ജ്ഞാനം (wisdom)
പഴയനിയമത്തിൽ ‘ജ്ഞാന’ത്തിന് അനേകം എബ്രായ പദങ്ങൾ പയോഗിച്ചിട്ടുണ്ടെങ്കിലും അവയിൽ ഏററവും പ്രധാനം ‘ഹാഖമാഹ്’ അതേ; 141 പ്രാവശ്യം. അതിൽ പകുതിയിലധികവും ജ്ഞാനസാഹിത്യം എന്നറിയപ്പെടുന്ന ഇയ്യോബ്, സദൃശവാക്യങ്ങൾ, സഭാപ്രസംഗി എന്നീ പുസ്തകങ്ങളിലാണ്. ജ്ഞാനസാഹിത്യത്തിനു വെളിയിൽ അപൂർവ്വമായി മാത്രമേ ജ്ഞാനം ദൈവത്തെയോ ആത്മീയ ജ്ഞാനത്തെയോ വിവക്ഷിക്കുന്നുള്ളൂ. അവിടെ ദൈവദത്തമോ അല്ലാത്തതോ ആയ മാനുഷിക കഴിവുകളെയാണ് ജ്ഞാനം സൂചിപ്പിക്കുന്നത്. ഹാഖ്മാഹ് എന്ന എബ്രായ പദത്തിന്റെ ആദ്യപ്രയോഗം പുറപ്പാട് 28:3-ലാണ്. “അഹരോൻ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്വാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിനു അവനു വസ്ത്രം ഉണ്ടാക്കണമെന്നു ഞാൻ ജ്ഞാനാത്മാവു കൊണ്ടു നിറച്ചിരിക്കുന്ന സകല ജ്ഞാനികളോടും നീ പറയേണം.” (പുറ, 28:3). വൈദഗ്ദ്ധ്യം അഥവാ സാമർത്ഥ്യം ആണ് പ്രധാന അർത്ഥം. സമാഗമനകൂടാര നിർമ്മാണത്തിന് ആവശ്യമായ പ്രത്യേക വൈദഗ്ദ്ധ്യം വ്യക്തികൾക്കു നല്കപ്പെട്ടിരുന്നു. (പുറ, 28:3; 31:3, 6).
ജ്ഞാനത്തിനു പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള ഗ്രീക്കുപദം ‘സൊഫിയ’ ആണ്. ദൈവത്തിന്റെ ജ്ഞാനം (റോമ, 11:33; 1കൊരി, 1:21, 24; 2:7; 3:10; വെളി, 7:12), ക്രിസ്തുവിന്റെ ജ്ഞാനം (മത്താ, 13:54 ?; മർക്കൊ, 6:2; ലൂക്കൊ, 2:40,52; 1കൊരി, 1:30; കൊലൊ, 2:3; വെളി, 5:12), പുരുഷത്വാരോപിത ജ്ഞാനം (മത്താ, 11:19; ലൂക്കൊ, 7:35; 11:49) മാനുഷികജ്ഞാനം – ആത്മീയ കാര്യങ്ങളിൽ (ലൂക്കൊ, 21:15; പ്രവൃ, 6:3, 10; 7:10; 1കൊരി, 2:6; 12:8; എഫെ, 1:8, 17; കൊലൊ, 1:9), ആത്മീയ ജ്ഞാനം (കൊലൊ, 1:28; 3:16; 4:5; യാക്കോ, 1:5; 3:13, 17; 2പത്രൊ, 3:15; വെളി, 1318; 17:9), മാനുഷികജ്ഞാനം – ഭൌതിക കാര്യങ്ങളിൽ (മത്താ, 12:42; ലൂക്കൊ, 11:31; പ്രവൃ, 7:22, 1കൊരി, 1:17, 19,20,21,22; 2:1, 4,5,6, 13; 3:19; 2കൊരി, 1:12; കൊലൊ, 2:23) എന്നിവയ്ക്ക് സൊഫിയ പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്.
ജ്ഞാനഗ്രന്ഥങ്ങളിൽ പലേടത്തും ജ്ഞാനം മാനുഷിക ജ്ഞാനത്തെക്കുറിക്കുന്നു. (ഇയ്യോ, 4:21; സഭാ, 1:13). അതു ദു:ഖത്തിനും നിരാശയ്ക്കും കാരണമാണ്. (സഭാ, 1:12; 2:9-11). ദൈവികജ്ഞാനത്തെ പുച്ഛിക്കുന്ന ഉദ്ധതമായ മാനുഷികജ്ഞാനമുണ്ട്. അതു നാശത്തിലേക്കു നടത്തുന്നു. (1കൊരി, 1:19,20). ദൈവദത്തമായ ജ്ഞാനം മനുഷ്യനു നന്മയും ശാന്തിയും സംതൃപ്തിയും നല്കുകയും സൌഭാഗ്യപൂർണ്ണമായ ജീവിതം നയിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഉയരത്തിൽ നിന്നുള്ള ജ്ഞാനത്തിന്റെ ലക്ഷണം ഇവയാണ്. “ഉയരത്തിൽ നിന്നുളള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണമുളളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു. എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.” (യാക്കോ, 3:17,18). ജ്ഞാനലക്ഷണമാണു സൌമ്യത. (യാക്കോ, 3:13). ദൈവികജ്ഞാനം ദൈവിക കല്പ്പനകളെ പ്രമാണിക്കുവാൻ പ്രേരിപ്പിക്കുന്നു. (സദ്യ, 4:11). പരിജ്ഞാനവും വകതിരിവും അതിന്റെ സവിശേഷ ലക്ഷണങ്ങളാണ്. (സദൃ, 8:12). വിവേകിയുടെ ജ്ഞാനം വഴി തിരിച്ചറിയുന്നു. (സദൃ, 14:8). ഈ ജ്ഞാനത്തിൻ്റെ ആരംഭം യഹോവാഭക്തിയാണ്. (ഇയ്യോ, 28:28; സദൃ, 9:10).
