ജഡരക്തങ്ങൾ

ജഡരക്തങ്ങൾ (flesh and blood) 

ജഡരക്തങ്ങൾ എന്ന പ്രയോഗത്തിനു രണ്ടു പ്രധാന അർത്ഥങ്ങളുണ്ട്: ഒന്നാമതായി, അതു മനുഷ്യനെ സൂചിപ്പിക്കുന്നു. മനുഷ്യനു സമാന്തരമായി ജഡരക്തങ്ങൾ എന്ന പ്രയോഗം നാം ആദ്യം കാണുന്നത് യേശുവിന്റെ വാക്കുകളിലാണ്. “യേശു അവനോടു: ബർയോനാ ശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയത:” (മത്താ, 16:17. ക്രിസ്തു പറഞ്ഞ കാലത്തെക്കാളും എഴുതപ്പെട്ട കാലം കണക്കാക്കുകയാണെങ്കിൽ മനുഷ്യനു പകരം ജഡരക്തങ്ങൾ എന്ന പ്രയോഗം ആദ്യം കാണുന്നത് അപ്പൊസ്തലനായ പൌലൊസിന്റെ എഴുത്തുകളിലാണ്. ജഡരക്തങ്ങൾ എന്നതിനെ മാംസരക്തങ്ങൾ എന്നാണ് സത്യവേദപുത്തിൽ പരിഭാഷപ്പെടുത്തിയിട്ടുളളതു: (ഗലാ, 1:16). പൗലൊസ് എഴുതുകയാണ്; ‘നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങ ളോടല്ല’ (എഫെ, 6:12). രണ്ടാമതായി, ജഡരക്തങ്ങൾ ഭൌതിക ശരീരത്തെക്കുറിക്കുന്നു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിൻ്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു:” (എബ്രാ, 2:14). 1കൊരിന്ത്യർ 15:50-ലും ജഡരക്തങ്ങൾ ഭൗതികശരീരത്തെ കുറിക്കുന്നു. (സ.വേ.പു.ത്തിൽ മാംസരക്തങ്ങൾ). ജഡം മനുഷ്യൻ്റെ ഭൗമികാംശമാണ്. എല്ലാ രാഗമോഹങ്ങളും ജഡത്തിൽനിന്നു ഉത്ഭവിക്കുന്നു. സാധാരണ മനുഷ്യൻ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്യുന്നു: (എഫെ, 2:3). ക്രിസ്തുയേശുവിനുളളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടു കൂടെ ക്രൂശിച്ചിരിക്കുന്നു: (ഗലാ, 5:24). പാപപ്രവൃത്തികൾ ജഡത്തിന്റെ പ്രവൃത്തികളാണ്: (ഗലാ, 5:19-21). ജഡജ്ഞാനം ലൗകികജ്ഞാനമാണ്: (2കൊരി, 1:12). ജഡത്തിന്റെ ബലഹീനതകളോടുകൂടിയ ശരീരമാണ് ജഡശരീരം: (കൊലൊ, 1:22; 2:1). 

അപ്പൊസ്തലനായ പൗലൊസ് ജഡത്തിന്റെ ആശയത്തെ വ്യക്തമായി അവതരിപ്പിക്കുന്നു. അകത്തെ മനുഷ്യൻ മുന്നായിട്ടുളള അപഗ്രഥനത്തിൽ ഇതു സ്പഷ്ടമാണ്. (റോമ, 7:25). ആളത്തത്തിന് മൂന്നു ഘടകങ്ങൾ ഉണ്ട്. (1) ബുദ്ധി: ഇത് ദൈവിക ന്യായപ്രമാണത്തിന്റെ അധിഷ്ഠാനമാണ്. (2) ജഡം: ഇതിൽനിന്ന് പ്രമാണരഹിതമായ മോഹം ഉടലെടുക്കുന്നു. (3) ഇച്ഛാശക്തിയെ നിയന്ത്രിക്കുന്ന അഹം: ദൈവത്തിന്റെ ന്യായപ്രമാണത്തെയും ജഡത്തിൻ്റെ അഭിലാഷങ്ങളെയും തമ്മിൽ തിരഞ്ഞെടുക്കേണ്ടത് ഇച്ഛാശക്തിയാണ്. മോഹത്തിന്റെ ഇരിപ്പിടമായി പൗലൊസ് ജഡത്തെ അന്യത്ര വിശദമാക്കുന്നുണ്ട്. “ആത്മാവിനെ അനുസരിച്ചു നടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു . ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ:” (ഗലാ, 5:16,17). പൗലൊസിന്റെ പക്ഷത്തിൽ മനുഷ്യൻ ജഡത്തിന്റെ ബന്ധനത്തിലാണ് ക്രിസ്തുവിലൂടെയുള്ള ദൈവകൃപയാൽ മാത്രമേ ഈ ബന്ധനത്തിൽ നിന്നും മനുഷ്യനു വിടുതലുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *