ക്രിസ്തുവിന്റെ ന്യായാസനം (The Judgement Seat of Christ)
‘ബീമ’ എന്ന ഗ്രീക്കു പദത്തെയാണ് ന്യായാസനം എന്നു തർജ്ജമ ചെയ്തിട്ടുള്ളത്. ഒരു നീതിന്യായ കോടതിയിലെ ന്യായാധിപനു നീതിസഭാമണ്ഡപത്തിലോ, സേനയെ അഭിസംബോധന ചെയ്യുന്നതിനും ശിക്ഷണം നടത്തുന്നതിനും പടനായകനു പാളയത്തിലോ ഉള്ള പീഠമാണ് ബീമ. പുരാതന ഗ്രീസിൽ ഒളിമ്പിക് മത്സരങ്ങളിൽ കളരിയിൽ പൊക്കമുള്ള കല്ലോ, മരമോ കൊണ്ടു നിർമ്മിച്ച പീഠവും ഉണ്ടായിരുന്നു. ഈ പീഠത്തിലിരുന്നു വിധികർത്താവു വിജയികൾക്കു സമ്മാനം നല്കിവന്നു. പ്രസ്തുത പീഠം ‘ബീമ’ അഥവാ പ്രതിഫലം നല്കുന്ന പീഠം എന്നറിയപ്പെട്ടു. തന്മൂലം പ്രതിഫലം എന്ന ആശയമാണ് ന്യായാസനത്തിനു പിന്നിലുള്ളത്. ദൈവത്തിന്റെ ന്യായാസനവും (റോമ, 14:10), ക്രിസ്തുവിന്റെ ന്യായാസനവും (2കൊരി, 5:10) ഒന്നു തന്നെ.
വിശ്വാസികളുടെ ജീവിതവും പ്രവൃത്തികളും ശോധന ചെയ്യപ്പെടുന്ന രംഗമാണ് ക്രിസ്തുവിന്റെ ന്യായാസനം. വിശ്വാസിയുടെ പാപങ്ങൾ ഇവിടെ വിധിക്കപ്പെടുന്നില്ല. അവ കൂശിൽ എന്നേക്കുമായി വിധിക്കപ്പെട്ടു കഴിഞ്ഞു. “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഓർക്കയുമില്ല.” (എബ്രാ, 10:17). എന്നാൽ അവരുടെ ജീവിതവും പ്രവൃത്തികളും പരിശോധിക്കപ്പെടേണ്ടതാണ്. അതു ദൈവത്തിന്റെ നീതിക്കു ചേർന്നതാണ്. (മത്താ, 16:36; റോമ, 14:10; ഗലാ, 6:7; എഫെ, 6:8; കൊലൊ, 3:24,25). അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി: “അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.” (2കൊരി, 5:10). വിശ്വാസിക്ക് തന്റെ പ്രവൃത്തിക്കനുസരണമായി പ്രതിഫലം ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യും. പ്രതിഫലം ലഭിച്ചാലും ഇല്ലെങ്കിലും വാസ്തവമായി വീണ്ടും ജനിച്ച ഒരു ദൈവപൈതൽ രക്ഷിക്കപ്പെടും. “ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവനു പ്രതിഫലം കിട്ടും. ഒരുത്തന്റെ പ്രവൃത്തി വെന്തു പോയെങ്കിൽ അവനു ചേതം വരും; താനോ രക്ഷിക്കപ്പെടും. എന്നാൽ തീയിൽ കൂടി എന്ന പോലെ അതേ.” (1കൊരി, 3:14,15). ക്രിസ്തു സഹസ്രാബ്ദ വാഴ്ചയ്ക്കുവേണ്ടി ഭൂമിയിലേക്കു വരുന്നതിനു മുമ്പു സ്വർഗ്ഗത്തിൽ വച്ചാണീ ന്യായവിധി നടക്കുന്നത്. സഭയുടെ ഉൽപാപണശേഷം സ്വർഗ്ഗത്തിൽ നടക്കുന്ന രണ്ടു സംഭവങ്ങളിൽ ആദ്യത്തേതാണിത്.
5 thoughts on “ക്രിസ്തുവിന്റെ ന്യായാസനം”