രൂപത്തെ നമുക്കു കാട്ടിത്തരുന്നു. ഞാൻ എന്തായിരിക്കുമെന്നു ചിന്തിക്കുന്നുവോ ആ രൂപത്തെയല്ല മറിച്ച്, ഞാൻ എന്താണോ അതിനെ കാട്ടിത്തരികയാണ് കണ്ണാടി. ദൈവവചനം എന്ന കണ്ണാടിയിലൂടെ നാം നമ്മുടെ സ്വരൂപത്തെ മനസ്സിലാക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവർ ആയിത്തീർന്നു (റോമ, 3:12) എന്ന സത്യത്തെ തിരുവെഴുത്തുകൾ സ്പഷ്ടമാക്കുന്നു. തന്മൂലം പ്രാകൃതമനുഷ്യൻ അതു നോക്കുവാൻ ഇഷ്ടപ്പെടുന്നില്ല; പിന്മാറ്റക്കാരൻ വചനത്തെ അഭിമുഖീകരിക്കാൻ ധൈര്യപ്പെടുന്നില്ല. തിരുവെഴുത്താകുന്ന ദർപ്പണത്തിലൂടെ നോക്കുന്ന പാപിയും വിശ്വാസിയും ഏകസ്വരത്തിൽ വിളിച്ചുപറയും: “അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽ നിന്നു എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു: (റോമ, 7:24). “എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടി പോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സുപ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു:” (2കൊരി, 3:18). “ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടുപുറപ്പെട്ടു താൻ ഇന്നരൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു:” (യാക്കോ, 1:23,24).
മനുഷ്യനെക്കുറിച്ച് തിരുവെഴുത്തുകൾ അസന്നിഗ്ദ്ധമായി വെളിപ്പെടുത്തുകയാണ്. “ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ:” (റോമ, 3:9). “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു:” (റോമ, 3:23). ‘അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദികാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി:” (റോമ, 1:21,22). ചൈനയിൽ ഒരു മിഷണറി റോമാലേഖനം ഒന്നാം അദ്ധ്യായം ഒരു വലിയ പുരുഷാരത്തെ വായിച്ചു കേൾപ്പിച്ചു; അതു പൂർത്തിയായപ്പോൾ ഒരു ചൈനക്കാരൻ മുന്നോട്ടുവന്നു മിഷണറിയോടു പറഞ്ഞു: “ഇതു ഒട്ടും നന്നല്ല. ഒരു വിദേശപ്പിശാചു (മിഷണറിമാരെ ചൈനക്കാർ വിളിക്കുന്നത് foreign devil എന്നാണ്) ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളുടെ രഹസ്യപാപങ്ങളെ ഒരു പുസ്തകത്തിൽ എഴുതിവെച്ചു പരസ്യമായി വായിക്കുക ഒട്ടും ശരിയല്ല.” എന്തൊരത്ഭുതം! കണ്ണാടിയിലെന്നപോലെ ഓരോ മനുഷ്യനും തന്റെ സ്വരൂപം വചനത്തിൽ കണ്ടെത്തുകയാണ്.
3. കഴുകുവാനുള്ള തൊട്ടി: ഒരുവന്റെ സ്വയം എന്താണെന്നു വെളിപ്പെടുത്തുന്ന അതേ തിരുവെഴുത്തുകൾ തന്നെ അവന്റെ പാപം കഴുകിക്കളയാനുള്ള മാർഗ്ഗവും വെളിപ്പെടുത്തുന്നു. വചനം എന്ന ജലസ്നാനത്താലാണ് ഒരു വ്യക്തി കഴുകപ്പെട്ടു ശുദ്ധീകരണം പ്രാപിക്കുന്നത്: (എഫെ, 5:26). ക്രിസ്തു ശിഷ്യന്മാരോടായി പറഞ്ഞു: ‘ഞാൻ നിങ്ങളോടും സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു:” (യോഹ, 15:3). സമാഗമനകൂടാരത്തിനും ആരാധകനും മദ്ധ്യേയായിരുന്നു തൊട്ടി. ദൈവസന്നിധിയോടടുക്കുവാൻ ആരാധകനെ അയോഗ്യനാക്കിത്തീർക്കുന്ന അഴുക്കും മാലിന്യവും കഴുകിക്കളയുവാനുള്ള മാർഗ്ഗവും മാദ്ധ്യമവുമാണ് ഈതൊട്ടി. “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു:” (സങ്കീ, 119:11). അതിനു യേശു: ‘ആമേൻ ആമേൻ ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല:” (യോഹ, 3:5).