ജ്ഞാനപ്രാപ്തി ദുഷ്ക്കരമാണ്. ജ്ഞാനത്തിന്റെ വില മതിക്കാവുന്നതല്ല. വിലയേറിയ രത്നങ്ങളൊന്നും ജ്ഞാനത്തിന് ഈടു നില്ക്കുന്നതല്ല. (ഇയ്യോ, 28:12-20). അതു മനുഷ്യ ബുദ്ധിക്കപ്രാപ്യമാണ്. (ഇയ്യോ, 28:12; സഭാ, 7:23). പരിഹാസി ഒരിക്കലും ജ്ഞാനം കണ്ടെത്തുകയില്ല. (സദൃ, 14:6). എന്നാൽ അന്വേഷിക്കുന്നവർക്കു ദൈവം ജ്ഞാനം സൗജന്യമായി നല്കുന്നു. (സദൃ, 2:6; സഭാ, 2:26). ദൈവം ജ്ഞാനം ഔദാര്യമായി നല്കുന്നു. “നിങ്ങളിൽ ഒരുത്തനു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവനു ലഭിക്കും.” (യാക്കോ, 1:5). ശലോമോനു ദൈവം വിശാലമായ ജ്ഞാനം നല്കി. “ദൈവം ശലോമോനു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടൽക്കരയിലെ മണൽപോലെ ഹൃദയി വിശാലതയും കൊടുത്തു. (1രാജാ, 4:29). ശലോമോൻ്റെ ജ്ഞാനം ബഹുമുഖമായിരുന്നു. രാഷ്ട്രതന്ത്രം, പ്രകൃതി ജ്ഞാനം, മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള ജ്ഞാനം, സാഹിത്യം, സദൃശവാക്യങ്ങൾ തുടങ്ങിയവയുടെ രചന എന്നിവയിൽ ശലോമോൻ അദ്വിതീയനായിരുന്നു. (1രാജാ, 3:16-25; 4:29-34; 10:23,24).
അനന്തവും സമ്പൂർണ്ണവുമായ ജ്ഞാനം ദൈവത്തിനു മാത്രമേയുളളൂ. (റോമ, 11:33-36). ദൈവം ജ്ഞാന സമ്പൂർണ്ണനാണ്. (ഇയ്യോ, 37:16). സോർ രാജാവിനെക്കുറിച്ചും ജ്ഞാനസമ്പുർണ്ണൻ എന്നു പറഞ്ഞിട്ടുണ്ട്. (യെഹെ, 28:12). പിതാവായ ദൈവത്തിന്റെയും പുത്രന്റെയും പേരുകളിലൊന്ന് ജ്ഞാനമാണ്. പരിശുദ്ധാത്മാവ് ജ്ഞാനത്തിന്റെ ആത്മാവാണ്. ക്രിസ്ത്യാനികളുടെ ജ്ഞാനത്തിന്റെ പരമമായ സ്രോതസ്സ് ക്രിസ്തുവത്രേ. (1കൊരി, 1:30). യേശുക്രിസ്തു ദൈവജ്ഞാനമാണ്. (1കൊരി, 1:24). ജ്ഞാനത്തിൽ പുരുഷഭാവാരോപം അഥവാ ജ്ഞാനത്തിന്റെ മൂർത്തീകരണം വളരെയധികം ചർച്ചയ്ക്കു വിധേയമായ വിഷയമാണ്. ജ്ഞാനത്തിന്റെ ഐതിഹ്യോത്പത്തി മുതൽ ഒരു പ്രത്യേക സാഹിത്യ തന്ത്രം എന്ന നിലവരെ വിവിധ സിദ്ധാന്തങ്ങളാണ് പ്രസ്തുത ചർച്ചകളിൽ നിന്നു രൂപം കൊണ്ടിട്ടുള്ളത്. ബൈബിളിൽ ജ്ഞാനത്തിന്റെ പുരുഷഭാവാരോപം പൊടുന്നനവെ പ്രത്യക്ഷപ്പെടുന്ന ഒന്നാണ്. അതിനാൽ ഇതിന്റെ പിന്നിൽ ഏതെങ്കിലും പുരാണകഥ അടിഞ്ഞു കിടപ്പുണ്ടെന്ന വാദം കഴമ്പില്ലാത്തതാണ്. സദ്യശവാക്യത്തിൽ ഇത്താനത്തെ സ്ത്രീയായി അവതരിപ്പിക്കുന്നു. “ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു.” (സദൃ, 1:20). തൻ്റെ ആലോചന സ്വീകരിക്കുന്നതിനും, ജീവിതം ഭദ്രമാക്കുന്നതിനും യഹോവാഭക്തി തിരഞ്ഞെടുക്കുന്നതിനും അവൾ മനുഷ്യരെ ആഹ്വാനം ചെയ്യുന്നു. ജ്ഞാനത്തിന്റെ മൂർത്തീകരണം പരകോടിയിലെത്തുന്നതാ സദൃശവാക്യം 8-ാം അദ്ധ്യായത്തിലാണ്. ദൈവസൃഷ്ടിയിൽ പ്രഥമയായും തുടർന്നുള്ള ദൈവത്തിന്റെ സഹായിയായും ജ്ഞാനത്തെക്കുറിച്ചു പറയുന്നു. (സദൃ, 8:22; 3:19).