ഏകനായ ദൈവം; ഏകനല്ലാത്ത ക്രിസ്തു

“തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ (The only God) പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?
(യോഹന്നാൻ 5:44)
“ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല (I am not alone), ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.”
(യോഹന്നാൻ 8:16)

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഏകനാണ്. എന്നാൽ ദൈവത്തിൻ്റെ ക്രിസ്തു, “ഞാൻ ഏകനല്ല” എന്ന് പറഞ്ഞിരിക്കുന്നതായി കാണാം. അതിനാൽ, ദൈവത്തിനു് ബഹുത്വമുണ്ട് അല്ലെങ്കിൽ, ദൈവത്തിൽ ഒന്നിലേറെ വ്യക്തികൾ ഉണ്ടെന്ന് അനേകർ വിശ്വസിക്കുന്നു. എന്നാൽ ദൈവം ഏകനാണ് എന്നല്ലാതെ, ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. ഏകദൈവത്തിനു് വെളിപ്പാടുകൾ അല്ലെങ്കിൽ, പ്രത്യക്ഷതകൾ ആണുള്ളത്.

ഏകദൈവം: “ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം” എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്: (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം → “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്: (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല” (ആവ, 32:39), “ഞാനല്ലാതെ ഒരു ദൈവവുമില്ല“ (യെശ, 45:5), “എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല” (യെശ, 40:25), “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല” (യെശ, 43:10), “ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം → “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). “ദൈവം ഒരുത്തൻ മാത്രം – The only God” (യോഹ, 5:44), “പിതാവ് മാത്രമാണ് സത്യദൈവം – Father, the only true God”  (യോഹ, 17:3) \എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം → “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15), “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല” (ആവ, 4:35), “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല” (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല” (1രാജാ, 8:59), “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല” (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5)
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം → “ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). “അദൃശ്യനായ ഏകദൈവം” (The only wise God) എന്നും (1തിമൊ, 1:17), “ഏകദൈവം” (The only God) എന്നും (യൂദാ, 1:25), “പിതാവായ ഏകദൈവമേ നമുക്കുള്ളൂ” (1കൊരി, 8:6), “ദൈവവും പിതാവുമായവൻ ഒരുവൻ” എന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (എഫെ, 4:6
പിതാവായ യഹോവ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം → “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം]

ഞാൻ ഏകനല്ല: എന്നാൽ ക്രിസ്തു താൻ ഏകനല്ലെന്ന് പറയുന്ന രണ്ട് വാക്യങ്ങൾ കാണാൻ കഴിയും. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല; ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). അടുത്തവാക്യം: “പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല താനും.” (യോഹ, 16:32). ഈ വേദഭാഗങ്ങളിൽ ക്രിസ്തു പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ, പ്രധാനമായും രണ്ട് കാര്യങ്ങളറിയണം: 1. ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? 2. അവൻ്റെ പ്രകൃതി അല്ലെങ്കിൽ സ്വരൂപം എന്താണ്? അനേകം ക്രൈസ്തവർക്കും ഈ രണ്ടുകാര്യങ്ങൾ അറിയില്ല.

1. ക്രിസ്തു ആരാണ്: ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നു ചോദിച്ചാൽ: “അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്.” (1യോഹ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; സെഖ, 14:3-4പ്രവൃ, 1:11; മത്താ, 1:18, മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5. ഒ.നോ: ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15പ്രവൃ, 7:37; ആവ, 18:18-19പ്രവൃ 3:22-23; സങ്കീ, 40:6എബ്രാ, 10:5; യേശ, 7:14മത്താ, 1:21-23). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21).

2. ക്രിസ്തുവിന്റെ പ്രകൃതി: ക്രിസ്തുവിൻ്റെ പ്രകൃതി അല്ലെങ്കിൽ, സ്വരൂപം എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). താൻ മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മൂന്നരവർഷം ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (മനുഷ്യൻ) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28).അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് നാല്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്.

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, തൻ്റെ ജത്തിലെ വെളിപ്പാടിനായി യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ യിസ്രായേലിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ഒരു പാപരഹിത മനുഷ്യപ്രത്യക്ഷത എടുത്തത്: (മത്താ, 1:1; 1:16; 1യോഹ, 3:5; യോഹ, 8:40; 1തിമൊ, 3:15-16). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു; അഥവാ, രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:23; 20:17; ലൂക്കൊ, 23:46). [കാണുക: ക്രിസ്തുവിൻ്റെ ചരിത്രപരത]