4. ഭക്ഷണം: “ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു:” (ഇയ്യോ, 23:12). ദൈവവചനത്ത ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു എന്നാണ് ഇയ്യോബിന്റെ സാക്ഷ്യം. “ഞാനോ വിശപ്പുകൊണ്ടു നശിച്ചു പോകുന്നു:” (ലൂക്കൊ, 15:17). വചനത്തിന്റെ വിശപ്പുകൊണ്ട് പുരുഷാരങ്ങൾ നശിക്കുകയാണ്. അവർക്കാവശ്യമായ വചനം നൽകേണ്ടത് വിശ്വാസികളുടെ കടമയത്രേ. ഓരോ പ്രായത്തിലുള്ളവർക്കും നൽകേണ്ട ഭക്ഷണം വ്യത്യസ്ത രീതിയിലുള്ളതാണ്.
5. പാൽ: ശിശുക്കൾക്കു നൽകേണ്ടത് പാലാണ്. കട്ടിയായ ഭക്ഷണം അവരുടെ പചനേന്ദ്രിയ വ്യവസ്ഥയ്ക്കനുകൂലമല്ല. ദൈവാത്മാവ് ഈ സത്യം അപ്പൊസ്തലനിലൂടെ വെളിപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്നു. “എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ:” (1കൊരി, 3:1,2). ‘കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെതന്നെ വീണ്ടും ഉപദേശിച്ചു തരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു. പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു:” (എബ്രാ, 5:12-14). കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ എത്രയോ ഭാഗങ്ങളാണ് തിരുവെഴുത്തുകളിലുള്ളത്. ബാല്യം മുതൽ തന്നെ തിരുവെഴുത്തുകളെ പഠിച്ചു നിശ്ചയം പ്രാപിച്ച് അതിൽ നിലനില്ക്കേണ്ടത് വിശ്വാസിക്കാവശ്യമാണ്. കുഞ്ഞുങ്ങളെ വചനം പഠിപ്പിക്കേണ്ട ചുമതല രക്ഷകർത്താക്കൾക്കും സഭയ്ക്കും ആണ്. ‘നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറികയും ചെയ്യുന്നതുകൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്കുക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തികൾക്കും വക്രപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു:” (2തിമൊ, 3:14-17). ശിശുക്കൾക്കു വളർച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും പാലിലുണ്ട്. രക്ഷയ്ക്കായി വളരുന്നതിന് വചനമെന്ന മായമില്ലാത്ത പാൽ വേണ്ടുവോളം കുടിക്കേണ്ടതാണ്. “ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളഞ്ഞു ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ:” (1പത്രൊ, 2:1,2).
6. കട്ടിയായുള്ള ആഹാരം: പ്രായം തികഞ്ഞവർക്ക് കട്ടിയായുള്ള ആഹാരം ആവശ്യമാണ്. ആത്മീയ വളർച്ച പ്രാപിച്ചവർക്കാവശ്യമായ കട്ടിയായ ഭക്ഷണവും ബൈബിളിലുണ്ട്. “അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനം കൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു:” (ആവ, 8:3). “മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു എന്നു എഴുതിയിരിക്കുന്നു (മത്താ, 4:4) എന്നു പരീക്ഷകനായ പിശാചിനു കർത്താവായ യേശുക്രിസ്തു നൽകിയ മറുപടി ശ്രദ്ധിക്കുക. വീണ്ടെടുക്കപ്പെട്ട ഒരു വ്യക്തിയുടെ മുഖ്യമായ ഭക്ഷണം ദൈവവചനമാണ്. തന്മൂലം ആത്മീയവളർച്ചയ്ക്ക് ദൈവവചനത്തിന്റെ നിരന്തരമായ അഭ്യാസം അനുപേക്ഷണീയമത്രേ. ഈ ഭക്ഷണം അപ്പം, വീഞ്ഞ്, പാൽ എന്നിവയെപ്പോലെ ദ്രവ്യവും വിലയും കൂടാതെ വാങ്ങി അനുഭവിപ്പാനാണ് ദൈവം ആഹ്വാനം ചെയ്യുന്നത്. “അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളാരേ, വെള്ളത്തിനു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.” (യെശ, 55:1,2).
