യേശുക്രിസ്തുവും ഉത്സവങ്ങളും
ദൈവം യിസ്രായേൽമക്കൾക്ക് നിയമിച്ചുകൊടുത്ത ഏഴ് പെരുനാളുകൾ ക്രിസ്തുവിന്റെ ക്രൂശീകരണം മുതൽ നിത്യരാജ്യം വരെയുള്ള സംഭവങ്ങളെ ഭങ്ഗ്യന്തരേണ ചിത്രീകരിക്കന്നു. ഉത്സവങ്ങളുടെ പ്രാവചനികാംശത്തെ അപ്പൊസ്തലൻ ലേഖനങ്ങളിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. പെസഹ, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ, ആദ്യഫലപ്പെരുനാൾ, പെന്തെകൊസ്ത് പെരുന്നാൾ, എന്നീ നാല് പെരുനാളുകൾ സഭാകാലയളവിനെയും, കാഹളപ്പെരുന്നാൾ, പാപപരിഹാരദിനം, കൂടാരപ്പെരുനാൾ എന്നീ മൂന്ന് പെരുനാളുകൾ ക്രിസ്തുവിന്റെ മദ്ധ്യാകാശവരവ്, നിത്യരാജ്യം എന്നിവയെയും പൂർവ്വവത്ദർശിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിലെ പ്രായശ്ചിത്ത മരണത്തെയും അതിലൂടെ മനുഷ്യവർഗ്ഗത്തിന് ലഭ്യമായ വീണ്ടെടുപ്പിനെയും പെസഹ കാണിക്കുന്നു. പാപത്തിന്റെ ശമ്പളമായ മരണത്തിൽ നിന്ന് മനുഷ്യവർഗ്ഗത്തിനുള്ള ഏകരക്ഷാമാർഗ്ഗം ക്രിസ്തുവിന്റെ ക്രൂശു മരണമാണ്. പെസഹ അതിന്റെ നിഴലാണ്. “നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ; നമ്മുടെ പെസഹ ക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു തന്നെ” എന്നിങ്ങനെ പൗലൊസ് പെസഹയുടെ പൊരുൾ വ്യാഖ്യാനിക്കുന്നു. (1കൊരി, 5:7). പെസഹദിനത്തിലാണ് ക്രിസ്തു കർത്തൃമേശ ഏർപ്പെടുത്തിയത്. അത് യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ തന്നെയായിരുന്നു. (1കൊരി, 11:23). ദൈവനിർണ്ണയപ്രകാരം സ്മരണീയമായ ആ രാത്രിയിലായിരുന്നു പെസഹ ഒടുവിലായി ആചരിച്ചതും, കർത്താവിന്റെ അത്താഴം ആദ്യമായി കഴിച്ചതും. പെസഹ പിന്നിലോട്ട് കടിഞ്ഞൂൽ സംഹാരം നടന്ന രാത്രിയെയും, മുന്നിലോട്ട് ക്രിസ്തുവിന്റെ ക്രൂശിനെയും ചൂണ്ടിക്കാണിക്കുകയായിരുന്നു. തന്മൂലം, ക്രിസ്തുവിന്റെ ക്രൂശീകരണശേഷം പെസഹാചരണത്തിന്റെ ആവശ്യമില്ല. കർത്തൃമേശ പിന്നിലോട്ട് ക്രൂശിനെയും മുന്നിലോട്ടു യേശുക്രിസ്തുവിന്റെ പുനരാഗമനത്തെയും ദർശിക്കുന്നു. അതിനാൽ, ക്രിസ്തുവിന്റെ പുനരാഗമന ശേഷം കർത്തൃമേശയും ആചരിക്കേണ്ടതില്ല. പെസഹയോടൊപ്പം പുളിപ്പില്ലായ്മ ആരംഭിക്കുകയാണ്. രക്ഷിക്കപ്പെടുന്നത് മുതൽ വിശുദ്ധജീവിതം ആരംഭിക്കുകയാണെന്ന സത്യത്തിന് നിഴലാണിത്. (പുറ, 12:15; 13:7; 1കൊരി, 5:6-8; 2കൊരി, 7:1).