അതായത്, “ഞാൻ ഏകനല്ല” എന്ന് പറഞ്ഞത് ഏകദൈവമല്ല; ഏകമനുഷ്യനായ യേശുക്രിസ്തുവാണ്: (യോഹ, 5:44; റോമ, 5:15). ഇനി അറിയേണ്ടത്, ഏകനല്ല എന്ന് പറഞ്ഞാൽ, അതിൻ്റെ അർത്ഥമെന്താണ്? തനിക്ക് ബഹുത്വമുണ്ടെന്നാണോ? ഏകനായ ദൈവത്തിനോ, ഏകമനുഷ്യനായ ക്രിസ്തുവിനോ തന്നിൽത്തന്നെ ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല. ക്രിസ്തു “ഞാൻ ഏകനല്ല” എന്നല്ല പറയുന്നത്, “ഞാൻ തനിച്ചല്ല” അഥവാ, ഒറ്റയ്ക്കല്ല എന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ, “I am not alone” എന്നാണ്. ഇത്, സത്യവേദപുസ്തകത്തിൻ്റെ പരിഭാഷാപ്രശ്നമാണ്. വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “എന്നാല്‍ ഞാന്‍ വിധിച്ചാല്‍ എന്‍റെ വിധി സത്യമായിരിക്കും. എന്തെന്നാല്‍ ഞാന്‍ തനിച്ചല്ല, പിന്നെയോ, ഞാനും എന്നെ അയച്ച എന്‍റെ പിതാവും കൂടിയാണ്.” (യോഹ, 8:16. ഒ.നോ: ഇ.ആർ.വി, പി.ഒ.സി). ഒരുത്തൻ “ഞാൻ തനിച്ചല്ല അല്ലെങ്കിൽ, ഒറ്റയ്ക്കല്ല” എന്ന് പറഞ്ഞാൽ എന്താണർത്ഥം? തനിക്ക് ബഹുത്വമുണ്ടെന്നാണോ? തന്റെകൂടെ മറ്റാരോകൂടി ഉണ്ടെന്നാണ് അതിൻ്റെയർത്ഥം. യേശുവിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരുത്തൻ ആരാണ്? ക്രിസ്തുതന്നെ അതിൻ്റെ ഉത്തരം കൃത്യമായി പറഞ്ഞിട്ടുണ്ട്: “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്, ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി (ഒറ്റയ്ക്ക് – alone) വിട്ടിട്ടില്ല.” (യോഹ, 8:29). നമ്മൾ ചിന്തിക്കുന്ന വാക്യത്തിലും അതിൻ്റെ ഉത്തരമുണ്ട്: “നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല (ഒറ്റയ്ക്ക് – alone) താനും.” (യോഹ, 16:32). അപ്പോൾ, പിതാവായ ദൈവം അദൃശ്യനായി ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ്, “ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല” എന്ന് പറഞ്ഞത്. നിക്കോദേമോസ് പറയുന്നത് നോക്കുക: “ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല.” (യോഹ, 3:2). അപ്പോൾ, “ഞാൻ ഏകനല്ല” എന്ന് പറഞ്ഞതിൻ്റെ കാര്യം മനസ്സിലായല്ലോ? യേശുവെന്ന മനുഷ്യൻ്റെകൂടെ പിതാവായ ദൈവം ഇരുന്നതുകൊണ്ടാണ്, “ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല” എന്ന് അവൻ പറഞ്ഞത്.