7. തേൻ: “തിരുവചനം എന്റെ അണ്ണാക്കിൽ എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു:” (സങ്കീ, 119:103). സമ്പുഷ്ടമായ ഭക്ഷണമാണ് തേൻ. അപ്പവും പാലും മാത്രമല്ല, തേനും ദൈവം ഒരുക്കുന്ന മേശയിലെ വിഭവങ്ങളിലുൾപ്പെടുന്നു. ഒരു വിശ്വാസിക്കു വേണ്ടുവോളം മാധുര്യം നുകരാനാവശ്യമായതെല്ലാം തിരുവെഴുത്തുകളിലുണ്ട്. “തേൻ ആസ്വദിക്ക കൊണ്ടു യോനാഥാന്റെ കണ്ണു തെളിഞ്ഞു:” (1ശമൂ, 14:29). ദൈവവചനമാകുന്ന തേൻ ആസ്വദിക്കുന്നവർക്കു മാത്രമേ കണ്ണു തെളിഞ്ഞു സുബോധം വരികയുള്ളൂ. കണ്ണു തുറക്കുന്നവർക്കു മാത്രമേ തിരുവെഴുത്തുകളിലെ അത്ഭുതങ്ങളെ കാണാനാകൂ. അതാണ് സങ്കീർത്തനക്കാരൻ അപേക്ഷിക്കുന്നത്: “നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ:” (സങ്കീ, 119:18).
പ്രതീകാത്മകമായി വചനം ഭക്ഷിച്ച പ്രവാചകന്മാരുണ്ട്. യഹോവ യിരെമ്യാപ്രവാചകന്റെ വായെ തൊട്ടു, വചനങ്ങളെ വായിൽ നൽകി: (യിരെ,1:9). മൂന്നു പ്രവാചകന്മാർ വചനം ഭക്ഷിച്ചതായി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. “ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു” എന്നു യിരെമ്യാപ്രവാചകൻ പറയുന്നു: (15:16). ചുരുൾ തിന്നിട്ടു ചെന്നു യിസായേൽഗൃഹത്തോടു സംസാരിക്കാനാണ് യഹോവ യെഹെക്കേൽ പ്രവാചകനോടു കല്പിച്ചത്: (3:1). “അവൻ എന്നോടു; മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക; ഈ ചുരുൾ തിന്നിട്ടു ചെന്ന് യിസ്രായേൽ ഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു. ഞാൻ വായ് തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു എന്നോടു: മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അത് വായിൽ തേൻ പോലെ മധുരമായിരുന്നു:” (യെഹ, 3;1-3). സ്വർഗ്ഗത്തിൽ നിന്നു കേട്ട ശബ്ദം അനുസരിച്ചു യോഹന്നാൻ അപ്പൊസ്തലൻ ദൂതന്റെ കയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങി തിന്നു. “ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻ പോലെ മധുരമായിരുന്നു തിന്നുകഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി:” (വെളി, 10:9-10).
8. തങ്കം: ദൈവവചനം പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തെക്കവയാണ്: (സങ്കീ, 19:10). ലോകം വലുതായും ശ്രഷ്ഠമായും കരുതുന്ന പലതും ഉപേക്ഷിക്കാൻ ഉപദേശിക്കപ്പെട്ടവരാണ് ദൈവമക്കൾ. ലോകത്തിന്റെ ധനവും സമ്പത്തും അവർക്കു ചപ്പും കുപ്പയുമത്രേ. “നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക. അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും. ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും:” (ഇയ്യോ, 22:24-27). നിത്യവും അക്ഷയവുമായ സമ്പത്താണ് ദൈവം തന്റെ വചനത്തിൽ നമുക്കു നൽകിയിരിക്കുന്നത്. ഭൂമിയിലെ സമ്പത്തൊന്നും അതിനു പകരമല്ല. അതിനാലാണ് സങ്കീർത്തനക്കാരൻ പ്രസ്താവിക്കുന്നത്: “ആയിരം ആയിരം പൊൻവെള്ളി നാണ്യത്തേക്കാൾ നിന്റെ വായിൽ നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം:” (സങ്കീ, 119:72).