1. നീസാൻ മാസം (മാർച്ച്/ഏപ്രിൽ) 14-ാം തീയതി പെസഹ: (പുറ, 12:21; ലേവ്യ, 23:5)
2. നീസാൻ മാസം 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ: (പുറ, 12:17; ലേവ്യ, 23:6). പെസഹയും, പുളിപ്പില്ലാത്ത അപ്പവും വ്യത്യസ്ത പെരുനാളുകൾ ആണെങ്കിലും ഒരുമിച്ചാണ് ഇത് അനുഷ്ഠിച്ചുപോരുന്നത്. “രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിൻ്റെയും പെരുനാൾ ആകുന്നു.” (മർക്കൊ, 14:1. ഒ.നോ: പുറ, 23:15; എസ്രാ, 6:22; ലൂക്കൊ, 22:1,7;പ്രവൃ, 12:3; 20:6). പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിനും യെഹൂദന്മാർ സാധാരണയായി പെസഹ എന്ന ലളിതമായ പേരാണ് ഉപയോഗിക്കുന്നത്. “പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുനാൾ അടുത്തു.” (ലൂക്കൊ, 22:1. ഒ.നോ :2ദിനവൃ, 30:15; 35:1,11; ലൂക്കൊ, 22:7). തന്മൂലം, പൊരുളായ ക്രിസ്തുവിനെക്കുറിച്ച് പറയുമ്പോഴും, രണ്ട് പെരുനാളുകളും ചേർത്താണ് പൗലൊസ് പറയുന്നത്. “നിങ്ങൾ പുളിപ്പില്ലാത്തവരായിരിക്കുവാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിനു പഴയ പുളിമാവിനെ നീക്കിക്കളയുവിൻ. നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു തന്നേ. ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവ് കൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടു തന്നെ ഉത്സവം ആചരിക്കുക.” (1കൊരി, 5:7,8).
3. നീസാൻ മാസം 17-ാം തീയതി ആദ്യഫലപ്പെരുന്നാൾ: (പുറ, 34:26; ലേവ്യ, 23:10). “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയർത്തിരിക്കുന്നു. മനുഷ്യൻമൂലം മരണം ഉണ്ടാകുകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ, ആദ്യഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ, പിന്നെ അവസാനം.” (1കൊരി, 15:20-23). ആദ്യഫലക്കറ്റ കൊയ്ത്തിന്റെ സമൃദ്ധിയെ കാണിക്കുന്നതുപോലെ പുനരുത്ഥാനത്തിന്റെ ആദ്യഫലമായ ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തുവിനുള്ളവരുടെ മുഴുവൻ പുനരുത്ഥാനത്തെ ഉറപ്പാക്കുന്നു. ക്രിസ്തു പുനരുത്ഥാനം ചെയ്തനാളിൽ പുരോഹിതൻ ദൈവാലയത്തിൽ ആദ്യഫലക്കറ്റ നീരാജനം ചെയ്തത് കീറിയ തിരശ്ശീലയ്ക്ക് മുന്നിലായിരുന്നു. (മത്താ, 27:51). എന്തെന്നാൽ, പൊരുൾ പ്രത്യക്ഷമായപ്പോൾ പ്രതിരൂപം അപ്രത്യക്ഷമായിക്കഴിഞ്ഞു. ആദ്യഫലം കൊയ്തുവെന്നും ആദ്യഫലക്കറ്റ് സ്വർഗ്ഗീയമന്ദിരത്തിൽ നീരാജനം ചെയ്ത് കഴിഞ്ഞുവെന്നും യോസേഫിൻ്റെ ഒഴിഞ്ഞ കല്ലറ വിളിച്ചറിയിച്ചു. വെറും ഒരു കതിരല്ല, കതിരുകളുടെ സമൂഹമാണു് കറ്റ. ആദ്യഫലക്കറ്റ അനേകം കതിരുകൾ ഉൾപ്പെടുന്നതാണ്. ഈ പ്രതിരൂപത്തിന്റെ സ്വരൂപമായിട്ടായിരുന്നു, ക്രിസ്തുവിന്റെ മരണസമയത്ത് അനേകം വിശുദ്ധന്മാർ ഉയിർക്കുകയും ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമാകുകയും ചെയ്തത്. (മത്താ, 27:51-53).
4. സിവാൻ മാസം (ഏപിൽ/മേയ്) 6-ാം തീയതി പെന്തെക്കൊസ്ത് പെരുന്നാൾ: (ലേവ്യ, 23:15-16). ആദ്യഫലമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റശേഷം അമ്പതാമത്തെ ദിവസമാണ് കൊയ്ത്ത്തു പെരുന്നാളായ പെന്തെക്കൊസ്തു നാൾ. (പുറ, 23:16). ദൈവത്തിന്റെ ആദ്യജാതനായ ക്രിസ്തുമൂലം അനേക ജാതന്മാരെ, വീണ്ടും ജനനത്തിലൂടെ കൊയ്തെടുക്കുവാനായി, സ്വർഗ്ഗത്തിൽനിന്ന് പരിശുദ്ധാത്മാവ് ഭൂമിയിലേക്ക് വന്ന ദിവസം. (പ്രവൃ, 2:1-4; യോഹ, 3:3,8; 7:37-39; റോമ, 8:29). “എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും. (യോഹ, 14:16). “അവൻ ദൈവത്തിന്റെ വലഭാഗത്തേക്ക് ആരോഹണം ചെയ്തു പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു.” (പ്രവൃ, 2:33). ഒരർത്ഥത്തിൽ പെന്തെക്കൊസ്ത് പെരുന്നാൾ ഇതുവരെയും അവസാനിച്ചിട്ടില്ല, പരിശുദ്ധാത്മാവ് ഓരോ ദിവസവും ദൈവത്തിന്റെ കളപ്പുരയിലേക്ക് ആത്മാക്കളെ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കർത്താവിന്റെ മദ്ധ്യാകാശവരവു വരെ തുടരും.