അപ്പോൾ രണ്ട് ചോദ്യംവരും: “ഞാൻ ഏകനല്ല (ഒറ്റയ്ക്കല്ല)” എന്നു പറയത്തക്കവണ്ണം എപ്പോൾ മുതലാണ്, ദൈവം യേശുവെന്ന മനുഷ്യനോടുകൂടി ഇരുന്നത്? എപ്പോൾവരെ ഉണ്ടായിരുന്നു? അതിൻ്റെ ഉത്തരം അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് പറയും: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട്, അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ട്, സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ഈ വേദഭാഗത്ത് പത്രോസ് പറയുന്നത് ശ്രദ്ധിക്കുക: പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തിട്ട്, “ദൈവം അവനോടുകൂടെ ഇരുന്നു” എന്നാണ് പറയുന്നത്. യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്: (മത്താ, 3:16. ഒ.നോ: ലൂക്കൊ, 3:22; ലൂക്കൊ, 4:18-21 പ്രവൃ, 4:27; പ്രവൃ, 10:38). അതായത്, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ജനിച്ച് ഏകദേശം മുപ്പതു വർഷങ്ങൾക്കുശേഷമാണ്, ദൈവം അവനെ അഭിഷേകം ചെയ്തിട്ട് അവനോടുകൂടെ ഇരുന്നത്. യോർദ്ദാൻമുതൽ അവനോടുകൂടെയിരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചത്: (പ്രവൃ, 2:22. ഒ.നോ: ലൂക്കൊ, 5:17). എപ്പോൾവരെ ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു? ആദ്യരണ്ട് സുവിശേഷകന്മാരും അതിൻ്റെ ഉത്തരം പറഞ്ഞിട്ടുണ്ട്: “ഏകദേശം ഒമ്പതാംമണി നേരത്ത് യേശു, ഏലീ, ഏലീ, ലമ്മാ ശബക്താനി എന്ന് ഉറക്കെ നിലവിളിച്ചു, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം.” (മത്താ, 27:46; മർക്കൊ, 15:33). ദൈവം യേശുവെന്ന ക്രിസ്തുവിനെ വിട്ടുമാറിയ ശേഷമാണ് അവൻ ക്രൂശിൽമരിച്ചതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് മനസ്സിലാക്കാം. കൃത്യമായ സമയം സമവീക്ഷണ സുവിശേഷകന്മാർ പറഞ്ഞിട്ടുണ്ട്: “എന്റെ ഉള്ളം മരണവേദനപോലെ അതി ദുഃഖിതമായിരിക്കുന്നു, ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോട് പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു. കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 14:34-35; മത്താ, 26:38). അടുത്തഭാഗം ലൂക്കൊസ് പറയും: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ, എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്ന് പ്രാർത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവനു പ്രത്യക്ഷനായി. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:42-44). മർക്കൊസ് പറയുന്നത് ക്രിസ്തു മുമ്പോട്ടുചെന്ന് നിലത്തുവീണു എന്നാണ്. ഗത്ത്ശെമന എന്ന തോട്ടത്തിൽ വെച്ചാണ് മനുഷ്യരുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് താൻ പരിക്ഷീണനായി നിലത്തുവീണത്. അടുത്ത് പറയുന്നത്: “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി” എന്നാണ്. അവൻ അത്രമാത്രം ബലഹീനൻ ആയതുകൊണ്ടാണ്, അവനെ ബലപ്പെടുത്താൻ ദൂതൻ വന്നത്. യേശു നമ്മുടെ പാപം വഹിച്ചുകൊണ്ട് അതിയായി ക്ഷീണിച്ചു എന്നതിൻ്റെ തെളിവാണ്, അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയത്. ഗത്ത്ശെമനയിൽ വെച്ചാണ്, മാനവകുലത്തിൻ്റെ സകല പാപവും (ആദാമ്യപാപം) അവൻ്റെമേൽ ചുമത്തി അവനെ പാപമാക്കിയത്: ( 2കൊരി, 5:21. ഒ.നോ: 1പത്രോ, 2:24; 1യോഹ, 2:2). അതിനാൽ, “ഗത്ത്ശെമനയിൽ വെച്ചാണ് ഏകദൈവം ഏകമനുഷ്യനായ ക്രിസ്തുവിനെ വിട്ടുമാറിയതെന്ന് മനസ്സിലാക്കാം.” തന്മൂലം, ഏകദൈവം ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെകൂടെ അദൃശ്യനായി വസിച്ചിരുന്നതുകൊണ്ടാണ്, “ഞാൻ ഏകനല്ല (ഒറ്റയ്ക്കല്ല) എന്നു അവൻ പറഞ്ഞതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അല്ലാതെ, യേശുവെന്ന മനുഷ്യനോ, ഏകസത്യദൈവത്തിനോ ബഹുത്വമില്ല. “ഞാൻ ഏകനല്ല” എന്ന് ക്രിസ്തു പറഞ്ഞപോലെ, ദൈവം കൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരു വിശ്വാസിക്കും പറയാവുന്നതാണ്. എന്തെന്നാൽ, ദൈവം നമ്മെ വീണ്ടുംജനിപ്പിച്ചിട്ട് നമ്മുടെ ഹൃദയത്തെ തൻ്റെ മന്ദിരമാക്കി നമ്മോടൊപ്പം വസംചെയ്യുകയാണ്. (1കൊരി, 3:16; 1കൊരി, 6:19; എഫെ, 4:6). ദൈവം തൻ്റെ കൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരാൾക്കും പറയാവുന്ന പ്രസ്താവനയാണ്, “ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല” എന്നത്. അതുകൊണ്ട്, ദൈവത്തിനോ, പറയുന്നവനോ തന്നിൽത്തന്നെ ബഹുത്വമുണ്ടാകുന്നില്ല.

ദൈവത്തിനു മരണമില്ല: (1തിമൊ, 6:16). ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്തന്നെ ദൈവത്തിനു് മറുവിലയായി അർപ്പിച്ച് മരണം ആസ്വദിച്ചത്, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:5-6; എബ്രാ, 9:14). മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:24; പ്രവൃ, 2:36; പ്രവൃ, 5:31). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക:🙏

കാണുക:⏬

യേശുവിൻ്റെ ചരിത്രപരത

യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും

2 thoughts on “ഏകനായ ദൈവം; ഏകനല്ലാത്ത ക്രിസ്തു”

Leave a Reply

Your email address will not be published. Required fields are marked *