സ്മുർന്നയിലെ സഭയോടു കർത്താവു പറയുകയാണ്: ‘ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും-നീ ധനവാനാകുന്നുതാനും അറിയുന്നു:” (വെളി, 2:9). ഭൗമികമായി കഷ്ടതയും ദാരിദ്ര്യവും അനുഭവിക്കുന്ന അഗതികൾക്കും ദൈവവചനം എന്ന അമൂല്യമായ സമ്പത്തുണ്ട്. അതിനാൽ ദൈവമക്കൾ എല്ലായ്പ്പോഴും സമ്പന്നരാണ്. ക്രിസ്തുയേശുവിലൂടെ ദൈവം കൃപയാൽ വിശ്വാസിക്കു നൽകിയിരിക്കുന്ന ധനങ്ങളെക്കുറിച്ചു പൗലൊസപ്പൊസ്തലൻ എഫെസ്യലേഖനത്തിൽ പരാമർശിക്കുകയാണ്: ദൈവത്തിന്റെ കൃപാധനം (1:8), വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം (1:18; 3:16), കൃപയുടെ അത്യന്ത ധനം (2:6), ക്രിസ്തുവിന്റെ അപ്രമേയധനം (3:8) എന്നിവ. ദൈവം നമുക്കു നൽകുന്ന മറ്റു ധനങ്ങളാണ് ദൈവത്തിന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം (റോമ, 2:4-ധനം എന്നു ഗ്രീക്കിൽ), തേജസ്സിന്റെ ധനം (റോമ, 9:23), ധാരാളം ഔദാര്യം (2കൊരി, 8:2-ഔദാര്യധനം എന്നു ഗ്രീക്കിൽ), മഹിമാധനം (കൊലൊ, 1:27), വിവേകപൂർണ്ണതയുടെ സമ്പത്ത് (കൊലൊ, 2:2), നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽനിന്നുള്ള നിശ്ചയമുള്ള ധനം (1 തിമൊ, 6:17), ക്രിസ്തുവിന്റെ നിന്ദ എന്ന ധനം (എബ്രാ, 11:26) എന്നിവ. എത്ര മഹത്തായ സമ്പത്തുകളാണ് ദൈവം തന്റെ വചനത്തിൽ നമുക്കുവേണ്ടി ഉള്ളടക്കിയിരിക്കുന്നത്. “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തു തരും:” (ഫിലി, 4:19).
9. തീ: ദൈവവചനം അഗ്നിയാണ്. അതു ഉള്ളിൽ കത്തുകയും മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ പ്രേരണ നൽകുകയും ചെയ്യും. അഗ്നിയുടെ ദാഹകസ്വഭാവം വചനത്തിനുമുണ്ട്. എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടുപിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു:” (സങ്കീ, 39:3). ഉള്ളിൽ ചൂടുപിടിച്ചു തീ കത്തുമ്പോൾ നാവെടുത്തു ദൈവവചനം പ്രഘോഷിക്കും. പിന്നീടൊരിക്കലും അടങ്ങിയിരിപ്പാൻ കഴിയുന്നതല്ല. യിരമ്യാവിന്റെ അനുഭവം നോക്കുക: “ഞാൻ ഇനി അവനെ ഓർക്കുകയില്ല അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്ന് പറഞ്ഞാലോ അതു എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചുതകളർന്നു എനിക്കു വഹിയാതെയായി:” (യിരെ, 20:9). “പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു. യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനപ്പൊലെയും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു: (യിരെ, 239). ഉള്ളിൽ കത്തുന്ന തീയോടും, അധരങ്ങളിൽ അഗ്നിസ്പർശത്തോടും (യെശ, 6:7) കൂടിമാത്രമേ ഫലപ്രദമായി ദൗത്യനിർവ്വഹണം ചെയ്യാനാവൂ.
10. ചുറ്റിക: “എന്റെ വചനം തീപോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്ന് യഹോവടെ അരുഴപ്പാട്:” (യിരെ, 3:29). തിരുവെഴുത്തുകൾ പാറയെ തകർക്കുന്ന ചുറ്റികയ്ക്കു സമാനമാണ്. കഠിനഹൃദയങ്ങളെ ഉടയ്ക്കുന്നതിന് ശക്തിയേറിയ അടി ആവശ്യമാണ്. ദൈവവചനം ഒരുചുറ്റികയെപ്പോലെ ഏതു കഠിനഹൃദയത്തെയും തച്ചുടയ്ക്കും.