5. തിഷ്റി മാസം (സെപ്തംബർ/ഒക്ടോബർ) 1-ാം തീയതി കാഹളനാദോത്സവം: (ലേവ്യ, 23:23-24; സംഖ്യാ, 29:1). ഏഴാം മാസം ഒന്നാം തീയതിയാണ് കാഹളനാദോത്സവം. സാധാരണ മാസാരംഭങ്ങളിൽ നിന്ന് ഇതിന് ചില പ്രത്യകതകൾ ഉണ്ട്. ഇതിന് ഏഴാമത്തെ അഥവാ, ശബത്തുമാസം എന്ന പ്രതീകാത്മകമായ ഒരു അർത്ഥമുണ്ട്. കൂടാതെ യെഹൂദന്മാരുടെ ദേശീയ സംവത്സരം ആരംഭിക്കുന്നതും തിഷ്റിയിലാണ്. “യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തത് എന്തെന്നാൽ, വെളളികൊണ്ട് രണ്ട് കാഹളം ഉണ്ടാക്കുക; അടിച്ചുപണിയായി അവയെ ഉണ്ടാക്കണം, അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിക്കാനും ഉതകണം. (സംഖ്യാ, 10:1-2). തന്മൂലം, രണ്ടു കാഹളം ധ്വനിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദ ത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും, ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1തെസ്സ, 4:16-17). അടുത്ത കാഹളം മഹോപദ്രവകാലത്തിൻ്റെ ഒടുവിലാണ്. “അവൻ തന്റെ ദൂതന്മാരെ മഹാകാഹള ധ്വനിയോടുകുടെ അയക്കും, അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലുദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മത്താ, 24:31).
6. തിഷ്റി മാസം 10-ാം തീയതി പാപപരിഹാര ദിവസം: (ലേവ്യ, 23:27; സംഖ്യാ, 29:7-11). ഈ ദിവസം ഒരു മഹാശബ്ബത്താണ്. അന്ന് ആരും വേല ചെയ്യുവാൻ പാടില്ല. വേല ചെയ്യുന്നവരെയും ആത്മതപനം ചെയ്യാത്തവരെയും ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയണമെന്നാണ് കല്പന. (ലേവ്യ, 23:29-30). യിസ്രായേൽ ജാതിയെ മുഴുവനായി ശുദ്ധീകരിക്കുന്നതിനെ പാപപരിഹാര ദിവസം ചൂണ്ടിക്കാണിക്കുന്നു. യിസ്രായേൽ ജനം മുഴുവനും യേശുക്രിസ്തുവിനെ അംഗീകരിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ നിഴലാണ് ഈ ഉത്സവം. (റോമ, 11:25.. യേശുക്രിസ്തു സഭയുമായി ഒലിവുമലയിലേക്ക് ഇറങ്ങിവരുമ്പോഴാണ് ഈ ശുദ്ധീകരണം നടക്കുന്നത്. (സെഖ, 12:9-14; പ്രവൃ, 1:11). അന്നാളിൽ ദാവീദ് ഗൃഹത്തിനും യെരുശലേം നിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും. (സെഖ, 13:1).
7. തിഷ്ഠി മാസം 15 മുതൽ 21 വരെ കൂടാരപ്പെരുനാൾ: (ലേവ്യ, 23:33-36; ആവ, 16:13). “പുതിയ യെരുശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്ന് ദൈവസന്നിധിയിൽ നിന്നുതന്നെ ഇറങ്ങുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽ നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്, ഇതാ മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം, അവൻ അവരോട് കൂടെ വസിക്കും, അവർ അവന്റെ ജനമായിരിക്കും, ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകുകയില്ല, ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല, ഒന്നാമത്തേത് കഴിഞ്ഞുപോയി, സിംഹാസനത്തിൽ ഇരിക്കുന്നവൻ ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു.” (വെളി, 21:2-5).