11. വാൾ: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമള്ളതായി ഇരുവായ്ത്തലയുള്ള ഏതു വളിനെക്കാളും മർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു:” (എബ്രാ, 4:12). ഇരുവായ്ത്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതാണ് ദൈവവചനം. ഏതു ഹൃദയത്തെയും തുളച്ചുകയറാൻ ശക്തിയുള്ളതും മൂർച്ചയുള്ളതുമായ വാളാണത്. ദൈവവചനം എന്ന ആത്മാവിന്റെ വാൾ കൊൾവാൻ ക്രിസ്തു ഭടനെ ഓർപ്പിക്കുകയാണ് അപ്പൊസ്തലൻ: (എഫെ, 6:17).
12. വിവേചികൻ: ദൈവം തന്റെ വചനത്തിന്റെ പ്രവ്യത്തിയെക്കുറിച്ചു പറയുന്നത് അതു ‘വിവേചിക്കുന്നതു’ എന്നാണ്: (എബാ, 4:2). വിവേചിക്കുന്നത് എന്നതിനു സമാനമായ ക്രിട്ടികൊസ് എന്ന ഗ്രീക്കു പ്രയോഗം ബൈബിളിൽ ഇവിടെ മാത്രമേ ഉള്ളു. വിവേചിക്കുന്നവൻ, ന്യായം വിധിക്കുന്നവൻ എന്നീ അർത്ഥങ്ങളാണിതിനുള്ളത്. മനുഷ്യനെ വിവേചിക്കുവാൻ ദൈവം നൽകിയിരിക്കുന്നതു തന്റെ വചനത്തെയാണ്. മനുഷ്യൻ ദൈവവചനത്തിന്റെ വിമർശകനായിത്തീരുന്നതു വിചിത്രം തന്നെ. ദൈവം തന്റെ വചനം നമുക്കു നൽകിയിരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കിക്കൊണ്ട്, ദൈവവചനത്തെ വിമർശിക്കാനൊരുമ്പെടാതെ അതിന്റെ വിവേചനശക്തിക്കു മുന്നിൽ വിനയാനതനായി സ്വയം വിധേയപ്പെടുത്തുകയാണ് നമുക്കു കരണീയം.
13. വിത്ത്: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു:” (1പത്രൊ, 1:23). കെടാത്ത ബീജത്താലാണ് നാം വീണ്ടും ജനിച്ചത്. നമ്മെ വീണ്ടും ജനിപ്പിച്ചതായ വചനം എന്ന വിത്തു വിതക്കാൻ നാം കടപ്പെട്ടവരാണ്. സമയമോ സാഹചര്യമോ നോക്കാതെ വിത്തുവിതെക്കേണ്ടവരാണ് നാം. അതത്ര കർത്താവ് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. ഒന്നാമതായി നാം എല്ലായിടത്തും വിതെക്കേണ്ടവരാണ്: “വെള്ളത്തിന്നരികത്തെല്ലാം വിതക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!” (യെശ, 32:20). രണ്ടാമതായി, നാം ഏതുസമയത്തും വിത്തു വിതെക്കേണ്ടവരാണ്: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ:” (സഭാ, 11:6). മൂന്നാമതായി, വിതക്കേണ്ട ഭൂമി നാം മനസ്സൊരുക്കത്തോടെ തയ്യാറാക്കേണ്ടതാണ്: “കണ്ണുനീരോടെ വിതക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു:” (സങ്കീ, 126:5,6).
14. മഴയും മഞ്ഞും: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നൽകത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതു പോലെ എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കുകയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും:” (യെശ, 55:10,11). ദൈവവചനത്തിന്റെ വർഷം നല്ലവരുടെമേലും ദുഷ്ടന്മാരുടെമേലും ഒരുപോലെ പതിക്കുകയാണ്: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നുവല്ലോ?” (മത്താ, 5:45). ദൈവഹിതം ഭൂമിയിൽ നിറവേറ്റുന്നതിനു വേണ്ടിയാണ് വചനം നൽകപ്പെട്ടിരിക്കുന്നത്. ജീവന്റെ വചനമായ ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന തിരുവെഴുത്തുകൾ ഒരു വിശ്വാസിയുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ഈ പ്രതിബിംബങ്ങൾ വെളിപ്പെടുത്തുന്നു.